7 July 2020 · 11 min read · യാത്ര

യാത്ര / വിയന്ന


വിയന്ന.
ഉയിർത്തെഴുന്നേല്പിനെ വരവേൽക്കാനായി നഗരം  ആഘോഷ ലഹരിയിലമർന്നിരിക്കുന്ന ഒരു സായാഹ്നത്തിലാണ് ഞങ്ങൾ വിയന്നയിൽ ബസ്സിറങ്ങുന്നത്. ഡാന്യൂബ് നദിയിൽ നിന്ന് ഒഴുകിയെത്തിയ ഇളം കാറ്റ് ഈരടികളായി  ബീഥോവന്റെയും മൊസാർട്ടിന്റെയും ക്ലാസ്സിക്കൽ സംഗീതത്തിന്റെ അകമ്പടിയോടെ ഞങ്ങൾക്ക് സ്വാഗത ഗീതമൊരുക്കി. പിന്നീട് മഞ്ഞിന്റെ മേലാപ്പിലമർന്നിരുന്ന അന്തരീക്ഷത്തിൽ അത് ചുറ്റിക്കറങ്ങി. ഒരു തലോടലായി  ഞങ്ങളെ ചുറ്റിയുഴിഞ്ഞ്  സ്വർഗ്ഗീയാനുഭൂതി പ്രദാനം ചെയ്ത ശേഷം ഡാന്യൂബിന്റെ ജലപ്പരപ്പിന് മേലേക്ക്  തന്നെ നിഷ്ക്രമിച്ചു.
പ്രാഗിൽ നിന്നും പുറപ്പെട്ട ബസ്സ് കൃത്യം നാല് മണിക്കൂർ കൊണ്ട് വിയന്നയിലെത്തി. യാത്രയിലുടനീളം പതിവ് കാഴ്ചകൾ തന്നെയായിരുന്നുവെങ്കിലും വിരസത തോന്നാത്ത വിധം പുറംകാഴ്ചകളെ മനസ്സുമായി ഇണക്കിച്ചേർത്തു.
 
