13 July 2022 · 11 min read · യാത്ര
യാത്ര/ബ്രസ്സൽസ്
ആംസ്റ്റർഡാമിൽ നിന്നും വെളുപ്പിനെ തിരിച്ച ഞങ്ങൾ ബ്രസ്സൽസിൽ എത്തുമ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. ഇടയിൽ വഴി തെറ്റി വാട്ടർ ലൂവിലെത്തിയ ഞങ്ങൾ അവിടെ ചുറ്റിയടിച്ചപ്പോഴേക്കും പരിപാടികളിൽ മാറ്റം വരുത്തേണ്ട നിലയിലേക്കെത്തി. ബ്രസ്സൽസ് അത്ര വലിയ നഗരമല്ലാത്തതിനാൽ അവിടെ ഒന്ന് കറങ്ങി നേരെ ബ്രൂഗ്സ് എന്ന ലോകോത്തര വിനോദ കേന്ദ്രത്തിലേക്ക് പോകണമെന്നായിരുന്നു ഷെഡ്യൂൾ ചെയ്തിരുന്നത്. വിധി വിഹിതമേവനും ലംഘിച്ചു കൂടല്ലോ എന്നത് എത്ര ശരിയാണെന്ന് ഓരോരുത്തരുടെയും അനുഭവത്തിൽ നിന്നേ മനസ്സിലാവു. ഒരൊറ്റ ദിവസത്തെ കറക്കമാകയാൽ ബ്രൂഗ്സ് ഇനിയൊരവസരത്തിലേ നടക്കൂ എന്ന് ബോദ്ധ്യമായി. അതിനാൽ, ബ്രസ്സൽസ് ചെറിയ നഗരമാണെങ്കിലും അത് പരമാവധി കണ്ട് മടങ്ങുക എന്ന തീരുമാനത്തിലെത്തിച്ചേരാനിടയായെന്ന് പറഞ്ഞാൽ മതിയല്ലോ.
രണ്ട് മണിക്കൂർ കൊണ്ട് എത്തിച്ചേരേണ്ടതായിരുന്നു. അറിയാതെ വന്ന് കേറിയ ഇടത്താവളമായ വാട്ടർ ലൂവിൽ ചിലവിട്ട രണ്ട് മണിക്കൂറുകൾ യാത്രാ ദൈർഘ്യം വർദ്ധിപ്പിച്ചെങ്കിലും അമൂല്യമായ നിമിഷങ്ങൾ അനുഭവത്തിലേക്ക് ചേർത്തു വെക്കാൻ അത് പര്യാപ്തമായി എന്നത് കൊണ്ട് സമയനഷ്ടം ഞങ്ങളെ തീരെ അലട്ടിയില്ല എന്നതാണ് സത്യം. വഴിയിലുടനീളം യൂറോപ്യൻ ഹരിത ഭംഗിയുടെ ക്ലീഷേ കാഴ്ചകൾ തന്നെയായിരുന്നതിനാൽ അത് പ്രത്യേകം പറയേണ്ടതില്ല തന്നെ. വെള്ളി മേഘങ്ങളെ തൊട്ടുരുമ്മിനില്ക്കുന്ന കാറ്റാടി യന്ത്രങ്ങൾ പാതക്ക് ഇരുവശവുമായി ഞങ്ങളുടെ യാത്രയെ സ്വാഗതമോതി നിന്നിരുന്നു എന്ന് മാത്രം പറയുന്നതാവും ഉചിതം.
വാട്ടർ ലൂവിൽ നിന്നും ഏതാണ്ട് അരമണിക്കൂറിനുള്ളിൽ ഞങ്ങൾ ബ്രസ്സൽസിലെത്തി. വെളുപ്പിനെ പോന്നതായിരുന്നത് കൊണ്ട് വയറ് കായുന്നുണ്ടായിരുന്നു. യാത്രയിൽ ആശ്വാസമേകിയിരുന്നത് ക്രോയിസണും ബിസ്കറ്റുകളും വെള്ളവും മാത്രമായിരുന്നതിനാൽ കാര്യമായിട്ടെന്തെങ്കിലും കഴിച്ച ശേഷം കാഴ്ചകളിലേക്കിറങ്ങാം എന്ന് തീരുമാനിച്ചു.
നേരം പത്ത് മണിയോടടുത്ത് തുടങ്ങിയിരുന്നു. നഗരത്തെ ആവരണം ചെയ്തിരുന്ന മഞ്ഞിന്റെ മൂടൽ അപ്പോഴും വിട്ടു മാറിയിട്ടില്ല. ഏഴ് ഡിഗ്രിയായിരുന്ന താപനില തരക്കേടില്ലാത്ത വിധം തണുപ്പ് പകർന്ന് തരുന്നുണ്ട്. വണ്ടി പാർക്കിംഗ് സ്ലോട്ടിലിട്ട് പോക്കറ്റിൽ കൈ തിരുകിക്കൊണ്ട് ഞങ്ങൾ തെരുവിലേക്കിറങ്ങി. വളരെ തിരക്കൊഴിഞ്ഞ ഒരു പ്രദേശമായിരുന്നു അത്. ഇടക്കിടെ ചില വാഹനങ്ങൾ കടന്ന് പോകുന്നതൊഴിച്ചാൽ ഏറെ ശാന്തമായ ഒരിടം. തെരുവിന് അറ്റത്തായി അല്പമുയരത്തിൽ ഒരു പള്ളിയുടെ പച്ചനിറത്തിലുള്ള മകുടം ദൃശ്യമാവുന്നുണ്ടായിരുന്നു. ഞങ്ങൾ മുമ്പിൽ കണ്ട ഒരു ഇന്ത്യൻ റസ്റ്റോറന്റിനെ ലക്ഷ്യമാക്കി നടന്നു.

