14 February 2025 · 6 min read · കഥ
ഭൂമിയിലേക്കിറങ്ങി വന്ന താരകം.
ബഹദൂർ .
മലയാള സിനിമയിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയത്രയും ചിരിയുടെ രാജാവായി വാഴ്ന്നിരുന്ന നടന്മാരുടെ നിരയിൽ ബഹദൂറിന് ഒരു പ്രത്യേക ഇടമുണ്ട്. ചിരിപ്പിക്കുക എന്നത് അഭിനയത്തിന്റെ ഏറ്റവും ലളിതമായ കാര്യമാണെന്ന് തോന്നിപ്പിച്ചുകൊണ്ടുതന്നെ, അതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ജീവിതവേദനകളെ പ്രേക്ഷകനിലെത്തിച്ച നടനായിരുന്നു അദ്ദേഹം. ശരീരഭാഷകൊണ്ടും മുഖഭാവങ്ങൾകൊണ്ടും ശബ്ദത്തിന്റെ ഉയർച്ചത്താഴ്ചകൾകൊണ്ടും ഒരു ചെറിയ ചലനത്തെപ്പോലും ഹാസ്യത്തിന്റെ ഉപാധിയാക്കിക്കൊണ്ടും ബഹദൂർ മലയാള സിനിമയ്ക്ക് തമാശയുടെ പല പുതിയ വഴികളും തുറന്നു.
അദ്ദേഹത്തെ കാണുമ്പോഴൊക്കെ, അറിയാതെയെങ്കിലും ചാർളി ചാപ്ലിനെക്കുറിച്ച് ഓർമ്മ വന്നിട്ടുള്ള സന്ദർഭങ്ങളുണ്ട്. ചാപ്ലിന്റെ അഭിനയവുമായി ബഹദൂറിന് നേരിട്ടുള്ള സാമ്യം സ്ഥാപിക്കാനല്ല; മറിച്ച്, വാക്കുകളേക്കാൾ ശരീരഭാഷയിലൂടെ ഒരു സാധാരണ മനുഷ്യന്റെ നിസ്സഹായതയും നിഷ്കളങ്കതയും ചിരിയിലേക്ക് പരിവർത്തനം ചെയ്യാനുള്ള ആ അപൂർവ കഴിവിനെക്കുറിച്ചാണ് ആ ഓർമ്മ. ഇംഗ്ലീഷ് സിനിമയുടെ വലിയ ലോകത്താണ് ബഹദൂർ ജനിച്ചിരുന്നതെങ്കിൽ, അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് മറ്റൊരു ആഗോള വിലയിരുത്തൽ ലഭിക്കുമായിരുന്നോ എന്ന ചിന്തയും ചിലപ്പോൾ തോന്നിപ്പോകും.
എന്നാൽ ബഹദൂറിന്റെ ഏറ്റവും വലിയ ഭാഗ്യം, ഒരുപക്ഷേ, മലയാള സിനിമ തന്നെയായിരുന്നു. കാരണം അദ്ദേഹത്തിന്റെ ചിരിയിൽ മലയാളിയുടെ ജീവിതമുണ്ടായിരുന്നു. നമ്മുടെ നാട്ടുവഴികളിലും ചായക്കടകളിലും ബസ് സ്റ്റാൻഡുകളിലും സാധാരണക്കാരുടെ വീടുകളിലും കണ്ടുമുട്ടുന്ന മനുഷ്യരുടെ മുഖഭാവങ്ങളും സംസാരരീതികളും ജീവിതപ്രശ്നങ്ങളും തന്നെയാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിലെത്തിയത്.
എനിക്ക് ബഹദൂറിനെ ഓർക്കുമ്പോൾ സിനിമയ്ക്കുമുമ്പ് ഓർമ്മയിൽ വരുന്നത് ഇരു ഗ്രാമങ്ങളാണ്. എറിയാട് / കാര. ബഹദൂറിന്റെ നാട്ടുകാരൻ എന്നുപറയുന്നതിലുള്ള അഭിമാനം ചെറുതല്ല; അന്നും ഇന്നും.
