31 January 2025 · 7 min read · കഥ

ഉണ്ണിപ്പട്ടി

1975 - 76 ലാണെന്ന് തോന്നുന്നു എന്റെ തൊട്ട് മൂത്ത സഹോദരിക്ക് ടീച്ചറായി ജോലി കിട്ടുന്നത്. ആദ്യ അപ്പോയ്ന്റ്മെന്റ് മുവാറ്റുപുഴയിലായിരുന്നു. അവിടെ ഒരു ലേഡീസ് ഹോസ്റ്റലിൽ താമസിച്ച് എല്ലാ വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും വീട്ടിലേക്ക് പോരുകയും തിങ്കളാഴ്ച രാവിലെ തിരിച്ചു പോവുകയുമായിരുന്നു പതിവ്. മുനമ്പം വരെ ഒറ്റക്ക് വരുന്ന അവളെ അവിടെ നിന്ന് വീട്ടിലേക്കും, തിരികെ പോകുമ്പോൾ മുനമ്പത്ത് ചെന്ന് ബസ് കയറ്റി വിടുന്നതിന്റെയും ഫുൾ എസ്കോർട്ട് ഡ്യൂട്ടി എനിക്കായിരുന്നു. മുറതെറ്റാതെ ഈ പ്രക്രിയ തുടർന്നു കൊണ്ടേയിരുന്നു. ഈ യാത്രയിലും പേബസാർ ക്രോസ് ചെയ്തിട്ടു വേണമായിരുന്നു ഞങ്ങൾക്ക് അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യേണ്ടിയിരുന്നത്.

എന്നാൽ പേബസാർ ഉണരും മുമ്പേ യായിരിക്കും ഞങ്ങളുടെ യാത്ര അങ്ങോട്ടെന്നതിനാൽ ഒരു ബന്ദ് ദിനത്തിന്റെ പ്രതീതിയിൽ സമാധാനത്തോടെ അതിലൂടെ കടന്ന് പോകാമായിരുന്നു. വെള്ളിയാഴച വൈകുന്നേരങ്ങളിലും കടകളെല്ലാം അടച്ച് തുടങ്ങുന്ന സമയത്തായിരിക്കും ഞങ്ങളുടെ തിരിച്ചുള്ള യാത്ര . അപ്പോഴും സ്വൈരതക്ക് വലിയ കുഴപ്പമില്ലാതെ തന്നെ അവിടം താണ്ടാനാകുമായിരുന്നു.

ഇങ്ങനെ ഈ യാത്ര തുടർന്ന് കൊണ്ടിരിക്കുന്നതിനിടെയാണ് കഥ നടക്കുന്നത്.

ഞങ്ങളുടെ വീട്ടിൽ ഒരു പട്ടിയുണ്ടായിരുന്നു.  തികഞ്ഞ ഓമനത്വം മുഖത്ത് നിഴലിച്ചിരുന്ന ഒരു പട്ടി .അക്കാലത്ത് സാധാരണ മുസ്ലിം കുടുംബങ്ങളിൽ പട്ടി വളർത്തൽ നിഷിദ്ധമായിരുന്നു. (സംഗതി ഇക്കാലത്തും നിഷിദ്ധം തന്നെയെന്ന് തോന്നുന്നു. എങ്കിലും പണ്ടത്തെപ്പോലെ ആളുകൾ അതത്ര ഗൗനിക്കാറില്ല.)  ചെറുതായിരിക്കുമ്പോഴെ എവിടെന്നോ വന്ന ആ പട്ടി ക്കുട്ടി ഞങ്ങൾക്കേറെ ഇഷ്ടപ്പെട്ടവനായി. ആനിമൽ ഡിസ്റ്റൻസിങ്ങ് പാലിച്ചു കൊണ്ടാണെങ്കിലും ഞങ്ങളവനെ ഞങ്ങൾക്കിടയിലൊരുവനെന്ന പോലെ പോറ്റി വളർത്തി. അടുത്ത വീടുകളിലൊന്നും ഒരു സന്ദർശനം പോലും നടത്താതെ ഞങ്ങളോടുള്ള കൂറ് പ്രകടിപ്പിച്ച് കൊണ്ട് എപ്പോഴും വാലാട്ടിക്കൊണ്ട് ഞങ്ങളുടെ സംരക്ഷകനായി നിലകൊണ്ടിരുന്നു അവൻ. രാത്രികാലങ്ങളിൽ ഒരു നിഴലനങ്ങിയാൽ പോലും ഞങ്ങൾക്ക് ജാഗ്രതാ നിർദേശം തന്നു കൊണ്ടിരുന്നു.

