23 August 2024 · 5 min read · കഥ

രണ്ടാം പ്രണയ മഹായുദ്ധം

സിനിമ # രണ്ടാം പ്രണയ മഹായുദ്ധം # ജാസ്മിൻ കാവ്യ #

സ്ത്രീകളെ എന്നും ക്യാമറക്ക് മുമ്പിലെ കച്ചവട വസ്തുവായി മാത്രം കാണുന്ന പുരുഷ കേന്ദ്രീകൃതമായ ഒരു കലാ/ തൊഴിൽ പരിസരമാണ് സിനിമാരംഗം. അത്തരം സാഹചര്യങ്ങൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തിക്കൊണ്ടാണ്, സിനിമയുടെ മുഖ്യധാരയിലേക്ക് പൂർവ്വഗാമികളൊരുക്കിയ വഴികളിലുടെ ക്യാമറയുമേന്തി കടന്ന് വരാൻ  തങ്ങൾക്കുമാകുമെന്ന് തെളിമയുള്ള ഭാഷയിൽ പറഞ്ഞ് ജാസ്മിൻ കാവ്യ എന്ന നവാഗത

സംവിധായിക രംഗത്തെത്തിയിരിക്കുന്നത്. 

സിനിമാരംഗത്ത് പുതിയതാണെങ്കിലും തൻ്റെ ധൈഷണിക മണ്ഡലത്തിൽ നിന്ന് കൊണ്ട് കവിതയിലൂടെയും  കഥകളിലൂടെയും  സ്ത്രീ ശാക്തീകരണത്തിൻ്റെ വക്താവായി മലയാളി സമൂഹം കണ്ടെത്തിയിട്ടുള്ളതാണ്  ഈ പ്രതിഭാശാലിയെ. താൻ കൈ വെച്ച ഈ മേഖലയിലും സിനിമയുടെ ഭാഷയും വ്യാകരണവും തനിക്കന്യമല്ല എന്ന് സംശയലേശമെന്യേ തെളിയിച്ചിരിക്കയാണ് കാവ്യ തൻ്റെ ഈ കന്നിച്ചിത്രത്തിലൂടെ. മലയാള സിനിമാരംഗത്തെ സ്ത്രീ വിരുദ്ധതയെക്കുറിച്ച് മുന്‍പൊരിക്കലുമില്ലാത്ത വിധം ചര്‍ച്ചകള്‍ നടക്കുന്ന കാലത്തു കൂടിയാണ് ഈ ചിത്രത്തിൻ്റെ പിറവിയെന്നത് ശ്രദ്ധേയമാണ്. സ്ത്രീകള്‍ ആജ്ഞാനുവര്‍ത്തികളായി മാത്രം നില നിന്നിരുന്നിടത്ത് നിന്നുള്ള ഈ വളര്‍ച്ച, ഒട്ടും ചെറുതല്ല എന്നതാണ് ഏറെ പ്രസക്തമായ കാര്യം.  

പുരുഷ കേന്ദ്രീകൃതമായ സിനിമാ രംഗത്ത്, പ്രത്യേകിച്ച് സംവിധാനമെന്ന ഏറ്റവും പ്രധാനമായ ഭാഗധേയം നിർവ്വഹിക്കുന്നതിൽ സ്ത്രീകൾ മുന്നോട്ട് വന്നിട്ടുള്ള ശുഭോദർക്കമായ കാര്യം ഒരു നൂറ്റാണ്ട് മുമ്പേ നമ്മൾ  കണ്ടിട്ടുണ്ട്.  ഇന്ത്യയിൽ, നൂറ് വർഷങ്ങൾക്ക് മുമ്പേ കഥ പറയാനായി ക്യാമറ കൈയ്യിലെടുത്ത സ്ത്രീകളുടെ ചരിത്രം തുടങ്ങുന്നത് ഫാത്തിമ ബീഗത്തിൽ നിന്നുമാണ്. ഇന്ത്യയിലെ ആദ്യ സ്ത്രീ സംവിധായികയായ ഫാത്തിമ ബീഗം നടിയും തിരക്കഥാകൃത്തും കൂടിയായിരുന്നു. അവിടുന്നങ്ങോട്ട് നിരവധി പേര്‍ ആ ശ്രേണിയിലുണ്ടായി. സംവിധായികയാകാന്‍ പോയി നടിയായിത്തീര്‍ന്ന ദേവികാ റാണി മുതല്‍, നടിമാരായി വന്ന് സംവിധായികമാരായ രേവതി, സുഹാസിനി, നന്ദിതാ ദാസ്, ഗീതു മോഹന്‍ദാസ് തുടങ്ങിയവര്‍ വരെ. അവരുടെ നിരയിലേക്കാണ് പുതിയ ചലച്ചിത്ര ഭാഷ്യവുമായി ജാസ്മിൻ കാവ്യയും അണിചേരുന്നത്.  




