14 August 2024 · 13 min read · സാഹിത്യം
ഒരു പുസ്തകക്കുറിപ്പ് - അനുഭവം.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിലൂടെ കടന്ന് പോകുമ്പോൾ കണ്ട ഒരു വാചകം എന്നെ സംബന്ധിച്ചു ഏറെക്കുറെ ശരിയാകുന്നുണ്ടല്ലോ എന്ന് തോന്നിപ്പിച്ചതിനാലാണ് ഈ കുറിപ്പ്. ചെറിയ തോതിലൊരു പറ്റിപ്പിൻ്റെ കഥയാണിത്. ഇതൊക്കെ ആരെയും ബാധിക്കാവുന്നതാണെന്നു കരുതി സമാധാനിക്കാവുന്നതേയുള്ളുവെങ്കിലും ഒന്നു കുറിച്ചിടാമെന്ന് തോന്നി.
വാചകം ഇതായിരുന്നു.
"നിങ്ങളൊരു പുതിയ ചുറ്റുപാടിൽ പ്രത്യേക പദ്ധതികളൊന്നുമില്ലാതെ സ്വസ്ഥമായി ജീവിക്കാൻ തീരുമാനിച്ചാൽ ചിലർ അവരുടെ പദ്ധതികളുമായി നിങ്ങളറിയാതെ നിങ്ങളിലേക്ക് കടന്ന് വരികയും നിങ്ങളിലൂടെ അവ നടപ്പാക്കിയെന്നുമിരിക്കും "
ഇതൊരു ജാപ്പനീസ് പഴമൊഴിയാണെന്നാണ് പറയുന്നത്. അതെന്തായാലും ഈ വാചകം എന്നോട് ചേർന്ന് നില്ക്കുന്നത് എങ്ങനെയാവാം എന്ന് ഞാനെന്നോട് തന്നെ ചോദിച്ചു.

ഒരു പ്രസാധകൻ്റെ ക്രൂരതകൾ അഥവാ അവസാനത്തെ അത്താഴം എന്നാണ് ഞാൻ ഈ കുറിപ്പിന് തലക്കെട്ടായി തീരുമാനിച്ചിട്ടുള്ളത്. രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല. തികഞ്ഞ അസംബന്ധമെന്ന് കണ്ണടച്ച് പറയുകയും ചെയ്യാം. എങ്കിലും ഇതൊരു ബുക്ക് പബ്ലിഷറുടെ ഉഡായിപ്പ് പരിപാടി മൂലം കുറെ സമയവും ദ്രവ്യ നഷ്ടവും എന്ന് വേണ്ട ഒരു സുഹൃത്ത് ഇല്ലാതായതിൻ്റെ കൂടി അനുഭവപാഠമാണ്.
പ്രവാസ ജീവിതം കഴിഞ്ഞെത്തുന്ന ആളുകളെ ഗുണകാംക്ഷികളെന്ന ഭാവേന അടുത്തു കൂടി ഒരു പരുവത്തിലാക്കിയെടുക്കുന്ന ആളുകളെ കുറിച്ച് നിരവധി കഥകൾ നാമെല്ലാം കേട്ടിട്ടുണ്ട്. അത്തരക്കാരുടെ ഉപദേശ നിർദ്ദേശങ്ങളിൽ, ഇടപെടലുകളിൽ എല്ലാം നഷ്ടപ്പെട്ട് ദരിദ്രവാസി ആയിത്തീർന്ന് വീണ്ടും പ്രവാസ ജീവിതത്തിലേക്ക് മടങ്ങിപ്പോകേണ്ടി വന്നിട്ടുള്ള ചിലരെക്കുറിച്ചും നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. എന്നാൽ ഇതത്ര കണ്ട് ഗൗരവമിയന്നതല്ല എന്ന് ആദ്യമേ പറയട്ടെ. ഒരു ചെറു വക പറ്റിപ്പ്..
ഗർഷോമും വരവേല്പും സിനിമകളായി വന്ന് നമുക്ക് വലിയ അനുഭവകഥകളുടെ ആഴവും പരപ്പും ഗൗരവത്തോടെയും തമാശ രൂപേണയും പറഞ്ഞു തന്നിട്ടുണ്ട്.. ആ പരുവത്തിലല്ല ഈ കഥ.
എല്ലാ സുഹൃത്തുക്കളും പറ്റിപ്പുകാരൊന്നുമല്ല എന്നതു് ശരിയാണ്. പലരും യഥാർത്ഥ അഭ്യുദയകാംക്ഷികൾ തന്നെയായിരിക്കാം. പക്ഷെ, അവർക്ക് നമ്മളോട് വ്യാജമല്ലാത്ത ആത്മാർത്ഥതയുണ്ടെങ്കിൽ പോലും വ്യക്തമായ ധാരണയില്ലാതെ ഇറങ്ങിപ്പുറപ്പെടുമ്പോൾ അതെങ്ങനെ പുതിയ കണ്ടെത്തലുകളിലേക്ക് നമ്മളെ എത്തിക്കും എന്നതാണ് ഈ അനുഭവത്തിന്റെ കാതൽ.
ആരെയും കണ്ണടച്ച് വിശ്വസിക്കുന്നവനും, ഏറെക്കുറെ
നിഷ്കളങ്കനുമായ ( ? ) എൻ്റെ ഒരു സുഹൃത്ത് വഴി നേരിട്ട ഒരബദ്ധത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. അല്ല, ഇതിനെ എനിക്ക് പറ്റിയ ഒരു അബദ്ധം എന്നല്ല ഒരു ഖമണ്ഡൻ മണ്ടത്തരം എന്ന് തന്നെയാണ് വിശേഷിപ്പിക്കേണ്ടത്.
2020 ഫെബ്രുവരി 28 ന് ജോലി വിട്ട ശേഷം ദുബായിൽ തന്നെ കൂടിയ ഞാൻ മാർച്ച് 25 ന് ലോക് ഡൗൺ തുടങ്ങിയപ്പോൾ ഒന്നും ചെയ്യാനില്ലാതെ ചടഞ്ഞു കൂടിയിരിക്കെ കണ്ടെത്തിയ ഒരു വഴിയായിരുന്നു എന്തെങ്കിലും കുത്തിക്കുറിക്കുക എന്നത്. പുറത്തിറങ്ങി കറങ്ങി നടക്കാൻ നിയന്ത്രണമുള്ള കോവിഡ് കാലമായിരുന്നു അത്.