എന്റെ ബാല്യകാലത്ത് സിനിമ എന്നത് തന്നെ ഒരു അത്ഭുതലോകമായിരുന്നു. ആ അത്ഭുതലോകത്തിൽ പ്രേം നസീറിനും അടൂർ ഭാസിക്കുമൊപ്പം നിറഞ്ഞുനിന്നിരുന്ന ഒരു ‘തമാശക്കാരന്റെ’ വീട് സ്വന്തം വീട്ടിൽനിന്ന് അധികം അകലെയല്ല എന്ന അറിവ് പ്രൈമറി ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിക്ക് വലിയ വിസ്മയമായിരുന്നു. അന്ന് ബഹദൂർ എനിക്ക് വെറുമൊരു തമാശക്കാരൻ മാത്രമായിരുന്നു. അദ്ദേഹത്തിന്റെ അഭിനയത്തിന്റെ ആഴം തിരിച്ചറിയാനുള്ള പ്രായമൊന്നുമല്ലല്ലോ അത്.
പിന്നീട്, ബഹദൂർ പഠിച്ച അതേ സ്കൂളിൽ പഠിക്കാനുള്ള അവസരവും എനിക്ക് കിട്ടി. നാലാം ക്ലാസ്സുവരെ എന്നെ പഠിപ്പിച്ചിരുന്നത് ബഹദൂറിന്റെ ജ്യേഷ്ഠസഹോദരനായ മുഹമ്മദ് മാസ്റ്ററായിരുന്നു. ബഹദൂറിനോടുള്ള സ്നേഹാധിക്യം കൊണ്ടാകാം, അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരനായ മുഹമ്മദ് മാഷിനോടുപോലും അന്ന് ഒരു ആരാധനയുണ്ടായിരുന്നു.
പക്ഷേ, ബഹദൂറിനെ നേരിട്ട് കാണാൻ കഴിഞ്ഞിരുന്നില്ല.
ഒരേ ഗ്രാമത്തിൽ ജനിച്ചിട്ടും പ്രശസ്തനായ ആ മനുഷ്യനെ നേരിട്ട് പരിചയമില്ലെന്ന ചെറിയൊരു നഷ്ടബോധം ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. എന്നാൽ ഒരു മനുഷ്യനെ അടുത്തറിയാൻ അയാളുടെ കൈപിടിച്ച് നടക്കണമെന്നില്ലല്ലോ. അയാൾ ജീവിച്ച മണ്ണിൽ അയാളുടെ ഓർമ്മകൾ അവശേഷിക്കുന്നുണ്ടെങ്കിൽ, അയാൾ നമുക്ക് അപരിചിതനാകുന്നുമില്ല.
ബഹദൂർ എനിക്ക് അങ്ങനെയായിരുന്നു.
അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയെക്കുറിച്ചും കലാപരമായ സത്യസന്ധതയെക്കുറിച്ചും മറ്റുള്ളവരോടുള്ള സ്നേഹത്തെക്കുറിച്ചും പണത്തേക്കാൾ മനുഷ്യബന്ധങ്ങൾക്ക് വില നൽകിയിരുന്ന മനസ്സിനെക്കുറിച്ചുമൊക്കെ മുതിർന്നവരിൽനിന്ന് കേട്ടാണ് ഞാൻ വളർന്നത്. സിനിമയിൽ അദ്ദേഹം ഒരു താരമായിരുന്നെങ്കിൽ, നാട്ടിൽ അദ്ദേഹം അതേ ബഹദൂർ തന്നെയായിരുന്നു. വലിയൊരു താരമായിട്ടല്ല, എല്ലാവരുടെയും ബഹദൂറായിട്ടും ചിലർക്കെങ്കിലും കുഞ്ഞാലുവായിട്ടുമായിരുന്നു അദ്ദേഹത്തിൻ്റെ ഇടപെടലുകൾ.
പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലത്തെ ഒരു സംഭവം ഇന്നും ഓർമ്മയിലുണ്ട്.
കൂട്ടുകാരോടൊപ്പം പേനയിൽ മഷി നിറയ്ക്കാനായി കൊച്ചുണ്ണിക്കാടെ കടയ്ക്കു മുന്നിൽ നിൽക്കുകയായിരുന്നു. അന്ന് നാട്ടിൽ അധികം കാണാത്ത തരത്തിലുള്ള, റോഡിന്റെ വലിയൊരു ഭാഗം നിറഞ്ഞു നിൽക്കുന്ന ഒരു പരന്ന കാർ കടയ്ക്കരികിൽ വന്നു നിന്നു. ശുഭ്രവസ്ത്രധാരിയായ ഒരാൾ അതിൽനിന്നിറങ്ങി.
