31 December 2024 · 9 min read · അനുഭവം
ഓർമ്മകൾ
ഓർമ്മകൾ.
നിറയെ ഫലവൃക്ഷാദികൾ നിറഞ്ഞ ഒരു തൊടിയുടെ നടുവിലുള്ള സാമാന്യം വലുപ്പമുള്ള ഓല മേഞ്ഞ ഒരു വലിയ വീട്ടിലായിരുന്നു എന്റെ ജനനം. 1136 ഇടവം രണ്ട് ആണ് ആ ദിവസമെന്ന് പിൽക്കാലങ്ങളിൽ പലവുരു ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അകം പുറം ചുമരുകളെല്ലാം കരിവീട്ടിപ്പലകകൾ കൊണ്ട് തീർത്ത വീടിന്റെ മുൻവശം പടിഞ്ഞാറ് ദർശനമായിരുന്നു. അടുക്കള ഭാഗമൊഴികെ മൂന്ന് ഭാഗത്തും വീതിയേറിയ വരാന്തകൾ. കിഴക്ക് വശത്തുള്ള വരാന്തയുടെ ഒരു കോണിൽ കരിവീട്ടി കൊണ്ടുള്ള ചിത്രപ്പണികളാലലംകൃതമായ ഒരു പത്തായവും അതിനരികിലായി തട്ടിൻ പുറത്തേക്കുള്ള കോണിയും. വടക്കേ അകം, തെക്കേ അകം എന്നിങ്ങനെ വേർതിരിച്ചിട്ടുള്ള അഞ്ച് മുറികളും കിഴക്കേ അകത്ത് നിന്നും താഴേയുള്ള നിലവറയിലേക്കിറങ്ങാൻ ഒരു കോണിപ്പടിയും അതിനൊരു വാതിലും ഉണ്ടായിരുന്നു. നിലവറക്കത്ത് ഉപയോഗയോഗ്യമായ വസ്തുക്കൾ പൊതുവേ ഒന്നുമുണ്ടായിരുന്നില്ല എന്നാണോർമ്മ. ഇരുട്ട് നിറഞ്ഞ അതിനകത്ത് , ഇടക്കിടെ കുലച്ചു കിട്ടുന്ന വാഴക്കുലകളും സീസണനുസരിച്ചുള്ള മാങ്ങകളും പഴുക്കാനായി വെക്കാറുണ്ടായിരുന്നതിനാൽ അതിൽ പ്രവേശിച്ചു കഴിഞ്ഞാൽ ആരെയും ആകർഷിക്കുന്ന ഒരു മണം പ്രസരിച്ചു നില്ക്കുമായിരുന്നു. എങ്കിലും അങ്ങോട്ട് കടക്കാൻ ഞങ്ങൾ കുട്ടികൾക്ക് പൊതുവേ ഭയമായിരുന്നു. നരിച്ചീറുകളോ വവ്വാലുകളോ അതിനകത്ത് അവയുടേതായ ഒരു സാമ്രാജ്യം നിലനിറുത്തിപ്പോന്നിരുന്നു. ഞങ്ങൾക്ക് മുമ്പേ ഏതോ ജന്മി എല്ലാവിധ സുഖസൗകര്യങ്ങളോടെയും അവിടെ സസുഖം ജീവിച്ചിരുന്നതായി ചരിത്രരേഖകളുണ്ട്. അതിന്റെ പൂർവകാല സാന്നിദ്ധ്യങ്ങളായി വേണം മേൽ പറഞ്ഞ കാര്യങ്ങളെ കാണാൻ.
പടിയത്ത് ബാവാ ഹാജി എന്നൊരാളിൽ നിന്നും എന്റെ ബാപ്പാടെ ബാപ്പ വാങ്ങിയതായിരുന്നത്രെ ഈ വീട്. വെല്ലുപ്പ അദ്ദേഹത്തിൽ നിന്നും ഈ വീടിന്റെയും സ്ഥലത്തിന്റെയും തീറാധാരം കൈപ്പറ്റിയത് പതിറ്റാണ്ടുകൾക്ക് മുമ്പേ ആയിരുന്നെങ്കിലും പടിയത്തെ പറമ്പ് എന്ന പേര് പില്ക്കാലത്തും നിലനിന്നു.