ജോലി ചെയ്തിരുന്ന 30 ലേറെ വർഷങ്ങൾ ചെറിയ അളവിലുള്ള വായനാശീലം നിലനിറുത്തി പോന്നിരുന്നു എന്നതൊഴിച്ചാൽ ചെറിയൊരു കുറിപ്പുപോലും എഴുതാനുള്ള ഊർജ്ജം ഉള്ളിൽ നിന്നും കിനിഞ്ഞു വന്നിരുന്നില്ല. ഗൾഫിൻ്റെ ഊഷരത പൊതിഞ്ഞിരുന്ന ജീവിതം മൊത്തത്തിൽ തീരെ ദാക്ഷിണ്യമില്ലാത്ത വിധം നിർവ്വികാരമായിരുന്നു. അതിനെ മറികടന്ന് ഉള്ളിലുറങ്ങിക്കിടന്നിരുന്ന ചെറിയോരു ക്രിയാത്മകതയെ ഉണർത്തിയെടുക്കാൻ ഞാൻ തീരുമാനിച്ചത് അങ്ങനെയാണ്.
പിന്നെ അമാന്തിച്ചില്ല. കോവിഡ് നിയന്ത്രണങ്ങളിൽ ചെറിയ അയവ് വന്ന നാളുകളിൽ ദുബായിലെ കണ്ടതും കാണാത്തതുമായ ഇടങ്ങളിലേക്ക് ഓരോ ദിവസങ്ങളിലും ഇറങ്ങിച്ചെല്ലാൻ തുടങ്ങി. വിരലിലെണ്ണാവുന്ന യാത്രികരെ മാത്രം വെച്ച് സഞ്ചരിക്കുന്ന മെട്രോയടക്കമുള്ള പൊതു ഗതാഗത സംവിധാനങ്ങളെ ആശ്രയിച്ച് ഓരോയിടങ്ങളിലും ചെന്നെത്തി. കണ്ടെത്തിയതും അനുഭവിച്ചതുമായ കാര്യങ്ങൾ FB യിലൂടെയും തുടർന്ന് എന്റെ ബ്ലോഗിലൂടെയും പകർന്ന് വെച്ചു. മോശമല്ലാത്ത സ്വീകാര്യത കിട്ടി. അത് കൂടുതൽ ആവേശമുണർത്തി.
തുടർന്നാണ് ചില കൂട്ടുകാരുടെ നിരന്തര പ്രേരണയിൽ പലപ്പോഴായി എഴുതിയ ആ കുറിപ്പുകളെല്ലാം തുന്നിക്കൂട്ടി ഒരു പുസ്തകമാക്കി 2021 മേയിൽ ദുബായിൽത്തന്നെ പ്രസിദ്ധീകരിക്കുന്നത്. അഞ്ഞൂറ് കോപ്പി അടിച്ച് സുഹൃത്തുക്കൾക്കിടയിൽ നിഷ്പ്രയാസം വിറ്റഴിക്കാൻ മുൻ സഹപ്രവർത്തകരായിരുന്ന അവരും ഏറെ ഉത്സുകരായി. വാസ്തവത്തിൽ അതിന്റെ ത്രിൽ അവിടെ തീർന്നിരുന്നു. 2021 ജൂലൈ ഒടുവിൽ നാട്ടിലെത്തിയ ശേഷം പിന്നീടതെപ്പറ്റി ചിന്തയേ ഉണ്ടായിരുന്നില്ല.
പഴയതു തന്നെയെങ്കിലും പുതുതായി ഇടപഴകേണ്ടുന്ന പരിസരം, പുതിയ ജീവിത രീതി. അതോട് ഒത്തു ചേർന്ന് അങ്ങനെ ജീവിച്ചു പോകണം എന്നേ കരുതിയിരുന്നുള്ളു.
2021 അങ്ങനെയൊക്കെ തന്നെ കഴിഞ്ഞു. FB യും കുത്തിക്കുറിക്കലുകളുമായി ദിവസങ്ങൾ നീങ്ങി. ആ അവസരത്തിലാണ് നടേ പറഞ്ഞ നിഷ്കാമകർമ്മിയായ സുഹൃത്തിന്റെ രംഗപ്രവേശം. നാട്ടിൽ സ്ഥിര സാന്നിദ്ധ്യമായതിന് ശേഷം ബന്ധപ്പെട്ടിരുന്ന അപൂർവ്വം ചില സുഹൃത്തുക്കളിൽ പ്രധാനിയായിരുന്നു അയാൾ .
എൻ്റെ FB പോസ്റ്റ്കൾക്കെല്ലാം അകമഴിഞ്ഞ പ്രോൽസാഹനം നല്കി എന്നെ ഉത്തേജിപ്പിച്ചു നിറുത്തുന്നതിൽ മുമ്പനായിരുന്നു കക്ഷി. ചിലപ്പോഴൊക്കെ ഞാനെഴുതുന്ന പീറക്കാര്യങ്ങളെ പോലും അതിഭാവുകത്വം നിറഞ്ഞ ഭാഷയിൽ അയാൾ വാനോളമുയർത്തി. പരസ്പരം പുറം ചൊറിയുക എന്ന സാമാന്യതത്വം സംരക്ഷിച്ചു പോരുന്നതിനായി ഞാനും ടിയാൻ്റെ FB കുറിപ്പുകൾക്ക് അഹമഹമികയാ ആശംസകൾ നേർന്നു കൊണ്ടിരുന്നു. അഴിക്കോട് പാലം പണിയുന്നത് അങ്ങോട്ടുമിങ്ങോട്ടും ഒരു പോലെയുള്ള യാത്രക്കാണല്ലോ. അയാളെൻ്റെ പുറം ചൊറിയും; ഞാനയാളുടെയും.. ഹാ എന്തു സുഖം!
പുസ്തകത്തിന്റെ പുതിയ പതിപ്പ് ഇറക്കുന്നതെ പറ്റി അയാൾ എപ്പോഴും പറഞ്ഞു കൊണ്ടേയിരുന്നു. കക്ഷിയുടേതായി അഞ്ചാറ് പുസ്തകങ്ങൾ ഇതിനകം കറന്റ് ബുക്സ്/ ഡിസി ബുക്സ് എന്നിവ വഴി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നാണ് കേൾവി. ഞാനൊന്നും കണ്ടിട്ടോ വായിച്ചിട്ടോ ഇല്ല. തരക്കേടില്ലാത്ത ഗദ്യഭാഷ സ്വായത്തമായുള്ള ആളാണെന്ന് FB കുറിപ്പുകളിലുടെ തെളിയിച്ചിട്ടുള്ളയാളാണ് . കവിത തനിക്ക് വഴങ്ങുന്നതല്ലെങ്കിലും നിരന്തരമായി തൻ്റെ ബലിഷ്ഠ ഹസ്തങ്ങളാൽ ടിയാൻ കവിതയേയും താഢനം നടത്തിയിരുന്നുവെന്നത് ചിലപ്പോൾ എൻ്റെ തോന്നലാകാം.
