29 July 2022 · 14 min read · സാഹിത്യം
കസാൻദ്സാക്കിസ്/ ഗ്രീക്ക് പാഷൻ .

“ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. ഒന്നും ഭയക്കുന്നുമില്ല. ഞാൻ സ്വതന്ത്രനാണ് ".
( നിക്കോസ് കസാൻദ്സാക്കിസ് )
1980 കളുടെ മദ്ധ്യത്തിലാണ് കേരളത്തിന്റെ സാംസ്കാരിക മണ്ഡലങ്ങളിൽ കസാൻദ് സാക്കിസ് എന്ന പേര് ഉയർന്നു കേൾക്കാൻ തുടങ്ങിയത്. ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റ് എന്ന അദ്ദേഹത്തിന്റെ കൃതിയെ അവലംബിച്ച് പി.എ. ആന്റണി എന്ന നാടകകൃത്ത് "ക്രിസ്തുവിന്റെ ആറാം തിരുമുറിവ്" എന്ന നാടകം രംഗത്തവതരിപ്പിച്ചത് കേരളീയ സമൂഹത്തെ മൊത്തത്തിൽ ഇളക്കി മറിച്ച കാലമായിരുന്നു അത്. ആദ്യം സഭാ നേതൃത്വങ്ങൾ നാടകത്തിനെതിരെ രംഗത്ത് വരികയും തുടർന്ന് ഒരു സമുദായം മുഴുക്കെ തെരുവിലിറങ്ങുകയും തുടർ പ്രക്ഷോഭങ്ങളുടെ നാളുകൾ സൃഷ്ടിക്കുകയും ചെയ്തു. ഒരു മുന്നണി ഗവണ്മെണ്ട് സാമുദായിക താത്പര്യം മുൻനിറുത്തി നാടകം നിരോധിച്ചപ്പോൾ മറ്റേ മുന്നണി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ നിരോധനത്തെ എതിർത്ത് തെരുവിലിറങ്ങി. തെരഞ്ഞെടുപ്പിനോടടുത്ത നാളുകളായതിനാൽ രണ്ടാമത് പറഞ്ഞ മുന്നണിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കിയ പല ഘടകങ്ങളിൽ ഇതും പ്രധാനപ്പെട്ട വിഷയമായി. പക്ഷേ, ആ മുന്നണി പിറ്റേ വർഷം അധികാരത്തിലേറിയപ്പോൾ മുമ്പ് പറഞ്ഞ ആവിഷ്കാര സ്വാതന്ത്ര്യം അവർ കാറ്റിൽ പറത്തുകയും നാടകം എന്നെന്നേക്കുമായി നിരോധിക്കുകയും ചെയ്തു.
1986 - 1987 കാലയളവിലാണ് മേൽ സംഭവങ്ങൾ അരങ്ങേറുന്നതെങ്കിലും അതിന് മുമ്പേ, കസാൻദ് സാക്കിസ് ചുരുങ്ങിയ രീതിയിലെങ്കിലും വായനക്കാർക്കിടയിൽ പരിചിതനായിരുന്നു കേരളത്തിൽ . അടിയന്തിരാവസ്ഥക്ക് ശേഷം ജയിൽ മോചിതനായി തിരിച്ചെത്തിയ ടി. എൻ . ജോയി കൊടുങ്ങല്ലൂരിൽ തുടങ്ങിയ സാംസ്കാരിക കേന്ദ്രമായ "സൂര്യകാന്തി" യിലൂടെയാണ് കസാൻദ്സാകിസ് എന്ന എഴുത്തുകാരനെ ആദ്യമായി പരിചയപ്പെടാനിടയാകുന്നത്. 1980 കളുടെ തുടക്കത്തിലാണ് സൂര്യകാന്തിയുമായി അടുക്കുന്നതെങ്കിലും ഇംഗ്ലീഷ് ക്ലാസ്സിക്കുകളുമായി അധികം പരിചയമായി തുടങ്ങിയിട്ടില്ലാത്ത കാലം. മുഹമ്മദാലി (രാഷ്ട്രീയ, സാമൂഹ്യ, ആത്മീയ പരിസരങ്ങളിൽ ഒരു പക്ഷേ കസാൻദ്സാക്കീസിനേക്കാൾ അശാന്തമായ മനസ്സുമായി കാലത്തിനു മുമ്പേ നടന്നയാൾ. ഒടുവിൽ ജല സമാധി വരിച്ച് ഐഹിക ജീവിതത്തിന്റെ തിരകളാക്കെയും ആത്മശാന്തിയുടെ ചുഴികളിലൊളിപ്പിച്ച് കടന്ന് കളഞ്ഞവൻ) യുമായുള്ള നിരന്തര സമ്പർക്കത്തിലൂടെ സൂര്യകാന്തിയുമായി ബന്ധപ്പെടാനും അത് വഴി പുസ്തകങ്ങളെ നേരിടാനുള്ള ആർജ്ജവവും നേടിയെടുത്തു. ശരിക്കും അതൊരു നേരിടൽ തന്നെയായിരുന്നു. വായിക്കണം എന്ന അദമ്യമായ ആഗ്രഹം ബോധമണ്ഡലത്തിൽ നിറഞ്ഞു നില്ക്കുന്നുണ്ട് എന്നതൊഴികെ അതിനുള്ള ഒരു ഊർജ്ജം സ്വയം നേടിയെടുക്കാൻ പാകത്തിൽ വളർന്നോ എന്ന ഒരു അപകർഷത ആഗ്രഹത്തെക്കാൾ മുന്നിട്ടു നിന്നിരുന്നു അന്നൊക്കെയും . അത് തിരിച്ചറിഞ്ഞ് വേണ്ട പ്രോൽസാഹനം തന്നത് മുഹമ്മദാലിയും ജോയിയും എന്ന എന്നും ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ച വ്യക്തികൾ തന്നെയായിരുന്നു.
പിന്നീട്, വർഷങ്ങൾക്ക് ശേഷം പുതിയ നൂററാണ്ടിന്റെ തുടക്കത്തിൽ ഏറെ പ്രിയങ്കരനായ സ്നേഹിതൻ ഡോക്റ്റർ സുരേഷ് ബാബു തന്റെ പി.എച്ച്. ഡി തിസ്സീസ്സായി സമർപ്പിച്ച "കസാൻദ് സാക്കിസിന്റെ നോവലുകളിലെ ആത്മീയ സംഘർഷങ്ങളും വിമോചന രാഷ്ട്രീയവും " എന്ന പ്രബന്ധം വായിച്ചപ്പോഴും കസാൻദ് സാക്കിസിലൂടെ ഒരു തിരിഞ്ഞു നടത്തം ആവശ്യമെന്ന് തോന്നിയിരുന്നു.
