29 June 2022 · 13 min read · യാത്ര

യാത്ര/ പാരീസ്

പാരീസിൽ എവിടെ താമസിക്കണം എന്നോർത്ത് ഒരു സഞ്ചാരിയും ആശങ്കപ്പെടേണ്ട കാര്യമില്ല. അവിടെ താമസത്തിനുള്ള ഓപ്ഷനുകൾക്ക് ഒരു കുറവുമില്ല തന്നെ. ഇത്രയും വലുതും ജനപ്രിയവുമായ ഒരു നഗരത്തിൽ, ആഡംബര ഹോട്ടലുകളും വിലകുറഞ്ഞ ഹോസ്റ്റലുകളും താരതമ്യേന മനോഹരമായ ബജറ്റ് അപ്പാർട്ടുമെന്റുകളും ഒട്ടനവധിയുണ്ട്.

ഞങ്ങൾ ഐബിസ് പാരിസ് എന്ന  ഹോട്ടലിലാണ് റൂം ബുക്ക് ചെയ്തിരുന്നത്.  ഇത് തീർത്തും ബഡ്ജറ്റ്-ഫ്രണ്ട്‌ലിയായിരുന്നു. തൊട്ടടുത്തായി റെയിൽവേ, ബസ് ലൈനുകളിലേക്ക് എളുപ്പത്തിൽ  എത്തിച്ചേരാനാകുന്ന ഇടവുമായിരുന്നു ഇത്. 

ഐബിസ് ഹോട്ടലുകൾ ബജറ്റിന് പേരുകേട്ടതാണ്. എന്നാൽ വളരെ വൃത്തിയുള്ളതും ആധുനികവും കൂടിയാണത്. അതെ, മുറികൾ ചെറുതായിരിക്കാം. ഒട്ടും തന്നെ ആഡംബരവുമായിരിക്കില്ല. എന്നാൽ നമുക്കാവശ്യമായ എല്ലാം അതിലുണ്ടായിരിക്കും. ഒന്നോ രണ്ടോ രാത്രികൾ മാത്രം ഒന്ന് നടുനിവർത്താൻ ആവശ്യമായതെല്ലാം അതിലൊതുങ്ങും. ഇത്തരം യാത്രകളിൽ രാത്രി ഉറങ്ങാനുള്ള ഒരു സ്ഥലമെന്നതിലുപരി അതിനെ കാണേണ്ട കാര്യമില്ല.  വൃത്തിയുള്ളതും  സുഖപ്രദമായതുമായിരിക്കണം എന്ന് മാത്രമേ ഉള്ളു. അത് ഐബിസ് കൃത്യമായി പാലിക്കുന്നുണ്ട്.

ഞങ്ങൾ പാരീസിൽ എത്തി ഹോട്ടലിലേക്കുള്ള വഴി കണ്ടെത്താൻ കഴിഞ്ഞപ്പോഴേക്കും ശരിക്കും ഞാൻ ആകെ തളർന്നു പോയിരുന്നു. നാല് നാലര മണിക്കൂർ കൊണ്ട് ആംസ്റ്റർഡാമിൽ നിന്നും ഇവിടെ എത്തിച്ചേരേണ്ടതായിരുന്നു. വഴിയിൽ പലയിടത്തും നിർത്തി വണ്ടി റീച്ചാർജ്ജ് ചെയ്യലും മറ്റുമായി യാത്ര ഏഴ് മണിക്കൂറോളം നീണ്ടുപോയി. വെളുപ്പിന് നാല് മണിക്ക് തുടങ്ങിയ യാത്ര അങ്ങനെ പത്തരയോടെ ഹോട്ടലിൽ എത്തുമ്പോഴാണ് അവസാനിച്ചത്.

പാരീസിൽ എനിക്ക് പരമാവധി എല്ലാം നടന്ന് തന്നെ കാണണമെന്നായിരുന്നു ആഗ്രഹം. അത് പക്ഷേ ഒരു സാധാരണ വിനോദ സഞ്ചാര രീതിയിൽ ആയിരിക്കരുത് എന്നും നിർബന്ധമായിരുന്നു. ഐഫൽ ടവറിന്റെ മുകളിലേക്ക് കയറാനായി നീണ്ട വരിയിൽ നിൽക്കാനോ ലൂവ്‌റിലേക്കുള്ള പ്രവേശനത്തിന് ടിക്കറ്റിനായി നില്ക്കാനോ എനിക്കാവില്ല എന്ന് ഞാൻ സ്വയം പറഞ്ഞു. 

ലൂവ്റിലെ ഏറ്റവും പ്രശസ്തമായ  പെയിന്റിംഗുകൾ കാണാനും അത് വഴി പാരീസിനെ പുണരാനും അനുഭവിക്കാനും എനിക്ക് ആഗ്രഹം ഏറെയുണ്ടുതാനും. നഗരത്തിലെ തെരുവുകളിൽ നടക്കാൻ, അവിടെ അലയുന്ന ആളുകളെ കാണാൻ, അത് പ്രദാനം ചെയ്യുന്ന പാരീസിലെ ജീവിതക്കാഴ്ചകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ കൂടിയായിരിക്കണം ഈ യാത്ര എന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ടിരുന്നു.

ഒരിക്കലും എത്തിപ്പെടാനിടയുണ്ടാകുമെന്ന് കരുതിയിട്ടില്ലാത്ത ഈ സ്ഥലത്ത്,  സുഹൃത്തുക്കളായി മാറിയ മകനും മരുമകനും എന്റെ ആഗ്രഹങ്ങൾക്കൊപ്പമായി ചേർന്ന് നിന്നുവെന്നത് കൗതുകം പോലുമുയർത്തിയ കാര്യമായിരുന്നില്ല. പ്രായവ്യത്യാസം അക്കങ്ങളിൽ മാത്രമുള്ള ചേരലില്ലായ്മയാണെന്ന് അവർക്കും അറിയാമെന്നത് പോലെ. ഞാൻ അവരിലൊരാളാണെന്നത് ഇതിനകം അവർ അംഗീകരിച്ചിരുന്നു.

ശരിക്കും നീണ്ട മണിക്കൂറുകൾ എനിക്ക് ചുറ്റുമുള്ള ജീവിതം കാണുന്നതിന് വേണ്ടി അലഞ്ഞു നടക്കാൻ തന്നെയായിരുന്നു എന്റെ ഉദ്ദേശം. ഒന്നും ഷെഡ്യൂൾ ചെയ്യാതെ, ഒരു നിശ്ചിത സമയത്തിനുള്ളിൽ ഈ യാത്രയിൽ നിശ്ചയമായും എത്തിച്ചേരേണ്ടയിടം എന്ന  സമ്മർദ്ദമില്ലാതെ, ചുമ്മാ അങ്ങനെ ചുറ്റിത്തിരിയാൻ. ലോകത്തിലെ ഏറ്റവും സമ്പന്നമായ , ഉദാത്ത സാംസ്കാരം പേറുന്ന  നഗരങ്ങളിലൊന്നിന്റെ ഈ തെരുവുകളിലൂടെ സാവധാനം, ഒരു തിരക്കുമില്ലാതെ നടക്കാൻ.

