25 January 2025 · 11 min read · അനുഭവം

ഒരു ബിരിയാണിക്കഥ

കൊഴുവ ബിരിയാണിയുടെ  ഇതിഹാസം 

Variety taste doesn’t need luxury—it needs a pinch of humor and 200 rupees for cleaning.😊

നിങ്ങൾ എന്നെങ്കിലും കൊഴുവ ബിരിയാണി കഴിച്ചിട്ടുണ്ടോ? പോട്ടെ, അതെപ്പറ്റി കേട്ടിട്ടെങ്കിലുമുണ്ടോ? 

നിങ്ങളിൽ ചിലരുടെയെങ്കിലും  നെറ്റി ചുളിയാൻ തുടങ്ങിയല്ലോ. അയ്യേ, അതെന്ത് ബിരിയാണിയെന്നായിരിക്കും നിങ്ങളിപ്പോൾ ചിന്തിക്കുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളു. പല തരം  വമ്പൻ മീനുകളുടെ ബിരിയാണി കഴിച്ചവർ ഏറെയുണ്ടാകും. പക്ഷെ ഇത്ര മാത്രം ചെറുതായ ഒരു മീൻ കൊണ്ട് എങ്ങനെയാണ് ബിരിയാണിയുണ്ടാക്കി കഴിക്കുകയെന്നത് പലർക്കും മൂക്കത്ത് വിരൽ വെയ്ക്കാൻ തന്നെ കാരണമായേക്കാം.  

വേറെന്തൊക്കെ ബിരിയാണിയുണ്ട്. ബിരിയാണിയുണ്ടാക്കാനുള്ള വകയില്ലാത്തയാളാണെങ്കിൽ വല്ല കല്യാണ ഹാളിലും ചെന്ന് പറ്റാൻ നോക്ക്യാ പോരെ. മൂക്ക് മുട്ടെ തിന്ന് ഒരു ഘമണ്ടൻ ഏമ്പക്കവും വിട്ടു സ്കൂട്ടാവാമല്ലോ. അല്ലാതെ ചുമ്മാ വന്നിരുന്ന് അതുമിതും പറഞ്ഞ് സമയം മെനക്കെടുത്താൻ എന്തിനാ ചേട്ടാ വെറുതെ എന്നൊക്കെ പറയുന്നവരായിരിക്കും ഒരു പക്ഷേ നിങ്ങൾ. എന്നാൽ ഇങ്ങനെയൊന്നും ചിന്തിക്കാത്തവരും ഉണ്ടാവുമല്ലോ, അവർക്ക് മാത്രമായിട്ടാണ് തുടർന്നുള്ള ഭാഗം. 

അതേ, അയ്യേ എന്ന് തലകൂവി പറയാത്തവർക്കായി, അവരിൽ ഒരു തുള്ളി കൗതുകം ഉളവാക്കാൻ, ഞങ്ങളുടെ കൊഴുവ ബിരിയാണിയുടെ പാചക കഥ അവരുമായി പങ്കുവയ്ക്കുകയാണ്.

ഞങ്ങളുടെ വീട്ടിൽ പാചക കാര്യത്തിൽ ഒരു മൗലിക തത്വമുണ്ട്. നല്ല ശുദ്ധമായ വെളിച്ചെണ്ണ ചേർത്തുണ്ടാക്കുന്ന മുഴുവൻ കറികളെയും ആകാശഗംഗയുടെ വഴിയിൽ നയിക്കാൻ പോന്നവളാണ് എന്റെ ഭാര്യ. എന്ന് വെച്ചാൽ രുചിയിൽ അവളുടെ പാചകത്തിനോട് കിടപിടിക്കാൻ സാക്ഷാൽ നളൻ തന്നെ പോർവിളി നടത്താനെത്തിയാലും രക്ഷപ്പെടാൻ പോകുന്നില്ലെന്ന് സാരം. മുട്ടയും ഇറച്ചിയും വലിയ മീനുകളും  അവളുടെ ലോകത്തേക്ക് വന്നാൽ ഒരു ‘no entry zone’ ബോർഡ് കണ്ട് തിരിച്ചു പോവുകയേ മാർഗ്ഗമുള്ളു.  എന്ന് വെച്ചാൽ അവയൊക്കെയും  അവൾക്ക് പൂർണ്ണ വർജ്ജ്യം തന്നെ. പക്ഷേ, ചെറു വക മത്സ്യങ്ങൾ കണ്ടാൽ exceptional visa കിട്ടിയ സഞ്ചാരികളെ പോലെയാണ് അവളുടെ മനം. അന്നത്തെ ആഹ്ലാദം മൂന്ന് ദിവസത്തേക്കെങ്കിലും ഹൃദയത്തിൽ നിറയും. അതിൻ്റെ പ്രസരിപ്പത്രയും ഒരാഴ്ചയോളം മുഖത്തുമുണ്ടാവും. 

കുടുംബ ജീവിതത്തിൻ്റെ തുടക്കത്തിൽ ഭാര്യയുടെ ഇത്തരം ഭക്ഷണശീലങ്ങൾ എന്നെ പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്. അവൾ പൂർണമായും സസ്യാഹാരിയല്ല, പക്ഷേ, ഇറച്ചിയോ മുട്ടയോ കണ്ടാൽ മൂക്കു മൂടിയിട്ട് ഓടും. മത്സ്യം മാത്രം കഴിക്കും, അതും കൊഴുവ , മുള്ളൻ, വേളൂരി പോലുള്ള ചെറിയ  മീനുകളെ മാത്രം. 

സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുമ്പോൾ എന്റെ കണ്ണുകൾക്ക് വിരുന്നൊരുക്കുന്നത് വിവിധ ഇറച്ചികൾ കൊണ്ടും വലിയ മീനുകൾ കൊണ്ടുമുള്ള ഭക്ഷണങ്ങളാണ്. ഞാൻ ഭാര്യയെ നോക്കി പറയും, 'നിനക്ക്  ഒരു ദിവസം ഞാൻ  കൊഴുവ ബിരിയാണി ഉണ്ടാക്കി തരുന്നുണ്ട്, അതൊരു വെറൈറ്റി ആയിരിക്കൂല്ലേ' എന്ന്. അപ്പോഴൊക്കെ അവൾ ചിരിക്കും.

മഴക്കാലത്താണ് വേളൂരി , കൊഴുവ മുള്ളൻ എന്നീ തരം അവളുടെ പ്രിയപ്പെട്ട മത്സ്യങ്ങളുടെ ചാകരക്കാലം. ഇവിടെ ദുബായിൽ കിട്ടാറുള്ള കൊഴുവ/നത്തോലി അല്പം വലുതും രുചിയിൽ നാടൻ കൊഴുവയുടെ നാലയലത്ത് എത്താത്തതുമാണ് എന്നാണ് അവളുടെ കണ്ടെത്തൽ. അതിനാൽ കൊഴുവ/ വേളൂരിക്കാലത്താണ് നാട്ടിലെത്താൻ അവൾക്ക് പ്രിയം. 

ഇങ്ങനെയൊക്കെയാണെങ്കിലും എനിക്ക് വേണ്ടുന്ന വലിയ മീനുകളും അവൾ നല്ല രീതിയിൽ പാകം ചെയ്തു തരാറുണ്ട് . പക്ഷെ, അതിൻ്റെ ഉപ്പും പുളിയും നോക്കാൻ ഞാൻ തന്നെ എത്തണമെന്ന് മാത്രം. പോകെപ്പോകെ അത് രുചിച്ചു നോക്കാതെ തന്നെ ഞാൻ വിളിച്ചു പറയും , ങ്ഹാ എല്ലാം കറക്റ്റാണ് ന്നേ. അത് നോക്ക്യാലും ഇല്ലെങ്കിലും കറക്റ്റ് തന്നെ ആയിരിക്കും എന്നുറപ്പാണ്.

"ഇന്നൊരു കൊഴുവ ബിരിയാണി വെച്ചാലോ, എന്തെങ്കിലും വെറൈറ്റി വേണ്ടേ!" രാവിലെ ബ്രേക്ഫാസ്റ്റിനായിരിക്കുമ്പോൾ ഒരു തമാശയായിട്ടാണ് ഞാനിത് ആവർത്തിച്ചത്. 

ഇന്ന് നമ്മുടെ മിക്കവാറും വീടുകളിലെന്ന പോലെ സീനിയർ സിറ്റിസൺസായ രണ്ട് പേർ മാത്രമുള്ള വീടാണ് ഞങ്ങളുടേതും. ടി.വി. മൊബൈൽ, പുസ്തക/പത്ര വായനകൾ, കുക്കിംഗ്, ഔട്ടിംഗ്, ഉറക്കം എന്നിവയൊഴിച്ചുള്ള എല്ലാ ദിവസങ്ങളിലെയും ഭക്ഷണസമയങ്ങളിൽ ഞങ്ങളല്പം തമാശ കലർന്ന പരദൂഷണങ്ങളിൽ ഏർപ്പെടാറുണ്ട്. ശരിക്കും ദൂഷണം എന്ന് പറയാൻ തക്ക വിധം ദുഷിപ്പൊന്നും അതിൽ കലരാറില്ലെങ്കിലും പൊതുവായി അതൊക്കെയും ആ ഗണത്തിലാണ് ഉൾപ്പെടുകയെന്നതിനാൽ അങ്ങനെ പറഞ്ഞെന്നേയുള്ളു. 

ആരെപ്പറ്റിയും ദുഷിപ്പ് പറയലല്ല ഹോബി. ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നേരം അതിനൊരു പഞ്ച് കിട്ടാനായി മാത്രമുള്ള ചെറുവക ചിരിവകകൾ . ഇനി അബദ്ധവശാൽ കറികൾക്ക് അല്പം ഉപ്പ് കൂടിപ്പോയാലോ മസാലകൾ ശരിക്കും ചേർന്നിട്ടില്ലെങ്കിലോ പോലും അതൊക്കെയും ഈ തമാശ ദൂഷണങ്ങൾ ചേർന്ന് വരുമ്പോൾ സമാസമമാകും.  അല്പം പൊസിറ്റീവ് എനർജിയും ആ ചിരികളിലൂടെ വന്നെത്തും. പൊതുവായി ആൾക്കാർ ഏർപ്പെടാറുള്ള ഒന്നായതിനാൽ   വേണമെങ്കിൽ ശ്രമിച്ചു നോക്കിക്കോ എന്നാരോടും പറയാനുദ്ദേശമില്ല. എങ്കിലും ഞങ്ങളുടേതായ ചില മാതൃകകൾ പറഞ്ഞു തരാം.

