31 August 2024 · 8 min read · അനുഭവം

ഒരു ഹോസ്പിറ്റൽ കഥ

ഭിഷഗ്വരന്മാരുടെ വിഷം പൂണ്ട മനസ്സ് അഥവാ എത്തിക്സ് കളഞ്ഞു പോയ വൈദ്യ വിശാരദന്മാർ .

ഏഴ്  വർഷം മുമ്പത്തെ കാര്യമാണ്. 2017 ജൂലൈയിലെ ഒരു ദിവസം . 

ജൂലൈ, ഓഗസ്റ്റ് കൊടും ചൂടിന്റെ നാളുകളാണ് ഗൾഫ് മേഖലയിലെങ്ങും. വീട്ടിലെ മിക്സി അപശബ്ദങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായിരിക്കുന്നു. നമുക്കിത് സഹിക്കാം പക്ഷെ തൊട്ടടുത്തുള്ള അപ്പാർട്ട്മെന്റുകാർ എന്ത് പാപം ചെയ്തിട്ടാണാവോ എന്ന് ശ്രീമതി ഇടക്കിടെ മുരളാൻ തുടങ്ങിയിട്ടും നാലഞ്ചു ദിവസങ്ങളായി. ആ മുരൾച്ച മിക്സിയുടെ മുരൾച്ചയേക്കാൾ ഭീതിദമാവും മുമ്പേ പുതിയതൊന്ന് വാങ്ങിക്കണം എന്ന് എന്റെ മനസ്സിലുമുണ്ട്. പക്ഷെ പോകാൻ സമയം കിട്ടണ്ടെ. തൊട്ടടുത്ത കടകളിലുണ്ട് സാധനം. പക്ഷെ അവളുദ്ദേശിച്ച മോഡലും ബ്രാൻഡും തന്നെ കിട്ടണമല്ലോ!

ഒടുവിൽ അടുത്ത വീക്കെന്റിൽ നമുക്ക് ബസാറിലേക്ക് ഒന്നിറങ്ങാം എന്നായി ഞാൻ. അങ്ങനെ ഒരു മിക്സി വാങ്ങാനിറങ്ങിയതായിരുന്നു ഞാനും അവളും കൂടെ. പാനാസോണിക്കിന്റെ ഒരുഗ്രൻ ഗ്രൈൻഡർ അവൾ നോക്കി വെച്ചിട്ടുണ്ടായിരുന്നു. അതിന്റെ ഷോറൂമിലേക്ക് തന്നെ ആദ്യം പോയി. സംഭവമെല്ലാം നോക്കിക്കണ്ടു. പക്ഷെ, ഒന്നും ജപ്പാൻ നിർമ്മിതിയല്ല. എല്ലാം മെയ്ഡ് ഇൻ ഇൻഡ്യ ! മുമ്പ് നാഷണൽ പാനാസോണിക്ക് കമ്പനി ഒന്നായിരുന്ന കാലത്ത് എല്ലാം ഒറിജിനൽ ജപ്പാൻ ആയിരുന്ന കാര്യം ഓർത്തിട്ടാകാം അവൾ നെടുവീർപ്പിടുന്നുണ്ടായിരുന്നു. എന്തായാലും വാങ്ങാമെന്ന് കരുതി നില്ക്കുമ്പോൾ ഷോറൂമിലെ പരിചയക്കാരനായ ഒരു സെയിൽസ് മാൻ പറഞ്ഞു ഇതേ സാധനം ദേരയിലെ ഏത് കടയിൽ നിന്നും അമ്പത് ദിർഹം എങ്കിലും കുറവിന് കിട്ടും എന്ന്. അത് കൊള്ളാമല്ലോ, ഞാനോർത്തു. അവിടെ നമുക്ക് വിലപേശി തന്നെ വാങ്ങാം. ഇവിടെ ഷോറൂമിൽ അത് നടപ്പുള്ള കാര്യമല്ല.   