വിയന്ന മെയിൻ ബസ് സ്റ്റാന്റിൽ എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് " പോക്കറ്റടിക്കാരെ സൂക്ഷിക്കുക " എന്ന ബോർഡായിരുന്നു. ഛെ! ഈ വൃത്തികെട്ടവന്മാർ ഇവിടെയുമുണ്ടോ? ഞാനാലോചിച്ചു. സ്വിറ്റ്സർലന്റും ജർമ്മനിയും ചെക്ക് റിപ്പബ്ലിക്കും കഴിഞ്ഞാണ് ഇവിടെ എത്തിയിരിക്കുന്നത്. അവിടെങ്ങും അതെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. വിയന്ന ഇത്ര മോശമാണോ?
മുമ്പ് തായ്ലൻഡിലെ ടക് - ടക് എന്ന ഓട്ടോറിക്ഷകളിൽ ഇത്തരം ബോർഡുകൾ കണ്ടത് ഓർത്തു. പക്ഷെ, യൂറോപ്പിലും അത്തരമൊരു മുൻകരുതലിന്റെ ആവശ്യകത വേണ്ടി വരുമെന്ന് അവർ തന്നെ പറയുമ്പോൾ നമ്മൾ ജാഗ്രത പുലർത്തുന്നത് നല്ലത് തന്നെ. ടാക്സി കാത്തു നില്ക്കവേ ചുറ്റിലുമുള്ള ആളുകളെ വെറുതെ നിരീക്ഷിക്കുമ്പോൾ ചിലരെങ്കിലും ആ കൂട്ടത്തിലുള്ളവരല്ലെ എന്ന് തോന്നിപ്പോയി. തുടർന്ന് സഞ്ചാരികളിൽ പലരുമായും വിഷയം പങ്ക് വെച്ചപ്പോൾ ഇതൊരു സാർവ്വദേശീയ കലാപരിപാടിയാണെന്നും യൂറോപ്പ് മാത്രം അതിൽ നിന്നും എങ്ങനെ മുക്തമാവുമെന്നും തിരികെ ചോദ്യമുണ്ടായി.
ഇത്തവണ Air BNB ഞങ്ങളെ ചെറുതായൊന്ന് കുഴക്കി. ബുക്ക് ചെയ്തിരുന്ന അപ്പാർട്മെന്റ് അവിടെ താമസിച്ചിരുന്നവർ ഒഴിഞ്ഞു പോയിരുന്നില്ല. ടാക്സിയിൽ അവിടെ എത്തിച്ചേർന്നെങ്കിലും അങ്ങോട്ട് പ്രവേശനം സാദ്ധ്യമല്ലാത്ത അവസ്ഥ. നാല് മണിയേ ആയുള്ളുവെങ്കിലും അതിലേറെ തോന്നിക്കുന്ന അന്തരീക്ഷവും കടുത്ത തണുപ്പും.
അവരുമായി ബന്ധപ്പെട്ടപ്പോൾ പ്രതികരണം ഉടനെയുണ്ടായി. വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഇത്തരം അസൗകര്യങ്ങൾക്ക് മാപ്പ് പറഞ്ഞു കൊണ്ട് തൊട്ടടുത്ത് തന്നെയുള്ള ഒരു അപ്പാർട്മെന്റ് അവർ ഒരുക്കിത്തന്നു.ഇന്നിനി പുറത്തേക്കിറങ്ങേണ്ടെന്ന് തീരുമാനിച്ചു. സ്വാദോടെ എന്തെങ്കിലും കഴിക്കണം.  കുറച്ച് ചോറ് വെച്ച് കരുതിയിരിക്കുന്ന കറികളും കൂട്ടി കഴിച്ച് വിശ്രമിക്ക തന്നെ. നഗരക്കാഴ്ചകളിലേക്ക് രാവിലെ തുടക്കം കുറിക്കാം.
യൂറോപ്പിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കാനിഷ്ടപ്പെടുന്ന നഗരങ്ങളിലൊന്നാണ് വിയന്ന. മ്യൂസിയങ്ങളും കൊട്ടാരങ്ങളും കഫേകളും എന്ന് വേണ്ട ചരിത്രം, സംസ്കാരം എന്നിവ തേടി നടക്കുന്നവർക്കും അല്ലാതെയുള്ള നഗരക്കാഴ്ചകളിൽ മാത്രം അഭിരമിക്കുന്നവർക്കും ഒരുപോലെ വ്യത്യസ്താനുഭവങ്ങൾ പകർന്ന് തരുന്നതിൽ വിയന്ന മുമ്പിലാണ്. ഏത് തരം സന്ദർശകർക്കും  ആസ്വാദ്യകരമായ ഒരു  ഇടവേള  നല്കാൻ നഗരം എപ്പോഴും സജ്ജമാണ്. ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയിട്ടുള്ള നഗരമാണ് വിയന്ന. ആധുനികതയും പ്രാക്തനതയും ഇഴ ചേർന്ന് നില്ക്കുന്ന ഒരു നഗര നിർമ്മിതിയാണ് വിയന്ന നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. സ്വപ്ന നഗരിയെന്നും സംഗീത നഗരിയെന്നും ചെല്ലപ്പേരുള്ള ഈ നഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ ചികയുന്നവർക്ക് അത് കണ്ടെത്താൻ അധികം അലയേണ്ട കാര്യമില്ല. പൂർവ്വ കാല നിർമ്മിതികളെ ആശ്ലേഷം ചെയ്യുന്നതോടൊപ്പം ആധുനികതയും തോളോട് തോൾ ചേർന്ന് നില്ക്കുന്നൂണ്ട് ഇവിടെ.
പൊതുവേ സമ്പന്നരും കടുത്ത യാഥാസ്ഥിതികരുമായ ജനതയാണ് ഇവിടത്തുകാർ. യൂറോപ്പിലെ മുഖ്യധാരാ വ്യവസ്ഥകളെ അംഗീകരിക്കാൻ മടികാണിക്കുന്ന രാജ്യമെന്ന നിലയിൽ ഒരിക്കൽ യൂറോപ്യൻ യൂണിയനിൽനിന്നും ബഹിഷ്കൃതമാകേണ്ടി വന്നിട്ടുണ്ട്. തീവ്ര വലതുപക്ഷ സ്വഭാവമുള്ള ഗവണ്മെന്റ് അധികാരത്തിലേറിയ സന്ദർഭത്തിലായിരുന്നു അത്. കത്തോലിക്കാ സഭക്കെതിരെ യൂറോപ്യൻ സമൂഹം ആഞ്ഞടിച്ചപ്പോഴും നാസികളെ ലോകം മുഴുക്കെ ഒറ്റപ്പെടുത്തിയപ്പോഴും അതിനെതിരെ വിചിത്രമായ നിലപാടുകളാണ് ഈ ജനത കൈക്കൊണ്ടത്. വ്യത്യസ്ത ഘട്ടങ്ങളിലാണെങ്കിലും ഇരു കൂട്ടർക്കും സഹായ ഹസ്തവുമായെത്തി ഏവരെയും അമ്പരപ്പിച്ചു.
ഏറെ പുരോഗമിച്ച സമൂഹമാണെങ്കിലും പരമ്പരാഗത ഉത്സവങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും അങ്ങേയറ്റം തത്പരരാണ് ഇവിടത്തുകാർ.
വോൾഗ കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും നീളമേറിയ നദിയായ ഡാന്യൂബിന്റെ കിഴക്കേ തീരത്തായിട്ടാണ് ആസ്ത്രിയയുടെ തലസ്ഥാനമായ വിയന്ന.ജർമ്മനിയിൽ നിന്ന് ഉത്ഭവിച്ച് പത്ത് രാജ്യങ്ങളിലൂടെ ഒഴുകി നീങ്ങി കരിങ്കടലിൽ പതിക്കുന്ന ഡാന്യൂബ് ഒരു മഹത്തായ സംസ്കാര പൈതൃകത്തിന്റെ പ്രതീകമാണ്. പൗരാണിക കാലത്ത് ചരക്കു നീക്കങ്ങൾക്കും കച്ചവടത്തിനുമായി ഉപയോഗിച്ചിരുന്നത് ഈ നദിയെയായിരുന്നു.
ഡാന്യൂബിന്റെ കൈവഴികളെന്നോളം നഗരത്തിന്റെ ഞരമ്പുകളെപ്പോലെ ഒഴുകുന്ന വിയെൻ നദി . ശരിക്കും രണ്ട് അരികുകളിലും കരിങ്കല്ല് വെച്ച് കെട്ടിയ കനാലുകളാണിവ. അവരിതിനെ നദി എന്ന് വിളിക്കുന്നു. നദിയായാലും കനാലായാലും നഗരത്തിന്റെ ഹരിതാഭക്ക് ഊർജ്ജവും പോഷണവുമേകുന്നതിൽ അതിനുള്ള പങ്ക് ചെറുതല്ല.
നഗരപ്രദക്ഷിണത്തിനായി നാമിറങ്ങും മുമ്പേ എല്ലാം പ്ലാൻ ചെയ്ത് വെക്കുന്നത് പണവും സമയവും ലാഭിക്കാനേറെ ഉതകും. വിയന്ന നമുക്ക് മുന്നിൽ ഒരുക്കി വെച്ചിരിക്കുന്ന കാഴ്ച പ്രപഞ്ചം ചെറുതൊന്നുമല്ല. വ്യക്തമായ തീരുമാനങ്ങളോടെ ഓരോ കാഴ്ചയും ആസ്വദിക്കാനും അനുഭവിക്കാനുമായില്ലെങ്കിൽ കളിപ്പാട്ടങ്ങൾ ഒരുപാട് കണ്ട കൊച്ചു കുട്ടികളുടെ മനോനിലയിലേക്ക് നാമെത്തിപ്പെട്ടേക്കും. 
കാണേണ്ട സ്ഥലങ്ങൾ, അവിടത്തെ കാഴ്ചകൾ തീരുമാനിച്ചുറച്ചാൽ വിയന്ന സിറ്റി കാർഡ് വാങ്ങുന്നതാണ് ഏറ്റവും ഉചിതം. 29 യൂറോക്ക് 72 മണിക്കൂർ ഉപയോഗിക്കാവുന്ന കാർഡാണ് മെച്ചം. ബസ്സുകളിലും ട്രാമുകളിലും എത്ര വേണമെങ്കിലും യാത്ര ചെയ്യാം. എൻട്രി ഫീസ് ആവശ്യമുള്ളിടങ്ങളിലെല്ലാം ഈ കാർഡ് കാണിച്ചാൽ ഡിസ്കൗണ്ടും ലഭ്യമാവും. 24 മണിക്കൂർ, 48 മണിക്കൂർ തോതിലുള്ള കാർഡുകളും കിട്ടും.
വിയന്നയുടെ ഹൃദയഭാഗത്തുള്ള ചടുലവും, സജീവവും ഏറെ പ്രസിദ്ധവുമായ ഒരു ഷോപ്പിംഗ് തെരുവാണ് ഗ്രാബെൻ.   റോമൻ കാലഘട്ടത്തിനോളം നീളുന്നുണ്ട് ഈ തെരുവിന്റെ ഉത്ഭവ കഥ. നഗരം വികസിപ്പിക്കുന്നതിനായി ഒരു തോടു നികത്തിയെടുക്കുകയാണുണ്ടായതത്രെ. അതിനാലാണ് തെരുവിന് തോട്, കുഴി എന്നീ വാക്കുകൾക്ക് സമാനമായ ഗ്രാബെൻ  എന്ന പേര് വന്നതെന്നാണ് നിഗമനം. ഇന്ന് ഈ തെരുവ് സഞ്ചാരികൾക്ക് ഒരു പറുദീസയാണെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല.  കണ്ണുകൾക്കും മനസ്സിനും ഒരു വിരുന്ന് തന്നെയാണിവിടം. ഒന്നൊന്നിനോട് കിട പിടിക്കും വിധം വിശിഷ്ട വാസ്തുവിദ്യാ മാസ്റ്റർപീസുകൾ തെരുവിൽ അണിനിരക്കുന്നു.1769 ൽ  പ്ലേഗ് പകർച്ചവ്യാധി നഗരത്തെ ബാധിച്ചതിനുശേഷം സ്ഥാപിച്ച ബറോക്ക് സ്മാരകമായ പ്ലേഗ് സ്തൂപം തെരുവിന്റെ മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്നു. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശില്പങ്ങളിലൊന്നാണിത്. ട്രിനിറ്റി കോളം എന്നും ഇതറിയപ്പെടുന്നു.
ഇവിടെ നമുക്ക് പരമ്പരാഗത ഷോപ്പുകൾ, കോഫി ഹൗസുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, സുവനീർ ഷോപ്പുകൾ എന്നിവയും അതിലേറെയും കണ്ടെത്താനാകും. 
ഏറെ പ്രശസ്തമാണ് വിയന്നയുടെ കോഫി സംസ്കാരം. "നമുക്ക് ഒരു കോഫി കഴിക്കാം" എന്നത് വളരെ സാധാരണമായി കേൾക്കുന്ന ഒരു വാക്യം തന്നെയായിരിക്കാം ഇവിടെ. സ്റ്റാർബക്സ്, ഇറ്റാലിയൻ ശൈലിയിലുള്ള എസ്‌പ്രെസോ ബാറുകൾ എന്നിവയുടെ  കടന്നുകയററം നഗരത്തിലെമ്പാടും ദൃശ്യമാവുന്നതും അത് കൊണ്ട് തന്നെയായിരിക്കണം. പണ്ട് നമ്മുടെ നാട്ടിൽ ബുദ്ധിജീവി കേന്ദ്രങ്ങളായിരുന്ന ഇൻഡ്യൻ കോഫി ഹൗസിനെപ്പോലെ  ഒരു കപ്പ് കാപ്പി കുടിച്ചു കൊണ്ട് , പത്രം വായിച്ചു കൊണ്ട് ഇഷ്ടം പോലെ സമയം ചില വഴിക്കാനാവുന്ന ഇത്തരം ഇടങ്ങൾ വിയന്നയിലെമ്പാടും നമുക്ക് കണ്ടെത്താനാകും.  ഒരു കപ്പ് കാപ്പിയുടെ അകമ്പടിയിൽ സുഹൃത്തുക്കളുമായി ചർച്ചയിലേർപ്പെട്ട് കൊണ്ട് ,  കാമുകിയുമായി പ്രണയ സല്ലാപത്തിലേർപ്പെട്ട് കൊണ്ട് ഒരു ദിവസം മുഴുക്കെ ചിലവഴിക്കാനാകുന്ന കോഫി ഹൗസുകൾ അവരുടെ കോഫിയോടുള്ള പ്രണയാവേഗങ്ങൾ കൂടിയാണെന്ന് നമുക്ക് മനസ്സിലാകും. 
സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ ആണ് നഗരത്തിലെ ഏറെ ആകർഷകമായ ഒരിടം. കണ്ടിടത്തോളം യൂറോപ്പിലെ ഏതൊരു പള്ളിയുടെ അകത്തളങ്ങൾക്ക് സമാനമെങ്കിലും അവിടെ കാണാവുന്ന പ്രാചീന ശില്പങ്ങൾക്കും കൊത്തുപണികൾക്കും വ്യത്യസ്തത  കണ്ടെത്താനാകും. കത്തീഡ്രലിൽ നാല് ഗോപുരങ്ങളുണ്ട്. അതിൽ ഏറ്റവും ഉയരമുള്ള ഗോപുരത്തിന്റെ മുകളിൽ ഒരു ടവർ റൂമും. അവിടെ നിന്ന് നഗരത്തിന്റെ അതിശയകരമായ കാഴ്ച ആസ്വദിക്കാനാകുെമെന്ന് മറ്റ് സന്ദർശകർ പറഞ്ഞിരുന്നെങ്കിലും അവിടെ എത്തിപ്പെടാനായില്ല. അവിടേക്ക് എലിവേറ്റർ ഇല്ലാത്തതിനാൽ 300ലേറെ പടികൾ കയറുക എന്നത് അസാദ്ധ്യമായിരുന്നു. നേരെ എതിർ വശത്തുള്ള ഗോപുരം ആദ്യത്തേതിനേക്കാൾ ചെറുതാണ്. അവിടെ ലിഫ്റ്റ് ഉള്ളതിനാൽ നമുക്ക് നിഷ്പ്രയാസം മുകളിലെത്താം. ഈ ഗോപുരത്തിന്റെ പണി ഇനിയും മുഴുമിച്ചിട്ടില്ലാത്ത അവസ്ഥയിലാണ്. പിശാചിന്റെ കൈകൾ ഈ ഗോപുരത്തിന്റെ പണി തടസ്സപ്പെടുത്തി എന്നാണ് വിശ്വാസം. എങ്കിലും മുകളിലെത്തിയാൽ ഓസ്ട്രിയയിലെ ഏറ്റവും വലിയ പള്ളി മണി ഉൾപ്പെടെ നഗര ദൃശ്യങ്ങളുടെ ഒരു വിരുന്ന് നമുക്കായി ഒരുക്കി വെക്കുന്നതിൽ പിശാച് വിമുഖത കാട്ടിയില്ല എന്ന് നാം കണ്ടെത്തും.ആൽപ്സിന്റെ പച്ചപ്പ് നിറഞ്ഞ നീണ്ട മലനിരകൾ അങ്ങകലെ കാണാനാകും. അപ്പോഴും, പിശാചിന്റെ കൈകൾ മൂടൽ മഞ്ഞായി വന്ന് കാഴ്ചയെ ഒപ്പിയെടുത്തില്ലെങ്കിൽ. 
പതിനാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ പണി കഴിപ്പിക്കപ്പെട്ട ഈ ചർച്ച് നഗരത്തിന്റെ പൈതൃക സമ്പത്തിലെ അമൂല്യ നിർമ്മിതിയായി വിലയിരുത്തപ്പെടുന്നു. ഇതിന്റെ മേൽ കൂരയിൽ പതിച്ചിട്ടുള്ള വർണ്ണ ഓടുകളുടെ ആകർഷകമായ കാഴ്ച മറ്റ് ചർച്ചുകളിൽ നിന്നും ഇതിനെ വേറിട്ടതാക്കുന്നു.  

