6 June 2025 · 5 min read · കഥ
മാന്ത്രിക രാത്രി
അമാവാസി നാളിലെ മരുഭൂമി യാത്ര# ജിന്നുകളുടെയും നക്ഷത്രങ്ങളുടെയും മാന്ത്രിക രാത്രി.
ഇക്കഴിഞ്ഞ അമാവാസി ദിനത്തിൽ ( 2025 മെയ് 27-ന്, ) രാത്രി ഒമ്പത് മണിയോടെയാണ് ദുബായിലെ അൽ ജദാഫിൽ നിന്നും ഞങ്ങൾ അബുദാബിയിലെ അൽ ക്വാ മരുഭൂമിയിലേക്ക് ഒരു സാഹസിക യാത്ര പുറപ്പെടുന്നത്. ഞാനും ഭാര്യയും ഞങ്ങളുടെ മകനും ഭാര്യയും പിന്നെ അഞ്ചുവയസ്സുകാരനായ ചെറുമകനുമായിരുന്നു സംഘത്തിൽ. അൽക്വായിലെ നക്ഷത്ര നിരീക്ഷണ കേന്ദ്രമായിരുന്നു ലക്ഷ്യസ്ഥാനം.
അനുഭവസമ്പന്നരായ ചില സുഹൃത്തുക്കളുടെ നിർദ്ദേശമായിരുന്നു ഈ ദിവസം തന്നെ തിരഞ്ഞെടുക്കാൻ കാരണം. ചന്ദ്രപ്രകാശം ഒട്ടും ഇല്ലാത്തതിനാൽ ആകാശത്തിലെ നക്ഷത്രങ്ങളെ കൂടുതൽ വ്യക്തമായി കാണാൻ സാധിക്കുമെന്നതായിരുന്നു പ്രധാന ആകർഷണം. പിറ്റേന്നാവുമ്പോൾ ചന്ദ്രൻ ഒരു തേങ്ങാപ്പൂള് ആകൃതിയിൽ ആകാശച്ചെരുവിൽ പ്രത്യക്ഷനാവുകയും തുടർ ദിവസങ്ങളിൽ അതിന് വലുപ്പം വെക്കുകയും ചെയ്യും. ചന്ദ്രന്റെ വെളിച്ചം മരുഭൂമിയെ പ്രകാശപൂരിതമാക്കുന്ന ദിനങ്ങളായിരിക്കും തുടർന്ന് വരിക. അപ്പോൾ, ഞങ്ങളുടെ ചെറുമകന്റെ വിസ്മയക്കാഴ്ചകളിൽ ആ വെളിച്ചം ഒരു പക്ഷേ "ദുഃഖമായുറയും". നക്ഷത്രങ്ങളുടെ , ക്ഷീരപഥങ്ങളുടെ പൂർണ്ണ ഭംഗി ആസ്വദിക്കാൻ സാധിക്കാതെ വരും. അതിനാൽ, യക്ഷികളും കിന്നരന്മാരും യഥേഷ്ടം വിഹരിക്കാനിഷ്ടപ്പെടുന്ന, അനന്തമായ മരുഭൂമിയിലേക്ക് വണ്ടിയോടിക്കാൻ അമാവാസിയോളം മികച്ച ഒരു ദിനം വേറെയില്ലെന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.

മരുഭൂമിയുടെ അഗാധതയിലെവിടെയോ നാഗരികതയുടെ വെളിച്ചത്തിൽ നിന്ന് അകന്ന് മാറി, രാത്രിയാകാശത്തിന്റെ മാന്ത്രികതയെ അടുത്തറിയാൻ ഞങ്ങൾ നടത്തിയ ഒരു സാഹസിക യാത്രയായിരുന്നു അത്. യു.എ.ഇയിലെ ഏറ്റവും ഇരുൾ നിറഞ്ഞയിടമായാണ് അൽക്വാ മരുഭൂമി അറിയപ്പെടുന്നത്. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി, അബുദാബിയിലെ 'സ്റ്റാർഗേസിംഗ് സ്പോട്ട്' എന്നറിയപ്പെടുന്ന അൽ ക്വായിലേക്കിറങ്ങിച്ചെന്ന് പ്രകൃതിയുടെ ശാന്തതയിൽ ലയിച്ച്, നക്ഷത്രനിബിഡമായ ആകാശത്തെ അതിന്റെ എല്ലാ സൗന്ദര്യത്തിലും കാണാനുള്ള ഒരവസരമായിരുന്നു ഇത്.