ഒന്നാം മാതൃക:

ഒരിക്കൽ അടുത്തുള്ള ഒരു ബന്ധു സ്ത്രീ ഞങ്ങളെ കാണാനായി വന്നപ്പോൾ സംസാരമദ്ധ്യേ ഇതേ വിഷയം തന്നെ വന്നു പെട്ടു. ഉടനടി അവരുടെ പ്രതികരണമുണ്ടായി. " ഏയ് അതൊന്നും ശരിയല്ലാട്ടാ ,  നിങ്ങളങ്ങനെ ചെയ്യണ് ണ്ടെങ്കി അത് ഭയങ്കര തെറ്റാ. പടച്ചോൻ പൊറ്ക്കാത്ത കാര്യങ്ങളാ അതൊക്കേം . ഞങ്ങളങ്ങനെ ഒരാളെപ്പറ്റിയും ഒരു നേരത്തും സംസാരിക്കേ ല്ല. ഭക്ഷണനേരത്ത് പ്രത്യേകിച്ച് . ഒന്നാമത് അതൊക്കെ പറഞ്ഞ് ചിരിച്ചാൽ തെര്പ്പേല് പോകുലേ."

" അത് വെറുതെ " , ഞാൻ പറഞ്ഞു.  "ആർക്കും ദോഷമുണ്ടാക്കാത്ത തരത്തിൽ ആരെയെങ്കിലുമൊക്കെ പറ്റി തമാശ കലർന്ന കാര്യങ്ങൾ പറയാത്തവരായി ഈ ഭൂമി മലയാളത്തിൽ ആരും തന്നെ ഉണ്ടാവില്ല. ശരിക്കും അതൊരു പരദൂഷണമല്ലല്ലോ, ഒരു നേരമ്പോക്ക്. അത് കൊണ്ട് ഞങ്ങള് പറയാറില്ലെന്നൊന്നും ചുമ്മാ പറഞ്ഞൊഴിയല്ലേ."

"അല്ല, തെര്പ്പേല് പോവൂലേ " എന്നായി അവർ.

അപ്പോ തെര്പ്പയാണ് പ്രശ്നം. 

ഈ തെര്പ്പ എന്ന് പറയുന്നത് ഒരു പ്രാദേശിക ഭാഷാപ്രയോഗമാകാം. തലച്ചോർ എന്ന് പറയുന്നതാണ് സാധനം. ചോറ് തിന്നോണ്ടിരിക്കുമ്പോൾ തമാശ ദൂഷണം പറഞ്ഞ് ചിരിച്ച് അതിലൊരു വറ്റ് തലച്ചോറിലെത്തി കഴിഞ്ഞാൽ ആ ചോറ് ഈ ചോറിനെ സ്വീകരിച്ചാനയിക്കില്ല. പകരം ചിലപ്പോൾ മരണം വരെ സംഭവിച്ചുവെന്ന് വരാം. അത് പേടിച്ചാണ് ആ സ്ത്രീ അങ്ങനെ പറഞ്ഞതെന്ന് ഉറപ്പ്..അല്ലാതെ സാംസ്കാരിക ബോധം ഏറിയത് കൊണ്ടൊന്നുമല്ല അത്.

ഇനി വേറൊന്ന് കൂടി.

കുറെ വർഷങ്ങൾക്ക് മുമ്പാണ്. ഭാര്യക്കും മോൾക്കും ഹജ്ജിന് പോകണമെന്നുള്ള ഒരേയൊരു നിർബ്ബന്ധം.  ആവശ്യം നിരന്തരമായപ്പോൾ അവിടത്തെ തിക്കും തിരക്കും അതുണ്ടാക്കുന്ന ശാരീരിക ബുദ്ധിമുട്ടുകളും  ഒക്കെ ഓർത്ത് ഞാൻ ബേജാറായി. പതിയെപ്പതിയെ ഞാനത് ഉംറയെന്ന മിനി ഹജ്ജിലേക്ക് വെട്ടിച്ചുരുക്കി. അതിനെപ്പറ്റി ഭാര്യ അവളുടെ അടുത്തൊരു സുഹൃത്തുമായി സംസാരിച്ചപ്പോൾ അവരുടെ ചോദ്യം, ഫ്ലൈറ്റിലാണോ ബസ്സിലാണോ പോകുന്നതെന്നായിരുന്നു. 

ഫ്ലൈറ്റിലാണെന്ന് പറഞ്ഞപ്പോൾ അവരുടെ മുഖമൊന്ന് മങ്ങി. എന്നിട്ട് പറഞ്ഞു. അതേയ് നിങ്ങ ബസ്സീ പോയാ മതിന്നാ എൻ്റെ ഒരിത്. ഫ്ലൈറ്റ് ടപ്പേന്ന് അവിടെ എത്തൂലെ. ബസ്സിലാവുമ്പോ കുറെ ബുദ്ധിമുട്ടിയുള്ള യാത്രയല്ലെ, അതിന് പടച്ചോൻ്റെന്ന് കൂലി കൂടുതൽ കിട്ടും. ഫ്ലൈറ്റിൽ പോയി ഉംറ ചെയ്താലും കൂലിയൊക്കെ കിട്ടും. പക്ഷെ അത് കുറവായിരിക്കും.  അതെന്താ അങ്ങനെ എന്ന ചോദ്യത്തിന് ബസ്സ് യാത്ര ഇത്തിരി ദുഷ്കരമല്ലേ അത് കുലുങ്ങിക്കുലുങ്ങി അവിടെ എത്തുമ്പോ നമ്മളതും സഹിച്ചല്ലേ സദ്കർമ്മം ചെയ്യാൻ പോണത്. അത് വെല്യൊരു ത്യാഗല്ലേ. അത് പടച്ചോൻ കാണും അപ്പോ കൂലി കൂട്ടും എന്നായിരുന്നു അവരുടെ ഉത്തരം. എത്ര ശതമാനം കൂടുതൽ ഉണ്ടാവുമെന്ന് അവർ പറയാഞ്ഞതിനാൽ ഞങ്ങൾ വെട്ടിലായി എന്ന് കരുതിയായിരിക്കും അവർ തിരിച്ചു പോയിട്ടുണ്ടാവുക. 

