8 December 2023 · 5 min read · കഥ

രണ്ട് നീല മത്സ്യങ്ങൾ

മിഡിൽ ഈസ്റ്റിലെ മലയാളി സമൂഹത്തിന് ചിരപരിചിതമായ ഒരു പേരായത് കൊണ്ട് ശ്രീ. ഷാബു കിളിത്തട്ടിലിന് പ്രത്യേകിച്ച്   ഒരു മുഖവുരയുടെ ആവശ്യമില്ല. മേഖലയിലെ ഏറ്റവും വലിയ റേഡിയോ ശൃംഖലയായ 96.7 എഫ്. എമ്മിലെ ഹെഡ് ഓഫ് ന്യൂസ് ആയ അദ്ദേഹത്തിൽ നിന്നും ലോകമെങ്ങും നിറഞ്ഞൊഴുകുന്ന ആ ശബ്ദം ശ്രവിക്കാത്തവർ വിരളമായിരിക്കും. എന്നാൽ സർഗ്ഗാത്മക രംഗത്തെ വ്യത്യസ്തയാർന്ന ഒരു മേഖലയിലുള്ള അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തെപ്പറ്റി ആളുകൾ ശ്രദ്ധിച്ചു വരുന്നതേയുള്ളു എന്നാണ് തോന്നുന്നത്. "മാറുന്ന ഗൾഫും ഗഫൂർക്കാ ദോസ്തും" , "നിലാച്ചോറ്" തുടങ്ങിയ പുസ്തകങ്ങളിലൂടെ എഴുത്തിന്റെ വഴിയിലും താൻ തിളങ്ങുമെന്ന് തെളിയിച്ചിട്ടുള്ള  അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതിയായ "രണ്ട് നീല മത്സ്യങ്ങൾ" എന്ന നോവലിനോടൊപ്പം നീന്തിയപ്പോളുണ്ടായ  ചില വായനാനുഭവങ്ങളാണ് ഇവിടെ പങ്കു വെക്കുന്നത്. മുൻപേ പറഞ്ഞ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിക്കാൻ എനിക്കവസരം ഉണ്ടായിട്ടില്ല. ഇപ്പോൾ വായിക്കാനിടയായ അദ്ദേഹത്തിന്റെ നോവലാണ് "രണ്ട് നീല മത്സ്യങ്ങൾ" എന്ന ഈ പുസ്തകം.  

ഐറിഷ് ടെക് ഭീമനായ Accenture ലെ മാനേജറും എന്റെ മകന്റെ അടുത്ത സുഹൃത്തുമായ ശ്രീ. സുനിൽ നിസാറിൽ നിന്നാണ് എനിക്ക് ഈ പുസ്തകം സമ്മാനമായി കിട്ടുന്നത്. നീണ്ട മൂന്ന് ദശകങ്ങളിൽ ചവിട്ടി നടന്ന ഈ മണ്ണിൽ വീണ്ടും കാല് കുത്തിയപ്പോൾ ദുബായിയെ ഒരു പുനർവായനക്കായി കണ്ടെത്താനുള്ള ത്വരയായിരുന്നു മനസ്സിൽ . ദുബായിയുടെ ഗന്ധവും സ്പർശവേഗങ്ങളും എന്നെ തഴുകി നിന്ന ആ അനർഘനിമിഷങ്ങളിലാണ് അദ്ദേഹമെനിക്ക് ഈ സമ്മാനം നല്കുന്നത്. 

ഇവിടെ എത്തിയ ആദ്യദിനങ്ങളിലെല്ലാം തിരക്കായതിനാൽ പുസ്തകം എന്നെ സാകൂതം നോക്കിക്കൊണ്ടിരുന്നെങ്കിലും മറിച്ചു നോക്കാൻ പോലുമായില്ല. വായിച്ചു തുടങ്ങിയപ്പോൾ ഒരു ദിവസം നീണ്ടു നിന്നുമില്ല. ഇരുന്നൂറോളം പേജ് വരുന്ന ഈ പുസ്തകത്തിന് അത്രക്ക് റീഡബിലിറ്റിയുണ്ട് എന്ന് വായിച്ചു കഴിഞ്ഞപ്പോഴാണ് ഓർത്തെടുക്കാനായത് തന്നെ.

