23 June 2022 · 6 min read · കഥ
നറാക്കും മർറത്തും ഉഹ്‌റ.
നറാക്കും മർറത്തും ഉഹ്‌റ. പെരുമ്പിലാവിലുള്ള ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി ഇന്നലെ രാവിലെ പുറപ്പെടുമ്പോൾ ഒരു പെരുമഴക്കുള്ള സന്നാഹമായിരുന്നു അന്തരീക്ഷത്തിൽ. ടിപ്പു സുൽത്താൻ റോഡ് വഴിയുള്ള യാത്ര, നേരിയ തണുപ്പ് പകർന്ന പ്രഭാതത്തിൽ ഏറെ സുഖകരമായി തോന്നി. തിരക്കൊഴിഞ്ഞ പുതുപുത്തൻ റോഡ്. ചാവക്കാട് കുന്ദംകുളം റോഡിന്റെ പരിതാപാവസ്ഥയൊഴിച്ചാൽ യാത്ര തീർത്തും ആസ്വാദ്യകരം തന്നെ. ആ റോഡ് എന്നും അങ്ങനെ കുണ്ടും കുഴിയുമായിത്തന്നെ കിടക്കുന്നതിൽ ആർക്കും പരാതിയില്ലെന്ന് തോന്നുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ പല തവണ യാത്ര ചെയ്തപ്പോഴും ഗതി ഇതു തന്നെ. പൊതു മരാമത്ത് വകുപ്പും മറ്റ് സർക്കാർ സംവിധാനങ്ങളും ഒരേ കണക്ക് . തിരികെയുള്ള യാത്രയിൽ ആ ദുർഘടം പിടിച്ച വഴി ഒഴിവാക്കാനായിട്ടാണ് തൃശൂർ ഭാഗത്തുകൂടെ ആക്കാമെന്ന് വെച്ചത്. പന്ത്രണ്ട് മണിയോടടുത്തിരുന്നു. മാനത്ത് കട്ടിക്കാറ് നിറഞ്ഞു ഇപ്പോ പെയ്യും എന്ന് തോന്നിപ്പിച്ച അവസ്ഥ. എങ്ങനെയും തൃശൂരെത്തി ഫുഡ് അടിക്കണം എന്ന ചിന്തയിൽ വരുമ്പോഴാണ് കാണിപ്പയ്യൂരിനും ചൂണ്ടലിനും ഇടയിലായി ഒരിടത്ത് ഐനിച്ചക്ക വില്പനക്ക് വെച്ചിരിക്കുന്നത് കണ്ടത്. ചക്ക പ്രാന്തിയായ എന്റെ സഹധർമ്മിണിക്ക് അത് കണ്ടിട്ട് സഹിക്കാൻ മേലാതായി. എനിക്കും വിശപ്പ് വയറ്റിൽ പെരുമ്പറ കൊട്ടിത്തുടങ്ങിയിരുന്ന നേരം. തൃശൂർ സഫയറിലെ അതിരുചികരമായ മലബാർ മട്ടൺ ബിരിയാണിയുടെ ദം എന്റെ മനസ്സിലിട്ട് പൊട്ടിച്ചു തുടങ്ങുകയായിരുന്നു ഞാൻ. അവൾക്കൊരു വെജ് ബിരിയാണിയും മനസ്സിലിട്ട് തന്നെ തയാറാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഐനിച്ചക്ക കടന്ന് വരുന്നത്. എന്നാൽ പിന്നെ ആദ്യം അതാവട്ടെ എന്ന് കരുതി അവിടെ ഇറങ്ങി. വില കേട്ടപ്പോൾ ചെറുതായൊന്ന് ഞെട്ടാതിരുന്നില്ല. 160 രൂപ/ കിലോ . എന്തായാലും