ശരിക്കും ഈ കക്ഷിയും ഭർത്താവും കാശ് ലാഭിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ ബസ്സിലാണ്  മുമ്പൊരിക്കൽ ഉംറക്ക് പോയതെന്ന് പലർക്കും അറിയാം. ദുഷ്കരമെന്ന് അവർ തന്നെ സമ്മതിച്ച  ആ യാത്രയിൽ അവർ തീർത്തും അവശരായി എന്ന് പിന്നീടൊരിക്കൽ അറിയാതെ തന്നെ അവരിൽ നിന്നും കേൾക്കാനിടയായിട്ടുമുണ്ട്. അപ്പോൾ പടച്ചോൻ്റെന്ന് കിട്ടാനിടയുള്ള എക്സ്ട്രാ കൂലിക്ക് വേണ്ടിയല്ല മൂപ്പത്തിയാര് ഞങ്ങൾക്ക് ബസ്സ് സജസ്റ്റ് ചെയ്തതെന്ന് ചുരുക്കം. പകരം, ഇവരും ബസ്സിൽ പോയി അവശരായി, ഒരു മാസം ഉഴിച്ചില് നടത്തിയാലും മാറാത്ത നടുവേദനയുമായി തന്നെ വരട്ടെ എന്ന ഒറ്റ ഉദ്ദേശം തന്നെയായിരുന്നു പടച്ചോൻ്റെ കൂലിയെന്ന പ്രലോഭനത്തിന് പിറകിലുണ്ടായിരുന്നതെന്ന് ഉറപ്പ്. 

അവരുടെ ഭർത്താവിന് നല്ല ജോലിയൊക്കെ ആയതിന് ശേഷം രണ്ട് തവണ കൂടി അവർ ഉംറക്ക് പോയത് ഫ്ലൈറ്റിലായിരുന്നു എന്നതും ഞങ്ങൾക്കറിയാം. ഇത്തരം കാര്യങ്ങൾ പറയലാണ് ഞങ്ങൾടെ ഭക്ഷണ സമയത്തെ വിനോദങ്ങൾ. അത് പറഞ്ഞ് ചിരിച്ചത് കൊണ്ട് ഞങ്ങൾക്കത് ഒരു നേരമ്പോക്കും അവർക്ക് ദോഷമൊട്ടില്ലതാനും.

"എന്നാപ്പിന്നെ നമുക്ക് കൊഴുവ ബിരിയാണി ഒന്ന് ട്രൈ ചെയ്യാല്ലേ " പങ്കാളിയുടെ ചോദ്യമാണ്.

അങ്ങനെയാണ് ഞങ്ങൾ ഫിഷ്‌വെണ്ടറുടെ സ്റ്റാളിൽ എത്തിയത്. 

അവിടെയുള്ള വലിയ മീനുകൾ ഞങ്ങളെ കണ്ടപ്പോൾ തന്നെ ചുണ്ടു കോട്ടി കൊഞ്ഞനം കാട്ടി. ങ്ഹാ വന്നിട്ടുണ്ട് നമ്മളെ തിരിഞ്ഞു നോക്കാത്ത ടീംസ് . ഇവരൊന്നും Youtube ലെ Foodie വീഡിയോകളൊന്നും കാണാത്തവരാണോ . അവിടെ സ്റ്റാളിൽ നീണ്ടു നിവർന്നു കിടന്ന നെയ്മീൻ ചിന്തിച്ചതങ്ങനെയാവാം. അരക്കിലോ വരുന്ന ഒരൊറ്റ പീസ് മീനെടുത്ത് ക്യാമറക്ക് നേരെ കാട്ടി വായിലേക്ക് തള്ളി കേറ്റി ചവച്ചരക്കുന്ന Food വ്ലോഗർമാരെയൊന്നും ഇവർ കാണാറില്ലെന്നോ ! ദേ ഇപ്പോൾ തിരിയും കൊഴുവയുടെ നേരെ. എന്തുണ്ടായിട്ടെന്താ തീറ്റ ഭാഗ്യമില്ലാത്ത കൂട്ടര് .