എനിക്ക് ഈ യാത്ര എന്റെ  ഹൃദയത്തിലേക്ക് ജീവശ്വാസം നിറക്കുന്നത് പോലായിരുന്നു. ഈ ഒരു  യാത്രയ്‌ക്കായി, കണ്ടെത്തേണ്ട കാഴ്ചകൾക്കും ചരിത്രത്തിനുമായി, എനിക്ക് ഇതുവരെ വാക്കുകൾ കൊണ്ട് വ്യവച്ഛേദിക്കാനാവാത്ത  കാര്യത്തിനായി എന്റെ ആത്മാവിനെ ജ്വലിപ്പിച്ചു കൊണ്ട് ഞാൻ ഉണർന്നിരുന്നു. പാരീസ് എന്നെ  സർഗ്ഗാത്മകമായി  ഉത്തേജിപ്പിക്കുന്നത്  എങ്ങനെയെന്ന് ഉൾക്കൊള്ളാനുള്ള എന്റെ ആത്മാവിന്റെ ആവേശത്തെ ഞാൻ കണ്ടെത്തുകയായിരുന്നു.   

മിക്കവാറും യാത്രികരുടെ നിർദ്ദേശം പാരീസിൽ  കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും കറങ്ങേണ്ടതുണ്ടെന്നാണ്.  എന്നാൽ എനിക്ക് കിട്ടിയത് രണ്ട് ദിവസത്തെ കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലാൻ മാത്രമുള്ള അവസരമായിരുന്നു. അത് പരമാവധി പ്രയോജനപ്പെടുത്തുക എന്നതായിരുന്നു ഞാൻ നേരിട്ട വെല്ലുവിളിയും.  പാരീസിലെ രണ്ട് ദിവസം അവിടെ തീരെ എത്താൻ പറ്റാത്തതിനേക്കാൾ എത്രയോ ഭേദമെന്നേ  ഞാൻ കരുതുന്നുള്ളു. 

ആർക് ഡി ട്രയംഫ് :

യാത്രാക്ഷീണമകറ്റാനായി ഒരു കുളി പാസ്സാക്കിയതിന് ശേഷം പെട്ടെന്ന് തന്നെ കാഴ്ചകളിലേക്കിറങ്ങാനായിരുന്നു ഞങ്ങളുടെ തീരുമാനം. ഇനിയുളള ഓരോ മണിക്കൂറുകളും വിലപ്പെട്ടതാണ്. ആദ്യം അടുത്തവർഷത്തേക്ക്‌ മാറ്റി വെച്ചിരുന്ന ഈ ട്രിപ്പ് എന്റെ നിർബ്ബന്ധത്തിന് വഴങ്ങി മാത്രം പെട്ടെന്ന് റീ പ്ലാൻ ചെയ്തതായിരുന്നു.

അങ്ങനെ പാരീസ് നഗരത്തിലെ ഐക്കണുകളിൽ ഒന്നായ  ആർക്ക് ഡി ട്രയോംഫിലേക്കാണ് ഞങ്ങൾ ആദ്യമിറങ്ങിയത്. 1800-കളുടെ തുടക്കത്തിൽ നിർമ്മിച്ച ഈ ഭീമാകാരമായ ഘടന ഫ്രഞ്ച് വിപ്ലവത്തെയും നെപ്പോളിയൻ നയിച്ച യുദ്ധങ്ങളിൽ ജീവൻ വെടിഞ്ഞ ഫ്രഞ്ച് സൈനികരുടെയും ഓർമ്മക്കായി നിർമ്മിക്കപ്പെട്ടതാണ്. ഡൽഹിയിലെ രാജ് പഥിലുള്ള ഇന്ത്യാഗേറ്റിന്റെ ഏകദേശ രൂപം. ചാംപ്‌സ്-എലിസീസ് എന്ന പ്രഖ്യാതമായ തെരുവിന്റെ അവസാനത്തിലാണ് ആർക്ക് ഡി ട്രയോംഫ്.  ഒരു കൂട്ടം പാതകളാൽ   ചുറ്റപ്പെട്ട  ചെറിയ ദ്വീപ് പോലെയാണ് ഇത് നില്ക്കുന്നയിടം. ഞങ്ങൾ എത്തിപ്പെട്ട പ്രധാന തെരുവിൽ നിന്ന് അതിലേക്ക് ട്രാഫിക് ലൈറ്റുകളോ കാൽനട ക്രോസിംഗുകളോ ഇല്ലായിരുന്നു.  ഒരു ചെറിയ ടണലിലൂടെ നടന്നാണ് ഞങ്ങൾ അവിടെയെത്തിയത്. 

ആർക്ക് ഡി ട്രയോംഫിന് മുകളിൽ നിന്നുള്ള കാഴ്ച  പാരീസിലെ ഏറ്റവും മികച്ച മനോഹരമായ ദൃശ്യങ്ങളിൽ ഒന്നായി അനുഭവപ്പെട്ടു. ഉച്ചയോട് അടുക്കുന്ന നേരത്താണ് ഞങ്ങൾ അവിടെ എത്തുന്നത്. അപ്പോഴും താപനില ഏഴ് ഡിഗ്രിയായതിനാൽ നടത്തത്തിന് ഒട്ടും അലോസരമുണ്ടായില്ല. നഗരത്തിലെ പ്രശസ്തമായ ലാൻഡ്‌മാർക്കുകൾക്കൊപ്പം ഐഫൽ ടവറും കാണാൻ കഴിയുമെന്നതാണ് അവിടെ നിന്നുള്ള കാഴ്ചയുടെ പ്രത്യേകത. വിടർന്ന് വിതാനിച്ചു  കിടക്കുന്ന നഗരത്തിന്റെ ഓരോ ഭാഗങ്ങളും ഒപ്പിയെടുക്കാനായി ആളുകൾ മത്സരിക്കുന്നതായി തോന്നി. 

നേരെ താഴേക്ക് നോക്കിയാൽ ആർക്കിനെ ചുറ്റുന്ന വലിയൊരു റൗണ്ട് എബൗട്ടിലൂടെ വട്ടമിട്ട് വിവിധ വഴികളിലേക്ക് ചലിക്കുന്ന വാഹന വ്യൂഹങ്ങൾ. ഉള്ളിലാകട്ടെ  യുദ്ധ രംഗങ്ങളുടെയും മരിച്ചു വീണ ജനറൽമാരുടെയും ചിത്രങ്ങളാൽ അലംകൃതമായ ചുവരുകൾ. മനോഹരമായ കൊത്തുപണികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അകത്തളത്തിലെ ചുവരുകളുടെ മറ്റു ചില ഭാഗങ്ങൾ. 