തർക്കിക്കാൻ നിന്നില്ല. ഞാൻ സാധാരണയായി തെരുവ് കച്ചവടക്കാരുമായി വിലപേശാറില്ല. ഫിഷ് മാർക്കറ്റ് മുതൽ സ്വർണ്ണക്കടയിൽ വരെ വില പേശാറു ള്ള ശരാശരി ദുബായ്ക്കാരന്റെ ലവലേശം പോലും ജാള്യത തോന്നാത്ത സ്വഭാവം എന്നിലും ആവോളമുണ്ട്. തരാതരം പോലെ ഞാനത് ഉപയോഗിക്കാറുമുണ്ട്. പക്ഷെ ഇത്തരം വില്പനക്കാരുടെ ദൈന്യത മുറ്റിയ ഭാവവും സംസാര രീതികളും കാണുമ്പോൾ അവരൊന്നും എന്നെ പറ്റിക്കില്ലെന്നാണ് എനിക്ക് തോന്നാറുള്ളത്. ഓരോ തവണയും ഞാൻ അങ്ങനെയാണ് കരുതാറ്. ഇനി മറിച്ചാണെങ്കിൽ പോലും എന്റെ ആ ധാരണയാണ് ശരി എന്ന രീതിയിലായിരിക്കും ഈ കച്ചവടക്കാരോടുള്ള എന്റെ നിലപാട്. അഞ്ച് ഐനിച്ചക്ക പഴുത്തത് നോക്കി അയാളെനിക്ക് തന്നു . നല്ല മധുരമുണ്ടാവ്വോ ചേട്ടാ എന്ന ചോദ്യത്തിന് മധുരോം പുളിപ്പും ചേർന്ന ഒരു രുചിയാണെന്ന് അയാൾ പറഞ്ഞു. നാട്ടുവൈദ്യത്തിന്റെ അരികു പറ്റി നിന്ന് കൊണ്ട് ക്യാൻസറിനെ ചെറുക്കാൻ ഇത് ബെസ്റ്റാണെന്നും അയാൾ കൂട്ടിച്ചേർത്തു. ഓ! അതെന്തെങ്കിലുമാവട്ടെ ഇപ്പോൾ എന്റെ കെട്ട്യോൾടെ ആഗ്രഹം സഫലമാവട്ടെ എന്ന് മനസ്സിലോർത്ത് ഞാനത് വാങ്ങി. എന്റെ വീടിന്റെ ഇടതും വലതുമായി മുൻകറും നക്കീറും(ഇത് രണ്ട് മാലാഖമാരാണ്) പോലെ രണ്ട് ഐനി മരങ്ങൾ ആകാശത്തെ ധ്യാനിച്ചു നില്പുണ്ട്. വല്ലവന്റെയും പറമ്പിലാണെങ്കിലും അത് ആർക്കും പൊട്ടിച്ചെടുക്കാവുന്നതേയുള്ളു. പക്ഷെ ആകാശത്തോളം വളർന്ന ആ മരങ്ങളിലെ ഫലങ്ങളത്രയും കിളികൾക്കായി പ്രകൃതി കരുതി വെച്ചതാണെന്നേ പറയാനാവൂ. ഒരാളും ഇതു വരെ അതിൽ കയറുന്നതായി കണ്ടിട്ടില്ല. അടുത്ത വീട്ടിലെ കുട്ടികൾ പോലും ഐനിച്ചക്ക തിന്നുന്നതായി കണ്ടിട്ടുമില്ല. (ഐനിക്കുരു വറുത്ത് തൊലികളഞ്ഞത് തിന്നിരുന്ന ബാല്യത്തെക്കുറിച്ച് ആർക്കെങ്കിലും ഓർമ്മയുണ്ടോ ? തീർച്ചയായും ചിലർക്കെങ്കിലും ചിലത് പറയാനുണ്ടാവും.) ഇനിയാണ് പ്രധാന സംഭവം നടക്കുന്നത്. ഐനിച്ചക്ക വാങ്ങാനായി പോകുമ്പോൾ തന്നെ കണ്ടിരുന്നു റോഡരികിലുള്ള വീടിന്റെ ഗേറ്റിന് വെളിയിൽ കുറെ മാങ്ങകൾ വീണു കിടന്നിരുന്നത്. തിരികെ പോരുമ്പോൾ ഞാനതിൽ നിന്നും മൂന്നാലെണ്ണം നല്ലത് നോക്കി പെറുക്കിയെടുത്തു. തിരിഞ്ഞു നടക്കവെ അകത്ത് നിന്നും ശാന്തഗംഭീര സ്വരത്തിലുള്ള ഒരു ചോദ്യം. " മാങ്ങ നീം വേണോ. ഹൈ ഇങ്ങട് പോര്ന്ന് " . ഞാൻ തിരിഞ്ഞു നിന്നു. എന്നോളം പ്രായമുള്ള ഒരു മനുഷ്യൻ. പക്ഷെ,ശരീര പ്രകൃതിയിൽ എന്റെ നാലുമടങ്ങു വലുപ്പം വരുന്ന ഒരു ആജാനുബാഹു. ബാഹുബലിയുടെ വല്യപ്പന്റെ മോനാണെന്ന് പറഞ്ഞാൽ ആരും അവിശ്വസിക്കില്ല. അയാൾ മലർക്കെ ചിരിച്ചു കൊണ്ട് ഗേറ്റിനു വെളിയിലേക്ക് വന്നു. മാങ്ങ ഇനീം വേണേൽ വാ അകത്തോട്ട് വാ.അയാൾ പറഞ്ഞു. അപ്പോഴാണ് ഞാനാ വീടിന്റെ മുറ്റത്തേക്ക് നോക്കുന്നത്. ഏറെ പഴക്കമുള്ള ഒരു ടെറസ്സ് വീടാണത്. മുറ്റത്തിനോരത്ത് ഒരു നെടുനെടുങ്കൻ മാവ് അന്തരീക്ഷത്തിൽ ഇരുൾ പരത്തിക്കൊണ്ട് പന്തലിച്ചു നില്ക്കുന്നുണ്ട്. മഴ വെള്ളം വീണ് പായൽ പിടിച്ച ടൈലുകളിൽ വെളിയിൽ കണ്ടതിലേറെ മാങ്ങകൾ ചിതറിക്കിടക്കുന്നുണ്ട്. കിളികൾ കൊത്തിയ ചിലതൊഴിച്ചാൽ ബാക്കിയെല്ലാം സൂപ്പർ ! പോർച്ചിൽ ഒരു ഹോണ്ട SUV ഡോറുകൾ നാലും തുറന്ന് വെച്ച അവസ്ഥയിൽ കിടക്കുന്നു. ഞാൻ വീണ്ടും ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. ഹൈവേയിലൂടെ വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്നുണ്ട് എന്ന തൊഴിച്ചാൽ കാൽനടക്കാരാരും തന്നെ ആ വഴി പോകുന്നതായി കാണുന്നില്ല. മൊത്തത്തിൽ ഒരു പന്തികേട് മണക്കുന്നുണ്ടോ എന്ന തോന്നൽ. എന്തെങ്കിലും അസ്വാഭാവികതയുണ്ടോ ? ഞാനെന്നോട് തന്നെ ചോദിച്ചു. ഹേയ്! അങ്ങനെയൊന്നുമില്ലെന്നേ. ഇൻസ്റ്റന്റായി മനസ്സ് പറഞ്ഞു. ഇവിടെ വേറെയാരുമില്ലേ ? തുടർന്ന് ഞാനയാളോട് ചോദിച്ചു. അയാൾ കേട്ടോ എന്തോ . ഇനി കേട്ടിട്ടും മിണ്ടാഞ്ഞതാണോ . അയാൾ അകത്ത് പോയി ഒരു കിറ്റെടു ത്ത് കൊണ്ട് വന്നു. എന്നിട്ട് മാങ്ങ പെറുക്കാൻ അയാളും കൂടി. (എന്നെ പോലെ ഇയാളും ഒരു പെറുക്കിയാണോ എന്ന് ഒരു നിമിഷം ഞാൻ ശങ്കിച്ചു.) ഉള്ളിൽ അപ്പോഴും ചെറിയ ശങ്കയുണ്ടെങ്കിലും അത് മറച്ചു വെച്ച് മാങ്ങ പെറുക്കുന്നതിനിടെ ഞാൻ ലോഹ്യം ചോദിച്ചു തുടങ്ങി. എന്താ ഇതിങ്ങനെ. ഈ നാട്ടിലാർക്കും മാങ്ങ വേണ്ടേ. ഇവിടെയാരും താമസമില്ലെന്നുണ്ടോ ? അങ്ങനെ ഓരോ ചോദ്യങ്ങളായി ഞാൻ തൊടുത്തു കൊണ്ടിരുന്നു . പത്ത് പതിനഞ്ച് മാങ്ങകൾ അങ്ങനെ കിട്ടി. നല്ല മൂത്ത് പഴുത്ത ഓർഗാനിക് മൂവാണ്ടൻ മാങ്ങകൾ. എന്റെ ചോദ്യങ്ങൾക്കൊന്നും ഒരു മറുപടിയുമില്ല. പകരം മയമുള്ള സ്വരത്തിലുള്ള നിർദ്ദേശങ്ങളാണ്. നേരെ പൂളി മിക്സിലേക്കിട്ടോ . രണ്ട് മൂന്ന് കറക്കം മതി. പഞ്ചാര വേണ്ടേ വേണ്ട. മുടിഞ്ഞ മധുരമാണിതിന്. ചെത്തി പൂളി തിന്ന്വം ചെയ്യാട്ടാ. അയാൾ പറഞ്ഞു. ഞാൻ നന്ദി പറഞ്ഞു കൊണ്ട് ഗേറ്റ് കടന്ന് വണ്ടിക്കരികിലേക്ക് നടക്കുമ്പോൾ അടുത്ത ചോദ്യം. ചക്ക വേണോ ആവ്വോ. നല്ല വരിക്ക ചക്കയിണ്ട്ട്ടാ . ഞാൻ ഒന്ന് തമ്പിട്ടു നിന്നു. അതെ, ആ ചക്കയാണ് എന്റെ പ്രിയതമക്ക് ഏറെയിഷ്ടം. മരണ വീട്ടിലായത് കൊണ്ട് മൗനം ഭജിച്ച് പോന്നെന്നേയുള്ളു. അല്ലെങ്കിൽ അവിടത്തെ പ്ലാവിനെ മുണ്ഡനം ചെയ്തേ അവൾ പോരുമായിരുന്നുള്ളൂ. അതാണ് പ്രകൃതം, ചക്കക്കാര്യത്തിൽ. ഞാൻ തലയാട്ടി. എന്നാ വാ എന്നും പറഞ്ഞ് അയാൾ വീടിനും മതിലിനും ഇടയിലുള്ള ഇടുങ്ങിയ വഴിയിലൂടെ പിന്നാമ്പുറത്തേക്ക് നടന്നു. കയ്യിലെ കിറ്റ് അവിടെ വെച്ച് ഞാനും അയാളെ പിന്തുടർന്നു. വീടിന്റെ പിന്നിലെ തൊടിയത്രയും ഇരുൾ മൂടി നില്ക്കുകയായിരുന്നു. മുൻ വശത്തെക്കാൾ കട്ടിയുള്ള ഇരുൾച്ച. നിറയെ മരങ്ങളായിരുന്നു അവിടെയത്രയും. മൂന്നാല് പ്ലാവുകൾ , മാവ്, ഒരു പുളിമരം പേര, ജാതി എന്ന് വേണ്ട ഒരു കാട്ടിലകപ്പെട്ട പ്രതീതി. താഴെ ഇലകൾ വീണ് മണ്ണുമായി കലർന്ന് ചളി പോലെ അഴുകിക്കിടക്കുന്നു. സഹസ്രാബ്ദങ്ങളായി മനുഷ്യന്റെ പാദസ്പർശമേൽക്കാത്ത ഭൂമിയുടെ ഏതോ അഞ്ജാത ഭാഗം പോലെ അവിടം എനിക്ക് തോന്നിച്ചു. കടുത്ത വേനലിൽ പോലും ഒരു തരി സൂര്യപ്രകാശം ഈ മണ്ണുമായി കൂടിച്ചേർന്നിട്ടുണ്ടാവില്ല