നെയ്മീൻ്റെ ആത്മഗതം ഇത്തിരി ഉച്ചത്തിലായപ്പോൾ അടുത്ത് കിടന്ന ആവോലിക്കൂട്ടങ്ങളും അത് ശരി തന്നെ എന്ന മട്ടിൽ ഞങ്ങളെ പുച്ഛത്തോടെ നോക്കി. ഞാനല്പം കുനിഞ്ഞ് നിന്ന് നെയ്മീൻ്റെ ചെകിളയൊന്ന് പൊക്കിപ്പിടിച്ച് കൊണ്ട്, എൻ്റെ നെയ്മീൻ മൊഞ്ചത്തീ, നിന്നെ ഇടക്കൊക്കെ കൊണ്ട് പോകാറില്ലേ, ഇന്ന് വാങ്ങുന്നില്ലെങ്കിലും ഇടക്കൊക്കെ ഇനിയും വാങ്ങിച്ചോളാം അതുമിതും പറഞ്ഞു നാറ്റിക്കരുത് പ്ലീസ് എന്ന് പറഞ്ഞു. തിരിഞ്ഞ് ആവോലികളെയും നോക്കി ഒന്നു ചിരിച്ചു. പരിഹാസം നിറുത്തിയെങ്കിലും ആ മീനുകളൊന്നും തന്നെ ഞങ്ങളെ മൈൻഡു ചെയ്യാതെ മുഖം കോട്ടിത്തന്നെ കിടന്നു. ശേഷം ഞങ്ങളുടെ അടുത്ത് നില്ക്കുന്നവരെ നോക്കി ചിരിക്കുന്നതും കണ്ടു. ഞങ്ങളപ്പോൾ ആ മീൻ കൂട്ടങ്ങൾക്ക് മേലെ കിടക്കുന്ന ഐസ് കഷ്ണങ്ങളേക്കാൾ വേഗത്തിൽ ഉരുകാൻ തുടങ്ങി.


എന്നാൽ ഭാര്യയുടെ പ്രിയപ്പെട്ട കൊഴുവക്കൂട്ടമാകട്ടെ, ഇത്തിരി കഴിഞ്ഞാൽ മുളകിട്ട കറിയായും ഫ്രൈ പാനിൽ കിടന്ന് എണ്ണയിൽ മൊരിഞ്ഞും നമുക്ക് സായൂജ്യമടയാമല്ലോ എന്നോർത്ത് ആർത്തുചിരിച്ചു കൊണ്ടൊന്നിളകിയാടി.  

ഫിഷ് വെണ്ടർ ഒരു നല്ല ചിരി തന്നെ തന്നു, 

അര കിലോ പോരേ? അയാൾ ചോദിച്ചു.  ഇക്കാലത്തെ yoyo ജനറേഷൻ കാണിക്കാറുള്ള വിക്റ്ററി സൈൻ പോലെ ചൂണ്ടാണി വിരലും നടുവിരലും ഉയർത്തി ക്കാട്ടി വെണ്ടറോട് ഞാനൊരു ചിരി പാസ്സാക്കി.രണ്ട് കിലോയെന്ന് മനസ്സിലായപ്പോൾ അയാൾ അത്ഭുതം കൂറി.

“ രണ്ട് കിലോയോ, ഹൊ! ഇതാദ്യമായിട്ടാണ് രണ്ട് കിലോ കൊഴുവ ഒന്നിച്ചൊരാൾ വാങ്ങുന്നത്. എന്താ പരിപാടി  അച്ചാറിടാനാണോ? " 

അയാളോട് കാര്യം വിശദമാക്കാനൊന്നും നിന്നില്ല.

80 രൂപക്ക് 2 കിലോ കൊഴുവ വാങ്ങി. അപ്പോഴാണ് ഞങ്ങൾക്ക് മനസിലായത് ഈ കൊഴുവയെന്നത് ‘small but mighty’ എന്ന് മാത്രമല്ല, ഇത് നന്നാക്കിയെടുക്കുക എന്നത് ഒരു Herculean Task തന്നെയാണെന്നും. Really it is mighty & painful”.  ഞങ്ങളുടെ സമാധാനം കെടുത്താൻ സ്വയം സൃഷ്ടിച്ച തീരുമാനത്തെയോർത്ത് ഞങ്ങൾ ഒന്നിച്ച് നെടുവീർപ്പിട്ടു. 

ഫിഷ്‌വെണ്ടറോട്  ചെറുതായി ചിരിച്ചു കൊണ്ട് "ഒന്ന് ക്ലീൻ ചെയ്തുതരാമോ?" എന്ന് ചോദിച്ചു. അതിനെന്താ, ചെയ്യാല്ലോ. രണ്ട് കിലോയല്ലെ 200 രൂപയാവൂട്ടാ," അയാൾ പറഞ്ഞു.

ക്ലീൻ ചെയ്ത് തരും എന്നു കേട്ടപ്പോൾ ഞങ്ങളുടെ തലയിലെ കണക്റ്റർ തന്നെ ഉഷാറായി. എങ്കിലുമോർത്തു. കൊള്ളാമല്ലോ. 80 രൂപയുടെ കൊഴുവ ഞങ്ങളുടെ വായിലെത്തുന്നതിന് മുൻപേ അതിന്റെ മാത്രം ചെലവ് 280 രൂപ.

ഞങ്ങളുടെ കൊഴുവ ബിരിയാണിയുടെ കഥ ശരിക്കും ഇവിടെ തുടങ്ങുന്നതേയുള്ളു. അരമണിക്കൂറിനുള്ളിൽ ഫിഷ് വെണ്ടർ കൊഴുവ മുഴുവൻ ക്ലീൻ ചെയ്ത് തന്നു. ഞങ്ങൾ അതുമായി വീട്ടിൽ എത്തുമ്പോൾ അയൽക്കാരൻ രാമേട്ടൻ അയാളുടെ ഗേറ്റിനരികിൽ ഞങ്ങളെ കാത്തു നില്ക്കുന്ന പോലെ. 

ആദ്യ പ്രതികരണം അയാളുടേതായിരുന്നു.