പ്രമേയത്തെ ഏറ്റവും സമകാലികമായൊരു പരിസരത്തു നിന്നുകൊണ്ട് നോക്കിക്കാണാനുള്ള ഉദ്യമം ആദ്യന്തം നിലനിറുത്തുന്ന വിധമാണ്  നോവലിന്റെ ആഖ്യാനം. അതോടൊപ്പം വായനയുടെ സൗന്ദര്യശാസ്ത്രം അനുവാചകനിലേക്ക് പ്രസരിപ്പിക്കാനുള്ള കഴിവ് അതിലൂടെ നിലനിറുത്താൻ അയത്ന ലളിതമായി അദ്ദേഹത്തിനാവുന്നുണ്ട് ഈ നോവലിൽ. 

സമകാലിക ലോകത്തെ മഥിക്കുന്ന, ഏറെ ആശങ്കപ്പെടുത്തുന്ന മത തീവ്രവാദവും അത് സമൂഹത്തിലുണർത്തുന്ന ആഭ്യന്തര സംഘർഷങ്ങളും ഒരു വ്യക്തിയുടെ/ ചില വ്യക്തികളുടെ അനുഭവപരതയിലൂടെ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് കഥാഘടന രൂപപ്പെടുത്തിയിരിക്കുന്നത്. അത് ലൗജിഹാദും ഇസ്ലാമോഫോബിയയും പീഢനമുറികളുടെ ഭയാനകതയും കൂടിച്ചേർന്ന ഇഴപിരിച്ചെടുക്കാനാകാത്ത വിധം സങ്കീർണ്ണമായ ഒരവസ്ഥയുടെ ഭീതിദ രൂപം വായനക്കാരന്റെ മനസ്സിലേക്ക് പകർന്നു തരുന്നുണ്ട്. 

അതോടൊപ്പം, അപ്രതീക്ഷിതമായി  ജീവിതത്തിൽ  തങ്ങളെ തേടിയെത്തുന്ന ദുരന്തങ്ങളെ അതിജീവിക്കാനായി പാടുപെടുന്ന നിസ്സഹായരായ മനുഷ്യരുടെ ആകുലതകളും വളരെ തീക്ഷ്ണമായി പങ്കുവെക്കുന്നുണ്ട് നോവലിൽ. തീർത്തും മാനവികതയുടെ പക്ഷത്ത് നിന്ന് കൊണ്ട് ശരി തെറ്റുകളുടെ ആപേക്ഷികതകളെ വിലയിരുത്താൻ വായനക്കാരനെ പ്രേരിപ്പിക്കുന്ന രചനാരീതിയാണ് അദ്ദേഹം കഥയിൽ അവലംബിച്ചിരിക്കുന്നത്. 