അര നൂറ്റാണ്ട് മുമ്പേ തന്നെ മലയാള സിനിമാ സംവിധാന രംഗത്തും സ്ത്രീ സാന്നിദ്ധ്യത്തിൻ്റെ അനുരണനങ്ങളുണ്ടായിട്ടുണ്ട്. മലയാളത്തിലെ ആദ്യ സ്ത്രീ  സംവിധായികയുടെ രംഗപ്രവേശം വിജയ നിര്‍മ്മലയിലൂടെയാണ് തുടങ്ങുന്നത്. 1970കളില്‍ റിലീസ് ചെയ്ത 'കവിത'യാണ് അവര്‍ മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രം. തുടർന്ന് അതേ കാലയളവിൽ തന്നെ രണ്ടു മികച്ച കൊമേഴ്സ്യൽ ചിത്രങ്ങളിലൂടെ  സ്ത്രീ സംവിധായിക പ്രസ്ഥാനത്തെ നില നിറുത്തിയത് ഷീലയാണ്. ‘യക്ഷഗാനം’, ‘ശിഖരങ്ങള്‍’ എന്നീ ചിത്രങ്ങളാണ് ഷീലയുടെ സംവിധാനത്തിലായി അക്കാലത്ത് പുറത്തു വന്നത്. 

പക്ഷെ തുടർന്നുള്ള കാലങ്ങളിൽ ഇവരെല്ലാം തന്നെ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ട് പോവുകയാണുണ്ടായത്. 

തുടർന്നു വന്നവരായ രേവതി, സുഹാസിനി , അജ്ഞലി മേനോൻ, ഗീതു മോഹൻദാസ് എന്നിവരൊക്കെയും സിനിമയുടെ ഭാഷ സ്വായത്തമാക്കി അതിനോടിട പെട്ടവരായിരുന്നെങ്കിലും അവർക്ക്  സജീവമായി നിലനില്ക്കാൻ മാത്രം പിൻബലം ഒരിടത്തു നിന്നുമുണ്ടായില്ല എന്നതാണ് അനുഭവം. ചിലപ്പോളൊക്കെ അവർ സിനിമ നിർമ്മിച്ചു. ചിലതൊക്കെ വിജയിച്ചു. എന്നാൽ ചിലതൊക്കെ ആരുമറിയാതെ പെട്ടിയിലുറങ്ങി.

മുഖ്യധാരയിൽ നിന്നും അവർ   അകന്ന് പോകാനിടയാക്കിയ കാരണങ്ങൾ സൂക്ഷ്മതലത്തിൽ നമുക്ക് കണ്ടെത്താൻ അധികം ചികയേണ്ടതില്ല. സിനിമാ വ്യവസായം ഇപ്പോഴും എപ്പോഴും പുരുഷ കേന്ദ്രീകൃതമായി തന്നെയാണ് നിലകൊള്ളേണ്ടത്‌ എന്നും സിനിമയുടെ ഭാഷ സൃഷ്ടിക്കാൻ അവകാശം തങ്ങൾക്കേ ഉള്ളുവെന്നും ശഠിക്കുന്ന ചിലരെയാണ്   നമ്മൾക്ക് അതിൻ്റെ ഉത്തരമായി  കണ്ടെത്താനാവുക. സിനിമയെ നയിക്കുന്നത് ഒരു സ്ത്രീ എന്നത് താരങ്ങള്‍ മുതൽ സിനിമയുടെ  വിവിധ മേഖലയിലുള്ള പുരുഷ കേസരികൾക്കാർക്കും സ്വീകാര്യമായ ഒന്നല്ല തന്നെ. ഇത് തന്നെയാണ് സ്ത്രീകള്‍ കൂടുതലായി മുന്നിലേക്ക്‌ എത്താത്തതിന്റെ കാരണം.

എന്നാല്‍ ആ സ്ഥിതിവിശേഷം പതിയെ മാറി വരികയാണ്.