യൂറോപ്യൻ നഗരങ്ങൾ ഉണരുന്നത് സാധാരണ ഗതിയിൽ പതിനൊന്ന് മണിയോടെയായിരിക്കും. ഓരോ രാത്രികളും നല്കുന്ന ആഹ്ലാദാരവങ്ങളുടെ ആലസ്യം ജനങ്ങളെ വൈകി മാത്രം തെരുവിലേക്കെത്തിക്കുന്നതിന്റെ പ്രതിഫലനമാകാം അത്. എങ്കിലും ഞങ്ങൾ ആ കടയുടെ വാതിൽ തള്ളി നോക്കി.
ചിരിച്ചു കൊണ്ട് വരവേറ്റത് ഒരു മലയാളിയായിരുന്നുവെന്നത് ഒട്ടും ആശ്ചര്യമായി തോന്നിയില്ല. എവിടെ ചെന്നാലും അനുഭവപ്പെടുന്നുണ്ട് ഒരു മലയാളി സാന്നിദ്ധ്യം. എന്നാലും അത് ഒരു സംഭവം തന്നെയാണെന്ന് ഓർത്തു കൊണ്ട് ഞങ്ങൾ ഉള്ളിലേക്ക് കടന്നു. ചേലക്കരക്കാരൻ ഷഫീർ എന്ന സുമുഖനായ യുവാവ് നടത്തുന്ന റസ്റ്റോറന്റായിരുന്നു അത്. ഇന്നത്തെ കൈനീട്ടം എങ്ങനെയുണ്ടാവുമെന്ന് നോക്കട്ടെ എന്ന് പറഞ്ഞ് കൊണ്ട് ഷഫീർ ഞങ്ങൾക്ക് നെയ്റോസ്റ്റും ഇഡ്ലിയും ചട്ണിയുടെ അകമ്പടിയിൽ തയാറാക്കി തന്നു. ബലേ ഭേഷ്! എട്ട് വർഷത്തെ കച്ചവടത്തിനിടയിൽ ഷഫീർ ചേലക്കര മുഴുവൻ വാങ്ങിക്കൂട്ടിയിട്ടുണ്ടാകുമെന്ന് ബില്ല് കണ്ടപ്പോൾ ഉറപ്പായി.
എന്തായാലും വയറ് നിറഞ്ഞ് സന്തോഷമായി എന്ന് പറഞ്ഞാൽ മതിയല്ലോ. പുറത്തിറങ്ങി നേരത്തെ കണ്ട പള്ളി ലക്ഷ്യമാക്കി നടന്നു.

റോഡിൽ നിന്നും ഏറെ ഉയരത്തിലായിരുന്നു നോത്രെഡാം ഡു സാബ്ലോൺ എന്ന പേരിലുള്ള ഈ പള്ളി . താഴെ നിന്ന് നോക്കിയാൽ അതിന്റെ പൂർണ്ണരൂപം ദൃശ്യമാവില്ലെങ്കിലും ആ കയറ്റം കയറി മേലേക്ക് പോകണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചത് സമയക്കുറവിന്റെ ഒരൊറ്റ കാരണത്താലായിരുന്നു. നഗരത്തിന്റെ പ്രധാന ഭാഗത്തേക്ക് കടന്ന് അവിടത്തെ കാഴ്ചകളിലേക്ക് ഇറങ്ങാമെന്ന് കരുതി ഞങ്ങൾ ഈ പള്ളിയുടെ സന്ദർശനം ഒഴിവാക്കി സെൻട്രൽ സ്ക്വയറിലേക്കുള്ള വഴിയേ തിരികെ നടന്നു.ഗൂഗിളിന്റെ മേൽനോട്ടത്തിൽ അവിടേക്ക് എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല.

ബ്രസ്സൽസ് അത്ഭുതകരമാംവിധം ഒതുക്കമുള്ള ഒരു നഗരമായിട്ടാണ് അനുഭവപ്പെട്ടത്. നഗരം വളരെ വലുതല്ല, എന്നാൽ തീരെ ചെറുതുമല്ല. അധികം തിരക്കില്ലാത്ത ബഹളമയമല്ലാത്ത അന്തരീക്ഷം. മിക്കവാറും എല്ലാ പ്രധാന ആകർഷണങ്ങളും നഗര കേന്ദ്രത്തിനടുത്തായിട്ട് തന്നെയാണ്. ആറ്റോമിയം, മിനി-യൂറോപ്പ് എന്നിവയും മറ്റ് കാഴ്ചകളും ഞങ്ങൾക്ക് കാൽനടയായി എല്ലായിടത്തും നിഷ്പ്രയാസം എത്തിച്ചേരാനാകും വിധം അടുത്തടുത്ത് തന്നെയായിരുന്നു.
അതിശയകരമായ കാഴ്ചകളിൽ കുരുങ്ങും വിധം വാസ്തുവിദ്യാ വിസ്മയങ്ങളുള്ള കെട്ടിടങ്ങളാൽ ചുറ്റപ്പെട്ടതാണ് ബ്രസ്സൽസിലെ സെൻട്രൽ സ്ക്വയർ. ലോകത്തിലെ ഏറ്റവും മനോഹരമായ സ്ക്വയറുകളിൽ ഒന്നാണെന്ന് ഫ്രഞ്ച് എഴുത്തുകാരൻ വിക്ടർ ഹ്യൂഗോ വിശേഷിപ്പിച്ച ഇടം ഇത് തന്നെയാണ്.

ഓരോ യാത്രികനും ബ്രസ്സൽസിന്റെ ഓർമ്മകൾ നെഞ്ചേറ്റുന്നതിന് ഉപയുക്തമായ കാഴ്ചകൾ ഇവിടെ വേണ്ടുവോളമുണ്ട്. സത്യത്തിൽ നഗരത്തിലെ ഓരോ സഞ്ചാരങ്ങളും തുടങ്ങേണ്ടത് ഇവിടെ നിന്ന് തന്നെയാണ് എന്നോർമ്മിപ്പിക്കും വിധം വൈവിധ്യമാണ് ഈ ഭാഗമത്രയും നമുക്ക് മുന്നിലവതരിപ്പിക്കുന്ന ആകർഷകമായ കാഴ്ചകൾ.
