20 July 2022 · 5 min read · സിനിമ
സിനിമ/ ഓളവും തീരവും -1969.
"അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ അറിയുന്ന നിളാ നദിയാണെനിക്കിഷ്ടം" എന്ന് എഴുതിയ വിഖ്യാത കഥാകാരന്റെ നവതി ആഘോഷങ്ങളാണ് മലയാള സാഹിത്യ, സാംസ്കാരിക ലോകത്തെങ്ങും ഒരാഴ്ചയായി കൊണ്ടാടപ്പെടുന്നത്. എം. ടി സിനിമാലോകത്തേക്ക് പ്രവേശിക്കുന്നതിന് നാന്ദി കുറിച്ചതെന്ന് കരുതപ്പെടുന്നത് തിരക്കഥാ രചനയിലൂടെ അദ്ദേഹം തുടക്കമിട്ട ഓളവും തീരവും എന്ന ചിത്രത്തിലൂടെയാണ്. അരനൂറ്റാണ്ടിനിപ്പുറം ആ കഥ വീണ്ടും ചലച്ചിത്രമാക്കപ്പെടുകയാണ്. ഒരു മണിക്കൂർ മാത്രം ദൈർഘ്യത്തിൽ ബ്ലാക്ക് & വൈറ്റിൽ പുന:സൃഷ്ടിക്കപ്പെടുന്ന ചിത്രം അഭിനയം/ സാങ്കേതിക മികവ് എന്നിവ കൊണ്ട് പഴയ ചിത്രത്തെ മറി കടന്നേക്കാം. എങ്കിലും അമ്പതാണ്ടുകൾക്ക് മുമ്പുണ്ടായ ആ ചിത്രത്തിന്റെ പ്രസക്തി ഇന്നും നിലനില്ക്കുന്നു എന്നതാണ് വാസ്തവം.

1957 ൽ പ്രസിദ്ധീകരിച്ച എം.ടി.യുടെ ചെറുകഥാ സമാഹാരത്തിലെ ഒരു കഥയായിരുന്നു " ഓളവും തീരവും ". ആ കഥയെ അടിസ്ഥാനമാക്കി എം ടി തന്നെ തിരക്കഥയെഴുതുകയും പി. എൻ മേനോൻ സംവിധാനം നിർവ്വഹിക്കുകയും ചെയ്ത അതേ പേരിലുള്ള ചിത്രം, 1969 ൽ മലയാള സിനിമാ രംഗത്ത് മാറ്റത്തിന്റെ ചുവടുകൾക്ക് തുടക്കം കുറിക്കുകയായിരുന്നു.
മലയാളത്തിലെ കച്ചവട സിനിമകളുടെ തീരങ്ങളിൽ ശക്തമായി വന്നടിച്ച് പുതിയ തീരങ്ങൾ തീർക്കാൻ മാത്രം പ്രാപ്തമായിരുന്ന ഒരു തിര തള്ളലായിരുന്നു അത്. 70 കളിൽ തന്നെ പുത്തൻ സിനിമയുടെ അപ്പോസ്തലന്മാരായി തീർന്നവരിൽ പ്രമുഖനായിരുന്ന പി.എ.ബക്കറായിരുന്നു ചാരുചിത്ര എന്ന ബാനറിൽ ഈ ചിത്രം നിർമ്മിച്ചത്.

പി എൻ മേനോൻ തന്റെ ചലച്ചിത്ര ജീവിതം തുടങ്ങുന്നത് 1965 ൽ സംവിധാനം ചെയ്ത റോസി എന്ന ചിത്രത്തിലൂടെയാണ്. സിനിമയുടെ സമഗ്രവശങ്ങളും സ്വായത്തമാക്കിയ അദ്ദേഹം നാല് വർഷങ്ങൾക്ക് ശേഷമാണ് ഓളവും തീരവും എന്ന ചിത്രത്തിലേക്ക് എത്തിപ്പെടുന്നത്. എഴുപതുകളിൽ നവസിനിമാ രംഗത്ത് തിരക്കുള്ള സംവിധായകനായി തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിഞ്ഞ സർഗ്ഗാത്മക വ്യക്തിത്വമായിരുന്നു മേനോന്റേത്.
ചായം, ചെമ്പരത്തി, ഗായത്രി , മഴക്കാറ്, ദർശനം തുടങ്ങിയ വ്യത്യസ്തതയാർന്ന ചിത്രങ്ങൾ ഒന്ന് രണ്ട് വർഷങ്ങൾക്കുള്ളിൽ തന്നെ അവതരിപ്പിക്കുകയും അവയിൽ ചിലതെല്ലാം സംസ്ഥാന തലത്തിലും ദേശീയ തലത്തിലും അവാർഡുകൾ നേടിയെടുക്കുകയും ചെയ്തവയാണ്. റോസി എന്ന ചിത്രത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തെ പറ്റിയാണ് ഇവിടെ പറയാൻ പോകുന്നത്.