ആർക്ക് ഡി ട്രയോംഫിൽ നിന്ന്, പാരീസിലെ ഏറ്റവും പ്രശസ്തമായ ഷോപ്പിംഗ് തെരുവുകളിലൊന്നായ ചാംപ്സ്-എലിസീസിലൂടെയാണ് ഞങ്ങൾ മുന്നോട്ട് പോയത്. പത്ത് മിനിറ്റ് നീണ്ട നടത്തത്തിന് ശേഷം അവന്യൂ വിൻസ്റ്റൺ ചർച്ചിലിലേക്കാണ് അത് എത്തിച്ചേരുന്നത്. തൊട്ടടുത്തായിട്ടാണ്  ഗ്രാൻഡ് പാലസ്, പെറ്റിറ്റ് പാലസ് എന്നിവ സ്ഥിതി ചെയ്യുന്നത്. നിർഭാഗ്യവശാൽ ഉൾഭാഗത്തെ മെയിന്റനൻസ് ജോലികൾക്കായി അത് രണ്ടും അടച്ചിട്ടിരിക്കയായിരുന്നതിനാൽ  ഞങ്ങൾക്ക് ഈ കെട്ടിടങ്ങളുടെ ഉള്ളിൽ  കയറാനായില്ല. എങ്കിലും അവ പുറത്ത് നിന്ന് കാണാൻ തന്നെ ഏറെ മനോഹരമാണ്.  

സെയ്ൻ നദിയിലെ പാലങ്ങൾ :

പാരീസ് നഗര മദ്ധ്യത്തിലൂടെ അതിന്റെ രക്തധമനി പോലെ ഒഴുകി നീങ്ങുന്ന നദിയാണ് സെയ്ൻ. പതിമൂന്ന് കിലോമീറ്ററോളം നഗരത്തിലൂടെ ഒഴുകുന്ന നദിക്ക് കുറുകെയായി  ഇരുകരകളെയും ബന്ധിപ്പിച്ചു കൊണ്ട് നിരവധി വലിയ പാലങ്ങളും നടപ്പാലങ്ങളുമുണ്ട്. അലക്സാണ്ടർ മൂന്നാമന്റെ പേരിൽ തുടങ്ങി ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തലുകളായി നില്ക്കുന്ന പാലങ്ങളോടൊപ്പം പുതിയ കാലത്തെ ശ്രേഷ്ഠരായ രാഷ്ട്രീയ സാംസ്കാരിക നായകന്മാരുടെ പേരിലുമാണവ നിലകൊള്ളുന്നത്. അസാധാരണമായ ഒരു പൈതൃകത്തിന്റെ സാക്ഷ്യപത്രങ്ങളായി തന്നെ നമുക്കിതിനെ കാണാനാവും. വെറും കാഴ്ചകൾക്കാണെങ്കിൽ പോലും രാത്രിയിലെന്ന പോലെ പകലും ഇവ ഗംഭീരമായി തന്നെ  കാഴ്ചക്കാരന്റെ മനം കവരുന്നവയാണ്.

യുനെസ്കോയുടെ ലോക പൈതൃക സൈറ്റിൽ ഉൾപ്പെടുന്ന പാരീസിലെ അറിയപ്പെടുന്ന പാലങ്ങളിൽ ഏറ്റവും പഴക്കമേറിയതാണ്   പോണ്ട് ന്യൂഫ് . പതിനാറാം നൂറ്റാണ്ടിലായിരുന്നു ഇതിന്റെ നിർമ്മാണം . 1900-ലെ യൂണിവേഴ്സൽ എക്സിബിഷനുവേണ്ടി നിർമ്മിച്ച  പോണ്ട് അലക്സാണ്ടർ മൂന്നാമൻ. 17-ാം നൂറ്റാണ്ടിൽ  സെന്റ് ലൂയിസ്  നഗരം പടുത്തുയർത്താൻ തുടങ്ങിയപ്പോൾ അതിലേക്ക് പ്രവേശനം നൽകുന്നതിനായി നിർമ്മിച്ച പോണ്ട് മേരി. വിനോദസഞ്ചാരികളുടെ പറുദീസയായ പോണ്ട് ലെ അൽമ. അങ്ങനെ നഗരത്തിലുടനീളം നദിക്ക് കുറുകെയായി നിരവധി പാലങ്ങളുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഡി ഫ്രാൻസിനെ ലൂവ്രെ കൊട്ടാരവുമായി ബന്ധിപ്പിക്കുന്ന പോണ്ട് ഡെസ് ആർട്ട്സ് ലോകമെമ്പാടുമുള്ള പ്രണയികളുടെ സംഗമ സ്ഥലമായിട്ടാണ് അറിയപ്പെടുന്നത്. 

ഇവിടെയുള്ള ടണലിൽ വെച്ചാണ് ഡയാന രാജകുമാരി 1997-ൽ പാപ്പരാസികളാൽ പിന്തുടരപ്പെട്ട് അപകടത്തിൽ പെട്ട് മരണം വരിച്ചത്.

അലക്സാണ്ടർ മൂന്നാമന്റെ പേരിലുള്ള പാലം തീർച്ചയായും പാരീസിലെ ഏറ്റവും മനോഹരമായ ഒരു കാഴ്ച തന്നെയാണ്.   റഷ്യയുമായി പണ്ടുണ്ടായിരുന്ന സഹവർതിത്വത്തിന്റെ പ്രതീകമെന്നോണം  റഷ്യയിലെ സാർ അലക്സാണ്ടർ മൂന്നാമന്റെ പേരാണ് ഈ പാലത്തിന് നൽകിയിരിക്കുന്നത്. സ്വർണ്ണം പൂശിയ പ്രതിമകളാൽ അലങ്കരിച്ചിരിക്കുന്ന ഇതിന് തീർച്ചയായും ഒരു പ്രൗഢ ഗംഭീരമായ തിളക്കമുണ്ട്.  സെയ്ൻ നദിക്കിരു 

വശവുമുള്ള നിരവധി  വിനോദ കേന്ദ്രങ്ങളെ ഈ പാലം ബന്ധിപ്പിക്കുന്നു.  

പാലത്തിന്റെ ഇരുവശത്തുമായി കോണിപ്പടികൾ ഉണ്ട് .  അത് വഴി താഴേക്ക് ഇറങ്ങിച്ചെല്ലാനും അവിടെ നടന്ന്  നദിയിലെ കൂടുതൽ രസകരമായ  കാഴ്ചകൾ കാണാനുള്ള അവസരവുമുണ്ട്. പാലത്തിലൂടെ മറുകരയിലേക്ക് നടന്ന് റ്യൂ ക്ലെർ എന്ന ജന നിബിഡമായ ചെറിയ തെരുവിലാണ് ഞങ്ങൾ എത്തിയത്. 