പറമ്പാകെ മരങ്ങളാൽ നിറഞ്ഞിരുന്നതിനാൽ നട്ടുച്ചക്ക് പോലും വെയിലിന്റെ ഒരു ചെറുതരി പോലും അങ്ങോട്ട് എത്തി നോക്കുമായിരുന്നില്ല. പടിഞ്ഞാറേ വരാന്തയിൽ നിന്ന് നോക്കിയാൽ അതിരിലുള്ള ഭീമാകാരൻ അയനി മരവും അതിനപ്പുറത്തെ രണ്ട് കൊച്ച് പാടങ്ങളും പിന്നെ അക്കാലത്തെ പേടിസ്വപ്നമായിരുന്ന വിശാലമായ പള്ളിപ്പറമ്പുമായിരുന്നു. അയനി മരത്തിനടുത്തായി നിറയെ കായ്ച്ചു നില്ക്കുന്ന ഒരു മുരിങ്ങയും പിന്നെ തുടർന്നങ്ങോട്ട് നിരവധി ഇനം മാവുകളുമായിരുന്നു. മൽഗോവ, നീലം, കല്ലു ഞെട്ടി, തത്തമ്മച്ചുണ്ടൻ അങ്ങനെ നിരവധി ഇനങ്ങളിലുള്ള മാവുകൾ. എന്നാൽ എല്ലാവർക്കും അവകാശപ്പെടാനാകാത്ത ഒരു പ്രത്യേകയിനം മാവും ആ കൂട്ടത്തിലുണ്ടായിരുന്നു. അതാണ് നടശാല മാവ് . അതിന്റെ സ്ഥാനം കിഴക്കേ വരാന്തയോട് ചേർന്നുള്ള മുറ്റത്തിനോരം പറ്റിയായിരുന്നു. ഞങ്ങൾ കുട്ടികൾക്ക് ഏറെ പ്രിയങ്കരമായിരുന്നു ആ മാവും അത് നല്കുന്ന സ്വാദിഷ്ടമായ മാങ്ങകളും. ചെറിയ കുട്ടികൾക്ക് വരെ ഓടി ചാടി കേറി കളിക്കാൻ പാകത്തിൽ അതിന്റെ ശിഖരങ്ങളെല്ലാം ഭൂമിയുടെ പ്രതലത്തിനോട് ചേന്ന് പലയിടത്തേക്കുമായി പരന്ന് നിന്നിരുന്നു.
രണ്ടാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ഞങ്ങൾ ആ വീട് വിറ്റ് കുറെക്കൂടി തെക്ക് ഭാഗത്തേക്ക് മാറുന്നത്. ഞങ്ങളുടെ പഴയ തറവാടിരിക്കുന്ന തൊടിയും പരിസരങ്ങളും ഒരോർമ്മ മാത്രമാക്കി മാറ്റി അതിനേക്കാൾ കൂടുതൽ പറമ്പുണ്ടെങ്കിലും അതിനു നടുവിലായുള്ള ഒരു ചെറിയ വീട്ടിലേക്കാണ് ഞങ്ങൾ ചെന്നു കേറുന്നത്.പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിപ്പോകാൻ ചെറിയ ബുദ്ധിമുട്ടുണ്ടായെങ്കിലും പഴയ വീടിന്റെ പേടിപ്പെടുത്തുന്ന ഒരു പ്രാചീന രൂപവും ഭാവവും പുതിയ ഈ വീടിനുണ്ടായിരുന്നില്ല എന്നത് ഏറെ ആശ്വാസകരം തന്നെയായിരുന്നു.
പഴയ വീടിന് മാത്രമല്ല ഭീകരതയിറ്റുന്ന ഭാവമുണ്ടായിരുന്നത്. ആ പരിസരമെമ്പാടും മനസ്സിൽ പേടി കൂട് കൂട്ടുന്നതിന് പര്യാപ്തമായിരുന്നു. വൃക്ഷനിബിഡമായിരുന്നതിനാൽ സൂര്യ പ്രകാശം അധികം വന്ന് വീഴാത്ത തൊടിയും അതിന്നു നടുവിലെ കറുത്ത പലകകളാൽ തീർത്ത വീടും മൊത്തത്തിൽ അവിടമാകെ ഇരുൾ പരത്തിയിരുന്നുവെങ്കിൽ അതിനപ്പുറത്തെ തുറസ്സായ പള്ളിപ്പറമ്പ് പ്രദാനം ചെയ്യുന്ന കാഴ്ചകൾ അതിലേറെ ഭീതിദമായിരുന്നു. പള്ളിപ്പറമ്പിൽ നിറയെ വെളിച്ചം നിറഞ്ഞു നിന്നിരുന്നെങ്കിലും ഭയചകിതമായ ഒരു ശൂന്യത അവിടമാകെ വലയം ചെയ്തിരുന്നതായി തോന്നിച്ചിരുന്നു. വിദൂരതയിൽ നിന്നും അടിച്ചെത്തുന്ന കാറ്റ് ളുഹ്റിനും അസറിനും ഇടയിലുള്ള സമയങ്ങളിൽ ഒരു ചൂളം കുത്തു പോലെ പള്ളിപ്പറമ്പിലത്രയും ഒരു സീൽക്കാര ശബ്ദത്തോടെ കറങ്ങി നടന്നു. ഉച്ചമയക്കത്തിന്റെ ഇടവേളകളിൽ വിജനത മുറ്റി നില്ക്കുന്ന അവിടമത്രയും ജിന്നുകളും ഇഫ്രീത്തുകളും മേഞ്ഞു നടക്കുകയാണെന്നും അവരുണ്ടാക്കുന്ന ശബ്ദവീചികളാണ് ആ ചൂളങ്ങളെന്നും മുമ്പാരോ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. ഇശാ നിസ്കാരത്തിനു ശേഷം പള്ളിയടച്ച് മുക്രി റാന്തലുമായി വീട്ടിലേക്ക് പോരുന്നതോടെ പകലത്രയും പ്രൗഢിയോടെ നിലകൊണ്ട പള്ളിയുടെ രൂപം തന്നെ വേറൊന്നായി മാറുകയായി. ജിന്നുകളുടെയും ഇഫ്രീത്തുകളുടെയും കളികൾ വേറൊരു തലത്തിലേക്ക് മാറ്റപ്പെടുന്നതും ഈ സമയത്താണ്.വൈദ്യുതി വെളിച്ചം വന്ന് കേറാത്ത പള്ളിയുടെ ഭാഗമത്രയും ഇരുട്ട് കട്ടകുത്തി പള്ളിക്ക് ഒരു ദുർഗ്ഗത്തിന്റെ പോരിമ നല്കുന്നത് അവരുടെ കളികൾക്ക് ആവേശം കൂട്ടുമായിരുന്നു.(മുക്രി ഞങ്ങളുടെ അയൽവാസിയായിരുന്നതിനാൽ ഒഴിവുസമയങ്ങളിൽ കഥകളുടെ കെട്ടഴിച്ചു വിടുമായിരുന്നു. ജിന്നിനെ നേരിൽ കണ്ടിട്ടുള്ളതും കണ്ട കാര്യം മറ്റാരോടും പറയരുതെന്ന് ജിന്ന് ശട്ടം കെട്ടിയതും വിസ്തരിക്കുമായിരുന്നു അദ്ദേഹം ) .
കശുമാവുകൾ അതിരിടുന്ന പുരാതനമായ ആ പള്ളിപ്പറമ്പിന്റെ ഓരങ്ങളിൽ പശുവിനെ കെട്ടാനായി പോകുന്ന ഉമ്മായോടാപ്പം ഞാനും പലവട്ടം പോയിട്ടുണ്ട്. അപ്പോഴൊക്കെയും തകർന്നടിഞ്ഞ ഖബറുകളും ഉണങ്ങി പൊടിഞ്ഞു തുടങ്ങുന്ന പാമ്പിൻ പടങ്ങളും എന്നെ പേടിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു പൊട്ട ഖബറിലേക്ക് കാൽ വഴുതി കമഴ്ന്നടിച്ച് വീണിട്ടുമുണ്ട്. ഒരു പാട് രാത്രികളിൽ ദുസ്വപ്നമായി ആ കാഴ്ചകൾ എന്റെ ഉറക്കത്തെ അലോസരപ്പെടുത്തിയിട്ടുമുണ്ട്. എങ്കിലും വീണ്ടും ആ കാഴ്ചകൾ കാണാനായി ഉമ്മായോടാപ്പം ഞാൻ പോകുമായിരുന്നു. അത് കൂടാതെ പള്ളിപ്പറമ്പിനെ ചുറ്റി ഓർമ്മയിലെമ്പാടും ഭീതി പടർത്തി നിന്ന ദൃശ്യമായിരുന്നു ഖബറടക്കൽ.ഉച്ചത്തിലുള്ള മന്ത്രോച്ചാരണത്തോടെ ഒരു കൂട്ടമാളുകൾ പച്ചത്തുണി കൊണ്ട് മൂടിയ മയ്യത്ത് കട്ടിലും ചുമന്ന് കൊണ്ടു വരുന്ന കാഴ്ച പേടിപ്പെടുത്തുന്നതാണെങ്കിലും എനിക്ക് അടുത്ത് പോയി കാണൽ നിർബ്ബന്ധമായിരുന്നു. പക്ഷെ തുടർന്നുള്ള രാത്രികളിൽ മറ്റുള്ളവരെ കൂടി നിദ്രാവിഹീനരാക്കിക്കൊണ്ട് എന്റെ പേടി മനസ്സിൽ ചൂഴ്ന്ന് നില്ക്കാൻ അത്തരം കാഴ്ചകൾ പര്യാപ്തമാവുമായിരുന്നു.