"അഹ്ഹ , കൊഴുവ വാങ്ങിയല്ലേ?" 

"അതെ, എങ്ങനെ മനസ്സിലായി," 

ഞങ്ങൾ ആശ്ചര്യത്തോടെ ചോദിച്ചു.

" അല്ല,നിങ്ങളതല്ലേ വാങ്ങാറുള്ളു ".

" അത് വെറുതെ രാമേട്ടാ, ഞങ്ങളിടക്കിടെ വല്യ മീനുകളും വാങ്ങാറുണ്ട്ട്ടാ " , ഞാൻ പറഞ്ഞു.

 " ആട്ടെ, എന്താണിന്നത്തെ പുതുമയാർന്ന പാചക പരിപാടിയാവോ ?" രാമേട്ടൻ ചോദിച്ചു..

ഇതെന്താണ് അയാൾ അങ്ങനെ ചോദിക്കാൻ. കൊഴുവ പോലുള്ള ചെറിയ മീൻ കൊണ്ട് എന്തുട്ട് പാചക പരിപാടിയാണ് ഇയാൾ ഉദ്ദേശിക്കുന്നതാവോ? പക്ഷെ, ഒരു മെൻ്റലിസ്റ്റായ അയാൾ ഇതിനകം ഞങ്ങളുടെ മൈൻഡ് റീഡ് ചെയ്തു കഴിഞ്ഞോ എന്ന് ഞാൻ സംശയിച്ചു.  അയാളോട് ഒന്നും മറച്ചു വെക്കാൻ പറ്റില്ലല്ലോ എന്നോർത്ത് ഞങ്ങൾ അങ്ങനെ നിന്നു.

 "ബിരിയാണി വെക്കാനാണ്!" ഞങ്ങൾ കോറസ്സായി പറഞ്ഞു.

ഇപ്പോളത് കേട്ട് അയാളാണ് ഞെട്ടിയത്. "കളിയാക്കല്ലേ", അയാൾ പറഞ്ഞു. 

ഞങ്ങൾക്കറിയാമായിരുന്നു, അത് കേട്ട് അയാൾ നിശബ്ദനായി ഇരിക്കില്ലെന്ന്. അയാൾ ഒച്ചയിട്ട് ചിരിക്കാൻ തുടങ്ങി.

അയാളുടെ വലിയ ചിരി കേട്ട് അയൽക്കാർ മുഴുവൻ കൂടി. " കൊഴുവ ബിരിയാണി?" എല്ലാവരും ആർത്തു വിളിച്ചു.

കൂടുതൽ നേരം അവിടെ നില്ക്കാതെ ഞങ്ങൾ വീട്ടിലേക്ക് കേറി.

അങ്ങനെ എല്ലാ ബുദ്ധിമുട്ടുകളും മറന്ന്, ഞങ്ങൾ കൊഴുവബിരിയാണി ഉണ്ടാക്കാൻ തുടങ്ങി. അതുണ്ടാക്കുന്ന സമയത്ത്, ഭാര്യ ഇടക്കിടെ "ഹൗ എന്താ smell എന്ന് പറഞ്ഞു കൊണ്ടിരുന്നു. അവളുടെ കൊതി തട്ടി ബിരിയാണി അലങ്കോലമാകണ്ടല്ലോന്ന് കരുതി ഞാൻ പറഞ്ഞു, "നമ്മുടെ സ്പെഷ്യൽ കൊഴുവ ബിരിയാണിയല്ലേ നീയൊന്ന് ടേസ്റ്റ് ചെയ്ത് നോക്ക്!" അപ്പോൾ അവൾ, " എന്നാ ഞാനൊന്ന് ടേസ്റ്റ് ചെയ്ത് നോക്കാ ല്ലേ ? എന്ന് ചോദിച്ചു. ഞാൻ കുറച്ച് എടുത്ത് അവൾക്ക് കൊടുത്തു. അവൾ അത് കഴിച്ച ശേഷം, " ൻ്റെ ബദ് രീങ്ങളേ ഇത് സൂപ്പറാണ് ട്ടാ എന്നായി.

അങ്ങനെ കൊഴുവ ബിരിയാണി വീട്ടിലെ അടുപ്പിൽ റെഡിയായിരിക്കെ തന്നെ ഞങ്ങളുടെ ലൈഫ് ഒരു “ടേസ്റ്റി ടേൺ” എടുക്കുകയായിരുന്നു. ബിരിയാണിയുടെ കുക്കർ വിശപ്പ് കൂട്ടി കൊണ്ടിരിക്കുമ്പോൾ രാമേട്ടൻ വീണ്ടും പ്രത്യക്ഷനായിരിക്കുന്നു.

" പറഞ്ഞത് നേരാണല്ലേ, അതാണിവിടെയൊരു സ്പെഷ്യൽ മണം?" രാമേട്ടൻ അകത്തേക്ക് കയറി വന്നു.

“ബിരിയാണി വെക്കാണ് ന്ന്!” ഞങ്ങൾ ഒരു സ്വർഗ്ഗീയ ആലാപനത്തോടെ മറുപടിയോതി .

" ശരിക്കും!!" രാമേട്ടൻ ചോദിച്ചു. 

" അതേന്ന്, കൊഴുവ ബിരിയാണി!” ഞങ്ങൾ അഭിമാനമാർന്ന ശബ്ദത്തിൽ വീണ്ടും പറഞ്ഞു.