കണ്ണുകൾ വിസ്മയത്തോടെ വിടർന്നു.
“ബഹദൂർ... ബഹദൂർ...”
ഞങ്ങളറിയാതെ ആ വാക്ക് വായിൽനിന്ന് പുറത്തുവന്നു. അന്ന് ‘ചെണ്ട’ സിനിമ കണ്ട കാലമായിരുന്നു. അതിലെ ഇലത്താളം കിട്ടുണ്ണിയെ അവതരിപ്പിച്ച ബഹദൂർ മുന്നിൽ നിൽക്കുന്നതിന്റെ ആവേശത്തിൽ ഞാൻ വിളിച്ചുപറഞ്ഞു:
“ഇലത്താളം... ഇലത്താളം!”
വിളിച്ചു കഴിഞ്ഞപ്പോൾ അബദ്ധമായിപ്പോയോ എന്നൊരു ചെറിയ പേടി. പക്ഷേ അദ്ദേഹത്തിന്റെ മുഖത്ത് വിരിഞ്ഞത് ഒരു വലിയ ചിരിയായിരുന്നു. ഞങ്ങളുടെയടുത്തേക്ക് വന്ന് ഞങ്ങളെ ചേർത്തുപിടിച്ചു.
“നിങ്ങളൊക്കെ ഏത് ക്ലാസ്സിലാ പഠിക്കുന്നേ?”
അദ്ദേഹം ചോദിച്ചു.
“സിനിമ കണ്ടൂലെ?”
അദ്ദേഹം വീണ്ടും ചോദിച്ചു.
അത് ജീവിതത്തിൽ ആദ്യമായി ഒരു സിനിമാതാരത്തെ നേരിൽ കണ്ട നിമിഷമായിരുന്നു. എന്നാൽ അന്നവിടെ ഞാൻ കണ്ടത് സിനിമയിലെ ബഹദൂറിനെയല്ല. കുട്ടികളെ ചേർത്തുപിടിച്ച് അവരുടെ പഠനത്തെക്കുറിച്ച് ചോദിക്കുന്ന ഒരു നാട്ടുകാരനെയായിരുന്നു.
അതാണ് പിന്നീട് ബഹദൂറിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടിന്റെ അടിത്തറ.
1930-ൽ കൊടുങ്ങല്ലൂരിലെ എറിയാടിൽ പി. കെ. കുഞ്ഞാലുവായി ജനിച്ച അദ്ദേഹം നാടകവേദികളിലൂടെയാണ് അഭിനയത്തിന്റെ ലോകത്തേക്ക് എത്തുന്നത്. ജീവിതത്തിന്റെ പ്രയാസങ്ങൾക്കിടയിലും അഭിനയിക്കാനുള്ള ആഗ്രഹം കൈവിടാതിരുന്ന അദ്ദേഹം പിന്നീട് തിക്കുറിശ്ശി സുകുമാരൻ നായരുടെ പരിചയത്തിലൂടെയാണ് സിനിമയിലെത്തുന്നത്. 1954-ലെ അവകാശിയിൽ ചെറിയ വേഷത്തിൽ തുടങ്ങിയ യാത്ര, പാടാത്ത പൈങ്കിളിയിലെ ചക്കരവക്കനിലൂടെ ശ്രദ്ധേയമായി. അതിനുശേഷം നാലര പതിറ്റാണ്ടോളം നീണ്ടുനിന്നത് മലയാള സിനിമയുടെ തന്നെ ഒരു പരിണാമചരിത്രമായിരുന്നു.