70കൾക്ക് ഊർജ്ജം പകർന്ന് കൊണ്ട് പി.എൻ മേനോൻ വെട്ടിത്തുറന്ന വഴിയിലൂടെയാണ് നിർമ്മാല്യവും സ്വയംവരവും ഉത്തരായണവും എല്ലാം കടന്ന് വന്നത്. അത് വരെ കണ്ടു ശീലിച്ച സിനിമകളിൽ നിന്നും വ്യത്യസ്തമായി ആഖ്യാനത്തിലും സമീപനത്തിലും പുത്തൻ ഭാവുകത്വങ്ങൾ കൊണ്ട് വന്ന സിനിമകൾ പെട്ടെന്നങ്ങു സ്വീകാര്യമായില്ലെങ്കിലും അവ തങ്ങളുടെ അസ്തിത്വത്തിന്റെ പാടുകൾ മലയാളിയുടെ മനസ്സിൽ കുറിച്ചിട്ടു .
മേനോന്റെ സിനിമകളോരോന്നും അവയെ പിൻതുടർന്ന് വന്ന അടൂരിനും അരവിന്ദനും കെ.പി. കുമാരനും ബക്കറിനും എന്ന് വേണ്ട ആ ശൃംഖലയിലെ പുത്തൻ കൂറ്റുകാർക്ക് ഓരോരുത്തർക്കും നല്കിയ പ്രചോദനം അളവറ്റതായിരുന്നു.
മലയാള സിനിമയെ പുത്തൻ നിർവചനത്താൽ മാറ്റി മറിച്ച ആർട്ട് ഫിലിമുകൾ റിയലിസത്തിലേക്കുള്ള വഴിത്തിരിവായും മലയാള സിനിമയുടെ ചരിത്രത്തിലെ നീരൊഴുക്ക് ആയും വ്യാഖ്യാനിക്കപ്പെട്ട ഒരു കാലമായിരുന്നു തുടർന്നുണ്ടായത്. ബംഗാളിൽ നിന്നും അത്തരം സിനിമകളുടെ തേരൊലികൾ അതിന് മുമ്പേ തുടങ്ങിയിരുന്നെങ്കിലും അവയെ അപേക്ഷിച്ച് താരതമ്യേന വാണിജ്യ വിജയം കൂടി നേടുന്ന ആർട്ട് ഫിലിമുകളുടെ ഒരു പരമ്പര തന്നെ സൃഷ്ടിക്കപ്പെട്ടത് മലയാളത്തിലായിരുന്നു.
സിനിമയിൽ പുതുതായി കടന്നെത്തിയ റിയലിസം ഉൾക്കൊള്ളാൻ മലയാളി ആദ്യമൊന്ന് ശങ്കിച്ചു നിന്നെങ്കിലും അധികം വൈകാതെ അതിനെ നെഞ്ചേറ്റുന്നതിൽ മറ്റ് ഭാഷാ ചിത്രങ്ങളെ/ പ്രേക്ഷകരെ അത് പിന്നിലാക്കി. റിയലിസത്തിന്റെ ഈ ഭാഷ്യം പിന്നീട് വന്ന നവ സംവിധായകരുടെ ഒരു മുഴുവൻ തലമുറയുടെയും നിർണ്ണായക സൂത്രവാക്യമായി മാറി.
പുതുതരംഗ ഇന്ത്യൻ സിനിമാ സൗന്ദര്യശാസ്ത്രം മലയാളത്തിലേക്ക് അവതരിപ്പിച്ച ആദ്യ ചിത്രം തന്നെയാണ് ഓളവും തീരവും. മലയാള സിനിമയെ സ്റ്റുഡിയോയിൽ നിന്നും ഔട്ട് ഡോറിലേക്ക് പറിച്ചു നടുക വഴി കൺവെൻഷനൽ ചിത്രീകരണ രീതികളെ തകർക്കുക കൂടിയായിരുന്നു ഈ ചിത്രം. മങ്കട രവിവർമ്മയുടെ മികച്ച ഛായാഗ്രഹണമായിരുന്നു ഈ ചിത്രത്തിന്റെ ഏറ്റവും നല്ല സാങ്കേതിക തികവ്. ആ വർഷത്തെ ഏറ്റവും നല്ല ഛായാഗ്രഹണത്തിനുള്ള കേരള സംസ്ഥാന അവാർഡും അദ്ദേഹത്തിനായിരുന്നു. സ്റ്റുഡിയോകളെ ആശ്രയിക്കാതെ ഔട്ട്‌ഡോർ ലൊക്കേഷനുകളിലാണ് ചിത്രം പൂർണ്ണമായും ചിത്രീകരിച്ചത്. എസ്. കൊന്നനാട്ടിന്റെ കലാസംവിധാനവും രവിയുടെ എഡിറ്റിംഗും ചിത്രത്തിന് മിഴിവേറ്റും വിധം വേറിട്ടു നിന്നു.
