11 July 2020 · 9 min read · യാത്ര

യാത്ര/ പ്രാഗ്.


പ്രാഗ് — ഒരു ബൊഹിമിയൻ നഗരം. 
ഇനി ഒരഞ്ചു വർഷമെങ്കിലും വിനോദ സഞ്ചാരികൾ ഒരു പറുദീസയും തേടിപ്പോകാനിടയില്ല. കാലാവസ്ഥയുടെ പ്രതികൂല സാഹചര്യങ്ങളോ സാമ്പത്തിക പ്രയാസങ്ങളോ ആവില്ല അവരെ അതിൽ നിന്നും തടഞ്ഞു നിറുത്താനുള്ള കാരണം. കോവിഡ് എന്ന കുഞ്ഞൻ വിതച്ച ഭീതിയുടെ അലകൾ ഒഴിഞ്ഞു പോയാൽ പോലും അതിന്റെ ബാക്കിപത്രങ്ങൾ വിതച്ചേക്കാവുന്ന അന്തക വിത്തുകൾ സഞ്ചാരിയുടെ ദൃശ്യ മോഹങ്ങൾക്ക് മേലെ ഒരു കറുത്ത നിഴലായി നിലകൊള്ളും. ജീവൻ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഒരു സാഹസത്തിന് അത് കൊണ്ട് തന്നെ അവൻ രണ്ടാമതൊന്നാലോചിക്കും.
ഇത് 2019 ഏപ്രിലിൽ ഞാനും കുടുംബവും ഒന്നിച്ച് പോയ ഒരു യൂറോപ്യൻ ട്രിപ്പിലെ പ്രാഗ് സെഗ്മെന്റ് ആണ്. ആദ്യമായാണ് ഇത്തരമൊരു എഴുത്ത് സാഹസത്തിന് മുതിരുന്നത്. അപാകതകൾ ഏറെയുണ്ടാവും. ക്ഷമിക്കുക, പൊറുക്കുക. തുടർന്ന് വായിക്കാൻ ഉത്സുകരാവുക !
താരുണ്യവതിയായ ഒരു യുവതിയായാണ് പ്രാഗ് എനിക്കനുഭവപ്പെട്ടത്. മുഗ്ദ ലാവണ്യത്തിന്റെ രശ്മികൾ കണ്ണുകളിൽ പേറി അലസഗമനം നടത്തുന്ന അതി സുന്ദരിയായ ഒരു തരുണി. അവളുടെ കണ്ണുകളിൽ നിന്നും നക്ഷത്രങ്ങൾ പെയ്തിറങ്ങയായി ;അവളുടെ ചുണ്ടുകളിൽ നിന്നും വീഞ്ഞിന്റെ നുരകൾ വഴിഞ്ഞൊഴുകുകയും . വശ്യവും മാദകവുമായ ഒരു ആശ്ലേഷത്തിന്റെ ആഹ്ലാദിരേകം ഓരോ ചുവടിലും നമുക്കായി അവൾ കാത്തുവെച്ചിരിക്കുന്നു. ഓരോ സഞ്ചാരിയുടെയും മനസ്സിൽ യാത്ര നല്കുന്ന സുഖകരമായ ഓർമ്മകൾ തങ്ങി നില്ക്കും വിധം എന്തെങ്കിലുമൊന്ന് ബാക്കിയിടാൻ അവൾ പ്രാപ്തയാണ്. ആ പിടിയിൽ നിന്നും വിട്ടു പോരാതിരിക്കാൻ മനസ്സ് തീർച്ചയായും കൊതിക്കും. അതിനായി വെമ്പൽ കൊള്ളും. മറ്റൊരു നഗരത്തിൽ നിന്നും നമ്മൾക്ക് കിട്ടാത്ത ഒരനുഭൂതി നമ്മിലേക്ക് ചൂഴ്ന്നിറങ്ങുന്ന ഒരനുഭവമായി നഗരത്തിലേതൊരിടത്ത് കാൽ വെച്ചാലും നാം തൊട്ടറിയും.
ഒരു ബൊഹിമിയൻ യുഗത്തിന്റെ സ്മാരകശിലകൾ ഈ 21-ാം നൂറ്റാണ്ടിലും നമുക്കായി കാത്തുവെച്ചിരിക്കുന്നതിന്റെ ദൃശ്യവിസ്മയങ്ങൾ പ്രാഗിലെവിടെയും കാണാനാകും. മദ്ധ്യ യൂറോപ്പിന്റെ പൗരാണികത ഓരോ ചത്വരങ്ങളും മറനീക്കി പുറത്ത് വരുമ്പോൾ സഞ്ചാരിയുടെ കണ്ണിനും മനസ്സിനും കൈവരുന്ന ആഹ്ലാദം അനിർവ്വചനീയമാണ്. പ്രാഗ് ഒരിക്കലും കണ്ട് തീരാത്ത കാഴ്ചകളുടെ ഒരത്ഭുതപ്രപഞ്ചം തന്നെയാണ്.