വ്യത്യസ്ത കാലയളവുകളിലായി ഒമ്പത് തവണ നോബൽ പ്രൈസിനായി നോമിനേറ്റ് ചെയ്യപ്പെടുകയും ഒരിക്കൽ പോലും അതിനർഹനാകാതെ പോവുകയും, എന്നാൽ എത്ര വലിയ പുരസ്കാരങ്ങൾക്കുമപ്പുറത്താണ് വായനക്കാർ നെഞ്ചേറ്റിയ തന്റെ ഓരോ കൃതികളുമെന്ന് അടയാളപ്പെടുത്തി കടന്ന് പോയ വിശ്വ സാഹിത്യകാരനാണ് നിക്കോസ് കസാൻദ്സാക്കിസ് .1957 ൽ തന്റെ ജീവിതാവസാനത്തിന് തൊട്ട് മുമ്പായി ഒരു വോട്ടിന് മാത്രം ആൽബേർ കമ്യൂവിന്റെ പ്ലേഗ് എന്ന നോവലിനോട് പിന്തള്ളപ്പെട്ട് നഷ്ടമായ നോബൽ സമ്മാനം അദ്ദേഹത്തെ ഒരു തരത്തിലും ഉലച്ചില്ല. പക്ഷെ,കമ്യുവിന് ഉറപ്പായും ബോധ്യമായിരുന്നു ആ അവാർഡിന് തന്നെക്കാൾ നൂറ് മടങ്ങ് അർഹൻ കസാൻദ്സാക്കിസ് തന്നെയായിരുന്നുവെന്ന്. അദ്ദേഹമത് അർത്ഥശങ്കക്കിടയില്ലാത്ത വിധം തുറന്ന് പറയുകയും ചെയ്തു.
കവി, നാടകകൃത്ത്, സഞ്ചാരി, ഗദ്യകാരൻ , തത്വചിന്തകൻ, ജേർണ്ണലിസ്റ്റ് എന്നീ നിലകളിൽ ജീവിതത്തിന്റെ ആദ്യ നാളുകളിൽ തിളങ്ങിയ കസാൻദ്സാക്കിസിനെ ലോകം അറിയാൻ തുടങ്ങുന്നത് പ്രധാനമായും ജവിതത്തിന്റെ അവസാന നാളുകളിൽ അദ്ദേഹം എഴുതിയ നോവലുകളിലൂടെയാണ്. അറുപത്തിമൂന്നാമത്തെ വയസ്സിലാണ് ആദ്യ നോവൽ എഴുതുന്നത്.
1883 ൽ ഇപ്പോഴത്തെ ഹെരാക്ലിയോണിലെ കന്റിയേയിൽ കസാൻദ്സാക്കിസ് ജനിക്കുമ്പോൾ, 1832 ൽ സ്ഥാപിതമായ ആധുനിക ഗ്രീക്ക് ഭരണകൂടത്തിൽ ക്രീറ്റ് ചേർന്നിരുന്നില്ല . അപ്പോഴും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭരണത്തിൻ കീഴിൽ തുടരുകയായിരുന്നു അവിടം.
1902 മുതൽ 1906 വരെ അദ്ദേഹം ഏഥൻസ് സർവകലാശാലയിൽ നിയമം പഠിച്ചു. 1906 ൽ അദ്ദേഹം അവതരിപ്പിച്ച തീസിസ് " ഫ്രഡ്റിക്ക് നീത്‌ഷേ, നിയമത്തിന്റെയും ഭരണകൂടത്തിന്റെയും തത്ത്വചിന്ത" എന്നായിരുന്നു. 1907-ൽ അദ്ദേഹം തത്ത്വശാസ്ത്രം പഠിക്കാൻ ഫ്രാൻസിലെ സോർബോൺ യൂണിവേഴ്സിറ്റിയിലേക്ക് പോയി. അവിടെ അദ്ദേഹം ഫ്രഞ്ച് തത്വചിന്തകനായിരുന്ന ഹെൻറി ബെർഗ്‌സനുമായി പരിചിതനാവുകയും അദ്ദേഹത്തിന്റെ ചിന്താഗതികളിൽ ആകൃഷ്ടനാവുകയും ചെയ്തു. തികച്ചും സന്ദേഹിയും സദാ അന്വേഷണത്വര പുലർത്തുന്നവനുമാകയാൽ ശരിക്കും അദ്ദേഹത്തിന്റെ സ്വാധീനത്തിൽ വീണു എന്ന് തന്നെ വേണം പറയാൻ . 1909-ൽ സോർബോണിലെ ഡോക്ടറൽ പ്രബന്ധം "ഫ്റെഡെറിക് നീത്ഷേ, വലത് ഭരണകൂടത്തിന്റെ തത്ത്വചിന്ത" എന്ന തലക്കെട്ടിൽ 1906-ൽ തയാറാക്കിയ പ്രബന്ധത്തിന്റെ പുനർനിർമ്മിച്ച പതിപ്പായിരുന്നു.
1906 ൽ പ്രസിദ്ധീകരിച്ച സെർപ്പന്റ് ആൻഡ് ലില്ലി എന്ന നോവെല്ലയാണ് ഫിക്ഷൻ രംഗത്തെ അദ്ദേഹത്തിന്റെ ആദ്യ കാൽവെയ്പ്. മുപ്പതിലേറെ നോവലുകളും, കവിതകളും തത്വചിന്തകളുമടങ്ങിയ മറ്റനേകം കൃതികളും എഴുതിയിട്ടുള്ള കസാൻദ്സാക്കിസ് നോവലെഴുത്തിലേക്ക് വീണ്ടും ശ്രദ്ധതിരിക്കുന്നത് 1946 ൽ തന്റെ 63 മത്തെ വയസ്സിൽ സോർബ ദ് ഗ്രീക്ക് എന്ന നോവൽ എഴുതുന്നതിലൂടെയാണ്. തുടർന്ന് എക്കാലവും വായനക്കാർ നെഞ്ചേറ്റിയ നിരവധി നോവലുകളിലൂടെ അവിസ്മരണീയമായ ഒരു പാട് കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും നമുക്ക് മുന്നിലേക്കിട്ടു തന്നിട്ടാണ് അദ്ദേഹം ഇവിടം വിട്ടുപോയത്. സഹനങ്ങളുടെയും അതിജീവനങ്ങളുടെയും, ശരീരവും ആത്മാവും തമ്മിലുള്ള നിരന്തര സംഘർഷങ്ങളുടെയും മാനങ്ങൾ അദ്ദേഹം വ്യത്യസ്ത തലങ്ങളിൽ വരച്ചിട്ടു. 1964 ൽ ആന്റണി ക്വിൻ പ്രധാന കഥാപാത്രമായി അഭിനയിച്ച സോർബ ദ് ഗ്രീക്കിലൂടെ ഇംഗ്ലീഷ് പ്രേക്ഷകരുടെയും വായനക്കാരുടെയും തുടരന്വേഷണങ്ങൾക്ക് പാത്രമാവുകയായിരുന്നു കസാൻദ് സാക്കിസിന്റെ ഓരോ കൃതികളും. 1988 ൽ ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റും സിനിമയായതോടെ മരണശേഷം സാംസ്കാരികലോകത്ത് നിറസാന്നിദ്ധ്യമായി.
