13 June 2025 · 9 min read · കഥ

മുട്ടത്ത് വർക്കി

"ഒരു പൈങ്കിളി സാഹിത്യകാരന്റെ പ്രതികാരം അഥവാ

മുട്ടത്തു വർക്കി അവാർഡ്"

""" "എനിക്ക് ഒരു ടോൾസ്റ്റോയിയോ ദസ്തയേവ്സ്കിയോ ആകാൻ കഴിയില്ല. എനിക്കു മുട്ടത്തു വർക്കി ആകാനേ കഴിയുകയുള്ളൂ. ഞാൻ ഞാനായിട്ടു തന്നെ മലയാളമണ്ണിലെ പച്ചയായ മനുഷ്യരുടെ ഹൃദയത്തുടിപ്പുകൾ കുറിച്ചിട്ടു; അതു മലയാളി നെഞ്ചിലേറ്റി. എന്റെ ഇണപ്രാവുകളും മയിലാടുംകുന്നുമെല്ലാം മുഷിഞ്ഞ കവർച്ചട്ടയുമായി കേരളത്തിലെ വായനശാലകളിൽ സജീവമാണ്. എനിക്ക് അതു മതി." ( മുട്ടത്ത് വർക്കി).

#############################

പത്തുമുപ്പത് കൊല്ലം മുമ്പത്തെ ഒരു മഴക്കാല സന്ധ്യ. വാർഷികാവധിക്ക് നാട്ടിലെത്തിയ ഞാൻ പഴയ കൂട്ടുകാരെ തിരഞ്ഞാണ് ചേരമാൻ പറമ്പിലെത്തിയത്.  ആരെയും കാണാഞ്ഞപ്പോൾ തൊട്ടപ്പുറത്തുള്ള എം.എ.എൽ.സി ലൈബ്രറിയിലെ മങ്ങിയ  വെളിച്ചം പ്രസരിപ്പിക്കുന്ന  വായനാ ഹാളിൽ കയറി നോക്കി. അവിടെ ചിതറി കിടക്കുന്ന പത്രത്താളുകളിലൊന്നിൽ, അറിയാതെ എൻ്റെ കണ്ണുകൾ ചെന്നെത്തി. അതിലൊരു വാർത്ത തെളിഞ്ഞു നിന്നിരുന്നു.

"മുട്ടത്തു വർക്കി സ്മാരക പ്രഥമ അവാർഡ് പ്രഖ്യാപിച്ചു; പുരസ്കാരം ഓ വി വിജയന്!"

അതിന് താഴെ  പത്രത്തിൽ അച്ചു നിരത്തിയവന് പോലും പുച്ഛം തോന്നിച്ചിരുന്നിട്ടെന്ന പോലുള്ള ഒരു അടിക്കുറിപ്പുമുണ്ടായിരുന്നു — "കഥയ്ക്ക് ദാർശനികതയും കലാത്മകതയും നഷ്ടപ്പെടുന്നതിന്റെ തുടക്കം പൈങ്കിളി സാഹിത്യത്തിലാണെന്ന് കണ്ടെത്തിയവർ, ഇന്ന് അതിന്റെ പേരിലുള്ള ബഹുമതിക്ക് അർഹരാകുന്നു."

ബാക്കി വായിക്കാൻ നിന്നില്ല. വായിച്ച പത്രം തട്ടി താഴെയിടണമെന്ന് കരുതിയെങ്കിലും അത് ചെയ്തില്ല. ഒരു പുഞ്ചിരിയോടെ പുറത്തേക്കിറങ്ങി നടന്നു. ഞാനന്ന് എന്ത് ഓർത്തിട്ടായിരിക്കും പുഞ്ചിരിച്ചതാവോ?

അതിന് ശേഷം കാലമെത്രയോ കടന്ന് പോയി. ഓരോ വർഷവും മുറതെറ്റാതെ മുട്ടത്ത് വർക്കി ഫൗണ്ടേഷൻകാർ അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തു കൊണ്ടിരുന്നു. ഒരു പക്ഷേ, കേരള സാഹിത്യ അക്കാദമി പോലും ഇത്ര കൃത്യമായി അവാർഡ് കൊണ്ട് മലയാള കഥാസാഹിത്യത്തെ അടയാളപ്പെടുത്തിയിട്ടുണ്ടാവില്ല.

