31 August 2024 · 13 min read · കഥ

പാലിയം പാലസ്


പെരിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴക്ക് കുറുകെയുള്ള  കോട്ടപ്പുറത്തെ ഒന്നാം പാലം കടക്കുമ്പോഴേക്കും തെളിമയാർന്നു നിന്നിരുന്ന മാനം ഇരുണ്ട് മൂടാൻ തുടങ്ങി.  കായലിലെ ജലപ്പരപ്പ് ആ കനത്ത ഭാവം ഏറ്റുവാങ്ങിയിട്ടെന്നോണം ശ്യാമവർണ്ണം പൂണ്ട് ഒന്നിളകിയാടി. തങ്ങളോട് ചേരാനായി തുടങ്ങുന്ന മഴത്തുള്ളികളെ നെഞ്ചോട് ചേർക്കാനായി പുഴയിലെ ജലസമൃദ്ധിയത്രയും  ഒരുങ്ങി നില്ക്കുന്ന പോലെ. ഒന്നിച്ച് പടിഞ്ഞാട്ടൊഴുകി കടലിൽ വിലയം പ്രാപിക്കാനുള്ള ആവേശം ആ കാത്തിരിപ്പിന് കനം കൂട്ടിയിരിക്കണം. 

NH 66 ലേക്കുള്ള പുതിയ പാലത്തിന്റെ തൂണുകൾ ഉറപ്പിക്കുന്ന ബാർജുകളിൽ നിരവധി തൊഴിലാളികൾ പണിയെടുത്തു കൊണ്ടിരിക്കുന്നുണ്ട്. കോൺ ക്രീറ്റുകൾ അടർന്നു കുണ്ടും കുഴിയുമായ പാലത്തിലൂടെ സാവധാനം ഞാൻ മുന്നോട്ട് നീങ്ങി. കിഴക്കോട്ട് നോക്കുമ്പോൾ പഴയ പോർച്ചുഗീസ് കോട്ടയുടെ സ്ഥാനം നിർണ്ണയിക്കത്തക്ക വിധം കൂറ്റൻ മരത്തിന്റെ തലപ്പ് ആകാശ വിതാനങ്ങളിലേക്ക് ഉയർന്ന് നില്ക്കുന്നത് കാണായി.

മഴ ചാറിത്തുടങ്ങി. ഒന്നാം പാലം കടന്ന് മുന്നോട്ട് നീങ്ങി രണ്ടാം പാലത്തിലെത്തും മുമ്പേ മഴ കനത്തു പെയ്യാൻ തുടങ്ങി. ഒരിഞ്ച് പോലും മുമ്പോട്ട് നീങ്ങാനാവാത്ത അവസ്ഥ. എന്തായാലും ഈ യാത്ര ഇവിടെ വെച്ച് അവസാനിപ്പിക്കാൻ ഞാനൊരുക്കമായിരുന്നില്ല. പല തവണയായി പല കാരണങ്ങളാൽ മുടങ്ങിക്കിടന്നതായിരുന്നു. ഇന്നിത് പൂർത്തികരിച്ചിട്ടേ മടക്കമുള്ളു.

ഇടവത്തിലും കർക്കിടകത്തിലും പെയ്യാൻ മടിച്ചു നിന്ന മഴ ചിങ്ങത്തിൽ പെയ്യാൻ തുടങ്ങിയെങ്കിലും അതിന്റെ ശക്തിയും ദൈർഘ്യവും തുലോം കുറവായാണ് അനുഭവപ്പെട്ടത്. രണ്ടാം പാലം കടന്ന് മുന്നേറുമ്പോഴേക്കും മഴ ശമിച്ചിരിക്കുന്നു! ഞാൻ തിരക്കു പിടിക്കാതെ മുന്നോട്ട് നീങ്ങി. അടുത്ത ഇരുപത് മിനിറ്റിൽ  പാലിയം കൊട്ടാരത്തിൻ്റെ പരിസരത്തിലെത്തുമ്പോഴേക്കും അന്തരീക്ഷം ചൂടു പകരും വിധം തീർത്തും തെളിഞ്ഞിരുന്നു.

ശാന്തമായ കായലുകൾക്കും പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന വടക്കൻ പറവൂരിലെ പാലിയം കൊട്ടാരം പതിനെട്ടാം നൂറ്റാണ്ടിൻ്റെ മഹത്വത്തിൻ്റെയും ചാരുതയുടെയും തെളിവായി നില കൊള്ളുന്നത് ഇവിടെയാണ്. എൻ്റെ യാത്ര, അതിൻ്റെ സുദൃഢമായ ചുവരുകൾക്കുള്ളിൽ സൂക്ഷ്‌മമായി സംരക്ഷിച്ചിരിക്കുന്ന  പ്രൗഢമായ രാജകീയതയുടെയും സംസ്‌കാരത്തിൻ്റെയും ചരിത്രത്തിൻ്റെയും കഥകളുടെ ചുരുളഴിച്ച കാലത്തിലൂടെയുള്ള ഒന്നായി മാറിയേക്കും എന്നാണെൻ്റെ വിശ്വാസം.

ഞാൻ ഇറങ്ങി നടന്നു. വീതിയേറിയ ഒരു വഴിയിലൂടെ നടന്ന് ചെന്നത് ഒരു വലിയ ഗേറ്റിന് മുന്നിലാണ്. അകത്തേക്ക് കടക്കുന്നതെങ്ങനെയെന്ന് ആരോടെങ്കിലും തിരക്കാമെന്ന് കരുതിയപ്പോഴാണ് അത് പാലിയം ക്ഷേത്രമാണെന്ന് മനസ്സിലായത്. അറിയാതെ അകത്ത് കടന്നിരുന്നെങ്കിൽ ഒരു പക്ഷേ "പണി" കിട്ടുമായിരുന്നല്ലോ എന്നോർത്ത്  തിരികെ പോന്നു.

പാലിയം കൊട്ടാരം എവിടെയെന്ന് കണ്ട് പിടിക്കാനായി നടന്നു തുടങ്ങി. ഇടത്ത് ഭാഗത്തായി മതിൽക്കെട്ടിനുള്ളിൽ പഴമയുടെ പ്രൗഢിയോടെ ഊട്ടുപുരയെന്ന ബോർഡ് നില കൊള്ളുന്നുണ്ട്. കുറച്ചു നേരം അവിടെ നിന്നു. അകത്തേക്ക് പ്രവേശിക്കാനുള്ള വഴി കാണാതെ വീണ്ടും മുന്നോട്ട്. ഉച്ചയോടടുക്കുന്ന നേരമായതിനാലാവാം ആ ഭാഗമെല്ലാം തീർത്തും വിജനം. കുറച്ച് കൂടി നടന്നപ്പോൾ ഇടത്തേക്ക് ഒരു വഴി. വേറൊരു വഴിയുമില്ലാത്തതിനാൽ അതിലേ തന്നെ പോകാനുറച്ചു. അങ്ങനെ നീങ്ങുമ്പോൾ കേരള സർക്കാരിൻ്റെ ഔദ്യോഗിക ചിഹ്നത്തോടൊപ്പമുള്ള പാലിയം പാലസിൻ്റെ പ്രവേശന ഭാഗം കണ്ടു.