അങ്ങനെ ഞങ്ങൾ തിരക്കേറിയ നഗരഭാഗമായ ദേരയിലെ കടകളിലേക്ക് നീങ്ങി. പല കടകളിൽ നിരങ്ങി ഒടുവിൽ തൃപ്തിയായ ഒരു വിലക്ക് സാധനം വാങ്ങി സബ്ക്ക ബസ് സ്റ്റേഷനിലേക്ക് നടക്കുകയായിരുന്നു ഞങ്ങൾ. അപ്പോഴേക്കും മദ്ധ്യാഹ്നമായിട്ടുണ്ടായിരുന്നു. 

ഒരു ഗലിയിലിലൂടെ മെയിൻ റോഡിലേക്ക് നടക്കുന്നതിനിടയിൽ എനിക്കൊരു തലകറക്കം പോലെ തോന്നി. 40 ഡിഗ്രിക്ക് മേൽ ചൂടുണ്ടാവും. ഇത്ര നേരവും കടകൾക്കകത്തെ മിതശീതോഷ്ണ യന്ത്രത്തിന്റെ സാന്ത്വനത്തിൽ ചൂടറിയുന്നുണ്ടായിരുന്നില്ല. പുറത്തേക്കിറങ്ങി ആദ്യമൊരു സിഗററ്റ് പുകച്ചതിന്റെയും ചൂടിന്റെയും സമ്മിശ്രമായ പ്രതികരണമാകാം തലകറക്കത്തിന് ഹേതു എന്ന് ഞാൻ കരുതി. സംഭവം അവളോട് പറഞ്ഞില്ല. പത്തിരുപതടി, ഏയ് എനിക്കൊരു കുഴപ്പവുമില്ല എന്ന മട്ടിൽ നടത്തം തുടർന്നു. 

ബസ് ടെർമിനലിലേക്ക് ഇനി ഏതാനും വാരകൾ മാത്രമേയുള്ളു. വീണ്ടുമവൻ ആക്രമിക്കുകയായി. കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ. ഇപ്പോൾ ഞാൻ വിവരം ശ്രീമതിയോട് പറഞ്ഞു. അവളുടനെ തന്നെ എന്നെ ഒരു കടയുടെ വരാന്തയിലിരുത്തി. ഭാഗ്യം! അത്തരം വരാന്തയുള്ള ഒരു കട തന്നെ അടുത്തുണ്ടായത്. ദേരയിലെ ഒരു കടകൾക്കും വരാന്തയില്ലെന്ന് തന്നെയല്ല ഫുട്പാത്തും അവർ കയ്യേറി തങ്ങളുടേതാക്കുന്ന ഒരു പ്രവണതയാണവിടെ സാധാരണ നിലവിലുള്ള രീതി.

കടയിൽ നിന്നും ഒരു സോഡ വാങ്ങി ലേശം കുടിച്ചു ബാക്കി കൊണ്ട് മുഖവും കഴുകി കഴിഞ്ഞപ്പോൾ ചെറിയ ആശ്വാസം തോന്നി. കാസർകോടുകാരൻ കടയുടമ അകത്തിരിക്കാൻ ക്ഷണിച്ചു. മദ്ധ്യാഹ്നമായിരുന്നതിനാൽ കസ്റ്റമേഴ്സ് കുറവായതിനാൽ കുറച്ചു നേരം ഞങ്ങൾ കടക്കകത്തിരുന്നു വിശ്രമിച്ച ശേഷം ഒരു ടാക്സിയിൽ വീട്ടിലേക്ക് തിരിച്ചു.

വീട്ടിലെത്തിയതോടെ ശ്രീമതി അത് വരെ പാലിച്ചിരുന്ന സംയമനം ഉപേക്ഷിച്ച് ഇടിയും നിലവിളിയുമായി. സംഭവം നടക്കുമ്പോൾ തന്നെ നേരെ ആസ്പത്രിയിലേക്ക് പോകാനായി അവളൊരു പാട് ശ്രമിച്ചതാണ്. വീട്ടിൽ വന്നതോടെ അതൊരു അപേക്ഷയെന്നത് വിട്ട് ആഞ്ജ പോലെയായി. മക്കളും കൂടെ അവളുടെ ഭാഗം ചേർന്നതോടെ ഞാനൊറ്റയായി. ആസ്പത്രിയിൽ പോകാമെന്ന് സമ്മതിക്കാതെ നിവൃത്തിയില്ലെന്നായി.