ഇന്നിപ്പോൾ മൂട്ടത്തു വർക്കി അവാർഡ് നേടിയവരുടെ ലിസ്റ്റിലൂടെ വെറുതെയൊന്നു നോക്കുമ്പോൾ, മലയാള സാഹിത്യത്തിൽ നിലനില്ക്കുന്ന വൈരുദ്ധ്യാത്മകത എനിക്കു ബോദ്ധ്യമാകാൻ വേറൊന്നും തേടിപ്പോകേണ്ടതില്ല എന്ന് തോന്നിപ്പോയി. ഓ.വി. വിജയൻ മുതൽ ബെന്യാമിൻ വരെയുള്ളവരുടെ ഒരു നീണ്ട നിരയാണ് അവിടെ കാണാനാകുന്നത്. 

സൂക്ഷിച്ചു നോക്കിയാലറിയാം, ഈ 21-ാം നൂറ്റാണ്ടിലേക്ക് മലയാള കഥയെ മുന്നോട്ട് കൊണ്ടുപോയ ശില്പികളാണവരൊക്കെയും. അവരുടെ കൂട്ടത്തിൽ മുട്ടത്ത് വർക്കി ശൈലി സ്വായത്തമാക്കിയതോ അത് പിന്തുടർന്നവനോ ആയ ഒരൊറ്റ സാഹിത്യകാരനുമില്ല.  ഈ ലിസ്റ്റിലുള്ള എല്ലാവരും ആധുനികതയുടെയും അതിന് ശേഷമുള്ള പ്രസ്ഥാനങ്ങളുടെയും  പടവുകൾ കെട്ടിയുയർത്തിയവരാണ്. പുതിയ പ്രസ്ഥാനങ്ങളുടെ അവതരണത്തിന് ദിശകളിട്ടവരാണ്. ഭാഷയുടെ ദ്രവിച്ച പടികൾ പൊളിച്ചു പണിതവരാണ്. അതെ, ഒരിക്കൽ മുട്ടത്തുവർക്കിയെ സാഹിത്യത്തിലെ "കീഴാള വിഭാഗം" പ്രതിനിധിയായി പുച്ഛിച്ചവരുമാണ്, ഇവരിൽ പലരും.

ഒരു കാലത്ത് മലയാള സാഹിത്യ ലോകത്ത് ഒരു "വർഗീസ്" ഉണ്ടായിരുന്നു എന്ന് പറഞ്ഞ് കഥ തുടങ്ങാവുന്നതായിരുന്നു. മുട്ടത്ത് വർക്കി എന്ന തൂലികാനാമത്തിൽ കഥകളെഴുതിയിരുന്ന ഒരു പ്രതിഭാധനൻ. നമ്മുടെയെല്ലാം വായനാശീലത്തിന് അക്ഷരത്തെറ്റില്ലാത്ത അടിത്തറ പാകിയ ഒരു വലിയ മനുഷ്യൻ തന്നെയായിരുന്നു അദ്ദേഹം എന്ന് പറഞ്ഞാൽ പലർക്കും ഇപ്പോളും നെറ്റി ചുളിഞ്ഞെന്നിരിക്കും. പൈങ്കിളിക്കഥകളുടെ രാജാവായിരുന്നില്ലേ എന്നവർ തിരിച്ചു ചോദിച്ചേക്കും! അയ്യോ, രാജാവോ? "പൈങ്കിളി" എന്ന ഒറ്റ ലേബലിൽ അദ്ദേഹത്തെ സാഹിത്യത്തിന്റെ സിംഹാസനത്തിൽ നിന്ന് വലിച്ചിറക്കി, മൂലക്കിരുത്തിയ ഒരു കാലമുണ്ടായിരുന്നതൊക്കെ അവർ മറന്ന് കാണുമോ എന്തോ?. 

1960-കളിലും 70-കളിലുമൊക്കെ മലയാളം വായിച്ചു തുടങ്ങിയ 90% പേരുടെയും ആദ്യ പ്രണയം മുട്ടത്ത് വർക്കിയുടെ പുസ്തകങ്ങളോടായിരുന്നിരിക്കണം. അക്ഷരങ്ങളുടെ മധുരം ആദ്യമായി നുകർന്ന ഒരു തലമുറയുടെ സാക്ഷ്യമാണത്!