റ്യൂ ക്ലെറിൽ  നിന്ന് വലത്തേക്ക് വീണ്ടും അഞ്ച് മിനിറ്റ് നടക്കുമ്പോഴേക്കും  ഞങ്ങൾ ഷാമ്പ് ഡി മാർസ് പാർക്കിൽ എത്തി. അവിടെയാണ് ഐഫൽ ടവറിന്റെ ഇരിപ്പിടം!

ഐഫൽ ടവർ :

ഐഫൽ ടവറിലേക്കുള്ള യാത്രക്ക് ഞങ്ങൾ ആദ്യമേ തിടുക്കപ്പെട്ടൊന്നുമില്ലായിരുന്നു. പാരീസിൽ വന്നിട്ട് അത് കാണാതെ ഒരു തിരിച്ചു പോക്കില്ലെന്ന കാര്യത്തിൽ ഉറപ്പുള്ളത് കൊണ്ട് സാവധാനം അവിടേക്കെത്താം എന്ന് തീരുമാനിക്കുകയായിരുന്നു.

വൈകുന്നേരം നാല് മണിയോടെയാണ് ഞങ്ങൾ അവിടെ എത്തുന്നത്. വിശപ്പ് ചെറുതായി അക്രമിക്കാൻ തുടങ്ങിയിട്ട് കുറച്ചേറെ നേരമായിരുന്നു. എന്തെങ്കിലും കഴിക്കാമെന്ന് കരുതി ആദ്യം കണ്ട ഒരു ടർക്കിഷ് കബാബ് + കഫേയിൽ കയറി. അവിടെയും മുടിഞ്ഞ തിരക്ക് തന്നെയായിരുന്നു. ഓർഡർ ചെയ്ത് തിരിയുമ്പോഴാണ് പെട്ടെന്ന്  മലയാളത്തിലൊരു ചോദ്യം. എവിടുന്നാ എന്ന്. തൃശൂർ ആമ്പല്ലൂർക്കാരൻ ആൽബിസ് ആയിരുന്നത്. എന്നിട്ട് തിരിഞ്ഞ് അവിടത്തെ ജോലിക്കാരനോട് ഹിന്ദിയിൽ പറഞ്ഞത് വേറെ ഒരു വിഭവം എടുക്കാനാണ്.

ഞങ്ങൾക്ക് ഹലാൽ ഫുഡ് തരാനാണ് താൻ പറഞ്ഞതെന്ന് വിശദമാക്കിക്കൊണ്ട് തിരക്കിനിടയിലും ആൽബിസ് വാചാലനായി . പതിനഞ്ച് വർഷമായി ടർക്കിഷ് വിഭവങ്ങളുടെ കച്ചവടവുമായി കൂടിയിരിക്കുകയാണ് അയാളവിടെ. ഭക്ഷണം കഴിച്ച് തീരും വരെ ആൽബിസുമായി സംസാരം തുടർന്നു.

അംബര ചുംബികളായ കെട്ടിടങ്ങൾ പുതുകാലത്ത് വിവിധ രാജ്യങ്ങളിൽ ഉയർന്ന് വന്നിട്ടുണ്ടെങ്കിലും ഐഫൽ ടവറിന്റെ പ്രശസ്തി ഒന്ന് വേറെ തന്നെയാണെന്നത് നേർക്കാഴ്ചയിൽത്തന്നെ ഞങ്ങൾക്ക് ബോദ്ധ്യമായി.

അത് കൊണ്ട് തന്നെയാകണം പാരീസ് സന്ദർശിക്കുന്ന മിക്കവാറും ആളുകൾ തിരക്കിയെത്തിയേക്കാവുന്ന  ആദ്യ സ്ഥലങ്ങളിൽ ഒന്നായി ഇത് മാറുന്നതെന്നും തോന്നി. 133 വർഷങ്ങളായി ലോകത്തിന് മുന്നിൽ തലയെടുപ്പോടെ നില്ക്കുന്ന ഈ ഗോപുരം സന്ദർശിക്കാനുള്ള അവസരം ലഭ്യമായതിലെ ആഹ്ലാദം ഞങ്ങൾക്കും ചെറുതായിരുന്നില്ല. 

ഫോട്ടോകൾ എടുക്കാനായി ഞങ്ങൾ സൈൻ നദിയുടെ കുറുകെയുള്ള പാലത്തിലേക്കാണ് പോയത്.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളിലൊന്നായ ഐഫൽ ടവർ,  പാരീസിലെ വേൾഡ് ഫെയറിനായി 1889-ൽ  രൂപകല്പന ചെയ്ത്  സ്ഥാപിച്ചത്  ഗുസ്താവ് ഈഫൽ ആണ്. "അയൺ ലേഡി" എന്ന് വിളിപ്പേരുള്ള ഈ ഗോപുരം  വാസ്തുവിദ്യയിലും എഞ്ചിനീയറിംഗിലും ഇന്നും ഒരുപോലെ അത്ഭുതം ജനിപ്പിക്കുന്നത് തന്നെയാണ്. അത് നിർമ്മിച്ച സമയത്ത് ലോകത്തിലെ ഏറ്റവും ഉയരമുള്ള ടവറായിരുന്നു. 

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണെങ്കിലും സന്ദർശകന് ഇന്നും ഇത് പുതുമയുള്ള ഒരു കാഴ്ചയായി തന്നെ നില്ക്കുന്നുവെന്നത് വിസ്മയാവഹമാണ്.

മോൺട് മാർട്രെ:

ഐഫൽ ടവറിൽ നിന്ന്, ഞങ്ങൾ നഗരത്തിന്റെ മറ്റൊരു ഭാഗത്തേക്ക് നീങ്ങാൻ തുടങ്ങി. രണ്ട് ദിവസത്തെ കറക്കത്തിനായി സിറ്റി കാർഡ് എടുത്തിരുന്നതിനാൽ ബസ്സിലും ബോട്ടിലും ട്രയിനിലുമായി ആവോളം യാത്ര അനുവദനീയമായിരുന്നു. ഏകദേശം അര മണിക്കൂർ യാത്രക്കൊടുവിൽ കലാകാരന്മാരുടെ ജില്ലയായ മോണ്ട്മാർട്രിലിൽ ഞങ്ങൾ എത്തിച്ചേർന്നു. 

ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന മോണ്ട്മാർട്രെ, ഒരുകാലത്ത്  പിക്കാസോ, വാൻ ഗോഗ് തുടങ്ങിയ പ്രശസ്തരായ കലാകാരന്മാരുടെ ആസ്ഥാനമായിരുന്നു. ഇപ്പോൾ  ഇത് ഏറെ ആളുകളെ ആകർഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ്.  പ്രദേശത്തിന്റെ ചരിത്രം നമ്മൾക്ക് പകർന്നു തരും വിധം  തെരുവ് കലാകാരന്മാരും കരകൗശല വിപണികളും നിരവധിയായുണ്ട്.