അങ്ങനെ വൈകുന്നേരം തന്നെ ഞങ്ങളെല്ലാവരും കൂടെ വീടിനടുത്തുള്ള എക്സ് മെഡി ക്ലിനിക്കിൽ പോയി. കമ്പനി ഇൻഷൂറൻസ് പ്രകാരം അവിടെയേ  പോകാനാവൂ. ഒരു മലയാളി ഡോക്റ്ററെ തന്നെ കണ്ടു. 

അയാളെന്നെ തിരിച്ചും മറിച്ചും കിടത്തിയും കിടത്താതെയും പരിശോധിച്ചു. അയാളുടെ സൗമ്യമായ മുഖത്ത് ചില ഭാവഭേദങ്ങൾ എനിക്ക് കാണാനായി. ചിലപ്പോളയാളുടെ കണ്ണുകളിൽ ഒരു കഴുകന്റെ രൂപം മിന്നിമറയുന്ന പോലെയും തോന്നി. ചെവിയുടെ ഭാഗത്ത് ഒരുപാട് നേരം അയാൾ കുഴൽ വെച്ച് പരിശോധിച്ച ശേഷം അയാളുടെ വായ് തുറന്നു. അയാളുടെ വായുടെ രണ്ടറ്റത്തു നിന്നും ഡ്റാക്കുളയടേത് പോലെ രണ്ട് തേറ്റ പല്ലുകൾ നീണ്ടു വരുന്നത് ഞാനല്ലാതെ വേറാരും കണ്ടില്ല.

ഡോക്റ്ററെ കാണലും മരുന്ന് കഴിക്കലും എനിക്ക് ചതുർത്ഥിയാണ്. സർവ്വീസിലിരിക്കെ നാലഞ്ച് തവണയേ ഞാൻ ആസ്പത്രിയിൽ പോയതായി അനുഭവമുള്ളു.

" ഇതിത്തിരി കോംപ്ലിക്കേറ്റഡാണല്ലോ". അയാൾ എന്നെയും ഭാര്യയെയും മാറി മാറി നോക്കി. കയ്യിലിരുന്ന കുഞ്ഞു ചുറ്റികയിൽ ചുമ്മാ തിരുപ്പിടിച്ചു കൊണ്ടിരുന്നു. ശേഷം പല്ലി ചിലക്കുന്ന പോലുള്ള ഒരു ശബ്ദമുണ്ടാക്കി കസേരയിലേക്ക് ചാഞ്ഞ് കിടന്നു. 

"ചെവിയിൽ നിന്നും ബ്രെയിനിലേക്ക് പോകുന്ന വെയിൻസ് ഏതാണ്ട് മുഴുവനും ബ്ലോക്കാണ്. ഇപ്പോളെങ്കിലും എത്തിയത് നന്നായി. ഞാൻ സ്പെഷ്യലിസ്റ്റിനെ റഫർ ചെയ്യാം ന്താ? സിഗററ്റ് വലിയാണ് പ്രശ്നം. എന്നൊരു കൂട്ടിച്ചർക്കൽ കൂടി അയാളിൽ നിന്നുണ്ടായി. എനിക്കെന്തെങ്കിലും പറയാനിട കിട്ടും മുമ്പേ ശ്രീമതിയും മക്കളും കോറസ്സായി "ഓ! അങ്ങനെയാവട്ടെ " എന്ന് പറഞ്ഞ് കൊണ്ട് എന്നെ നോക്കി. സിഗററ്റ് വലിയാണ് ട്ടാ പ്രശ്നമെന്ന് അയാളൊന്ന് കൂടി പറഞ്ഞതോടെ അവരുടെ എന്റെ നേർക്കുള്ള നോട്ടം ഒന്ന് കൂടി രൂക്ഷമായി.

