6 October 2026 · ഏകദേശം 11 മിനിറ്റ് വായന
സബ്ഖയുടെ വഴികൾ
ഈ ബ്രൗസറിൽ ശബ്ദം ലഭ്യമല്ല — Chrome/Safari ഉപയോഗിക്കൂ · Malayalam voice
മാളുകൾ വരുന്നതിന് മുമ്പുള്ള ദുബായ്
സബ്ഖയുടെ വഴികളിലൂടെ.
സെപ്റ്റമ്പർ 2026 ൻ്റെ പകുതി കഴിഞ്ഞിരുന്നു. ചൂടിനല്പം ശമനം വന്നു തുടങ്ങിയിട്ടുണ്ട്. പ്രവാസജീവിതത്തിന്റെ വലിയൊരു ഭാഗം ചെലവഴിച്ച ദുബായിലെ നായിഫ് റോഡിലൂടെയും സബ്ഖയിലൂടെയും വെറുതെയൊന്ന് ചുറ്റിത്തിരിയാനിറങ്ങിയതായിരുന്നു ഞാൻ. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ പഴയ വഴികളിലൂടെ നടക്കുമ്പോൾ, വർഷങ്ങൾക്കു ശേഷം, ഏറെ പരിചയമുള്ള ഒരാളുടെ മുന്നിൽ ചെന്നു നിൽക്കുന്ന പോലൊരു തോന്നൽ.
എൺപതുകളിലും തൊണ്ണൂറുകളിലും കണ്ട ദുബായിലെ പല കാഴ്ചകളും അത്രയൊന്നും മാറാതെ ഇപ്പോഴും ആ പ്രത്യേക ഭാഗങ്ങളിലുണ്ടെന്നത് എന്നെ അത്ഭുതപ്പെടുത്തി. കെട്ടിടങ്ങൾക്ക് മുന്നിലെ ബോർഡുകൾ മാറിയിട്ടുണ്ട്, മനുഷ്യരുടെ വേഷങ്ങൾ മാറിയിട്ടുണ്ട്, കച്ചവടത്തിന്റെ രീതികൾ മാറിയിട്ടുണ്ട്. പക്ഷേ ചില വഴികൾക്ക്/ ഇടങ്ങൾക്ക് ഓർമ്മയെ പിടിച്ചുനിർത്താനുള്ള വല്ലാത്തൊരു കഴിവുണ്ട്. നായിഫ് റോഡും സബ്ഖയും അത്തരത്തിലുള്ള സ്ഥലങ്ങളാണ്.
അവിടെ നടക്കുമ്പോൾ എന്റെ ഓർമ്മകൾ പെട്ടെന്ന് ഇന്നിൽ നിന്ന് പല പതിറ്റാണ്ടുകൾ പിന്നിലേക്ക് പോയി. അന്നത്തെ ദുബായിൽ സബ്ഖയും നായിഫും മുർഷിദ് ബസാറും ക്രീക്കും ഗോൾഡ് സൂക്കും ഫിഷ് മാർക്കറ്റും വേറിട്ട ഇടങ്ങളായിരുന്നില്ല. അവയെല്ലാം ചേർന്നായിരുന്നു ഞങ്ങൾക്ക് പരിചിതമായ ദുബായ്.
ഇന്ന് ദുബായ് എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്നത് കണ്ണഞ്ചിപ്പിക്കുന്ന കെട്ടിടങ്ങളായിരിക്കും. ആകാശത്തെ തൊടുന്ന ഗോപുരങ്ങൾ, കണ്ണാടിയിൽ തീർത്ത മാളുകൾ, പാതാളത്തിലൂടെ പാഞ്ഞുപോകുന്ന മെട്രോ, രാത്രിയിലും പകലു പോലെ വെളിച്ചം നിറഞ്ഞ റോഡുകൾ...
പക്ഷേ എന്റെ മനസ്സിൽ ദുബായ് എന്ന പേരിനൊപ്പം ഇന്നും ആദ്യം തെളിയുന്നത് അതൊന്നുമല്ല.
സബ്ഖയാണത്.
ഒരു കാലത്ത് ദുബായിയുടെ ഹൃദയമിടിപ്പ് കേൾക്കാമായിരുന്ന ഒരു ചെറിയ പ്രദേശം.
എന്നാൽ, ഇന്നത്തെ ദുബായിയുടെ ഭൂപടത്തിൽ സബ്ഖയ്ക്ക് വലിയ വിസ്തൃതിയൊന്നുമില്ല. പക്ഷേ ഒരു കാലത്ത് അതിന്റെ ഓരോ ഇടുങ്ങിയ വഴിക്കും ഓരോ കടയ്ക്കും ഓരോ മുഖത്തിനും പറയാൻ ഓരോരോ കഥകളുണ്ടായിരുന്നു. അന്ന് ദുബായ് ഇന്നത്തെപ്പോലെ ലോകനഗരമായി രൂപാന്തരപ്പെട്ടിരുന്നില്ല. എന്നാലും ദേരയുടെ തെരുവുകളിലൂടെ നടന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നെത്തിയ മനുഷ്യരുടെ ജീവിതം ഒരേ ചൂടിലും പൊടിയിലും വിയർപ്പിലും കലർന്നു പോകുന്നത് കാണാമായിരുന്നു.
അതിനാൽ സബ്ഖയ്ക്ക് ഒരു മണം കൂടിയുണ്ടായിരുന്നു.