പാരീസ്  അതിവേഗം, അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന നഗരമാണ്. എന്നിരുന്നാലും ഗൃഹാതുരത നിഴലിക്കുന്ന ഒരു ഗ്രാമത്തിന്റെ  ശാന്തത പേറുന്ന കുറച്ച് മരുപ്പച്ചകൾ നഗരത്തിന് തൊട്ടരികിലായി ഇപ്പോഴും ഉണ്ട്. തീർച്ചയായും പാരീസിലെ മറവിയിലേക്ക് പോകാൻ മടിക്കുന്ന  ഗ്രാമങ്ങളിലേക്കുള്ള വഴികളാണ് മോൺട് മാർട്രെയിലേക്ക് തുറക്കുന്നത്.

ഭംഗിയോലുന്ന ഉരുളൻ കല്ലുകൾ പാകിയ പാതകൾ. ഇരുവശങ്ങളിലും  മധ്യഭാഗങ്ങളിലുമുള്ള വിചിത്രമായ ചെറിയ ഭക്ഷണശാലകൾ . മണിക്കൂറുകളോളം ഞങ്ങൾക്ക് സ്വയം നഷ്ടപ്പെട്ട് അലയാൻ കഴിഞ്ഞ യഥാർത്ഥ മുന്തിരി വൈൻ ഷോപ്പുകൾ . ഇതിന് ചുറ്റും വെറുതെ നടക്കുന്നത് പോലും ഭൂതകാലത്തിന്റെ വാതായനങ്ങൾ തട്ടിത്തുറന്ന് മിനിമം ഒരു നൂറ്റാണ്ട് പിറകിലേക്കെങ്കിലും തിരികെ പ്രവേശിക്കുന്നതിന് തുല്യമാണ്. 

ചരിത്രത്തിന്റെ  സമ്പന്നത നിറഞ്ഞു പകരുന്ന ഇത് പോലെ ഒരിടം നഗരത്തിൽ മറ്റൊരിടത്തും ഉണ്ടാവില്ലായിരിക്കാം. തീർച്ചയായും പാരീസിലെ വിലമതിക്കാനാവാത്ത ഒരു ഭാഗം തന്നെയാണ് മോണ്ട്മാർട്രെ .  പാരീസ് സന്ദർശനം എത്ര ചെറിയ സമയത്തേക്കാണെങ്കിലും ഒഴിവാക്കാതെ കണ്ടിരിക്കേണ്ട ഒരിടം തന്നെയാണിത്.

ഈ പഴയ കുന്നിൻ മുകളിലെ ഗ്രാമത്തിന്റെ മനോഹാരിതയുമായി  പ്രണയത്തിലാകാൻ ഞങ്ങൾ അധികനേരമെടുത്തില്ല. ഇവിടെ   കുറെ നേരം തങ്ങാനുള്ള ഏറ്റവും നല്ല കാരണങ്ങളിൽ ഒന്നായി പലരും കാണുന്നത് ഇവിടെയുള്ള  നിരവധി മുന്തിരിത്തോട്ടങ്ങളിൽ  നിന്ന് വീഞ്ഞ് കുടിക്കാനുള്ള അവസരം ലഭിക്കും എന്നതായിരിക്കാം. പക്ഷെ അതിനുമപ്പുറം പ്രകൃതി സൗഹൃദത്തിന്റെ , ശുദ്ധമായ ഗ്രാമജീവിതത്തിന്റെ നേർക്കാഴ്ചകൾ കൂടി അവ തേടി വരുന്നവരെ കാത്തിരിക്കുന്നുണ്ട്.

മോണ്ട്മാർട്രെ എല്ലായ്‌പ്പോഴും പാരീസിന്റെ ഭാഗമായിരുന്നില്ല, മറിച്ച് ഒരു യഥാർത്ഥ 

ഗ്രാമം തന്നെയായിരുന്നു.  അതിവേഗം വർധിച്ചുവരുന്ന ജനസംഖ്യയാൽ നഗരം വിഴുങ്ങിയ പ്രാന്തപ്രദേശങ്ങളിൽ എന്ത് കൊണ്ടോ ഈ പ്രദേശം ഉൾപ്പെട്ടില്ലെന്നത് സഞ്ചാരികളായി എത്തുന്നവരുടെ കൂടെ ഭാഗ്യം. അതിനാൽ തന്നെ മോണ്ട്മാർട്രെ ഇന്നും ഗ്രാമത്തിന്റെ വിശുദ്ധിയും മനോഹാരിതയും നഷ്ടപ്പെടാതെ കുന്നിൻ മുകളിൽ വിരാജിക്കുന്നു.

പാരീസിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നു വ്യത്യസ്തമായ  കാഴ്ചകളാണ് ഇവിടെ എവിടെയും ദൃശ്യമാവുന്നത്.  

എന്നാൽ മോണ്ട്മാർട്രെയുടെ തിളങ്ങുന്ന ആഭരണം അവിടത്തെ ബസിലിക്ക തന്നെയായിരിക്കണം. വെളുത്ത താഴികക്കുടങ്ങളുള്ള ഈ പള്ളി മലയുടെ ഒത്ത മുകളിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടം മനോഹരവും പാരീസിന്റെ ബാക്കി ഭാഗങ്ങളിൽ നിന്ന് നോക്കുമ്പോൾ അതിമനോഹരമായ കാഴ്ച നൽകുന്ന ഒരു ശില്പ വൈദഗ്‌ധ്യം കൂടിയാണ്.

ബസ്സിറങ്ങി മോൺട് മാർട്രെലിലേക്ക് കയറിച്ചെല്ലാൻ, ലൂയിസ് മൈക്കൽ പാർക്കിലൂടെയുള്ള ചവിട്ടുപടികൾ തന്നെ ശരണമെന്ന് കരുതി ആ വഴി വെച്ചു പിടിച്ചു. പക്ഷെ തിരികെയിറങ്ങുമ്പോഴായിരുന്നു വേറെ എളുപ്പ വഴി ഉണ്ടെന്ന് മനസ്സിലാക്കാനായത്. എന്തായാലും  മോണ്ട്മാർട്രിന്റെ ആകർഷകമായ പ്രതലങ്ങളിലൂടെ അലഞ്ഞുതിരിയാനായി എന്നതിനാൽ കൂടുതൽ നടക്കേണ്ടി വന്നതിൽ വലിയ വിഷമം തോന്നിയില്ല.  പള്ളി കണ്ടു കഴിഞ്ഞു ഞങ്ങൾ ലൂയിസ് മൈക്കേലിലേക്ക് ഇറങ്ങി നടക്കാൻ തുടങ്ങി. 