ഒട്ടും യുക്തി ഭദ്രമല്ലാത്ത നിലപാടുകൾ പിന്തുടരുകയും യഥാർത്ഥ ജീവിതം ഇതല്ലെന്ന വിധം മസ്തിഷ്ക പ്രക്ഷാളനത്തിന് ഇരയായി ലോകത്തെ വെറുക്കാൻ തക്കവിധം സ്വയം രൂപപ്പെടുത്തുകയും ചെയ്യുന്ന മത തീവ്രവാദികളുടെ പരിച്ഛേദമായി ഇർഫാനെ നമ്മൾ കണ്ടെത്തുമ്പോൾ , മറു പക്ഷത്ത് മതം ഉദ്ഘോഷിക്കുന്ന സ്നേഹത്തിന്റെയും സൗമ്യതയുടെയും സംയമനത്തിന്റെയും പാത തിരഞ്ഞെടുത്തിട്ട് പോലും മത തീവ്രവാദത്തിന്റെ ഇരകളായി പരിണമിക്കുന്ന നിരപരാധികളുടെ നേർച്ചിത്രം കൂടി കഥാകാരൻ ചേർത്തു വെക്കുന്നുണ്ട്. ഇതെല്ലാം സമകാലിക യാഥാർത്ഥ്യങ്ങളുടെ പരിസരങ്ങളിൽ നിന്നും ജൈവികത ചോർന്ന് പോകാതെ പറിച്ചെടുത്ത് നോവലിലേക്ക് സന്നിവേശിപ്പിക്കപ്പെട്ട കഥാപാത്രങ്ങളും സന്ദർഭങ്ങളുമാണ്. അവയൊക്കെയും തങ്ങളുടെ ശ്വാസവേഗങ്ങളിലൂടെ വായനക്കാരനെ വിടാതെ സ്പർശിക്കുന്നുണ്ട്; അണുവിട പോലും  വിടാതെ പിന്തുടരുന്നുമുണ്ട്. അത് തന്നെയാണ് കഥ പറച്ചിലുകാരന്റെ  വിജയം.

നീലിമയും അൻവറും അവർക്ക് പിറക്കാൻ പോകുന്ന കുഞ്ഞും മുന്നിയമ്മയും ഇർഫാനും റഷീദും പാത്തുവും വായനക്കരോടൊപ്പം സഞ്ചരിക്കുന്നത് വ്യത്യസ്തമായ അനുഭവങ്ങൾ അവരിലേക്ക് ചൊരിഞ്ഞു കൊണ്ട് തന്നെയാണ്. ഒരേ സംഭവങ്ങളുടെ തുടർച്ച വിവിധ കഥാപാത്രങ്ങളുടെ ഓർമ്മകളിലൂടെ, ചിന്തകളിലൂടെ വീക്ഷിക്കുന്ന രീതി നോവൽ സാഹിത്യത്തിൽ പുതുമയുള്ളതല്ലെങ്കിലും ഇവിടെ ഉപയോഗിക്കപ്പെടുന്ന പാറ്റേൺ കഥാകാരൻ ബോധപൂർവ്വം സൃഷ്ടിക്കുന്നതല്ല എന്നത് എടുത്ത് പറയേണ്ടതാണ്.

തിക്തമായ അനുഭവ പരമ്പരകളിലൂടെ കടന്ന് പോന്ന ഒരു ജീവിതാവസ്ഥയായിരുന്നു മുനീസയെന്ന യുവതിയുടേത്. സിരകളിലോടുന്ന വിപ്ലവവീര്യം ഒന്ന് കൊണ്ട് മാത്രം എല്ലാ പ്രതികൂലാവസ്ഥകളെയും മറികടന്നതാണവൾ. തോൽക്കാതിരിക്കാനുള്ള ആർജ്ജവത്തോടെ പൊരുതിക്കൊണ്ട് ജീവിതത്തിന് പുതിയ അർത്ഥതലങ്ങൾ കണ്ടെത്താൻ അവൾക്കായത് അവളിലെ നിതാന്ത ജാഗ്രത ഒന്ന് കൊണ്ട് മാത്രമാണ്. (അവൾക്ക് അതിന് പ്രചോദനമായത് കൂടെ ജോലി ചെയ്തിരുന്ന കൂട്ടാളികളായിരുന്നുവെന്നത് സത്യം. പാർട്ടി അവളുടെ ദുരന്ത ഘട്ടങ്ങളിൽ ചേർത്തു നിർത്തി എന്നത് തൊണ്ണൂറുകളുടെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരു ഒറ്റപ്പെട്ട  "സംഭവമായി" വേണമെങ്കിൽ  കാണാമെന്നേയുള്ളു! ) . 

ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിൽ, എല്ലാമുണ്ടായിട്ടും അനാഥത്വം പേറുന്ന നീലിമയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന മുന്നിയമ്മയെന്ന അതേ മുനീസക്കും മറ്റൊരു ഭാവമല്ല തന്നെ. ജീവിതവുമായി സന്ധിയില്ലാതെ നടത്തിയ പോരാട്ടങ്ങളായിരുന്നു അവരുടെ മുതൽക്കൂട്ട്. അതിലൂടെ ആർജ്ജിച്ചെടുത്ത തന്റേടത്തിന്റെ കെട്ടുപോകാത്ത കനലുകൾ എപ്പോഴും അവരെ ചൂഴ്ന്ന് നില്ക്കുന്നുണ്ട്. സ്നേഹത്തിലൂടെ, കനിവിലൂടെ, വഴിഞ്ഞൊഴുകുന്ന ആർദ്രതയിലൂടെ , ജീവിതത്തോട് തനിക്ക് പറയാനുള്ളത് എന്ത് എന്നതെ പറ്റിയുള്ള ഒടുങ്ങാത്ത നിശ്ചയദാർഢ്യത്തിലൂടെ മുന്നിയമ്മ ജ്വലിച്ചു നില്ക്കുന്നത് അങ്ങനെയാണ് . കരുതലിന്റെയും ചേർത്തുപിടിക്കലിന്റെയും കലർപ്പില്ലാത്ത ഒരു പ്രതിരൂപമായിത്തന്നെയാണ് മുനീസയെന്ന മുന്നിയമ്മ എപ്പോഴും നോവലിൽ നിറഞ്ഞു നില്ക്കുന്നത്.

നിരപരാധിയായിരുന്നിട്ടും തീവ്രവാദ ബന്ധമാരോപിച്ച് ഭരണകൂടത്തിനാൽ വേട്ടയാടപ്പെടുകയും ആ ഒരൊറ്റക്കാരണത്താൽ സമൂഹത്തിൽ അവമതിക്കപ്പെടുകയും ചെയ്തതിന്റെ പേരിൽ ആത്മഹത്യയിൽ അഭയം തേടിയ മാതാപിതാക്കളുടെ മക്കളാണ് അൻവറും ഇർഫാനും. തരള ഹൃദയനായിരുന്നു അൻവറെങ്കിൽ കലുഷമായ മനസ്സിനുടമയും മിതഭാഷിയുമായിരുന്നു ഇർഫാൻ. അത്

കൊണ്ട് തന്നെ ജീവിതത്തിൽ പരസ്പരം ഒന്നിക്കാത്ത വിധം സമാന്തര പാതകളിൽ സഞ്ചരിച്ചിരുന്ന സഹോദരങ്ങളായിരുന്നു അവർ. മരിക്കുന്നതിന് മുമ്പ് അവരുടെ ഉപ്പ പറഞ്ഞു കൊടുത്ത ആബേലിന്റെയും കായീനിന്റെയും കഥയിലെ സഹോദരങ്ങളെ പോലെ.  

ഇസ്ലാമല്ലാതെ ലോകം മറ്റൊരു മതത്തിനെയും ഉൾക്കൊള്ളാൻ പാടില്ലെന്ന തീർത്തും യുക്തിരഹിതമായ ഒരു വിശ്വാസത്തിലൂന്നിയാണ് ഇർഫാന്റെ നീക്കം. രാജ്യത്തെ നടുക്കിയ പല സ്ഫോടനങ്ങളിലും ഏതെങ്കിലും വിധത്തിൽ പങ്കാളിയായിരുന്ന അയാളെ പിടികൂടുന്നതിനുള്ള ടൂൾ ആയിട്ടാണ് അൻവർ അറസ്റ്റു ചെയ്യപ്പെടുന്നതെങ്കിലും അയാൾ നേരിടുന്ന പീഢനമുറകൾ അങ്ങേയറ്റം ദുസ്സഹമായ രീതിയിലായിരുന്നു. ദയയോ അനുകമ്പയോ തൊട്ടു തീണ്ടിയിട്ടില്ലാത്ത അന്വേഷണോദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ തന്നെ ഭയാനകമായ രീതിയിലാണ്. 