ഇന്നത്തെ മാളുകൾക്ക് എയർകണ്ടീഷന്റെ തണുപ്പും സുഗന്ധദ്രവ്യങ്ങളുടെ നിയന്ത്രിത ഗന്ധവുമുണ്ട്.
സബ്ഖയ്ക്ക് അങ്ങനെയൊരു ഒറ്റ മണമല്ലായിരുന്നു.
അവിടെ നിറഞ്ഞുനിനിരുന്നത്
മസാലയുടെ മണം.
ഊദിന്റെ മണം.
തുണിയുടെ മണം.
ചായയുടെ മണം.
ഫ്രൈ ചെയ്ത ഭക്ഷണത്തിന്റെ മണം.
കടൽക്കാറ്റിന്റെ ഉപ്പുമണം.
ചൂടിൽ വിയർത്തുരുകുന്ന മനുഷ്യരുടെ മണം.
പഴയ മരത്തിന്റെയും പൊടിയുടെയും മണം.
അങ്ങനെ എല്ലാം കൂടിക്കലർന്ന ഒരു പ്രത്യേക ഗന്ധമായിരുന്നു.
അത് ഒരു പെർഫ്യൂം കമ്പനിക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയാത്ത മണമായിരുന്നു.
അത് ജീവിതത്തിന്റെ മണമായിരുന്നു.
അത് കൊണ്ടാണ് ഇന്ന് ലോകത്തിലറിയപ്പെടുന്ന ദുബായ് ഈ പ്രദേശങ്ങൾക്ക് അന്യമാണെന്ന് നമ്മൾക്ക് ഗൃഹാതുരതയോടെ അനുഭവപ്പെടുന്നത്. ദുബായ് ഡൗൺ ടൗൺ, ദുബായ് സൗത്ത്, ദുബായ് വേൾഡ് സെൻട്രൽ എന്നിങ്ങനെ വ്യത്യസ്ത ഭാഗങ്ങളിലായി നഗരം ആധുനിക ദുബായിയായി വ്യാപിച്ചു കഴിഞ്ഞു. ആകാശം മുട്ടുന്ന ചില്ലുകെട്ടിടങ്ങളും മോഹിപ്പിക്കുന്ന കടൽ തീരങ്ങളും കണ്ണഞ്ചിപ്പിക്കുന്ന മാളുകളുമാണ് എങ്ങും. അതിനകത്തെ ലോകോത്തര ബ്രാൻഡുകളുടെ അനന്ത ശ്രേണികൾ, തണുത്തുറഞ്ഞ ഇടനാഴികൾ, എസ്കലേറ്ററുകൾ, ഫുഡ് കോർട്ടുകൾ. സഞ്ചാരികൾക്ക് സ്വർഗ്ഗീയാനുഭൂതികൾ പ്രദാനം ചെയ്യുന്നത് അത്തരം ഇടങ്ങളാണിന്ന്.
അത്തരം വലിയ ലോകോത്തര നിലവാരത്തിലുള്ള മാളുകൾ വരുന്നതിനുമുമ്പ് ദുബായിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളിലൊന്നായിരുന്നു സബ്ഖ. ഇടുങ്ങിയ വഴിയോരങ്ങളിൽ ചെറിയ കടകൾ നിരന്നുനിന്നു. ഒരു കടയിൽ തുണികൾ, മറ്റൊന്നിൽ ഇലക്ട്രോണിക്സ്, വേറൊരിടത്ത് ചെരിപ്പുകൾ, ബാഗുകൾ, വാച്ചുകൾ, പെർഫ്യൂമുകൾ...
വിലപേശലിന്റെ ശബ്ദങ്ങൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ഒഴുകിപ്പോകും.
“ ഇതിനെത്ര?”
“ഇത് അവസാന വിലയാണ്.”
“കുറച്ചു കൂടി കുറക്കൂന്ന് ...”
“ഇനി കുറയ്ക്കാൻ പറ്റില്ല മാഷേ. ഒന്നും കിട്ടൂലാന്ന്....”
അങ്ങനെ പറഞ്ഞും ചിരിച്ചും തർക്കിച്ചും കച്ചവടം ഉറപ്പിച്ചും ആളുകൾ കടകളിൽ നിന്ന് ഇറങ്ങും.
സബ്ഖയിൽ നടക്കുമ്പോൾ ഒരു ലോകം. കടയിൽ കയറിയാൽ മറ്റൊരു ലോകം. പുറത്തിറങ്ങിയാൽ വീണ്ടും മറ്റൊരു ലോകം.
അന്നത്തെ ദുബായിയുടെ ഒരു ചെറിയ ലോകമേള പോലെയായിരുന്നു സബ്ഖ.
പക്ഷേ സബ്ഖയുടെ കഥ കച്ചവടത്തിന്റെ മാത്രം കഥയല്ല.
അത് മനുഷ്യരുടെ കഥ കൂടിയായിരുന്നു.
പ്രത്യേകിച്ച് പ്രവാസികളുടെ.
@@@@@@@@@@@@@@@@@@
വില നോക്കാതെ ട്രോളി നിറയെ സാധനങ്ങൾ നിറച്ച് കാർഡ് സ്വൈപ്പ് ചെയ്ത് ഇറങ്ങുന്ന അത്ര എളുപ്പമായിരുന്നില്ല, കാൽ നൂറ്റാണ്ട് മുമ്പ് വരെ ദുബായിലെ ഷോപ്പിംഗ്. എങ്കിലും അന്നത്തെ ഷോപ്പിംഗും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു.