“അയ്യോ... കൊഴുവ കൊണ്ടോ?” അയാൾ ഒരു  പപ്പടവട പൊട്ടുന്ന ശബ്ദത്തിൽ ചിരിച്ചു.

അതിനിടയിൽ പാചകത്തെ നിയന്ത്രിച്ച്, ഭാര്യ പാത്രത്തിലേക്ക് ഒരിക്കൽ കൂടി കണ്ണ് വീശിക്കൊണ്ട് പറഞ്ഞു: “ഇതൊരു പരീക്ഷണമാണ് രാമേട്ടാ, വിജയിക്ക്വോന്ന് നോക്കാലോ "

മിനുസമാർന്ന  ബസ്മതി ചോറിന്റെയും വറുത്തെടുത്ത കൊഴുവയുടെയും സുഗന്ധം എല്ലാവരെയും ആകർഷിക്കുന്ന വിധത്തിൽ അയൽപക്കങ്ങളിലേക്കും സംക്രമിച്ചു. എന്റെ ഭാര്യയുടെ മുഖം അഭിമാനപൂരിതമായി തിളങ്ങാൻ തുടങ്ങി. 

അന്ന് ഞങ്ങളുടെ വീട്ടിൽ അസാധാരണമായൊരു തിരക്കായിരുന്നു. കൊഴുവ ബിരിയാണിയുടെ മണവും, അതിനെ പറ്റി അയൽക്കാർ തമ്മിലുള്ള ചർച്ചയും കലർന്നൊരു ആരവം തന്നെ! "ആഹാ, കൊഴുവ ബിരിയാണി!!" രാമേട്ടൻ മുഖത്ത് ഭാവങ്ങൾ മാറ്റിമറിച്ച് പറഞ്ഞു കൊണ്ടിരുന്നു. 

ഇത്രയുമായപ്പോൾ അയൽവീടുകളിലെ പെണ്ണങ്ങളും കുട്ടികളും കൂടി ഞങ്ങളുടെ വീട്ടിലേക്ക് വന്നു  തുടങ്ങി: “എന്തൊരു സ്മെല്ല്.... എവിടെയോ ഒരു നല്ല മീൻ എണ്ണയിൽ കിടന്ന് തിമിർക്കണ് ണ്ട്. അവരോരുത്തരും പരസ്പരം പറഞ്ഞു.

ആ സമയമത്രയും ഞങ്ങളുടെ അടുക്കളയിൽ  അതി സാഹസികമായി തന്നെ കൊഴുവയും ബസ്മതിയും മറ്റ് മസാലകളോട് ചേർന്ന് പ്രേമാതുരതയോടെ  കൂടിക്കലരുകയായിരുന്നു. ചോറിന്റെ സുഗന്ധത്തെ തോല്പിക്കാനായി മൊരിഞ്ഞ കൊഴുവ വലിയ സമ്മർദ്ദങ്ങളൊന്നും സൃഷ്ടിച്ചില്ലെന്നത് സത്യം; നേരെ മറിച്ചും.

അടുത്ത പതിനഞ്ച് മിനിറ്റിൽ കൊഴുവ ബിരിയാണിയുടെ പാത്രം ഞങ്ങൾ തുറന്നു. എൻ്റെ ഭാര്യക്ക് മാത്രമായി ഞാനുണ്ടാക്കിയതാണെങ്കിലും അയൽവാസികളോടൊത്തിരുന്ന് ഞങ്ങളത് സന്തോഷപൂർവ്വം പങ്കു വെച്ചു.

ഞാൻ കൈമാറിയ ആദ്യ ബിരിയാണി പാത്രം രാമേട്ടന്റെ കൈയിൽ എത്തുമ്പോൾ അയാൾ കുറച്ചു നേരം അതിൽ തന്നെ നോക്കി നിന്നു. പിന്നെ എൻ്റെ ഭാര്യയെ നോക്കി നന്ദി പറഞ്ഞു. ഒരു പിടി കഴിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

"അയ്യോ," 

രാമേട്ടൻ പൊട്ടിച്ചിരിച്ച് കൊണ്ട് തുടർന്നു, "എന്താ രുചി!  ഇത്ര നാളും നമ്മള് അറിയാതെ പോയ രുചിയിത് തന്നെ! അടിപൊളി! റെസിഡൻസ് അസോസിയേഷൻ്റെ അടുത്ത കൂടിച്ചേരലിന് നമ്മുടെ സ്പെഷ്യൽ ഐറ്റം ഇതന്നെ." എല്ലാവരും അത് ശരി വെച്ചതോടെ ഞങ്ങളുടെ വയറിനോടൊപ്പം മനസ്സും നിറഞ്ഞു.

മോറൽ: ചെറിയ മീനുകൾക്കും സ്വപ്‌നങ്ങളുണ്ട്, ബിരിയാണിയാക്കി കഴിക്കപ്പെടണമെന്നുള്ള അവറ്റകളുടെ വലിയ സ്വപ്നം! "ഒരിക്കലും അതിനെ ചെറുതായി കാണരുത്.   കൊഴുവകളും കൊഴുവ ബിരിയാണികളും അടുക്കളയിലെ വിസ്മയങ്ങളാണെന്ന് അത് കഴിക്കുമ്പോഴേ അറിയൂ!"🤤

Food bloggers beware, small fishes rule the kitchen as kings!

ഇനി ഇത്തരത്തിലൊന്ന് പരീക്ഷിക്കണമെന്നുള്ളവർക്കായി അതിൻ്റെ റെസിപ്പി കൂടി താഴെ ചേർക്കുന്നു.