ഇത് എന്നെ സംബന്ധിച്ച് തീരെ പ്രതികൂലമായും ഭവിച്ചിരുന്നു. ഇടക്ക് വീട്ടുകാരറിയാതെ സെക്കന്റ് ഷോക്ക് പോയി തിരിച്ചു വരുമ്പോഴായിരിക്കും ആളനക്കം കണ്ട് ഇവന്റെ ഗർജ്ജനം. സർവ്വ ചരാചരങ്ങളും നിശ്ശബ്ദതയിലാഴ്ന്ന് കിടക്കുന്ന പാതിരാക്ക് ഈ കുര കേട്ടാൽ അയൽ വീട്ടുകാർ പോലും ഉണരുമായിരുന്നു.

ഞങ്ങൾ കുട്ടികളുണ്ടാക്കിക്കൊടുത്ത ഒരു കൂട്ടിലായിരുന്നു അവന്റെ വിശ്രമം. കൃത്യമായി അവിടെത്തന്നെ ഉറങ്ങാനും , ദൂരെ പോയി വിസർജ്ജിക്കാനും ഒക്കെ ഞങ്ങളവനെ ശീലിപ്പിച്ചിരുന്നു. ഞങ്ങൾ അവനെ ഉണ്ണി എന്ന് വിളിച്ചു. അപൂർവമായി മാത്രം കാണാതായാൽ , ആ പേരു് വിളിച്ചാൽ എത്ര ദൂരത്താണെങ്കിലും നൊടിയിടയിൽ പറന്നെത്തുമായിരുന്നു.

അങ്ങനെയിരിക്കെ ഒരു തിങ്കളാഴ്ച . രാവിലെ 5 മണിയായിക്കാണും. ഞങ്ങൾ പുറപ്പെടാനുള്ള ഒരുക്കത്തിലാണ്. മുറ്റത്തേക്കിറങ്ങിയതും എവിടെ നിന്നെന്നറിയില്ല ഉണ്ണിപ്പട്ടി ദാ മുന്നിൽ. ഒരു നിശ്ചയദാർഢ്യം അവന്റെ മുഖത്ത് സ്ഫുരിക്കുന്നുണ്ടോ? ഹേയ്! അങ്ങനെ വരാൻ വഴിയില്ല. എന്തോന്ന് നിശ്ചയിച്ചുറപ്പിക്കാൻ?

എന്തായാലും, ഞാനും സഹോദരിയും  വീട്ടിൽ നിന്നിറങ്ങി. ഇടവഴിയിലൂടെ റോഡിലെത്തും മുമ്പേ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി. ദേ  വേറൊരു എസ്കോർട്ടെന്ന പോലെ ഉണ്ണി ഞങ്ങളുടെ പിറകെ. ഞങ്ങളൊന്നു നിന്നു. അവൻ നിന്നു. ഞങ്ങൾ നടന്നു. അവനും നടന്നു.

തിരിച്ച് പോടാ ഉണ്ണീന്ന് പല തവണ പറഞ്ഞു നോക്കി. ഉണ്ണി പോകാൻ കൂട്ടാക്കുന്നില്ല.

കുറച്ചുകൂടി ഗൗരവത്തിൽ പറഞ്ഞപ്പോൾ അവൻ അവിടെ നിന്നു.എന്നിട്ട് ദയനീയമായി ഞങ്ങളെ നോക്കി. ഞങ്ങൾ നിസ്സഹകരണ മട്ടിൽ വീണ്ടും തറപ്പിച്ചു നോക്കിയപ്പോൾ ഞങ്ങൾക്ക് മുഖം തരാതെ വശങ്ങളിലേക്ക് നോക്കിക്കൊണ്ടു നില്‌പായി.

രണ്ട് മിനിറ്റ് നിന്നു കാണും. ഉണ്ണി തിരികെ വീട്ടിലേക്കെന്ന മട്ടിൽ പിറകിലേക്ക് തിരിയുന്നതിന്റെ സൂചന കണ്ടു. ഞങ്ങൾ തിടുക്കപ്പെട്ടു നടക്കാനും തുടങ്ങി.