ആദ്യകാല ബഹദൂറിനെ നോക്കുമ്പോൾ, ഒരു നടൻ തന്റെ ശരീരത്തെ തന്നെ എങ്ങനെ അഭിനയോപകരണമായി മാറ്റുന്നു എന്നതിന്റെ ഉദാഹരണമാണ് കാണുന്നത്. അന്നത്തെ മലയാള സിനിമയിലെ ഹാസ്യനടന്മാരുടെ കൂട്ടത്തിൽ അടൂർ ഭാസിക്കൊപ്പം ബഹദൂർ രൂപപ്പെടുത്തിയ ഹാസ്യലോകം പിന്നീട് മലയാള സിനിമയുടെ സ്വഭാവത്തിന്റെ തന്നെ ഭാഗമായി. എന്നാൽ ആ കൂട്ടുകെട്ടിന്റെ രസതന്ത്രത്തിനപ്പുറത്ത്, ബഹദൂറിന് സ്വന്തമായൊരു അഭിനയഭാഷയുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ ഹാസ്യം ആരെയും പരിഹസിച്ച് ഉണ്ടാക്കിയതല്ല. പലപ്പോഴും സ്വയം ചെറുതായിത്തീരുന്നതിലൂടെയാണ് അദ്ദേഹം മറ്റുള്ളവരെ ചിരിപ്പിച്ചത്. മണ്ടൻ മുത്തപ്പയായാലും ബുദ്ധിശൂന്യനായ ബുദ്ദു ആയാലും, സ്വന്തം കഥാപാത്രത്തിന്റെ പരാജയവും നിസ്സഹായതയും തന്നെയാണ് അദ്ദേഹം പ്രേക്ഷകന്റെ ചിരിയാക്കി മാറ്റിയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ തമാശയിൽ ഒരു നിരപരാധിത്വമുണ്ടായിരുന്നു.
അത് വെറും ചിരിയല്ലായിരുന്നു.
ജീവിതത്തിന്റെ വേവലാതികളെ ചിരിയുടെ തൂവൽകൊണ്ട് തൊടുന്ന ഒരു രീതിയായിരുന്നു.
അതുകൊണ്ടുതന്നെ ബഹദൂറിനെ ‘ഹാസ്യനടൻ’ എന്ന ഒറ്റ വാക്കിൽ ഒതുക്കുന്നത് അദ്ദേഹത്തോടുള്ള ഒരു അനീതിയാണ്. മാധവിക്കുട്ടിയിലെ അഭിനയത്തിന് 1973-ൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച രണ്ടാമത്തെ നടനുള്ള അംഗീകാരം ലഭിച്ചു. ആലിംഗനം, തുലാവർഷം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് 1976-ലും മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം ലഭിച്ചു. ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഒരു ഹാസ്യനടന്റെ ഉള്ളിൽ ഒളിച്ചിരുന്ന ഗൗരവമുള്ള അഭിനേതാവിനെ മലയാള സിനിമ ഔദ്യോഗികമായും തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അവ.
തുലാവർഷം പോലുള്ള സിനിമകളിൽ ബഹദൂറിനെ കാണുമ്പോൾ, പതിവായി നമ്മെ ചിരിപ്പിച്ച ആ മുഖം മറ്റൊരു പ്രകാശത്തിൽ പ്രത്യക്ഷപ്പെടുന്നു. മാധവിക്കുട്ടിയിലും ആലിംഗനത്തിലും അതേ കാര്യം സംഭവിക്കുന്നു. ഒരിക്കൽ ചിരിപ്പിച്ച മുഖം മറ്റൊരു സന്ദർഭത്തിൽ ദുഃഖത്തിന്റെ ഭാരം വഹിക്കുമ്പോൾ, നടന്റെ യഥാർത്ഥ കഴിവ് തെളിയുന്നു.
അതുകൊണ്ടാണ് ബഹദൂറിന്റെ അഭിനയജീവിതത്തെ ഗദ്യമെന്ന് വിളിക്കുമ്പോഴും അതിൽ കവിത കൂടുതലുണ്ടായിരുന്നതായി തോന്നുന്നത്.
അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ സിനിമയുടെ കഥയിൽ മാത്രം ജീവിച്ചിരുന്നില്ല. അവ മലയാളിയുടെ ജീവിതത്തിൽനിന്ന് കടംകൊണ്ടവരായിരുന്നു.
എൺപതുകളിലെത്തുമ്പോൾ മലയാള സിനിമ മാറിക്കൊണ്ടിരുന്നു. ഗ്രാമവും കുടുംബവും തൊഴിലില്ലായ്മയും ഗൾഫ് ജീവിതവും കുടിയേറ്റവും പുതിയ സാമൂഹിക യാഥാർഥ്യങ്ങളും സിനിമയിലേക്ക് കടന്നുവന്നു. ബഹദൂറും അതിനൊപ്പം മാറി. വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിൽ ഗൾഫ് സ്വപ്നത്തിന്റെ കാലത്തെ മലയാളിയെ കാണാം. വിസയിലും ആ കാലത്തിന്റെ പ്രവാസജീവിതവുമായി ബന്ധപ്പെട്ട മനുഷ്യാവസ്ഥകളുടെ ഒരു ഭാഗമാകുന്നു അദ്ദേഹം. മലയാളി ജീവിതത്തെ സിനിമയിൽ രേഖപ്പെടുത്തുന്നതിൽ ഈ വേഷങ്ങൾക്കും പ്രത്യേക പ്രാധാന്യമുണ്ട്.