എക്സിന്റെ വലിയ ഹോസ്പിറ്റലിലേക്കായി അടുത്ത യാത്ര . ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ തന്നെ. അവിടത്തെ ഡോക്റ്ററും പരിശോധനകളുടെ നീണ്ട നിരകൾ നടത്താനാരംഭിച്ചു. സ്കാനിംഗിൽ നിലവിലുള്ള MRI, CT എന്നിവ. രക്തം മൂത്രം എന്ന് വേണ്ട എന്തൊക്കെ ടെസ്റ്റുകൾ നടത്താമോ അതെല്ലാം. ഒടുവിൽ ഹൃദയ വാൽവിലും മൂന്ന് ബ്ലോക്കുകൾ ഉണ്ടെന്ന് കണ്ടെത്തി അവിടത്തെ വിദ്വാൻ . എന്തായാലും ഒരിരയെ കിട്ടിയതല്ലേ. അത് മാക്സിമം മുതലാക്കാമെന്ന് അയാളും വിചാരിച്ചു കാണണം. ഒരു പക്ഷേ, അയാളെ പറഞ്ഞിട്ടു കാര്യമില്ലായിരിക്കാം.  സ്ഥാപനത്തിന്റെ നിലപാട് അയാളിലൂടെ നടപ്പാക്കപ്പെടുന്നു എന്ന് മാത്രമാകാം. എന്തായാലും ഉടനെ വിധിയുണ്ടായി. എത്രയും പെട്ടെന്ന് ആഞ്‌ജിയോ പ്ലാസ്റ്റി ചെയ്യണം. ഇല്ലാന്നുണ്ടെങ്കി ......

ഭയപ്പാടുണ്ടായത് ഭാര്യക്കും മക്കൾക്കുമാണ്. ഇതൊക്കെ എന്ത് എന്ന മട്ടിലായിരുന്നു ഞാനപ്പോളും. ഇന്നസന്റ് നില്ക്കുമ്പോലെ ചുണ്ട് കോട്ടി നില്ക്കണം എന്നായിരുന്നു മനസ്സിലെങ്കിലും ഞാനത് ഉള്ളിലൊതുക്കി. 

ഡോക്റ്റർ പറഞ്ഞു. നിങ്ങളൊന്നുമറിയണ്ട. ഇൻഷൂറൻസ് സംബന്ധമായ എല്ലാം ഞങ്ങൾ നേരിട്ട് ചെയ്തോളാം. CATH LAB വരെ വന്ന് ഒന്ന് കിടന്ന് തന്നാൽ മതി. ബാക്കിയെല്ലാം ഞങ്ങളേറ്റു. അഞ്ച് ഫിൽസ് പോലും നിങ്ങള് ചെലവാക്കണ്ട. അങ്ങനെ ചെലവാക്കാൻ ഞങ്ങളൊട്ട് സമ്മതിക്കേമില്ല. എന്താ സന്തോഷമായില്ലേ. 

അയാളുടെ ചിരിയുടെ മറപറ്റി നിന്നിരുന്ന  തേററ പല്ലുകൾ  എനിക്ക് മാത്രം ഗോചരമായിരുന്നു അപ്പോഴും. 

നന്ദനം സിനിമയിലെ ബാലാമണി പറഞ്ഞ പോലെ, ഞാൻ കണ്ടു. ഞാനേ കണ്ടുള്ളു !

പൈസ വേണ്ടെന്നുള്ളത് ഞങ്ങൾക്കെല്ലാവർക്കുമറിയാം. ശ്രീമതിയും മക്കളും സന്തോഷം ഭാവിച്ചു. ഞാൻ ഒന്നും ഭാവിക്കാതെ നിലകൊണ്ടു. ഡോക്റ്ററുടെ കണ്ണിൽ നിന്നും സന്തോഷത്തിന്റെ കണികകൾ നിർഗ്ഗമിച്ച് ആ മുറിയിലെങ്ങും പരന്നു. എനിക്കത് കണ്ട് ശ്വാസം മുട്ടുന്നത് പോലെയാണ് തോന്നിയത്. ഒരാഴ്ചക്കുള്ളിൽ ആഞ്ജിയോപ്ലാസ്റ്റിക്ക് തയാറായി ഇരുന്നോളാൻ പറഞ്ഞ് അയാൾ ഞങ്ങളെ വിട്ടു.  