കക്ഷിയുടെ എല്ലാ പുസ്തകങ്ങളും തന്നെ വിറ്റു തീർന്നു പോയ് എന്നാണ് വായ്ത്താരി. ശരിയായിരിക്കാം. അത് മുൻനിറുത്തി തീർത്തും പൊസിറ്റീവായ ഉദ്ദേശ്യങ്ങളോടെ തന്നെയായിരിക്കണം അയാളെന്നിൽ പ്രലോഭനമായ് പകർന്നാടിയിട്ടുണ്ടാവുക എന്ന് ഞാൻ കരുതി.
ആദ്യമൊക്കെ ഞാൻ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും കുറെയായപ്പോൾ വഴങ്ങിയെന്ന് പറഞ്ഞാൽ മതിയല്ലൊ. അങ്ങനെയാണ് ആ സുഹൃത്തുമായി , തൃശൂർ കേരള വർമ്മയിൽ അയാളുടെ ജൂനിയറായി പഠിച്ചിരുന്ന, ഇന്ന് ചാലക്കുടിയിൽ സ്വന്തമായി പ്രസാധക സ്ഥാപനം നടത്തുന്ന മൂന്നാമന്റെ അടുത്തെത്തുന്നത്.
അങ്ങോട്ട് പോകും മുമ്പേ സുഹൃത്ത് ഇങ്ങോട്ട് പറഞ്ഞതിങ്ങനെ. നമുക്കിവിടെ കൊടുങ്ങല്ലൂർ തന്നെ പ്രസാധകരായ കുറെ സുഹൃത്തുക്കളുണ്ട്. പക്ഷെ, ഇവനൊരു പഞ്ചപാവമാണ്. നിൻ്റെ പുസ്തകം ഇവന് കൊടുത്താൽ അതൊരു സഹായമായിരിക്കും. അതിനാലാണ് ഞാൻ നിന്നേം കൊണ്ട് ഇത്ര ദൂരത്തേക്ക് വരുന്നത്. പിന്നെ, ഇവനാകുമ്പോൾ എല്ലായിടത്തും എക്സിബിഷന് പോകും. അവിടെയൊക്കെ പുസ്തകം വിറ്റും പോകും.
എന്നാൽ ഇതിൽ വിചിത്രമായി എനിക്ക് തോന്നിയ ഒരു കാര്യം നേരത്തെ പറഞ്ഞതു തന്നെയാണ്. മേല്പടിയാൻ്റേതായി അഞ്ചാറ് പുസ്തകങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ, അവയൊന്നും തന്നെ ഈ പറഞ്ഞ ചാലക്കുടിക്കാരൻ്റെ സ്ഥാപനത്തിൽ നിന്നല്ല തന്നെ. അതെന്തേ അങ്ങനെ!
അങ്ങനെ ഒരു നാൾ ഞങ്ങൾ സുഹൃത്തിൻ്റെ തന്നെ കാറിൽ ചാലക്കുടിക്ക് പുറപ്പെട്ടു. പോകുന്ന വഴിയത്രയും ഈ പുസ്തകം പ്രകാശനം ചെയ്യുന്ന കാര്യങ്ങളൊക്കെ പറഞ്ഞ് എന്നെ കോൾമയിർ കൊള്ളിപ്പിച്ചു കൊണ്ടായിരുന്നു യാത്ര. ഇടയ്ക്കിടെ പുട്ടിന് പീരയെന്നോണം മറ്റ് പ്രസാധകരുമായി തനിക്കുള്ള ദീർഘകാല ബന്ധങ്ങളും ഇടപെടലുകളും ക്രമത്തിന് ചേർക്കുന്നുമുണ്ടായിരുന്നു.
കറൻ്റ് ബുക്സിലെ ഹരീഷ്, H&C യിലെ ബിനീഷ്, ഒലിവ് ബുക്സിലെ രമേഷ്, ഗ്രീൻ ബുക്സിലെ ഉമേഷ്, രവി ഡിസി എന്നിവരൊക്കെ വന്നും പോയും കൊണ്ടിരുന്ന യാത്രയിൽ ഞാൻ വെറും മൂളലുകാരൻ്റെ റോളിലേക്ക് ഒതുങ്ങി. എൻ്റെ പുസ്തകം പ്രസിദ്ധീകരിപ്പിച്ചു തന്ന് എന്നെ സഞ്ചാര സാഹിത്യലോകത്തെ പുതിയ നക്ഷത്രമാക്കി മാറ്റാൻ പോകുന്ന കിങ് മേക്കറാണ് കൂടെയുള്ളത്. അടങ്ങിയൊതുങ്ങിയിരുന്ന് എല്ലാം മൂളലാണ് എനിക്കിപ്പോൾ ചെയ്യാവുന്ന കാര്യം. കാലമേറെയായി പരിചിതനെങ്കിലും വാഗ്ധോരണിയിൽ ഇവനെ കടത്തി വെട്ടാൻ ഞങ്ങളുടെ പ്രദേശത്ത് വേറൊരാൾ ഇനി ജനിച്ചു വരേണ്ടിയിരിക്കുന്നു എന്നെനിക്ക് ശരിക്കും ബോദ്ധ്യമായത് അപ്പോഴാണ്.
അഷ്ടമിച്ചിറ കഴിഞ്ഞപ്പോൾ പുള്ളിക്കാരന് ബോറടിച്ചിട്ടോ എന്തോ വിഷയത്തിൽ അല്പം മാറ്റം വരുത്തിത്തുടങ്ങി. എന്നെ ഞെട്ടിക്കാൻ വേണ്ടുന്നത്ര വീര്യം കൂട്ടി കൊണ്ട് പുസ്തക പ്രകാശനം തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വെച്ചായിരിക്കും നടത്തുക എന്നയാൾ പെട്ടെന്നൊരു പ്രഖ്യാപനം നടത്തി. പുളിയിലക്കുന്ന് കവല കഴിഞ്ഞ് നീങ്ങുമ്പോൾ കാർ ഒരു വലിയ ഗട്ടറിൽ ചാടിയതും ഈ പ്രഖ്യാപനവും ഒന്നിച്ചായിരുന്നു. ഡ്രൈവറും എൻ്റെയൊപ്പം ഞെട്ടി തവിടുപൊടിയായി പോയെന്ന് പറഞ്ഞാൽ മതിയല്ലോ!
അഷ്ടമൂർത്തിയെയും സുഭാഷ് ചന്ദ്രനേയും കൊണ്ട് വരുന്ന കാര്യം താനേറ്റു എന്നും കൂടി പറഞ്ഞിട്ട്, ഇതൊക്കെ എന്ത്! വേണമെങ്കിൽ നീ പറഞ്ഞാൽ കെ.ആർ മീരയെയും ബെന്യാമിനെയും വരെ ഞാൻ കൊണ്ട് വരും എന്നും കൂട്ടിച്ചേർത്തു. എം.ടി. വേണോ എം.ടി. സാക്ഷാൽ എം.ടി .......