യാത്ര ആരംഭിച്ചപ്പോൾത്തന്നെ തികഞ്ഞ ആകാംക്ഷ എന്നെ പൊതിയാൻ തുടങ്ങി. പണ്ട് നാട്ടുമ്പുറങ്ങളിൽ വെളിച്ചം കുറവായിരുന്ന കാലത്ത്, ചേരമാൻ മൈതാനത്തിൻ്റെ തുറസ്സിൽ കാണാറുള്ള ആകാശ വീക്ഷണത്തിൻ്റെ പുതിയ വൈബ് കണ്ടെത്താനുള്ള യാത്രയാണിതെന്ന ചിന്തയായിരുന്നു എൻ്റെ ആകാംക്ഷക്ക് കാരണം.

സാധാരണഗതിയിൽ യാത്രകളിലെല്ലാം തമാശകളും സംഭാഷണങ്ങളും കൊണ്ട് മുഖരിതമാകാറുള്ള ഞങ്ങളുടെ സംഘത്തിൽ, ഒരു നിഗൂഢത തളംകെട്ടി നിന്നു. അറബി നാടായതുകൊണ്ട് ഗന്ധർവന്മാരുടെ അറബി വേർഷനായ ജിന്നുകളെപ്പറ്റിയായിരുന്നു ഞാനും മകനും എന്റെ ഭാര്യയോടും മരുമകളോടും തമാശരൂപേണ സംസാരിച്ച് തുടങ്ങിയത്.
മരുഭൂമിയിലെ ഒറ്റപ്പെട്ട വഴികളും, ദൂരെ മാഞ്ഞുപോകുന്ന കെട്ടിടങ്ങളുടെ വെളിച്ചവും, മുന്നോട്ട് പോകുന്തോറും വർദ്ധിച്ചുവരുന്ന ഇരുട്ടും ഞങ്ങളുടെ കഥകൾക്ക് ഒരു പ്രത്യേക ഭീകര പരിവേഷം നൽകി.
മരുഭൂമിയിലെ ഓരോ മൺകൂനയും, കാറ്റിൽ ഇളകിത്തെറിക്കുന്ന മണൽത്തരികളും ജിന്നുകളുടെ സാന്നിധ്യം പോലെ അവർക്ക് തോന്നിപ്പിച്ചു കാണണം. ഒറ്റപ്പെട്ട ഓരോ മരവും, ഓരോ നിഴലും അവയുടെ രൂപങ്ങളായി ഞങ്ങൾ വ്യാഖ്യാനിച്ചു കൊണ്ടിരുന്നു. "ഇവിടെയൊക്കെ ഇഫ്രീത്തുകൾക്കും ജിന്നുകൾക്കും ഇഷ്ടംപോലെ നടക്കാമല്ലോ, ആര് ചോദിക്കാൻ !" ഞാൻ പറഞ്ഞു. മകൻ അതിനോട് ചേർന്ന് മരുഭൂമിയിൽ ഒളിച്ചിരിക്കുന്ന ജിന്നുകളുടെ കഥകളും , വിദൂരതകളിൽ നിന്നടിച്ചെത്തുന്ന കാറ്റിലൂടെ പാറി വരുന്ന ഇഫ്രീത്തുകളുടെ ഭയാനക രൂപങ്ങളെയും ഓർമ്മിപ്പിച്ചു. ഭാര്യയും മരുമകളും ആദ്യം ഇതൊക്കെ തമാശയായി എടുത്തുവെങ്കിലും, ചുറ്റുമുള്ള ഇരുട്ടും നിശ്ശബ്ദതയും അവരുടെ മനസ്സിൽ ചെറിയ ഭയപ്പാടുകൾ സൃഷ്ടിക്കാൻ തുടങ്ങിയെന്ന് വേണം കരുതാൻ.