അദ്ദേഹത്തിന്റെ അഭിനയത്തിലെ മറ്റൊരു സവിശേഷത പ്രായത്തിനനുസരിച്ച് കഥാപാത്രങ്ങളുടെ സ്വഭാവം മാറിയിട്ടും നടന്റെ സാന്നിധ്യം മങ്ങാതിരുന്നതാണ്. എഴുപതുകളിൽ ചിരിയുടെ കേന്ദ്രമായിരുന്ന ബഹദൂർ എൺപതുകളിലും തൊണ്ണൂറുകളിലും അച്ഛനായും മുത്തച്ഛനായും നാട്ടുകാരനായും വൃദ്ധനായും ജീവിതത്തിന്റെ പലതരം വേദനകൾ വഹിക്കുന്ന മനുഷ്യനായും മാറി. മാളൂട്ടി, സൂര്യഗായത്രി, കിലുക്കാംപെട്ടി, സ്ഫടികം, ഒരുയാത്രാമൊഴി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ഓർത്താൽ, ആ പരിണാമം കൂടുതൽ വ്യക്തമാണ്.
അവസാനമായി ജോക്കർ.
2000-ൽ പുറത്തിറങ്ങിയ ആ ചിത്രത്തിലെ സർക്കസ് ക്യാമ്പിലെ വൃദ്ധനായ ജോക്കറുടെ വേഷം ബഹദൂറിന്റെ അഭിനയജീവിതത്തിന് ലഭിച്ച അത്യന്തം വേദനാഭരിതമായ ഒരു അവസാന അധ്യായമായി മാറി. ഒരിക്കൽ മലയാളിയെ ചിരിപ്പിച്ച നടൻ, തന്റെ അവസാന വേഷങ്ങളിലൊന്നിൽ ചിരിയുടെ പിന്നിലെ ദുഃഖത്തെ തന്നെ കഥാപാത്രമാക്കി. സിനിമ പുറത്തിറങ്ങുമ്പോഴേക്കും ബഹദൂർ നമ്മോടൊപ്പമുണ്ടായിരുന്നില്ല. 2000 മെയ് 22-ന് ആ ജീവിതം അവസാനിച്ചു.
എന്നാൽ മരണത്തിന് അദ്ദേഹത്തിന്റെ ശരീരത്തെ മാത്രമേ കൊണ്ടുപോകാൻ കഴിഞ്ഞുള്ളൂ.
അദ്ദേഹത്തിന്റെ ചിരിയെ കൊണ്ടുപോകാൻ കഴിഞ്ഞില്ല.
ഇന്നും ടെലിവിഷനിൽ ബഹദൂറിന്റെ ഒരു രംഗം വന്നാൽ, പല തലമുറകളിലുള്ളവർ ഒരുമിച്ച് ചിരിക്കുന്നു. കുട്ടിക്ക് അത് ഒരു പഴയ സിനിമയിലെ തമാശക്കാരനാണ്. മുതിർന്നവന് അത് തന്റെ ചെറുപ്പത്തിന്റെ ഓർമ്മയാണ്. മറ്റൊരാൾക്ക് സ്വന്തം നാട്ടിൽ ഒരിക്കൽ കണ്ടുമുട്ടിയ മനുഷ്യൻ. എനിക്ക്, ഒരു കടയ്ക്കു മുന്നിൽ ശുഭ്രവസ്ത്രത്തിൽ നിന്നുകൊണ്ട് കുട്ടികളെ ചേർത്തുപിടിച്ച് “ഏത് ക്ലാസ്സിലാ പഠിക്കുന്നേ?” എന്ന് ചോദിച്ച നാട്ടുകാരൻ കൂടിയായ സിനിമാക്കാരൻ.