തുടർ ഞെട്ടലുകളിൽ ക്ഷണനേരത്തേക്ക് ഞാൻ ബോധരഹിതനായി.
എന്നെയെന്തിനിങ്ങനിട്ട് വെഷമിപ്പിക്കണേയെന്ന് ഞാൻ ഉള്ളാലെ പരിതപിച്ചു. ഞാനാകെ ഭയന്നു വിറയ്ക്കാൻ തുടങ്ങിയോന്നൊരു സംശയം. വണ്ടി നിറുത്ത് നമുക്കാ കടേന്ന് ഒരു സോഡ വാങ്ങിക്കുടിച്ചിട്ട് ഇനി പറയാം എന്നായി ഞാൻ. തലയ്ക്കൊരു പെരുപ്പ് പോലെന്തോ, "ഷോഡ" തനിക്കും വേണമെന്ന് ഡ്രൈവനും പറഞ്ഞു. "ഷോഡ" അകത്ത് ചെന്നപ്പോൾ ഭയം ഗ്യാസായി വായിലൂടെ പുറത്തേക്ക് വന്നു. ചെറിയ സമാധാനമായി.
ആള് പിന്നെയും വാചകമടി തുടരാനുള്ള ഭാവമായിരുന്നു. കൂടല്ലൂരിൽ ഒരിക്കൽ ചെന്നപ്പോൾ എം.ടി.യെ കാണാൻ പറ്റാഞ്ഞതും, ചെന്ന വിവരവും ഫോൺ നമ്പറും അവിടെ വീടിൻ്റെ വാതിലിൽ എഴുതി ഒട്ടിച്ചു വെച്ചു പോന്നതും എം ടി തിരികെ വിളിച്ചതും ഒക്കെ പറഞ്ഞ് എൻ്റെ ബോധമണ്ഡലത്തെ തകർക്കാനുള്ള പുറപ്പാടാണെന്ന് ഞാൻ മനസ്സിലാക്കി. തുടർന്ന് സാഹിത്യ അക്കാദമിയിൽ തനിക്കുള്ള പിടിപാടുകൾ തരാതരം പോലെ പറഞ്ഞു കൊണ്ടിരിക്കെ ഞങ്ങൾ ചാലക്കുടിയിലെത്തി.
മൂന്നാമനെ ആദ്യമായി കണ്ടപ്പോൾ എന്റെ നാവ് അറിയാതെ ഉരുവിട്ടത് "എടാ ഇസ്കര്യോത്താ, ഇതാണോ അക്കൽദാമ. നീയിപ്പോഴും ഇവിടെ തന്നെയുണ്ടല്ലേ " എന്നായിരുന്നു. ഒറ്റുകാരനായ യൂദാസിനെപ്പറ്റി എന്റെ മനസ്സിൽ നില നിന്നിരുന്ന രൂപം തന്നെ. അഞ്ചരയടിയിൽ താഴെ പൊക്കം. തിളക്കമില്ലാത്ത കണ്ണുകളിൽ പായൽ മൂടിയത് പോലുള്ള നോട്ടം. ചതിയൊളിപ്പിച്ചു വെച്ച വിടർന്ന ചിരി . എങ്കിലും സംസാരിച്ചു വരുമ്പോൾ ആരെയും വശ്യമാക്കുന്ന പ്രകൃതം.
പഴയതും പുതിയതുമായ നിരവധി പുസ്തകങ്ങൾ തിങ്ങി നിറഞ്ഞ കുടുസ്സു മുറി. മിക്കതും അയാൾ തന്നെ പരിഭാഷപ്പെടുത്തിയ വിശ്വോത്തര കൃതികൾ. കസാൻദ്സാക്കിസിന്റെ ഏതാണ്ടെല്ലാ നോവലുകളും. ദോഷം പറയരുതല്ലോ, പുസ്തകങ്ങൾക്ക് ഗെറ്റപ്പിലും അച്ചടിയിലും മലയാളത്തിലെ പ്രശസ്ത പ്രസാധകരോട് ചേർന്ന് നില്ക്കും വിധമുള്ള മേന്മയൊക്കെയുണ്ട്.
അയാൾ ചിലച്ചു കൊണ്ടേയിരുന്നു. അങ്ങോട്ടൊന്നും പറയിക്കാതെ റേഡിയോ കണക്കെ അയാൾ തുരുതുരാ സംസാരിച്ചു. കേൾവിക്കാരനിൽ ഔത്സുക്യം നിറക്കുന്ന ശൈലിയിലാണ് ഭാഷണം. കുറഞ്ഞ നേരം കൊണ്ട് അയാളെന്നെ കയ്യിലെടുത്തു. എനിക്ക് അവിടെ നിന്നും പോരേണ്ട എന്ന് തന്നെ തോന്നിയ സന്ദർഭങ്ങളുമുണ്ടായി. എം.ടിയും മുകുന്ദനും വിജയനും സക്കറിയയും പത്മനാഭനും എൻ.എസ് മാധവനും ഒക്കെ സംസാരത്തിൽ നിറഞ്ഞു നിന്നു.
തരാമെമെന്നേറ്റിരുന്ന പുസ്തകം തരാതെ വന്നതിനാൽ എം.ടിക്ക് അഡ്വാൻസായി കൊടുത്ത അയ്യായിരം രൂപ കൂടല്ലൂരിലെ വീട്ടിലെത്തി എംടിയിൽ നിന്നും തിരികെ വാങ്ങിയെടുത്ത കഥ ഞാൻ ഏറെ സംഭ്രമത്തോടെ, ബഹുമാനത്തോടെ കേട്ട് തരിച്ചിരുന്നു. ഉഷാറ് കൂടിയപ്പോൾ വി.കെ. എന്നിനെ തലേന്ന് വൈകീട്ട് തിരുവില്വാമലയിൽ വെച്ച് കണ്ടിരുന്ന കാര്യം പോലും ശ്വാസം വിടാതെ പറഞ്ഞു പോയി വിദ്വാൻ. ഞാൻ തലയിൽ കൈവെച്ച് ഇരിക്കാൻ കൊതിച്ചെങ്കിലും മര്യാദകേടാവുമോ എന്നോർത്ത് മിണ്ടാതിരുന്നു.
ഇവർക്കൊക്കെ എം.ടി യെന്നൊക്കെ പറഞ്ഞാൽ ഏതാണ്ട് അടുത്ത കൂട്ടുകാരനെ പോലെയാണല്ലോ, ഞാനോർത്തു. ഇങ്ങനെയുള്ളവരുമായുള്ള ഇടപെടലുകൾ തന്നെ പ്രാപ്യമാവുന്നതിൽ എനിക്ക് ഉള്ളിൽ കുളിരുകോരി.