ബാല്യത്തിൽ എനിക്ക് കളി കൂട്ടുകാരിയായി ഉണ്ടായിരുന്നത് നേരെ മൂത്ത സഹോദരി മാത്രമായിരുന്നു. പൊതുവേ പുരോഗമന സ്വഭാവം കാണിക്കുന്നയാളാണ് ബാപ്പയെങ്കിലും ഞങ്ങൾ കുട്ടികളുടെ കാര്യങ്ങളിൽ കടുത്ത യാഥാസ്ഥിതിക ചിന്താഗതിക്കാരനുമായിരുന്നു. പ്രത്യേകിച്ച് മതപരമായ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത വിധം കർക്കശക്കാരനുമായിരുന്നു അദ്ദേഹം. പള്ളിയോട് ചേർന്നുള്ള ഓത്തുപള്ളിയിൽ എന്റെ മൂന്നാം വയസ്സിലേ എന്നെ നടയിരുത്തി. അവിടെ ആരൊക്കെയായിരുന്നു കൂട്ടുകാരെന്നത് ഓർമ്മയിലവശേഷിക്കുന്നില്ല. എന്തായാലും ആത്മീയത തൊട്ടു തീണ്ടാത്ത, ജിന്നുകളെ പോലെ തോന്നിപ്പിക്കുന്ന കുറെ വെള്ള വസ്ത്രധാരികൾ അവിടെ അറബിയിൽ ഓരോന്ന് പഠിപ്പിക്കാൻ തുടങ്ങി. സ്വർഗ്ഗത്തിനവകാശികൾ മുസ്ലിങ്ങൾ മാത്രമാണെന്നും മറ്റുള്ളവരെല്ലാം കാഫിറുകളാണെന്നും അവർ നരകത്തീയിൽ വിറകായി തീരാനുള്ളവരാണെന്നും അവരുമായി കൂട്ടുകൂടരുതെന്നുമായിരുന്നു ആദ്യ നാളുകളിലെ പഠനം.
അന്തർമുഖത്വം എന്നിൽ വേരോടാൻ തുടങ്ങിയിരുന്നത് ഈ കാലത്ത് തന്നെയായിരിക്കണം. എനിക്ക് ശേഷം പിറവി കൊണ്ട എന്റെ അനുജന് ഞാനുമായി അഞ്ചു വർഷത്തെ ഇടവേളയുണ്ട്. ഈ കാലയളവിലൊന്നും തന്നെ വീട്ടിൽ ആരുടെയെങ്കിലും സ്നേഹമോ പരിലാളനയോ അനുഭവിക്കാൻ എനിക്കായിട്ടില്ല. ഉമ്മാനെയടക്കം ഞാനാരെയും കുറ്റപ്പെടുത്തുകയല്ല. അക്കാലത്തെ കുടുംബ സാഹചര്യങ്ങളിൽ അവർക്കതിന് കഴിയാഞ്ഞിട്ടായിരിക്കാം. എങ്കിലും സ്നേഹം കൊതിക്കുന്ന ഒരു കുഞ്ഞു മനസ്സിന്റെ വിഷമങ്ങൾ അല്പമെങ്കിലും മനസ്സിലാക്കേണ്ടതായിരുന്നില്ലേ അവരൊക്കെയും എന്ന് പില്ക്കാലത്ത് പലവട്ടം തോന്നിയിട്ടുണ്ട്.
ഒട്ടും സംഭവ ബഹുലമല്ലാതെ എന്റെ ജീവിതം തുടർന്ന് പോവുകയായിരുന്നു. ഓത്തുപള്ളിയിലെ തീർത്തും വിരസമായ മത പഠനത്തിനിടയിൽ തന്നെ അഞ്ചാം വയസ്സിൽ തൊട്ടടുത്തുള്ള സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർത്തു. ഓത്തു പള്ളിയിലെ പഠനവിഷയത്തിൽ കാര്യമായ മുന്നേറ്റമൊന്നുമില്ലാതെ നീങ്ങിക്കൊണ്ടിരുന്നു . മുസ്ലിമും കാഫിറും സ്വർഗ്ഗവും നരകവും തന്നെയായിരുന്നു അവിടെ എന്നും വിഷയം. ഒരു വാക്കിന്റെ അർത്ഥം പോലുമറിയാതെ വിശുദ്ധ ഗ്രന്ഥത്തിൽ നിന്നുള്ള ഈരടികൾ ശബ്ദ ബാഹുല്യത്തോടെ ഈണത്തിൽ പാടുക എന്നതായിരുന്നു പ്രധാന പഠനം.