പല വീടുകളിലും അക്ഷരങ്ങളോടുള്ള അഭിനിവേശം തുടങ്ങുന്നത് മുട്ടത്ത് വർക്കിയുടെ പുസ്തകങ്ങളിലൂടെയായിരുന്നു. ആ കാലത്ത് വായനശാലകളിലെ ഷെൽഫുകളിൽ അദ്ദേഹത്തിന്റെ പുസ്തകങ്ങൾക്ക് അടങ്ങിയൊതുങ്ങി  ഇരിക്കാൻ സമയമുണ്ടായിരുന്നില്ല. ലോറാ നീ എവിടെ എന്നുരുവിട്ട് കൊണ്ട് സോഫിയയും റാഹേലും സലീനയുമൊക്കെ മയിലാടും കുന്നിൻ്റെ ചെരിവുകളിലൂടെ ഓടി നടക്കുമായിരുന്ന കാലം. എണ്ണിയാലൊടുങ്ങാത്ത സിനിമകൾക്കും അദ്ദേഹത്തിന്റെ അത്തരം കഥകൾ വലിയ പ്രചോദനമായിരുന്നു. ഒന്നും രണ്ടുമല്ല 26 നോവലുകളാണ് സിനിമകളായി വന്നത്. എല്ലാം തന്നെ തിയേറ്ററുകൾ നിറഞ്ഞോടിയ ചിത്രങ്ങൾ. സത്യൻ അഭിനയിച്ച കരകാണാക്കടലും പാടാത്ത പൈങ്കിളിയും പ്രേംനസീർ അഭിനയിച്ച ഇണപ്രാവുകൾ, വെളുത്ത കത്രീന, ലോറാ നീ എവിടെ?, പ്രിയമുള്ള സോഫിയ, അഴകുള്ള സെലീന, തുടങ്ങിയവയെല്ലാം വൻ വിജയങ്ങളായിരുന്നു.

വർഷങ്ങൾ കടന്നുപോയി. മുട്ടത്ത് വർക്കി എന്ന മനുഷ്യൻ ഈ ലോകത്തോട് വിട പറഞ്ഞു. ഇതോടെ, സാഹിത്യ ലോകത്തിന്റെ 'മുഖം രക്ഷിക്കാൻ' എന്നോണം ഒരു 'അവാർഡ്' ഏർപ്പെടുത്തി - "മുട്ടത്ത് വർക്കി പുരസ്കാരം"! അപ്രതീക്ഷിതമായ ഒരു കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ഇന്നലെ വരെ മുട്ടത്ത് വർക്കിയുടെ പേരു കേട്ടാൽ പുച്ഛിച്ച് ചിരിച്ചിരുന്ന 'ആധുനികരും' 'ഉത്തരാധുനികരും' ആ അവാർഡ് വാങ്ങാൻ അക്ഷമരായി ക്യൂ നിൽക്കാൻ തുടങ്ങി! 

"എന്റെ കൃതിയാണ് അദ്ദേഹത്തിന്റെ ഓർമ്മയ്ക്ക് ഏറ്റവും അനുയോജ്യം!", "എന്റെ രചനയാണ് ആ പുരസ്കാരത്തിന്  ഏറ്റവും അർഹമായത്!" എന്നിങ്ങനെ ഓരോരുത്തരും വാദിച്ചു. ഇന്നലെ വരെ താഴ്ത്തിക്കെട്ടിയ ഒരു പേരിന്റെ ബ്രാക്കറ്റിൽ സ്വന്തം പേരു ചേർത്ത് ഒരു 'സാഹിത്യബിരുദം' നേടാനുള്ള ആവേശം!

അവർക്ക് മുട്ടത്ത് വർക്കി അന്നും ഇന്നും ഒരു വിഷയമായിരുന്നില്ല. അദ്ദേഹത്തിന്റെ പുരസ്കാരം മാത്രമായിരുന്നു ലക്ഷ്യം! ഒരു പ്രസംഗപീഠം, ഒരു ഷാളും ഫലകവും, പിന്നെ ഒരു വലിയ തുകയും! അതൊരു 'സാഹിത്യകാരൻ' ആണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള എളുപ്പവഴി കൂടിയാണ്. 

"പൈങ്കിളി" എന്ന് വിളിച്ച അതേ നാവുകൊണ്ട്, "മുട്ടത്ത് വർക്കി സാഹിത്യത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്" എന്ന് അവർ പ്രസംഗിച്ചു. ആ അവാർഡിന്റെ വേദിയിൽ വെച്ച്, മുട്ടത്ത് വർക്കിയുടെ 'ചരിത്രപരമായ പ്രാധാന്യത്തെ'ക്കുറിച്ചും 'ജനപ്രിയതയെ'ക്കുറിച്ചുമെല്ലാം വാചാലരാവുന്ന 'ബുദ്ധിജീവികളെ' കാണുമ്പോൾ ശരിക്കും ആക്ഷേപഹാസ്യം തലങ്ങും വിലങ്ങും ഓടി നടന്നു. 

കാലം എത്ര വിചിത്രമാണ്! ഒരു കാലത്ത് പുച്ഛിക്കപ്പെട്ടവൻ. അദ്ദേഹത്തിൻ്റെ  മരണാനന്തരം സ്വന്തം പേരിൽ ഒരു 'പുരസ്കാരം' ഏർപ്പെടുത്തി, തന്നെ പുച്ഛിച്ചവർക്ക് ഒരു 'സ്ഥാനക്കയറ്റം' നൽകുന്നു! സാഹിത്യത്തിലെ ഈ "അവാർഡ് ദല്ലാളന്മാരുടെ" കൂട്ടത്തിൽ, മുട്ടത്ത് വർക്കിയെ യഥാർത്ഥത്തിൽ ബഹുമാനിച്ചിരുന്ന, ചുരുങ്ങിയ പക്ഷം അപമാനിക്കാൻ തയാറാവാതിരുന്ന ചുരുക്കം ചിലരുമുണ്ട് എന്നത് മറച്ചു വെയ്ക്കുന്നില്ല. 

എന്നാൽ, പൊതുവേ, ഈ പുരസ്കാരം ഒരു സാമൂഹിക അംഗീകാരത്തിനുള്ള ചവിട്ടുപടിയായിട്ടാണ് പലരും കണ്ടത്. ഒരു പക്ഷേ, മുട്ടത്ത് വർക്കിക്ക് ഇതെല്ലാം ആകാശത്തിരുന്ന് കാണുമ്പോൾ ഒരു പുഞ്ചിരി വിടർന്നിട്ടുണ്ടാകാം. "ഞാൻ എന്റെ ജോലി ചെയ്തു, നിങ്ങൾ നിങ്ങളുടെ ജോലിയും," എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടാകാം. സാഹിത്യ ലോകത്ത് നിലനിൽക്കുന്ന ഈ കപടതയുടെയും കാപട്യത്തിന്റെയും മികച്ച ഉദാഹരണമാണ് മുട്ടത്ത് വർക്കിയുടെ പേരിൽ നടക്കുന്ന ഈ അവാർഡ് നാടകങ്ങൾ. 

കാലം എത്ര മാറിയാലും, പൈങ്കിളിക്കഥകളുടെ വായനാസുഖം ഇനിയും നിലനിന്നേക്കും. കാരണം അത് മനുഷ്യന്റെ അടിസ്ഥാനപരമായ വികാരങ്ങളോട് സംവദിക്കുന്ന ഒന്നാണ്. ആധുനികതയുടെ അതിരുകൾക്കപ്പുറം, മനുഷ്യഹൃദയത്തെ തൊട്ടറിഞ്ഞ ഒരു എഴുത്തുകാരൻ, മുട്ടത്ത് വർക്കി എന്ന പ്രതിഭാധനൻ, ഇന്നും മലയാളികളുടെ ഓർമ്മകളിൽ ഒരു പച്ചയായ സത്യമായി ജീവിക്കുന്നു. അവാർഡുകൾ വരും, പോകും, പക്ഷേ മുട്ടത്ത് വർക്കിയുടെ കഥകൾ/അതേ പാറ്റേണിലുള്ള കഥകൾ അങ്ങനെയങ്ങ് പോകുമെന്ന് തോന്നുന്നില്ല !! അവ സമാന്തരമായി തന്നെ തുടർന്നേക്കും.

സാധാരണക്കാരുടെ ഹൃദയത്തിൽ തൊടുന്ന കഥകൾ, ലളിതമായ ആഖ്യാനം, ജീവിതഗന്ധിയായ മുഹൂർത്തങ്ങൾ, അതായിരുന്നു അദ്ദേഹത്തിന്റെ എഴുത്തിന്റെ ശക്തി. സാഹിത്യം സാധാരണ മനുഷ്യരുടെ കൈകളിലേക്ക് എത്താൻ, അവരുടെ ജീവിതത്തിന്റെ ഭാഗമാകാൻ മുട്ടത്ത് വർക്കി വഹിച്ച പങ്ക് നിസ്സാരമായിരുന്നില്ല എന്നതിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്. 