എന്നെ കൂട്ടി കൊണ്ട് പോയ സുഹൃത്താകട്ടെ നിറഞ്ഞ ആദരവോടെ അയാളുടെ മുന്നിൽ അതെല്ലാം കേട്ടു കൊണ്ടു ഇടക്കിടെ എന്നെയും നോക്കുന്നുണ്ടായിരുന്നു. അങ്ങനെ പകർന്ന് കിട്ടിയത് വഴി എനിക്കും യൂദായോട് ആദരവ് തോന്നി തുടങ്ങിയിരുന്നു.
ഞങ്ങൾ ചെന്ന കാര്യങ്ങളെപ്പറ്റി സംസാരിക്കാൻ പറ്റാത്ത വിധം ലോക സാഹിത്യത്തിലെ നൂതന സരണികളെ പറ്റി അയാൾ നിർത്താതെ വാചാലനായി കൊണ്ടിരുന്നു. പ്ലാസ്റ്റർ ഒട്ടിച്ചെങ്കിലും അയാളുടെ വായടക്കാനായി ഒരു വേള ഞാനാഗ്രഹിച്ചു. പിന്നെപ്പോഴോ കിട്ടിയ ഒരിടവേളയിൽ എൻ്റെ പുസ്തകത്തിൻ്റെ ആദ്യ പതിപ്പിന്റെ ഒരു കോപ്പി അയാളെ ഏൽപ്പിച്ചു കൊണ്ട് ചർച്ചകൾക്ക് തുടക്കമിട്ടു.
അയാളത് വാങ്ങി തിരിച്ചും മറിച്ചും നോക്കി. തൻ്റെ സംസാരം മുറിഞ്ഞു പോയതിലുള്ള നീരസം മുഖത്ത് നിറഞ്ഞു നില്ക്കുന്നുണ്ട്. എങ്കിലും കാര്യത്തിലേക്ക് കടന്നു.
156 പേജുകളുള്ള ദുബായ് പുസ്തകത്തിന്റെ ഫോണ്ടുകൾ ഉറുമ്പിനേക്കാൾ ചെറിയ വലിപ്പത്തിലായിരുന്നു. അത് പുതിയ പുസ്തകമായി രൂപാന്തരപ്പെടുത്തുമ്പോൾ 200 പേജെങ്കിലും വരുമെന്നും, അതോടൊപ്പമുള്ള കളർ ഫോട്ടോകൾ കൂടിയാകുമ്പോൾ 500 കോപ്പിക്ക് 63000 രൂപയാകുമെന്നും ചിരപരിചിതനായ ഒരു പ്രസാധകന്റെ സ്വതസിദ്ധ ശൈലിയിൽ കാൽക്കുലേറ്ററിൻ്റെ പോലും സഹായമില്ലാതെ തന്നെ ഇസ്കര്യോത്ത വെളിപ്പെടുത്തുമ്പോൾ ഒരു ഷൈലോക്കിയൻ ഭാവം കൂടി ആ മുഖത്ത് ഉറഞ്ഞു കൂടിയത് ഇടനിലക്കാരനായ എന്റെ സുഹൃത്ത് കണ്ടില്ലായിരിക്കാം. പക്ഷെ ഞാൻ കണ്ടിരുന്നു.
മുപ്പതിനായിരം രൂപ പിറ്റേന്ന് തന്നെ യൂദായുടെ എക്കൗണ്ടിലേക്ക് ചെന്നെത്തിയപ്പോൾ ഡി. ടി.പി. പണികളെല്ലാം തുടങ്ങിയെന്ന അറിയിപ്പുണ്ടായി. മൂന്നാഴ്ചക്കകം പുസ്തകം റെഡിയാകും എന്ന ഉറപ്പും കിട്ടി. 2022 ജൂലൈ 27 നായിരുന്നു അത്.
എനിക്ക് തിരക്കൊന്നുമില്ലാതിരുന്നിട്ടും ഞാനതെപ്പറ്റി കുറെ ദിവസത്തേക്ക് തിരക്കാനൊന്നും പോയില്ല. അയാൾ പണിയട്ടെ.
ഒരാഴ്ച കഴിഞ്ഞ് ബാക്കി പൈസ കൂടി അയാൾ ആവശ്യപ്പെട്ടപ്പോൾ ഞാൻ ഇടനിലക്കാരനെ ബന്ധപ്പെട്ടു. നിരവധി തവണ വിളിച്ചപ്പോൾ അയാളെ കിട്ടി. ഒരു 20000 കൂടി കൊടുത്തോ, നമ്മൾ എന്നായാലും കൊടുക്കേണ്ടതല്ലേ എന്നായി കക്ഷി. അത് കൊടുത്ത ശേഷവും ആഴ്ചകൾ മൂന്ന് കഴിഞ്ഞു. വിളിച്ചു നോക്കി. നാടൻ ഭാഷയിൽ പറഞ്ഞാൽ യൂദാ ജന്മത്ത് ഫോണെടുക്കില്ല. അങ്ങനെ അങ്ങനെ ഞാനും മറ്റ് ചില കാര്യങ്ങളിൽ തിരക്കിലായി. ചിലപ്പോൾ അലസനുമായി. ഇടനിലക്കാരനുമായി ബന്ധപ്പെടാതെയുമായി.
ഒരു മാസം കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാതിരുന്നപ്പോൾ ഞാൻ ഇടനിലക്കാരനെ തപ്പിപ്പിടിച്ച് കാര്യം തിരക്കി. അവനത് ശരിയാക്കിത്തരും നീ പേടിക്കണ്ടഡാ എന്നായിരുന്നു മറുപടി. ശരിക്കും എനിക്ക് പേടിയുണ്ടായിരുന്നില്ല. മറിച്ച്, ഒരാവശ്യവുമില്ലാത്ത കാര്യത്തിനാണ് ഇറങ്ങിപ്പുറപ്പെട്ടതെന്ന കുറ്റബോധം മാത്രമായിരുന്നു ഉള്ളിൽ.
വീണ്ടും രണ്ടാഴ്ച കഴിഞ്ഞു. വിളിച്ചാൽ എടുക്കില്ല എന്ന നിലപാട് തന്നെ അയാൾ. ഇതെന്തോ പറ്റിക്കലാണെന്ന ചിന്ത എന്നിലുണർന്നത് അപ്പോഴാണ്. ഇപ്പോൾ ഇടനിലക്കാരനായ സുഹൃത്തിനെ വിളിച്ചാലും തീരെ കിട്ടാതായിരിക്കുന്നു. ഞാൻ തനിയെ വീണ്ടും ചാലക്കുടിക്ക് വെച്ചു പിടിച്ചു.