സോർബോൺ യൂണിവേഴ്സിറ്റിയിലെ പഠനാനന്തരം ഗ്രീസിൽ മടങ്ങിയെത്തിയ അദ്ദേഹം തത്ത്വചിന്തകളുടെ കൃതികൾ വിവർത്തനം ചെയ്യാൻ തുടങ്ങി. 1914 ൽ അദ്ദേഹം കവിയും നാടകകൃത്തുമായ ഏഞ്ചലോസ് സിക്കിലിയാനോസിനെ പരിചയപ്പെട്ടു. ഗ്രീക്ക് ഓർത്തഡോക്സ് ക്രിസ്ത്യൻ സംസ്കാരം അഭിവൃദ്ധി പ്രാപിച്ച സ്ഥലങ്ങളിൽ, പ്രധാനമായും വടക്കുകിഴക്കൻ മേഖലയിലെ അത്തോസ് പർവ്വത നിരകളിലെ മഠങ്ങളിൽ താമസിച്ച് പരസ്പരം ആശയ വിനിമയങ്ങളിൽ ഏർപ്പെട്ടു. രണ്ട് പേരുടെയും ദർശനങ്ങൾ വ്യത്യസ്തമായിരുന്നെങ്കിലും സിക്കിലിയാനോസിന്റെ കാഴ്ചപ്പാടുകൾ, പ്രധാനമായും ദേശീയതയെക്കുറിച്ച് കസാൻദ്സാക്കിസിനെ ഏറെ സ്വാധീനിച്ചു. തികഞ്ഞ ശുഭാപ്തിവിശ്വാസിയും, എഴുത്തുകാരനെന്ന നിലയിൽ തന്റെ കഴിവിലുള്ള അചഞ്ചലമായ വിശ്വാസവും നിലനിറുത്തുന്നയാളായിരുന്നു സിക്കിലായനോസെങ്കിൽ, നിഗൂഢവും ആത്മസംഘർഷങ്ങൾക്കിട നല്കുന്ന സന്ദേഹവും കൂടെ പേറുന്നവനായിരുന്നു കസാൻദ്സാക്കിസ് . എങ്കിലും ഇരുവർക്കും യോജിച്ച മേഖലകൾ നിരവധിയായിരുന്നു. അതെ തുടർന്ന് അവരിരുവരും രണ്ട് വർഷത്തോളം ഗ്രീസിലെമ്പാടും യാത്രകളിൽ മുഴുകി.
കസാൻദ്സാക്കിസ് 1911 ൽ ഗലാറ്റിയ അലക്സിയോയെ വിവാഹം കഴിച്ചു. 15 വർഷം നീണ്ടു നിന്ന ആ ബന്ധം 1926 ൽ അവസാനിക്കുകയായിരുന്നു. ഈ കാലയളവിൽ അദ്ദേഹം ഗ്രീക്ക് സാമൂഹ്യക്ഷേമ മന്ത്രാലയത്തിൽ സേവനമനുഷ്ഠിക്കുകയും ഏറെ കാലങ്ങൾക്ക് ശേഷം 1945 ൽ കുറച്ചു കാലത്തേക്ക് മന്ത്രിയായി പ്രവർത്തിക്കുകയും ചെയ്തു. കമ്യൂണിസ്റ്റേതര ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന അദ്ദേഹം രണ്ട് വർഷങ്ങൾക്ക് ശേഷം സ്വയം രാജിവെച്ച് പുറത്ത് പോരുകയായിരുന്നു. 1945 ൽ തന്നെയാണ് അദ്ദേഹം എലനി സമിയോവിനെ വിവാഹം കഴിക്കുന്നത്. 1922 നും 1957 ൽ അദ്ദേഹത്തിന്റെ മരണത്തിനും ഇടയിൽ പാരീസിലും ബെർലിനിലും, ഇറ്റലി, റഷ്യ, സ്പെയിൻ, സൈപ്രസ്, ഈജിപ്ത്, ചെക്കോസ്ലോവാക്യ, ഫ്രാൻസ് എന്നിവിടങ്ങളിലും തുടർ യാത്രകളിലായിരുന്നു. പിന്നീട് അദ്ദേഹം ഫ്രാൻസിൽ തന്നെ നീസ് സിറ്റിക്കടുത്തായി ആന്റിബസിൽ പ്രസിദ്ധമായ കടൽത്തീരത്തിനടുത്തുള്ള ഓൾഡ് ടൗണിനോട് ചേർന്ന് ഒരു വില്ല വാങ്ങി അവിടെ സ്ഥിരതാമസമായി .
ബെർലിനിലായിരിക്കെ ഇടതുപക്ഷ ആശയക്കാരനും എഴുത്തുകാരനുമായ വിക്റ്റർ സെർജിയെ പരിചയപ്പെടുകയും അത് വഴി കമ്യൂണിസ്റ്റ് കാഴ്ചപ്പാടുകളോട് കൂടുതൽ ആഭിമുഖ്യം പുലർത്തുകയും ചെയ്തു. ലെനിന്റെ കടുത്ത ആരാധകനായി തീർന്ന അദ്ദേഹം സോവിയറ്റ് യൂണിയൻ സന്ദർശിക്കുകയും ഏറെ നാൾ അവിടെ താമസിക്കുകയും ചെയ്തു. പിന്നീടെപ്പോഴോ സ്റ്റാലിന്റെ ഏകാധിപത്യ പ്രവണതയിൽ കമ്യൂണിസ്റ്റ് മോഹങ്ങൾ നഷ്ടപ്പെട്ട അദ്ദേഹം അതിൽ നിന്നും സ്വയം പിൻവലിയുകയായിരുന്നു. എങ്കിലും യഥാർത്ഥ ഇടതുപക്ഷ ചിന്താഗതി എന്തെന്നും അത് തന്നിൽ നിലനില്ക്കേണ്ടതിന്റെ പ്രസക്തി എന്തെന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഏറെ മുമ്പ്, സിക്കിലിയാനോസിൽ നിന്നും പകർന്ന് കിട്ടിയിരുന്ന ദേശീയ ബോധത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അദ്ദേഹത്തിൽ നിന്ന് നിഷ്ക്രമിക്കുകയും ഒരു സാർവ്വദേശീയ വീക്ഷണം സ്വയം രൂപപ്പെടുത്തിയെടുക്കാൻ ഈ ഘട്ടത്തിൽ അദ്ദേഹത്തിനാവുകയും ചെയ്തു.
ഒരു ജേർണ്ണലിസ്റ്റിന്റെ വേഷപ്പകർച്ചയിലേക്ക് സ്വയം മാറി നിരന്തര യാത്രകൾ നടത്തിയിരുന്ന 1920 കളുടെ മദ്ധ്യത്തിൽ സ്പെയിനിലെ ഏകാധിപതിയായിരുന്ന മിഗ്വൽ പ്രിമോ ഡി റിവേറെയും വേറൊരവസരത്തിൽ ഇറ്റാലിയൻ സ്വേച്ഛാധിപതിയായിരുന്ന ബെനിറ്റോ മുസ്സോളിനിയെയും ഇന്റർവ്യൂ ചെയ്യാനായിട്ടുണ്ട്
1957 ൽ ലുക്കീമിയ ബാധിച്ച അദ്ദേഹം ചൈനാ സന്ദർശനം കഴിഞ്ഞ് തിരികെ വരുമ്പോൾ ജർമ്മനിയിൽ വെച്ച് രോഗം കലശലാവുകയും അവിടെ വെച്ച് മരണമടയുകയുമാണുണ്ടായത്. സഭാ മേധാവികളെ എന്നും പ്രകോപിപ്പിച്ചിട്ടുള്ള കസാൻദ് സാക്കിസിന്റെ മൃതദേഹം അടക്കം ചെയ്യാൻ സഭ പ്രതികൂല നിലപാടുകൾ ഉയർത്തിയെങ്കിലും ക്രീറ്റിലെ ഒരു പള്ളിയിൽ ആചാരനുഷ്ഠാനങ്ങളോടെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം സംസ്കരിക്കുകയാണുണ്ടായത്. കെന്റിലേയിലെ കടലിനേയും പർവ്വതങ്ങളേയും സാക്ഷി നിറുത്തിക്കൊണ്ട് ഹെരാക്ലിയോൺ നഗരത്തിലെ ചാനിയ ഗേറ്റിനടുത്തുള്ള സെമിത്തേരിയിൽ അന്തിയുറങ്ങുകയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ കർത്താവായ അദ്ദേഹം.