വലിയ കമാനങ്ങളുള്ള പ്രവേശന കവാടത്തിലൂടെ കടന്നുപോകുമ്പോൾ, കാലാതീതമായ ഒരു ബോധം എന്നെ പൊതിയുന്നതായി തോന്നി.  നീളൻ കുന്തവുമായി നില്ക്കുന്ന ദ്വാരപാലകരെ    ഞാനവിടെയെങ്ങും തിരഞ്ഞു. 

പാലിയം കോവിലകം എന്നറിയപ്പെടുന്ന പാലിയം കൊട്ടാരം പഴയ കൊച്ചി രാജ്യത്തിൻ്റെ പ്രധാനമന്ത്രിമാരായ പാലിയത്ത് അച്ചന്മാരുടെ വസതിയായിരുന്നു. അച്ചന്മാരാകട്ടെ, കൊച്ചി രാജാവിനെ പോലും വരുതിയിൽ നിറുത്തത്തക്ക സ്വാധീനമുള്ള വ്യക്തികൾ. 175 കൊല്ലക്കാലം ഒരേ ഔദ്യോഗിക കൃത്യത്തിൽ പല തലമുറകളായി നിലനിന്നിരുന്ന അച്ചന്മാർ ഓരോരുത്തരും കൗശലം നിറഞ്ഞ രാഷ്ട്ര തന്ത്രജ്ഞത കൈമുതലായി ഉള്ളവരായിരുന്നു. അവർ ഡച്ചുകാരോട് ചേർന്ന് നിന്ന കാലത്ത് അപാരമായ ശക്തിയും സ്വാധീനവും ചെലുത്തി  ഡച്ചുകാരെ കൊണ്ട് നിർമ്മിപ്പിച്ച കൊട്ടാരത്തിൻ്റെ ഗംഭീരമായ വാസ്തുവിദ്യയും ആഡംബര ഇൻ്റീരിയറുകളും കണ്ടാൽ തന്നെ പാലിയത്തച്ചന്മാരുടെ അക്കാലത്തെ പ്രൗഢി മുഴുക്കെ അതിൽ പ്രതിഫലിക്കുന്നത് കണ്ടെത്താനാകും.

അതിൻ്റെ വെളുത്ത മതിലുകൾ ഉച്ചയുടെ തിളങ്ങുന്ന വെളിച്ചത്തിൽ കണ്ണഞ്ചിപ്പിക്കുന്നുണ്ടായിരുന്നു. പരമ്പരാഗത രീതിയിലുള്ള ചരിഞ്ഞ മേൽക്കൂരയും വിദഗ്ധമായ മരത്തടി കൊത്തുപണികളുമുള്ള കൊട്ടാരം, പഴയ കാലഘട്ടത്തിൽ നിന്നുള്ള ഒരു ദർശനം പോലെ ഭൂപ്രകൃതിയിൽ നിന്ന് ഉയർന്നു വരുന്നതായി തോന്നി.

അങ്ങോട്ട് പ്രവേശിക്കുന്നതിന് മുമ്പായി ഇടത് വശം ചേർന്ന് ശ്മശാനമാണ്. ചരിത്രം രചിച്ച പാലിയത്തച്ചൻമാരുടെ നിരവധി തലമുറകളെ അടക്കം ചെയ്തിട്ടുള്ളയിടം. എന്തൊക്കെ വീരകൃത്യങ്ങൾ ചെയ്തിട്ടുള്ളവരായാലും ഈ മണ്ണിലേക്കെത്തിച്ചേരുമെല്ലാവരും എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട് ഈ സ്ഥലം.

അവിടെ നിന്നാൽ നാലു കെട്ടിന്റെ വീതിയേറിയ നീളൻ വരാന്തയുടെ കോണിൽ സെക്യൂരിറ്റി ഗാർഡ് ഇരിക്കുന്നത് കാണാം.  28 രൂപ നല്കിയെടുക്കുന്ന ടിക്കറ്റിൽ നാലുകെട്ടും മ്യൂസിയവും കാണാൻ കഴിയും. 55 രൂപയാണ് ശരിയായ നിരക്ക്. ഞാനൊരു സീനിയർ സിറ്റിസൺ ആയതിനാലാണ് പകുതി ചാർജ്ജ്. ഗൈഡ് എത്തുന്നത് വരെയുള്ള കുറച്ച് സമയം സെക്യൂരിറ്റി ഗാർഡുമായി കുശലം പറഞ്ഞു നിന്നു. അല്പം ചരിത്ര ബോധമുള്ളയാളായിരുന്നു അയാൾ. അപ്പോഴേക്കും ഗൈഡ് എത്തി.

ഒരിക്കൽ പോർച്ചുഗീസുകാരും ഡച്ചുകാരും തമ്മിൽ വ്യാപാര യുദ്ധം പൊട്ടിപ്പുറപ്പെട്ട നാൾ,    പോർച്ചുഗീസുകാരെ ഒതുക്കാനായി  അന്നത്തെ പാലിയത്തച്ചൻ ഡച്ചുകാർക്ക് എല്ലാ വിധ സഹായങ്ങളും ചെയ്തു കൊടുത്തു. അതിൽ സന്തുഷ്ടരായ ഡച്ചുകാർ പാലിയത്തച്ചന്റെ സേവനങ്ങളെ മാനിച്ച്  വടക്കൻ പറവൂരിനടുത്തുള്ള ചേന്ദമംഗലത്ത്  അദ്ദേഹത്തിനായി ചില കെട്ടിടങ്ങൾ പണിതു കൊടുത്തു. ആ കൊട്ടാരതുല്യമായ കെട്ടിടങ്ങളിൽ ഒന്നിലാണ് ഞാനിപ്പോൾ നില്ക്കുന്നത്. കോവിലകമെന്നോ കൊട്ടാരമെന്നോ വിളിക്കപ്പെട്ടിരുന്ന ഡച്ച് - കേരളീയ വാസ്തു വിദ്യകളിൽ നിർമ്മിക്കപ്പെട്ട കെട്ടിടങ്ങളാണ് ഇവയൊക്കെയും. അതിലൊന്നാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായി ഉപയോഗിച്ചു പോന്ന ഈ കെട്ടിടം. 

പാലിയം കൊട്ടാരം, എൻ്റെ സന്ദർശന വേളയിൽ ഞാൻ കണ്ടെത്തിയതുപോലെ, കല്ലും  മരവും കൊണ്ടുണ്ടാക്കിയ ഒരു സ്മാരകം മാത്രമല്ല. കേരളത്തിൻ്റെ രാഷ്ട്രീയ, സാംസ്കാരിക ധാർമ്മികതയെ രൂപപ്പെടുത്തിയ കഥകളുടെയും പൈതൃകങ്ങളുടെയും സംരക്ഷണ കേന്ദ്രം കൂടിയാണ്. കൊട്ടാരത്തിൻ്റെ ഓരോ കോണും ഭൂതകാലത്തിൻ്റെ രഹസ്യങ്ങൾ അതീവ മൃദു ഭാഷയിൽ മന്ത്രിച്ചു തരുന്നുണ്ടായിരുന്നു. രാഷ്ട്രീയ ഉടമ്പടികളുടെയും സഖ്യങ്ങളുടെയും ചതികളുടെയും വഞ്ചനകളുടെയും, സാംസ്കാരിക അഭിവൃദ്ധിയുടെയും, പ്രദേശത്തിൻ്റെ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ഒരു യുഗത്തിൻ്റെ തന്നെയും ഒടുങ്ങാത്ത കഥകളായിരുന്നു അവയോരോന്നും.