അയാളെ കാത്തിരുന്ന് ഉച്ച വരെയായി. താഴെയുള്ള ഇന്ത്യൻ കോഫി ഹൗസിൽ പോയി ശാപ്പാടടിച്ചു തിരികെ വരുമ്പോൾ ഇസ്കര്യോത്ത എത്തിയിരിക്കുന്നു.
എന്തായി കാര്യങ്ങൾ? ഞാൻ തിരക്കി.
എല്ലാം ശരിയായിട്ടുണ്ട്. പ്രൂഫ് റീഡിങ്ങ് നടക്കുന്നുണ്ട്.
DTP യെല്ലാം കഴിഞ്ഞെന്ന് മുമ്പ് പറഞ്ഞിരുന്നല്ലോ, എന്നിട്ടിപ്പോഴും പ്രൂഫ് റീഡിങ് ആയില്ലേ. ഞാൻ കൗതുകം പൂണ്ടു. അതിനയാൾ പറഞ്ഞത് പെട്ടെന്ന് വേണമെന്നുണ്ടെങ്കിൽ എന്നോട് തന്നെ അതിൻ്റെ പ്രൂഫ് വായിച്ച് തിരുത്തിക്കൊടുക്കാനായിരുന്നു.
ഭേഷ് !
ഞാൻ മേലോട്ടു നോക്കി. പിന്നെ കീഴോട്ടും. മഴയിൽ കുളിച്ച എൻ.എച്ചിലൂടെ ഒരു ട്രാൻസ്പോർട്ട് ബസ്സ് പതിയെ നിരങ്ങി നീങ്ങുന്നു. അതിൻ്റെ ബോഡിയിൽ കണ്ട ഒരു സിനിമാപരസ്യത്തിൽ എൻ്റെ കണ്ണുടക്കി. "ന്നാ താൻ പോയി കേസ് കൊട് ".
അയാൾ ഉടക്കാനുള്ള പുറപ്പാടിലാണെന്നും അതിൻ്റെ ദൃഷ്ടാന്തമാണ് ബസിൻ്റെ പള്ളയിൽ കണ്ട സിനിമാ പരസ്യമെന്നും എനിക്ക് തോന്നി.
എൻ്റെ ഊഹം തെറ്റിയില്ല. അയാൾ ഉടക്ക് തുടങ്ങിക്കഴിഞിരിക്കുന്നു. ഇതിനകം 50000 രൂപ എൻ്റെന്ന് വാങ്ങിയിട്ട് പുസ്തകത്തിൻ്റെ കാര്യത്തിൽ ഒരനക്കവും അയാൾ നടത്തിയിട്ടില്ല എന്നെനിക്ക് അയാളുടെ തുടർ സംസാരത്തിൽ നിന്നും ബോദ്ധ്യമായി. എൻ്റെ കണക്കിൽ ഇനി 13000 രൂപ കൂടി കൊടുക്കണം. അത് പുസ്തകം പ്രിൻ്റ് ചെയ്ത് തരുമ്പോൾ കൊടുത്താൽ മതിയെന്നായിരുന്നു ഇടനിലക്കാരനുമായി ചെന്നപ്പോഴുള്ള വാക്കാലുള്ള എഗ്രിമെൻ്റ്
അത് കൊടുക്കാൻ ഞാൻ ബാദ്ധ്യസ്ഥനുമാണ്.
അതോർത്തിരിക്കെ പ്രതീക്ഷിച്ചിരിക്കാതെയാണ് അയാളിൽ നിന്നും പുതിയ വിവരങ്ങൾ പുറത്ത് ചാടിയത്. 63000 രൂപയെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അയാൾ വാദിച്ചു. ഉണ്ടെന്ന് ഞാനും. അയാൾ കടുകിട വിടാൻ തയാറാകാതെ ഘോരഘോരം വാദിച്ചു കൊണ്ടിരുന്നു. തൊട്ടപ്പുറത്തെ മുറിയിൽ വക്കീലന്മാരുടെ ഓഫീസായിരുന്നു. അവിടെ നിന്നും കറുത്ത കോട്ടണിഞ്ഞവർ ഇറങ്ങി വന്ന് കേസൊന്ന് ഒത്തത് തന്നെ എന്ന മട്ടിൽ കൗതുകപൂർവ്വം നോക്കി നില്പായി.
ഞാനെൻ്റെ മൊബൈലിൽ നിന്നും അയാളയച്ച മെസ്സേജുകൾ ഒന്നൊന്നായി അയാൾക്ക് തന്നെ അയച്ചു. അതൊക്കെയും അന്ന് തെറ്റി അയച്ചതായിരുന്നെന്നും പുസ്തകം പുസ്തകമായി കിട്ടണേൽ 75000 രൂപ കിട്ടിയേ ഒക്കൂ എന്നും അയാൾ കട്ടായം പറഞ്ഞു. അത് നഷ്ടമെന്ന് എനിക്കു തോന്നുന്നുവെങ്കിൽ ആ നഷ്ടം നികത്താനായി പുസ്തകത്തിൻ്റെ വില 250 രൂപയാക്കി അടിച്ചു തരാമെന്നും അതിന് പ്രത്യേകിച്ച് ചാർജ്ജ് വേണ്ടെന്നും വില കുറഞ്ഞ ഒരു തമാശയും അയാൾ പറഞ്ഞു.
ഹാ! എന്തൊരു ഉദാരത. ഇത് പോലെ മഹാമനസ്കതയുള്ള ആളുകളെ ഞാനെന്ത് കൊണ്ട് മുമ്പ് കണ്ടെത്തിയില്ല എന്നു് ഞാൻ ഖേദത്തോടെ ഓർത്തു പോയി.
വക്കീലന്മാർ എന്നെ സഹതാപപൂർവ്വം നോക്കിക്കൊണ്ടിരുന്നു. ഇതിവിടെ സ്ഥിരം പരിപാടിയാണെന്നു അവർക്കറിയാമായിരിക്കും. അതിലൊരാൾ എന്നെ കണ്ണു കാട്ടി വിളിച്ചു. കാര്യങ്ങൾ തിരക്കി. നമുക്കൊരു കേസ് ഫയൽ ചെയ്താലോ എന്നയാൾ ചോദിച്ചു.