നിലമ്പൂരിന്റെ പ്രാദേശിക ഉച്ചാരണങ്ങൾ ഉളവാക്കുന്ന ക്ലാസിക് സ്ക്രിപ്റ്റും അസാധാരണമായ സംഭാഷണ ശൈലിയും എം.ടിയിലൂടെ ചിത്രത്തിൽ നിറഞ്ഞുനിന്നപ്പോൾ ഓളവും തീരവും മികച്ച ഫീച്ചർ ചിത്രമായും എം.ടി മികച്ച തിരക്കഥാകൃത്തായും തിരഞ്ഞെടുക്കപ്പെട്ടു.
സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ലൈംഗികത്തൊഴിലാളിയാകേണ്ടി വന്ന ഒരു സ്ത്രീയുടെ മകളുമായുള്ള ഒരു തോണിക്കാരന്റെ പ്രണയത്തെ കേന്ദ്രീകരിച്ചുള്ള എംടിയുടെ സ്ക്രിപ്റ്റ് അടിസ്ഥാനമാക്കിയാണ് പി.എൻ. മേനോൻ ഈ ക്ലാസിക് ചിത്രം നിർമ്മിച്ചത്. അത് വഴി മലയാളത്തിൽ സിനിമകൾ നിർമ്മിക്കുമ്പോൾ അവലംബിക്കുന്ന യാഥാർത്ഥ്യത്തിന്റെ ട്രെൻഡ്‌സെറ്ററായി ഈ ചിത്രം മാറുകയാണുണ്ടായത്. മലയാള സിനിമയിലെ ഒരു നാഴികക്കല്ലായി ഇത് കണക്കാക്കപ്പെടുന്നു.

കാട്ടിൽ നിന്നും തടി വെട്ടി പുഴയിലൂടെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ഒരു തൊഴിലാളിയാണ് ബാപ്പുട്ടി. ഉറ്റവരും ഉടയവരുമില്ലാത്ത ഒരാൾ (മധു). അയാളുടെ സഹപ്രവർത്തകനായ അബ്ദു (നെല്ലിക്കോട് ഭാസ്‌കരൻ). ഇവരിൽ നിന്നാണ് കഥ തുടങ്ങുന്നത്. പിതാവിന്റെ മരണശേഷം ഉമ്മ ബീവാത്തുവിന്റെ (ഫിലോമിന) അതിരുവിട്ട ജീവിതത്തെ അംഗീകരിക്കാനാവാതെ അബ്ദു ഗ്രാമത്തിൽ നിന്ന് ഓടിപ്പോയി കാട്ടിൽ തടി വെട്ടുന്ന ജോലിയിൽ വ്യാപൃതനായി ജീവിച്ചു പോരുന്നു.
കാലമേറെ ചെന്നിട്ടും അബ്ദു വീട്ടിലേക്ക് മടങ്ങുന്നില്ല. ഒരിക്കൽ കാട്ടിൽ നിന്ന് തടികൾ കയറ്റിയ ശേഷം ട്രേഡിംഗ് സെന്ററിലേക്കുള്ള യാത്രാമധ്യേ അബ്ദു രോഗബാധിതനായി വഴിയിൽ വച്ച് മരിക്കുന്നു. അബ്ദുവിന്റെ മൃതദേഹവുമായി ബാപ്പുട്ടി ബീവാത്തുവിന്റെ കുടിലിൽ എത്തുന്നു. അവരുടെ നിസ്സഹായാവസ്ഥ തൊട്ടറിഞ്ഞ ബാപ്പുട്ടി ആ കുടുംബത്തോട് സഹതപിക്കുകയും അവരെ സഹായിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു.

തുടർന്ന് ബാപ്പുട്ടി അബ്ദുവിന്റെ ഏക സഹോദരി നബീസയുമായി (ഉഷ നന്ദിനി) പ്രണയത്തിലാകുന്നു. അവൾ ഉമ്മയുടെ ജീവിതരീതിയെ വെറുക്കുന്നവളാണെങ്കിലും,പക്ഷേ നിസ്സഹായയാണ്. ആവശ്യത്തിന് പണം സമ്പാദിക്കാനും നബീസയെ വിവാഹം കഴിക്കാനും സന്തോഷത്തോടെ ജീവിക്കാനും ബാപ്പുട്ടി തീരുമാനമെടുക്കുന്നു. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ അയാൾ ഗ്രാമം വിട്ട് ദൂരെയുള്ള മരം ഡിപ്പോകളിലേക്ക് തന്നെ വീണ്ടും പോകുന്നു.