മ്യൂണിക്കിലെ പോലെ മ്യൂസിയങ്ങളുടെ നീണ്ട നിരകൾ ഈ നഗരത്തിൽ നമുക്ക് കണ്ടെത്താനാകില്ല. എങ്കിലും ഏറെ പ്രശസ്തമാണ് ബീഥോവൻ മ്യൂസിയവും മൊസാർട്ട് മ്യൂസിയവും ജർമ്മൻ മ്യൂസിയവും . നിശ്ചിത സമയപരിധിയുള്ള സഞ്ചാരികളെന്ന നിലയിൽ എല്ലാം സന്ദർശിക്കാനുള്ള അവസരം നമുക്ക് കിട്ടില്ലായിരിക്കാം. എങ്കിലും മേൽ പറഞ്ഞ മ്യൂസിയങ്ങളോടൊപ്പം ഹോഫ് ബർഗും ഷോൺബ്രണ്ണും (രണ്ടും പാലസുകൾ) കണ്ടില്ലെങ്കിൽ വിയന്ന നമ്മൾ കണ്ടു എന്ന് പറയുന്നതിൽ അർത്ഥമില്ല എന്നാണെനിക്ക് അനുഭവപ്പെട്ടത്. 13 - നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഹോഫ്ബർഗ് കൊട്ടാരത്തിൽ നിധിശേഖരങ്ങൾ ഉൾപ്പെടെ അമൂല്യമായ വസ്തുവകകളാൽ നിറയപ്പെട്ടിരിക്കുന്നുവെന്ന് അവിടെ രേഖപ്പെടുത്തിയ വസ്തുതകൾ നമ്മോട് പറയുന്നുണ്ട്. സഞ്ചാരിയായെത്തുന്ന ഏതൊരാൾക്കും കൺനിറയെ കാണാവുന്ന തരത്തിലാണ് ഇവയുടെ പ്രദർശനം.