പക്ഷെ, അടുത്ത ദിവസം തന്നെ വിളിയുണ്ടായി. എക്സിന്റെ കസ്റ്റമർ കെയറിൽ നിന്നും ഒരാൾ. എന്റെ നാട്ടിലെ വിവരങ്ങളൊക്കെയും അയാൾ ചോദിച്ചറിഞ്ഞു. തുടർന്നുള്ള അയാളുടെ നിർദ്ദേശങ്ങൾ വളരെ വിചിത്രമായിരുന്നു. എനിക്ക് നിർദേശിച്ചിട്ടുള്ള ആൻജിയോപ്ലാസ്റ്റി കൊച്ചിയിലെ എക്സിലേക്ക് മാറ്റാമെന്നായിരുന്നു/മാറ്റണമെന്നായിരുന്നു വിനയപൂർവ്വമെങ്കിലും ചെറിയൊരു ആഞ്ജയിൽ പൊതിഞ്ഞ വിധം ഗൗരവം കലർന്ന അയാളുടെ സംസാരം. അത് കൊണ്ടുണ്ടാകാവുന്ന നേട്ടങ്ങളും അയാൾ എണ്ണിയെണ്ണി പറഞ്ഞു. കൊച്ചിയിലാണെങ്കിൽ 10 ലക്ഷം രൂപ മതിയാകും ഇതിന് . ഇവിടെ ഒരു ലക്ഷം ദിർഹംസിന് മേലെയാകും. തന്നെയല്ല ഇവിടത്തെ ഡോക്റ്റർമാർ ഈ സങ്കീർണ്ണമായ ഓപ്പറേഷൻ ഇത് വരെ ചെയ്തിട്ടില്ല എന്നൊക്കെ പറഞ്ഞു പേടിപ്പിക്കാൻ നോക്കി. 

ഞാനും വിട്ടില്ല. എനിക്ക് സൗകര്യമില്ല കൊച്ചിയിൽ പോയി ചെയ്യാനെന്നും എത്ര പൈസയായാലും എന്റെ കയ്യിൽ നിന്ന് പോകാത്തതിനാൽ എനിക്കെന്ത് നഷ്ടം എന്നും ചോദിച്ചു. 

സംഭവം എന്തെന്ന് വെച്ചാൽ ബ്രെയിനിലേക്കുള്ള വെയിനിന് സ്റ്റെന്റ് ഇടാനുള്ള സാങ്കേതിക സൗകര്യം അന്ന് എക്സിൽ ഉണ്ടായിരുന്നില്ല. വേറെ ഹോസ്പിറ്റലിൽ വേണമായിരുന്നു അത് ചെയ്യാൻ . അപ്പോൾ ഇവരുടെ കയ്യിൽ നിന്നും ഇരയായ ഞാൻ വഴുതിപ്പോകും. കച്ചവടത്തിൽ ലാഭം കുറയും. എന്തെങ്കിലും ഒരു പങ്ക് കിട്ടുമായിരിക്കും.  അത് പങ്കു വെച്ചു പോകുന്നതിലുള്ള അത്യാർത്തി തന്നെ.

ഞാൻ വഴങ്ങില്ലെന്ന് കണ്ടപ്പോൾ നേരിട്ട് കാണണമെന്നായി അയാൾ.

പിറ്റേന്ന്  ആ സെയിൽസ് എക്സിക്യൂട്ടിവ് എന്നെ നേരിട്ട് കാണാനെത്തി. കൊച്ചിയിൽ ചെയ്യുകയാണെങ്കിൽ അടുത്ത ഒരു വർഷത്തേക്ക് എനിക്കുള്ള ഏതസുഖത്തിനും സൗജന്യ ചികിത്സ തരാമെന്ന പ്രലോഭനം മുന്നോട്ട് വെച്ചു. ജോലി ചെയ്യുന്ന കമ്പനി അതെനിക്ക് സൗജന്യമായി തന്നെ തരുന്നുണ്ടല്ലോയെന്ന വാദത്തിന് അയാൾ പല മുട്ടുന്യായങ്ങളും പറഞ്ഞു കൊണ്ടിരുന്നു. എങ്കിൽ ഭാര്യക്ക് ഫ്രീ ചികിത്സ ഒരു കൊല്ലത്തേക്ക് എന്നായി. ഒരു നിലക്കും വഴങ്ങില്ലെന്ന് കണ്ടപ്പോൾ അയാൾക്ക് നിരാശനായി മടങ്ങുകയല്ലാതെ വഴിയില്ലെന്നായി. അങ്ങനെ എക്സിന് എന്റെ തുടർ ചികിത്സ വൈ ഹോസ്പിറ്റലിന് കൈമാറ്റം ചെയ്യേണ്ടി വന്നു. 

