21 July 2024 · 9 min read · യാത്ര
യാത്ര/ മാലിദ്വീപ്.

ദുബായ് എയർപോർട്ടിൻ്റെ എല്ലാ ടെർമിനലുകളിലെയും ഡിപ്പാർച്ചർ ഹാളുകളിൽ ഒരുത്സവത്തിരക്കായിരിക്കുമെപ്പോഴും. കഴിഞ്ഞ ഒരാഴ്ച്ചയായി തിരക്ക് അനിയന്ത്രിതമായതോടെ യാത്രക്കാരെ മാത്രമേ ടെർമിനലിന്നകത്തേക്ക് കടത്തി വിടുന്നുള്ളുവെന്ന് പത്രത്തിലൂടെ അറിഞ്ഞിരുന്നു. ഞങ്ങൾ എമിറേറ്റ്സ് ഫ്ലൈറ്റുകൾ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന ടെർമിനൽ ത്രീയിലാണ് വന്നിരിക്കുന്നത്. തിരക്കിനൊട്ടും ശമനമില്ലാത്ത അവസ്ഥ. ഓരോ ആറ് മിനിറ്റിലും ഒരു എമിറേറ്റ്സ് വിമാനം ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു കൊണ്ടിരിക്കയാണ് ഇവിടെ നിന്നും. സെൽഫ് ചെക്ക് ഇൻ കിയോസ്കുകളിലും ചെക്ക് ഇൻ കൗണ്ടറുകളിലും നീണ്ട ക്യൂ തന്നെ. ഞങ്ങൾ ഓൺലൈൻ ചെക്ക് ഇൻ ചെയ്തിരുന്നതിനാൽ കയ്യിലിരുന്ന ഒരു ട്രോളി ബാഗ് കൺവെയറിലേക്ക് വെച്ചു കൊടുത്തു അവിടെ നിന്നും ഒരു വിധത്തിൽ പാസ്പോർട്ട് കൺട്രോളിലേക്ക് നീങ്ങി.
ദുബായ് എയർ പോർട്ട് എമിഗ്രേഷനിൽ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യുന്ന പരിപാടികളൊന്നും തന്നെയില്ലാതായിട്ട് കുറച്ചേറെ നാളുകളായി. ( എന്തിനധികം, നമ്മുടെ പാസ്പോർട്ടിൽ വിസ പോലും പതിക്കുന്നില്ല ദുബായിലിപ്പോൾ.) പാസ്പോർട്ട് സ്കാൻ ചെയ്യുക , നമ്മുടെ കണ്ണുകളും സ്കാൻ ചെയ്യുക. മോണിറ്ററിൽ നമ്മുടെ പേര് തെളിഞ്ഞാൽ മുന്നിലെ ഗ്ലാസ് ഡോർ തുറക്കും. അതിലേ കടന്ന് പോകാം. എമിഗ്രേഷൻ ക്ലിയറൻസ് എത്ര സിംപിൾ. നാട്ടിലെ എമിഗ്രേഷനുകളിൽ സംശയത്തോടെ നോക്കുന്ന കഴുകൻ കണ്ണുകളും, അതിലേറെ കൊത്തിപ്പറിക്കുന്ന ചോദ്യങ്ങളുമായിരിക്കുന്ന ഓഫീസർമാരെ ഓർത്തു പോകുന്ന നിമിഷങ്ങളാണിത്.
പുലർച്ചെയുള്ള എമിറേറ്റ്സ് ഫ്ലൈറ്റിലായിരുന്നു മാലിയിലേക്കുള്ള ഞങ്ങളുടെ യാത്ര. നാളിത് വരെ വ്യത്യസ്ത ഭൂഖണ്ഡങ്ങളിലായി നിരവധി
രാജ്യങ്ങൾ സന്ദർശിക്കാനുള്ള അവസരം കൈവന്നിട്ടുണ്ടെങ്കിലും ഈ യാത്രയിൽ അപൂർവ്വമായ ഒരവസരമാണ് ഞങ്ങളെ കാത്തിരിക്കുന്നതെന്ന് ഓർത്തപ്പോൾ രാത്രി മുഴുക്കെ ഉറക്കമിളച്ച് എയർ പോർട്ടിൽ ഇരുന്നതിൻ്റെ ആലസ്യം ഞങ്ങളെ വിട്ടൊഴിഞ്ഞു. ഈ യാത്രയിൽ ഞങ്ങളോടൊപ്പം കൂടുന്നത് ദീഘകാല സൗഹൃദമുള്ള സഹപാഠികളും അവരുടെ കുടുംബവും കൂടിയാണെന്നതാണ് ആവേശത്തിന് ആക്കം കൂട്ടാനിടയാക്കിയത്.