നഗരത്തിനുള്ളിൽ മറ്റൊരു നഗരം പോലെ തോന്നിപ്പിക്കുന്ന നിർമ്മിതിയാണ് ഇതിന്റേത്.18 വ്യത്യസ്ത കെട്ടിടങ്ങളിലായി 2600 മുറികളാണ് ഈ കൊട്ടാര സമുച്ചയത്തിലുള്ളത്. ഓരോ ഹാബ്സ്ബർഗ് രാജാക്കമാരും കൊട്ടാരത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു വരികയായിരുന്നത്രെ. ഏതാണ്ട് 700 വർഷങ്ങളോളം ഈ വിധം ഇതിന്റെ നിർമ്മാണം തുടർന്ന് കൊണ്ടേയിരുന്നു. യൂറോപ്പിന്റെ ചരിത്രം സംക്ഷിപ്തമായി ആ ലേഖനം ചെയ്ത ചുമരുകളാണ് ഈ കൊട്ടാരത്തിന്റെ ഒരു പ്രത്യേകത. കൊട്ടാരത്തിന് വെളിയിലാകട്ടെ , നമ്മൾ കാലത്തിലൂടെ പിറകോട്ട് സഞ്ചരിക്കയാണെന്ന് തോന്നത്തക്ക നിലയിൽ ഗതകാല പ്രൗഢിയോടെ നമ്മെ കാത്തു നില്ക്കുന്ന കുതിരവണ്ടികൾ.
തികഞ്ഞ രാജകീയ പ്രൗഢി മുറ്റി നില്ക്കുന്ന ഈ കൊട്ടാരം നൂറ്റാണ്ടുകൾ ആസ്ത്രിയ ഭരിച്ചിരുന്ന ഹാബ്സ്ബർഗ് രാജവംശത്തിന്റെ ശൈത്യകാല വിനോദങ്ങൾക്കുള്ള വേദി കൂടിയായിരുന്നു. ഇന്ന് ആസ്ത്രിയൻ പ്രസിഡന്റിന്റെ ഭരണ നിർവഹണ കാര്യാലയവും ഇത് തന്നെയാണ്. 
13-ാം നൂറ്റാണ്ട് മുതൽ ഒന്നാം ലോക മഹായുദ്ധം കഴിയുന്നത് വരെ ഇവിടം ഭരിച്ചിരുന്നത് ഹാബ്സ്ബർഗ് രാജവംശമായിരുന്നു. മദ്ധ്യ-പൂർവ്വ യൂറോപ്പ് ഉൾപ്പെടെ അവരുടെ സാമ്രാജ്യം വിപുലമായിരുന്നു. അവരുടെ വേനൽക്കാല രാസക്രീഡകളുടെ താവളമായിരുന്ന ഷോൺബ്രൺ കൊട്ടാരത്തിലേക്കാണ് ഇപ്പോൾ ഞങ്ങൾ എത്തിയിരിക്കുന്നത്.
രാവിലെ 10 മണിയായതേയുള്ളു. നൂറുകണക്കിന് സന്ദർശകരാൽ നിബിഡമാണ് ഇവിടം. വിശാലമായ നടുമുറ്റവും അതിനപ്പുറത്തായി പ്രൗഢിയോടെ തലയുയർത്തി നില്ക്കുന്ന കൊട്ടാരവും .നമ്മൾ ഒന്നാം നിലയിലേക്കെത്തുന്നത് വിശാലമായ ദർബാർ ഹാളിലേക്കാണ്. കമനീയമായ വാതിലുകളും ജനലുകളും അവക്കിടയിലായി അതിമനോഹരമായ ചുവർ ചിത്രങ്ങളാലും അലംകൃതമാണ് ഈ ഹാൾ. ഹാബ്സ്ബർഗ് രാജാക്കന്മാർ പരമ്പരയായി ഉപയോഗിച്ചിരുന്ന സിംഹാസനം. അതിന് മുന്നിലായി മന്ത്രിമാർക്കും ഉപദേശകർക്കുമായി നിരത്തിയിട്ട പീഠങ്ങൾ. 
പ്രത്യേക വെളിച്ച ക്രമീകരണത്തിലൂടെ ഒരു പൗരാണിക കാലത്തിന്റെ ഓർമ്മകളിലേക്ക് നമ്മൾ ഊളിയിട്ട് നീങ്ങുന്ന ഒരന്തരീക്ഷം. വീണ്ടും മുകളിലേക്ക് മുകളിലേക്ക് പോകുന്തോറും അവരുടെ രാജകീയ ജീവിതത്തിന്റെ ആഡംബരവും പ്രൗഢിയും നമ്മെ അത്ഭുതപരതന്ത്രരാക്കുന്ന വിധം സജ്ജീകരിച്ചിട്ടുള്ള പള്ളിയറകൾ, തീൻ മേശകൾ....1441 മുറികളാണ് ഈ കൊട്ടാരത്തിലുള്ളത്. വിയന്നയിലെ ഏറ്റവും വലിയ ചരിത്ര സാംസ്കാരിക കേന്ദ്രമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.
പത്ത് മണിക്ക് എത്തുമ്പോൾ തന്നെ തിരക്കായിരുന്നു ഇവിടെ. പലരും ടിക്കറ്റ് കിട്ടാതെ തിരികെ പോകുന്നുണ്ടായിരുന്നു. അങ്ങനെയായാൽ പോലും നിരാശരാകാതിരിക്കാൻ അവിടത്തെ അതിമനോഹരമായ പൂന്തോട്ടങ്ങളും ചുറ്റുമുള്ള കാഴ്ചകളും  നമുക്ക് നയന സുഖം ഏറെ പ്രദാനം ചെയ്യും.
പാർക്കിലേക്കും കൊട്ടാരത്തിന്റെ പൂന്തോട്ടത്തിലേക്കും പ്രവേശനത്തിന് പ്രത്യേക ടിക്കറ്റ് ആവശ്യമില്ല.  നാട്ടുകാരായ നിരവധി പേർ ജോഗിംഗും മറ്റ് എക്സർസൈസുകളും നടത്തുന്നതും അത്യാകർഷകത്വം നിറഞ്ഞ പൂന്തോട്ടങ്ങളുടെ ഭംഗി ആസ്വദിക്കുന്നതും കാണാമായിരുന്നു. കൊട്ടാര സമുച്ചയം വളരെ വലുതായതിനാൽ, സന്ദർശകർക്ക് പൂന്തോട്ടങ്ങളിലേക്കുള്ള വഴി കണ്ടെത്താൻ അല്പം ബുദ്ധിമുട്ടേണ്ടതായി വരുന്നുണ്ട്. ഞങ്ങൾ അത്തരമൊരു ഉദ്യാനക്കാഴ്ച അവിടെ പ്രതീക്ഷിക്കാതെ തിരികെ പോരാനൊരുങ്ങിയതയായിരുന്നു. മറ്റ് സന്ദർശകരെ പിന്തുടർന്ന് അവിടെ എത്തിയില്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ടം തന്നെയായി ഭവിക്കുമായിരുന്നു.
പൂന്തോട്ടങ്ങളിൽ നിന്നാൽ കുന്നിൻ മുകളിലെ ഏറ്റവും വലുതും പ്രശസ്തവുമായ ഗ്ലോറിയറ്റ് കാണാനാകും. ആർക്കിടെക്റ്റ് ജോഹാൻ ഫെർഡിനാണ്ടിന്റെ മേൽനോട്ടത്തിൽ  1775 ലാണ് ഇത് നിർമ്മിച്ചത്. കൊട്ടാരത്തിൽ നിന്ന് നോക്കിയാൽ പുറത്തെ കാഴ്ചകളിൽ  സമതലത്തോട് ചേർന്ന ഒരു കുന്നിന്റെ കാഴ്ചയായിരുന്നത്രെ. രാജകുടുംബത്തിന് അത് അപശകുനമായി തോന്നിയതിനാലാണ്  ഗ്ലോറിയറ്റ് നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. അതിന്റെ ടെറസിലെത്താൻ ഗ്ലോറിയറ്റിൽ നിന്ന് ടിക്കറ്റ് വാങ്ങാം. കൊട്ടാരത്തിന്റെയും ചുറ്റുമുള്ള അതിമനോഹരമായ പ്രകൃതിയുടെയും വിസ്മയകരമായ ഒരു കാഴ്ച അവിടെ നിന്നാൽ നമുക്കാസ്വദിക്കാനാവും. 