ആധുനികതയുടെ കടന്നുവരവോടെ പുച്ഛത്തിന്റെ തിരുശേഷിപ്പുകളുമായി

സാഹിത്യത്തിൽ പല പ്രസ്ഥാനങ്ങളും വന്നതും നമ്മളറിഞ്ഞു. പല കോലാഹലങ്ങളും ഉയർന്നു. "ആധുനികം", "ആധുനികോത്തരം", "ഉത്തരാധുനികത" എന്നിങ്ങനെ പേരു കേട്ടാൽ വായ തുറന്നു പോകുന്ന പല "ഇസങ്ങൾ" കടന്നു വന്നു. ഈ പ്രസ്ഥാനങ്ങളുടെ വക്താക്കൾക്ക് മുട്ടത്ത് വർക്കി എന്നൊരാൾ തങ്ങൾക്ക് മുൻപ് ഈ മണ്ണിൽ ജീവിച്ചിരുന്നതായി ഓർമ്മ പോലുമുണ്ടായിരുന്നില്ല. അല്ലെങ്കിൽത്തന്നെ, പഴയ തലമുറയുടെ 'പരിമിതമായ' രചനകളെക്കുറിച്ച് ഓർത്ത് സമയം കളയാൻ ഈ 'ബുദ്ധിജീവികൾക്ക്' എവിടെ നേരം? അവർക്ക് പുച്ഛം നിറഞ്ഞ ചിരി മാത്രം! 

"പൈങ്കിളി, ഓ! ഒരു തലമുറയുടെ വായനാശേഷി നശിപ്പിച്ച കഥകൾ!" എന്ന മട്ടിലായിരുന്നു അവരുടെയെല്ലാം സമീപനം.

മുട്ടത്ത് വർക്കിയെ താഴ്ത്തിക്കെട്ടാൻ കിട്ടിയ ഒരവസരവും അവർ പാഴാക്കിയിരുന്നില്ല. ചായക്കട ബെഞ്ചുകളിലും സാഹിത്യ സദസ്സുകളിലും ലൈബ്രറികളിലും 'മുട്ടത്ത് വർക്കി' ഒരു മോശം വാക്ക് പോലെ ഉപയോഗിക്കപ്പെട്ടു. സാഹിത്യലോകത്തിൻ്റെ "വർക്കത്ത് മുട്ടിച്ചവൻ " എന്ന് പോലും അപഹസിക്കപ്പെട്ടു"അതൊരു മുട്ടത്ത് വർക്കി സ്റ്റൈൽ" എന്ന് പറഞ്ഞാൽ, നിലവാരമില്ലാത്ത, കേവലം വിനോദത്തിന് മാത്രമുള്ള ഒരു രചന എന്ന അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടു. 

"സാഹിത്യത്തിന് ഉദ്ദേശ്യമില്ലാതെ പേറുന്ന ആഹ്ലാദം പാടില്ല!" "കഥ സങ്കീർണ്ണമായിരിക്കണം; പാഠപ്രദാനമായിരിക്കണം!" "വായനക്കാരെ ചിന്തിപ്പിക്കണം; രസിപ്പിക്കലല്ല വേണ്ടത്!"

അവരുടെ ഈ മൌലികഘോഷങ്ങൾക്കിടയിൽ, മുട്ടത്തു വർക്കി തന്റെ ചെറിയ പടവുകളിലിരുന്ന്, വായനയുടെ ഭൂമിക തന്നെ മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ കഥകളിൽ, കിണറ്റിനു സമീപം പാറക്കല്ലിൽ ഇരിക്കുന്ന ജോസൂട്ടിയും റെബേക്കയും അവളുടെ മാറിലെ കുരിശും സൂര്യപ്രഭയിൽ  ഒരു പോലെ തിളങ്ങുന്നുണ്ട്. കപ്പ പറിക്കാൻ വന്ന സലീന ജോയ് മോൻ്റെ മാറിലെ വിയർപ്പിൻ്റെ മണത്തിൽ അലിഞ്ഞില്ലാതായി വന്ന കാര്യം മറക്കുന്നുണ്ട്. ദൂരെ നിന്നുമുള്ള അന്നമ്മച്ചേടത്തിയുടെ വിളി കിഴക്കൻ മലകളിൽ തട്ടി പ്രതിധ്വനിക്കുന്നുണ്ട്.  ഇവരോടൊക്കെയൊപ്പം പത്തിരുപത് രൂപയ്ക്കു വേണ്ടി കൂട്ടുകാരനും അയൽവാസിയുമായ കുഞ്ഞേനാച്ചനെ ചതിക്കാനൊരുമ്പെടുന്ന മത്തായിച്ചനും വരുന്നുണ്ട്. ഇവരൊക്കെയും കഥാപാത്രങ്ങളായിട്ടല്ലാതെ തങ്ങൾക്കിടയിൽ ജീവിക്കുന്നവരായി  മലയാളി സ്വന്തം ജീവിതത്തിൽ കണ്ടെത്തിട്ടുമുണ്ട്. 

എന്നാൽ,  മറുവശത്ത് നഗരങ്ങളിലെ സാഹിത്യകൂട്ടായ്മകളിൽ, വർക്കിയെ പൈങ്കിളി ആക്കി മാറ്റാൻ വേണ്ടി നടന്ന കുറ്റാന്വേഷണങ്ങളും ബഹളങ്ങളും തുടരുകയായിരുന്നു.