ഉസ്താദിനെ സംബന്ധിച്ച് ഈ വായ്പാട്ട് സമയം ഇടവേളയാണ്. അയാൾ പണ്ടെങ്ങോ അലക്കി നീലം മുക്കിയ, അഴുക്ക് മഞ്ഞപ്പായി പടർന്നേറിയ കുപ്പായത്തിന്റെ ബട്ടണഴിച്ചിട്ട് നെഞ്ചിലെമ്പാടുമുള്ള ചുണങ്ങിനെ ചൂണ്ടാണിവിരൽ കൊണ്ട് തിരുമ്മി മാറ്റാൻ ശ്രമിച്ചു കൊണ്ടിരിക്കും. അല്ലെങ്കിൽ ആസനത്തിലുള്ള ചൊറി മാന്തിക്കൊണ്ട് അതിൽ നിന്നുൽഭൂതമാവുന്ന സുഖത്തിന്റെ ആഹ്ലാദത്തിൽ ക്ലാസ്സ് മുറിയിൽ അങ്ങിങ്ങായി നടക്കാൻ തുടങ്ങും. വിശേഷാൽ എന്തെങ്കിലും ഉണ്ടെന്ന് പറയുകയാണെങ്കിൽ കാഞ്ഞിരവടി കൊണ്ടുള്ള അച്ചാലും മുച്ചാലും ഉള്ള അടി മാത്രമായിരുന്നു.അക്കാലത്തെ ഉസ്താദുമാർ ഒരു കാര്യവുമില്ലാതെ കുട്ടികളെ അടിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നതായി തോന്നിയിട്ടുണ്ട്.
കാഫിറുകളെപ്പറ്റി വാ തോരാതെ നിത്യവും പറഞ്ഞിരുന്നെങ്കിലും കാഫിറുകൾ ആരാണെന്ന് മാത്രം പറഞ്ഞു തന്നിരുന്നില്ല. തൊട്ടടുത്ത വീടുകളിലെല്ലാം സ്വർഗ്ഗത്തിനവകാശികളായ മുസ്ലിങ്ങൾ മാത്രമേ ഉള്ളു എന്ന് ഇതിനകം ഞാൻ മനസ്സിലാക്കിയിരുന്നു. ആവത് ശ്രമിച്ചിട്ടും ആ ഭാഗത്തെങ്ങും അതല്ലാത്ത വിഭാഗത്തിൽ പെട്ടവരാരേയും കണ്ടെത്താൻ എനിക്കായതുമില്ല. ഒടുവിൽ കാഫിറുകളെ ആദ്യമായി കാണുന്നത് സ്കൂളിൽ ചേർന്നത് മുതല്ക്കാണ്.
ഓത്തുപള്ളിയിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു സ്കൂൾ ജീവിതത്തിന്റെ തുടക്കം. കുറേകൂടി വിശാലമായ അന്തരീക്ഷം. ഒരു പാട് കുട്ടികൾ. സ്നേഹപൂർവം ഇടപഴകുന്ന ടീച്ചർ. സുജാത ടീച്ചർ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ ആവോളം ചൊരിഞ്ഞു തന്നു . കുഞ്ഞുങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന അറിവ് ദൈവികമായി സിദ്ധിച്ചതെന്ന് തോന്നും വിധമായിരുന്നു ടീച്ചറിന്റെ ഓരോ പ്രവൃത്തിയും. കുറച്ചു കൂടി കഴിഞ്ഞപ്പോൾ ഏറെ ഇഷ്ടപ്പെട്ട മാഷ് മുഹമ്മദ് മാഷായിരുന്നു. ഒന്നാം ക്ലാസ്സിൽ എനിക്ക് അടുത്ത കൂട്ടുകാരായി ഉണ്ടായിരുന്നത് ഗോപിയും സലിമുമാണ്.
രണ്ടാം ക്ലാസ്സിലെത്തുമ്പോഴാണ് അല്പം മാറ്റങ്ങൾ വന്ന് തുടങ്ങുന്നത്. സത്യൻ മാഷിന്റെ ക്ലാസിൽ എത്തുമ്പോൾ സിദ്ധീക്ക് (കുഞ്ഞെളാപ്പ ) അവിടെയുണ്ടായിരുന്നു. സത്യൻ മാഷെ അത്രകണ്ട് ഇഷ്ടമായിരുന്നതിനാൽ താനിവിടെ ഒരു കൊല്ലം കൂടി പഠിക്കും എന്ന പിടിവാശിയിൽ അവിടെ കൂടിയിരിക്കുകയായിരുന്നു അവൻ. ആദ്യമേ തന്നെ ഞങ്ങൾ കൂട്ടുകാരായി. സലിം വിധി വശാൽ വേറെ ഏതോ ഡിവിഷനിലേക്ക് മാറ്റപ്പെട്ടിരുന്നു.