ഏകദേശം 500 മീറ്റർ പിന്നിട്ടു കാണും. ഇപ്പോഴും നേരം ശരിക്കും വെളുത്തിട്ടില്ല. ഞങ്ങൾ മെയിൻ റോഡിലേക്ക് പ്രവേശിച്ചിരുന്നു.

6.15 ന്റെ ഫെറി കിട്ടണമെന്ന നിർബ്ബന്ധ ബുദ്ധിയോടെ ഞങ്ങൾ നടത്തത്തിന്റെ സ്പീഡ് കൂട്ടി. പേ ബസാറിലേക്ക് ഇനിയും 10 മിനിറ്റെങ്കിലും നടക്കണം. ആറു മണിക്ക് മുമ്പായി അവിടന്ന് അഴിക്കോട്ടേക്ക് ബസ് കിട്ടണം. ആ ലക്ഷ്യത്തോടെ ഞങ്ങൾ പരസ്പരം മിണ്ടുക പോലും ചെയ്യാതെ നടത്തത്തിന് ആക്കം കൂട്ടി.

ഇടക്ക് ഒന്ന് രണ്ട് തവണ തിരിഞ്ഞു നോക്കിയപ്പോഴും ഉണ്ണി പിന്തുടരുന്നതായി കണ്ടില്ല. അവൻ തിരികെ വീട്ടിലേക്ക് തന്നെ പോയിക്കാണും , ഞങ്ങളാശ്വസിച്ചു.

ഞങ്ങളിപ്പോൾ ബസാറിന്റെ പ്രവേശനത്തിലേക്ക് അടുക്കകയാണ്. അവിടെ ചായക്കടകളൊഴികെ മറ്റൊരു കടകളും തുറന്നിട്ടില്ല. റോഡ് തീർത്തും വിജനം. ഞങ്ങൾ പരമാവധി വേഗത്തിൽ പടിഞ്ഞാറേ റോഡിലേക്ക് നടന്നടുക്കുകയാണ്.

പെട്ടെന്ന് ,

നമ്മുടെ ഉണ്ണിപ്പട്ടി ഇതാ ഞങ്ങളുടെ തൊട്ടുപിന്നിൽ. അമ്പരപ്പും ആശ്ചര്യവും ഒന്നിച്ചനുഭവപ്പെട്ടു. നെടുനീളത്തിലുള്ള റോഡിലൂടെയായിരുന്നു ഞങ്ങൾ നടന്ന് വന്നിരുന്നത്. ഇടയിലെവിടെയെങ്കിലും വെച്ച് ഞങ്ങളോട് കൂടിച്ചേരാൻ പാകത്തിൽ ഇവൻ എവിടെ ഒളിച്ചിരിക്കയായിരുന്നോ ആവോ.

പട്ടിയും ഞങ്ങൾ രണ്ട് പേരും കൂടെ നടക്കുന്നത് കണ്ടാൽ തന്നെ പേബസാറുകാർക്ക് കഥകൾ മെനയാനുള്ള ത്രെഡ് ആവും. അത് കൊണ്ട് അവനെ വീണ്ടും ഓടിച്ച് വിടാനുള്ള ശ്രമം ഉപേക്ഷിച്ച് അതൊരു സീനായി മാറാനുള്ള അവസരത്തെ ഒഴിവാക്കി മുന്നോട്ട് നടന്നു.

വത്സന്റെ ബാർബർ ഷോപ്പിന് മുന്നിലായി ബസ് കാത്തു നില്ക്കയാണ് ഞങ്ങൾ. ഞങ്ങളുമായി ഒരു ബന്ധവുമില്ലാത്ത മട്ടിൽ കുറച്ചു മാറി നിവർന്നിരിക്കയാണ് ഉണ്ണി. ഇടക്കിടെ ഞങ്ങളെ ഒളികണ്ണാലെ നോക്കും. പിന്നെ പരിസരമാകെ കണ്ണോടിക്കും. ആകെ അസ്വസ്ഥനാണ് കക്ഷി. ഞങ്ങളും ബസ് വരാത്തതിലുള്ള പരിഭ്രാന്തിയിലാണ്.