എങ്കിലും ഫ്ലൈറ്റിൽ സുഖകരമായ ഒരുറക്കമാകാമെന്ന അതിമോഹം മനസ്സിലേക്കെത്തി നോക്കാതിരുന്നില്ല . അത് മനസ്സിലിട്ട് താലോലമാട്ടി അങ്ങനെ ഇരിക്കുമ്പോഴാന്ന് ബോർഡിംഗ് വൈകുന്നതിൻ്റെ കാര്യത്തെക്കുറിച്ച് മനസ്സിലായത്. 3.50 ആയപ്പോഴേക്കും യാത്രക്കാർ ബോർഡിംഗ് ഗേറ്റിൽ ഒരു നീളൻ ക്യൂ സൃഷ്ടിച്ചിരുന്നു. ഗേറ്റ് തെറ്റിപ്പോയോ എന്ന് തോന്നത്തക്ക വിധം 90% വും ഇംഗ്ലീഷുകാർ തന്നെയായിരുന്നു ക്യൂവിൽ . പക്ഷെ അവിടെയുള്ള കൗണ്ടറിൽ സ്റ്റാഫിനെ കാണുന്നില്ല. 4.20 ന് പോകേണ്ടുന്ന ഫ്ലൈറ്റിലേക്ക് കയറാനുള്ള സമയമായിട്ടും ഒന്നും നടക്കുന്നില്ലെന്നതിൽ അസ്വസ്ഥരായ യാത്രികർ ക്യൂവിൽ നിന്നും തെന്നിമാറി അവിടവിടെ ഇരിപ്പുറപ്പിച്ചു. അധികം വൈകാതെ അറിയിപ്പുണ്ടായി.
ലണ്ടനിൽ നിന്നുള്ള ഒരു ഫ്ലൈറ്റ് വൈകിയെത്തുന്നതിനാൽ മാലിയിലേക്കുള്ള തുടർ യാത്രക്കാരെ കാത്തിരിക്കുകയാണെന്നും അതിനാൽ ഈ ഫ്ലൈറ്റ് അല്പം വൈകും, അസൗകര്യത്തിന് മാപ്പ് എന്നായിരുന്നു അറിയിപ്പ്. അത് മര്യാദ. എമിറേറ്റ്സിൻ്റെ കാര്യത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണിത്. എല്ലാവരും മൊബൈലുകളിലേക്ക് തലതാഴ്ത്തി സമയം പോക്കാൻ തുടങ്ങി.
ഒടുവിൽ, ഒരു മണിക്കൂർ വൈകി വിമാനം യാത്ര തുടങ്ങി.
രാവിലെ 9.30 ന് മുമ്പായി ഞങ്ങൾ മാലിയിൽ എത്തിച്ചേരേണ്ടതായിരുന്നു. അതിപ്പോൾ ഒരു മണിക്കൂർ വൈകി 10.30 ആവും എന്നത് കൊണ്ട് വേറെ കുഴപ്പമൊന്നുമുണ്ടാകില്ല. ഞങ്ങളുടെ സുഹൃത്തുക്കൾ കൊച്ചിയിൽ നിന്നെത്താൻ പിന്നെയും അരമണിക്കൂർ ബാക്കിയുണ്ടാകും.
കൊച്ചിയിലെ പഴയ നേവൽ ബേസിൻ്റെ എയർപോർട്ടിൻ്റെയത്ര വലിപ്പം വരുന്നൊരു കുഞ്ഞൻ എയർപോർട്ട്.
അറൈവൽഹാളിൽ ഒരു സ്റ്റാഫ് ഞങ്ങളെ മാലിദ്വീപിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് നിറഞ്ഞ പുഞ്ചിരിയോടെ എമിഗ്രേഷൻ കൗണ്ടറിലേക്കുള്ള സൂചന നല്കി. അങ്ങോട്ട് നീങ്ങുന്നതിനിടെ ഞങ്ങളുടെ റിസോർട്ടിൻ്റെ സ്റ്റാഫ് ഞങ്ങളെ സമീപിച്ചു പരിചയപ്പെട്ടു. തുടർന്ന് ഞങ്ങളുടെ ബാഗേജ് കളക്റ്റ് ചെയ്യുന്ന കാര്യം അയാൾ ഏറ്റെടുത്തു. വളരെ സൗമ്യതയോടെ ചിരി നിറഞ്ഞ മുഖത്തോടെ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ ഞങ്ങളുടെ പാസ്‌പോർട്ട് സ്റ്റാമ്പ് ചെയ്ത് ഞങ്ങൾക്ക് സുഖകരമായ അവധിക്കാലം ആശംസിച്ചു.