നടുമുറ്റത്തിനോട് ചേർന്ന് ഒരിടത്തായി പത്ത് മിനിറ്റ് നീണ്ട് നില്ക്കുന്ന ഒരു വീഡിയോ ക്ലിപ്പിങ്ങിലൂടെ പാലിയം കൊട്ടാരത്തിന്റെ ഒരു ലഘു വിവരണം സന്ദർശകർക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഞാൻ ചെല്ലുന്ന സമയത്ത് സന്ദർശകരായി മറ്റാരും തന്നെ ഉണ്ടായിരുന്നില്ല.  എങ്കിലും  ചരിത്ര ബോധം വേണ്ടുവോളമുള്ള , അത് സന്ദർശകനിലേക്ക് പകർന്ന് കൊടുക്കാൻ ആർജ്ജവമുള്ള  ഒരു ഗൈഡ് എന്നെ മുന്നോട്ട് നയിക്കാൻ ആവേശപൂർവ്വം കൂടെത്തന്നെ ഉണ്ടായിരുന്നു. വീഡിയോക്ക് ശേഷം അയാളെന്നെ നാലുകെട്ടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് നയിച്ചു.

ഉയരം കുറവുള്ള  കിഴക്കിനിയിലേക്ക്  തല കുമ്പിട്ട് കടക്കാനായിരുന്നു ഗൈഡിൽ നിന്ന് കിട്ടിയ ആദ്യ നിർദ്ദേശം. നാലുകെട്ടിനെ വണങ്ങി അവ്വിധം പ്രവേശിക്കണം എന്നതാണത്രെ ആചാരം. എന്നാൽ തിരികെ പോരുമ്പോൾ തെക്കിനിയിൽ നിന്നും പുറത്തേക്കുള്ള വാതിൽ ഉയരവും വീതിയും കൂടിയതാണ്. തിരികെയിറങ്ങുമ്പോൾ തലയുയർത്തിത്തന്നെ പോകണം എന്നതാണ് മറ്റൊരാചാരം.  ആചാരങ്ങളും അനുഷ്ഠാനങ്ങളും മുറതെറ്റാതെ നടക്കുന്ന കാലമല്ലേ. ഇനി ഞാനായിട്ട് അത് ഭഞ്ജിക്കേണ്ട എന്ന് കരുതി ഗൈഡിന്റെ നിർദ്ദേശം പാലിച്ചു.

അകത്തളത്തിലെത്തിയപ്പോൾ നല്ല കുളിർമ്മ . മഴ മാറി നിന്നതോടെ പുറത്ത് ചൂടായിരുന്നെങ്കിലും ഒഴുകിയെത്തുന്ന കാറ്റിന് അവിടെങ്ങും തണുപ്പ് പ്രദാനം ചെയ്യാനാകുന്നുണ്ട്. കത്തിയിറങ്ങുന്ന സൂര്യപ്രകാശം നടുത്തളത്തിലേക്ക് പ്രവഹിക്കുന്നുണ്ടെങ്കിലും തരിമ്പുപോലും ചൂട് അനുഭവപ്പെടുന്നില്ലെന്നതായിരുന്നു ആശ്ചര്യം.  

എത്രയോ തലമുറകളുടെ ഭാരം പേറുന്ന റെഡ് ഓക്സൈഡ് തറകളിൽ എൻ്റെ കാൽപ്പാടുകൾ മൃദുവായി പതിച്ചുകൊണ്ട് ഞാൻ കൊട്ടാരത്തിനുള്ളിലാണിപ്പോൾ.   മുറികൾ ഒന്നിനെ മറ്റൊന്നിലേക്ക് നയിക്കും വിധമായിരുന്നു അകത്തളത്തിൻ്റെ സംവിധാനം. ഓരോന്നും കൊട്ടാരത്തിൻ്റെ സമ്പന്നമായ ഭൂതകാലത്തിൻ്റെ ഒരു പുതിയ മുഖം വെളിപ്പെടുത്തുന്നു. ഭാരമുള്ള തടി വാതിലുകളും കൊത്തുപണികളുള്ള ജനൽ ഫ്രെയിമുകളുമുള്ള മുറി കുടുംബത്തിൻ്റെ  പ്രാർത്ഥനാ മുറിയായിരുന്നുവെന്ന് ഗൈഡ് പറഞ്ഞു തന്നു.  ഉള്ളിൽ, എണ്ണ വിളക്കുകളുടെ മൃദുവായ വെളിച്ചം ചുവരുകളിൽ മിന്നിമറഞ്ഞു നീണ്ട നിഴലുകൾ വീഴ്ത്തി. തീർത്തും പ്രശാന്തമായ അന്തരീക്ഷം. ഒരു ചെറിയ, കൊത്തുപണികളാൽ   അലങ്കരിച്ച തടി കൊണ്ടുള്ള ബലിപീഠം മുറിയിൽ ആധിപത്യം സ്ഥാപിച്ച പോലെ . ദേവതകളുടെ പ്രതിമകൾ, ശ്രദ്ധാപൂർവ്വം മിനുക്കിയതും പരമ്പരാഗത പട്ട് വസ്ത്രം ധരിച്ചതുമാണ്. ഈ ഇടം കൊട്ടാരത്തിൻ്റെ ആത്മീയ ഹൃദയമായിരുന്നിരിക്കണം. അവിടെ കുടുംബം ആശ്വാസവും മാർഗനിർദേശവും തേടിക്കാണണം, ഞാനോർത്തു.

ഇടനാഴികകളിലൂടെ നടക്കുമ്പോൾ, അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന ചരിത്രത്തിൻ്റെ ഭാരം എനിക്ക് അനുഭവപ്പെട്ടു. ഭിത്തികൾ മങ്ങിയ ചുവർച്ചിത്രങ്ങളും മുൻകാല ഭരണാധികാരികളുടെ ഛായാചിത്രങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. തലപ്പാവുകളും മേലങ്കികളും അണിഞ്ഞ വേഷഭൂഷാദികൾ.  രൂക്ഷത നിറഞ്ഞ അവരുടെ  കണ്ണുകൾ   എന്നെ തുറിച്ചു നോക്കുന്ന പോലെ. 

ഞാൻ കടന്ന് ചെന്ന ഓരോ മുറിയും പുരാവസ്തുക്കളുടെ ഒരു നിധിയായിരുന്നു. അതിമനോഹരമായ തടി ഫർണിച്ചറുകൾ, അലങ്കരിച്ച കണ്ണാടികൾ, മിനുക്കിയ മച്ചുകളിൽ മൃദുവും മിന്നുന്നതുമായ നിഴലുകൾ വീഴ്ത്തുന്ന മികച്ച രീതിയിൽ നിർമ്മിച്ച പിച്ചള വിളക്കുകൾ. 