ഓരോ കെട്ടിടങ്ങളും വ്യത്യസ്ത കാലങ്ങളിൽ വ്യത്യസ്ത ആവശ്യങ്ങൾക്കായി നിർമ്മിച്ചതാണെന്ന് ഓരോന്നിന്റെയും പുറത്തു പതിച്ച കുഞ്ഞുകുഞ്ഞു കുറിപ്പുകൾ പറഞ്ഞു തരുന്നുണ്ട്. എല്ലാ കെട്ടിടങ്ങളും പണ്ട് വിവിധ വിഭാഗക്കാരുടെ സ്വന്തമായിരുന്നവയായിരുന്നു. ബേക്കർമാർ, പെയിന്റർമാർ, മദ്യനിർമ്മാണക്കാർ തുടങ്ങിയവരുടെ വീടുകളും പണിശാലകളും ആയിരുന്നുവത്രെ അവയെല്ലാം. 1998 മുതൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമാണ് ഇത്. ഈ ഗോഥിക് കെട്ടിടങ്ങളുടെ നീണ്ട നിരകൾക്കിടയിലായി 314 അടി ഉയരമുള്ള പ്രശസ്തമായ ബ്രസ്സൽസ് സിറ്റി ഹാൾ കാണാം. രാജകൊട്ടാരമായിരുന്ന ലാ മൈസൺ ഡു റോയിയും ഇതോട് ചേർന്ന് തന്നെയാണ്.
പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ ഈ പ്രദേശം ഒരു ചന്തയായിരുന്നു എന്നാണ് വിവരണങ്ങളിൽ നിന്നും മനസ്സിലാവുന്നത്. അക്കാലത്തെ ഇതിന്റെ പേര് ലോവർ മാർക്കറ്റ് എന്നായിരുന്നുവത്രെ. ഇറച്ചി, റൊട്ടി, തുണി എന്നിവയ്ക്കായി മൂന്ന് ഇൻഡോർ മാർക്കറ്റുകളോടെയാണ് ഇത് ആരംഭിച്ചതെന്നാണ് സൂചിക.
ഔട്ട്‌ഡോർ ഇരിപ്പിടങ്ങളുള്ള കഫേകൾ, റെസ്റ്റോറന്റുകൾ, തത്സമയ സംഗീതം, ആഹ്ലാദത്തിൽ മുങ്ങിപ്പൊങ്ങിയൊഴുകുന്ന ആളുകൾ എന്നിവയാൽ സജീവമാണ് ഇവിടമെങ്ങും.
പൗരാണികത തിടം വെച്ചു തലയെടുപ്പോടെ നില്ക്കുന്ന കൂറ്റൻ ഗോഥിക് ശില്പ വൈദഗ്ധ്യമാണ് ഈ ചത്വരത്തിന് ചുറ്റുമുള്ളത്. ഏകദേശം അരമണിക്കൂറോളം അവിടെയൊക്കെ ചുറ്റിക്കറങ്ങി. വലിയ തിരക്കുണ്ടാവാഞ്ഞത് രാവിലെ തന്നെയായത് കൊണ്ടാകാം എന്ന് ഞങ്ങൾ ഊഹിച്ചു. തൊട്ടപ്പുറത്തായി ബെൽജിയൻ ഫ്രഞ്ച് ഫ്രൈസ് വില്ക്കുന്ന കടക്ക് മുന്നിലായി ഒരാൾ കൂട്ടം കണ്ടു. ഇവിടത്തെ ചോക്കലേറ്റ് പോലെ തന്നെ പ്രസിദ്ധമായ ഒരിനമാണ് അതെന്ന് എവിടെയോ വായിച്ചതോർമ്മ വന്നു. എന്നാൽ പിന്നെ അത് കുറച്ച് വാങ്ങിയാലോ എന്നാലോചിച്ചെങ്കിലും അതിനേക്കാൾ വിലപിടിച്ചതാണ് സമയം എന്നോർത്ത് വീണ്ടും നടക്കാൻ തുടങ്ങി.
അങ്ങനെ നടന്ന് നടന്ന് അവിടെ നിന്നും ഏറെ അകലെയല്ലാതെ, സന്ദർശകബാഹുല്യമുള്ള ഒരിടമായ മന്നേക്കൻ പിസ്സിൽ എത്തി. ഇവിടം ഇത്രയേറെ സന്ദർശകരാൽ നിബിഡമായി തീർന്നതിന്റെ കാരണമെന്താകാം എന്ന് ആരും ആലോചിച്ചു പോകും വിധമായിരുന്നു അവിടത്തെ തിരക്ക്. ഈ ആളുകളെല്ലാം തന്നെ എവിടെന്ന് വന്ന് കൂടി ഇവിടെ എന്നാശ്ചര്യപ്പെട്ടു പോകും വിധമുള്ള ജനബാഹുല്യം! ഇത്ര നേരവും നഗരത്തിൽ തിരക്ക് എന്തെന്നറിയാതിരുന്നതിന്റെ കുറവ് ഇവിടെ വന്നപ്പോൾ തീർന്നു കിട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ. പ്രധാന തെരുവിലും അതിൽ വന്ന് ചേരുന്ന ചെറിയ തെരുവുകളിലും നിറഞ്ഞു കവിയുന്ന പുരുഷാരമായിരുന്നു അവിടെങ്ങും.

നഗരമദ്ധ്യത്തിലായി, നിലയ്ക്കാതെ മൂത്രമൊഴിച്ചു കൊണ്ടേയിരിക്കുന്ന ഒരു ആൺകുട്ടിയുടെ പ്രതിമയാണ് അവിടത്തെ പ്രധാന ആകർഷണം! സർറിയലിസത്തിനോടുള്ള ബെൽജിയൻ ആഭിമുഖ്യത്തിന്റെ കൃത്യമായ പ്രതിനിധാനം തന്നെയാണ് ഇതെന്ന് അതെ പറ്റിയുള്ള തുടരന്വേഷണങ്ങളിൽ നിന്നും വ്യക്തമാവുന്നുണ്ട്.