റിസോർട്ട് സ്റ്റാഫ് ഞങ്ങളെ പുറത്തേക്കാനയിച്ചു.

വിമാനത്താവളത്തിൽ നിന്ന് ഞങ്ങൾ പുറത്തേക്കിറങ്ങുമ്പോൾ, ഇളം ചൂടുള്ള കാറ്റു വീശുന്നുണ്ടായിരുന്നു. എയർ പോർട്ടിന് ചുറ്റുമുള്ള കടലിലെ ഹരിത നീലിമ കലർന്ന വെള്ളം എന്നെ പെട്ടെന്ന് ഒരു സ്വപ്നലോകത്തിലേക്ക് എടുത്തെറിയുന്ന പോലെ തോന്നി. വർഷങ്ങളായി ഈ ദ്വീപ് സന്ദർശിക്കണമെന്ന എൻ്റെ ആഗ്രഹം ഇതാ സഫലമായിരിക്കുന്നു, എൻ്റെ മനസ്സ് പറഞ്ഞു. ഒടുവിൽ ഞാൻ ഇവിടെ എത്തിയിരിക്കുന്നു.
നീല തിരമാലകൾ ശാന്തമായി കരയിൽ വന്നണയുന്ന മനോഹരമായ കാഴ്ച. അതിനപ്പുറത്ത് നീല മേഘങ്ങളാലലംകൃതമായ ആകാശം ചക്രവാള സീമയിൽ കടലിനോടിട കലരുന്നതിൻ്റെ വിദൂരക്കാഴ്ചയും ഒരു വിസ്മയമായി മുന്നിൽ. ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ ദ്വീപ് ഒരു യഥാർത്ഥ പറുദീസ തന്നെയാണ്.
കടലിൻ്റെയും അടുത്തുള്ള ദ്വീപുകളുടെയും അതിമനോഹരമായ കാഴ്ച ഞങ്ങളെ അക്ഷരാർത്ഥത്തിൽ ആവേശഭരിതരാക്കി. ഈ ദ്വീപിൽ എയർ പോർട്ട് മാത്രമേയുള്ളുവെന്ന് വേണം അനുമാനിക്കാൻ. ഇത്ര സുന്ദരമായ ഭൂപ്രകൃതിയിലേക്ക് ഞങ്ങളെന്ത് കൊണ്ടിത്രയും നാൾ വന്നില്ല എന്നോർത്ത് എൻ്റെ മനസ്സ് പരിതപിക്കാതിരുന്നില്ല.
![]() |
ഇനി കുറച്ചു നേരം വിശ്രമിക്കാം. സമയം 11 മണി കഴിഞ്ഞതേയുള്ളു. ഇനിയും ഏറെ സമയമുണ്ട് കൊച്ചിയിൽ നിന്നും ഞങ്ങളുടെ സുഹൃത്തുക്കൾ എത്തിച്ചേരാൻ. അവരെത്തുന്നത് വരെ വിശ്രമിക്കാനായി റിസോർട്ട് സ്റ്റാഫ്
ഞങ്ങളെ ശീതീകരിച്ച വിശ്രമ കേന്ദ്രത്തിലേക്ക് കൊണ്ട് പോയി.
അതിനു പുറത്തും കടലിനഭിമുഖമായി നിരവധി ഇരിപ്പിടങ്ങളുണ്ടായിരുന്നു. ഞങ്ങൾ അവിടെ ഇരിപ്പുറപ്പിച്ചു. 28 ഡിഗ്രി ചൂട് പകരുന്ന ആ സമയത്തും കടലിൽ നിന്നെത്തുന്ന മൃദുവും സൗമ്യവുമായ കാറ്റ് ഞങ്ങളെ തഴുകിക്കൊണ്ടിരുന്നു. ഫ്ലൈറ്റിൽ നിന്നും Breakfast കഴിച്ചിരുന്നെങ്കിലും വേണമെങ്കിൽ ലഘു ഭക്ഷണം എന്തെങ്കിലുമാകാമെന്ന എൻ്റെ നിർദ്ദേശത്തെ പങ്കാളി സ്വാഗതം ചെയ്തു. റിഫ്രഷ്മെൻ്റ് ഔട്ട് ലെറ്റുകൾ നിരവധിയുണ്ട്. ഞങ്ങൾ അങ്ങോട്ട് നീങ്ങാൻ തീരുമാനിച്ചു.