ആ അനുഭവത്തിന്റെ ചങ്കായിരുന്നു ദേര. ക്രീക്കിന്റെ ഒരു കരയിൽ, തുറമുഖത്തോട് ചേർന്ന്, ഇടത്തരം പായ് വഞ്ചികളിൽ വിദേശത്തു നിന്നെത്തുന്ന ചരക്കുകൾ ഇറങ്ങുന്നിടത്ത് വളർന്ന നഗര ഭാഗം. ഇരുപതാം നൂറ്റാണ്ടിന്റെ ഏറിയ പങ്കും ദുബായിലെ വ്യാപാരം തുടിച്ചത് അവിടെയായിരുന്നു. ആ പഴയ വ്യാപാരലോകത്തിന്റെ ഏറ്റവും സജീവമായ തെരുവായിരുന്നു അൽ സബ്ഖ.
സബ്ഖ എന്ന് കേൾക്കുമ്പോൾ പഴയ പ്രവാസികളുടെ മനസ്സിൽ ആ പഴയ ഇടുങ്ങിയ വഴികളാണ് തെളിയുക. ഇരുവശവും ചെറിയ കടകൾ. കടയുടെ മേൽക്കൂരയിൽ നിന്ന് താഴേക്ക് തൂങ്ങിയാടുന്ന തുണിത്തരങ്ങൾ.
നിറങ്ങളുടെ ഒരു കടലായിരുന്നു അവ.
വെള്ളയും നീലയും പച്ചയും ചുവപ്പും മഞ്ഞയും മെജൻ്റയും .....
പൂക്കളുള്ള തുണികൾ.
വരകളുള്ള തുണികൾ.
മിനുസമുള്ള തുണികൾ.
കട്ടിയുള്ള തുണികൾ.
ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നും ഇറാനിൽ നിന്നുമെത്തിയ തുണിത്തരങ്ങളായിരുന്നു അവയെല്ലാം.
ഗ്ലാസ് അലമാരകളിൽ അടുക്കിവെച്ച റേഡിയോകൾ, കാസറ്റ് പ്ലെയറുകൾ, കാൽക്കുലേറ്ററുകൾ, ക്യാമറകൾ, വീഡിയോ ഗെയിമുകൾ. ഇവയൊക്കെയും ഇന്നത്തെ തലമുറയ്ക്ക്, ഓ ഇതൊക്കെ എന്ത് ! എന്ന തോന്നലാകാം. പക്ഷെ, എഴുപതുകളിലും എൺപതുകളിലും ഗൾഫിലെത്തിയ മലയാളിക്ക് അവ അത്ഭുതങ്ങളായിരുന്നു.
നാട്ടിലേക്ക് പോകുമ്പോൾ ഭാര്യയ്ക്കും മക്കൾക്കും ബന്ധുക്കൾക്കും വേണ്ടി ‘സാധനം എടുക്കുക’ എന്നത് ഓരോ ഗൾഫ് കാരൻ്റെയും അനുഷ്ഠാനമായിരുന്നു. ആ പ്രയോഗത്തിൽ തന്നെ ഒരു കാലത്തിന്റെ മുഴുവൻ സ്നേഹമുണ്ടായിരുന്നു.
ദേര സിറ്റിസെൻ്റർ പണിയുന്ന കാലത്ത് നമ്മൾ നെറ്റിചുളിച്ചു. നഗരത്തിൽ നിന്നുമേറെ അകലെയായി മരൂഭൂമിയിൽ ഇതാർക്ക് വേണ്ടിയാണ് ഈ shopping Centre പണിയുന്നതെന്ന് നമ്മൾ ആലോചിച്ചു. പ്രത്യേകിച്ച് എല്ലാവർക്കും എല്ലാം കിട്ടുന്ന നായിഫും സബ്‌ഖയും മീനാബസാറുമൊക്കെയുള്ളപ്പോൾ.
യഥാർത്ഥത്തിൽ സബ്ഖയിൽ ഒരാൾ കണ്ടത് സാധനങ്ങൾ മാത്രമായിരുന്നില്ല, മനുഷ്യരെ കൂടിയായിരുന്നു. അറബികളും ഇന്ത്യക്കാരും പാകിസ്താനികളും ഇറാനികളും ആഫ്രിക്കക്കാരും യൂറോപ്യൻ സഞ്ചാരികളും ഒരേ ഇടുങ്ങിയ വഴിയിൽ ഉരസി നടന്നു. ഭാഷകൾ വേറെ, വേഷങ്ങൾ വേറെ. പക്ഷേ കച്ചവടത്തിന്റെ ഭാഷ ഒന്നായിരുന്നു - “How much?” - “Last price.” വലിയ വിമാനത്താവളങ്ങളോ സംഘാടകരോ ഇല്ലാതെ തന്നെ സബ്ഖയിൽ ലോകം ഒന്നിച്ചുകൂടി. അതായിരുന്നു പഴയ ദുബായിയുടെ യഥാർത്ഥ ആഗോളവൽക്കരണം.