ഒരു ആർച്ച് പോലെ നഗരത്തെ ചുറ്റിക്കിടക്കുന്നു വോൾട്ടാവോ നദി. ഇരുകരകളിലും നഗരം വിടർന്ന് വിതാനിച്ചു കിടക്കുകയാണ്. സഞ്ചാരികളുടെ തിരക്കിനാൽ എപ്പോഴും ശബ്ദായമാനമായ തെരുവുകളും സ്ക്വയറുകളും .പുഴക്ക് കുറുകേയുള്ള ചാൾസ് പാലത്തിൽ (പാലങ്ങളിൽ ) സ്ഥാപിച്ചിട്ടുള്ള തുണുകളിലെ ശില്പങ്ങളിൽ നിന്നും നമുക്ക് കിട്ടുന്ന ചരിത്ര പാഠങ്ങൾ ഒരു ഗൈഡിന്റെ  സഹായമില്ലെങ്കിൽ പോലും പ്രാഗിന്റെ പൂർവ കാല ചരിത്രത്തെ വിലയിരുത്താൻ നമ്മെ പ്രാപ്തരാക്കും.

പ്രാഗ് ഒരു വിസ്മയം തന്നെയാണ്. നാല് ദിവസങ്ങളിലെ ചുറ്റിത്തിരിയലുകൾക്ക് മാത്രം ഇവിടെ എന്താണുള്ളതെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ നാല് മാസങ്ങൾ  കറങ്ങിയാലും തീരാത്തത്ര കാഴ്ചകളുടെ തീരങ്ങളിലാണ് നാമിപ്പോൾ നില്ക്കുന്നതെന്ന് ഒന്ന് ചിന്തിച്ചാൽ മാത്രം മതി. അത്, ഏഴ് നൂറ്റാണ്ട് മുമ്പേ സ്ഥാപിച്ച ചാൾസ് യൂണിവേഴ്സിറ്റിയായാലും, ഒമ്പതാം നൂറ്റാണ്ടിൽ നിർമ്മിച്ച പ്രാഗ് കാസിലായാലും, കാഫ്കാ മ്യൂസിയമായാലും ഓരോന്നും നമ്മിലേക്കുണർത്തി വിടുന്ന വ്യത്യസ്താനുഭവങ്ങൾ വേർതിരിച്ചടുക്കി വെക്കാൻ തന്നെ സമയമെടുത്തെന്നിരിക്കും. ബാഹ്യമായ കാഴ്ചാ സങ്കല്പങ്ങൾ മറ്റ് നഗരങ്ങളിലെ യാത്രകളിൽ നമുക്ക് നല്കുന്ന അനുഭവങ്ങൾ പോലെയല്ല പ്രാഗിൽ നമ്മെ എതിരേല്ക്കുന്നത്. മറ്റിടങ്ങളിലും നമ്മൾ ഓരോന്നിന്റെയും ചരിത്രപശ്ചാത്തലമോ കാലികപ്രസക്തിയോ തിരയുമെങ്കിലും അത് കണ്ടെത്തുമെങ്കിലും, പ്രാഗിന്റെ നഗര നിർമ്മിതിക്കുള്ളിൽ നിന്നും നാം പ്രതീക്ഷിക്കുന്നതും ഭാഗ്യവശാൽ നമുക്ക് കിട്ടുന്നതും വ്യത്യസ്തതയുടെ വകഭേദങ്ങൾ തന്നെയാണ്.
എന്താണ് മറ്റ് സ്ഥലങ്ങൾക്കില്ലാത്ത ഇത്ര കണ്ട് പ്രത്യേകത ഈ നഗരത്തിനെന്ന് തോന്നിയേക്കാം. ഇവിടെ കാഴ്ചകൾക്ക് വേണ്ടുന്ന സൗന്ദര്യബോധം, അതുൽപാദിപ്പിച്ചു വിടുന്ന ആഹ്ലാദം എവിടെ ഏത് കോണിലാണ് പര്യാപ്തമായ രീതിയിൽ ലഭിക്കുക എന്നത് പ്രത്യേകിച്ച് തിരഞ്ഞ് നടക്കേണ്ട കാര്യമില്ല. അത് എവിടെ നിന്നും ലഭിക്കും. അവിടേക്ക് എത്തിപ്പെടാനിടയുള്ള ഒരു മനസ്സുണ്ടായാൽ മാത്രം മതി. ഇവിടെ അത് തടസ്സങ്ങളില്ലാതെ ഒഴുകി നീങ്ങുന്ന ഒരു പുഴ പോലെയാണ്. ഒന്നിറങ്ങി മുങ്ങി നിവരാൻ നാം സജ്ജരായാൽ മാത്രം മതി.