ഒമ്പത് പേരടങ്ങുന്ന ഒരു ഗ്രൂപ്പാണ് ഞങ്ങളിന്നിവിടെ ഒന്നിക്കുന്നത്. ഏഴ് പേർ കൊച്ചിയിൽ നിന്നും എത്തുന്നവരാണ്. ദീർഘകാലം ദുബായിലായിരുന്ന, ഇപ്പോൾ നാട്ടിൽ പ്രശസ്തമായ രീതിയിൽ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന നസീർ ബാബു. ഒപ്പം ഭാര്യയും മകനും. ഈയടുത്തകാലത്ത് SBI ജനറൽ മാനേജറായി വിരമിച്ച അബ്ദുൽ സമദും ഭാര്യയും. പിന്നെ, ഭർത്താക്കന്മാർ തിരക്കിലായതിനാൽ തനിയെ പോരേണ്ടി വന്ന നസിമയും സൗദയും.

ഞങ്ങളുടെ സ്കൂൾകാലയളവിലെ സുഹൃത്തായ, ഇപ്പോഴും ആ സൗഹൃദം തുടരുന്ന റസിയ മുഹമ്മദാലി ഞങ്ങൾക്കായി ഓഫർ ചെയ്ത ഒരു വിനോദാവസരം ആസ്വദിക്കാനായിട്ടാണ് ഞങ്ങളിവിടെ എത്തിയിരിക്കുന്നത്.
പതിനൊന്നര കഴിഞ്ഞതോടെ കൊച്ചിയിൽ നിന്നുള്ള ഇൻഡിഗോ ഫ്ലൈറ്റിൻ്റെ ആഗമനം അറിയിച്ചു കൊണ്ടുള്ള അനൗൺസ്മെൻറുണ്ടായി. ഞങ്ങളുടെ സുഹൃത്തുക്കൾ ഇതാ എത്തുകയായി.
അരമണിക്കൂറിനകം അവരും പുറത്തേക്കെത്തി. കുശലപ്രശ്നങ്ങൾക്ക് ശേഷം റിസോർട്ട് സ്റ്റാഫ് ഞങ്ങളെ വാർഫിലേക്ക് നയിച്ചു.
കേരള തീരത്തിൽ നിന്നും അധികം അകലെയല്ലാതെ കിടക്കുന്ന മാലിദ്വീപിൻ്റെ ഈ ഭാഗത്തു കൂടി മുമ്പൊരിക്കൽ ട്രാൻസിറ്റ് പാസഞ്ചറായി യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇവിടെ ഇറങ്ങാനോ ഒന്ന് കറങ്ങാനോ ഉള്ള അവസരം ലഭ്യമായിരുന്നില്ല.
ഞങ്ങൾ റിസോർട്ടിൻ്റെ ആഡംബര ബോട്ടിലേക്ക് കയറി. ജീവനക്കാർ ഞങ്ങളെ സേഫ്റ്റി ജാക്കറ്റുകളൊക്കെ ധരിപ്പിച്ച ശേഷം ലഘു പാനീയങ്ങൾ തന്ന് ആസനസ്ഥരാക്കി. ഞങ്ങളുടെ സ്പീഡ് ബോട്ട് ശാന്ത പ്രകൃതിയായ ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ മാറിലൂടെ ഒരു ദിശയിലേക്ക് റിസോർട്ടിനെ ലക്ഷ്യം വെച്ചു കൊണ്ട് നീങ്ങാൻ തുടങ്ങി. കടൽയാത്ര ആദ്യമായി നടത്തുന്ന എൻ്റെ പങ്കാളിക്ക് അല്പാല്പം അസ്വസ്ഥതകൾ തോന്നിത്തുടങ്ങിയിരുന്നുവെങ്കിലും ബുദ്ധിമുട്ടുകൾ ഒന്നുമുണ്ടായില്ല.