പിന്നീട് ദുബായ് പതിയെ മാറാൻ തുടങ്ങി. ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ വന്നു, എയർകണ്ടീഷൻ ചെയ്ത ഷോപ്പിംഗ് സെന്ററുകൾ വന്നു, ഷോപ്പിംഗ് ഫെസ്റ്റിവലുകളും വമ്പൻ ഡിസ്കൗണ്ടുകളും വന്നു. ഷോപ്പിംഗ് ഒരു വിനോദസഞ്ചാരമായി. എങ്കിലും പഴയ ദേരയുടെ ആത്മാവ് പൂർണമായി മാഞ്ഞില്ല. ഗോൾഡ് സൂക്കും സ്പൈസ് സൂക്കും ടെക്സ്റ്റൈൽ മാർക്കറ്റും ഗ്രാൻഡ് സൂക്കും പുനരുദ്ധരിക്കപ്പെട്ട കെട്ടിടങ്ങളോടെ ഇന്നും നിലനിൽക്കുന്നു.
സത്യത്തിൽ, സബ്ഖയുടെ പ്രത്യേകത അവിടെ വിറ്റ സാധനങ്ങളായിരുന്നില്ല, അവിടെ സജീവമായി നില നിന്ന ജീവിതമായിരുന്നു. രാവിലെ കട തുറക്കുന്ന വ്യാപാരി, തൊട്ടടുത്ത കടക്കാരനോടൊപ്പം ഒരു ചായ ഊതിയൂതി കുടിക്കുന്ന നിമിഷം. പിന്നെ ആദ്യ കസ്റ്റമർ, ഉച്ചവെയിലിന്റെ ആലസ്യം, വൈകുന്നേരത്തെ തിരക്ക്, രാത്രി തെളിയുന്ന വിളക്കുകൾക്കിടയിലൂടെ ഒഴുകുന്ന ജനക്കൂട്ടം. അത് ഒരു മാർക്കറ്റ് മാത്രമായിരുന്നില്ല, ഒരു ചെറിയ വിസ്‌മയ നഗരിയായിരുന്നു.
ഈ ചിത്രത്തിലേക്ക് നോക്കൂ - ഗ്ലാസ് കെട്ടിടങ്ങളോ വമ്പൻ പരസ്യബോർഡുകളോ ഇല്ലാത്ത ഒരു ചിത്രം. തണലിൽ ഇരിക്കുന്ന മനുഷ്യർ, തലയിലും കയ്യിലും സാധനങ്ങളുമായി നടക്കുന്നവർ, തുണികൾ തൂങ്ങുന്ന കടകൾ, ദൂരെ ക്രീക്കിൽ നിൽക്കുന്ന ധോവുകൾ. സത്യത്തിൽ ഇത് ഒരു ഫോട്ടോയല്ല, ദുബായിയുടെ ആത്മകഥയിലെ ഒരു താളാണ്.
ഇന്ന് നമുക്ക് എളുപ്പത്തിൽ മാളിൽ പോകാം. പാർക്ക് ചെയ്യാം, തണുപ്പിലേക്ക് കയറാം, വില നോക്കാം, കാർഡ് നീട്ടാം, ബാഗുമായി തിരിച്ചു വരാം. എല്ലാം എളുപ്പം. പക്ഷേ സബ്ഖയിൽ നിന്ന് ഒരു സാധനം വാങ്ങിയാൽ അതിനൊപ്പം ഒരു കഥ കൂടി വീട്ടിലെത്തുമായിരുന്നു. എവിടെ നിന്ന് വാങ്ങി, എത്ര പറഞ്ഞു, എത്രയ്ക്ക് പേശി നേടി എന്ന കഥ. അതുകൊണ്ട് പഴയ ദുബായിൽ സാധനത്തേക്കാൾ വലുതായിരുന്നു അതിന്റെ പിന്നിലെ കഥ.
ദുബായ് ഇന്ന് ഭാവിയെക്കുറിച്ച് സംസാരിക്കുന്നു. ആ ഭാവിയുടെ അടിത്തറയിൽ ക്രീക്കിന്റെ കരയിലെ ധോവുകളുടെയും ദേരയിലെ ചെറുകടകളുടെയും സബ്ഖയിലെ ഇടുങ്ങിയ വഴികളിലൂടെ ഒഴുകി നീങ്ങിയ മനുഷ്യരുടെയും വിയർപ്പുണ്ട്.
മാളുകൾ ദുബായ് എത്ര ഉയരത്തിൽ എത്തിയെന്ന് കാണിക്കുന്നുവെങ്കിൽ, സബ്ഖ അത് എവിടെ നിന്ന് തുടങ്ങിയെന്ന് ഓർമ്മിപ്പിക്കുന്നു.
@@@@@@@@@@@@@@
ഷോപ്പിംഗ് എന്നത് ഒരു വിനോദമായിരുന്നില്ലാത്ത കാലത്തെ കഥകളാണിവയൊക്കെയും. അക്കാലത്തെ പ്രവാസികൾക്ക് പരിചിതമായിരുന്നയിടങ്ങൾ ദേരയിലെ നായിഫ് റോഡിനോട് ചേർന്ന സബ്ഖയും മുർഷിദ് ബസാറുമാണ്. അല്ലെങ്കിൽ ക്രിക്കിനപ്പുറത്ത് ദേരയോളം തന്നെ വ്യാപ്‌തിയുള്ള ബർദുബായിയും അതിനോട് ചേർന്ന മീനാബസാറും. ഏതൊരു കമ്പനിയിറക്കുന്ന ഏറ്റവും പുതിയ ഉത്പന്നം പോലും ഇവിടങ്ങളിൽ കിട്ടിയില്ലെങ്കിൽ ദുനിയാവിൽ വേറൊരിടത്തും കിട്ടില്ലായിരുന്നു എന്നത് നിസ്‌തർക്കം. ഒരു മാളിന്റെ തണുത്ത അകത്തളത്തിൽ കയറി ഷോപ്പിങ്ങ് നടത്താനവസരം ഇല്ലാതിരുന്ന അക്കാലത്ത് , ചൂടും പൊടിയും മനുഷ്യരുടെ തിരക്കും നിറഞ്ഞ തെരുവുകളിലൂടെ നടന്ന് ആളുകൾ സാധനങ്ങൾ വാങ്ങിയിരുന്നത് അവിടങ്ങളിൽ നിന്നായിരുന്നു.