അറുപത്തി മൂന്നാമത്തെ വയസ്സിൽ കഥാപ്രപഞ്ചത്തിലേക്ക് പ്രവേശിച്ച് അനുസ്യൂതമായി എഴുത്തു തുടർന്ന് വിശ്വസാഹിത്യത്തിന്റെ നെറുകയിലേക്ക് ഉയർത്തപ്പെട്ട ആ മഹാനുഭാവന്റെ അറുപത്തി നാലാം ചരമ വാർഷികമാണ് ഒക്ടോബർ 27, 2021. ഇതോടാപ്പമുള്ളത് അദ്ദേഹത്തിന്റേതായി ആദ്യം വായിച്ച ഗ്രീക്ക് പാഷൻ എന്ന പുസ്തകത്തെക്കുറിച്ചുള്ള ഒരാസ്വാദനക്കുറിപ്പാണ്.
നാല്പത് വർഷങ്ങൾക്ക് മുമ്പേ ഭയപ്പാടോടെയും എന്നാൽ ഓരോ വാചകങ്ങളുടെയും ആന്തരാർത്ഥ തലങ്ങൾ അനുഭവിച്ചറിയണം എന്ന ആഗ്രഹത്തോടെയും വായിച്ച ഗ്രീക്ക് പാഷൻ ഇന്ന് വീണ്ടും വായിക്കുമ്പോൾ അന്നത്തെ ആഗ്രഹം പൂർണ്ണമാവുന്നത് ഇന്നാണെന്ന പ്രതീതിയാണ് ശരിക്കും തൊട്ടറിയുന്നത്. ഓരോ കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളും മനസ്സിൽ പ്രതിഷ്ഠിക്കപ്പെട്ട അതേ കോണുകളിൽ കൂടുതൽ തെളിമയാർന്ന വിധം പ്രത്യക്ഷപെടുകയാണ്.
ലൈകോവ്റിസ്സി എന്ന ഗ്രാമത്തിന്റെ ഓരോ ഉൾവഴികളും അതിലൂടെ കടന്ന് പോകുന്ന ജനങ്ങളും ദൂരെ മലനിരകളിൽ നിന്ന് വീശിയെത്തുന്ന കാറ്റും എല്ലാം എന്നോടൊപ്പം ഈ പതിറ്റാണ്ടുകളിലൂടെ സഞ്ചരിച്ചിരുന്നു എന്ന് തോന്നത്തക്ക നിലയിലാണ് ഓരോ അദ്ധ്യായങ്ങളും കാഴ്ചവെക്കുന്ന ചിത്രങ്ങൾ എന്നോട് മന്ത്രിക്കുന്നത്. തികച്ചും വൈകാരികമായ ഒരനുഭവം ഈ പുനർവായനയിൽ തേടിയെത്തുന്നുവെന്നതിൽ എനിക്കുള്ള സന്തോഷം അടക്കി വെക്കാനാവുന്നതല്ല.
ക്രീറ്റിലെ തുർക്കി അധിനിവേശത്തിന്റെ അവസാന നാളുകളിൽ രൂപപ്പെട്ടു വന്ന സാമൂഹ്യ, രാഷ്ട്രീയ പരിതസ്ഥിതികളെ പശ്ചാത്തലമാക്കി എഴുതിയ ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒരു ദാർശനിക-ദൈവശാസ്ത്ര നോവലാണിത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അനറ്റോലിയയിൽ (ഇന്നത്തെ ടർക്കിയിലെ ഏഷ്യാമൈനർ എന്ന ഉപദ്വീപ് ) ഒട്ടോമൻ സാമ്രാജ്യത്തിന്റെ അധീനതയിലുണ്ടായിരുന്ന ലൈകോവ്റിസ്സി എന്ന ഗ്രാമത്തിലെ ഒരു സാങ്കൽപ്പിക ഗ്രീക്ക് സമൂഹം . അവിടെ ഓരോ ഏഴു വർഷങ്ങളിലും അരങ്ങേറാറുള്ള ഒരു പാഷൻ പ്ലേക്ക് വേണ്ടിയുള്ള ശ്രമത്തെക്കുറിച്ച് സൂചിപ്പിച്ചു കൊണ്ടാണ് ഗ്രീക്ക് പാഷൻ (ക്രൈസ്റ്റ് റീ ക്രൂസിഫൈഡ് എന്ന പേരിലും ഈ നോവൽ പ്രചാരത്തിലുണ്ട് ) എന്ന നോവലിന്റെ കഥ തുടങ്ങുന്നത്. തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ, ഫലത്തിൽ യേശുക്രിസ്തുവിന്റെ വിചാരണ, കഷ്ടപ്പാട്, മരണം എന്നിവയിലെ സംഭവങ്ങൾ വീണ്ടും നടപ്പിലാക്കുന്നതിലൂടെ അതവസാനിക്കുന്നു.
ലൈകോവ്റിസ്സി സുന്ദരമായ ഒരു ഗ്രാമമാണ്. നിറഞ്ഞ വയലുകളും മലകളും പുഴകളും കൊണ്ട് സമുദ്ധമായ ഒരിടം. സുരക്ഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളും ഉണ്ട്. എങ്കിലും, അവക്ക് അടിവരയിടാൻ പാകത്തിൽ ഒരു സംരക്ഷിത സാമൂഹിക സംവിധാനം അവിടെ ഉണ്ടായിരുന്നില്ല. അവരുടെ പാരമ്പര്യജീവിതം ഒരു പ്രത്യേക താളത്തിൽ ചലിക്കും വിധം ദൈവിക സമാനനായ ആഗ എന്ന ടർക്കിഷ് ഉദ്യോഗസ്ഥൻ സമൂഹത്തെ മൊത്തത്തിൽ വളരെ സൂക്ഷ്മമായി നിയന്ത്രിച്ചു പോന്നു. കൂടാതെ ഗ്രാമത്തിലെ നോട്ടബ്ൾസായ എല്ലാവരും ഗ്രിഗോറിസിന്റെ നേതൃത്വത്തിൽ ഒരു പുരാതനക്രമത്തെ നിലനിറുത്താനായി പണിപ്പെടുന്നു. പുതുമയെ വരവേല്ക്കാൻ അവരുടെ മനസ്സുകൾ തയാറാകുന്നേയില്ല. അത് കൊണ്ട് തന്നെയാണ് പ്രീസ്റ്റ് ഫോട്ടിസിനെയും മനോലിയോസിനെയും മറ്റും അപകടകാരികളായ വിപ്ലവകാരികളെന്ന് കഥയുടെ ഒരു സുപ്രധാന ഘട്ടത്തിൽ ജനമദ്ധ്യത്തിൽ അവർ വിളംബരം ചെയ്യുന്നത്.