ഏറെക്കാലമായി നാട്ടിൽ ഇല്ലാതിരുന്ന കുഞ്ഞാലിയെന്ന ഒരു ധനികൻ (ജോസ് പ്രകാശ്) നാട്ടിൽ തിരിച്ചെത്തുന്നതോടെ കഥ പുതിയൊരു തലത്തിലേക്ക് വികാസം പ്രാപിക്കുകയാണ്. അയാൾ നബീസയെ സ്വന്തമാക്കാനുള്ള വഴികൾ തേടാൻ തുടങ്ങുന്നു. പണം സമ്പാദിക്കാനുള്ള ദുരയുമായി നടക്കുന്ന ബീവാത്തു മകളെ പ്രലോഭിപ്പിച്ച് കുഞ്ഞാലിയോടടുപ്പിക്കാൻ ശ്രമിക്കുന്നെങ്കിലും അവൾ വഴങ്ങുന്നില്ല.
കുഞ്ഞാലിയുടെ നിരന്തര സന്ദർശനം ബീവാത്തുവിന്റെ ബാപ്പുട്ടിയോടുള്ള മനോഭാവത്തിൽ മാറ്റങ്ങൾ വരുത്തുന്നു. ബാപ്പുട്ടി തിരികെയെത്തി തന്നെ രക്ഷിക്കും എന്ന പ്രതീക്ഷയിലാണപ്പോഴും നബീസ . പക്ഷെ, അവളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് കൊണ്ട് കുഞ്ഞാലി നബീസയെ പീഢിപ്പിക്കാൻ ഒരവസരം ഒരുക്കിയെടുക്കുന്നു.
ബാപ്പുട്ടി ഗ്രാമത്തിൽ തിരികെയെത്തി വിവരങ്ങൾ എല്ലാമറിയുന്നെങ്കിലും നബീസയെ വിവാഹം കഴിക്കാൻ തന്നെ തീരുമാനമെടുക്കുന്നു. അത് അയാൾ അവളെ അറിയിക്കുന്നുവെങ്കിലും
അവൾ വിസമ്മതിക്കുകയും തന്നെ വിട്ടുപോകാൻ അയാളോട് അപേക്ഷിക്കുകയും ചെയ്യുന്നു. കടുത്ത മാനസിക സമ്മർദ്ദത്തിലകപ്പെട്ട അവൾ ആത്മഹത്യ ചെയ്യുന്നതോടെ ബാപ്പുട്ടി വീണ്ടും ആരോരുമില്ലാത്തവനായി ഗ്രാമം വിട്ടു പോകുന്നു. വീർത്തു പൊന്തിയ നബീസയുടെ മൃതദേഹം കരയിൽ അടിഞ്ഞത് നോക്കി നില്ക്കുന്ന ബാപ്പുട്ടിയുടെ ദൃശ്യത്തോടെ സിനിമ അവസാനിക്കുന്നു.
മധുവും ഫിലോമിനയും തങ്ങളുടെ വേഷങ്ങൾ ഏറെ മികവുറ്റതാക്കി. പില്ക്കാലത്ത് ഫിലോമിനയുടേതായി തിളക്കമുള്ള ഏറെ കഥാപാത്രങ്ങൾ കാണാൻ നമുക്കവസരം ലഭിച്ചിട്ടുണ്ടെങ്കിലും അവരുടെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്ന് തന്നെയാണ് ബിവാത്തു . ആ വർഷത്തെ രണ്ടാമത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടാനിടയാക്കിയ കഥാപാത്രമായിരുന്നു അത്.
തനി ഏറനാടൻ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളോടൊപ്പം ചലനാത്മകത നിറഞ്ഞ മറ്റൊരു കഥാപാത്രമായി ഭാരതപ്പുഴയും അതിലെ ഓളങ്ങളും ചിത്രത്തെ സജീവമാക്കുന്നു. പി.ഭാസ്കരൻ ബാബുരാജ് ടീമിന്റെ ഗാനങ്ങളോടൊപ്പം മലബാറിന്റെ പ്രിയ കവി മോയിൻ കുട്ടി വൈദ്യരുടെ പ്രശസ്തമായ രണ്ട് ഗാനങ്ങളും സന്ദർഭത്തിനിണങ്ങും വിധം ചിത്രത്തിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്.
19/07/2022.