അത്തരം അനുഭവങ്ങളുടെ ചങ്കായിരുന്നു ദേര. ക്രീക്കിന്റെ ഒരു കരയിൽ, തുറമുഖത്തോട് ചേർന്ന്, ഇടത്തരം പായ് വഞ്ചികളിൽ വിദേശത്തു നിന്നെത്തുന്ന ചരക്കുകൾ ഇറങ്ങുന്നിടത്ത് വളർന്നു പൊന്തിയ നഗരം. ഇരുപതാം നൂറ്റാണ്ടിന്റെ ഏറിയ പങ്കും ദുബായിലെ വ്യാപാരം തുടിച്ചത് അവിടെയായിരുന്നു. ആ പഴയ വ്യാപാരലോകത്തിന്റെ ഏറ്റവും സജീവമായ തെരുവായിരുന്നു അൽ സബ്ഖ.
വഴി തടസ്സപ്പെടാത്ത വിധം അല്പം പുറത്തേക്കായി നീട്ടിയിട്ടിരിക്കുന്ന സാധനങ്ങൾ. ഗ്ലാസ് അലമാരകളിൽ അടുക്കിവെച്ച ഇലക്ട്രോണിക് ഉത്പന്നങ്ങൾ.
ഇവയൊക്കെയും ഇന്നത്തെ തലമുറയ്ക്ക് ഓ! ഇതൊക്കെ എന്ത് എന്ന് തോന്നിപ്പിച്ചേക്കാം. പക്ഷെ, എഴുപതുകളിലും എൺപതുകളിലും ഗൾഫിലെത്തിയ മലയാളിക്ക് അവ അത്ഭുതങ്ങൾ തന്നെയായിരുന്നു.
നാഷണൽ, സോണി, സാന്യോ , ഹിറ്റാച്ചി, പാനസോണിക്, ഐവ , ഷാർപ്പ് തുടങ്ങിയ കമ്പനികളുടെ ടു- ഇൻ വൺ ടേപ്പ് റെക്കോർഡറുകൾ. യാഷിക, മിനോൾട്ട തുടങ്ങിയ സാധാരണക്കാരുടെ ഇഷ്ട ബ്രാൻഡുകളായ ക്യാമറകൾ, നാഷണലിൻ്റെയും ഫിലിപ്സിൻ്റെയും തലമുറകളോളം നില നില്ക്കുന്ന ഇസ്തിരിപ്പെട്ടികൾ.
Sony, maxell, TDK എന്നിവയുടെ 60, 90 മിനിറ്റ് ദൈർഘ്യമുള്ള കാസറ്റുകൾ.
ഈ ഇലക്ട്രോണിക്സ് കടകൾ ഒരു വിസ്മയം തന്നെയായിരുന്നു. മൊബൈൽ ഫോൺ സങ്കല്പത്തിൽ പോലുമില്ലാതിരുന്ന ആ കാലത്ത്, വാക്ക്മാനും ടേപ്പ് റെക്കോർഡറും ടെലിവിഷനും വീഡിയോ പ്ലെയറും സബ്ഖയിലെ അലമാരകളിൽ തിളങ്ങി നിന്നു. സബ്ഖ ഹോൾസെയിൽ വിലയ്ക്കും വിലക്കുറവിനും പേരുകേട്ട ഇടമായിരുന്നുവെന്ന് പഴയ പ്രവാസികൾ കണ്ണടച്ച് സമ്മതിക്കും. ഒരു കാസറ്റ് പ്ലെയർ നാട്ടിലേക്ക് കൊണ്ടുപോകുന്നത് ഇന്നത്തെ ഐഫോൺ വാങ്ങുന്നതിനേക്കാൾ ആഹ്ലാദമായിരുന്നു. “ദുബായിൽ നിന്ന് കൊണ്ടുവന്നതാണ്” എന്ന വാക്കിന് തന്നെ വിലയുണ്ടായിരുന്ന കാലം.
സബ്ഖയുടെ യഥാർത്ഥ രസം വിലപേശലായിരുന്നു.
മാളിൽ വില എഴുതി വെച്ചിട്ടുണ്ടാകും. സബ്ഖയിൽ വില ഉണ്ടാക്കുകയായിരുന്നു. കടക്കാരൻ ഒരു വില പറയും. നമ്മൾ ചിരിക്കും. അയാൾ വീണ്ടും പറയും. നമ്മൾ പോകാൻ ഭാവിക്കും. അയാൾ തിരികെ വിളിക്കും.
“ഇതിനിത്രയൊന്നും ഇല്ലാന്ന് !”
“സാർ, നോക്കിയേ ഒറിജിനൽ ആണിത്.”
“അത്രക്ക് ഒറിജിനലൊന്നും വേണ്ട.” ചിരി .