സ്പീഡ് ബോട്ടിൽ വെള്ളത്തിന് കുറുകെ കുതിക്കുമ്പോൾ, എനിക്ക് ആവേശവും അത്ഭുതവും അനുഭവിക്കാതിരിക്കാൻ കഴിഞ്ഞില്ല. കാണാൻ തുടങ്ങിയിട്ടേ ഉള്ളുവെങ്കിലും മാലിദ്വീപ് ഞാൻ വിചാരിച്ചതിലും എത്ര മനോഹരമായിരിക്കുന്നു എന്ന് മനസ്സ് പറഞ്ഞു. ചില സ്ഥലങ്ങളിൽ നാം കാലുകുത്തുന്നതിന് മുമ്പ് തന്നെ നമ്മുടെ ഹൃദയം അവിടെ എത്തിപ്പെട്ടിട്ടുണ്ടാകും എന്നത് എത്രയോ ശരിയെന്ന് തോന്നി. ഈ ദ്വീപ് ശരിക്കും ആ വികാരത്തെ പ്രതിധ്വനിപ്പിക്കുന്നതായി തന്നെയാണ് എനിക്കനുഭവപ്പെട്ടത്. തീർച്ചയായും ഇത് ഇത്തരത്തിലുള്ള അവിസ്മരണീയമായ ഒരു യാത്രയായിരിക്കുമെന്ന് ഞാൻ ഊഹിച്ചതേ ഇല്ലായിരുന്നു.

അരമണിക്കൂർ നീണ്ട ബോട്ട് യാത്ര ഞങ്ങളെ കുടവില്ലിങ്ലി ദ്വീപിൽ കൊണ്ടെത്തിച്ചു. ഞങ്ങളെ സ്വീകരിക്കാനായി റിസോർട്ടിൻ്റെ ഓപ്പറേഷൻ മാനേജർ കൊച്ചി സ്വദേശിയായ ശ്രീ. സുനീറും റസ്റ്റോറൻ്റ് മാനേജറായ പാലാക്കാരി ലക്ഷ്മിയും ഒരു സംഘവുമായി വാർഫിൽ കാത്തുനില്ക്കുകയായിരുന്നു. മാലിയുടെ പരമ്പരാഗത വാദ്യമേളങ്ങളോടെയുള്ള തകൃതിയായ സ്വീകരണം. ഓരോരുത്തരെയും മാലയിട്ട് സ്വീകരിക്കവെ ജീവിതത്തിലാദ്യമായുണ്ടായ ഈ അനുഭവത്തെ ചുറ്റി നിന്ന അമ്പരപ്പിനെ മറച്ചു വെയ്ക്കാൻ ഞാൻ പാടുപെട്ടു.
ഒമാനിലും യു എ ഇയിലും പശ്ചിമേഷ്യയിലെ മറ്റു ചില രാജ്യങ്ങളിലും ഏറെ പ്രശസ്തമായ ബിസിനസ്സ് സംരംഭങ്ങളുള്ള ഗൾഫാർ മുഹമ്മദാലി സാഹിബിൻ്റെ ഉടമസ്ഥതയിലുള്ള കുടവില്ലിങ്ലി റിസോർട്ടാണ് ഞങ്ങൾക്കിവിടെ ആതിഥ്യമരുളുന്നത്. ദീർഘകാലമായുള്ള ഞങ്ങളുടെ ആഗ്രഹത്തിന് പരിസമാപ്തി കുറിച്ച, ഈ കടൽ പോലെ പ്രശാന്തസുന്ദരവും വിശാലവുമായ മനസ്സിനുടമയായ റസിയ മുഹമ്മദാലി എന്ന ഞങ്ങളുടെ പ്രിയസ്നേഹിതയെ ഞങ്ങൾ സ്നേഹപൂർവ്വം ഓർത്തു. ശരിക്കും ഞങ്ങളോടൊത്ത് ഈ ദിവസങ്ങൾ ചിലവഴിക്കാൻ റസിയാക്കും അതീവ താത്പര്യമായിരുന്നു. പക്ഷെ ഒഴിവാക്കാനാവാത്ത ചില കാര്യങ്ങൾക്കായി യു.കെ.യിലേക്ക് യാത്ര തിരിക്കേണ്ടി വന്നതിനാൽ അതിന് സാധ്യമായില്ല എന്ന വിഷമവും ആ നിമിഷത്തിൽ ഞങ്ങൾ പരസ്പരം പങ്കുവെച്ചു.
ആറ് പേർക്ക് സഞ്ചാരിക്കാവുന്ന ഓപ്പൺ ബഗ്ഗി രണ്ടെണ്ണം ഞങ്ങൾക്കായി കാത്തു നിന്നിരുന്നു. ആദ്യം അതിലൊന്നു കറങ്ങി വന്ന് റിസോർട്ടിൽ പോയി ഫ്രഷായി വന്ന ശേഷം ഭക്ഷണമാകാം എന്ന മിസ്സ് ലക്ഷ്മിയുടെനിർദ്ദേശം ഞങ്ങൾ ഉൾക്കൊണ്ടു. ഇരുവശവും ചെടികൾ നിറഞ്ഞ തുവെള്ള മൺവഴികളിലൂടെ വളഞ്ഞും തിരിഞ്ഞും ബഗ്ഗി ഓടിത്തുടങ്ങി. അതിമനോഹരമായ കാഴ്ചകളായിരുന്നു ആ കൊച്ചു യാത്ര പോലും ഞങ്ങൾക്കേകിയത്. ഒരു മണിയോടെ ഞങ്ങൾ റിസോർട്ടിലെത്തി.