ഒരു കലാകാരന്റെ അമരത്വം ഒരുപക്ഷേ ഇതുതന്നെയാണ്.അയാൾ അഭിനയിച്ച കഥാപാത്രങ്ങൾ മറന്നുപോയാലും, അയാൾ നമ്മളിൽ ഉണർത്തിയ ഒരു വികാരം മറക്കാനാകാതെ തുടരുക.
ബഹദൂർ അങ്ങനെയുള്ള നടനാണ്.
എറിയാടിന്റെ മണ്ണിൽനിന്ന് ഉയർന്നുവന്ന ഒരു സാധാരണ മനുഷ്യൻ, മലയാള സിനിമയിൽ അസാധാരണമായൊരു ഇടം സ്വന്തമാക്കി. പ്രശസ്തിയുടെ ഉയരങ്ങളിൽ എത്തിയിട്ടും സ്വന്തം മണ്ണിൽ സാധാരണക്കാരനായി തുടരാൻ കഴിഞ്ഞു. അതുകൊണ്ടാണ് ബഹദൂർ ഒരു സിനിമാനടൻ എന്നതിലുപരി ഒരു ഗ്രാമത്തിന്റെ അഭിമാനമായി മാറിയത്.
ഒരു ഗ്രാമത്തിൽനിന്ന് ഒരാൾ സിനിമയിലേക്ക് പോകുന്നത് വലിയ കാര്യമല്ല. പക്ഷേ, പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആ ഗ്രാമത്തിന്റെ കഥകളിൽ അയാൾ ജീവിച്ചുകൊണ്ടിരിക്കുക എന്നതാണ് വലിയ കാര്യം.
ബഹദൂർ അങ്ങനെയാണ്.
അദ്ദേഹത്തെക്കുറിച്ച് പഴമക്കാർ ഇന്നും പറയുന്ന നാടകക്കഥകളിലും, അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തവരുടെ ഓർമ്മകളിലും, മറ്റുള്ളവരെ സഹായിക്കാൻ കടം വാങ്ങിയ മനുഷ്യന്റെ കഥകളിലും, കച്ചവടലാഭത്തേക്കാൾ മനുഷ്യബന്ധങ്ങൾക്ക് വില നൽകിയ കലാകാരന്റെ ജീവിതത്തിലും, ഏറ്റവും പ്രധാനമായി അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളുടെ ചിരിയിലും ബഹദൂർ ഇന്നും ജീവിക്കുന്നു.
അതിനാൽ, ബഹദൂറിന്റെ ഇരുപത്തിയഞ്ചാം ചരമവാർഷികത്തിൽ അദ്ദേഹത്തെ ഓർക്കുമ്പോൾ നാം ഒരു ഹാസ്യതാരത്തെ മാത്രമല്ല ഓർക്കുന്നത്.
ജീവിതത്തെ അതിന്റെ മുഴുവൻ വിരോധാഭാസങ്ങളോടും കൂടി കണ്ട ഒരു നടനെയാണ്. ചിരിയുടെ പിന്നിലെ കണ്ണീരറിഞ്ഞ ഒരു മനുഷ്യനെയാണ്.
സ്വന്തം മണ്ണിനെ മറക്കാത്ത ഒരു നാട്ടുകാരനെയാണ്. അതിനപ്പുറം, മലയാളിയുടെ മനസ്സിൽ ഒരു പുഞ്ചിരിയായി താമസമുറപ്പിച്ച ഒരു കലാകാരനെയാണ്.
ബഹദൂർ മരിച്ചിട്ട് ഇരുപത്തിയഞ്ച് വർഷം.
പക്ഷേ, എറിയാടിന്റെ ഏതെങ്കിലും ഒരു പഴയ വഴിയിലൂടെ നടക്കുമ്പോൾ, ഇന്നും എവിടെയോ ഒരു കുട്ടിയുടെ ശബ്ദം കേൾക്കുന്നതുപോലെ തോന്നും,
“ബഹദൂർ... ബഹദൂർ...”
അപ്പോൾ ആ ശബ്ദത്തിന് മറുപടിയായി എവിടെയോ ഒരു വിടർന്ന ചിരി തെളിയും.
അതാണ് ബഹദൂർ.
മരണത്തിന് അപ്പുറവും
മാഞ്ഞുപോകാത്ത ഒരു ചിരി.
@ നജീബ് കടമ്പോട്ട്.