ഈ പ്രതിമയ്ക്ക് പ്രചോദനമായി വർത്തിച്ച കൊച്ചുകുട്ടിയെ ചുറ്റിപ്പറ്റി നിരവധി ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. വസ്തുതകളെന്തൊക്കെയായാലും ബെൽജിയംകാർക്കിടയിൽ കൂടുതൽ സ്വീകാര്യതയേറിയ കഥകളാണ് അവയൊക്കെയും.
സ്ഫോടകവസ്തുവിന്റെ ഫ്യൂസിൽ മൂത്രമൊഴിച്ച് ബ്രസ്സൽസിനെ അതിഭയങ്കരമായ ഒരു ദുരന്തത്തിൽ നിന്നും രക്ഷിച്ച ഒരു ആൺകുട്ടിയുടെ ഓർമ്മക്കായാണ് ഈ പ്രതിമയെന്ന് ഒരു കഥ പറയുന്നു.
മറ്റൊന്ന് ബാലരമയിലെ മായാവിക്കഥയോട് സാമ്യമുള്ളതാണ്. അതിൽ കുട്ടിയെ ഒരു മന്ത്രവാദത്തിന്റെ ഇരയായിട്ടാണ് ചിത്രീകരിക്കുന്നത്. മന്ത്രവാദിനിയുടെ വാതിലിൽ മൂത്രമൊഴിച്ചതിനുള്ള ശിക്ഷയായി അവർ ഈ കുട്ടിയുടെ മൂത്രം മരവിപ്പിച്ചു എന്നതാണ് ആ കഥ. എന്തായാലും മരവിപ്പിച്ചു എന്നത് അവിടെ നില്ക്കുമ്പോൾ നമുക്ക് വിശ്വസിക്കാനാകില്ല തന്നെ. നിരന്തരമായി മൂത്രം ഒഴിച്ചു കൊണ്ടിരിക്കുകയാണ് പയ്യൻ. ഈ വിചിത്രമായ ചിഹ്നമാണ് ബ്രസ്സൽസിനെ വേറിട്ടതാക്കുന്നത്. ഒരേ സമയം നർമ്മത്തിന്റെയും ചരിത്രത്തിന്റെയും ഓർമ്മപ്പെടുത്തലായി തന്നെ ഇതിനെ കാണാം. നഗരത്തിലെ ഒരു പ്രധാന ലാൻഡ് മാർക്കാണ് ഇവിടം.
സമയം അനുവദിക്കുകയാണെങ്കിൽ, സന്ദർശിക്കേണ്ട മറ്റ് രണ്ട് പ്രതിമകൾ യഥാക്രമം ഒരു പെൺകുട്ടി മൂത്രമൊഴിക്കുന്നതും ഒരു നായ തൂണിലേക്ക് മൂത്രമൊഴിക്കുന്നതുമായി ചിത്രീകരിക്കുന്ന സിന്നെകെ പിസ് ജീനെക്കെ പിസ് എന്നിവയാണ്. ഈ പ്രതിമകളെല്ലാം സന്ദർശിക്കൽ സൗജന്യവും നഗരമധ്യത്തിൽ പരസ്പരം നടക്കാവുന്ന ദൂരത്തിലുമാണ്.
ഇവിടങ്ങളിലെല്ലാം തന്നെ പ്രതിമകൾക്ക് മുന്നിലായി സെൽഫിയെടുക്കുന്ന വിനോദസഞ്ചാരികളുടെ തിക്കും തിരക്കും അനുഭവപ്പെട്ടിരുന്നു.
അതിരാവിലെ മുതൽ തുടങ്ങിയ യാത്രയായതിനാൽ ചെറിയ ക്ഷീണമനുഭവപ്പെടാൻ തുടങ്ങിയിട്ടുണ്ട് എന്നൊരു തോന്നൽ ഇല്ലാതില്ല. എങ്കിലും ഒരൊറ്റ ദിവസം മാത്രമുള്ള ഈ യാത്രയിൽ പരമാവധി സ്ഥലങ്ങൾ കണ്ടേ തീരു എന്ന നിർബ്ബന്ധ ബുദ്ധി ആ തോന്നലിനെ പിന്നാമ്പുറത്തേക്ക് തള്ളി മാറ്റുകയായിരുന്നു. എന്റെ ശാരീരിക ബുദ്ധിമുട്ടുകളെ ചൊല്ലിയായിരുന്നു മകനും മരുമകനും വിഷമം. എങ്കിലും ഞാനത് പ്രകടിപ്പിക്കാതെ അവരോടൊത്ത് നീങ്ങിക്കൊണ്ടിരുന്നു. ഇപ്പോൾ സമയം ഏതാണ്ട് ഉച്ചയോടടുക്കുന്നു. ഞങ്ങൾ യൂറോപ്യൻ പാർലമെന്ററിയം ലക്ഷ്യമാക്കിയാണ് നടത്തം. ചൂട് തീരെ അനുഭവപ്പെടാത്തതിനാൽ ലേശം സമാധാനമുണ്ട്.
പാർലമെന്റേറിയം, യൂറോപ്യൻ പാർലമെന്റ് മ്യൂസിയം, ഹൗസ് ഓഫ് യൂറോപ്യൻ ഹിസ്റ്ററി, പാർലമെന്റ് ഹെമിസൈക്കിൾ തുടങ്ങി നിരവധി യൂറോപ്യൻ സ്ഥാപനങ്ങൾ ബ്രസ്സൽസ് നഗരത്തിന്റെ വിവിധ ഇടങ്ങളിലായുണ്ട്. പ്രവേശനം സൗജന്യമാണെങ്കിലും ചില പ്രത്യേക സന്ദർഭങ്ങളിൽ മാത്രമാണ് അത് അനുവദനീയമായിട്ടുള്ളത്. സമയ ലഭ്യതയെ ആശ്രയിച്ച് നമ്മൾക്ക് അര മണിക്കൂറോ ഏറിയാൽ ഒരു മണിക്കൂറോ ഇവിടെ ചെലവഴിക്കാനായേക്കും. ഞങ്ങൾ എത്തിച്ചേർന്ന സമയം അനുകൂലമല്ലായിരുന്നതിനാൽ അകത്തേക്ക് കടക്കാനായില്ല.