ഏകദേശം 3 - 4 മിനിറ്റുകൾ കഴിഞ്ഞു കാണും. സ്റ്റോപ്പിൽ വേറെ ഒന്ന് രണ്ട് പേർ കൂടി വന്നു. ഇതിനിടെ ഉണ്ണി എപ്പോഴോ ഞങ്ങളുടെ അടുത്തേക്ക് കുറച്ചു കൂടി അടുത്തിരുന്ന് കഴിഞ്ഞിരുന്നു.

വടക്ക് നിന്നും ഒരു KSRTC വന്ന് സ്റ്റോപ്പിൽ നിന്നു. ഞങ്ങൾ ബസ്സിൽ കയറിയതോടെ ഉണ്ണിയും ബസ്സിലേക്ക് ചാടിക്കേറാൻ ഒരു ശ്രമം നടത്തി. കണ്ടക്റ്റർ കാലു കൊണ്ട് തട്ടി മാറ്റിയെങ്കിലും പൂർവ്വാധികം ശക്തിയോടെ ഒറ്റക്കുതിപ്പിൽ ഉണ്ണി രണ്ടാം സ്റ്റെപ്പിലേക്ക് ചാടിക്കയറി. ആളുകൾ കുറവായിരുന്നു ബസ്സിലെങ്കിലും എല്ലാവർക്കും കൗതുകമായി ഈ കാഴ്ച . ലേശം ദേഷ്യത്തിലായ കണ്ടക്റ്റർ ഞങ്ങളുടെ നേരെ തിരിഞ്ഞു പട്ടി ഞങ്ങളുടേ താണോ എന്ന് തിരക്കി. ആണെന്നും അല്ലെന്നും തോന്നാത്ത വിധം ഞങ്ങൾ നില്ക്കാൻ ശ്രമിച്ചെങ്കിലും ഞങ്ങളുടെ മുഖത്തെ ജാള്യതയിൽ നിന്നും പട്ടിടെ ഉടമസ്ഥർ ഞങ്ങൾ തന്നെയെന്ന് ഏവർക്കും മനസ്സിലായി.

കണ്ടക്റ്റർ ഒന്ന് കൂടി ആഞ്ഞു തട്ടിയതോടെ ഉണ്ണി ദൂരേക്ക് തെറിച്ചു വീണു. ഈ ഗ്യാപിൽ ഡബിൾ ബെല്ലു കേട്ട ഡ്രൈവർ ബസ് മുമ്പോട്ടെടുക്കുകയും ചെയ്തു.

തിരിഞ്ഞു നോക്കുമ്പോൾ ബസ്സിന് പിറകെ കുറച്ചു ദൂരമോടിയ ശേഷം ഒരിടത്ത് നിന്ന ഉണ്ണിയെയാണ് കണ്ടത്. ഞങ്ങൾ അഴിക്കോട് ഫെറി കടന്ന് മുനമ്പത്തെത്തി. അടുത്ത ബസ്സിൽ അവളെ കേറ്റിയയച്ച് തിരികെ പേബസാർ സ്റ്റോപ്പിൽ വന്നിറങ്ങുന്നു ഞാൻ. അങ്ങോട്ട് പോയതിന്റെ എതിർവശത്തായിരിക്കുമല്ലോ തിരിച്ചു വന്നിറങ്ങുക. ഏതൊരാൾക്കും അങ്ങനെയല്ലേ പറ്റൂ. ഞാനും അത് പോലെ തന്നെ വന്നിറങ്ങിയപ്പോൾ .........

നമ്മുടെ ഉണ്ണി, നേരത്തെ ബസ്സിൽ കയറാൻ ശ്രമിച്ച സ്റ്റോപ്പിന്റെ എതിർ വശത്തെ സ്റ്റോപ്പിൽ അക്ഷമനായി ഇരിക്കുകയാണ്. ഞാനിത് തീരെ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും  അവിടെ ഇറങ്ങാൻ തുടങ്ങുമ്പോഴെ ഞാനവനെ കണ്ടു കഴിഞ്ഞിരുന്നു.