അദ്ദേഹത്തിന്റെ ആരാധകരായ സാധാരണ വായനക്കാർക്ക് പോലും തങ്ങൾ ഒരു 'പൈങ്കിളി' വായനക്കാരനാണോ എന്നൊരു അപകർഷതാബോധം തോന്നിത്തുടങ്ങി. തങ്ങളുടെ വായനാ രുചിയെക്കുറിച്ച് അവർക്ക് സ്വയം സംശയം തോന്നി. ആധുനിക സാഹിത്യത്തിന്റെ സങ്കീർണ്ണതകൾ തേടിപ്പോകാൻ അവർ പ്രേരിതരായി. മുട്ടത്ത് വർക്കി ഒരു 'ഫാസ്റ്റ് ഫുഡ്' സാഹിത്യകാരനായി ചിത്രീകരിക്കപ്പെട്ടു, അവിടെ 'ആധുനികർ' 'ഫൈൻ ഡൈനിംഗ്' റെസ്റ്റോറന്റുകളിലെ ഷെഫുകളായി സ്വയം അവരോധിച്ചു.

തങ്ങളുടെ മുൻഗാമിയായിരുന്ന മുട്ടത്തുവർക്കിയെ പിന്നാലെ വന്നവർ അംഗീകരിച്ചാലും ഇല്ലെങ്കിലും ജനകീയ വായനയുടെ വാതായനങ്ങൾ തുറന്ന കഥയെഴുത്തുകാരൻ തന്നെയായിരുന്നു അദ്ദേഹം. കഥാപ്രവാഹത്തിന്റെ ജനകീയ വക്താവ്. മദ്ധ്യകേരളത്തിന്റെ സാധാരണ ജനങ്ങളുടെ ജീവിതം, അവരുടെ സ്വപ്നങ്ങളും വേദനകളും, ഭാവനയുടെ ലോകത്തിലൂടെ അവയത്രയും എത്തിച്ചു നൽകാൻ അദ്ദേഹം യത്നിച്ചു. "മലയാളിയുടെ വായനയുടെ വാതായനങ്ങൾ തുറന്ന പ്രതിഭ"യായി കേസരി   ബാലകൃഷ്ണപിള്ള  അദ്ദേഹത്തെ  വിശേഷിപ്പിച്ചത്  വെറും അസംബന്ധമായി കരുതാനാവുമെന്ന് തോന്നുന്നില്ല!.

സാഹിത്യരംഗത്തു് ഒരു മിഡിൽമാനായി ജോലിനോക്കുന്ന തനിക്ക്, വസ്തുനിഷ്ഠമായി പറഞ്ഞാൽ മുട്ടത്ത് വർക്കിയുടെ കൃതികൾ ആനന്ദവും സന്തോഷവും നല്കിയവയായിരുന്നു എന്നു സുകുമാർ അഴീക്കോട്  പറഞ്ഞതും ഓർക്കാതെ വയ്യ.

സാഹിത്യ ലോകത്തിലേക്ക് മലയാളികളെ നയിച്ച ആദ്യപടി മുട്ടത്തുവർക്കിയാണെന്നും മുട്ടത്തു വർക്കിയെ വായിച്ചതിന് ശേഷമാണ് മലയാളി തകഴിയിലേക്കെത്തിയതെന്നും എൻ.വി. കൃഷ്ണവാര്യരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

മേല് പറഞ്ഞ അഭിപ്രായങ്ങൾ വായിക്കാത്തവരോ അറിയാത്തവരോ ആയിരുന്നില്ല പൈങ്കിളി ആരോപണം നടത്തി മുട്ടത്ത് വർക്കിയെ ഇകഴ്ത്തിക്കാണിക്കാൻ ശ്രമിച്ചിരുന്ന മറുപക്ഷക്കാർ. മുട്ടത്തുവർക്കിയെ അവർ പറ്റെ അവഗണിച്ചു, ചിലപ്പോഴെങ്കിലും പുച്ഛിച്ചു. 'വായനക്കാരെ വെറും റൊമാൻ്റിക് ആക്കുന്ന കഥകൾ', 'ജീവിതാനുഭവങ്ങളുടെ ആഴമില്ലെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന പ്രമേയങ്ങൾ', 'സാഹിത്യത്തിലെ സാങ്കേതിക രൂപകങ്ങളുടെ അപര്യാപ്തത'യുള്ള വെറും വാചാടോപങ്ങൾ. അങ്ങനെയൊക്കെയായിരുന്നു ആക്ഷേപം. അവർക്ക് തങ്ങൾ അവതരിപ്പിക്കുന്ന ആധുനിക കഥകൾ  മാത്രമായിരുന്നു ഉദാത്തമായ യഥാർത്ഥ സാഹിത്യത്തിന്റെ വഴിയെന്നായിരുന്നു ഉറച്ച വാദവും വിശ്വാസവും .