ഇവിടെ, ജാസ്മിൻ കാവ്യയുടെ രണ്ടാം പ്രണയ മഹായുദ്ധം എന്ന ചിത്രം തികച്ചും കാവ്യാത്മകമായി തന്നെ സെല്ലുലോയ്ഡിലേക്ക് പകർത്തിവെയ്ക്കാൻ രചയിതാവ് ഉൾക്കൊണ്ട ഏകാഗ്രതയും പരിശ്രമങ്ങളും ശ്ലാഘനീയമാണ്. Feminine aesthetics പൂർണ്ണമായും ഉൾക്കൊണ്ടു കൊണ്ട് തനിക്ക് സംവേദിക്കേണ്ടതായ വിഷയത്തെ ചലച്ചിത്ര ഭാഷയിലേക്ക് പകർത്തി വെക്കാനായി എന്നത്  ഒരു ധീരമായ ചുവട് വെയ്പ്പ്  തന്നെയാണ്.

തനിക്കു ലോകത്തോട്‌ സംവദിക്കാന്‍ കിട്ടിയ അവസരത്തെ കഴിയുന്നതും 'effective' ആയി വിനിയോഗിക്കാന്‍ തന്നെ ശ്രമിക്കുന്നുണ്ട് അവര്‍ ഈ ചിത്രത്തിലൂടെ. ശരിക്കും സ്ത്രീ സഹജമായ ഒരു തിരിച്ചറിയല്‍, പ്രതികരണം എന്നൊക്കെ അതിനെ വിശേഷിപ്പിക്കാം.

കൗമാരം കടന്ന് വരുന്ന മറ്റേതൊരു പെൺകുട്ടിയെയും പോലെ വൈവാഹിക ജീവിതത്തെ സ്വപ്നം  കണ്ടവളായിരുന്നു മണിമേഖലയും. പക്ഷെ അന്യ മതസ്ഥനെ പ്രണയിച്ചത് കുടുംബത്തിന് ദോഷമുണ്ടാക്കുമെന്ന അമ്മയുടെ ദൈന്യത നിറഞ്ഞ ഭാവത്തിന് മുന്നിൽ അവൾ കീഴടങ്ങുകയായിരുന്നു. തുടർന്നു മറ്റൊരാളുമായുണ്ടായ ജീവിതത്തിൽ നിന്നും ഗാർഹിക പീഢനത്തെ തുടർന്ന് വിവാഹമോചിതയായ അവൾ ജീവിതത്തെ വേറൊരു കോണിലൂടെ നോക്കിക്കാണാൻ ശ്രമിക്കുന്നു. 

പിടിച്ചു വാങ്ങിയ സ്വാതന്ത്യമെന്ന് അവൾ  ഉദ്ഘോഷിക്കുമ്പോഴും അവളനുഭവിക്കുന്ന ആത്മസംഘർഷങ്ങളുടെ, ദൈനം ദിന ജീവിതത്തിൽ നേരിടുന്ന  വെല്ലുവിളികളുടെ ഒരു നേർക്കാഴ്ചയായാണ് ചിത്രം നമ്മുടെ മുമ്പിൽ അവതരിക്കുന്നത്. അത് തന്നെയാണ് പ്രമേയത്തിൻ്റെ കാതൽ. ഒട്ടും തടസ്സങ്ങളില്ലാതെ ഭാവസാന്ദ്രമായ ഒരു കാവ്യം പോലെയാണ് ആദ്യന്തം കഥയുടെ ഒഴുക്ക് അനുഭവപ്പെടുന്നത്.

അമ്മയും അനിയത്തിയും സഹോദരനുമടങ്ങുന്ന കുടുംബത്തിൽ അവൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്കിടയിലും, ജീവിതം പുനർനിർമ്മിക്കാനും സാധാരണ നില കണ്ടെത്താനുമാണ് അവളുടെ ശ്രമം. ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ, അവൾ ഒരു ഹോം നഴ്സ് ആയി മാറുന്നു,  അതിനിടയിൽ വന്ന് പെടുന്ന ചില കഥാപാത്രങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

ആദ്യ സീക്വൻസുകളിൽ പൊങ്ങച്ചക്കാരിയായ ഒരു പരിഷ്കാരിയായി നമ്മൾ കാണുന്ന കഥാപാത്രത്തിൻ്റെ പിന്നാലെ ക്യാമറ സഞ്ചരിക്കുമ്പോളാണ് ദുരന്തപൂർണ്ണമായ ഒരു ജീവിതം നയിക്കുന്നവളെങ്കിലും ശക്തമായ നിലപാടുകളുള്ള മറ്റൊരു വ്യക്തിത്വത്തെ നമ്മൾ അവളിൽ കണ്ടെത്തുന്നത്.