“ശരി, നിങ്ങൾക്ക് വേണ്ടി ലാസ്റ്റ് പ്രൈസ്...”
ആ ‘ലാസ്റ്റ് പ്രൈസ്’ കുറഞ്ഞത് നാലു തവണയെങ്കിലും ആവർത്തിക്കും. വിലപേശൽ അറിയാത്തവനോട് ഒരു ചിരി, അറിയുന്നവനോട് മറ്റൊരു ചിരി. കാൽക്കുലേറ്ററിനേക്കാൾ വേഗത്തിൽ കണക്കു കൂട്ടുന്ന ബുദ്ധി ആ മുഖങ്ങളിലുണ്ടായിരുന്നു.
അടുത്ത കടയിൽ .....
കടക്കാരൻ ഒരു വില പറയും.
നമ്മൾ അതിന്റെ പകുതി പറയും.
അയാൾ മുഖം ചുളിക്കും.
നമ്മൾ തിരിഞ്ഞു നടക്കും.
അയാൾ വിളിക്കും.
“Okay, come back.”
വീണ്ടും കണക്കുകൂട്ടൽ.
വീണ്ടും വില.
വീണ്ടും ഒരു ചെറിയ നടപ്പ്.
അവസാനം രണ്ടുപേരും സമ്മതിക്കുന്ന ഒരു വില.
ഇതെല്ലാം കഴിഞ്ഞ് കടയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ തോന്നും
താൻ സാധനം വാങ്ങിയതാണോ,
അതോ ഒരു യുദ്ധം ജയിച്ചതാണോ?
വിലപേശൽ അറിയാത്തവന് സബ്ഖ ഒരു അപകടസ്ഥലം പോലെയായിരുന്നു.
അറിയുന്നവന് അത് ഒരു കളിസ്ഥലം.
കച്ചവടക്കാരനും വാങ്ങുന്നവനും തമ്മിലുള്ള ആ ചെറിയ നാടകമായിരുന്നു സബ്ഖയുടെ ആത്മാവ്.
മാളിൽ വിലപേശലില്ല.
സബ്ഖയിൽ വിലപേശാതെ വാങ്ങുന്നത് തന്നെ എന്തോ ഒരു അപൂർണ്ണതയായിരുന്നു.
സ്വർണ്ണകടയിൽ വരെ വിലപേശി നോക്കുമായിരുന്നു ഞാനടക്കമുള്ള അക്കാലത്തെ മൽബാറികൾ .
ഇലക്ട്രോണിക്സ് കടകൾക്ക് വേറൊരു ആകർഷണമുണ്ടായിരുന്നു.
ഇന്ന് കൈയിലുള്ള മൊബൈൽ ഫോണിനുള്ളിൽ ലോകം മുഴുവൻ ഒതുങ്ങിയിരിക്കുന്നു.
അന്ന് ഒരു നല്ല റേഡിയോ പോലും വലിയ സാധനമായിരുന്നു.
കാസറ്റ് പ്ലെയർ.
ടേപ്പ് റെക്കോർഡർ.
വാക്ക്മാൻ.
ക്യാമറ.
കാൽക്കുലേറ്റർ.
ടെലിവിഷൻ.
പിന്നീട് വീഡിയോ പ്ലെയർ.
പിന്നെ വീഡിയോ ഗെയിം.
ഇവയെല്ലാം ഗൾഫുകാരുടെ കണ്ണിൽ പുതിയ ലോകത്തിന്റെ അടയാളങ്ങളായിരുന്നു.
ഒരു കാസറ്റ് പ്ലെയർ നാട്ടിലേക്ക് കൊണ്ടുപോകുമ്പോൾ അതിന്റെ കൂടെ ഒരു ചെറിയ അഭിമാനവും പോകുമായിരുന്നു.
“ദുബായീന്നാണ്.”
ആ വാക്കിന് അന്ന് ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു.
നാട്ടിലെ ബന്ധുക്കൾക്ക് ഗൾഫ് എന്നത് അകലെയുള്ള ഒരു ലോകമായിരുന്ന കാലം.
ആ ലോകത്തിൽ നിന്നുള്ള ചെറിയൊരു സാധനം പോലും വീട്ടിൽ എത്തിയാൽ അതിന്റെ ചുറ്റും ആളുകൾ കൂടുമായിരുന്നു.
പക്ഷേ സബ്ഖയെ ഓർമ്മയിൽ നിലനിർത്തുന്നത് സാധനങ്ങളേക്കാൾ മനുഷ്യരായിരുന്നു.
ഒരു തെരുവിൽ തന്നെ എത്ര ഭാഷകൾ!
അറബി.
മലയാളം.
ഹിന്ദി.
ഉർദു.
തമിഴ്.
ബംഗാളി.
ഇംഗ്ലീഷ്.
ഒരാൾ മറ്റൊരാളുടെ ഭാഷ അറിയണമെന്നില്ല.
പക്ഷേ കച്ചവടത്തിന്റെ ഭാഷ എല്ലാവർക്കും അറിയാം.
“എത്ര?”
“How much?”
“Last price.”
“Too much.”
“Okay.”
ഈ കുറച്ച് വാക്കുകൾ കൊണ്ട്
ഒരു കച്ചവടം നടക്കുമായിരുന്നു.
അതായിരുന്നു പഴയ ദുബായിയുടെ യഥാർത്ഥ ആഗോളവൽക്കരണം.