അതേസമയം, മുട്ടത്തുവർക്കി എന്ന പ്രസ്ഥാനം പൂർണ്ണമായും മറ്റൊരു ദിശയിലായിരുന്നു. മദ്ധ്യകേരളത്തിന്റെ സാമൂഹ്യാന്തരിക്ഷത്തിൽ നിറയുന്ന സാധാരണ ജനജീവിതമായിരുന്നു അദ്ദേഹത്തിൻ്റെ ഓരോ കഥകളുടെയും  പശ്ചാത്തലം. ഗ്രാമീണ ജീവിതത്തിൽ ദുഃഖങ്ങളും ആശകളും, മോഹങ്ങളും മോഹഭംഗങ്ങളും ഇവയൊക്കെയും തനിക്കും വായനക്കാർക്കും വഴങ്ങുന്നത്ര ആഴത്തിൽ, പൂർണ്ണ സ്നേഹം കോരിയൊഴിച്ച് ചിത്രീകരിക്കുകയായിരുന്നു മുട്ടത്ത് വർക്കി കഥകൾ. 1960 കളിലും 70 കളിലും വായന തുടങ്ങിയ തലമുറകൾ മേൽ പറഞ്ഞ അനുഭവങ്ങളിലൂടെ തന്നെ കടന്ന് പോയവരായിരിക്കും, തീർച്ച.

എന്നിട്ടും ഇത്തരം ഒരാളുടെ പേരിൽ സമ്മാനിക്കുന്ന പുരസ്കാരത്തിന് ഇത്രയുമധികം 'ആധുനികതയുടെ പ്രതിനിധികൾ' തന്നെ മത്സരിച്ചു കയറുന്നു എന്നത് irony അല്ലേ? മുട്ടത്തുവർക്കിയെ 'സാഹിത്യത്തിലെ പൈങ്കിളി' യാക്കി നില നിറുത്താൻ പാടുപെട്ടവരാണ് ഇന്ന് അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരമെടുത്ത് തങ്ങളുടെ സ്വീകരണമുറിയിൽ ആഹ്ലാദത്തോടെ ചേർത്തുവയ്ക്കുന്നത്. അതിനെക്കുറിച്ച് ചിന്തിച്ചാൽ, ഒരു പൈങ്കിളി സാഹിത്യകാരന്റെ മരണാനന്തര പ്രതികാരം തന്നെയാണോ ഇതെന്ന് തോന്നാതെ വയ്യ. തങ്ങളെ സാഹിത്യത്തിലെ purifier കളായിട്ടു കരുതിയിരുന്നവർക്ക്, സ്വന്തം ജീവിതകാലത്ത് പുച്ഛിച്ച ഒരു പൈങ്കിളി കഥാകാരന്റെ പേരിലുള്ള പുരസ്കാരത്തിന് വേണ്ടി ഉറക്കമൊഴിഞ്ഞ് കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ ദയനീയം തന്നെ.

ഇതിനെ ആശ്രയിച്ച് ഒരു കഥ എഴുതാമായിരുന്നു — "A Pulp Fictionist's Posthumous Revenge" എന്ന് പേരിട്ട്. ഉത്തരാധുനിക സാഹിത്യത്തിന്റെ ശബ്ദമായ ഒരു കഥാകൃത്ത്, പൈങ്കിളി എഴുത്തുകാർക്കെതിരെ ട്രോൾ എഴുതി അവരെ വായനക്കാരുടെ മനസ്സിൽ നിന്നും ഓടിച്ചു കളയാൻ ശ്രമിക്കുന്നു. പക്ഷേ, പൈകിളിക്കഥാകാരനെന്ന ആക്ഷേപം കേട്ടയാൾ മരിച്ചുപോയ ശേഷം അദ്ദേഹത്തിൻ്റെ സമകാലീനരായിരുന്ന ബുദ്ധിജീവികൾ ഒരുമിച്ച് ആ പൈങ്കിളി എഴുത്തുകാരന്റെ പേരിലുള്ള ഒരു ബഹുമതി നേടാൻ വേണ്ടി തലങ്ങും വിലങ്ങും ഓടുന്നു! അദ്ദേഹത്തിന്റെ ആത്മാവ്, കുന്ദേരയെയും ബോർഹസിനെയും, കാൽവിനോയെയും പോലെ, ചിരിയോടെ നോക്കി നിൽക്കുന്നു.