ഒന്നാം ക്ലാസിൽ വെച്ചു തന്നെ കാഫിറുകൾ ആരെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു. എറിയാട് ഭാഗത്ത് നിന്നും വന്നിരുന്ന ഗോപിയാണ് എനിക്ക് സ്നേഹിതനായി കിട്ടിയ ആദ്യ കാഫിർ. കാഫിറുകളാട് കുട്ടു കൂടരുതെന്നാണ് ഓത്തുപള്ളിയിൽ നിന്നും പഠിപ്പിച്ചിരുന്നതെങ്കിലും ഗോപിയെ അകറ്റി നിർത്താൻ എനിക്കെന്തോ മനസ്സ് വന്നില്ല. ഗോപിയും സിദ്ദുവും തന്നെയായിരുന്നു എനിക്കേറെ ഇഷ്ടപ്പെട്ട കൂട്ടുകാർ. സുജാത ടീച്ചർ ഏത് വകുപ്പിൽ പെടും എന്ന് എനിക്കാദ്യം മനസ്സിലായില്ലെങ്കിലും നെറ്റിയിലെ ചെറിയ പൊട്ടും സാരിത്തലപ്പ് തലയിലിടാത്തതും കാരണം ടീച്ചറും കാഫിർ തന്നെയെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി. ചെറിയ മനസ്സുകളിൽ ജാതി ബോധം വളർത്തുന്ന അനാരോഗ്യകരമായ മതപഠനം എത്ര വികലമായ അന്വേഷണങ്ങളിലക്കാണ് കുട്ടികളെ കൊണ്ടെത്തിക്കുന്നതെന്നിന് കൂടുതൽ ഉദാഹരണങ്ങൾ തേടിപ്പോകേണ്ടതില്ല.
ഓത്തുപള്ളിയിലെ സഹപാഠികളിലൊരുവനായ മജീദും സ്കൂളിൽ എന്റെ ക്ലാസ്സിൽ തന്നെയായിരുന്നെങ്കിലും എന്തോ എനിക്കവനുമായി ചങ്ങാത്തം കൂടാൻ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. ഒന്നാമത്, തീരെ വൃത്തിയില്ലാത്ത ഒരുവനായിരുന്നു. അക്കാലങ്ങളിൽ പതിവായിരുന്ന ഒരു തരം ചൊറി അവന്റെ ദേഹത്തെമ്പാടും നിറഞ്ഞു നിന്നിരുന്നു. കൊട്ടങ്ങ വലുപ്പത്തിലുള്ള വീർത്തു കെട്ടിയ അത് എവിടെയെങ്കിലും ഒന്നുരഞ്ഞാൽ പൊട്ടി അതിനുള്ളിലെ വെള്ളം പുറത്തേക്ക് ചാടാൻ പാകത്തിലായിരുന്നു. ക്ലാസ്സിൽ വേറെ ചിലർക്കും അതുണ്ടായിരുന്നെങ്കിലും മജീദിന്റെ ചൊറി തീരെ അസഹ്യമായിരുന്നു.
ഇന്റർവെൽ സമയങ്ങളിൽ പതിവായി എന്റെ സഹോദരി വന്ന് എന്നെയും കൂട്ടി അന്തോണിടെ പെട്ടിപ്പീടികയിൽ നിന്നും ശർക്കര മിഠായിയോ അമ്മായി മിഠായിയോ വാങ്ങിത്തരുമ്പോൾ അതിന്റെ നേർപകുതി ഗോപിക്കാണ് ഞാൻ നീക്കിവെച്ചിരുന്നത്. മജീദ് പല തവണ അതിലൊരു പങ്ക് പ്രതീക്ഷിച്ച് എന്നെ ചുറ്റിപ്പറ്റി നിന്നിരുന്നെങ്കിലും ഞാനത് ഗൗനിക്കാറില്ലായിരുന്നു. അവനെ പ്രകോപിതനാക്കും വിധം ഞാനൊന്നും പറയാറില്ലെങ്കിലും എന്റെ ശരീരഭാഷയിൽ നിന്നും അവനെ ഒഴിവാക്കുന്നത് അവന് ബോദ്ധ്യപ്പെടുന്നുണ്ടായിരുന്നു . എങ്കിലും മുറതെറ്റാതെ അവൻ ഈ സമയങ്ങളിൽ എന്നെ ചുറ്റിപ്പറ്റി നില്ക്കുക പതിവായിരുന്നു..