അവളനുഭവിക്കുന്ന വൈകാരിക മുറിവുകൾ  മറ്റുള്ളവരിൽ നിന്ന് മറച്ചു വെയ്ക്കാനായി അവളെപ്പോളും ഒരു കർക്കശക്കാരിയുടെ മുഖം മൂടിയണിയുന്നുണ്ട്.  മറ്റുള്ളവരെ വിശ്വസിക്കാനും പുതിയ ബന്ധങ്ങൾ രൂപീകരിക്കാനും അവൾക്ക് ബുദ്ധിമുട്ടാകുന്ന വിധമാണ് കഥാപാത്രഘടന. അത്തരം അനുഭവങ്ങളാണ് ഓരോ ഘട്ടങ്ങളിലും അവളെ പിന്തുടരുന്നത്. 

പ്രമേയത്തിൻ്റെ നെടുംതൂണായി വർത്തിക്കുന്ന ഈ കഥാപാത്രത്തിലേക്കാണ് ചിത്രത്തിലെ മറ്റോരോരുത്തരും   വന്നെത്തുന്നത്. അനാഥയായ അമലയെന്ന പെൺകുട്ടി, ദത്തെടുക്കപ്പെട്ട വീട്ടിൽ നിന്നും നേരിടേണ്ടി വന്ന ഗാർഹിക പീഢനത്തിൽ നിന്നും രക്ഷപ്പെട്ട് എത്തുന്നത് ഈ ജീവിത പരിസരത്തിലേക്കാണ്. അളവില്ലാത്ത സമ്പത്തിനുടമയായിട്ടും അതെല്ലാമുപേക്ഷിച്ച് സെക്യൂരിറ്റി ജോലി ചെയ്ത് ജീവിക്കുന്നയാളാണ് മറ്റൊരു കഥാപാത്രം.   

വിദേശത്ത് ബിസിനസ്സുകാരനായ ഒരാളുടെ അമ്മയെ ശുശ്രൂഷിക്കുന്ന ജോലിയാണ് മണിമേഖല ചെയ്ത് കൊണ്ടിരിക്കുന്നത്.       അപ്രധാന വേഷങ്ങളാണെങ്കിലും അമ്മയും സഹോദരങ്ങളുമടങ്ങുന്ന കഥാപാത്രങ്ങളും കഥയുടെ ഇഴകൾ ചേർത്ത് കെട്ടാൻ പാകത്തിന് വന്ന് പോകുന്നവരാണ്.

രചനയും സംവിധാനവും നിർവ്വഹിക്കുന്നതിലൂടെ തൻ്റെ ആത്മ സാക്ഷാത്കാരത്തിൻ്റെ പൂർണ്ണത തേടുന്ന വിധമാണ് പ്രധാന കഥാപാത്രത്തിൻ്റെ കൂടി ഭാവാവിഷ്കാരങ്ങൾ ജാസ്മിൻ കാവ്യ പകർത്തി വെക്കുന്നത്. ചിരപരിചിതയായ ഒരു അഭിനേത്രിയുടെ മെയ് വഴക്കം സ്വായത്തമായിട്ടുള്ളതിനാൽ ഒട്ടും ആയാസപ്പെടാതെ തന്നെ  ചിത്രത്തിലുട നീളം തൻ്റെ റോൾ ഭംഗിയായി നില നിറുത്താൻ ജാസ്മിന് കഴിഞ്ഞിട്ടുണ്ട്. ചില സ്വീകൻസുകളിലെങ്കിലും അഭിനയ ചാതുരിയിൽ മാറ്റുരക്കും വിധം നടി  ഉർവ്വശിയുടെ ഭാവഹാവാദികൾ അറിയാതെ തന്നെ ജാസ്മിനിൽ ആവേശിച്ചിരുന്നതായും തോന്നിപ്പോയി. 

സെക്യൂരിറ്റിക്കാരനായി അഭിനയിച്ച നടനും അമലയായി വന്ന പെൺകുട്ടിയും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.