ഓരോ വളവിലും തിരിവിലും ഒരു ജിന്ന് മുന്നിൽ പ്രത്യക്ഷപ്പെടുമോ എന്ന് അവർ ഭയന്നു കാണും. കാറിനുള്ളിലെ അന്തരീക്ഷം പതിയെ മാറി. അവരുടെ മുഖങ്ങളിൽ നേരിയ ആശങ്കയുടെ നിഴൽ വീണു. ചെറിയ ഭയപ്പാടുകൾ നിശ്വാസങ്ങളായി ഉയരാൻ തുടങ്ങിയപ്പോൾ, അത്തരം കഥകൾക്ക് ഞങ്ങൾ വിരാമമിട്ടു. പിന്നീട് മരുഭൂമിയിലെ രാത്രിയുടെ സൗന്ദര്യത്തെക്കുറിച്ചും, നക്ഷത്ര ലോകത്തിൻ്റെ അത്ഭുതങ്ങളെക്കുറിച്ചും സംസാരിച്ച് ഞങ്ങൾ അവരെ സാധാരണ നിലയിലേക്ക് കൊണ്ടുവന്നു. ജിന്നുകളുടെ പേടിപ്പെടുത്തുന്ന കഥകളിൽ നിന്ന് നക്ഷത്രങ്ങളുടെ മാന്ത്രിക ലോകത്തേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിട്ടില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോയാലോ എന്ന് ഞങ്ങളും ഭയന്നു.
അൽ ഐൻ റോഡിൽ നിന്നും മരുഭൂമിയിലേക്കുള്ള ഇടുങ്ങിയ റോഡിലേക്ക്
കടന്നതോടെ തെരുവ് വിളക്കുകൾ പോലും ഇല്ലാതായി തുടങ്ങി. എങ്കിലും ഒരേ ദിശയിൽ രണ്ട് ട്രാക്കുകളുള്ള റോഡിലൂടെ വാഹനങ്ങൾ അൽക്വാ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. വാഹനങ്ങളിൽ നിന്നും പ്രസരിക്കുന്ന വെളിച്ചമൊഴികെ ഒരു മിന്നാമിനുങ്ങിൻ്റെ പ്രകാശം പോലും എങ്ങുമില്ല.
ഇപ്പോൾ റോഡിന്റെ ഇരുവശത്തുമുള്ള മരുഭൂമി കൂടുതൽ നിഗൂഢമായി തോന്നാൻ തുടങ്ങി. മൊബൈൽ നെറ്റ്‌വർക്ക് കുറയുകയും, ചുറ്റും സമ്പൂർണ്ണ നിശ്ശബ്ദത കൂടുകയും ചെയ്തതോടെ, നഗരജീവിതത്തിന്റെ പിരിമുറുക്കങ്ങളിൽ നിന്ന് ഞങ്ങൾ എത്രമാത്രം അകലെയാണെന്ന് എനിക്ക് മനസ്സിലായി.
റോഡ് അവസാനിച്ചിടത്തു നിന്നും തുടങ്ങുന്ന വീതിയേറിയ മൺപാതയിലൂടെ നീങ്ങി അൽ ക്വായിൽ എത്തിച്ചേർന്നപ്പോൾ, കണ്ണിൽ കുത്തിയാൽ പോലും അറിയാത്ത വിധം കുറ്റാകൂരിരുട്ടാണ് ഞങ്ങളെ സ്വാഗതം ചെയ്തത്. ഇടക്കിടെ കടന്ന് പോകുന്ന സഞ്ചാരികളുടെ വാഹനങ്ങളിൽ നിന്നുതിരുന്ന വെളിച്ചം മാത്രം ഒരു നിമിഷനേരത്തേക്ക് അവിടെ പ്രകാശം പരത്തി. മരുഭൂമിയിലെ തണുത്ത കാറ്റ് ശരീരത്തിലൂടെ ഒരു നനുത്ത സ്പർശമായി കടന്നുപോയി. വണ്ടി പാർക്ക് ചെയ്ത് ഞങ്ങൾ പുറത്തിറങ്ങി.
ശരിക്കും ഒരു അഭൗമ തലത്തിൽ എത്തിയ അനുഭവമായിരുന്നു ആ നിമിഷം. ആകാശത്തിൻ്റെ അതിരുകൾ ഭൂമിയെ ശരിക്കും സ്പർശിച്ചു നില്ക്കുന്നു. ഒരു കൊട്ടയിട്ട് മൂടിയ പോലെ. നക്ഷത്രവ്യൂഹങ്ങൾ ഭൂമിയുടെ പ്രതലത്തിലേക്കിറങ്ങി വന്ന് നൃത്തം ചെയ്യുന്ന പോലെ.