14-ാംനൂറ്റാണ്ട് മുതൽ ഇവിടെ കുടിപാർത്തിരുന്ന ജൂത സമൂഹത്തിന്റെ ജീവിത ചിത്രങ്ങൾ ഒരു വെർച്വൽ ടൂറിലെന്നപോലെ നമുക്ക് ജ്യൂവിഷ് മ്യൂസിയത്തിൽ നിന്നും ലഭിക്കും. 1938 ൽ നാസിപ്പട അതിക്രമിച്ച്  "വംശശുദ്ധി " വരുത്തുന്നത് വരെ സിനഗോഗുകളാലും അവിടത്തെ നിറഞ്ഞ പ്രാർത്ഥനകളാലും മുഖരിതമായിരുന്നു നഗരം. ഗുസ്താവ് മാഹ്ലെറെ പോലെ ആ കാലഘട്ടത്തെയും ഇരുപതാം നൂറ്റാണ്ടിനെയും ബന്ധിപ്പിച്ചു നിർത്തിയ സംഗീതജ്ഞൻ. മനുഷ്യമനസ്സിന്റെ സങ്കീർണ്ണമായ വിചിത്ര ഭാവങ്ങളെ , പ്രക്ഷുബ്ധമായ വിചാരങ്ങളെ ലോകത്തിന് മുന്നിൽ തുറന്ന് കാട്ടി അതിന് പരിഹാരം കണ്ടെത്തിയ ഫ്റോയ്ഡ് .  ഇന്നും എന്നും സംഗീതജ്ഞരിൽ ഒന്നാമതായി നില്ക്കുന്ന മൊസാർട്ടും ബീഥോവനും . ഇവരെല്ലാം ലോകത്തിന് ഈ നഗരം നല്കിയ അമൂല്യ സംഭാവനകളാണ്. ജനനം കൊണ്ട് ജർമ്മൻകാരനാണെങ്കിലും ബീഥോവനെ, സ്വന്തം അച്ഛന്റെ ആഗ്രഹം പോലെ മൊസാർട്ടിനോളം വലിയ ഒരു മ്യൂസിക് കമ്പോസർ  ആക്കിത്തീർത്തത് ഈ നഗരത്തിലെ ജീവിതം തന്നെയായിരുന്നു.
ഏകദേശം 4. കി.മീ. നീളത്തിലുള്ള പ്രാറ്റർ പാർക്ക് ആണ് വിയന്നയിലെ മറ്റൊരു വിനോദ കേന്ദ്രം. മ്യൂണിക്കിലെ ഇംഗ്ലീഷ് പാർക്കിനോട് കിടപിടിക്കുന്ന ഒന്നാണ് ഇതും. ലോകത്തിലെ ഏറ്റവും വലിയ ജയന്റ് വീൽ ഉൾപ്പെടെ നിരവധി വിനോദോപാധികൾ ലഭ്യമാകുന്ന ഇവിടെ പ്രവേശനം സൗജന്യമാണ്. പക്ഷെ ഉള്ളിൽ കടന്നാൽ ഓരോന്നിനും ടിക്കറ്റുകൾ വേണ്ടിവരും. 20 മിനിറ്റ് കൊണ്ട് പാർക്ക് മുഴുവൻ ചുറ്റിവരുന്ന ട്രെയിൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആഹ്ളാദമേകും. പൊതുവേ അമ്യൂസ്മെന്റ് പാർക്കുകളിലെ കറങ്ങും യന്ത്രങ്ങളോട് ആഭിമുഖ്യമില്ലെങ്കിലും ഇതിൽ കയറാൻ ഒരു കൗതുകം തോന്നി. ഉയരങ്ങളിൽ നിന്ന് നാം കാണുന്ന നഗര ദൃശ്യങ്ങൾ നൊടിയിടയേ ഉള്ളുവെങ്കിലും അതുളവാക്കുന്ന ആഹ്ളാദം അനിർവ്വചനീയമാണ്. ജയന്റ് വീലിന് അഞ്ച് യൂറോയാണ് പ്രവേശന നിരക്ക്. മൂന്ന് - നാല് മണിക്കൂർ ചില വഴിക്കാൻ പറ്റിയ ഒരു സ്ഥലം തന്നെയാണ് ഈ പാർക്ക്. കൊച്ചു തടാകവും വനഭംഗിയും നിറഞ്ഞതാണ് ഇവിടം.