അക്ഷരാർത്ഥത്തിൽ വിറ്റു എന്ന് തന്നെ വേണം പറയാൻ.

ആ ദിവസങ്ങളിൽ ഞങ്ങൾ ജോർജ്ജിയയിൽ പോകാനായി നേരത്തെ തീരുമാനിച്ചിരിക്കയായിരുന്നു. അതിലെന്തായാലും ഒരു മാറ്റവുമില്ല എന്ന് ഞാൻ മനസ്സാ തീരുമാനിച്ചു. എയർ ടിക്കറ്റും ഹോട്ടൽ ബുക്കിംഗുമെല്ലാം നേരത്തെ കഴിഞ്ഞിരുന്നതാണ്. അതൊക്കെയും വേണമെങ്കിൽ ക്യാൻസൽ ചെയ്യാവുന്നതേയുള്ളു. 

മക്കളുടെയും ഭാര്യയുടെയും ഭീഷണിക്ക് മുന്നിൽ സിഗററ്റ് വലി പഴയ പോലെ നടക്കാത്തതിനാൽ അതിന്റെ withdrawal symptoms എന്നെ ഏറെ അലട്ടിക്കൊണ്ടിരുന്ന ദിവസങ്ങളായിരുന്നു. അതിനാൽ ചെറിയ പിടിവാശിയിൽ ഞാനും ഉറച്ചു നിന്നു. എന്തായാലും യാത്ര കഴിഞ്ഞു വന്നിട്ടേയുള്ളു തുടർ ചികിത്സ എന്നായിരുന്നു എന്റെ നിലപാട്.

ഞങ്ങളുടെ യാത്രയുടെ തലേന്ന് വൈ ആസ്പത്രിയിൽ നിന്നും വിളി വന്നു. പിറ്റേന്ന് രാവിലെ 8 മണിക്ക് ഭക്ഷണമോ വെള്ളമോ കഴിക്കാതെ ആസ്പത്രിയിലെത്താൻ. ഇൻഷൂറൻസ് അപ്രൂവൽ ഒക്കെ ശരിയായിട്ടുണ്ട്. 

ഞാൻ അത്യാവശ്യമായി നാട്ടിൽ പോവുകയാണ് നാല് ദിവസം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞു. അയ്യോ അതെങ്ങനെ ശരിയാവും ഇനി വീണ്ടും അപ്രൂവൽ എടുക്കേണ്ടിവരുമല്ലോ എന്നായി അവർ. അതെന്തായാലും നാളെ വരില്ല എന്ന് ഞാനും കട്ടായം പറഞ്ഞു. അപ്പോൾ അവർ അയഞ്ഞു .എന്ന് തിരിച്ചു വരുമെന്നായി അവർ. തിയതി പറഞ്ഞു.

ഞങ്ങൾ തിരിച്ചെത്തിയ നിമിഷം തന്നെ വൈ ഹോസ്പിറ്റലിൽ നിന്നും വിളി വന്നു. നാളെത്തന്നെ പോന്നോ എല്ലാം റെഡിയാണ് എന്ന വിവരം അവരറിയിച്ചു. വീട്ടുകാരുടെ നിർബ്ബന്ധം സഹിക്കാതെ ഞാൻ പോയി. CATH LAB ന്റെ കൊടും തണുപ്പിൽ നാലര മണിക്കൂറോളം വിറങ്ങലിച്ചു കിടന്നു. അമേരിക്കൻ എക്സ്പീരിയൻസുള്ള ഡൽഹിക്കാരൻ ഡോക്റ്റർ വിജയകരമായി ദൗത്യം പൂർത്തിയാക്കി എന്നാണ് പറയുന്നത്. എനിക്കറിയില്ല അവർ എന്താണ് ചെയ്തതെന്ന് . അഞ്ചാറ് പേർ ചുറ്റുമുണ്ടായിരന്നു ആ സമയമത്രയും . തല ഒരു വശത്തേക്ക് മാത്രം ചെരിച്ചുള്ള ഒരേ കിടപ്പിൽ എന്താണ് ചെയ്യുന്നതെന്നറിയാതെ ഞാൻ കിടന്നു.