കോടിക്കണക്കിന് നക്ഷത്രങ്ങൾ ആകാശത്തിൽ ഒരു മുത്തുമാല പോലെ തിളങ്ങിനിന്ന ആ കാഴ്ച വാക്കുകൾക്ക് അതീതം. നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ക്ഷീരപഥം (Milky Way) വ്യക്തമായി കാണാൻ സാധിച്ചുവെന്നത് അത്യപൂർവ്വമായ ഒരനുഭവമായി മാറി. ആ കാഴ്ച സൃഷ്ടിച്ച വെള്ളിരേഖ ആകാശത്തിൽ ഒരു പാലം പോലെ നീണ്ടു കിടന്നു. അത് ഒരു ചിത്രത്തിലോ ഡോക്യുമെന്ററിയിലോ കണ്ടതിനേക്കാൾ എത്രയോ മനോഹരമായിരുന്നു. മരുഭൂമിയിലെ തണുത്ത കാറ്റേറ്റ്, ആകാശത്തേക്ക് നോക്കിയപ്പോൾ, പ്രപഞ്ചത്തിന്റെ വിശാലത ശരിക്കും എന്നെ വിസ്മയിപ്പിച്ചു.

ബൈനോക്കുലറിലൂടെ വ്യാഴത്തെയും ശനിയെയും അവയുടെ ഉപഗ്രഹങ്ങളെയും കണ്ടത് ഒരു പ്രത്യേക അനുഭവമായിരുന്നു. ഓരോ നക്ഷത്ര സമൂഹത്തെയും തിരിച്ചറിയാൻ ഞങ്ങൾക്കായില്ലെങ്കിലും ആ അനുഭവത്തിൻ്റെ മാസ്മരികത ഞങ്ങളിൽ നക്ഷത്ര ലോകത്തോളം തന്നെ ആവേശമുണർത്തി. നക്ഷത്രങ്ങൾ മിന്നുന്നതും, ഇടയ്ക്കിടെ ഉൽക്കാനക്ഷത്രങ്ങൾ (shooting stars) വെള്ളിടി പോലെ പാഞ്ഞുപോകുന്നതും കണ്ടപ്പോൾ, പ്രപഞ്ചത്തിന്റെ വിശാലതയും മനുഷ്യന്റെ നിസ്സാരതയും എനിക്ക് ബോധ്യമായി.
പെട്ടെന്ന്, അതി വേഗതയേറിയ ഒരു വെള്ളി വര! ഒരു ഉല്ക്ക (Shooting Star / Meteor) ആകാശം മുറിച്ചു കടന്നുപോയി! അൽ ക്വായുടെ ഇരുണ്ട ആകാശം ഉല്ക്കാപതനങ്ങൾ കാണാൻ ഏറ്റവും അനുയോജ്യമായിരുന്നു. രാത്രി മുഴുവൻ ഞങ്ങൾ നിരീക്ഷിച്ച സമയത്ത്, കുറഞ്ഞത് ആറോ ഏഴോ ഉല്ക്കകൾ വ്യക്തമായി കണ്ടു. ചിലത് വളരെ വേഗത്തിലും ചിലത് പതുക്കെയും. ചിലത് വെളുത്തതും ചിലത് മഞ്ഞയോ പച്ചയോ കലർന്നതുമായിരുന്നു.