വിദൂര ദേശങ്ങളുടെ ദൃശ്യവിസ്മയങ്ങളിലൂടെ   ജീവിതത്തിലൊരിക്കലെങ്കിലും അർമാദിച്ച് ഒന്നാടി പാടി നടക്കാൻ കൊതിക്കാത്തവർ വിരളമായിരിക്കും. നമ്മൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയോ സിനിമകളിലൂടെയോ ഒക്കെ കണ്ടിട്ടുള്ള അന്യരാജ്യങ്ങളുടെ പ്രകൃതി മനോഹാരിത,അത് കൂട്ടുകാരൊത്തായാലും കുടുംബത്തോടൊപ്പമായാലും ഹൃദ്യവും അവിസ്മരണീയവുമായ ഒരു യാത്രാനുഭവമാക്കിത്തീർക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ടാവും ?

മ്യൂണിക്കിൽ നിന്നുമാണ് ഞങ്ങൾ പ്രാഗിലേക്ക് യാത്ര തിരിക്കുന്നത്.ഞാനും പ്രിയതമയും ഞങ്ങളുടെ മകനും അവന്റെ പ്രേയസിയും. തലമുറകളുടെ അകൽച്ചയില്ലാത്ത രണ്ട് ജോഡി യുവ മിഥുനങ്ങൾ !! മ്യൂണിക്കിൽ നിന്നും അഞ്ച് മണിക്കൂറാണ് പ്രാഗിലേക്കുള്ള ബസ് യാത്ര . ഫ്ലിക്സ് ബസിന്റെ ആഡംബര കോച്ച് വിമാന യാത്രയുടെ സുഖം തന്നെ ജനിപ്പിക്കും. കുന്നുകളിലൂടെയും സമതലങ്ങളിലൂടെയും ഒഴുകി നീങ്ങുന്ന ബസ്സിൽ ഇരുന്ന് പുറംകാഴ്ചകളുടെ അണമുറിയാത്ത മനോഹാരിത കാണുമ്പോൾ തന്നെ യാത്രയിൽ പൊതുവ അനുഭവപ്പെടുന്ന വിരസതക്ക് അവിടെ സ്ഥാനമില്ലാതാവുകയാണ്.
11 മണിക്ക് മ്യൂണിക്കിൽ നിന്നും പുറപ്പെട്ട ഞങ്ങൾ 4 മണിക്ക് മുമ്പായി പ്രാഗ് ബസ് സ്റ്റേഷനിലെത്തി. മുൻകൂട്ടി air bnb യിൽ ബുക്ക് ചെയ്തിരുന്ന താമസ സ്ഥലത്തേക്ക് ഒരു ടാക്സിയിൽ . ഇന്നിനി വിശ്രമം. അതിനിടയിൽ കണ്ടെത്തേണ്ടത് ഏതെങ്കിലും ഇൻഡ്യൻ റെസ്റ്റോറന്റാണ്. ഇല്ലെങ്കിലും കുഴപ്പമില്ല. ബസ്മതി അരിയും പരിപ്പും ഇലക്ട്രിക് സ്ററൗവും റെഡിയാണ്. ഉണക്ക ചെമ്മീൻ ചമ്മന്തിയും അച്ചാറും വേറെ. നമ്മളോടാണോ കളി!!