 സിറ്റി പാർക്കിന്റെ ജർമ്മൻ നാമമാണ് സ്റ്റാഡ് പാർക്ക്.  വിയന്നയിലെ ആദ്യത്തെ മുനിസിപ്പൽ ഗാർഡ്നർ ആയിരുന്ന റുഡോൾഫ് സീബെക്ക്  1861 ൽ ഇത് രൂപകൽപ്പന ചെയ്തു  നിർമ്മിച്ചതാണ് ഇത്. ഇന്ന് നഗരത്തിലെ ഏറ്റവും വലിയ മുനിസിപ്പൽ പാർക്കാണ് സ്റ്റാഡ് പാർക്ക്. വിയന്ന നദി പാർക്കിനെ രണ്ടായി വിഭജിച്ചു കൊണ്ട് കടന്നുപോകുന്നു. പാർക്കിന്റെ ഓരോ ഭാഗങ്ങളും എങ്ങോട്ട് തിരിഞ്ഞാലും ചിത്രങ്ങൾ പകർത്തക്ക സുന്ദര ദൃശ്യങ്ങളാണ് നമുക്ക് മുന്നിലവതരിപ്പിക്കുന്നത്. മലയാളമുൾപ്പെടെ  നിരവധി ഇന്ത്യൻ സിനിമകൾക്ക് ലൊക്കേഷനായി തീർന്നിട്ടുള്ളതാണ് ഈ പാർക്ക്. ഷോൺ ബ്രണ്ണിൽ നിന്നും ടെയിൻ വഴി സ്റ്റാഡ് പാർക്കിൽ എത്തിച്ചേരാൻ ഒട്ടു ദൂരമില്ല.