ഇനി അടുത്ത ബസ്സ് പിടിക്കണം. മെട്രോയിലെത്തി തിരികെ ഹോട്ടലിലേക്ക് പോകും മുമ്പേ കാര്യമായെന്തെങ്കിലും കഴിക്കണം. ഇന്ന് മുഴുക്കെ ക്രോയിസ്സോണും സാന്റ് വിച്ചുകളുമായിരുന്നതിനാൽ കുറച്ചെന്തെങ്കിലും ഇന്ത്യൻ ഭക്ഷണം കിട്ടിയാൽ നന്നായിരുന്നെന്ന് തോന്നി. വഴിയിലൊരിടത്ത് കണ്ട മുനിയാണ്ടി വിലാസിൽ നിന്നും ദോശയും പൂരിയുമൊക്കെ കഴിച്ച് മെട്രോയിലേക്ക് നടന്നു.

ലൂവ്രെ മ്യൂസിയം :

ലൂവ്രെ സന്ദർശിക്കാമെന്നതായിരുന്നു ഞങ്ങളുടെ അടുത്ത ദിവസത്തെ ആദ്യ തീരുമാനം. എല്ലാവരും അങ്ങനെ ആഗ്രഹിച്ചെന്നിരിക്കില്ല. മരുമകൻ കൃത്യം ഒരു മാസം മുമ്പ് ഭാര്യയും കുഞ്ഞുമൊത്ത് ഇവിടെ വന്ന് പോയിട്ടേ ഉണ്ടായിരുന്നുള്ളു. ഞങ്ങളുടെ നിർബ്ബന്ധത്തിന് വഴങ്ങിയാണ് അയാൾ വീണ്ടും ഇവിടേക്ക് ഒരു യാത്രക്ക് തയാറായത് തന്നെ. അത് കൊണ്ട് ഒരു വലിയ ഗുണമുണ്ടായി. മകനും മരുമകനും എന്റെ ചോയ്സ് മുൻനിറുത്തി കാര്യങ്ങൾ മുൻകൂട്ടി തീരുമാനിക്കാനായി എപ്പോഴും. യഥാർത്ഥത്തിൽ മകനും മരുമകനും എന്റെ ട്രാവൽ മാനേജർമാരോ ഗൈഡുകളോ ആയിരുന്നു യാത്രയിലുടനീളം. 

ബിസി ആറാം നൂറ്റാണ്ട് മുതൽ പത്തൊൻപതാം നൂറ്റാണ്ട് വരെയുള്ള 35,000-ലധികം കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിൽ ഒന്നാണിത്. ഈ സ്ഥലം വളരെ വലുതാണ്. അതിനർത്ഥം മ്യൂസിയം മുഴുവനായി കാണുന്നതിന്  രണ്ടോ മൂന്നോ തവണയെങ്കിലും അവിടെ പോകേണ്ടിവരും എന്ന് തന്നെയാണ്. 

എന്നിട്ടും നാല് മണിക്കൂറിന്റെ പരിമിതികളിൽ എന്റെ ആഗ്രഹത്തെ ഒതുക്കേണ്ടി വന്നു എന്നത് വലിയ ഖേദമായി തന്നെ മനസ്സിൽ നിറയുന്നു.   ലോകത്തിലെ ഏറ്റവും പ്രശസ്തമായ പെയിന്റിംഗുകളിൽ ഒന്ന് മാത്രമേ ഇവിടെയുള്ളൂ. മോണലിസ.   ബുള്ളറ്റ് പ്രൂഫ് ഗ്ലാസും സമീപത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്താലും അവൾ സുരക്ഷിതയായി ചുവരിൽ തൂങ്ങുന്നുണ്ട്.  അവളോടൊപ്പം ഒരു സെൽഫി എടുക്കാൻ ആളുകൾ മണിക്കൂറുകളോളം കാത്തു നില്ക്കുന്നതിൽ അതിശയപ്പെടാനൊന്നുമില്ല തന്നെ.

പൂർണ്ണമായും ഗ്ലാസും മെറ്റലും ഉപയോഗിച്ചുള്ള പിരമിഡ് രൂപത്തിലുള്ള ഒരു കവാടത്തിലൂടെയാണ് പ്രവേശനം. ഈയൊരു കെട്ടിടമൊഴികെ ഒന്നും തന്നെ ആധുനിക കാലത്ത് നിർമ്മിക്കപ്പെട്ടതായി ഇവിടെ കണ്ടെത്താനാകില്ല.

ലൂവ്രെ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമെന്ന് മാത്രമല്ല, മുമ്പ് ഇത് ഒരു കൊട്ടാരമായിരുന്നു എന്നതാണ് അതിന്റെ വ്യത്യസ്ത. ഇതിന്റെ വാസ്തുവിദ്യ തന്നെ ഒരു കലയാണ്. 

നൂറ്റാണ്ടുകളായി ഫ്രഞ്ച് രാജകുടുംബത്തിന്റെ വിഹാര കേന്ദ്രമായിരുന്ന ഒരു മദ്ധ്യകാല നെടുങ്കൻ കോട്ട, അതിന്റെ ആകാരം കൊണ്ടും ശില്പഭംഗി കൊണ്ടും   വിസ്മയിപ്പിക്കാൻ പാകത്തിലായിരുന്നു. അടുത്ത് കാണും വരെ  മനസ്സിലുണ്ടായിരുന്ന സങ്കല്പത്തെ തീർത്തും മാറ്റിമറിക്കും വിധത്തിലായിരുന്നു ലൂവ്രേ മ്യൂസിയം.  അതായിരിക്കും മ്യൂസിയം എന്ന് ആ നിമിഷം വരെ എനിക്ക് മനസ്സിലായിരുന്നില്ല. അതിനാൽ, ഒറ്റ നോട്ടത്തിൽ തന്നെ ലൂവ്രെ മ്യൂസിയം എന്റെ ഭാവനക്കപ്പുറത്തേക്ക് നീണ്ട് ഒരു അത്ഭുത ലോകത്തേക്ക്  നയിക്കുന്നതായി തോന്നാനിടയാക്കി. 

മൂന്ന് നിലകളിലായി പരന്നുകിടക്കുന്ന മ്യൂസിയത്തിന്റെ വിശാലമായ മൂന്ന് വിഭാഗങ്ങളാണ് സള്ളി, ഡെനോൺ, റിച്ചെലിയു. കൂടാതെ നിരവധി നടുമുറ്റങ്ങളും ഇടനാഴികളും. ഇത് വളരെ വലുതും ആകർഷകവുമായ സ്ഥലമാവുന്നത് അങ്ങനെയാണ്. ഒരു മുഴുവൻ ദിവസം കൊണ്ട് പോലും ലൂവ്രെ മ്യൂസിയം പൂർണ്ണമായും കാണാൻ സാധിക്കില്ലെന്ന് എനിക്ക് മനസ്സിലായി. ഇവിടെ സൂക്ഷിച്ചിരിക്കുന്ന അമൂല്യമായ എല്ലാ കലാരൂപങ്ങളെയും  കാണാനും  ഉൾക്കൊള്ളാനും അതിന്റെ പല മടങ്ങ്  സമയം ആവശ്യമായി വരും. 