ഏറെ നാളുകൾക്ക് ശേഷമാണ് ഹാർട്ടിന്റെ ബ്ലോക്ക് മാറ്റുന്ന പരിപാടി ചെയ്തത്.

സത്യത്തിൽ എനിക്കറിയില്ല അത്തരത്തിൽ എന്തെങ്കിലും അസുഖങ്ങൾ എനിക്കുണ്ടായിരുന്നോ എന്ന്. ഉണ്ടായിരുന്നില്ല എന്ന് തന്നെയാണ് അന്നും ഇന്നും  എന്റെ വിശ്വാസം.

വീട്ടുകാരുടെ നിർബ്ബന്ധത്തിന് വഴങ്ങി ഞാനതിന് തയാറായി എന്ന് മാത്രം. 

കുടുംബ സമാധാനം ഏറെ പ്രധാനമാണല്ലാ.

വാൽക്കഷ്ണം.

കുറെ ദിവസങ്ങൾക്ക് ശേഷം ദുബൈ വൈ ഹോസ്പിറ്റലിൽ നിന്നും എനിക്കൊരു വിളി വന്നു. പിറ്റേന്ന് രാവിലെ ആസ്പത്രിയിലേക്ക് ഒന്നുചെല്ലണമെന്നും  ഗൾഫ് ന്യൂസ് പത്രത്തിന്റെ ഹെൽത് സപ്ലിമെന്റിലേക്കായി ഒരു ചെറിയ ഇന്റർവ്യൂ അറ്റൻഡ് ചെയ്യണമെന്നും പറഞ്ഞു. 

ബ്രെയിനിലേക്ക് നടത്തിയെന്ന് അവർ പറയുന്ന ആ സ്റ്റെന്റ് ഇടൽ കർമ്മം ദുബായിൽ ആദ്യമായിരുന്നെന്നും അതിന് വിധേയനായ എന്റെ അനുഭവങ്ങളാണ്  അവർക്ക് ആവശ്യവുമെന്ന് മനസ്സിലായി. അത് അവർക്ക് ഒരു പരസ്യം പോലെ ഫലം ചെയ്യും. ഞാനി വിവരം സഹപ്രവർത്തകരോട് പറഞ്ഞപ്പോൾ അവരുടെ അഭിപ്രായം അയ്യായിരം ദിർഹംസ് ആവശ്യപ്പെടാനായിരുന്നു. ഞാനുടനെ ആ നമ്പറിലേക്ക് വിളിച്ചു. 5000 Dhs തന്നാലേ ഞാൻ വരു എന്ന് പറഞ്ഞു. അവരുടെ മറുപടി പ്രതീക്ഷിക്കാത്തതായിരുന്നു. എന്തായാലും നാളെ നിങ്ങൾ വാ . ചെറിയൊരു ഗിഫ്റ്റ് നിങ്ങൾക്കുണ്ട്.

ഗൾഫ് ന്യൂസുകാരൻ ചോദിക്കുന്ന ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും അവരെന്നെ പഠിപ്പിച്ചു. സംഗതി തത്ത പറയുന്നത് പോലെയല്ലങ്കിലും ഏകദേശം കൃത്യമായിത്തന്നെ ഞാൻ പറയുകയും ചെയ്തു. ഹോസ്പിറ്റൽ MD യുമൊത്ത് ഫോട്ടോ . കാപ്പി സൽക്കാരം ഒന്നും പറയണ്ട. ശേഷം ഒരു ചെറിയ കവറും വീട്ടിലേക്ക് കൊണ്ട് വിടാനായി അവരുടെ കാറും.

കാറിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കവേ ഞാനാ കവർ തുറന്ന് നോക്കി.

യു.എ. ഇ  സെൻട്രൽ ബാങ്കിന്റെ മുദ്രയുള്ള ആയിരത്തിന്റെ രണ്ട് ചൂടുള്ള നോട്ടുകൾ.

അപ്പോൾ ഈ കച്ചവടത്തിൽ അവർക്കുണ്ടായ ലാഭമെത്രയായിരിക്കും എന്നാണ്  ഞാനപ്പോൾ ആലോചിച്ചത് !!!

31, August 2024.

Share this story

Comments (0)

  • Be the first to write one.