ഞാൻ ബസ്സിൽ നിന്നിറങ്ങാൻ തുടങ്ങുമ്പോഴേക്കും പ്രതിഷേധമറിയിച്ചു കൊണ്ട് അവൻ കുരച്ചു ചാടാൻ ഒരുമ്പെടുകയായിരുന്നു. താഴെയിറങ്ങിയാൽ എന്താകും സംഭവിക്കുക എന്നെനിക്കറിയില്ലായിരുന്നു. എന്നെ കടിച്ചു കീറാൻ പാകത്തിലുള്ള ദേഷ്യവുമായാണ് അവന്റെ നില്പ്. ഈ ഘട്ടത്തിൽ വെറുതെ തന്നെ അവന്റെ ദേഷ്യത്തിന് ഇരയാകേണ്ടെന്ന് കരുതി ഞാൻ വെച്ച കാൽ പുറകോട്ടെടുത്തു. ബസ്സിലേക്ക് തന്നെ ഞാനുൾ വലിഞ്ഞു.

ബസ്സ് മുന്നോട്ട് കുതിച്ചു. ഉണ്ണിയുടെ രോഷാഗ്നിയിൽ നിന്നും രക്ഷപെട്ടല്ലോ എന്ന ചിന്തയിൽ ഞാൻ പുറകിലേക്ക് നോക്കിയപ്പോൾ കണ്ടതെന്താണ്. ബസ്സിന്റെ പിറകേ അതി വേഗതയിൽ ഓടി വരുന്ന ഉണ്ണി.

ഒരേ സമയം വിവിധ വികാരങ്ങളുടെ വേലിയേറ്റം എന്നിൽ സംഭവിച്ചു. ഭയം, ആധി, സ്നേഹം കരുണ എല്ലാം തന്നെ മാറിയും മറിഞ്ഞും എന്നിൽ ഇളകി മറിഞ്ഞു. ബസ്സിന് പിറകിലൂടെ എന്നെ മാത്രം ലക്ഷ്യമാക്കി ഓടുന്ന അതിന്റെ മനസ്സിലെന്തായിരിക്കും? അവനെ അവഗണിച്ച് ഒറ്റപ്പെടുത്തിയ തന്നോടുള്ള പകയായിരിക്കുമോ ? അവനെ അപരിചിതമായ സ്ഥലത്ത് അനാഥനാക്കി കടന്ന് കളയാൻ താൻ ശ്രമിച്ചതാണെന്ന് അവൻ ചിന്തിച്ചിരിക്കുമോ ? ആലംബമറ്റവനെപ്പോലെ തന്നെ പിന്തുടരുന്നവന്റെ മനസ്സിലൂറുന്ന വേദന എന്നിൽ നീറ്റലുളവാക്കി. എനിക്കെങ്ങനെയും അവിടെയിറങ്ങിയാൽ മതിയെന്നായി.ഉണ്ണി എന്നെ ഉപദ്രവിക്കില്ലെന്നും വഴി തെറ്റി അനാഥനായ് തീർന്നാൽ അവൻ എന്നെന്നേക്കുമായി ഞങ്ങൾക്ക് നഷ്ടപ്പെടുമെന്നും ഞാൻ വേദനയോടെ ഓർത്തു. ബസ്സിലെ കിളിയോട് ഒന്ന് നിറുത്തിത്തരാൻ ഞാനാവശ്യപ്പെട്ടു. " ഇയാൾക്കിതെന്തിന്റെ കേടാ. ഇനി ആറാട്ട് പാലത്തിലേ സ്റ്റോപ്പുള്ളൂന്നറിഞ്ഞൂടേ " . അപ്പോഴേക്കും ബസ് പഞ്ചായത്താഫീസ് പിന്നിട്ട് കഴിഞ്ഞിരുന്നു. ഉണ്ണി പിന്നാലെ കിതച്ചോടുന്നുണ്ട്. വീണ്ടും വീണ്ടും ഞാൻ കിളിയോട് കെഞ്ചിയതിന്റെ ഫലമായി എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അയാൾ ഒരു നീണ്ട വിസിലടിച്ചു.