ഏഴ് വർഷത്തിലൊരിക്കൽ ഗ്രാമത്തിൽ പാഷൻ നാടകങ്ങൾ നടത്താറുണ്ട്. ഗ്രാമത്തിലെ മുതിർന്നവരിലെ ശ്രദ്ധേയർ (Notables) ആണ് ഗ്രാമവാസികളിൽ നിന്ന് തന്നെ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത്. വരുന്ന വർഷത്തിൽ പാഷൻ ഷോ അരങ്ങേറുമ്പോഴേക്കും അവരവരുടെ കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കും വിധം ഇവിടം മുതലുള്ള ജീവിതത്തിലൂടെ അവർ പരിവർത്തനപ്പെടാൻ ബാദ്ധ്യസ്ഥരാണ് എന്നത് ഒരു വ്യവസ്ഥയാണ് . വ്യക്തമായും അവരെല്ലാം കഥാപാത്രങ്ങളാൽ നയിക്കപ്പെടുന്നവരായി തീരുകയും അവരുടെ സ്വത്വം അതുമായി ഇഴുകിച്ചേരുകയുമാണ് തുടർന്നുള്ള സംഭവങ്ങളിലൂടെ. ദൈവ വിമോചന ശാസ്ത്രത്തിന്റെ അടിസ്ഥാന രൂപകങ്ങൾ കഥാപാത്രാവതരണത്തിലൂടെ സന്നിവേശിപ്പിക്കാൻ ഈ ഘട്ടം മുതല്ക്കേ കസാൻദ്സാക്കിസ് മനസ്സിരുത്തുന്നുണ്ട്. അതു വഴി ക്രിസ്തുമതത്തിനപ്പുറത്തുള്ള ദാർശനികതലങ്ങളിലേക്ക്, നീതി, വ്യക്തിത്വം അതീന്ദ്രിയലോകവുമായുള്ള ബന്ധം തുടങ്ങിയ സാർവ്വത്രിക പ്രമേയങ്ങളുമായി കഥാഗതിയെ ബന്ധിപ്പിക്കുന്നുണ്ട്.
ക്രിസ്തുവിന്റെ വേഷം ചെയ്യാനായി തിരഞ്ഞെടുക്കപ്പെട്ടത് പൊതുവേ ലജ്ജാശീലനായ മനോലിയോസ് എന്ന ഒരു ഇടയനെയാണ്. ലെനിയോയുമായി വിവാഹ നിശ്ചയം നടത്തിയിരിക്കുന്നവെങ്കിലും ക്രിസ്തുവിന്റെ വേഷം തന്റെ മനസ്സിനെ കൂടി ആവേശിച്ചിരിക്കുന്നതായറിയുന്ന മനോലിയോസ് വിവാഹത്തിൽ നിന്നും പിന്തിരിയാൻ പിന്നീടൊരിക്കൽ ലെനിയയോട് ആവശ്യപ്പെടുകയും അവൾ നിക്കോളിയോസ് എന്ന ഒരിടയനെ വിവാഹം കഴിക്കുകയും ചെയ്യുന്നുണ്ട്.
യന്നാക്കോസ് എന്നയാൾ അപ്പൊസ്തലനായ പത്രോസായി. ഗ്രാമാന്തരങ്ങൾ തോറും നടന്ന് സാധന സാമഗ്രികൾ വില്പന നടത്തുന്നതാണ് ഇയാളുടെ യഥാർത്ഥ ജോലി. ഇയാളും തന്റെ കഴുതയും സഞ്ചരിച്ച് എത്താത്ത പ്രദേശങ്ങൾ വിരളം. ആൾ തീർത്തും നിഷ്കളങ്കൻ.മറ്റാരേക്കാളും എന്തിനേക്കാളും തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായ കഴുതയോടാണ് അയാൾക്കേറെ സ്നേഹം . സമ്പന്നനും കുലീനനുമായ പഴയ പാത്രിയർക്കീസിന്റെ മകൻ മൈക്കേലിസ് അപ്പൊസ്തലനായ യോഹന്നാൻ ആയിത്തീരുന്നു. വില്ലേജ് കഫേയുടെ ഉടമയായ കോസ്റ്റാൻഡിസ് അപ്പോസ്തലനായ ജെയിംസ് ദി ഗ്രേറ്റ് ആണ്. അവനും നല്ല മനസ്സിനുടമയാണ്.ആർക്കും എന്തും പങ്കിടാൻ സന്നദ്ധനുമാണ്. പക്ഷേ എപ്പോഴും ആശയക്കുഴപ്പത്തിൽ അകപ്പെട്ടവനാകയാൽ അവന്റെ ഉദ്ദേശ്യശുദ്ധിയും ആഗ്രഹങ്ങളും സഫലമാകാറില്ല എന്ന് മാത്രം . യൂദാസായി അഭിനയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട പനയോതാറോസ് പ്രതികാരത്തിനായി കാത്തിരിക്കുന്ന ഒരു കാട്ടു മൃഗത്തിന്റെ ഭാവഹാവാദികൾ പേറുന്നവനാണ്. ആരെ വേണമെങ്കിലും ഒറ്റു കൊടുക്കാനും അതിന്റെ പങ്ക് പറ്റാനും ഒരുക്കം കൂട്ടി നടക്കുന്നവൻ എന്ന് ഏതൊരാൾക്കും തിരിച്ചറിയാവുന്ന പ്രകൃതത്തിന് ഉടമ. അവന്റെ സ്വഭാവ വിശേഷങ്ങൾ ഗ്രാമീണർക്കെല്ലാം അറിയാവുന്നത് കൊണ്ട് അവൻ തന്നെ ആ കഥാപാത്രം എന്ന് പരിഹാസരൂപേണയാണ് എല്ലാവരും വിധിയെഴുതുന്നത്. ആ വേഷം സ്വീകരിക്കാൻ ഒരിക്കലും അവൻ ഇഷ്ടപ്പെടുന്നില്ലെങ്കിലും അത് അവന്റെ മേൽ ചാർത്തപ്പെടുകയാണ്. അവന്റെ കാമുകി കൂടിയായ വിധവയായ കാതറിനയാണ് മഗ്ദലന മറിയമായി രംഗത്ത് വരാൻ നിയുക്തയായവൾ. അവൾ ഗ്രാമത്തിലെ സുന്ദരിയായ വേശ്യയാണ്. ഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങളെയും മോഹിപ്പിച്ചു കൊണ്ട് കുതിച്ചു പായുന്ന ഒരശ്വത്തെ പോലെ അവൾ അവിടമെങ്ങും മദിച്ചു നടന്നു.
തുടർന്ന് ലൈക്കോവ്രിസിയിലെ മുതിർന്നവരെ പരിചയപ്പെടുത്തുന്നു. പുരോഹിതൻ ഗ്രിഗോറിസ്. ദൈവഹിതം സ്വന്തം കാര്യങ്ങൾക്കായി വളച്ചൊടിക്കുന്നവനെങ്കിലും അത് ആർക്കും മനസ്സിലാകാൻ ഇട നല്കാത്ത വിധം അഭിനയിക്കാനും അത് വഴി സമുദായത്തിന്റെ മേൽ സർവ്വാധിപത്യം സ്ഥാപിച്ചെടുക്കാനും നിഷ്പ്രയാസം കഴിഞ്ഞ ഒരു മനുഷ്യൻ.
സ്വന്തം സന്തോഷത്തിനായി മാത്രം ജീവിക്കുന്ന ആർക്കൺ പാട്രിയാർക്കാസാണ് ഗ്രാമത്തിന്റെ നേതാവ്.