രാത്രി ഏറെ വൈകിയെന്നത് അറിയുന്നേ ഉണ്ടായിരുന്നില്ല. പുലർച്ചെ ഒരു മണിയോടടുത്തിരിക്കുന്നു അവിടെയെത്തുമ്പോൾ. സമയം പോയതറിഞ്ഞതേയില്ല. ശുദ്ധമായ കാറ്റും, നക്ഷത്രങ്ങളുടെ മാത്രം വെളിച്ചവും, നിശബ്ദതയും എല്ലാം ഒരുമിച്ച് ചേർന്നപ്പോൾ അതൊരുതരം ധ്യാനാവസ്ഥ പോലെ അനുഭവപ്പെട്ടു. പ്രപഞ്ചത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് നമ്മൾ എന്ന ചിന്ത എന്നെ പൊതിഞ്ഞു, വിസ്മയിപ്പിച്ചു. അതുവരെ ഞങ്ങളുടെ മനസ്സിൽ നിറഞ്ഞുനിന്ന പേടിയും ആശങ്കയും, മരുഭൂമിയിലെ നക്ഷത്രനിബിഡമായ ആകാശത്തിന്റെ കാഴ്ചയിൽ അലിഞ്ഞില്ലാതായി. അമാവാസി രാത്രിയുടെ ആഴം, നക്ഷത്രങ്ങളെ കൂടുതൽ പ്രകാശമാനമാക്കി. ജിന്നുകൾക്ക് വിഹരിക്കാൻ പറ്റിയ ഇടമെന്ന സങ്കൽപ്പം മാറി, പ്രപഞ്ചത്തിന്റെ അത്ഭുതങ്ങൾ ദൃശ്യമാകുന്ന ഒരു അപൂർവ്വസ്ഥലമായി അൽ ക്വാ മരുഭൂമി ഞങ്ങൾക്ക് അനുഭവപ്പെട്ടു.
അൽ ക്വായിലെ സ്റ്റാർഗേസിംഗ് യാത്ര ഒരു സാധാരണ യാത്രയായിരുന്നില്ല. അത് മനസ്സിനും ആത്മാവിനും ഉണർവ് നൽകുന്ന ഒരനുഭവമായിരുന്നു. പ്രകൃതിയുടെ സൗന്ദര്യം, പ്രപഞ്ചത്തിന്റെ നിഗൂഢതകൾ, എല്ലാം ഒന്നുചേർന്ന് ഒരു മാന്ത്രിക ലോകം തുറന്നു തന്നു. ഈ അനുഭവം എന്റെ മനസ്സിൽ ഒരു അവിസ്മരണീയമായ ഓർമ്മയായി എന്നും നിലനിൽക്കും. തികച്ചും കൗതുകകരവും സാഹസികവുമായ ഇത്തരം ഒരു യാത്ര ഏതൊരു പ്രകൃതി സ്നേഹിക്കും ഒരു മുതൽക്കൂട്ടായിരിക്കും. എൻ്റെ ചെറുമകനാകട്ടെ എന്നേക്കാൾ ആഹ്ലാദഭരിതനായിരുന്നു.

അൽ ക്വായിലെ ആ രാത്രി എന്റെ ഓർമ്മകളിൽ ഒരു തിളങ്ങുന്ന നക്ഷത്രമായി, ശാശ്വതമായി പതിഞ്ഞിരിക്കുന്നു. പ്രകൃതി എൻ്റെ കണ്ണുകൾക്ക് നൽകിയ ഏറ്റവും മികച്ച ശോഭയുള്ള കാഴ്ചകളിലൊന്നായിരുന്നു അത് എന്നതിൽ രണ്ട് പക്ഷമില്ല. ആകാശത്തിന്റെ അത്ഭുതങ്ങൾക്കൊപ്പം, ഭൂമിയിയുടെ ശാന്തതയും അനുഭവപ്പെട്ട രാത്രി. ചുറ്റും പൂർണ്ണമായ മൗനം , ശാന്തത. ചിലപ്പോൾ ദൂരെ നിന്നും വരുന്ന കാറ്റിൻ്റെ ചെറിയ സീൽക്കാരം മാത്രം.
പൂർണ്ണമായ മൗനവും നക്ഷത്രങ്ങൾ തൂവിയ ആകാശത്തിന്റെ അപാരതയും. ആ അർദ്ധരാത്രിയിൽ, മരുഭൂമി ഒരു രഹസ്യമയമായ നക്ഷത്രരംഗഭൂമിയായി മാറുകയായിരുന്നു.
യാത്രയുടെ ലക്ഷ്യം ഒരു ചെറിയ കുട്ടിക്ക് സന്തോഷം നൽകുക എന്നതായിരുന്നെങ്കിലും, അത് മൂന്നു തലമുറകൾക്കായി ഒരു മറക്കാനാവാത്ത സ്മരണയായി മാറി എന്നതാണ് സത്യം. നഗ്നനേത്രങ്ങൾക്ക് ക്ഷീരപഥം കാണാൻ കഴിയുമെന്ന് പ്രായോഗികമായി തെളിയിക്കുക എന്നത് തന്നെ ഒരു വിജയം! അതായിരുന്നു അതിൻ്റെ ഒരു വൈബ് !