എന്നാൽ, പാലിയത്ത് അച്ചന്മാർ പണ്ട് കോടതി നടത്തിയിരുന്ന കൗൺസിൽ ചേംബറായിരുന്നു ഏറ്റവും ആകർഷകമായ മുറി. ഉയർന്ന മേൽത്തട്ട്, വിദഗ്ധമായ കൊത്തുപണികളുള്ള തടി തൂണുകൾ എന്നിവയുള്ള മുറി. അതിൻ്റെ ചുവരുകൾക്കുള്ളിൽ രാജ്യകാര്യങ്ങൾ ചർച്ച ചെയ്യുന്നവരുടെ ശബ്ദം പ്രതിധ്വനിക്കുന്നതായി തോന്നി.

മുന്നോട്ട് നീങ്ങുമ്പോൾ, കൊട്ടാരത്തിൻ്റെ ആളൊഴിഞ്ഞ പ്രദേശമായ സ്ത്രീകളുടെ ക്വാർട്ടേഴ്സിൽ ഞാൻ എത്തിച്ചേർന്നു. അത് പണ്ട് അവിടെ താമസിച്ചിരുന്ന സ്ത്രീകളുടെ ജീവിതത്തിലേക്കുള്ള ഒരു നേർക്കാഴ്ച നൽകി. വലിയ മുറികൾ മഹാഭാരതത്തിലെയും രാമായണത്തിലെയും രംഗങ്ങൾ ചിത്രീകരിക്കുന്ന മികച്ച കേരള ശൈലിയിലുള്ള ചുവർചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഈ ചുവർചിത്രങ്ങൾ ധീരതയുടെയും ഭക്തിയുടെയും കഥകൾ പറഞ്ഞു കൊണ്ടേയിരിക്കുന്നു.  കാലം മാറിയിട്ടും അവയുടെ നിറങ്ങൾ ഇപ്പോഴും ശ്രദ്ധേയമാണ്. കൊട്ടാരത്തിലെ സ്ത്രീകൾ ഉച്ചതിരിഞ്ഞ് ഇവിടെയായിരുന്നു  ചെലവഴിച്ചിരുന്ന തെന്ന്  ഗൈഡ് വിവരിക്കുന്നുണ്ട്. അവർ പയ്യാരം പറച്ചിലിനൊപ്പം  നെയ്ത്ത്, എംബ്രോയ്ഡറി തുടങ്ങിയ കരകൗശലങ്ങളിൽ ഏർപ്പെടുന്നതും ഉച്ച മയക്കത്തിന് മുമ്പേ കുറെ നേരം  അവിടെ വിശ്രമിക്കുന്നതും ഞാൻ സങ്കൽപ്പിച്ചു.

കൊട്ടാരത്തിൻ്റെ ഏറ്റവും കൗതുകകരമായ ഭാഗങ്ങളിലൊന്ന് കൊട്ടാരത്തിൻ്റെ ആയുധപ്പുരയായി പ്രവർത്തിക്കുന്ന ഒരു ചെറിയ മുറിയാണ്. പക്ഷെ , ഈ മുറിയിലേക്ക് പ്രവേശനം സാദ്ധ്യമല്ലായിരുന്നു. പുരാതന ആയുധങ്ങളുടെ ഒരു ശേഖരമാണ് അവിടെയുള്ളതത്രെ. പാലിയത്ത് അച്ചന്മാർക്ക് അവരുടെ നാടിനേയും  നാട്ടാരേയും സംരക്ഷിക്കേണ്ടി വന്ന പ്രക്ഷുബ്ധ കാലത്തെ ഓർമ്മപ്പെടുത്തുന്നതായിരുന്നു ഈ പുരാവസ്തുക്കൾ എന്ന വിവരണം ഗൈഡിൽ നിന്നും അറിയാനായത് മാത്രം.

നാലുകെട്ട് എന്നത് ഒരു സാധാരണ മലയാളി വീടായിത്തന്നെ തോന്നിയേക്കാം. നാല് ബ്ലോക്കുകൾ അടങ്ങുന്ന  ചതുരാകൃതിയിലുള്ള ഒരു കെട്ടിടമാണിത്. മദ്ധ്യഭാഗത്തും ചതുരാകൃതിയിൽ തന്നെയുള്ള നടുമുറ്റം. നാലുകെട്ടിന്റെ പടിഞ്ഞാറെ ഭാഗത്തെയാണ് "പടിഞ്ഞാറ്റിനി"യെന്ന് വിശേഷിപ്പിക്കുന്നത്. ഇത് മൂന്ന് മുറികളായിട്ടാണ് തിരിച്ചിരിക്കുന്നത്.  അതിന്റെ മദ്ധ്യഭാഗം സ്വകാര്യ    "അറ" യാണ് . വിലപിടിപ്പുള്ള വസ്തുക്കളും വീട്ടുപകരണങ്ങളും സൂക്ഷിക്കാനുള്ളതാണ് ഈ അറ. ആപത്ഘട്ടങ്ങളിൽ രക്ഷപ്പെടാനായിട്ടുള്ള തുരങ്കങ്ങൾ ഈ അറയിൽ ഉണ്ടെന്നാണല്ലോ പറഞ്ഞു കേൾക്കുന്നത് എന്ന് ഗൈഡിനോട് പറഞ്ഞപ്പോൾ അയാളുമത്  ശരിവെച്ചു. പക്ഷെ, അറ തുറന്ന് കാണിക്കാൻ പാടില്ല എന്നതിനാൽ ആ  ഇടനാഴിയിലൂടെ കടന്ന് പോകാൻ മാത്രമേ സാധിച്ചുള്ളു എന്ന് പറയാം.

വടക്ക് കിഴക്ക് ഭാഗത്തുള്ള  "വടക്കിനി" യെ രണ്ടായിട്ടാണ് തിരിച്ചിരിക്കുന്നത്, അടുക്കള, ഊണുമുറി എന്നിവയാണത്. അവിടെ പണ്ട് ഉപയോഗിച്ചിരുന്ന വാർപ്പുകൾ ചെമ്പുപാത്രങ്ങൾ തവി എന്നിവ കൂട്ടിയിട്ടിരിക്കയാണ്. "കിഴക്കിനിയും തെക്കിനിയും" കിഴക്കും തെക്കും ബ്ലോക്കുകളുടെ മുഴുവനും അതിന്റെ മദ്ധ്യഭാഗങ്ങളും അതിഥികളെ സ്വീകരിക്കുന്ന തുറന്ന ഹാളുകളാണ്. മുകളിലത്തെ നിലകളിൽ സ്ത്രീകൾക്കുള്ള കിടപ്പുമുറികളും. എല്ലാം കേരളീയ - ഡച്ച് വാസ്തുശില്പങ്ങളുടെ ഒരു സങ്കലനമായിട്ടാണ് കാണപ്പെടുന്നത്. അകത്ത് നിന്ന് നോക്കിയാൽ പുറത്തുള്ളതെല്ലാം കാണാവുന്നതും എന്നാൽ പുറത്ത് നിന്ന് നോക്കിയാൽ അകത്തെ കാഴ്ചകൾ കാണാൻ പറ്റാത്തതുമായ ഒരു ജനൽ കണ്ടത് കൗതുകമായി.