ഓൾഡ് ലഡാസ് ഒരു പണക്കാരനാണ്. തന്റെ പണത്തെ മാത്രം പ്രണയിക്കുകയും അതിനോടൊഴികെ മറ്റൊന്നിനോടും ആഭിമുഖ്യം പുലർത്താതിരിക്കയും അതിൽ നിന്നും ഒന്നും ചിലവഴിക്കാതെ എന്നും ദാരിദ്ര്യത്തിൽ കഴിയുകയും ചെയ്യുന്നു,
ഹാഡ്ജി നിക്കോളിസ് നല്ലവനാണെങ്കിലും ആർക്കും ഗുണമില്ലാത്തവനാണ്. സഹോദരനായ പുരോഹിതനെ എന്തിലും ഏതിലും ഭയപ്പെടുന്നുണ്ട് അയാൾ. ഗ്രീസിന്റെ പുരാതന പ്രതാപങ്ങളിൽ മുഴുകിയ ഒരു വരണ്ട മാനസിക നിലയുള്ള വ്യക്തി. ഗ്രീസിന്റെ പതനത്തെ ഓർത്ത് വിലപിച്ചു കൊണ്ടേയിരിക്കുന്ന കാര്യക്ഷമതയില്ലാത്ത സ്കൂൾ അദ്ധ്യാപകൻ. പുസ്തകങ്ങളുടെ ലോകത്ത് മാത്രം ജീവിക്കുന്നു. ഒരിക്കലും തന്റെ വ്യഥകൾക്ക് പരിഹാരം കണ്ടെത്താനുള്ള വഴികൾ തേടാൻ ശ്രമിക്കാത്ത ഒരാൾ. എങ്കിലും ഗ്രാമീണർക്ക് ആവേശമുണർത്തുന്ന ഒരു വ്യക്തിത്വം.
കശാപ്പുകാരൻ ദിമിത്രി, ബാർബർ അൻഡോണിസ്, ഓൾഡ് മാർത്ത, ബ്രഹിമാക്കി,ലാഡാസിന്റെ ഭാര്യ പെനിലോപ് അങ്ങനെ നിരവധി അപ്രധാന കഥാപാത്രങ്ങളും കഥയിലങ്ങോളമിങ്ങോളമുണ്ട്.
ലൈക്കോവ്രിസിയിലെ പ്രഭുവായ ആഗ ഉൾപ്പെടുന്ന തുർക്കി കുടുംബമാണ് കഥയുടെ പശ്ചാത്തലമായി വർത്തിക്കുന്ന മറ്റൊരു ഘടകം. എന്നും റാകി എന്ന മദ്യം കുടിച്ച് ഉന്മത്തനായി സുന്ദരമാരായ ആൺകുട്ടികളുമായി സ്വവർഗ്ഗ ഭോഗത്തിലേർപ്പെടുകയും മറ്റൊരു കാര്യങ്ങളിലും ശ്രദ്ധിക്കാതെ സുഖലോലുപതയുടെ ആലസ്യത്തിൽ മുഴുകിക്കഴിയുകയും ചെയ്യുന്ന ഒരാൾ. യൂസുഫാക്കി എന്ന തടിച്ചു കൊഴുത്ത ഒരു പയ്യനാണ് അയാൾക്കേറ്റവും ഇഷ്ടപ്പെട്ട ഇര.. അയാൾ അറിയാതെയെങ്കിലും പൊന്തിയോസ് പീലാത്തോസിന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. അഭിപ്രായവ്യത്യാസങ്ങളിൽ നിന്നും വളർന്നു വരുന്ന പ്രതിസന്ധികളിൽ തനിക്കിതിൽ പങ്കില്ല എന്ന മട്ടിൽ അയാൾ കൈ കഴുകി ഒഴിഞ്ഞു മാറുന്നു. ഇയാൾക്ക് വേണ്ടി ആവശ്യപ്പെടുന്നതെല്ലാം ചെയ്യുന്ന ഹുസൈൻ എന്ന ഭീമാകാരനായ ഒരു കാവൽക്കാരൻ ആണ് മറ്റൊരു കഥാപാത്രം.
മറ്റൊരു ശക്തമായ കഥാപാത്രം പ്രീസ്റ്റ് ഫോട്ടിസ് ആണ്. തുർക്കികൾ കീഴടക്കി നാശോന്മുഖമാക്കിയ ഒരു ഗ്രാമത്തിൽ നിന്ന് പട്ടിണി കിടക്കുന്ന,മരിച്ചു കൊണ്ടിരിക്കുന്ന ഒരു പറ്റം അഭയാർത്ഥികളുമായി അദ്ദേഹം ലൈകോവ്റിസ്സിയിലേക്ക് വരുന്നു. ഭൂരഹിതരും, വീടില്ലാത്തവരും വിശക്കുന്നവരും ദരിദ്രരുമായ അവർ ഈസ്റ്റർ ഞായറാഴ്ച ലൈകോവ്രിസ്സിയിലെത്തി ഭക്ഷണത്തിനായി യാചിക്കുന്നു. അഭയാർത്ഥി കൂട്ടത്തിലെ ഒരു സ്ത്രീ പട്ടിണി മൂലം മരിക്കുന്നുമുണ്ട്. ഗ്രാമ മുഖ്യരുടെ മുമ്പിൽ പ്രീസ്റ്റ് ഫോട്ടിസിന്റെ വിനയപൂർവ്വമുള്ള അഭ്യർത്ഥന നിരസിക്കപ്പെടുകയാണ് . തുടർന്ന് കോളറ മൂലമാണ് ആ മരണമെന്നും അത് ഗ്രാമത്തിലെ ഏവർക്കും ആപത്കരമായ ജീവിതമാണ് വരുത്താൻ പോകുന്നതെന്നും ഗ്രിഗോറിസ് ഗ്രാമീണരെ തെറ്റിദ്ധരിപ്പിക്കുന്നു. അവിടെ അഭയം തേടാനുള്ള അവരുടെ ശ്രമങ്ങളെ ഗ്രിഗോറിസിന്റെ നിർദ്ദേശ പ്രകാരം ജനങ്ങൾ എതിർക്കുന്നു.
കാതറിനയാണ് അവർക്ക് വേണ്ട പ്രായോഗിക സഹായങ്ങൾ നല്കാനായി ആദ്യം മുന്നോട്ട് വരുന്നത്. തുടർന്ന് മനോലിയാസിനും, അപ്പോസ്തലന്മാരായി അഭിനയിക്കാൻ തീരുമാനിക്കപ്പെട്ട മറ്റുള്ളവർക്കും എന്തിന്, പാത്രിയാർക്കീസിന്റെ മകനായ മൈക്കേലിസിന് പോലും കാതറിനയുടെ ഈ തീരുമാനത്താട് യോജിപ്പ് പ്രകടിപ്പിക്കേണ്ടിവരുന്നു. എങ്കിലും ഗ്രിഗോറിസ്സിന്റെ അന്തിമ തീരുമാനത്തിന് മുന്നിൽ അവരുടെ നിലപാടുകൾക്ക് ഫലമില്ലാതെ പോകുന്നു. തീപ്പൊരി പോലെ പോരാട്ട വീര്യമുള്ളവനെങ്കിലും ഗ്രാമീണരുടെ മുന്നിൽ പിടിച്ചു നില്ക്കാനാകാതെ പ്രീസ്റ്റ് ഫോട്ടിസ് അഭയാർഥികളുമായി അടുത്തുള്ള സരാകിനാ പർവതത്തിന്റെ തരിശായ ചരിവുകളിലേക്ക് പലായനം ചെയ്യുന്നു.