നഗരത്തിന് നടുവിലായി തന്നെ അത്യാകർഷകങ്ങളായ പൂക്കളാൽ നിറഞ്ഞ ഒരിടം ശ്രദ്ധയിൽ പെട്ടു. അതിന്റെ കമാനങ്ങൾ തന്നെ ഏതൊരാളേയും അങ്ങോട്ട് ക്ഷണിക്കുന്നതായി തോന്നും. ആ വഴി പോകുന്ന ഏതൊരു സഞ്ചാരിക്കും അവിടെയൊന്ന് കയറി നോക്കാതിരിക്കാനാവില്ല തന്നെ. കൗതുകം ഞങ്ങളെയും അതിനുള്ളിലേക്ക് പിടിച്ചു കയറ്റി. നൂറ് മീറ്ററോളം പാർക്കിന്റെ പ്രതീതിയുണർത്തുന്ന അതിന്റെ ശേഷിച്ച ഭാഗങ്ങളത്രയും ഒരു ശ്മശാനമാണെന്ന് കണ്ടതിൽ ഞങ്ങൾ ആശ്ചര്യം പൂണ്ടു. അവിടന്നങ്ങോട്ട് മാർബിൾ കല്ലറകൾ, അവക്ക് മേലെ പ്രിയപ്പെട്ടവർക്കായി ആരോ സമർപ്പിച്ച പൂവുകൾ. അറ്റം കാണാത്തത്ര നിരകൾ. ഒരു നിമിഷമെങ്കിലും ജീവിതത്തിന്റെ ആഹ്ളാതിരേകങ്ങളെ മ്ലാനമാക്കുന്ന അനുഭവം. " ഇന്ന് നീ സന്ദർശകനായി ഇവിടെ യെത്തി. നാളെ നീ ഇവിടെയുറങ്ങുമ്പോൾ വീണ്ടും സന്ദർശകർ ഇവിടെയെത്തും. നീയറിയുന്നില്ലെങ്കിൽ കൂടിയും . " ഈ അർത്ഥം വരുന്ന ഒരു മാർബിൾ ലിഖിതം അതിന്റെ പാർശ്വത്തിൽ അപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. തികച്ചും പ്രശാന്തമായ സുന്ദര സുരഭിലമായ അന്തരീക്ഷം. പുറത്തെ നഗരത്തിന്റെ ശബ്ദ കോലാഹലങളൊന്നും തന്നെ ഇങ്ങോട്ടെത്തുന്നില്ല. നിത്യനിദ്രയിലായവരെ നഗരം അതിന്റെ ആദരവോടെ പരിപാലിക്കുന്നതിന്റെ ഒരപൂർവ കാഴ്ചയായിരുന്നു അത്.
പ്രഖ്യാതമായ നാഷ് മാർക്കറ്റിലൂടെ ഒരു പ്രദക്ഷിണം. ആസ്ത്രിയയുടെ പരമ്പരാഗത കേക്കും ഒരു കോഫിയും. അതൊന്ന് രുചിച്ചില്ലെങ്കിൽ യാത്രയുടെ സ്വാരസ്യം പൂർണ്ണമാകുന്നില്ല. വ്യത്യസ്ത ദേശങ്ങളിലെയും രാജ്യത്തിന്റെ തനത് രുചികളുടെയും ഒരു സമന്വയമാണ് ഈ മാർക്കറ്റ് നമുക്ക് മുന്നിൽ തുറന്നിടുന്നത്. ഒരിടത്ത് ഞങ്ങൾ ജയ അരിയും കായ ഉപ്പേരിയും മറ്റ് കേരളീയ വിഭവങ്ങളും കണ്ടു. ഇവിടെ തന്നെ ഫിഷ് സെല്ലറുടെ ഫ്രീസറിൽ കുഞ്ഞു താക്കോൽ വലിപ്പത്തിലുള്ള മത്തിയും കണ്ടത് ഏറെ അത്‌ഭുതപ്പെടുത്തി.  ഉത്സവ പറമ്പുകളിലെ കച്ചവടക്കാരെ ഓർമ്മിപ്പിക്കും വിധമായിരുന്നു വ്യാപാരികളേവരും.
നഗരത്തിലെ തിക്കിലും തിരക്കിലും നിന്നൊഴിഞ്ഞ് പ്രകൃതി ഭംഗി നുകരണമെങ്കിൽ നമുക്ക് പോകാവുന്ന ഒരിടമാണ് വാക്കോവ് (Wachau) താഴ്വര. കുന്നുകളും മേച്ചിൽപുറങ്ങളും നിബിഡ വനങ്ങളും നിറഞ്ഞ ഈ പ്രദേശം വിയന്നയിലെത്തുന്ന സഞ്ചാരികൾക്ക് എന്നെന്നും മനസ്സിൽ സൂക്ഷിക്കാനുള്ള ഓർമ്മകളേകും.
നിരനിരയായി നില്ക്കുന്ന ചെസ്റ്റ് നട്ട് മരങ്ങൾക്കിടയിലൂടെ ആപ്രിക്കോട്ട് തോട്ടങ്ങൾ അതിരിടുന്ന കൊച്ചു കൊച്ചു കുന്നുകൾ കയറിയിറങ്ങുമ്പോൾ ഡാന്യൂബിന്റെ ജലമർമ്മരങ്ങൾ സംഗീതശകലങ്ങളായി നമ്മുടെ ചെവികളിലൊഴുകിയെത്തും. നീലമേലാപ്പു വിരിച്ച ആകാശത്തിന് അതിരിട്ടിട്ടെന്നോണം നീണ്ടു കിടക്കുന്ന മലനിരകൾ. കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു കവിയുന്ന കാഴ്ചകളുടെ വിസ്മയ പ്രപഞ്ചമാണ് വാക്കോവ് താഴ്‌വര.
ഞങ്ങളിവിടെ എത്തിയത് ശരിയായ സമയത്ത് തന്നെയായിരുന്നു. ആപ്രിക്കോട്ടുകൾ പൂത്ത് തുടങ്ങിയിരിക്കുന്നു. വസന്താഗമനത്തിന്റെ സമയമായ ഏപ്രിൽ. പ്രകൃതി അതിന്റെ മുഴുവൻ ഭംഗിയും സൗരഭ്യവും പ്രദർശിപ്പിക്കാൻ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞിരുന്ന സമയം. മരങ്ങളെല്ലാം പുതിയ ഇലകളാലും പൂക്കളാലും പൊതിയപ്പെട്ടിരിക്കുന്നു. പച്ചിലപ്പടർപ്പുകളും പൂക്കളും പുഴയിൽ നിന്നൊഴുകി വരുന്ന കാറ്റും.  തദ്ദേശീയരായ ആളുകൾ പോലും ഇടക്കിടെ ഈ പ്രശാന്തതയിൽ മുഴുകിയിരിക്കാനായിട്ട് ഇവിടെ വരാറുണ്ടെന്നത് ഗൈഡ് നല്കിയ സാക്ഷ്യപത്രം. 