ഞാനവിടെ ഇരുന്ന് കൊണ്ട് ഇടനിലക്കാരനായ സുഹൃത്തിനെ വിളിക്കാൻ പലവുരു ശ്രമിച്ചു. കിം ഫലം! ആകെ ആശയക്കുഴപ്പത്തിലായ ഞാൻ അവിടെ നിന്നും തിരികെ പോന്നു. ഇതിനകം രണ്ട് മാസത്തിനിടെ അഞ്ച് തവണയായി ഈ പുസ്തകത്തെച്ചൊല്ലി ഞാൻ ചാലക്കുടി യാത്ര നടത്തുന്നത്. ഒരു കാര്യവുമില്ലാതെ ആരുടെയെങ്കിലും വാക്കുകേട്ട് ഇറങ്ങിപ്പുറപ്പെട്ടാൽ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് മനസ്സിലോർത്തു. തുടക്കത്തിൽ ഇടനിലക്കാരൻ്റെ ഒത്താശകളുണ്ടായിരുന്നെങ്കിലും ഇന്നിപ്പോ ഞാൻ മാത്രമായിരിക്കുന്നു. അഷ്ടമൂർത്തീം ഇല്ല, ബെന്യാമിനും ഇല്ല. അക്കാദമി പോയിട്ട് അങ്ങോട്ടുള്ള വഴി പോലും എനിക്ക് അറിയില്ല.
വരുന്ന വഴി തന്നെ ഞാൻ കൊടുങ്ങല്ലൂരിലുള്ള രണ്ട് പ്രസാധകരെ വെറുതെ സമീപിച്ചു. പുസ്തകത്തെ പറ്റി വിശദമായി സംസാരിച്ചു. ഇത്ര പേജുള്ള പുസ്തകത്തിന് ഫോട്ടോകൾ അടക്കം 60000 രൂപയാകുമെന്നാണ് ഇരുവരും പറഞ്ഞത്. അതു കൂടുതലല്ലേ എന്ന ചോദ്യത്തിന് എന്തെങ്കിലും അഡ്ജസ്റ്റ് ചെയ്യാമെന്നും അവരേറ്റു.
അങ്ങനെ ഒക്ടോബർ പകുതിയിലെത്തിയിരിക്കുന്നു. നവമ്പർ അഞ്ച് മുതൽ നടക്കുന്ന ഷാർജ ബുക്ക് ഫെസ്റ്റിവലിലേക്ക് എൻ്റെ പുസ്തകം എത്തിക്കാമോ എന്ന് കൂട്ടുകാർ ദുബായിൽ നിന്ന് വിളിച്ചു ചോദിക്കുന്നത് അപ്പോഴാണ്. ഞാനവരോട് കാര്യങ്ങളൊക്കെ വിശദമാക്കി. പല തവണ വിളിച്ചിട്ടൊടുവിൽ കിട്ടിയപ്പോൾ ഇക്കാര്യം ഞാൻ ഇടനിലക്കാരനെയും അറിയിച്ചു.
ഒരവസാന വട്ട ശ്രമം എന്ന നിലയിൽ വീണ്ടും ഞാൻ യൂദായെ സമീപിച്ചു. ഷാർജക്കാര്യം ഒഴികെ അയാളോട് കാര്യങ്ങൾ പറഞ്ഞു. ഇനി ബാക്കിയുള്ള 25000 രൂപ കൂടി കൊടുത്താലേ പുസ്തകത്തിൻ്റെ പണി തുടങ്ങുകയുള്ളു എന്നയാളും തീർത്തു പറഞ്ഞു. ഞാനപ്പോൾ തന്നെ അയാൾക്ക് പണം കൊടുത്തു. ഒക്ടോബർ 31 ന് പുസ്തകം റെഡിയാകും എന്നയാൾ അപ്പോൾ ഉറപ്പിച്ച് പറഞ്ഞു.
ഒക്ടോബർ 25,26,27 തീയതികളിലൊക്കെ ഞാനയാളെ വിളിച്ച് കൊണ്ടിരുന്നു. ചിലപ്പോൾ ആളെ കിട്ടും. അപ്പോൾ 31ന് റെഡിയാകും എന്ന് അയാൾ പറയും. ഒടുവിൽ 31 ഒക്ടോബറും എത്തി. അയാൾടെ ഫോൺ സ്വിച്ച് ഓഫ്. ഇടനിലക്കാരൻ ആരോഗ്യ പ്രശ്നങ്ങളാൽ ആസ്പത്രിയിൽ.
ബെസ്റ്റ്!
ദുബായിൽ നിന്നും തുടരെ വിളി. നവമ്പർ മൂന്നിനെങ്കിലും പുസ്തകം കിട്ടിയാലേ കാര്യങ്ങൾ നടക്കൂ എന്നായി സുഹൃത്തുക്കൾ. ഞാൻ ചെകുത്താനും കടലിനും നടുവിലായി.
മുമ്പൊക്കെ നിത്യവും രണ്ട് തവണയെങ്കിലും വിളിച്ചിരുന്ന ഇടനിലക്കാരൻ സുഹൃത്ത് ഇപ്പോൾ മാവിലായിക്കാരനായിരിക്കുന്നു. ഒരു വിവരവുമില്ല. ഒക്ടോബർ 31 ന് ഞാൻ ചാലക്കുടിക്ക് പോയി. പോകാതെ നിവൃത്തിയില്ലല്ലോ.
ഇത്തവണ എൻ്റെ വരവ് മുൻകൂട്ടി കണ്ടിട്ടെന്ന പോലെ യൂദാ കാത്തിരിക്കയായിരുന്നു. ഇതിനകം ഷാർജാ ബുക്ക് ഫെയറിൽ എൻ്റെ പുസ്തകം പ്രദർശിപ്പിക്കുന്നതെ പറ്റി ഇടനിലക്കാരനിൽ നിന്നാകണം അയാളറിഞ്ഞിട്ടുണ്ടായിരുന്നു. നിറഞ്ഞ ചിരിയോടെ യൂദാ എന്നെ സ്വീകരിച്ചിരുത്തി. എന്നിട്ട് വിശേഷങ്ങൾ തിരക്കി.
പുസ്തകം പ്രിൻ്റിംഗ് തുടങ്ങിയിട്ടേ ഉള്ളുവെന്നും പ്രസ്സുകാരുടെ തിരക്കുമൂലമാണ് വൈകുന്നതെന്നും അല്പം വിഷമം ഭാവിച്ചു കൊണ്ട് അയാൾ പറഞ്ഞു. അത് കുഴപ്പമില്ല, നാളെയെങ്കിലും പുസ്തകം കിട്ടുമോ എന്നായി ഞാൻ. അതിനെന്താ ഷാർജ ബുക്ക് ഫെയറിൽ അയക്കാനല്ലേ നാളെത്തന്നെ തരാമല്ലോ. അയാളോട് ഞാൻ പറയാത്ത കാര്യം അയാളിങ്ങോട്ട് പറയുന്നത് കേട്ട് ഞാൻ അന്തം വിട്ടു.