നഗരത്തിന്റെ വിവിധയിടങ്ങളിലായി ഒട്ടനവധി പാർക്കുകളും പൂന്തോട്ടങ്ങളും കാണാൻ കഴിഞ്ഞു. മ്യൂസിയത്തിന് സമീപമായും നഗരമധ്യത്തിലായും. ഇവിടെയും ഞങ്ങൾ ദൂരെ നിന്നു കണ്ടു എന്നല്ലാതെ അതിൽ ചുറ്റി നടക്കാൻ തുനിഞ്ഞില്ല. ഓരോന്നിനും തനതായ ഐഡന്റിറ്റി ഉണ്ടെങ്കിലും യാത്രക്കിടയിൽ പുറമേ നിന്നുള്ള കാഴ്ചകൾക്കുള്ള അവസരമേ ഞങ്ങൾക്ക് ലഭ്യമാവുന്നുണ്ടായിരുന്നുള്ളു. എന്നാലും നഗരത്തിന്റെ മനോഹാരിതക്ക് മാറ്റ് വർദ്ധിപ്പിക്കും വിധം പാരിസ്ഥിതിക ഭംഗി നിലനിറുത്തി പോരുന്നതിൽ ഇവർ കാണിക്കുന്ന ശുഷ്കാന്തിയെ ഞങ്ങൾക്ക് കണ്ടില്ലെന്ന് നടിക്കാനായില്ല തന്നെ.
നടത്തം തുടരവേ, ബ്രസ്സൽസ് പാർക്കിന്റെ ഒരറ്റത്ത് എത്തിച്ചേർന്നു. ബെൽജിയൻ പാർലമെന്റായ പാലസ് ഓഫ് ദി നേഷനും റോയൽ പാലസിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ പാർക്ക് ഒരു ചെറു വിശ്രമത്തിനായുള്ള ഇടമായി ഞങ്ങൾ കണ്ടെത്തി. കൂടുതൽ ആളുകൾ പാർക്ക് ആസ്വദിക്കുന്നത് കാണാത്തതിൽ ഞാൻ ശരിക്കും ആശ്ചര്യപ്പെട്ടു.
ഗ്രാഫിറ്റി, കാർട്ടൂൺ കഥാപാത്രങ്ങൾ എന്നിവയ്ക്ക് ബ്രസ്സൽസ് വളരെ ജനപ്രിയമാണ്. നഗരത്തിലെ കെട്ടിടങ്ങളെ പൊതിഞ്ഞ് നില്ക്കുന്ന വിഖ്യാതങ്ങളായ കാർട്ടൂൺ കഥാപാത്രങ്ങളെ നോക്കി നില്ക്കെ എന്റെ ഓർമ്മകൾ കുറച്ചു പിന്നിലേക്കോടി. പണ്ട്, ശരിക്കും വായിച്ച് മനസ്സിലാക്കാൻ പറ്റാത്ത കാലത്തായിരുന്നെങ്കിലും മനോരമ പ്രസിദ്ധീകരണമായിരുന്ന The Week എന്ന വാരികയിൽ കണ്ടിരുന്ന Tintin എന്ന കാർട്ടൂൺ കഥാപാത്രത്തെ ചില തെരുവുകളിൽ കണ്ടെത്തിയപ്പോഴായിരുന്നു അത്. കെട്ടിടങ്ങളുടെ ശൂന്യമായ ചുവരുകൾ കോമിക് ചുവരുകളും കഥാപാത്രങ്ങളെ ചിത്രീകരിക്കുന്ന വലിയ ചുവർചിത്രങ്ങളുമാക്കി മാറ്റിയ കാഴ്ചകൾ മിക്കവാറും തെരുവുകളിലെല്ലാം ദൃശ്യമായിരുന്നു. നിരവധി കോമിക് സ്ട്രിപ്പ് ചുവർച്ചിത്രങ്ങൾ ബ്രസൽസിലെ ചുവരുകളെ അലങ്കരിക്കുന്നുണ്ട്. സമയവും താത്പര്യവുമുള്ളവർക്ക് പിന്തുടരാവുന്ന ഒരു കോമിക് ബുക്ക് റൂട്ട് തന്നെ ഉണ്ട്. അതാണ് ബെൽജിയൻ കോമിക് സ്ട്രിപ്പ് സെന്റർ.

നഗരം എപ്പോഴാണ് സ്ഥാപിതമായതെന്ന് കൃത്യമായി അറിയാൻ പ്രയാസമാണ്. പക്ഷേ നഗരത്തിന്റെ പേര് ഏഴാം നൂറ്റാണ്ടിൽ തന്നെ അറിയപ്പെട്ടു തുടങ്ങിയിട്ടുണ്ട് എന്നാണ് രേഖകൾ അവകാശപ്പെടുന്നത്. എന്നാൽ ഔദ്യോഗികമായി, ബ്രസ്സൽസ് സ്ഥാപിതമായത് പത്താം നൂറ്റാണ്ടിൽ ആണെന്നാണ് നിഗമനം . വളരെക്കാലമായി ഇത് ഒരു യൂറോപ്യൻ വാണിജ്യ കേന്ദ്രമായി നിലനിന്നിരുന്നു. അതിന്റെ തുറമുഖത്തിന്റെ പ്രസക്തി അത്രയേറെ വിപുലമായിരുന്നു. അക്കാലത്ത്, ദക്ഷിണ യൂറോപ്പിലെ ലാറ്റിൻ സംസ്കാരങ്ങളും വടക്കൻ യൂറോപ്പിലെ ജർമ്മനിക് സംസ്കാരങ്ങളും തമ്മിൽ ഇടകലർന്ന ഒരു സങ്കര ജീവിത ശൈലി ഇവിടെ രൂപം കൊണ്ടു.