മാലിദ്വീപ് സുവർണ്ണ സൂര്യന്റെ പ്രകാശത്തിൽ ആറാടി നില്ക്കുന്ന, നീല തിരമാലകളുടെ താളത്തിൽ ആടുന്ന മനോഹരമായ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ തന്നെ. മനോഹരമായ കാഴ്ചകൾ, സ്വാദിഷ്ടമായ ഭക്ഷണം, പ്രശാന്തത നിറഞ്ഞ അന്തരീക്ഷം എന്നിവ അവധിക്കാലം ആഘോഷിക്കാനെത്തുന്നവരെ സ്വാഗതം ചെയ്യാനായി കാത്തു വെച്ചിരിക്കുകയാണ് ദ്വീപ്. വരൂ, നമുക്ക് കടലിൻ്റെ അതിമനോഹരമായ വിസ്മയ മണ്ഡലങ്ങളിലേക്ക് കടക്കാമെന്നാണ് അവിടത്തെ പ്രകൃതി നമ്മോട് പറയുന്നത്.
അത് തികച്ചും സൗന്ദര്യ സമൃദ്ധവും അനന്തമായ വിനോദവും ഉള്ള ഒരു ലോകമാണെന്ന് നമ്മൾ തിരിച്ചറിയും. ഈ പറുദീസയുടെ ഓരോ കോണും, ദ്വീപിൽ എന്നേക്കും താമസിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന ഒരു മനോഹാരിതയാൽ നിറഞ്ഞിരിക്കുന്നു. അതിനാൽ, തീർച്ചയായും നമ്മൾ ഓർമ്മയിൽ വെക്കേണ്ട ഒരു കാര്യമുണ്ട്. ഒരു ടൂറിസ്റ്റ് ആകാതെ തന്നെ ഇവിടത്തെ കാഴ്ചകളിൽ മുഴുകാനുള്ള മനസ്സ് പാകപ്പെടുത്തുക എന്നതാണത്. ജീവിതത്തിൻ്റെ ഒരു ഇടവേളയിൽ ലഭ്യമായ ഈ മുഹൂർത്തത്തിൽ വെറുമൊരു സഞ്ചാരി ആയി നിലകൊള്ളാൻ പരമാവധി ശ്രമിക്കുമെങ്കിൽ കൂടുതൽ വിസ്മയക്കാഴ്ചകളുമായി നമുക്ക് നിഷ്പ്രയാസം ഇഴുകി ചേരാനാകും.
പ്രദേശവാസികൾ 'ലോ സീസൺ' എന്ന് വിളിക്കുന്ന ഓഫ് സീസൺ ആണ് ഈ ജൂലൈ മാസമെങ്കിലും ഞങ്ങൾക്ക് പ്രിയസുഹൃത്തിൻ്റെ വകയായി കിട്ടിയ ഈ അവസരം പരമാവധി ആഘോഷമാക്കാനാണ് ഇനി ഞങ്ങളുടെ തീരുമാനം.

ഹരിതനീല ജലവും, തിളങ്ങുന്ന മണലും, സമ്പന്നമായ മത്സ്യക്കൂട്ടങ്ങളും അവിസ്മരണീയമായ കാഴ്ചകൾക്കു വേദിയാവുന്നുണ്ട് ഈ ലോ സീസണിലും. പവിഴപ്പുറ്റുകളും വർണ്ണാഭമായ മത്സ്യങ്ങളും ഒളിച്ചു കളിക്കുന്ന വെള്ളത്തിനടിയിലെ ചടുലമായ ലോകത്തേക്ക് കാലെടുത്തു വെക്കുന്നതിൽ ആരോഗ്യപരമായ കാരണങ്ങളാൽ ഞാൻ ഒഴിവാക്കപ്പെട്ടെങ്കിലും സാഹസികരായ എൻ്റെ രണ്ട് സുഹൃത്തുക്കളും അതിന് തയാറായി മുന്നോട്ട് വന്നു. സ്കൂബാ ഡൈവിംഗിൻ്റെ അപൂർവ്വാനുഭവങ്ങൾ നഷ്ടമായതിൽ ഖിന്നനായിരുന്നു ഞാൻ. എങ്കിലും അവരുടെ വിവരണങ്ങൾ മനസ്സാ ഏറ്റുവാങ്ങി. അവർ പകർന്ന കാഴ്ചാനുഭവങ്ങൾ അത്യന്തം വിസ്മയാവഹമായി തന്നെയാണ് എനിക്ക് അനുഭവപ്പെട്ടത്.