സാഹിത്യത്തിൽ ആധുനികതയും ജനപ്രിയതയും എപ്പോഴും വിദ്വേഷത്തിന്റെയും അഹങ്കാരത്തിന്റെയും ഇടയിൽ തന്നെയാണ് നീങ്ങിയിരുന്നത്.

ഒരു കാലത്തു പൊളിച്ചെറിഞ്ഞതിന്റെ തൂണിനടിയിൽ പിന്നീടു നമുക്ക് ഭാഗ്യം തിരഞ്ഞു നിൽക്കേണ്ടിവരുന്ന സംഭവമാണോ ഇത്? സംസ്കൃതിയുടെ ശുദ്ധതയുടെ പേരിൽ ജീവിച്ചവർ, അവസാനം ജീവിക്കേണ്ടി വരുന്നത് ഒരു സാധാരണ എഴുത്തുകാരന്റെ ഓർമ്മയിലൂടെയാണെന്നതിൽ വിരുദ്ധോക്തിയില്ലേ.

ഇതിൽ എന്തെങ്കിലും കുതന്ത്രമോ പകയോ കാണേണ്ടതില്ല. മറിച്ച്, സാഹിത്യത്തിലെ  ട്രാജഡിയുടെയും ഹാസ്യത്തിൻ്റെയും സമന്വയമായി  കണ്ടു തള്ളാവുന്നതേയുള്ളു. ഒരു പൈങ്കിളി സാഹിത്യകാരന്റെ മരണാനന്തര പ്രതികാരം എന്ന് വേണമെങ്കിൽ പറയുകയുമാവാം!

എന്നിരുന്നാലും, 'പൈങ്കിളി സാഹിത്യം' എന്നപേരിൽ അദ്ദേഹത്തെ മൂലയിലേക്ക് തള്ളിയിരുത്താൻ ആധുനികരാവാൻ ആഗ്രഹിച്ച എഴുത്തുകാർ പലരും ശ്രമിച്ചിരുന്നു എന്നത് തർക്കമില്ലാത്ത കാര്യമാണ് എന്നതാണ് ഈ കുറിപ്പിനാധാരം. 

മുട്ടത്തു വർക്കിയെ തരം താഴ്ത്തിയോ തീരെ അവഗണിച്ചോ, പുച്ഛിച്ചോ കണ്ടിരുന്നവർ പക്ഷേ, ഒരിക്കൽ അവർക്ക് അദ്ദേഹത്തിന്റെ പേരിൽ സമ്മാനിക്കപ്പെടുന്ന അംഗീകാരം സ്വീകരിച്ച് അഹങ്കാരഹീനരാകേണ്ടി വരുമ്പോൾ — അതാണ് യഥാർത്ഥ സാഹിത്യ ചരിത്രത്തിന്റെ വലിയ കോമഡി.

ഇതാ മുട്ടത്ത് വർക്കി അവാർഡ് കിട്ടിയവരുടെ ലിസ്റ്റ്.

ഒ.വി വിജയൻ (1992 ) , ബഷീർ (1993 ) എം ടി (1994 ), കോവിലൻ (1995 ), കാക്കനാടൻ (1996 ), വി കെ എൻ (1997 ), എം മുകുന്ദൻ (1998 ), പുനത്തിൽ കുഞ്ഞബ്ദുള്ള (1999 ), ആനന്ദ് (2000 ), എൻ പി മുഹമ്മദ് (2001 ), പൊൻകുന്നം വർക്കി (2002 ), സേതു (2003 ), സി രാധാകൃഷ്ണൻ (2004 ), സക്കറിയ (2005 ), കമല സുരയ്യ (2006 ), ടി പദ്മനാഭൻ (2007 ), എം സുകുമാരൻ (2008 ), എൻ എസ് മാധവൻ (2009 ), പി വത്സല (2010 ), സാറാ ജോസഫ് (2011 ) എൻ പ്രഭാകരൻ (2012 ), സി വി ബാലകൃഷ്ണൻ (2013 ), അശോകൻ ചരുവിൽ (2014 ), സച്ചിദാനന്ദൻ (2015 ), കെ ജി ജോർജ്ജ് (2016 ), ടി വി ചന്ദ്രൻ (2017 ), കെ ആർ മീര (2018 ), ബിന്യാമിൻ (2019 ) .

II

Share this story

Comments (0)

  • Be the first to write one.