ശനിയും ഞായറും ഓത്തുപള്ളിയിൽ നിർബന്ധമായും പോകണമായിരുന്നു. സ്കൂളുള്ള ദിവസങ്ങളിലും രാവിലെ ഏഴ് മുതൽ ഒമ്പത് വരെ മതപഠന പീഢനം അരങ്ങേറിയിരുന്നു. അതിരാവിലെ ഉറക്കമെണീറ്റ് പ്രഭാതകൃത്യങ്ങൾ ഒരു വിധം നിർവ്വഹിച്ച് ഏഴ് മണിക്ക് തന്നെ അവിടെ ഹാജരാവണം. ഇത്തിരി വൈകിയാൽ ഉസ്താദിന്റെ കാഞ്ഞിരവടി കൈവെള്ളയിൽ ആഞ്ഞു വീണത് തന്നെ. രാവിലെ തന്നെയുള്ള ഈ പഠനം തീരെ ഇഷ്ടമില്ലെങ്കിലും മുറതെറ്റാതെ ഈ പ്രക്രിയ തുടർന്നു കൊണ്ടിരുന്നു. ഒമ്പത് മണിക്ക് ഓത്ത് കഴിഞ്ഞാൽ വീട്ടിലെത്തി എന്തെങ്കിലും കഴിച്ചിട്ട് വേണം അതേ വഴിയിലൂടെ വീണ്ടും സ്കൂളിലേക്കെത്താൻ. ഒമ്പത് മണിക്ക് വീട്ടിലേക്ക് വെച്ചു പിടിക്കുമ്പോൾ തന്നെ എതിർദിശയിൽ നിന്നും കുട്ടികൾ സ്കൂളിലേക്ക് പോകുന്ന കാഴ്ച സ്ഥിരം പതിവായിരുന്നു. ഏറെ അങ്കലാപ്പോടെ ആയിരിക്കും വീട്ടിലെത്തുന്നതും തിരികെയിറങ്ങുന്നതും. ബാപ്പാടെ കയ്യിൽ മാത്രമേ വാച്ചുള്ളു എന്നിരിക്കെ സമയമറിയാൻ ഞങ്ങൾ കണ്ടെത്തിയിരുന്ന വഴി നിഴലിനെ അളന്ന് ഗണിക്കുക എന്നതായിരുന്നു. മുറ്റത്തിറഞ്ഞി നിന്ന് സ്വന്തം നിഴലിന്റെ അറ്റം (തല ഭാഗം) ഒരു ബിന്ദുവിൽ അടയാളപ്പെടുത്തിയ ശേഷം കാല് കൊണ്ട് അവിടം വരെ അളന്ന് തിട്ടപ്പെടുത്തും. 9.30 ന് നിഴൽ ഇവിടെ വരെ, 9.40 ന് നിഴൽ ഇവിടെ വരെ എന്ന ഒരു സമയഗണന ഏകദേശം ശരിയായി വരുന്ന നിലയിൽ നിലവിലുണ്ടായിരുന്നത് ഏറെ ഉപകാരപ്രദമായിരുന്നു.
ഒരു ശനിയാഴ്ച ഓത്തു പള്ളിയിൽ ചെന്നയുടന്നെ ഉസ്താദ് എന്നെ വിളിപ്പിച്ചു. ചൊറിയൻ മജീദ് ഉൾപ്പെടെ എല്ലാവരും ഉണ്ട്. ഞാൻ അയാള്ടെ അടുത്തേക്ക് പതിയെ ചെന്നു. ടി.എം. കെ എന്നോ മറ്റോ ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന പത്തമ്പത് വയസ്സ് തോന്നിക്കുന്ന കുടവയറനായ ഒരാളായിരുന്നു കക്ഷി. നീണ്ട വാൽ പോലെ തോളിനൊരുവശത്തേക്ക് തുങ്ങിക്കിടക്കുന്ന തലേക്കെട്ടും അതിനേക്കാൾ നീണ്ട താടിയും. ആകെ കൂടി വൃത്തികെട്ടതും ഭീതി പരത്തുന്നതുമായിരുന്ന അയാളുടെ കത്തിവേഷത്തിന് മീശയില്ലായിരുന്നു എന്നാണോർമ്മ. എന്നെ അടിമുടി ഒന്ന് നോക്കിയ ശേഷം കാഞ്ഞിരവടി കൊണ്ട് മേശയിൽ രണ്ട് മൂന്ന് തവണ അടിച്ചിട്ട് ക്ലാസ്സിൽ പൊതുവേ നില നില്ക്കുന്ന ഭയത്തിന്റെ അന്തരീക്ഷം അയാൾ ഒന്നു കൂടി ഊട്ടിയുറപ്പിച്ചു. കുട്ടികളെല്ലാം തന്നെ നിശ്ശബ്ദരായി. അലറുന്ന ശബ്ദത്തിൽ അയാളുടെ ചോദ്യമുയർന്നു. "നീ മെയ്തൂന്റെ മോനല്ലെ" . അതെയെന്ന എന്റെ മറുപടിക്ക് കാത്തിരിക്കാത്ത വിധം അടുത്ത ചോദ്യമുയർന്നു. " ജ്ജ് പറഞ്ഞാ കേക്കൂലാ ല്ലെ ബലാലേ. അന്നോടും ഈ ഹിമാറുകളോടും എത്രീന്ന് വെച്ചാ പറയ്യ കാഫിരീങ്ങളോട് കൂട്ടം കൂടരുത്‌ന്ന്. ബെല്ലോനും അത് മൻസിലാക്കൺ ടാ .ഇല്ല. അവരു് മുള്ള്യാ കഴുകൂല. ഞമ്മട മാതിരില്ല അവരൊന്നും."