ബെൽജിയത്തിന്റെ തലസ്ഥാനം മാത്രമല്ല ബ്രസ്സൽസ് എന്നതാണ് മറ്റേതൊരു രാജ്യ തലസ്ഥാനത്തിൽ നിന്നും ഈ നഗരത്തെ വ്യത്യസ്തമാക്കുന്നത്. ഇത് യൂറോപ്യൻ തലസ്ഥാനം എന്നു കൂടി അറിയപ്പെടുനുണ്ട്. യൂറോപ്യൻ പാർലമെന്റ്, നാറ്റോ ആസ്ഥാനം പോലുള്ള ധാരാളം യൂറോപ്യൻ സ്ഥാപനങ്ങൾ ബ്രസ്സൽസിലാണ്. ഇവിടത്തെ ബിയറിനെപ്പോലെ തന്നെ ആളുകളും നല്ലവരാണ് എന്നാണ് പൊതുവേയുള്ള അഭിപ്രായം. ഞങ്ങൾക്ക് രുചികരമായ വാഫിളുകളും ചോക്ലേറ്റുകളും നുണഞ്ഞു കൊണ്ട് ഓരോരോ സ്മാരകങ്ങളിലേക്കും മ്യൂസിയങ്ങളിലേക്കും ഇറങ്ങിച്ചെല്ലാനായത് തീർത്തും ഉല്ലാസഭരിതമായ ഒരു അനുഭവമായിരുന്നു .

ബ്രസ്സൽസിലെ ചോക്ലേറ്റ്ഷോപ്പുകളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. ലിയോണിഡാസ്, മേരിസ്, ഗോഡിവ, പ്ലാനറ്റ് എന്നിവ പോലെ ബ്രസ്സൽസിലെ ഏറ്റവും പ്രശസ്തമായ ബെൽജിയൻ ചോക്ലേറ്റ് ഷോപ്പുകൾ ഞങ്ങളെ മാടി വിളിച്ചു കൊണ്ടേയിരുന്നു. വളരെ കുറച്ച് സമയമുള്ളവരാകയാൽ ഗ്രാൻഡ് പ്ലേസിന് സമീപം ഒരു ചോക്ലേറ്റ് ഇടവഴിയിലൂടെ (മിഠായിത്തെരുവ്) മാത്രമേ ഞങ്ങൾ കറങ്ങി നടന്നുള്ളു. പാരീസിൽ നിന്ന് വ്യത്യസ്തമായി വിനോദസഞ്ചാര മേഖലകളിലെ ഷോപ്പ് ഉടമകൾ ഇംഗ്ലീഷ് സംസാരിക്കുന്നവരാണ് എന്നത് ആശ്വാസകരമായി തോന്നി.

ബെൽജിയൻ ചോക്ലേറ്റ് ലോകത്തിലെ ഏറ്റവും മികച്ചതായിട്ടാണ് കരുതപ്പെടുന്നത്. നഗരമധ്യത്തിൽ അടുക്കുക്കായുള്ള ചോക്ലേറ്റ് കടകൾ ശരിക്കും നാവിൽ വെള്ളമൂറിക്കും. ലോകത്തിലെ ഏറ്റവും മികച്ച ചോക്ലേറ്റിയറുകൾ നിർമ്മിച്ച വൈവിധ്യമാർന്ന മികച്ച ചോക്ലേറ്റ് ബ്രാൻഡുകൾ എല്ലാം തന്നെ ഇവിടെ ഉണ്ട്. വാങ്ങുന്നതിന് മുമ്പ് ഞങ്ങൾക്ക് സൗജന്യ സാമ്പിളുകൾ കുറെയേറെ കഴിച്ചു നോക്കാനുമായി. ദുബായിലായിരിക്കുമ്പോഴേ ഞാൻ ഗോഡിവ അഡിക്റ്റ് ആയിരുന്നു. അതിനാൽ തന്നെ ഇവിടെ ഞാൻ ഒരു കുട്ടിയെപ്പോലെ സന്തോഷവാനാവാൻ മറ്റ് കാരണങ്ങളൊന്നും വേണ്ടിയിരുന്നില്ല. ചോക്ലേറ്റുകൾ വാങ്ങുന്നതിലും സാമ്പിൾ എടുക്കുന്നതിലും ഉള്ള എന്റെ ആവേശത്തിന് അറുതിയുണ്ടായില്ലെന്ന് ചുരുക്കം.

ബെൽജിയൻ ഫ്രൈകൾ വ്യത്യസ്ത ഫ്ളേവറുകളിൽ കഴിക്കാനായതും മറക്കാനാവാത്ത ഒന്നാണ്. പ്രാദേശികമായി ഫ്രൈറ്റുകൾ എന്നറിയപ്പെടുന്ന ഇത് വളരെ ജനപ്രിയമായ ഒരു ലഘുഭക്ഷണമാണ്. ഫ്രൈകൾ പേപ്പർ കോണുകളിൽ നമ്മൾക്കിഷ്ടപ്പെട്ട സോസിൽ തന്നെ പൊതിഞ്ഞ് വാങ്ങാനാകും. കോൺ ഫ്രൈസിന് അഞ്ച് യൂറോയാണ് വിലയെന്നത് ശ്ശി കടുപ്പമായി തോന്നാതെയുമിരുന്നില്ല. എങ്കിലും രണ്ട് രുചി ഭേദങ്ങളിൽ കഴിച്ചു എന്നത് സത്യം.