കുടവില്ലിങ്ലി തീർത്തും വിസ്മയങ്ങൾ അനുഭവിപ്പിക്കുന്ന ഒരത്ഭുത ദ്വീപ് തന്നെയാണ്. കടലിൻ്റെ വിശാലതയിൽ, ഉയർന്ന് നില്ക്കുന്ന പച്ചപ്പ് നിറഞ്ഞ കുന്നുകളും, ദൂരെ, വെള്ളിയാങ്കല്ലു പോലുള്ള പാറക്കെട്ടുകളും എല്ലാം തന്നെ വൈവിധ്യമാർന്ന മനോഹരമായ കാഴ്ചകളൊരുക്കുന്നു. പഞ്ചാരമണൽക്കരകൾ അതിരിടുന്ന സുന്ദരമായ കടലോരം. നാലു ചുറ്റിൽ നിന്നും തെളിമയാർന്ന നീല ജലം അലസമായ തലോടൽ പോലെ കരയെ തഴുകുന്നു. അതിമനോഹരമായ കാഴ്ചകളൊരുക്കി സ്നോർക്കിലിംഗിലേർപ്പെട്ടിരിക്കുന്ന ടൂറിസ്റ്റുകൾ അവരുടെ ഒഴിവുകാലത്തെ സജീവമാക്കുന്ന കാഴ്ചകൾ നിരവധി.
കഴിഞ്ഞ 25 വർഷമായി മാലിയിൽ ജീവിക്കുന്നയാളും ഇപ്പോൾ കുടവില്ലിങ്ലി റിസോർട്ടിലെ റെസ്റ്ററൻ്റ് മാനേജറുമായ ശ്രീ മനോജ് അടൂർ സ്വദേശിയാണ്. അദ്ദേഹത്തിന് പറഞ്ഞാൽ തീരാത്തത്ര വിശേഷങ്ങൾ എന്നോട് പങ്കു വെയ്ക്കണമെന്നുണ്ട്. ചരിത്രത്തിലും രാഷ്ട്രീയത്തിലും ഒരു പോലെ തത്പരനായ അദ്ദേഹം ഇടയ്ക്കിടെ കിട്ടുന്ന ഇടവേളകളിൽ തൻ്റെ അനുഭവങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാൻ തത്പരനായിരുന്നു.
ഇൻഡ്യൻ മഹാ സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ വരുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ ഒരു സമൂഹമാണ് റിപ്പബ്ലിക് ഓഫ് മാൽഡൈവ്സ്. 200 ലേറെ ദ്വീപുകളിലാണ് ജനവാസമുള്ളത്. പ്രാചിന സിംഹള ഭാഷയുമായി ബന്ധമുള്ള ദിവേഹിയാണ് ഔദ്യോഗിക ഭാഷ. പ്രധാന തൊഴിൽ മത്സ്യ-ബന്ധനവും തെങ്ങുകൃഷിയുമാണ്.
എന്നാൽ അഞ്ച് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള രാജ്യത്തെ പുതുതലമുറകൾ പരമ്പരാഗത തൊഴിൽ രീതികൾ പിന്തുടരാൻ താത്പര്യമില്ലാത്തവരാണ്. അവരുടെ അഭിരുചികൾക്കനുസരിച്ച് മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഹെൽത്ത് തുടങ്ങിയ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ കൊടുക്കുന്നുണ്ട് മാൽസൈവ്സ് നാഷണൽ യൂണിവേഴ്സിറ്റി. ഭാവിവാഗ്ദാനങ്ങളെ സൃഷ്ടിച്ചെടുക്കുന്നതിനായുള്ള അശ്രാന്ത പരിശ്രമം അവർ നിറവേറ്റുന്നു. ടൂറിസം മേഖലയുടെ വളർച്ചയും രാജ്യത്തിൻ്റെ വരുമാന സ്രോതസ്സിലെ മുഖ്യ ഇനമായി മാറിക്കഴിഞ്ഞിട്ടുണ്ട്.