ഏറെ പരിഭ്രമത്തോടെയാണ് ഞാൻ വണ്ടിയിൽ നിന്നും ചാടിയിറങ്ങിയത്. പരിസരെത്തെങ്ങും ആരുമില്ല. നൊടിയിടക്കുള്ളിൽ ഉണ്ണി എന്റെ അരികിലെത്തി. കിതപ്പിന്റെ ശബ്ദം നിയന്ത്രിച്ചു നിർത്താനായില്ലെങ്കിലും അവൻ ശരീരം മുഴുക്കെ എന്റെ കാലുകളിലുരസി , വാലാട്ടിക്കൊണ്ട് മുഖമെന്റെ നേരെയുയർത്തിക്കൊണ്ട് നിന്നു. ഒരു നിമിഷം സ്നേഹമെന്ന വികാരം എന്തെന്ന് അവനെനിക്ക് വാക്കുകളിലൂടെയല്ലാതെ പകർന്നു നല്കി. അവന്റെ കണ്ണകൾ നിറഞ്ഞിരുന്നു. രണ്ട് മൂന്ന് തവണ അവൻ എന്നെ ചുറ്റി വന്ന ശേഷം എന്റെ മുന്നിൽ നിന്നുകൊണ്ട് ശക്തമായി കുരച്ചു.

കുരഅധികനേരം നീണ്ടു നിന്നില്ല. പിന്നീടവൻ എന്റെ പാദങ്ങൾ നക്കാൻ തുടങ്ങി. സംഗതി സ്നേഹം കൊണ്ടൊക്കെയാകാം അവനങ്ങനെ ചെയ്യുന്നതെങ്കിലും അതെന്നിൽ തെല്ല് അലോസരമുണ്ടാക്കി. പരിസരത്തെങ്ങും ആരുമില്ലായിരുന്നു. ഇടക്കിടെ ഓരോ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നതൊഴിച്ചാൽ തീർത്തും വിജനമായ റോഡ്.

രാവിലെ 7.30 ആയിക്കാണുമപ്പോൾ. ഏതായാലും അവന്റെ പിണക്കം മാറിയ സ്ഥിതിക്ക് ഇനി വീട്ടിലേക്ക് തിരിക്ക തന്നെ. ഞാൻ തീരുമാനിച്ചു.

ഞാൻ റോഡിന്റെ മറുഭാഗത്തേക്ക് കടന്നു. ഒപ്പം ഉണ്ണിയും. മുമ്പോട്ടാഞ്ഞു നടക്കാൻ തുടങ്ങിയ എന്നെ തടഞ്ഞു കൊണ്ട് ഉണ്ണിയിൽ പെട്ടെന്ന് ഒരു ഭാവമാറ്റം ദൃശ്യമായി. അവൻ എന്റെ മുന്നിൽ വിലങ്ങനെ നിന്ന് എന്റെ മുന്നോട്ടുള്ള നീക്കത്തെ തടയാൻ തുടങ്ങി.

പട്ടിയെ തൊട്ടാൽ ഏഴ് വട്ടം കുളിക്കണമെന്നാണ് മദ്രസയിൽ നിന്നും, പിന്നെ വീട്ടുകാരിൽ നിന്നും കേട്ട് പഠിച്ചിട്ടുള്ളത്. ഇപ്പോൾ തന്നെ എഴുപത് തവണ കുളിക്കേണ്ട വിധം അവനെന്റെ കാല് പാദങ്ങൾ നക്കിത്തുടച്ചു കഴിഞ്ഞിരിക്കുന്നു. ഇനി അവനെ തൊട്ടാലും എക്സ്ട്രാ കുളിയൊന്നും അതിന്റെ പേരിൽ വേണ്ടി വരില്ലെന്ന് ചിന്തിച്ച് ഞാനവനെ കൈ കൊണ്ട് തള്ളി മാറ്റാൻ നോക്കി. കിം ഫലം? അവൻ ഒരു നീക്കുപോക്കിനും തയാറാവാത്ത മട്ടിൽ കാർക്കശ്യത്തോടെ വഴി തടഞ്ഞു കൊണ്ട് നിലയായി.

ഞാനൊരു വിധം പേബസാറിന്റെ പ്രധാന മേഖലയിലേക്ക് കടന്നു. ഇപ്പോളവൻ നയപരിപാടികളിൽ മാറ്റം വരുത്തി. കുര നിറുത്തി. എന്നെ ഉപരോധിക്കൽ മാത്രമാക്കി പരിപാടി.