'കൊച്ചിയിൽ പാതി പാലിയം' എന്നൊരു ചൊല്ലുണ്ട്. അതിന് കാരണം പാലിയത്ത് അച്ചന്മാർ പരമ്പരയായി കൊച്ചി രാജാക്കന്മാരുടെ പ്രധാനമന്ത്രിമാരായിരുന്നു എന്നത് തന്നെയാണ്. പാലിയത്തെ മേനോൻമാർക്ക് അച്ചൻ എന്ന സ്ഥാനപ്പേര് കൊച്ചി രാജാവ് നൽകിയിട്ടുള്ളതാണ്.  അവർ വെറും പ്രധാനമന്ത്രിമാർ ആയിരുന്നില്ല എന്നാണ് ചരിത്രം പറഞ്ഞു തരുന്നത്. 17-ഉം 18-ഉം നൂറ്റാണ്ടുകളിൽ പരമ്പരയായി കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രി, കരസേനാ മേധാവി എന്നീ സ്ഥാനങ്ങൾ വഹിച്ചു പോന്നിരുന്നത് ഈ അച്ചൻമാരാണ്. 

പാലിയത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയരായ മൂന്ന് പ്രമുഖരായ 'അച്ചൻമാരാണ്' കോമി അച്ചൻ ഒന്നാമൻ, കോമി അച്ചൻ രണ്ടാമൻ, ഗോവിന്ദൻ അച്ചൻ എന്നിവർ. 

കോമി അച്ചൻ ഒന്നാമൻ, ഡച്ച് സഹായം തേടി കൊളംബോയിലേക്ക് പോകുകയും അവരുമായി ഒരു ഉടമ്പടി ഒപ്പിടുകയും ചെയ്തു. ഒരു നീണ്ട പാലിയം ഡച്ച് സൗഹൃദത്തിന് തുടക്കം കുറിക്കുന്നത് അങ്ങനെയാണ്. കോമി അച്ചൻ രണ്ടാമൻ അതിധീരനായ ഒരു സാഹസികനായിരുന്നു. നിരവധി ഭാഷകളിലും ആയുധങ്ങളുടെ ഉപയോഗത്തിലും പ്രാവീണ്യമുള്ളവനുമായിരുന്നു. ഗോവിന്ദൻ വലിയച്ചൻ എന്നറിയപ്പെടുന്ന ഗോവിന്ദൻ അച്ചൻ അവസാനമായി കൊച്ചിയുടെ പ്രധാനമന്ത്രി സ്ഥാനം വഹിച്ചയാളാണ്. കന്യാമറിയത്തിന്റെ നഷ്ടപ്പെട്ട വിഗ്രഹം വീണ്ടെടുത്ത് കൊച്ചിയിലെ വല്ലാർപാടത്ത് സ്ഥാപിക്കാൻ ദ്വീപ് നിവാസികളെ സഹായിച്ചതും അദ്ദേഹമാണ്. വല്ലാർപാടം പള്ളിയിലേക്ക് അച്ചൻ സമ്മാനിച്ച കെടാവിളക്ക് പാലിയത്ത് നിന്നെടുക്കുന്ന എണ്ണ കൊണ്ട് കത്തിച്ചു വയ്ക്കുന്ന പതിവ് ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.

1800 കളുടെ തുടക്കത്തിൽ

പാലിയത്തച്ചനായിരുന്ന ഗോവിന്ദനച്ചൻ ബ്രിട്ടീഷുകാരെ ഒരു നിലയ്ക്കും വക വെക്കുന്ന ആളായിരുന്നില്ല. അന്ന് കേണൽ മെക്കാളയുടെ ആസ്ഥാനം ബോൾഗാട്ടി പാലസിലായിരുന്നു. ഗോവിന്ദനച്ചന്റെ നേതൃത്വത്തിൽ കൊച്ചിയിലെ നായർപടയാളികൾ മെക്കാളെയെ ആക്രമിച്ചു. മേക്കാളെ കരയോട് ചേർത്ത് കെട്ടിയിരുന്ന കെട്ടുവള്ളത്തിൽ കയറി പലായനം ചെയ്തു.  ബ്രിട്ടീഷുകാർ നേരത്തെ യുദ്ധത്തടവുകാരായി പിടിച്ചിരുന്നവരെ മുഴുവൻ കൊച്ചി സൈന്യം സ്വതന്ത്രരാക്കി. 

പിന്നീട് ബ്രിട്ടീഷുകാർക്കെതിരെ വേലുത്തമ്പി ദളവയുമായി ചേർന്ന് പോരാടുന്നതിനിടയിൽ ഗോവിന്ദൻ അച്ചനെ ബ്രിട്ടീഷുകാർ പിടികൂടി മദ്രാസിലേക്ക്‌ നാടുകടത്തുകയും അവിടെ സെന്റ്‌ ജോർജ്ജ്‌ കോട്ടയിൽ തടവുകാരനാക്കുകയും ചെയ്തു. ശേഷം ബോംബെയിലേക്ക് കൊണ്ടുപോയി തടവിൽ പാർപ്പിക്കുകയും 1832 ൽ അവിടെ വെച്ച് അദ്ദേഹം മരണമടയുകയും ആണ് ഉണ്ടായത്. 

ഗോവിന്ദൻഅച്ചനു ശേഷം ബ്രിട്ടീഷുകാർ കൊച്ചിയിൽ പ്രധാനമന്ത്രി പദവി ഇല്ലാതാക്കി പകരം ദിവാൻ പദവി കൊണ്ടുവന്നു. പാലിയത്തച്ചന്റെ പരാജയത്തെ തുടർന്ന് ബ്രിട്ടീഷുകാരുമായി അനുരഞ്ജനത്തിലായ കൊച്ചിരാജാവ്‌ കേരളവർമ്മ മൂന്നാമൻ (1809 - 1828) ബ്രിട്ടീഷുകാർക്ക്‌ സമ്മതനായ കുഞ്ഞികൃഷ്ണ മേനോനെ ദിവാനായി നിയമിച്ചു. കേരളവർമ്മ മൂന്നാമനെ പോലെത്തന്നെ അദ്ദേഹത്തിന്റെ സഹോദരനും തൊട്ടുമുൻപത്തെ കൊച്ചി രാജാവുമായിരുന്ന രാമവർമ്മ പത്താമനും (1805 - 1809)  ഒരു കഴിവുറ്റ ഭരണാധികാരി അല്ലായിരുന്നു എന്നതും ഗോവിന്ദനച്ചന്റെ പരാജയകാരണങ്ങളിൽ പെടുന്നു. 