നിത്യദാരിദ്ര്യത്തിന്റെ തുടർക്കഥയെന്നോണം അവർ പട്ടിണിയുമായി അവിടെ ജീവിതം തുടരുന്നു. അവിടെ പ്രീസ്റ്റ് ഫോട്ടിസ്, മനോലിയോസ്, യന്നാക്കോസ്, മൈക്കെലിസ്, കോൺസ്റ്റാൻഡിസ് എന്നിവരുടെ സഹായത്തോടെ നില നില്ക്കുന്ന അനിശ്ചിതത്വത്തിന് അയവു വരുത്താനുള്ള മാർഗ്ഗങ്ങൾ തിരയുന്നു. അതിനായുള്ള ശ്രമങ്ങൾ ലൈകോവ്റിസ്സിയുടെ ദേശീയമായ നിലനില്പിനെ തന്നെ ബാധിക്കും വിധത്തിൽ വളരുന്നു. സംഘർഷാത്മകമായ സംഭവ പരമ്പരകൾ ഒന്നൊന്നായി അരങ്ങേറുന്നതിനിടയിൽ ഗ്രിഗോറിസിന് ഗ്രാമത്തിന്റെ അധികാരം നഷ്ടപ്പെടുമെന്ന ഭയമേറുന്നു. ആദ്യം പ്രീസ്റ്റ് ഫോട്ടിസിനും അഭയാർത്ഥികൾക്കും എതിരായും പിന്നീട് മനോലിയോസിനും മറ്റുള്ളവർക്കെതിരെയും വിദ്വേഷ പ്രചാരണം ആരംഭിക്കുന്നു. ഒരു ഘട്ടത്തിൽ ഗ്രാമം രക്ഷിക്കാൻ മനോലിയോസ് തന്റെ ജീവൻ വാഗ്ദാനം ചെയ്യുന്നു, പക്ഷേ അവസാന നിമിഷത്തിൽ അദ്ദേഹം രക്ഷപ്പെടുകയും ചെയ്യുന്നു. ഗ്രാമത്തിലെ മുതിർന്നവരുടെ പ്രതിലോമ ചിന്തകളും പ്രവർത്തികളും ആപത്കരമായ രീതിയിൽ വളരുന്നു. ഈ നിലപാടുകൾ ഒരു വേള ആഗയെപ്പോലും ഭയപ്പെടുത്തുന്നു. ഇച്ഛിക്കുന്നത് എന്തും ചെയ്യാനുള്ള തന്റെ ശക്തി നഷ്ടപ്പെടാൻ തുടങ്ങുന്നു എന്ന ചിന്തയിലേക്ക് അയാളും എത്തിപ്പെടുന്ന അവസ്ഥ സംജാതമാകുന്നു.
അപ്പോസ്തലന്മാരുടെ "ധാർമ്മികതാ ബോധം" പരീക്ഷിക്കപ്പെടുന്ന സാഹചര്യങ്ങളാണ് തുടർന്നുള്ള സംഭവങ്ങൾ . അഭയാർത്ഥികൾക്കിടയിൽ അവർ സൂക്ഷിച്ചിരിക്കുന്ന അവസാനത്തെ നാണയവും തട്ടിയെടുക്കാൻ പത്രോസായി അഭിനയിക്കാൻ നിയുക്തനായ യന്നക്കോസിനെ ഓൾഡ് ലഡാസ് ഏർപ്പാടാക്കുന്നു. പക്ഷെ അഭയാർത്ഥികളുടെ സ്നേഹവും അവരനുഭവിക്കുന്ന യാതനകളും കണ്ട് മനസ്സലിഞ്ഞ അയാൾ അവരെ വഞ്ചിക്കാനായിട്ടാണ് താൻ വന്നതെന്ന് ഏറ്റ് പറഞ്ഞ ശേഷം തന്റെ സ്വത്തുക്കളത്രയും അവർക്കായി ദാനം ചെയ്യുകയും ചെയ്യുന്നു.
കാതറിനയോട് അഗാധമായ പ്രേമം ഉള്ളിൽ കത്തിയെരിഞ്ഞിരുന്നഒരു കാലം മനോലിസിനുണ്ടായിരുന്നു. എങ്കിലും, വീണ്ടുമൊരു കൂടിക്കാഴ്ചയിൽ മനോലിയോസ് അവളെ നിരസിക്കുകയും യേശുവിന്റെയും മഗ്ദലന മറിയത്തിന്റെയും ആത്മീയ സ്നേഹത്തിന്റെ തലങ്ങളെപ്പറ്റി അവളെ ബോധവത്കരിക്കുകയും അവളെ ഒരു വിശുദ്ധയായി മാത്രമേ തനിക്ക് കാണാനാവൂ എന്നും പറയുന്നു.
മനോലിയോസ് മറ്റെല്ലാം വെടിഞ്ഞ് പ്രീസ്റ്റ് ഫോട്ടിസിനും അഭയാർത്ഥികൾക്കും ഒപ്പം പർവ്വതത്തിൽ താവളമടിക്കുന്നു. ഇപ്പോഴേക്കും ഈസ്റ്റർ ദിനത്തിൽ അവതരിപ്പിക്കേണ്ട നാടകത്തിലെ കഥാപാത്രങ്ങൾ എന്നതിനപ്പുറം ബൈബിളിലെ കഥാപാത്രങ്ങളോട് താദാത്മ്യം പ്രാപിച്ചു കഴിയുന്നു ഓരോരുത്തരും.അതുവരെ ലജ്ജാശീലനായ ഒരിടയൻ എന്ന നിലയിൽ മാത്രം ഗ്രാമത്തിൽ അറിയപ്പെട്ടിരുന്ന മനോലിയോസ് ഒരു ക്രിസ്തീയ ധാർമ്മിക രീതി പിന്തുടരാൻ തുടങ്ങുന്നു.എല്ലാവരെയും സഹോദരങ്ങളായി കണ്ട് സഹവർത്തിത്വം പുലർത്താനും, സമ്പത്തുള്ളവർ അത് പാവങ്ങൾക്കായി പങ്കിടാനും ആളുകളെ ഉത്ബോധിപ്പിക്കുന്നു.
മനോലിയാസിന്റെ ഈ മാറ്റങ്ങളെ ഗ്രാമമുഖ്യർ ഗൗരവത്തോടെ കാണുന്നു. പുരോഹിതനായ ഗ്രിഗോറിസ് ഗ്രാമത്തെ മുഴുക്കെ തെറ്റിദ്ധരിപ്പിക്കും വിധം പ്രഖ്യാപനം നടത്തുന്നു. മനോലിയോസ് വെറുമൊരു വഴി തെറ്റിപ്പോയ ക്രിസ്ത്യാനിയല്ലെന്നും അയാളൊരു ബോൾഷെവിക് ആണെന്നും അയാൾ ആണയിടുന്നു.പ്രീസ്റ്റ് ഫോട്ടിസ് ജോൺ ബാപ്റ്റിസ്റ്റിന്റെ വ്യക്തിത്വം പുലർത്തുവനാണെന്നും കൂടി പറഞ്ഞു വെക്കുമ്പോൾ ക്രിസ്തുമതത്തിനപ്പുറം കഥ ഒരു വിശാല തലത്തിലേക്ക് മാറ്റപ്പെടുകയാണ്. ഇരുവരും റഷ്യയുടെ ഏജന്റുമാരാണെന്നും ഗ്രിഗോറിസ് നാട്ടുകാരെ ബോധിപ്പിക്കുന്നു. ഈ ഘട്ടത്തിൽ അച്ഛനുമായി തെറ്റി സകല സൗഭാഗ്യങ്ങളും ഉപേക്ഷിച്ച് ഒരു ഭിക്ഷാം ദേഹിയെപ്പോലെ മൈക്കേലിസും മനോലിയോസിനൊപ്പം ചേരുന്നു. ഇത്, പാത്രിയാർക്കിസിനെ പ്രകോപിതനാക്കുന്ന വിധം സങ്കീർണ്ണമാവുകയും ഒടുവിൽ അത് പാത്രിയാർക്കീസിന്റെ തന്നെ വധത്തിന് കാരണമാവുകയും ചെയ്യുന്നു. അപ്പോസ്തലനായ യൂദാസിന്റെ ഭാഗം അഭിനയിക്കുന്ന പനയാതോറസ് ബൈബിളിലെ യൂദായേക്കാൾ അപകടകാരിയും ഒറ്റുകാരനുമായി മാറുന്നു. പർവ്വതത്തിൽ തമ്പടിച്ചിരിക്കുന്ന മനോലിയോസിനെയും മൈക്കേലിസിനെയും കൂട്ടരെയും പ്രധാന വില്ലനായ ഗ്രിഗേറിയോസിന് ഒറ്റു കൊടുക്കാൻ അയാൾ അമാന്തിക്കുന്നില്ല.