ഞാൻ എന്താ പറയേണ്ടതെന്നറിയാതെ നിന്നു കുഴങ്ങി. കാര്യമെന്താണെന്ന് എനിക്കപ്പോൾ തന്നെ മനസ്സിലായെങ്കിലും ഒന്നുമറിയാത്ത വിധത്തിൽ തന്നെ നിന്നു. അതയാളെ ശുണ്ഠി പിടിപ്പിക്കുകയായിരുന്നു. അയാൾ കാഞ്ഞിരവടി കയ്യിലെടുത്തു." നീട്ടെടാ കൈ" എന്നാക്രോശിച്ചു. നിസ്സഹായനായി നിന്ന എന്റെ ഉള്ളം കയ്യിൽ കൃത്യം ഏഴ് അടി വീണു. ഞാൻ നിന്ന് പുളയുകയായിരുന്നു. മൂന്ന് നാലടി തന്ന ശേഷം കൂടുതൽ ഊർജ്ജസ്വലനാവാനായി അയാൾ ഒന്നു രണ്ടടി മേശയിലടിച്ചു. തുടർന്ന് എന്റെ കയ്യിലും . എന്റെ കണ്ണിൽ നിന്നും കണ്ണീർ ധാരയായി ഒഴുകി. അരിശം തീരാതെ അയാൾ എന്റെ കാലിലും രണ്ടടി കൂടി അടിച്ചു.
കുഞ്ഞുമനസ്സുകളിലേക്ക് അന്ധവിശ്വാസങ്ങളെ അടിച്ചേല്പിക്കുകയും അവരത് ജീവിതത്തിൽ പകർത്താതിരിക്കുകയും ചെയ്യുന്നത് കാണുമ്പോൾ സ്വയം തോന്നുന്ന അവഞ്ജയാകാം അയാളെ കൊണ്ടങ്ങനെ ചെയ്യിച്ചതെന്ന് പിന്നീട് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. (ദൃശ്യം സിനിമയിൽ സഹദേവനെന്ന പോലിസുകാരൻ ആ കുഞ്ഞിനെ മർദ്ദിച്ചവശയാക്കുന്ന കാഴ്ചയേക്കാൾ ഭയാനകമായിരുന്നു അന്നേരത്തെ അയാളുടെ മട്ടും ഭാവവും).
ഏതായാലും അടുത്ത അടി എന്റെ മേൽ പതിയുന്നതിന് മുമ്പായി അയാളുടെ കയ്യിൽ നിന്നും വടി പിടിച്ചു വാങ്ങിക്കൊണ്ട് എന്റെ വേദനകളെ മുഴുക്കെയും ആ വടിയിലേക്കാവാഹിച്ച് ഞാനയാളെ പൊതിരെ അടിക്കാൻ തുടങ്ങി." ഗോപീമായിട്ട് ഞാൻ കൂട്ടം കൂടും. അതിന് തനിക്കെന്താ" എന്നും ചോദിച്ചായിരുന്നു എന്റെ അടി. അപ്രതീക്ഷിതമായ എന്റെ പ്രതികരണത്തിൽ അയാളും ക്ലാസ്സിലെ കുട്ടികളും ഒരുപോലെ സ്തബ്ധരായി. അയാളെന്റെ കൈ കൂട്ടി പിടിക്കാൻ നോക്കിയെങ്കിലും പിടി കൊടുക്കാതെ ഞാൻ വീണ്ടും വീണ്ടും അടിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ ക്ഷീണിതനായി വടി അയാളുടെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ട് പുസ്തകങ്ങളൊന്നും എടുക്കാതെ തന്നെ ഞാൻ ഇറങ്ങിയോടി. ഓത്തുപള്ളിയോട് സലാം പറഞ്ഞു പിരിഞ്ഞു. മതപഠനത്തിന്റെ ആദ്യ ഘട്ടത്തിന്റെ പരിസമാപ്തി ആയിരുന്നു അത്. ( കഴിഞ്ഞിട്ടില്ല.)
(എഴുതിക്കൊണ്ടിരിക്കുന്ന ഒരു ലഘുനോവലിൻ്റെ ആദ്യഭാഗം.)