വിനോദസഞ്ചാരികളുടെ പറുദീസയാണ് മാലദ്വീപുകൾ എന്ന് പറയുന്നത് ക്ലീഷേ അല്ല. അടുത്തടുത്തായി കിടക്കുന്ന ദ്വീപുകളിൽ നിരവധി കാഴ്ചാവിസ്മയങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. കേരള തീരത്ത് നിന്ന് അര മണിക്കൂറിൽ പറന്നാലെത്താവുന്ന ദൂരത്താണ് മാലദ്വീപ് എന്നത് കൊണ്ട് ഇടത്തരക്കാരായ നിരവധി മാലദ്വീപുകാർ ചികിത്സയ്ക്കും ഷോപ്പിംഗിനുമായി കേരളത്തിൻ്റെ പല ഭാഗങ്ങളിലേക്കും എത്താറുണ്ട്.
പത്ത് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ കൊടുങ്ങല്ലൂർ ടൗണിൽ താമസിക്കുന്ന കാലത്ത് തൊട്ടടുത്തുള്ള വന്ധ്യതാ ചികിത്സക്കു പേര് കേട്ട ഹോസ്പിറ്റലിൽ വന്ന മാലദ്വീപുകാരായ ഒരു ദമ്പതികളെ ഞാനോർത്തു. അവർ ഞങ്ങളുടെ വീട്ടിലായിരുന്നു പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്നത്. മലയാളം നല്ല പോലെ സംസാരിക്കുന്ന അവരിൽ നിന്നും ദിവേഹി ഭാഷയിലെ ഉപചാരവാക്കുകൾ ചിലത് പഠിച്ചിരുന്നു. ഒക്കെയും മറന്ന് പോയി.
ഞങ്ങൾക്ക് ബട്ലറായി കിട്ടിയത് ഇരുപത്തഞ്ചുകാരനായ ചുറുചുറുക്കുള്ള മുഷ്റിഫ് എന്ന ഒരു പയ്യനെയായിരുന്നു. ബട്ലർ എന്ന് കേൾക്കുമ്പോൾ പണ്ട് സിനിമകളിൽ കണ്ടിരുന്ന പാൻ്റ്സും ഷർട്ടും ഹാഫ് ജാക്കറ്റും വിലങ്ങനെയുള്ള നെക് ടൈയും ധരിച്ച് ഉയർത്തിപ്പിടിച്ച ഇടത് കൈയിൽ ഭക്ഷണ ട്രേയുമായി വരുന്ന ഒരാളാണ് ഓർമ്മയിലേക്ക് വന്നത്. എന്നാൽ ഇവിടത്തെ ബട്ലർ അങ്ങനൊന്നല്ല തന്നെ. അതിഥികളായ ഞങ്ങളുടെ താമസം ഭക്ഷണം സൈറ്റ് സീയിങ് അടക്കം ഏതൊരാവശ്യത്തിനും എപ്പോൾ വിളിച്ചാലും വിളിപ്പുറത്തുണ്ടാവുന്ന ഒരു മുഖ്യ പരിചാരകൻ. അയാളാണ് മറ്റുള്ളവർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുക.
ഭക്ഷണത്തിൻ്റെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചക്കും തയാറാവാത്ത നിലപാടിലൂന്നിയുള്ള ആതിഥേയത്വമാണ് ഞങ്ങൾക്കവിടെ അനുഭവിക്കാനായത്. ഓരോ സമയങ്ങളിലും വ്യത്യസ്തമായ, രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന അത്യധികം രുചികരമായ ഭക്ഷണവുമായാണ് അവർ ഞങ്ങളെ എതിരേറ്റിരുന്നത്. ഇറ്റാലിയൻ, പെറുവിയൻ , തായ്, മെഡിറ്ററേനിയൻ, അറേബ്യൻ ഭക്ഷണങ്ങളുടെ വ്യത്യസ്ത രുചികൾ ഈ ദിവസങ്ങളിൽ അനുഭവിക്കാനായി എന്നത് അവിസ്മരണീയമായ ഒരു കാര്യം തന്നെയായിരുന്നു.
നാലാം നാൾ രാവിലെ കുടവില്ലിങ്ലിയോട് വിട പറയുമ്പോൾ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെയും ഓരോ നിമിഷങ്ങളും അനുഭവിച്ചറിഞ്ഞ ഒരു പുതുലോകത്തെ നഷ്ടമാകുകയാണല്ലോ എന്ന ചിന്ത ഞങ്ങളുടെ ഓരോരുത്തരുടെയും മനസ്സിനെ മഥിക്കുന്നുണ്ടായിരുന്നു.