എക്‌സ്‌പോ '58 എന്ന പേരിലറിയപ്പെടുന്ന ബ്രസൽസ് വേൾഡ് ഫെയറിന്റെ പ്രധാന പവലിയനും ഐക്കണുമായി നിർമ്മിക്കപ്പെട്ടതാണ് ആറ്റോമിയം . 1950 കളിലെ ശാസ്ത്ര പുരോഗതിയെ ഉൾക്കൊണ്ട് കൊണ്ട് ആറ്റങ്ങളെ ചിത്രീകരിക്കുന്ന ഒരു ഘടനയാണ് ഇതിനായി രൂപകല്പന ചെയ്യപ്പെട്ടത്.
ആറ്റോമിയം ബ്രസ്സൽസിലെ ഒരു ലാൻഡ്മാർക്ക് ആണ് . നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ഇത്. ഒരു മ്യൂസിയം, സാംസ്കാരിക കേന്ദ്രം എന്നിവ കൂടി ഉൾപ്പെടുന്നതാണിത്.
പ്രദർശന ഹാളുകളും മറ്റ് പൊതു ഇടങ്ങളും അടങ്ങുന്ന ആറ് സന്ദർശക ഗോളങ്ങളിലേക്ക് പ്രവേശിക്കുന്നത് അവയെ തമ്മിൽ ബന്ധിപ്പിക്കുന്ന എസ്കലേറ്ററുകളിലൂടെയാണ്.
ചുറ്റിനും വിശാലമായ പാർക്കിന്റെ പ്രതീതി ജനിപ്പിക്കും വിധം മനോഹരമായി അലങ്കരിച്ചിരിക്കുന്നു. അതോട് ചേർന്നിട്ടാണ് മിനി യൂറോപ്പിന്റെ അതിശയകരമായ കാഴ്ചകൾ .
ഒരൊറ്റ യാത്രയിൽ തന്നെ
ചരിത്രത്തിലുടനീളവും കാലികമായി നിലനില്ക്കുന്നതുമായ യൂറോപ്പിലെ ഏറ്റവും പ്രശസ്തമായ സൈറ്റുകൾ കണ്ടെത്താനാകുന്നുവെന്നത് ഒരു അസുലഭാവസരമായി എനിക്ക് തോന്നി. ഈഫൽ ടവറും തകർന്ന ബെർലിൻ മതിലും ബിഗ് ബെന്നിന്റെ സാന്ദ്രമായ മണിനാദവും ഒരേയിടത്ത് നിന്ന് കൊണ്ട് അനുഭവിക്കാൻ കഴിയുന്നുവെന്നത് തികച്ചും ആശ്ചര്യകരം തന്നെയായിരുന്നു. ഒരു ടൈം മെഷീന്റെ സഹായമില്ലാതെ തന്നെ എനിക്ക് മുന്നിൽ അത് ഒരു ദൃശ്യ വിരുന്നൊരുക്കുകയായിരുന്നു. ആറ്റോമിയത്തിന്റെ ചുറ്റിലുമുള്ള മിനി യൂറോപ്പിൽ ആയിരുന്നു ഞാനപ്പോൾ.ഞങ്ങൾ യാത്രയുടെ അന്ത്യഭാഗത്തേക്കടുക്കുകയായിരുന്നു. ബ്രസ്സൽസ് ശരിക്കും ഒരു ദിവസത്തിന്റെ കാഴ്ചകൾ മാത്രമേ ഉൾക്കൊള്ളുന്നുള്ളു എന്ന് തോന്നിച്ചിരുന്നെങ്കിലും അത് പോരാ എന്ന് തോന്നിപ്പിക്കും വിധമായിരുന്നു സായാഹ്ന കാഴ്ചകൾ ഞങ്ങൾക്ക് മുന്നിലേക്കിട്ടു തന്ന വിസ്മയങ്ങൾ.

മിനി യൂറോപ്പ് അത്യസാധാരണമായ ഒരു പാർക്കാണ്. അത് യൂറോപ്പിലുടനീളം യാത്ര ചെയ്യാൻ നമ്മളെ കൊതിപ്പിക്കും വിധമാണ് വിഭാവന ചെയ്തിരിക്കുന്നത്. കുറച്ച് സമയത്തിനുള്ളിൽ കുറെയേറെ ഭാഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് അവിടെ . ഏറ്റവും മനോഹരങ്ങളായ യൂറോപ്യൻ സ്ഥലങ്ങളുടെയും സ്മാരകങ്ങളുടെയും നിരവധി മോഡലുകൾ അവിടെ സർഗ്ഗാത്മകമായി ക്രമീകരിച്ചിട്ടുണ്ട്.
സൂക്ഷ്മമായി രൂപകൽപ്പന ചെയ്‌ത ഓരോ മിനിയേച്ചർ മോഡലും യഥാർത്ഥ വലുപ്പത്തിന്റെ നാലു ശതമാനം സ്കെയിലിലാണ് നിർമ്മിച്ചിരിക്കുന്നത്. ഓരോ സ്മാരകവും, വീടും, ബോട്ടും, ട്രെയിനും, ഓരോ ചെറിയ കഥാപാത്രങ്ങളും അത്ര തന്നെ ചെറിയ അളവിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

ഓരോ വാസ്തുവിദ്യാ മോഡലും സൃഷ്ടിക്കാൻ അവിശ്വസനീയമാം വിധം ഗവേഷണവും സമയവും എടുത്തിട്ടുണ്ടാകും എന്ന് ഈ കാഴ്ചകൾ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. ചില മിനിയേച്ചർ സീനുകളിൽ യഥാർത്ഥ കെട്ടിടങ്ങളുടെ ഏറ്റവും ചെറിയ വിശദാംശങ്ങൾ വരെ ഉൾപ്പെടുന്നുണ്ട്. അതിന്റെ ഏറ്റവും മികച്ച രണ്ട് ഉദാഹരണങ്ങളായി തോന്നിയത് പാരീസിലെ ആർക്ക് ഡി ട്രയോംഫിന്റെ മിനി പതിപ്പും ബ്രസൽസിലെ തന്നെ ഗ്രാൻഡ് പ്ലേസിന്റെ പകർപ്പുമാണ്.
യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ പേരുകളും യുദ്ധക്കളങ്ങളും പാരീസിലെ ഐക്കണിക് സ്മാരകത്തിൽ ആലേഖനം ചെയ്തിരിക്കുന്നത് പോലെ തന്നെ ആർക്ക് ഡി ട്രയോംഫ് മിനി മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബ്രസ്സൽസ് ഗ്രാൻഡ് പ്ലേസ് ഡിസ്‌പ്ലേയിൽ യഥാർത്ഥ സ്‌ക്വയറിൽ കാണപ്പെടുന്ന സങ്കീർണ്ണമായ മുൻഭാഗങ്ങളുടെ ഓരോ ചെറിയ പകർപ്പുകളും സൂക്ഷ്മതയോടെയാണ് ചേർത്തിരിക്കുന്നത്. അളവ്, കൃത്യത, വൈചിത്ര്യം എന്നിവ യഥാർത്ഥത്തിൽ ഗ്രാന്റ് പ്ളേസ് സന്ദർശിക്കുന്നതിന്റെ വികാരം പുനഃസൃഷ്ടിക്കും വിധം തന്നെയാണ്.
പാർക്ക് യാഥാർത്ഥ്യവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മോഡലുകൾക്ക് ചുറ്റും വിവിധ ഗ്രൗണ്ട് കവറുകളും മിനിയേച്ചർ മരങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ബോൺസായ് മരങ്ങൾ, ജലധാരകൾ, അരുവികൾ എന്നിവ യഥാർത്ഥ സൈറ്റുകളിൽ എങ്ങനെയോ അത് പോലെ തന്നെയാണ് ഇവിടെയും പ്രദർശിപ്പിച്ചിരിക്കുന്നത്.
പാർക്കിലുടനീളം, സംവേദനാത്മക പുഷ്ബട്ടൺ സ്റ്റേഷനുകളുണ്ട്. ഒരു ബട്ടൺ അമർത്തി ഒരു രംഗം ജീവസുറ്റതാക്കുന്നത് രസകരമായിരുന്നു! ബർലിൻ മതിൽ വീഴ്ത്താനും സ്പാനിഷ് കാളപ്പോരിനെ സജീവാക്കാനും അത് വഴി കഴിഞ്ഞുവെന്നത് അത്ഭുതമായി.
മിനി യൂറോപ്പ് സന്ദർശനം അവിസ്മരണീയമായ അനുഭവമായിരുന്നു. അത് ഭാവി യാത്രാ ആസൂത്രണത്തിനുള്ള പ്രചോദനവും തന്നെ ആയിട്ടാണ് തോന്നിയത് .
ബ്രസ്സൽസിന്റെ രക്ഷകരായ വിശുദ്ധരുടെ പേരിലുള്ള സെന്റ് മൈക്കിൾ, സെന്റ് ഗുഡുല കത്തീഡ്രലിലേക്കാണ് ഞങ്ങളുടെ അടുത്ത നീക്കം. മനോഹരമായ സ്റ്റെയിൻഡ് ഗ്ലാസ് ജാലകങ്ങളും കമാനങ്ങളുള്ള മേൽത്തട്ട് ഉള്ള ഈ കത്തീഡ്രൽ ബ്രസ്സൽസിലെ ഞങ്ങളുടെ ഒറ്റ ദിവസത്തെ യാത്രയിലെ അവസാന ഇടമായിരുന്നു.

ബ്രസ്സൽസിലെ ഏറ്റവും മനോഹരമായ പള്ളി, ഈ ഗോഥിക് മാസ്റ്റർപീസ് പതിമൂന്നാം നൂറ്റാണ്ടിൽ ആരംഭിച്ച് മുന്നൂറ് വർഷമെടുത്തു പൂർത്തിയാക്കാൻ. ഇത് യൂറോപ്പിലെ ഏറ്റവും വലിയ കത്തീഡ്രലുകളിൽ ഒന്നല്ലെങ്കിലും, നഗരമധ്യത്തിലെ ആധുനിക ഓഫീസ് കെട്ടിടങ്ങളുടെ ഒരു കടലിന് നടുവിൽ ഉയർന്നു നില്ക്കുന്ന അതിമനോഹരമായ ഗോപുരങ്ങളിൽ ഒന്നാണ്.

പതിനേഴാം നൂറ്റാണ്ടിലെ ബ്രബാന്റൈൻ പ്രതിമകൾ, അതിമനോഹരമായ ബറോക്ക് പ്രസംഗപീഠം എന്നിവ കത്തീഡ്രലിന്റെ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. സ്വർണ്ണം, വെള്ളി, വിലയേറിയ കല്ല് എന്നിവയുടെ മതപരമായ പുരാവസ്തുക്കളുടെ മനോഹരമായ പ്രദർശനവും ട്രഷറിയിൽ ഉണ്ട്.
നിരവധി രാജകീയ വിവാഹങ്ങൾ നടുന്ന സ്ഥലമെന്ന നിലയിൽ ചരിത്ര പ്രാധാന്യവും സൗന്ദര്യവും ഉണ്ടായിരുന്നിട്ടും, എന്തോ കത്തീഡ്രലിൽ സായാഹ്നമായിരുന്നിട്ടു പോലും സന്ദർശകർ ഏറെയുണ്ടായില്ലെന്നത് ആശ്ചര്യകരമായി തോന്നി.
ഒരു മുഴുവൻ പകലിന്റെ അലച്ചിൽ ശരീരത്തെയെമ്പാടും തളർത്തിയിരുന്നെങ്കിലും മനസ്സ് തീർത്തും ഉല്ലാസഭരിതമായിരുന്നു. ബ്രൂഗ്‌സിലേക്കുള്ള യാത്രക്കിറങ്ങുമ്പോൾ ഇനിയും ഇത് വഴി വരാമല്ലോ എന്ന ചിന്തയിൽ ഞങ്ങൾ നഗരത്തിനോട് വിട പറയുകയാണ്. പത്ത് മണിയോടെ വീടണയാമെന്ന പ്രതീക്ഷയോടെ.