ഗോവിന്ദനച്ചന്റെ പരാജയത്തിനു ശേഷം കൊച്ചി, ബ്രിട്ടീഷ്‌ ഇന്ത്യക്കുകീഴിലെ ഒരു സംരക്ഷിത നാട്ടുരാജ്യമായി തുടർന്നു. മന്ത്രിപദവി നഷ്ടപ്പെട്ടെങ്കിലും പാലിയത്തച്ചന്മാർ കൊച്ചിയിലെ വലിയ ജന്മിമാരായി തന്നെ നില നിന്നു. പാലിയത്തച്ചന്മാരുടെ സഹായമില്ലാതെ ഭരണം നടത്തിയ ഒരേ ഒരു കൊച്ചിരാജാവ് 1790 മുതൽ 1805 വരെ രാജ്യം ഭരിച്ച രാമവർമ്മ ഒമ്പതാമൻ എന്ന ശക്തൻ തമ്പുരാൻ ആയിരുന്നു.

177 കൊല്ലം കൊച്ചിരാജ്യത്തിന്റെ പ്രധാനമന്ത്രി പദം പരമ്പരയായി കൈയാളിയിരുന്നവരും കൊച്ചി രാജ്യത്തിലെ ഭൂമിയുടെ സിംഹഭാഗവും വെച്ചനുഭവിച്ചു പോന്നിരുന്നവരുമാണ് പാലിയത്തുകാർ. പൊതുവെ , നിരുപദ്രവികളെങ്കിലും അലസന്മാരായ കൊച്ചി രാജാക്കന്മാരെ ചൊല്പടിക്ക് നിറുത്തിക്കൊണ്ട് രാജഭരണം കൈപ്പിടിയിൽ ഒതുക്കാനുള്ള തന്ത്രങ്ങളത്രയും പാലിയത്തെ അച്ചന്മാർക്ക് ഹൃദിസ്ഥമായിരുന്നു. വിവിധഘട്ടങ്ങളിലായി കൊച്ചിയെ കീഴ്പ്പെടുത്താൻ വന്ന പോർച്ചുഗീസുകാരെയും ഡച്ചുകാരെയും വരുതിക്ക് നിറുത്താൻ നയം കൊണ്ടും കൗശലം കൊണ്ടും ഇവർക്ക് സാധിച്ചിരുന്നു എന്നത് രാജാവിന്റെ പ്രീതി പിടിച്ചുപറ്റാൻ കഴിയുന്ന കാര്യങ്ങളായിരുന്നു. രാജാവിന്റെ സ്ഥായിയായ ആലസ്യത്തിന് ആക്കം കൂട്ടാനുതകിയിട്ടുമുണ്ടാകാം ഈ സേവനങ്ങൾ. 

സാമൂതിരിയെപ്പോലെയോ തിരുവിതാംകൂറുകാരെപ്പോലെയോ അയൽ രാജ്യങ്ങളെ വെട്ടിപ്പിടിച്ച് തങ്ങളുടെ സാമ്രാജ്യത്തിന്റെ വിസ്തൃതി വർദ്ധിപ്പിക്കണം എന്ന മോഹം കൊച്ചിരാജാക്കന്മാർക്ക് ആർക്കും ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അങ്ങനെ ചെയ്താൽ തന്നെയും സാങ്കേതികമായി കൊച്ചിയുടെ വിസ്തൃതി വർദ്ധിക്കുമെന്നല്ലാതെ പ്രധാന മന്ത്രിയുടെ നിലവിലുള്ള ഭൂവിഭാഗങ്ങളോട് ചേർത്തു അതിന്റെ ഫലം അവർക്ക് മാത്രമേ പ്രയോജനപ്പെടുകയുള്ളു എന്നതായിരുന്നിരിക്കണം രാജാക്കന്മാരുടെ നിലപാട്. വിസ്തൃതി കൂടുമ്പോൾ ഉത്തരവാദിത്വങ്ങളും കൂടുമല്ലോ. എന്തിനീ പൊല്ലാപ്പ് ! പൊതുവേ മടിയന്മാരും ദുർബ്ബലരുമായിരുന്ന അവർക്ക് മേലനങ്ങാതെ തിന്നും കുടിച്ചും നേരമ്പോക്കുകളിൽ ഏർപ്പെട്ടു കഴിയാൻ ഇപ്പോഴുള്ളത് തന്നെ ഏറെ എന്നായിരുന്നു ശക്തൻ തമ്പുരാന്റെ വരവ് വരെ കൊച്ചി രാജാക്കാർ അനുവർത്തിച്ചിരുന്ന നയം.

എങ്കിലും വിശ്വസ്തരായ മന്ത്രിമാരായിരുന്ന പാലിയത്ത് അച്ചന്മാർ വ്യത്യസ്ത ഘട്ടങ്ങളിൽ ആഭ്യന്തര, വിദേശ ഭീഷണികൾക്കെതിരെ കൊച്ചിയെ സംരക്ഷിച്ചു നിറുത്തുന്നതിൽ വിജയിച്ചിരുന്നുവെന്നതാണ് ചരിത്രം. പോർച്ചുഗീസുകാർ വന്നിറങ്ങിയ കാലം മുതൽ സ്വതവേ ദുർബ്ബലനായിരുന്ന കൊച്ചിരാജാവിന് പല നയതന്ത്ര കാര്യങ്ങളിലും തീരുമാനങ്ങളെടുക്കാൻ കഴിയുമായിരുന്നില്ല. അവിടെയാണ് പാലിയത്തച്ചനെന്ന പ്രധാനമന്ത്രിയുടെ ചാണക്യ സൂത്രങ്ങൾക്ക് പ്രസക്തി കൈവന്നിരുന്നത്. ഒരു നീണ്ട കാലയളവോളം  നിർണ്ണായക തീരുമാനങ്ങളിൽ കൊച്ചി രാജാവിനേക്കാളും അധികാരശക്തി കൈയാളാൻ കഴിവുണ്ടായിരുന്നവരായിരുന്നു അവർ.  അത് കൊണ്ട് കൊച്ചിയിൽ പാതി പാലിയം എന്ന ചൊല്ല് നാട്ടുമൊഴിയിലൂടെ പടർന്ന് പ്രചാരത്തിലാവാൻ താമസമുണ്ടായില്ല. 

ഉഗ്രപ്രതാപികളായിരുന്ന പാലിയത്തച്ചന്മാരോട് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി പോലും നേരിട്ട് എതിരിടാൻ നിന്നിട്ടില്ല എന്നത് ചരിത്രം.  ഒരിക്കൽ കോമി അച്ചനുമായിട്ടുണ്ടായ ഒരു പ്രശ്നത്തിൽ ഡച്ച് പ്രതിനിധിയെ അദ്ദേഹം നിഷ്കരുണം വെട്ടിക്കൊലപ്പെടുത്തി. ഡച്ചുകാർ ക്ഷുഭിതരായെങ്കിലും പാലിയത്തച്ചന്റെ സ്വാധീനശക്തി അറിയാവുന്ന അവർ അദ്ദേഹത്തോട് എതിരിടാൻ മുതിർന്നില്ല.  തങ്ങളുടെ പ്രതാപത്തെ അംഗീകരിക്കാത്ത ആരെയും പ്രത്യേകിച്ചു കീഴാളരെ യാതൊരു കൂസലും കൂടാതെ വധിക്കാൻ പോലും  മടിയില്ലാത്തവരായിരുന്നു ഈ കുടുംബക്കാർ. കൊച്ചി രാജാവ് ഇവരുടെ കൈപ്പിടിയിലായിരുന്നതിനാൽ ഇവർക്ക് ആരെയും ഭയപ്പെടേണ്ടിയിരുന്നില്ല.