ഇറച്ചിക്കടയുടെ അടുത്തെത്തിയപ്പോൾ , ഏതോ പ്രലോഭനത്തിലകപ്പെട്ടിട്ടെന്ന പോലെ അവൻ അന്തിച്ചു നിന്നു. ഈ ഇടവേളയിൽ ഞാനവിടെ നിന്നും രക്ഷപ്പെട്ട് വി.എം.എ യുടെ സൈക്കിൾ കടയുടെ വരാന്തയിൽ കയറി നിന്നു.

ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഇറച്ചിക്കടയുടെ മോഹവലയത്തിൽ നിന്നും മുക്തനായ ഉണ്ണി എന്നെ തിരഞ്ഞു വരുന്നത് ഞാൻ കണ്ടു. വേറെ എവിടെയും തിരയാതെ നേരെ എന്റെ അടുത്തേക്ക് തന്നെയായിരുന്നു വരവ്. ഇക്കുറി ഭാവത്തിലും പെരുമാറ്റത്തിലും ലേശം അയവ് വന്ന പോലെ തോന്നി.

പിന്നീട് വീടിനടുത്തെത്തുന്നത് വരെയും ശാന്ത സ്വഭാവിയായ് തുടർന്ന ഉണ്ണി, ഒരു പറമ്പിൽ ഉണക്കാനിട്ടിരുന്ന മെടഞ്ഞ ഓലക്കീറുകൾ മുഴുക്കെയും കടിച്ചുപറിച്ചും കൈകാലുകൾ കൊണ്ട് മാന്തിയും നശിപ്പിച്ച് എന്തിനോടോ ഉള്ള അരിശം തീർക്കുകയാണ് ചെയ്തത്. KSRTC കണ്ടക്റ്ററെ ഓർത്തിട്ടാകണം ഇത്തരമൊരു രോഷപ്രകടനം ഓലക്കീറുകളോട് കാണിച്ചതെന്ന് ഞാനൂഹിച്ചു. അതല്ലെങ്കിൽ എന്നോടുള്ള അമർഷം തന്നെയുമാകാം.

പിന്നീടുള്ള യാത്രകളിലൊക്കെയും ഉണ്ണി ഞങ്ങളെ അനുഗമിച്ചിരുന്നെങ്കിലും ഞാൻ തിരിച്ചെത്തുന്നത് വരെയും അവൻ ബസ് സ്റ്റോപ്പിൽ എന്നെ കാത്തിരിക്കുമായിരുന്നു. യാതൊരു അലോഹ്യവും കാണിക്കാതെ വീട്ടിൽ നിന്നും പേബസാർ വരെയും തിരിച്ചും അവൻ ഞങ്ങളോടൊപ്പം അലസ ഗമനം നടത്തുമായിരുന്നു.

ഒടുവിൽ അത്തരം ഒരു യാത്രയിലാണ് ഉണ്ണി എന്നെന്നേക്കുമായി ഞങ്ങളെ വേർപിരിഞ്ഞു പോയത്.

രാത്രി ഏഴ് ഏഴരയായിക്കാണും. ഞങ്ങൾ പേബസാറിനും വീടിനുമിടയിൽ റോഡിലൂടെ നടക്കുകയാണ്. കിഴക്ക് നിന്നും വന്ന ഒരു ബൈക്ക് ഞങ്ങളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്ന് പോയി. ഭയപ്പാടോടെ വശത്തേക്ക് ഒഴിഞ്ഞു മാറിയ ഞങ്ങളെ കടന്ന് ആ വണ്ടി ഉണ്ണിയെ തട്ടിത്തെറിപ്പിച്ചിട്ടു.

തെറിച്ചു വീണ ഉണ്ണിയിൽ നിന്നും ഉയർന്ന ഒരു ഞരക്കം ഞങ്ങളിൽ നിന്നുയർന്ന ആർത്തനാദത്തോടൊപ്പം ഇഴുകിച്ചേർന്നു.

അതോടെ ഉണ്ണി ഇല്ലാതാകുകയായിരുന്നു. എന്നെന്നേക്കുമായി. ഒരു ഞരക്കം. പിന്നെ എല്ലാം നിശ്ചലം .

ഒരു മരണം മുമ്പിൽ കണ്ടതിന്റെ വേദന നിലക്കാത്ത കണ്ണീരായി ഞങ്ങളിൽ നിന്നൊഴുകി.

.

Share this story

Comments (0)

  • Be the first to write one.