പക്ഷെ ഒരു പ്രശ്നമുണ്ട്. അയാൾ തുടർന്നു. ഇന്ന് രാത്രി പ്രസ്സിൽ അവർ ഓവർടൈം ചെയ്താലേ പണി തീരുകയുള്ളു. ഒരു 5000 രൂപ കൂടി തരേണ്ടി വരും. എന്താ റെഡിയല്ലേ.
എനിക്കപ്പോൾ കടന്ന് പോകേണ്ടി വന്നത് ഏതൊക്കെ വികാരങ്ങളിലൂടെയാണെന്നതിന് ഇപ്പോഴും ഒരു തിട്ടമില്ല. ഒന്നും പറയാതെ ഞാനെഴുന്നേറ്റു. വാതില്ക്കലെത്തിയ ഞാൻ തിരിഞ്ഞ് നിന്ന് അയാളോടിത്ര മാത്രം പറഞ്ഞു. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രിൻ്റ് ചെയ്ത് തന്നാൽ മതി. ഇനി ഇതിൻ്റെ പേരിൽ അഞ്ചു പൈസ പോലും എൻ്റെന്ന് കിട്ടില്ല. അയാൾ പിറകെ വന്നു. വിഷമിക്കാതെ, അയാൾ പറഞ്ഞു. നമുക്ക് അഡ്ജസ്റ്റ് ചെയ്യാന്നേ,നാലായിരം തന്നാലും മതി. ഞാനത് കേൾക്കാതെ ഇറങ്ങിപ്പോന്നു.
അയാളുടെ പുസ്തകങ്ങൾ പ്രിൻ്റ് ചെയ്യുന്ന ആലുവയിലുള്ള പ്രസ്സിലേക്കാണ് ഞാൻ നേരെ പോയത്. അവിടെച്ചെന്ന് അന്വേഷിച്ചപ്പോൾ അവർ പറഞ്ഞ വിവരമാണ് ഏറെ തമാശയായത്. കഴിഞ്ഞയാഴ്ച പുസ്തകം പ്രിൻ്റ് ചെയ്യാനായി യൂദാ ഇവിടെ എത്തിച്ചിരുന്നു. മിനിയാന്നാൾ അത് അയാൾ ഇവിടെ നിന്നും കളക്റ്റ് ചെയ്ത് കൊണ്ട് പോവുകയും ചെയ്തിട്ടുണ്ടല്ലോ.
അപ്പോൾ, മരിച്ച രോഗിയെ വെൻ്റിലേറ്ററിൽ കിടത്തി, മരിച്ചിട്ടില്ലാ എന്ന് ബന്ധുക്കളെ ബോദ്ധ്യപ്പെടുത്തി കാശു തട്ടുന്ന ആസ്പത്രിക്കാരെ ഞാനോർത്തു.
ഞാനവിടെ നിന്ന് കൊണ്ട് തന്നെ യൂദായെ വിളിച്ചു. നാലായിരത്തിന് സമ്മതമാണെറിയിക്കാനാണ് ഞാൻ വിളിക്കുന്നതെന്ന് കരുതിയിട്ടാകണം മറുതലയ്ക്കൽ യൂദാ ഹാപ്പി സ്വരത്തിൽ എന്നാ അങ്ങനെ ഉറപ്പിക്കാം അല്ലേ എന്ന് ചോദിച്ചു.
എൻ്റെ സർവ്വ നിയന്ത്രണങ്ങളും വിട്ടു പോയ സമയമായിരുന്നു. അന്ന് വരെ അയാളോട് മാന്യമായി മാത്രം സംസാരിച്ചിരുന്ന ഞാൻ ചോദിച്ചു. 3000 പോരെ മാഷെ എന്ന്. അത് പോര. ഒരഞ്ഞൂറ് വേണങ്കി കുറച്ചു തരാം എന്നായി അയാൾ. വെച്ചിട്ട് പോടാ വൃത്തി കെട്ടവനേ. നീ പുസ്തകം പ്രിൻ്റിംഗിന് കൊടുത്ത പ്രസ്സിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്. നിനക്കെന്നെ പൊട്ടനാക്കിയത് മതിയായില്ലേടാ. ദേ, ഇവിടെ നില്ക്കുന്നുണ്ട് പ്രസ്സിൻ്റെ മാനേജർ. ഞാനയാൾക്ക് കൊടുക്കാം ഫോൺ.
മറുതലയ്ക്കൽ നിശ്ശബ്ദത. തുടർന്നയാൾ ഫോൺ കട്ടാക്കി. ഇരച്ചു നില്ക്കുന്ന ദേഷ്യമൊതുക്കി ഞാൻ പ്രസ്സിൽ നിന്നുമിറങ്ങി. അപ്പോൾ തന്നെ ഇടനിലക്കാരനെ വിളിച്ച് നോക്കി. എടുക്കുന്നില്ല. രണ്ട് പേരും കൂടി എന്നെ സുന്ദരമായി പറ്റിക്കയായിരുന്നെന്ന് ഇതിൽ കൂടുതൽ എന്ത് മനസ്സിലാക്കാൻ.
പിറ്റേന്ന് ഞാൻ ഇടനിലക്കാരനെ തേടിപ്പിടിച്ചു. എനിക്കിനി ആ പുസ്തകങ്ങൾ വേണ്ട എന്ന് തീർത്തു പറഞ്ഞു. ഒരാളെ നേർക്കുനേർ നിന്ന് പറ്റിക്കുന്നതിന് ഒരു പരിധിയൊക്കെ ഇല്ലെ എന്ന് ആവർത്തിച്ചു ചോദിച്ചിട്ടും അയാൾക്കുള്ള മറുപടി, അവനൊരു പൊട്ടനാണ്, പഠിക്കുന്ന കാലത്തേ അവൻ അങ്ങനെ തന്നെയായിരുന്നു എന്നായിരുന്നു. ഇടനിലക്കാരൻ ക്ഷണനേരം കൊണ്ട് പീലാത്തോസായി രൂപം മാറി! ഇത്രയൊക്കെയായിട്ടും ഇനിയും എന്നെ പൊട്ടൻ കളി കളിപ്പിക്കാനാണല്ലോ ഈ മിത്രത്തിൻ്റെയും ഉദ്ദേശ്യം എന്നോർത്ത് ഞാൻ എന്നെത്തന്നെ പഴിച്ചു.
കയ്യിൽ കാശുണ്ടെങ്കിൽ ഏത് കോച്ചറായിക്കും പുസ്തകം അടിച്ചിറക്കാവുന്ന ഇക്കാലത്ത് ഒരാ ഗ്രഹവുമില്ലാതിരുന്നിട്ടും വല്ലവൻ്റേം വാക്കു കേട്ട് അതിനിറങ്ങി തിരിച്ച എന്നെയോർത്ത് ഞാൻ പരിതപിച്ചു.
ശുഭമസ്തു !