ഹിന്ദു കുലീന കുടുംബത്തിലെ പെൺകുട്ടിയെ ഒരു മുസ്ലിം യുവാവ് ഇന്റർഫെയ്ത് മാര്യേജ് ചെയ്യുന്നതിലൂടെ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെക്കാൾ വലുതായിരുന്നു അയാളുടെ സഹോദരൻ തീവ്രവാദിയായി മാറിയതിലൂടെ അൻവറിന് അനുഭവിക്കേണ്ടി വന്നത്. ബാംഗ്ളൂരിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ കൂട്ടായിരുന്ന  സഹപാഠികളുടെ സഹായത്തോടെ വിവാഹം റജിസ്റ്റർ ചെയ്ത് സാധാരണ ജീവിതം നയിക്കാനും ഒരു വേള അമേരിക്കയിലേക്ക് പോകാനു മാഗ്രഹിക്കുന്ന അവർക്കിടയിലേക്ക് അപ്രതീക്ഷിതമായാണ് ഭീകര വിരുദ്ധ സ്ക്വാഡിന്റെ രംഗപ്രവേശം. രണ്ട് ദിവസമേ അയാൾ അവരുടെ കസ്റ്റഡിയിൽ അജ്ഞാതമായ ഏതോ ഒരു സ്ഥലത്തെ തടങ്കൽ പാളയത്തിൽ കഴിഞ്ഞുള്ളുവെങ്കിലും അവിടത്തെ യാതനകളുടെ ഭീതിദ വിവരണങ്ങൾ മനസ്സിനെ മരവിപ്പിക്കുന്നതാണ്. തീവ്രവാദിയുടെ സഹോദരനായിരുന്നത് കൊണ്ട് മാത്രം നരക പീഢയേൽക്കേണ്ടി വന്ന , ഒരു സാധാരണ ജീവിതം മാത്രം സ്വപ്നം കണ്ടിരുന്ന അൻവറിന് അത് താങ്ങാവുന്നതിനുമപ്പുറമായിരുന്നു. വായനക്കാരനും അതേ നിലയിലുള്ള മാനസിക പിരിമുറുക്കം നേരിടുന്ന വിധമാണ് അതിന്റെ വിവരണങ്ങൾ.

എല്ലാ മതങ്ങളും മനുഷ്യൻ മനുഷ്യനെ സ്നേഹിക്കണം എന്ന് പഠിപ്പിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി മതത്തെ കരുവാക്കി കളിക്കുന്ന ഇരുകാലി മൃഗങ്ങൾ നിർമ്മിച്ചു വിടുന്ന പ്രത്യയ ശാസ്ത്രങ്ങൾക്കിടയിൽ എല്ലാ മൂല്യങ്ങളും തകർന്നടിയുന്ന കാഴ്ചകളാണ് ഓരോ വരികൾക്കിടയിലും അനാവരണം ചെയ്യപ്പെടുന്നത്.