കെ. ആർ. വിജയ എന്ന അതുല്യ കലാകാരിയുടെ അഭിനയ സാദ്ധ്യതകൾ പകർത്തിവെയ്ക്കാനായ ഒന്നും സിനിമയുടെ ഭാഗമായി വരുന്നില്ലെങ്കിലും അവരുടെ സാന്നിദ്ധ്യം ചിത്രത്തിന് ഒരു മുതൽക്കൂട്ട് തന്നെയാണ്. കിടപ്പിലായിപ്പോയ ഒരു വൃദ്ധയുടെ ഭാഗമാണ് അവർക്കുള്ളതെങ്കിലും അതിൽപ്പോലും ഒരു ചലനാത്മകത നിലനിറുത്താൻ സംവിധായികക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു പുതുമുഖ സംവിധായിക എന്ന നിലക്ക് കെ. ആർ. വിജയയെ തൻ്റെ ചിത്രത്തിൽ ഉൾപ്പെടുത്താനായതിൻ്റെ ത്രിൽ ജാസ്മിൻ കാവ്യ തന്നെ വെളിപ്പെടുത്തിയിരുന്നത് ഓർക്കുന്നു. സീരിയൽ - സിനിമാ നടനായ ലിഷോയ്, മാത്യു പ്ലാത്തോട്ടം എന്നിങ്ങനെ നിരവധി പേർ കഥയുടെ ഭാഗമായി വന്നു പോകുന്നുണ്ട്.

സാങ്കേതിക ഘടകങ്ങൾ എല്ലാം തന്നെ ഒന്നിനൊന്ന് മെച്ചമാണ്. ക്യാമറ കൈകാര്യം ചെയ്ത  ഷിഹാബ് ക്യാമിയോയും    എഡിറ്റിങ്ങിൻ്റെ താളബോധമറിയുന്ന സുദീപ് സുധാകരനും, സിനിമയുടെ വൈകാരിക മുഹൂർത്തങ്ങളുടെ സമതുലനം കൃത്യമായി പാലിച്ചു കൊണ്ട്   സംഗീതം നിർവ്വഹിച്ച നൗഷാദ്, ബിബിൻ അശോക് എന്നിവരും ചിത്രത്തിൻ്റെ സമ്പൂർണ്ണതക്ക് തങ്ങളുടേതായ പങ്ക് പകർന്ന് നല്കിയവരാണ്.

റഫീഖ് അഹമ്മദിൻ്റെയും ജാസ്മിൻ്റെയും ഗസൽ പോലെ മനോഹരങ്ങളായ  രണ്ട് ഗാനങ്ങൾ കഥാഗതിക്ക് ചേരും വിധം ഉൾപ്പെടുത്തിയിരിക്കുന്നു.

പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്ന് പോയ കഴിഞ്ഞ ഏഴ് വർഷങ്ങളിലെ പരിശ്രമമാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. അതിൻ്റെ പരിമിതികൾ ഇവിടെ കണ്ടേക്കാം എന്ന് ആഖ്യാതാവ് വിനയപൂർവ്വം ഏറ്റ് പറയുന്നുണ്ടെങ്കിലും ധീര മൂവിസിൻ്റെ ധീരമായ ഒരു കാൽവെയ്പാണ് ജാസ്മിൻ കാവ്യയിലൂടെ മലയാള സിനിമയിൽ രംഗപ്രവേശം നടത്തിയിരിക്കുന്നത് എന്ന് നിസ്സംശയം പറയാം. തുടർന്നും ഈ രംഗത്ത് പുതിയ സംരംഭങ്ങളുമായി നിലനില്ക്കാൻ ജാസ്മിൻ കാവ്യ പ്രാപ്തയാണ് എന്നതിൻ്റെ ശക്തമായ തെളിവ് തന്നെയൊണ്  ഒന്നര മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഈ ചെറിയ സിനിമ.

പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനും ദുർബലതയിൽ ശക്തി കണ്ടെത്താനും വേദനയുടെ ചാരത്തിൽ നിന്ന് മനോഹരമായ, ആത്മാംശമുള്ള എന്തെങ്കിലും സൃഷ്ടിക്കാനുമുള്ള മനുഷ്യൻ്റെ കഴിവിൻ്റെ തെളിവാണ് അവസാന ഫ്രെയിമിൽ അവർ പറഞ്ഞു വെയ്ക്കുന്നത്.

ലിങ്ക് താഴെ

https://youtu.be/kZRsQz0UXQ0

Share this story

Comments (0)

  • Be the first to write one.