എന്ന് ഞാൻ ഊഹിച്ചു. ആകാശത്തിന്റെ ഒരു പൊട്ടു പോലും ദൃശ്യമല്ലാത്ത അവസ്ഥ. പെട്ടെന്ന് കൂടിക്കിടന്നിരുന്ന ചുള്ളിക്കമ്പുകൾക്കിടയിൽ നിന്നും ഒരു ഉണ്ണിക്കുട്ടൻ പതുക്കെ തലയുയർത്തിനോക്കി ഒരു മാളത്തിലേക്ക് ഇഴഞ്ഞുകയറി. ഭയം മേലാസകലം പെരുത്തു കേറുന്നതായി എനിക്കനുഭവപ്പെട്ടു. എവിടേക്കാണ് ഇയാളെന്നെ കൊണ്ട് പോകുന്നത് ? ഭയത്തിന് അടിപ്പെടാൻ തുടങ്ങുകയാണോ ഞാൻ ? നടവഴിക്കരികിലായി വെട്ടുകല്ലുകൾ പാകിയുണ്ടാക്കിയ ആഴമേറിയ കിണർ. നിശ്ചലമായിക്കിടക്കുന്ന വെള്ളത്തിന് മുകളിലായി ഭിത്തിയിൽ വളർന്നു നില്ക്കുന്ന സസ്യങ്ങളും അവയെ ചൂഴ്ന്ന് നില്ക്കുന്ന പച്ചപ്പായലും. അഗാധതതയിൽ എവിടെയോ ഞാനെന്റെ ഭയന്ന് വിറച്ച മുഖത്തിന്റെ പ്രതിരൂപം കണ്ടു. വീണ്ടും നോക്കാൻ എനിക്കാവുമായിരുന്നില്ല. ആ കിണറിന്റെ ആഴം ഒരുൾ ഭയത്തിന്റെ ആവരണമായി എന്റെ തലച്ചോറിനെ പൊതിഞ്ഞു നിന്നു. എനിക്ക് എങ്ങനെയെങ്കിലും അവിടന്ന് രക്ഷപ്പെട്ടാൽ മതിയെന്ന് തോന്നി. പെട്ടെന്ന്, മരങ്ങൾക്കിടയിൽ അയാൾ അപ്രത്യക്ഷനായിരിക്കുന്നു എന്നെനിക്ക് മനസ്സിലായി. മൊത്തത്തിൽ ഒരു രഹസ്യാത്മകത നിറഞ്ഞു നില്ക്കുന്ന ആ ചുറ്റുപാടിൽ ഞാനൊറ്റക്കാണെന്ന ബോധം എന്റെ ഭയത്തെ ഇരട്ടിപ്പിച്ചു. എനിക്ക് തലകറങ്ങുന്ന പോലെ തോന്നി. കിളികളുടെ വ്യത്യസ്ത മർമ്മരങ്ങൾ അപശ്രുതിയായി എന്റെ ചെവിയിലേക്ക് തുളച്ചേറി. അവ ഒന്നു പോലും തിരിച്ചറിയാനാവാത്തവിധം കൂടിക്കുഴഞ്ഞു. ഹൈവേയിലൂടെ പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ശബ്ദങ്ങളെപ്പോലും അവ നിശ്ശൂന്യമാക്കി. മരങ്ങളിൽ നിന്നും മരങ്ങളിലേക്ക് അവ കൂട്ടത്തോടെ പറന്നിറങ്ങി. ചില കിളികൾ കിണറിന്റെ ഭിത്തിയിൽ വന്നിരുന്ന് തല ചെരിച്ചു കൊണ്ട് എന്നെ സൂക്ഷിച്ചു നോക്കി. വീണ്ടും പറന്ന് പോയി. ഏതോ ഊരാക്കുടുക്കിലകപ്പെട്ട പ്രതീതിയായിരുന്നു എനിക്കപ്പോൾ. ഒരു പാട് കാലമായി ഞാനവിടെ എത്തിപ്പെട്ടിട്ടെന്ന തോന്നൽ. എന്റെ കാലുകളിൽ നിന്നും വേരുകൾ മുളച്ച് ചുറ്റുമുള്ള മരങ്ങളുടെ വേരുകളുമായി ഇട പഴകുന്നത് ഞാനറിഞ്ഞു. ശക്തമായ ഒരു കൈ എന്റെ തോളിൽ അമരുന്നതായി എനിക്കനുഭവപ്പെട്ടു. അപ്പോൾ എല്ലാം കഴിഞ്ഞു എന്നെനിക്ക് ബോദ്ധ്യമായി. അന്നേരം കിണറിന്റെ അരച്ചുമരിൽ ചാരി നില്ക്കുകയായിരുന്നു ഞാൻ. കിണറിനുള്ളിൽ നിന്നും ഉയർന്ന് വന്നതായിരുന്നോ ആ കൈ എന്ന് തിരിച്ചറിയും മുമ്പേ അയാളുടെ ശബ്ദം ഞാൻ കേട്ടു. എന്താ പേടിച്ചു പോയോ. ഞാനവിടെ അരിവാൾ തോട്ടി നോക്കിപ്പോയതാരുന്നു. നമുക്ക് ചക്ക തോണ്ടിയിടണ്ടേ. അയാൾ ചിരിച്ചു. ഞാനിടം കണ്ണിട്ടു നോക്കി. അയാളുടെ ഭാവം എന്തെന്നറിയാനായി . എന്നെ കീഴടക്കിയിരുന്ന ഭയത്തിന്റെ പൊട്ടുകൾ പതുക്കെ അലിഞ്ഞില്ലാതായി. അയാൾ അരിവാൾ തോട്ടി കൊണ്ട് മൂന്ന് ചക്കകൾ തോണ്ടിയിട്ടു. വീണ്ടും തോണ്ടാൻ തുടങ്ങിയപ്പോഴേക്കും ഞാൻ വിലക്കി. വേണ്ട ചേട്ടാ ഇത് തന്നെ ധാരാളം. ഇപ്പോഴേക്കും എന്നെ കാണാതെ പരിഭ്രാന്തയായ വാമഭാഗം വണ്ടിയിൽ നിന്നിറങ്ങി വീടിന്റെ മുൻ വശത്തെത്തിയിരുന്നു. @@@ കുന്ദംകുളത്തുകാരൻ ഡേവിഡ് ചേട്ടന്റെ നിരവധി വീടുകളിൽ ഒന്നു മാത്രമാണിത്. വാടകക്കാരെ ഒഴിപ്പിച്ചെടുത്ത് പുതിയ പെയിന്റിംഗിന്റെ കാര്യത്തിലേക്ക് നീങ്ങുകയാണത്രെ. 35 വർഷം ദുബായിലായിരുന്നു കക്ഷി. അങ്ങനെ ഞങ്ങൾ അഞ്ചു മിനിറ്റ് ദുബായ് വിശേഷങ്ങൾ പങ്കുവെച്ചു. തനിക്കുള്ളതിൽ നിന്നും അപരിചിതനായ ഒരാൾക്ക് പകുത്തു നല്കുമ്പോൾ ആ മുഖത്ത് വിടർന്ന ആഹ്ലാദിരേകം എന്റെ മനസ്സിലുണ്ടായിരുന്ന എല്ലാ ആശങ്കകളെയും പൊടുന്നനെ ഇല്ലാതാക്കി. തിരക്കിനിടയിൽ ഡേവിഡ് ചേട്ടന്റെ ഒരു ഫോട്ടോയെടുത്തില്ലല്ലോ എന്ന് ഖേദപൂർവ്വം ഓർത്തത് പിന്നീടാണ്. എങ്കിലും ഞങ്ങൾ യാത്ര പറയുമ്പോൾ ഡേവിഡ് ചേട്ടൻ എന്റെ കൈപിടിച്ചു കൊണ്ട് പറഞ്ഞ കാര്യം ഞാൻ വീണ്ടും ഓർത്തു. നറാക്കും മർറത്തും ഉഹ്‌റ. അസ്സലാമു അലൈക്കും. വീണ്ടും കാണാനിടയാവട്ടെ ദൈവാനുഗ്രഹം ഉണ്ടാവട്ടെ. ഡേവിഡ് ചേട്ടന് നന്ദി. ഒരുപാടൊരുപാട് നന്ദി. മർറത്തും ഉഹ്‌റ.
23 ജൂൺ 22