ബസ്മതി റൈസ്: 1 കിലോ 

കൊഴുവ: ഒന്നര കിലോ ( 2 കിലോ ക്ലീൻ ചെയ്ത് കഴിഞ്ഞപ്പോൾ കിട്ടിയ തൂക്കം)

സവാള: 300 ഗ്രാം 

തക്കാളി:  150 ഗ്രാം 

ഇഞ്ചി വെളുത്തുള്ളി  ചതച്ചത്: 75 ഗ്രാം 

പച്ചമുളകു ചതച്ചത്:  50 ഗ്രാം 

സൺഫ്ലവർ ഓയിൽ: 50 മില്ലി 

നെയ്യ്:  70 മില്ലി 

ഉപ്പ്: ആവശ്യത്തിന് 

മല്ലിപൊടി: 20 ഗ്രാം 

പെരുംജീരകം പൊടി: 20 ഗ്രാം 

മഞ്ഞൾ പൊടി: 5 ഗ്രാം 

തൈര്:  50 മില്ലി 

മല്ലിയില: 10 ഗ്രാം 

പുതിനയില: 10 ഗ്രാം 

വെള്ളം: 1 1/2 ലിറ്റർ 

ഗരം മസാല പൊടി: 10 ഗ്രാം 

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 10 ഗ്രാം 

മുളകുപൊടി: 10 ഗ്രാം 

മൈദ: 10 ഗ്രാം 

ഗ്രാമ്പു: 10 എണ്ണം 

കറുകപട്ട: 2 എണ്ണം 

കുരുമുളക്: 5 ഗ്രാം 

ബൈലീഫ്:  2 എണ്ണം 

ഏലക്ക: 5 എണ്ണം 

പെരുംജീരകം: 5 ഗ്രാം 

മൈദ, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, ഉപ്പ് എന്നിവ യോജിപ്പിച്ച് കൊഴുവയെ മാരിനെറ്റ് ചെയ്ത് ഗ്രിൽ ചെയ്ത് മാറ്റിവയ്ക്കണം. 

ബിരിയാണി പാത്രത്തിൽ 50 മില്ലി സൺഫ്ലവർ ഓയിൽ ചൂടാക്കി പൊടിക്കാത്ത ഗരം മസാലകളും ഒരു സവാള അരിഞ്ഞതും ഇട്ട് ഇളക്കി ഒന്നര  ലിറ്റർ വെള്ളം ഒഴിച്ച് തിളപ്പിക്കുക. നന്നായി കഴുകി ഒരു മണിക്കൂർ കുതിർത്ത് വച്ച ബസ്മതി റൈസ് വെള്ളം ഊറ്റിയതിനു ശേഷം തിളച്ച വെള്ളത്തിലേക്ക് ഇട്ട് വേവിച്ചെടുക്കാം. 

വെള്ളം വറ്റി വരാറാകുമ്പോൾ അടച്ചു വച്ച് 5 മിനിറ്റ് കുക്ക് ചെയ്യാം. പിന്നീട് തീ ഓഫ്‌ ചെയ്ത് 30 മിനിറ്റ് അടച്ചും വയ്ക്കണം. വയറ്റിൽ വിശപ്പിൻ്റെ പെരുമ്പറ കൊട്ടുന്നുണ്ടെങ്കിലും ക്ഷമിക്കണം.  30 മിനിറ്റ് റൈസ് ആകുന്ന സമയം കൊണ്ട് ഉരുളിയിൽ 50 മില്ലി സൺഫ്ലവർ ഓയിൽ ഒഴിച്ച് കനംകുറച്ച് അരിഞ്ഞെടുത്ത 300 ഗ്രാം സവാള ഇട്ട് വരട്ടി എടുക്കുക.

‌സവാള വഴന്നു വരുമ്പോൾ ചതച്ച് വച്ച ഇഞ്ചിവെളുത്തുള്ളി, പച്ചമുളക് എന്നിവ ഇട്ട് നന്നായി ഇളക്കി അരിഞ്ഞ തക്കാളിയും പെരുംജീരകവും, മഞ്ഞൾപൊടിയും, മല്ലിപൊടിയും, ഉപ്പും ഇട്ട് നന്നായി ഇളക്കിയെടുക്കാം. ഫ്രൈ ചെയ്ത ഫിഷ് ഇട്ട് 5 മിനിറ്റ് ചെറിയ തീയിൽ കുക്ക് ചെയ്തെടുക്കാം. 

തൈരും, മല്ലിയിലയും പുതിനയിലയും ഇട്ട് നന്നായി മിക്സ്‌ ചെയ്ത്, ദം ചെയ്ത റൈസ് തുറന്ന് മസാലയുടെ മുകളിൽ ഇട്ട് റൈസിന് മുകളിൽ വറുത്ത കശുവണ്ടിയും മുന്തിരിങ്ങയും, ചെറുതായി അരിഞ്ഞ മല്ലിയിലയും, പുതിനയിലയും ചേർത്ത് കവർ ചെയ്ത് 20 മിനിറ്റ് ചെറുതീയിൽ ദം ചെയ്ത് എടുക്കാം. ചമ്മന്തി, നാരങ്ങ അച്ചാർ, സാലഡ് എന്നിവയുടെ കൂടെ രുചിയൂറും ബിരിയാണി വിളമ്പാം.

Share this story

Comments (0)

  • Be the first to write one.