കുളി കഴിഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങി. സൂര്യന്റെ അവസാന കിരണങ്ങൾ ഓക്ക് മരച്ചില്ലകൾക്കിടയിലൂടെ എത്തിനോക്കുന്നു. ഏപ്രിലിന്റെ ആദ്യവാരമാണിത്. എങ്കിലും തണുപ്പിന്റെ സാന്നിദ്ധ്യം ഞങ്ങളുടെ നടത്തത്തിനിടയിൽ അറിയുന്നുണ്ടായിരുന്നു. ജർമനിയിലെ കഴിഞ്ഞയാഴ്ചയിലെ അനുഭവം മുൻനിറുത്തി തണുപ്പ് ഏൽക്കാതിരിക്കാനായി സ്വെറ്റർ ധരിച്ചാണ് ഞങ്ങൾ ഇറങ്ങിയത്. മൈനസ് 2 ആണ് ടെംപറേച്ചർ എന്ന് മൊബൈലിലെ കാലാവസ്ഥാപ്രവചനം കാണിക്കുന്നു. കഴിഞ്ഞ 10 ദിവസങ്ങളായി സൂറിക്കിലും മ്യൂണിക്കിലും നേരിട്ട ഇതിനേക്കാൾ താഴ്ന്ന അന്തരീക്ഷ താപനിലയുമായി തട്ടിച്ചു നോക്കുമ്പോൾ ഇത് അല്പമെങ്കിലും സഹനീയം. 
ഒരേ പോലുള്ള റോഡുകളും വശങ്ങളിൽ ഒരേ പോലുള്ള എടുപ്പുകളും നിറഞ്ഞ ഒരിടത്തേക്കാണ് ഞങ്ങളിറങ്ങിയിരിക്കുന്നത്. ഗൂഗിൾ തമ്പുരാൻ കനിഞ്ഞ് നല്കുന്ന നാവിഗേറ്ററിന്റെ സഹായമില്ലെങ്കിൽ ഇറങ്ങിയ അപ്പാർട്മെന്റിൽ തിരിച്ചെത്താൻ പൊലീസ് സഹായം വേണ്ടി വരും വിധം അപരിചിതത്വം പേറുന്ന വഴികൾ. ഗുന്തർ ഗ്രാസിന്റെ ലാബിറിൻത്സ് പോലെ . കാഫ്കയുടെ നോവലുകളിൽ കാണാവുന്ന അറ്റമില്ലാത്ത ദുരൂഹത നിറഞ്ഞ ഇടനാഴികകൾ പോലെ എവിടെന്നോ തുടങ്ങി എങ്ങോട്ടോ നീളുന്ന പാതകൾ .
പത്ത് മിനിറ്റ് നടത്തത്തിന് ശേഷം തെരുവോരത്ത് ഞങ്ങളെ എതിരേറ്റ് കൊണ്ട് ഒരു ബോർഡ് ദൃശ്യമായി. " ഇന്ത്യൻ ഫുഡ് അവയ്ലബിൾ " എന്ന്. മുഴുക്കെ റെസിഡൻഷ്യൽ ഏരിയയായ ആ ഭാഗത്ത് ഇതും ഒരു വീടിനോട് ചേർന്ന് നടത്തുന്ന ഒരു ഭക്ഷണശാലയായിരുന്നു. സമനിരപ്പിൽ നിന്നും ഏറെ പടികൾ ഇറങ്ങി ചെല്ലുമ്പോൾ സാമാന്യം തരക്കേടില്ലാത്ത ഒരു ഹാളിലാണ് നാമെത്തുന്നത്. ഒരു ഭാഗത്ത് ഹോട്ട് ലിക്വർ ബാറും മറ്റൊരു ഭാഗത്ത് ഫുഡ് സെർവിങ്ങുമാണ്. എല്ലാത്തിനും തമിഴ് നാട്ടുകാരനായ മുതലാളി കം ബെയറ റായ മുത്തുവേലു മാത്രം.
മുത്തുവേലു ഞങ്ങളെ സ്വീകരിച്ചു.ആവോളം സ്നേഹിച്ചു , സത്കരിച്ചു. രുചികരങ്ങളായ സൗത്തിന്ത്യൻ ഭക്ഷണം ഞങ്ങളെ ആവോളം തീറ്റിച്ചു. ഏതാണ്ട് എട്ട് പത്ത് ദിവസങ്ങൾക്കുള്ളിൽ ഇത്ര രുചിയോടെ ഞങ്ങൾ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോൾ മുത്തു വേലു ഞങ്ങളെ പിന്നെയും ഊട്ടി. ഇടയിൽ അയാളുടെ "സംസാരം " പെട്ടെന്ന് പ്രത്യക്ഷപ്പെട്ടു. തിരുനൽവേലിക്കാരായ ഇരുവരും പേരിന്റെ കാര്യത്തിൽ ഇരട്ട പെറ്റവരാണോ എന്ന് തോന്നിക്കും വിധമായിരുന്നു അവരുടെ മുത്തു ലക്ഷ്മി എന്ന പേര് കേട്ടപ്പോൾ തോന്നിയത്. ഇനിയും വരാം എന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.