മോണാലിസയെ കൂടാതെ, വീനസ് ഡി മിലോയും ചിറകുള്ള വിക്ടറിയും ഉൾപ്പെടെ നിരവധി കലാരൂപങ്ങൾ ലൂവ്രെയിൽ ഉണ്ട്.

1911-ലെ പെയിന്റിംഗ് മോഷണത്തിന് ശേഷം, മൊണാലിസയുടെ ചിത്രങ്ങൾ ലോകമെങ്ങും പ്രശസ്തമായി. വാസ്തവത്തിൽ മോണാലിസയുടെ പ്രശസ്തി അതിന്റെ കലാപരമായ മേന്മയെക്കാൾ കൂടുതൽ അത് മോഷ്ടിക്കപ്പെട്ടു എന്നതിനാൽ വന്നു ചേർന്നതാകാം. ഡാവിഞ്ചിയുടെ അപ്രമാദിത്വത്തിനും അതിൽ പങ്കുണ്ടെന്ന് തീർച്ച. 

ഇത് തീർച്ചയായും മഹത്തരമാണ്, പക്ഷേ ഏറ്റവും മികച്ചതല്ല എന്ന അഭിപ്രായമുള്ളവരുണ്ട്. അവാർഡുകൾ നേടാനല്ല മറിച്ച് പണം സമ്പാദിക്കാൻ തന്നെയാണ് താനും മറ്റ് കലാകാരന്മാരും ഇതുപോലുള്ള പോർട്രെയ്‌റ്റുകൾ ചെയ്യുന്നത് എന്ന് ഡാവിഞ്ചി തന്നെ സൂചിപ്പിച്ചതായി പരാമർശവുമുണ്ട്. 

ചിലരുടെ അഭിപ്രായത്തിൽ, അവൾ ഡാവിഞ്ചിയുടെ തന്നെ സ്ത്രീ പതിപ്പാണ്, മറ്റു ചിലർർ അവളെ ലിസ ഗെരാർഡിനിയാണെന്ന് അവകാശപ്പെടുന്നു. നിരവധി ഗവേഷണങ്ങളുടെ ഫലമനുസരിച്ച് മൊണാലിസയെന്നത് തീർച്ചയായും ലിസ ഗെരാർഡിനിയാണ്. ഒരു പ്രമുഖ ഫ്ലോറന്റൈൻ കുടുംബത്തിലെ അംഗവും ധനികനായ ഒരു പട്ടു വ്യാപാരിയുടെ ഭാര്യയും രണ്ട് ആൺമക്കളുടെ അമ്മയുമായിരുന്നു ലിസ. 

പെയിന്റിംഗ് പൂർത്തിയാക്കിയ ശേഷം വ്യാപാരിക്ക് നൽകുന്നതിനുപകരം ഡാവിഞ്ചി അത് ഫ്രാൻസിലേക്ക് കൊണ്ടുവരികയാണുണ്ടായതത്രെ. അതുകൊണ്ടാണ് ഇന്ന് ലൂവ്രെയിൽ നമുക്കിത് കാണാനുള്ള അവസരം ലഭിക്കുന്നത്!

നോത്രെ ഡാം :

ലൂവ്രെയിൽ നിന്ന്, പോണ്ട് ന്യൂഫിൽ എത്തുന്നതുവരെ സെയ്‌ൻ നദിയുടെ കരയിലൂടെ ഞങ്ങൾ വീണ്ടും ബസ്സിലാണ് സഞ്ചരിച്ചത്.  ആ യാത്ര സെയ്‌നിന്റെ മദ്ധ്യത്തിലുള്ള ഐലെ ഡി ലാ സിറ്റി എന്ന ദ്വീപിലാണ് എത്തിപ്പെടുന്നത്. ഇവിടെയാണ്  കത്തീഡ്രൽ നോട്രെ -ഡാം ഡി പാരീസ് കാണുന്നത്. 

ദൂരെ നിന്ന് തന്നെ ഞങ്ങൾക്ക് അതിന്റെ മുൻ വശത്ത് നടക്കുന്ന പുനരുദ്ധാന പ്രവർത്തനങ്ങളുടെ കാഴ്ചകൾ ദൃശ്യമായിരുന്നു.

ക്വാസിമോഡോയെയായിരുന്നു ഞാനവിടെ ആദ്യം തിരഞ്ഞത്. പരിഷ്കൃതരായ സഞ്ചാരിക്കൂട്ടങ്ങൾക്കിടയിൽ കൂനനും ഏറെ വിരൂപനുമായ അയാളെ കണ്ടെത്തുക പ്രയാസമുള്ള കാര്യമായിരുന്നില്ല. ആൾക്കൂട്ടങ്ങൾക്കിടയിൽ എവിടെയെങ്കിലും മുഷിഞ്ഞു നാറിയ വേഷത്തിൽ അയാൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഞാൻ ചുറ്റിലും കണ്ണോടിച്ചു. 

സുന്ദരിപ്പെൺകുട്ടികൾക്കിടയിൽ ഒരുപാട് എസ്മറാൾഡോമാരെ കണ്ടെത്താൻ പ്രയാസമേതുമുണ്ടായില്ല. പക്ഷെ ഞാൻ തിരഞ്ഞയാളെ മാത്രം കണ്ടെത്താനായില്ല. നഷ്ടപ്പെട്ടതെന്തോ തേടുന്ന മട്ടിലുള്ള എന്റെ ഉദ്വേഗഭാവത്തെ അമ്പരപ്പോടെ വീക്ഷിച്ച മകൻ കാര്യമെന്തെന്ന് തിരക്കി. 

ജീവിതത്തിന്റെ തുടക്കത്തിൽ അനാഥത്വം പേറി ഈ പള്ളി മുറ്റത്ത് ഉപേക്ഷിക്കപ്പെട്ട ക്വാസിമോഡോ , വികലമായ തന്റെ ശാരീരികാവസ്ഥകളെ മനപ്പൂർവ്വം മറന്ന് കൊണ്ട് സുന്ദരിയായ എസ്മറാൾഡോയെ പ്രണയിക്കാൻ തുടങ്ങിയത് ഈ തിരുമുറ്റത്തായിരുന്നുവെന്ന കാര്യം ഞാനവനോട് പങ്കു വെച്ചു. 