പാലിയത്തെ കൊട്ടാര സമുച്ചയങ്ങളിൽ കുറച്ചപ്പുറത്തായിട്ടാണ് പ്രധാന മാളിക . നാലുകെട്ടിൽ നിന്നും അഞ്ചു മിനിറ്റ് നടക്കാനുള്ള ദൂരം. വീണ്ടും ഒരു മഴക്കുള്ള വട്ടം കൂട്ടലെന്നോണം മാനം ഇരുണ്ടു തുടങ്ങി. ഞാൻ നടത്തത്തിന് വേഗം കൂട്ടി.  

കോവിലകമെന്നോ കൊട്ടാരമെന്നോ വിളിക്കപ്പെട്ടിരുന്ന ഡച്ച് - കേരളീയ വാസ്തു വിദ്യകളിൽ നിർമ്മിക്കപ്പെട്ട പ്രധാന കെട്ടിടത്തിന്റെ മുൻപിലാണ്    ഞാനിപ്പോൾ നില്ക്കുന്നത്.  ഇതാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായി ഉപയോഗിച്ചു പോന്ന കെട്ടിടം. പടിപ്പുര കടന്ന് ചെല്ലുമ്പോൾ മരം കൊണ്ട് നിർമ്മിക്കപ്പെട്ട ഒരാനയാണ് എന്നെ സ്വാഗതം ചെയ്തത്. തുടർന്നാണ് അവിടത്തെ ഗൈഡിന്റെ രംഗപ്രവേശം.

മൂന്ന് നിലകളിലുള്ളതാണ് കെട്ടിടമെന്ന് തോന്നാമെങ്കിലും യഥാർത്ഥത്തിൽ ഇത് നാല് നില മാളികയാണ്.

ഡച്ച് മാതൃകയിലുള്ള വർണ്ണച്ചില്ലുകൾ പതിച്ച ജനലുകൾ ആകർഷകമായി തോന്നി. വിജാഗിരികളോ കൊടുത്തുകളോ ഇല്ലാത്ത ജനലുകൾ ഒട്ടും ആയാസമില്ലാതെ ഗൈഡ് തുറന്ന് കാണിച്ചു തന്നു. വീതിയേറിയ കോണിപ്പടികൾ കേരളീയ വാസ്തുവിദ്യക്ക് പരിചിതമല്ലാത്ത തരത്തിലുള്ളതാണ്. 

നാലാമത്തെ നിലയിൽ കിഴക്കേ അറ്റത്തായിട്ടുള്ള ഉയർന്ന മണ്ഡപത്തിൽ നിന്ന് കൊണ്ടായിരുന്നു പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നതും അവരുടെ പരാതികൾ കേട്ടിരുന്നതും.

രാജാവ് കൊച്ചിയിലാണെങ്കിലും, ചേന്ദമംഗലത്തെ  ഈ  ഡച്ച് കൊട്ടാരത്തിലിരുന്നാണ്  സുപ്രധാന രാഷ്ട്രീയ ഭരണ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കുകയും ചെയ്തിരുന്നത്.

പാലിയം കൊട്ടാരത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് അതിൻ്റെ ലൈബ്രറിയാണ്, പുരാതന കയ്യെഴുത്തുപ്രതികളുടെയും താളിയോല ചുരുളുകളുടെയും ശ്രദ്ധേയമായ ശേഖരം ഉണ്ട്. അലമാരയിൽ നിരന്നുകിടക്കുന്ന ചരിത്ര രേഖകളിൽ നിറയെ പൊടിപടലങ്ങൾ. പഴകിയ ഓലകളുടെയും കടലാസിൻ്റെയും മങ്ങിയ ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു. ഓരോന്നും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട അറിവിൻ്റെ ശേഖരം. ആയുർവേദവും ജ്യോതിശാസ്ത്രവും മുതൽ തത്ത്വചിന്തയും കവിതയും വരെയുള്ള നിരവധി വിഷയങ്ങൾ ഈ ഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്നു, ഈ മതിലുകൾക്കുള്ളിൽ അക്കാലത്ത് തഴച്ചു വളർന്ന ബൗദ്ധിക അന്വേഷണങ്ങൾ  കൗതുകമായി എനിക്ക് മുമ്പിൽ വെളിപ്പെടുന്നു.

പുറത്ത്, കായ്ച്ചു നില്ക്കുന്ന മാവുകളുടെയും  പ്ലാവുകളുടെയും തണലുള്ള വഴികളിലൂടെ ഞാൻ നടന്നു, മൂപ്പെത്തി പഴുത്ത ഒരു മാങ്ങ എൻ്റെ മുന്നിലെ തറയിൽ വീണ്  ചിന്നിച്ചിതറി ചരിത്രത്തിൻ്റെ ചീളുകൾ പോലെ പരന്നു കിടന്നു.  മാങ്കൊമ്പിൽ ചിലച്ചു കൊണ്ടിരുന്ന കിളികളത്രയും ചില പ്രത്യേക നാദങ്ങളോടെ താഴേക്ക് പറന്നിറങ്ങി.  ഇളം കാറ്റിൽ ഇലകളുടെ മൃദുവായ മർമ്മരങ്ങൾ. അതെല്ലാം തന്നെ കൊട്ടാരത്തിൻ്റെ ചാരുത വർദ്ധിപ്പിക്കുന്ന പ്രകൃതിയുടെ ഒരു സിംഫണി സൃഷ്ടിച്ചു. 

തിരികെ നടക്കുമ്പോൾ, പാലിയം കൊട്ടാരത്തിലേക്ക് അവസാനമായി ഒന്ന് തിരിഞ്ഞുനോക്കി. തങ്ങളെ തേടിയെത്തുന്നവരുമായി കഥകൾ പങ്കുവയ്ക്കാൻ കാത്തിരിക്കുന്നതു പോലെ അത് കാലാതീതമായി അവിടെ തന്നെയുണ്ട്. എൻ്റെ യാത്ര ഒരു ചരിത്രസ്ഥലം സന്ദർശിക്കുന്നതിനേക്കാൾ കൂടുതലാണെന്ന് ഞാൻ മനസ്സിലാക്കിയത് അപ്പോഴാണ്. അത് ശരിക്കും ഭൂതകാലത്തിലേക്കുള്ള ഒരു തീർത്ഥാടനമായിരുന്നു, ജനങ്ങളുടെ ഹൃദയങ്ങളിൽ തഴച്ചുവളരുന്ന ഒരു സംസ്കാരത്തിൻ്റെ വേരുകളുമായി ബന്ധപ്പെടാനുള്ള അവസരമായിരുന്നു അത്.