വലിയ അന്താരാഷ്ട്ര സമ്മേളനങ്ങളൊന്നുമില്ലാതെ,
ഒരു ചെറിയ മാർക്കറ്റിന്റെ ഇടുങ്ങിയ വഴികളിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മനുഷ്യർ ദിവസവും കണ്ടുമുട്ടിയിരുന്നു.
വെള്ള കന്ദൂറ ധരിച്ച അറബികൾ.
ഷർട്ടും പാന്റും ധരിച്ച ഇന്ത്യക്കാർ പൈജാമയും നീളൻ ജൂബയും ധരിച്ച പാകിസ്താനികൾ.
തലയിൽ തുണികെട്ടിയ തൊഴിലാളികൾ.
വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ കച്ചവടക്കാർ.
ഒരാൾ നിൽക്കുന്നു.
മറ്റൊരാൾ വേഗത്തിൽ കടന്നുപോകുന്നു.
ഒരാൾ കടക്കാരനുമായി വിലപേശുന്നു.
മറ്റൊരാൾ കൈയിൽ പൊതിയുമായി തിരക്കിട്ട് മുന്നോട്ടുപോകുന്നു.
എല്ലാത്തിനുമിടയിൽ കടക്കാരന്റെ വിളി:
“Come, sir… good price!”
അതായിരുന്നു സബ്ഖയുടെ സംഗീതം.
നാട്ടിൽ പോകാൻ ഒരു മാസമുള്ളപ്പോഴെ തുടങ്ങും ഷോപ്പിങ്ങിൻ്റെ ആരംഭം. കൂട്ടുകാരുമൊത്തു സബ്ഖയിലേക്കള്ള ആ യാത്ര തന്നെ ഒരു രസമായിരുന്നു. ബർ ദുബായിൽ നിന്ന് ഒരു ചെറിയ അബ്രയിൽ ക്രീക്ക് കടന്നായിരുന്നു പലരും ദേരയിലെത്തിയിരുന്നത്. 25 ഫിൽസ് കൊടുത്ത് അബ്രയിൽ കയറുന്നതോടെ ആ യാത്ര തുടങ്ങും. എൻജിന്റെ ഇരമ്പൽ, വെള്ളം കീറി മുറിച്ച് മുന്നോട്ടായുന്ന ബോട്ട്. അടുത്ത അഞ്ച് മിനിറ്റിനുള്ളിൽ മറുകരയായ ദേരയിലെത്താം. അവിടെ കരയോട് ചേർന്ന് ചരക്കുകളുമായി നിൽക്കുന്ന പായ് വഞ്ചികൾ, കരയിൽ കൂട്ടിയിട്ട, ലോകത്തിന്റെ പല കോണുകളിൽ നിന്നെത്തിയ സാധനങ്ങൾ. മാളിന്റെ പാർക്കിംഗ് ലോട്ടിൽ കാറിൽ നിന്നിറങ്ങുന്നതു പോലെയായിരുന്നില്ല അത്. ക്രീക്ക് കടക്കുന്നതോടെ മറ്റൊരു ലോകത്തേക്ക് കടക്കുന്നതു പോലെ തോന്നും. ആഫ്രിക്കയിൽ നിന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും വന്ന ചരക്കുകൾ ഒഴുകിയെത്തിയ ഈ ക്രീക്ക് വ്യാപാരത്തിന്റെ ചൂടിൽ നിന്നാണ് സബ്ഖയും ചുറ്റുമുള്ള സൂക്കുകളും ( മാർക്കറ്റുകളും) വളർന്നത്.
ഗൾഫുകാരായ പ്രവാസികളുടെ മനസ്സിൽ അന്ന് “ഷോപ്പിംഗ്” എന്നതിനേക്കാൾ പരിചിതമായിരുന്ന ഒരു വാക്കുണ്ടായിരുന്നു:
നാട്ടിലേക്ക് സാധനം എടുക്കുക.
ആ വാക്കിൽ ഒരു പ്രവാസിയുടെ മുഴുവൻ ജീവിതവും ഒളിച്ചിരിപ്പുണ്ടായിരുന്നു.
സ്വന്തമായി വാങ്ങുന്നതിനെക്കാൾ മറ്റുള്ളവർക്കുവേണ്ടി വാങ്ങുന്നതായിരുന്നു പ്രധാനം.
ഭാര്യയ്ക്ക്
മക്കൾക്ക്
അമ്മയ്ക്ക്
അച്ഛന്
സഹോദരങ്ങൾക്ക്
ബന്ധുക്കൾക്കും കൂട്ടുകാർക്കും .
അങ്ങനെ ഓരോ പൊതിയിലും നാട്ടിലുള്ള ഒരാളുടെ മുഖം ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെ പഴയ സബ്ഖയിൽ നിന്നു വാങ്ങിയ ഒരു സാധനം വീട്ടിലെത്തുമ്പോൾ അത് വെറുമൊരു സാധനം മാത്രമായിരുന്നില്ല.
ദുബായിൽ നിന്നെത്തിയ ഒരു ഓർമ്മയായിരുന്നു.
വൈകുന്നേരമായൽ സബ്ഖയുടെ മറ്റൊരു രൂപം തെളിയും.