പരസ്പരം തിരച്ചറിഞ്ഞതിന്റെ , പിന്നിട് അയാളുടെ ഉള്ളം പ്രണയത്തിന്റെ ഇളം തണുപ്പാർന്ന സ്പർശ തലത്തിലേക്ക് പരന്നൊഴുകിയതിന്റെ കഥകൾ ഞാൻ പറഞ്ഞു കൊടുത്തു. ക്ലോഡ് ഫ്രെല്ലോ താഴേക്ക് പതിച്ചത് ഈ മിനാരങ്ങളിലേതെങ്കിലും ഒന്നിൽ നിന്നായിരിക്കുമെന്ന്  ഞാനെന്നോട് തന്നെ പറഞ്ഞു. 

വിക്ടർ ഹ്യൂഗോയുടെ പ്രസിദ്ധമായ നോവലിന് (നോത്രദാമിലെ കൂനൻ) പശ്ചാത്തലമായ ,  നോത്രദാമിലെ 800 വർഷം പഴക്കമുള്ള കത്തീഡ്രൽ ഞങ്ങളുടെ മുമ്പിൽ വിരൂപമായാണ് ഇപ്പോൾ നില്ക്കുന്നത്. ചുറ്റിലും സ്കഫോൾഡിങ്ങിൽ നിന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. പള്ളിയുടെ യഥാർത്ഥ രൂപത്തെ കാണണമെങ്കിൽ ഇനിയും രണ്ട് വർഷമെങ്കിലും കാത്തിരുന്നേ പറ്റൂ.

നവീകരണ പ്രവർത്തനങ്ങൾക്കിടയിൽ 2019 ഏപ്രിലിൽ  പള്ളിയുടെ മിക്കവാറും ഭാഗങ്ങളത്രയും കത്തിയമർന്ന് നിലം പതിച്ച ശേഷം സന്ദർശകർക്ക് പ്രവേശനമില്ലെങ്കിലും, അവിടെ തിരക്കിനൊട്ട് കുറവുമില്ലായിരുന്നു. 2024 ഏപ്രിലിൽ കുർബാനക്കായി  പള്ളി സുസജ്ജമാവും വിധം ത്വരിതഗതിയിലാണ് പണികൾ . നോത്രെദാം മദ്ധ്യകാല പാരീസിന്റെ ഹൃദയം തന്നെയായിരുന്നു.  

പാരീസിലെ ഐഫൽ ടവറിൽ നിന്നും വിളിപ്പാടകലമേയുള്ളു ഇവിടേക്ക് . 

കന്യാമറിയത്തിന്റെ പേരിൽ നിർമ്മിക്കപ്പെട്ട ഈ കത്തീഡ്രൽ യൂറോപ്പിലെ ഏറ്റവും  മനോഹരമായ പള്ളികളിൽ ഒന്നായിരുന്നുവെന്നത് കൂടാതെ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഒന്നുമാണ്.  കത്തീഡ്രലിന്റെ ആകർഷകമായ ഗോപുരങ്ങൾ  മാത്രമേ ഈ കാഴ്ചയിൽ ആർക്കും കണ്ടെത്താനാകൂ. 

നോത്രെദാം എന്ന ഫ്രഞ്ച് വാക്കിന്റെ ഇംഗ്ലീഷ് അർത്ഥം Our Lady എന്നാണ്. വാസ്തവത്തിൽ ഞാനവിടെ നില്ക്കുമ്പോൾ മാത്രമാണ് അതറിയുന്നത്. Our Lady of Fatima എന്ന പേരിലുള്ള നാട്ടിലെ പള്ളികളെ ഓർത്തപ്പോൾ കന്യാമറിയത്തിന്റെ മറ്റൊരു പേര് തന്നെയാണ് അതെന്ന പുതിയ അറിവിലേക്കെത്തിച്ചേരാനായി.

യേശുക്രിസ്തുവിനെ കുരിശിലേറ്റുന്ന സമയത്ത് ധരിച്ചതെന്ന് പറയപ്പെടുന്ന മുൾക്കിരീടം ഉൾപ്പടെയുള്ള വിലയേറിയ ശേഖരങ്ങൾ ഇവിടെയാണ് സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. തീപിടുത്തത്തിൽ അവക്കൊന്നും തന്നെ കേടുപാടൊന്നും പറ്റിയില്ലെന്നാണ് കത്തീഡ്രലിന് പുറത്തായി വെച്ചിട്ടുള്ള വിവരണങ്ങളിൽ കാണുന്നത്.  

1163 ൽ നിർമ്മാണം തുടങ്ങിയ കത്തീഡ്രൽ പൂർത്തിയാക്കപ്പെട്ടത് 1345 ലാണ്. നെപ്പോളിയന്റെ കിരീടധാരണമടക്കം നടന്നിട്ടുള്ള 

നോത്രദാം ഫ്രാൻസിന്റെ അഭിമാനമായാണ് വിലയിരുത്തപ്പെടുന്നത്. ഫ്രഞ്ച് വിപ്ലവത്തേയും രണ്ട് ലോകമഹായുദ്ധങ്ങളെയും അതിജീവിച്ച കത്തീഡ്രൽ പഴയ പ്രതാപത്തോടെ ഉയിർത്തെഴുന്നേല്ക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ. 

ക്ഷീണമേതുമറിയാതെ രണ്ട് നാൾ തുടർന്ന യാത്ര ഞങ്ങൾ ഇവിടെ അവസാനിപ്പിക്കുകയാണ്. ലൂവ്രെ ഒരിക്കൽ കൂടി വന്ന് കാണണം എന്ന് ഞാൻ കുട്ടികളോട് പറഞ്ഞു. ശരിക്കും അഞ്ച് ദിവസങ്ങളെങ്കിലും വേണം പാരീസ് നഗരത്തിന്റെ ഹൃദയത്തെ സൂക്ഷ്മമായി അറിയാനെന്ന് മുമ്പ് ആരോ പറഞ്ഞത് തീർത്തും ശരിയാണെന്ന് ബോദ്ധ്യപ്പെട്ടത് ഇപ്പോളായിരുന്നു. നേരെ ഹോട്ടലിലേക്ക് തിരിച്ചു. സമയം ഏഴ് മണിയായിരിക്കുന്നു. അടുത്ത ഒരു മണിക്കൂറിനുള്ളിൽ ഇവിടെ നിന്നും തിരിച്ചാൽ വെളുപ്പിന് ഒരു മണിയോടെയെങ്കിലും ആംസ്റ്റർഡാമിൽ എത്തിച്ചേരാം. പാരീസിനോട് മഹസ്സലാമ പറഞ്ഞ് ഞങ്ങൾ അതിനുള്ള തയാറെടുപ്പിലേക്കിറങ്ങി.

Share this story

Comments (1)

  • Suharabi

    15 May 2023

    പാരീസിലെ കാഴ്ചകൾ പകർന്നു തന്നത് വ്യത്യസ്തങ്ങളായ അനുഭവങ്ങളായി. ഈഫൽ ടവറും മോൺട് മാർടയും അടുത്ത് നിന്ന് കണ്ട പ്രതീതിയുളവാക്കുന്ന തരത്തിലുള്ള ൈ ശലി.