1947 ൽ സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് വരെ പാലിയം ക്ഷേത്രപരിസരത്തുള്ള ഈ വഴിയിലൂടെ അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള അനുവാദമില്ലായിരുന്നുവെന്നകാര്യം ഞാനോർത്തു. പണ്ടത്തെ പ്രാമാണികരായിരുന്നവരുടെ പിൻമുറക്കാരായ പുതിയ പാലിയത്തുകാർ നാടുവാഴികൾ പോലുമല്ലാതിരുന്നിട്ടും മാടമ്പി സ്വഭാവത്തിന് മാറ്റ് കൂടിയ മട്ടിലായിരുന്നു അവരുടെ ജീവിതം. 

പക്ഷെ, മൂന്ന് മാസത്തിലേറെ നീണ്ടു നിന്ന ബഹുജന പ്രക്ഷോഭത്തിന് മുന്നിൽ അവർ അടിയറവു പറയേണ്ടി വന്നു എന്നതാണ് ചരിത്രം. സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും സജീവമായി പങ്കെടുത്തു. എ. ജി വേലായുധൻ എന്നൊരാൾ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടതോടെയാണ് സമരം രൂക്ഷമായതും ചരിത്ര വിജയത്തിലേക്കെത്തിയതും . 

അക്കാലത്ത് കേരളത്തിൽ നടന്നിരുന്ന  മറ്റു സമരങ്ങളെപ്പോലെ സമൂഹത്തിലെ കീഴാളരായിരുന്നു ഈ സമരത്തിന്റെ മുന്നണിയിലും. തങ്ങൾക്ക് സാമൂഹ്യ തുല്യത ലഭിക്കാനായി, മറ്റു മനുഷ്യരെപ്പോലെ തലയുയർത്തി പൊതുവഴിയിലൂടെ സഞ്ചരിക്കാൻ വേണ്ടിയുള്ള അവകാശത്തിനായാണ്  എന്ന ദൃഢമായ ബോധം അവരുടെ ഉള്ളിൽ തിളച്ചു മറിയുകയായിരുന്നു.

കേരളത്തിന്റെ നാനാഭാഗത്തു നിന്നും വന്നെത്തിയ സന്നദ്ധ സമരഭടന്മാർ ധീരമായി അതിൽ ഭാഗഭാക്കായി. കീഴാളരല്ലാത്ത  മറ്റു  സമുദായക്കാർ എല്ലാം തന്നെ സവർണ്ണ മേധാവിത്വത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.  പത്രങ്ങൾ ഈ സമരത്തെ നഖശിഖാന്തം എതിർത്തു. എങ്കിലും വിജയം അവരുടെ ഭാഗത്തായിരുന്നില്ല. 

കൊച്ചി-കൊടുങ്ങല്ലൂർ രാജകുടുംബാംഗങ്ങൾ വരെ ഈ പ്രതിഷേധസമരത്തിൽ പങ്കു കൊണ്ടിരുന്നുവെന്ന കാര്യം ആദരപൂർവ്വം സ്മരിക്കേണ്ടത് തന്നെ. ഒടുവിൽ, 1947 ഏപ്രിലിൽ ക്ഷേത്രപ്രവേശനം അനുവദിച്ചതിനെതുടർന്ന് പാലിയം റോഡിലൂടെ സഞ്ചരിക്കാൻ എല്ലാത്തരത്തിലുള്ള ആളുകൾക്കും അനുവാദം ലഭിച്ചു. 

ഞാനവിടെ കുമ്പിട്ട് ഒരു പിടി മണ്ണ്  കൈയിലെടുത്തു.  ഒരിക്കൽ രാജവീഥിയോട് തുല്യമായിരുന്ന ഈ ജനപഥത്തിൻ്റെ അവകാശം സാധാരണക്കാരിലേക്കെത്തിക്കാൻ വേണ്ടി ത്യാഗോജ്ജ്വലമായ സമരം നടത്തിയ  ധീരയോദ്ധാക്കളെ മനസ്സിൽ നമിച്ചു കൊണ്ട് ഞാൻ മുന്നോട്ട് നീങ്ങി.

കൊട്ടാരം സാവധാനം എൻ്റെ കാഴ്ചകളിൽ നിന്ന് പിൻവലിയുകയാണ്. അസ്തമയ സൂര്യനെതിരെ ഒരു നിഴൽച്ചിത്രമായി മാറിയ പോലെ. കേരളത്തിൻ്റെ സമ്പന്നമായ പൈതൃകത്തിൻ്റെയും പുരാതന കൊട്ടാരങ്ങളിൽ കണ്ടെത്താനാകുന്ന കാലാതീതമായ സൗന്ദര്യത്തിൻ്റെയും ഓർമ്മപ്പെടുത്തലായി അതിൻ്റെ സാരാംശം എന്നിൽ നില നിന്നു. പാലിയം കൊട്ടാരത്തിലേക്കുള്ള യാത്ര മറ്റൊരു ലോകത്തിലേക്കുള്ള ഒരു ജാലകമായിരുന്നു. കൃപയുടെയും ജ്ഞാനത്തിൻ്റെയും പ്രതിരോധശേഷിയുടെയും ലോകത്തേള്ള യാത്ര. ശാന്തമായ മനസ്സുമായി പ്രാക്തനതയിൽ നിന്നും ഞാൻ പുറത്തേക്ക് കടന്നു. ആധുനികതയിലേക്ക് ഞാൻ വീണ്ടും സഞ്ചരിക്കുമ്പോൾ, ഈ സ്ഥലത്തിൻ്റെ ഓർമ്മകൾ എന്നോടൊപ്പം നിലനിൽക്കുമെന്ന് എനിക്കുറപ്പായിരുന്നു. അതിൻ്റെ പുരാതന ചുവരുകളിലെ കൊത്തുപണികൾ പോലെ  അവയെല്ലാം എൻ്റെ ഹൃദയത്തിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.

പാലിയം കൊട്ടാരത്തിൽ നിന്നും തിരികെ നടക്കുമ്പോൾ കേരളത്തിൻ്റെ ഭൂതകാലത്തിൻ്റെ ഒരു ' ചെറിയ ഭാഗം അനുഭവിക്കാനായതിലുള്ള അനുഭൂതി എന്നിൽ നിറഞ്ഞു. കാലാതീതമായ സൗന്ദര്യവും സമ്പന്നമായ ചരിത്രവുമുള്ള കൊട്ടാരം. ഇപ്പോൾ എന്നിലേക്ക് തികട്ടി വരുന്നത് മനോഹരമായ ഒരു യാത്രയുടെ ഓർമ്മകൾ മാത്രമല്ല, കേരളത്തിൻ്റെ ഭൂപ്രകൃതിയുടെ ഘടനയിൽ നെയ്തെടുത്ത, ചരിത്രത്തിൻ്റെ  സമ്പന്നവും പുതുമയുള്ളതുമായ  ഒരു ചിത്ര തിരശ്ശീല ഞാൻ എന്നോടൊപ്പം കൊണ്ടുപോന്നതായി തിരിച്ചറിയുന്നതിലുള്ള ആഹ്ലാദം കൂടിയാണ്.

July 17,  2023.

Share this story

Comments (0)

  • Be the first to write one.