ആഗയുടെ അസ്വാഭാവിക മരണം കഥയിൽ വഴിത്തിരിവാകുന്നു. ഗ്രാമത്തിലെ മുതിർന്നവരെ മുഴുവൻ അറസ്റ്റ് ചെയ്യുകയും യഥാർത്ഥ കൊലപാതകിയെ കണ്ടെത്തും വരെ ഓരോരുത്തരെയായി ദിവസേന തൂക്കിക്കൊല്ലുമെന്ന പ്രഖ്യാപനം ഉണ്ടാവുകയും ചെയ്യുന്നു. മനോലിയോസ് കണ്ട വിചിത്രമായ ഒരു സ്വപ്നത്തിൽ താൻ തന്നെ കുറ്റം ഏല്ക്കണമെന്ന അരുളപ്പാടുണ്ടാവുകയും തുടർന്ന് അങ്ങനെ ഏറ്റു പറയുകയും ചെയ്യുന്നു. ഒടുവിൽ ഗ്രാമവാസികളടങ്ങുന്ന ഒരു ജനക്കൂട്ടം പള്ളിയിലേക്കുള്ള പടിക്കെട്ടുകളിൽ വെച്ച് മനോലിയോസിനെ കൊല്ലുന്നു.
മനോലിയോസിന്റെ ഹൃദയം അവനെ തന്നെ തിരിഞ്ഞു കുത്തി. അവൻ വാതില്ക്കലേക്ക് നോക്കി. കത്തിച്ചു വെച്ച മൂന്ന് വിളക്കുകൾ. ചുവന്ന കവിൾത്തടമുള്ള, ശ്രദ്ധാപൂർവ്വം മുടിചീകിയൊതുക്കിയ യേശു പുഞ്ചിരിക്കുന്നു. കന്യാമറിയം അവനരികിൽ കുനിഞ്ഞിരിക്കുന്നു. വിശുദ്ധ സ്നാപക യോഹന്നാൻ മരുഭൂമിയിൽ പ്രസംഗിച്ചു കൊണ്ടേയിരിക്കുന്നു. മനോലിയാസ് ജനക്കൂട്ടത്തെ നോക്കി. ഓൾഡ് ലഡാസിന്റെ ശബ്ദം ഒരിക്കൽ കൂടി ഉയർന്നു. " നമുക്കവനെ കൊല്ലാം!"
വാതിലിൽ ഇടി മുഴങ്ങി തുടങ്ങി. "തുറക്കൂ. തുറക്കൂ'!
അത് പ്രീസ്റ്റ് ഫോട്ടിസിന്റെ ശബ്ദമായിരുന്നു. "സരാകിനി അവനെ ഞങ്ങളിൽ നിന്ന് എടുക്കാൻ വന്നിരിക്കുന്നു. "പുറത്ത് സ്ത്രീകളുടേയും പുരുഷന്മാരുടെയും ശബ്ദങ്ങൾ ഉച്ഛസ്ഥായിലായി. "കൊലപാതകികളേ നിങ്ങൾക്ക് ദൈവഭയം എന്നൊന്നില്ലേ? "പ്രീസ്റ്റ് ഫോട്ടിസിന്റെ ശബ്ദം വീണ്ടും ഉയർന്നു. ഗ്രിഗോറിസ് കൈകൾ മേലോട്ടുയർത്തി."ക്രിസ്തുവിന്റെ നാമത്തിൽ ഈ പാപം ഞാൻ എന്റെ മേൽ ചുമത്തുന്നു." പനയാതോറസ് മുന്നോട്ട് വന്നു. "പിതാവേ, നിന്റെ അനുഗ്രഹത്താൽ." "അതെ എന്റെ അനുഗ്രഹത്താൽ തന്നെ.അടിക്കുക."ഗ്രിഗോറിസ് വീണ്ടും പറഞ്ഞു.
പ്രീസ്റ്റ് ഫോടിസും അഭയാർത്ഥികളിൽ ചിലരുമൊത്ത് മനോലിയോസിന്റെ ശരീരം സരാകിന പർവ്വതത്തിലേക്ക് കൊണ്ട് വന്നു. അവിടെ പ്രീസ്റ്റ് ഫോട്ടിസ് മനോലിയോസിന്റെ അരികിൽ മുട്ടുകുത്തി അവന്റെ കൈകളിൽ പിടിക്കുന്നു.
അർദ്ധരാത്രിയോടെ മണിമുഴങ്ങാൻ തുടങ്ങി. ക്രിസ്തു ജനിച്ചതു കാണാൻ ആളുകൾ പള്ളിയിലേക്ക് വന്ന് കൊണ്ടിരുന്നു. മഞ്ഞ് മൂടിയ, ശാന്തവും നക്ഷത്രരഹിതവുമായ ആകാശത്തിന് കീഴിൽ തണുത്തു വിറച്ച് ആളുകൾ പള്ളിയിലേക്കൊഴുകി.
ലോകത്തെ രക്ഷിക്കാനായി യേശു ഭൂമിയിലേക്ക് ഇറങ്ങി വരുന്നുവെന്ന് പ്രഖ്യാപിച്ചു കൊണ്ട് പ്രീസ്റ്റ് ഫോട്ടിസ് മണിമുഴങ്ങുന്നത് ശ്രദ്ധിച്ചു. അയാൾ തല കുലുക്കിക്കൊണ്ട് ഒരു നെടുവീർപ്പിട്ടു. വെറുതെ, എന്റെ ക്രിസ്തു. വ്യർത്ഥമായി അയാൾ പിറുപിറുത്തു. രണ്ടായിരം വർഷങ്ങൾ കടന്ന് പോയി. മനുഷ്യരിപ്പോഴും നിങ്ങളെ ക്രൂശിക്കുന്നു. എന്റെ ക്രിസ്തു, നീ എപ്പോൾ ജനിക്കും. ഇനി ക്രൂശിക്കപ്പെടാതെ എന്നെന്നും ഞങ്ങളുടെയിടയിൽ ജീവിക്കാനായി.
പുതിയ സുരക്ഷിത താവളം കണ്ടെത്താനായി അഭയാർത്ഥികളെ നയിച്ചു കൊണ്ട് പ്രീസ്റ്റ് ഫോട്ടിസ് മുന്നോട്ട് നീങ്ങാൻ തുടങ്ങി.