പകൽച്ചൂടിൽ അല്പം മന്ദമായിരുന്ന വഴികൾ പതുക്കെ മനുഷ്യരെക്കൊണ്ട് നിറയും. കടകളിൽ വർണ്ണ വിളക്കുകൾ തെളിയും. തൂക്കിയിട്ടിരിക്കുന്ന തുണികൾ ആ വെളിച്ചത്തിൽ മറ്റൊരു നിറം കൈവരിക്കും. ഇലക്ട്രോണിക്സ് കടകളുടെ ഗ്ലാസ് അലമാരകൾ തിളങ്ങും.
കച്ചവടക്കാരുടെ ശബ്ദം ഉയരും.
അകലെ ക്രീക്കിൽ നിന്ന് വരുന്ന കാറ്റ് ഇടുങ്ങിയ വഴികളിലേക്ക് കയറിവരും.
ഒരാൾ കൈയിൽ പൊതിയുമായി വീട്ടിലേക്ക് മടങ്ങുന്നു.
മറ്റൊരാൾ അടുത്ത കടയിലേക്ക് ഓടുന്നു. മറ്റൊരാൾക്ക് നാട്ടിലേക്ക് പോകാനുള്ള സമയം അടുത്തിരിക്കുന്നു.
ഒരു കടക്കാരൻ ദിവസത്തെ അവസാന കണക്കുകൾ നോക്കുന്നു.
മറ്റൊരാൾ ചായ കുടിച്ചുകൊണ്ട് അടുത്ത ദിവസത്തെ കച്ചവടത്തെക്കുറിച്ച് സംസാരിക്കുന്നു.
സബ്ഖ പതുക്കെ രാത്രിയിലേക്ക് നീങ്ങുന്നു.
പക്ഷേ അതിന്റെ ജീവിതം അവസാനിക്കുന്നില്ല.
ഇന്ന് ആ പഴയ ദുബായിയെ ഓർക്കുമ്പോൾ ഒരു വിചിത്രമായ കാര്യം തോന്നും.
അന്ന് സൗകര്യങ്ങൾ കുറവായിരുന്നു.
പക്ഷേ അനുഭവങ്ങൾ കൂടുതലായിരുന്നു.
ഇന്ന് ഒരു മാളിൽ കയറുമ്പോൾ എല്ലാം വളരെ എളുപ്പമാണ്.
കാർ പാർക്ക് ചെയ്യാം.
തണുത്ത അന്തരീക്ഷത്തിലേക്ക് കാലെടുത്ത് വെക്കാം.
വില നോക്കാം.
കാർഡ് കൊടുക്കാം.
ഷോപ്പിംഗ് ബാഗുമായി പുറത്തുവരാം.
അന്ന് ഒരു സാധനം വാങ്ങാൻ തന്നെ സമയമെടുക്കുമായിരുന്നു.
നടക്കണം.
വിലപേശണം.
കടകൾ പലതു കയറിയിറങ്ങണം.
ഒരാളോട് ചോദിക്കണം.
മറ്റൊരാളോട് വീണ്ടും ചോദിക്കണം.
അവസാനം സാധനം വാങ്ങുമ്പോൾ അതിന്റെ കൂടെ ഒരു ചെറിയ കഥയും കിട്ടും.
അതുകൊണ്ടാണ് പഴയ സബ്ഖയെ ഓർക്കുമ്പോൾ എനിക്ക് തോന്നുന്നത്,
അവിടെ സാധനങ്ങൾ വിൽക്കുകയായിരുന്നില്ല;
ജീവിതം തന്നെയായിരുന്നു വിൽപ്പനയ്ക്കുണ്ടായിരുന്നത്.
ദുബായ് പിന്നീട് ഒരുപാട് മാറി.
വളർന്നു.
ഉയരത്തിലേക്ക് കുതിച്ചു.
വലിയ ഷോപ്പിംഗ് മാളുകൾ വന്നു.
ലോക പ്രശസ്ത
ബ്രാൻഡുകൾ എത്തി.
ഷോപ്പിംഗ് തന്നെ ദുബായിയുടെ ഒരു വിനോദസഞ്ചാര ആകർഷണമായി.
പക്ഷേ പഴയ ദേരയുടെ ആത്മാവ് പൂർണ്ണമായി അപ്രത്യക്ഷമായില്ല.
ഇന്നും സബ്ഖയുടെ ഭാഗങ്ങളിലൂടെ നടക്കുമ്പോൾ ആ പഴയ ശബ്ദങ്ങളുടെ പ്രതിധ്വനി കേൾക്കാം.
ഒരു കടക്കാരന്റെ വിളി.
വിലപേശുന്ന ഒരാളുടെ ശബ്ദം.
ക്രീക്കിൽ നിന്നെത്തുന്ന കാറ്റ്.
കടകളുടെ മുന്നിൽ തൂങ്ങുന്ന തുണികൾ.
പഴയ കെട്ടിടങ്ങളുടെ ചുവരുകളിൽ പതിഞ്ഞ കാലത്തിന്റെ നിറം.
അവയെല്ലാം ചേർന്ന് പറയുന്ന ഒരു കഥയുണ്ട്.
“ ഒരിക്കൽ ഇങ്ങനെയും ഒരു ദുബായ് ഉണ്ടായിരുന്നുവെന്നത് മറക്കരുത്.”
എഴുത്തുപുര
Since 2009
വായിച്ചു തീർത്തു
ഈ കഥ ഇഷ്ടമായെങ്കിൽ ഒരാൾക്ക് കൂടി അയക്കൂ
ഈ കഥ ഇഷ്ടപ്പെട്ടോ?