മെൽക്ക് കൃസ്തീയ മഠമാണ് ഇവിടെ സഞ്ചാരിയെ ഏറെ ആകർഷിക്കുന്ന മറ്റൊരിടം . 11-ാം നൂറ്റാണ്ടിൽ പണി കഴിപ്പിക്കപ്പെട്ട ഈ മഠം റോമൻ സാമ്രാജ്യത്തിന്റെ പരമ്പരാഗത  രീതിയും ആധുനിക വാസ്തുവിദ്യയും ചേർന്ന ഒരു സങ്കലനമാണ്. പിങ്ക് നിറത്തിലുള്ള സ്റ്റെയർ കേസുകൾ തന്നെ അതിന്റെ അത്യാകർഷക നിർമ്മിതി കൊണ്ട് ഏവരെയും ആകർഷിക്കുന്നതാണ്. ഏറ്റവും മുകളിലെത്തിയാൽ മെൽക് നഗരത്തിന്റെയും ഡാന്യൂബിന്റെയും മനോഹര ദൃശ്യങ്ങൾ കാണാനാകും. കുന്നിറങ്ങി താഴ്വാരത്തിലെത്തിയാൽ പ്രകൃതി നല്കുന്ന സ്വച്ഛന്ദതയിലേക്ക് നാം ഇഴുകി ചേരുന്നതായി അനുഭവപ്പെടും. വിയന്നയിൽ നിന്നും ട്രാം, ബസ്, ബോട്ട് എന്നീ മാർഗ്ഗങ്ങളിലൂടെ ഇവിടെ എത്താവുന്നതാണ്.
പതിനേഴ് ദിവസങ്ങളിലൂടെ നാല് രാജ്യങ്ങളുടെ വിസ്മയക്കാഴ്ചകൾ കണ്ട് നാളെ ഞങ്ങൾ വീണ്ടും ദുബായിലേക്ക് തിരിക്കുകയാണ്. അനിർവചനീയമായ ഒരു സ്വപ്നം പോലെ കടന്ന് പോയ ദൃശ്യവിരുന്നുകളും അനുഭവങ്ങളും. ഒരിക്കലും മറക്കാനാവാത്ത ഈ കാഴ്ചകളിലേക്ക് ഒരിക്കൽ കൂടി വരാനായെങ്കിൽ എന്ന മോഹത്തോടെ യാത്രയാവുകയായി...... 

Share this story

Comments (2)

  • Suharabi

    11 October 2020

    വിയന്നയിൽ ഒന്ന് കറങ്ങി വന്ന പോലെ തോന്നി. നല്ല വിവരണം.

  • Suharabi

    11 October 2020

    വിയന്നയിൽ ഒന്ന് കറങ്ങി വന്ന പോലെ തോന്നി. നല്ല വിവരണം.