ലോക ജനസംഖ്യയിൽ 16 ശതമാനത്തോളം വരുന്ന ഭിന്നശേഷിക്കാരെ സമൂഹത്തിൽ ഒറ്റപ്പെടുത്താതെ ചേർത്തു നിർത്തേണ്ടതിന്റെ ആവശ്യകത നോവലിന്റെ ഇതിവൃത്തത്തെ പൊതിഞ്ഞു നില്ക്കുന്ന ഒരു പ്രഭാവലയം പോലെ തിളങ്ങുന്നുണ്ട്. നമുക്ക് എല്ലാവർക്കുമെന്ന പോലെ വ്യക്തിഗതമായ ആവശ്യങ്ങൾ ഭിന്നശേഷിക്കാർക്കുമുണ്ടെന്നും അത് നിറവേറ്റി കൊടുക്കേണ്ടത് സമൂഹത്തിന്റെ ബാദ്ധ്യതയാണെന്നും നോവൽ നിഷ്കർഷിക്കുന്നു. ബുദ്ധിപരമായ വികാസമില്ലായ്മ മാറ്റി നിറുത്തിയാൽ , വൈകാരികമായ മറ്റ് ശാരീരികാവശ്യങ്ങൾ എല്ലാവരെയും  പോലെ തന്നെ അവരും ആവശ്യപ്പെടുന്നുണ്ടെന്ന തിരിച്ചറിവിലാണ് ഇത്തരം ഒരു വീക്ഷണം സമൂഹവുമായി പങ്കു വെക്കുന്നത്. ഹ്യൂമനോയിഡ് റോബോട്ടുകൾ ഭിന്നശേഷിക്കാരുടെ സ്കിൽസ് വളർത്തിയെടുക്കുന്നതിൽ വിജയിക്കുന്നുവെങ്കിൽ, സെക്സ് റോബോട്ടുകളുടെ പ്രസക്തിയും പരിശോധിക്കപ്പെടേണ്ടതാണെന്ന വിലയിരുത്തൽ എന്തുകൊണ്ടും പ്രാധാന്യമർഹിക്കുന്നതാണ്. അവിടേക്ക് എത്തിച്ചേരാനായി തന്നെയാണ് മുനീസക്ക് ജനിച്ച പാത്തുവെന്ന കുട്ടിയുടെ സൃഷ്ടിയെന്ന് വേണമെങ്കിൽ കരുതാം.  എങ്കിലും വിഷയത്തിന്റെ ഗൗരവം ഏറെ ചർച്ച ചെയ്യപ്പെടേണ്ടതാണ് എന്ന നോവലിസ്റ്റിന്റെ വിലയിരുത്തൽ വരുംകാലങ്ങളിൽ പൂർത്തീകരിക്കപ്പെടും എന്ന് നമുക്ക് പ്രത്യാശിക്കാം.

തന്റെ തിളങ്ങുന്ന നീലക്കണ്ണുകളിലൂടെ ലോകത്തിന്റെ നിറവ്യത്യാസങ്ങളെ നോക്കിക്കൊണ്ട് അൻവറിന്റെയും നീലിമയുടേയും മകൻ വിളിച്ചു പറയുന്നു. 

എന്റെ പേരു് മനുഷ്യൻ എന്നാണെന്ന്.

അങ്ങനെയേ അവന് പറയാനാവൂ.

എഴുത്തിന്റെ പൂർണ്ണത കൈവരിക്കേണ്ടത് വായനക്കാരിലൂടെയാകണം എന്ന കാഴ്ച്ചപ്പാടാണ് നോവലിസ്റ്റ് കൈക്കൊള്ളുന്നത്. വായനക്കിടയിൽ ചിലയിടങ്ങളിലെങ്കിലും അനുഭവപ്പെടുന്ന  അപൂർണ്ണത അതാണ് സൂചിപ്പിക്കുന്നത്. ആ അപൂർണ്ണത തന്നെയാണ് വായനയുടെ സൗന്ദര്യമായി കാണാനാവുക. ഇവിടെ മുഴുവൻ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ബാക്കിയാവുകയാണ്. വായനക്ക് ശേഷവും തിരിച്ചു പോകാനാവാത്ത വിധം വായനക്കാരനെ നോവലിലേക്ക് മടക്കി വിളിക്കുകയാണ് കഥാപാത്രങ്ങൾ ഓരോന്നും. പേരാൽ മരത്തിന് മേലെ പെയ്ത മഴ ഇനിയും തോർന്നിട്ടില്ലാത്ത വിധം മനസ്സിൽ പെയ്തു കൊണ്ടേയിരിക്കുന്നു.

,

Share this story

Comments (0)

  • Be the first to write one.