സന്ധ്യയായി. തെരുവിലെ നിയോൺ വിളക്കുകൾ പ്രസരിപ്പിക്കുന്ന വെളിച്ചത്തിലേക്ക് മഞ്ഞ് മഴത്തുള്ളികൾ പോലെ പെയ്തിറങ്ങാൻ തുടങ്ങുകയായി. ഞാനപ്പോൾ രവി ഖസാക്കിൽ കണ്ട വെളുത്ത മഴയെ ഓർമിച്ചു. അനാദിയായ വെളുത്ത മഴ. വരും വരായ്കകളുടെ ബോധതലത്തിലെവിടെയോ താൻ ഇന്നിവിടെ എത്തിപ്പെടുമെന്നും രവിയെ പറ്റി ഓർത്തു പോകുമെന്നും ആരോ എഴുതി വെച്ചിരുന്നെന്ന പോലെ. ഏതോ നിയോഗം പോലെ.
ഇന്നിനി ഒരു സുഖനിദ്ര തന്നെ കരണീയം. മണി 7 ആകുന്നതേയുള്ളു. രാവിലെ പോകേണ്ട സ്ഥലത്തേക്കുള്ള റൂട്ട് മാപ്പും ധരിക്കേണ്ട വസ്ത്രങ്ങളും തയാറാക്കിവെച്ചു കൊണ്ട്  ഉറങ്ങാനുള്ള തയാറെടുപ്പിലേക്ക്.
രാവിലെ 5 മണിയായപ്പോഴെ ഞാനുണർന്നു. എത്രയോ വർഷങ്ങളായുള്ള ശീലമാണ്. ദേശം മാറിയിട്ടും സമയ ക്രമത്തിൽ വ്യതിയാനമുണ്ടായിട്ടും ഉണർച്ചയുടെ ശീലത്തിന് ഭേദമുണ്ടായില്ല. പ്രിയതമ സുഖസുഷുപ്തിയിലാണ്. മെല്ലെ വാതിൽ തുറന്ന് ഹാളിലേക്കിറങ്ങി. ഇപ്പോഴാണ് അപാർട്മെന്റ് ശരിക്കും കാണുന്നത് തന്നെ. വിശാലമായ ഹാളിന്റെ ഒരു വശത്തായി കിച്ചൺ. ഞാൻ ഒരു കാപ്പിയുണ്ടാക്കി വെളിയിലേക്ക് തുറന്ന ഒരു ജാലകത്തിനരികിലിരുന്നു. തണുപ്പ് മുറിയിലേക്ക് ആഞ്ഞടിക്കാൻ തുടങ്ങി.
രണ്ട് ബെഡ് റൂമും ഹാളും കിച്ചണും ഉൾപെടെയുള്ള ഇത്തരം വീടുകളാണ് നമ്മൾ കുടുംബവുമായി ടൂർ പോകുന്ന വേളയിൽ ഏറെ പ്രയോജനപ്പെടുക. ഹോട്ടലുകളെ  അപേക്ഷിച്ച് സൗകര്യ പ്രദവും എന്നാൽ പൈസ കുറവുമായിരിക്കും ഇത്തരം ഇടങ്ങളിൽ. ഇവിടെ തന്നെ ഈ വീടിന്റെ മുകൾ നിലയിൽ ഉടമസ്ഥരായ വൃദ്ധ ദമ്പതിമാർ താമസിക്കുന്നുണ്ട്. air bnb പോലുള്ള മറ്റ് പ്രൊവൈഡേഴ്സ് ഉണ്ടെങ്കിലും താരതമ്യേന ഇതാണ് നല്ലതെന്നാണ് മുൻയാത്രകളിലും അനുഭവപ്പെട്ടിട്ടുള്ളത്.
ഒമ്പത് മണിയോടെ എല്ലാവരും റെഡിയായി കഴിഞ്ഞിരുന്നു. ബ്രെഡ് ജാമും ചായയും കഴിച്ചു കൊണ്ടിരിക്കെ, അല്പം കനത്തിലുള്ള എന്തെങ്കിലും വഴിയിലെവിടെ നിന്നെങ്കിലും കഴിക്കാമെന്ന അഭിപ്രായം ഉയർന്നുവന്നു. കാരണം, മുത്തുവണ്ണൻ ഇത്തിരി കത്തിയായിരുന്നില്ലേ എന്ന് ഇന്നലെ തന്നെ തോന്നിയിരുന്നു.
ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ ഞങ്ങൾക്ക് പോകേണ്ടയിടത്തേക്ക് മൂന്ന് കിലോമീറ്റർ ദൂരമേയുള്ളൂ എന്ന് മനസ്സിലായി. എങ്കിൽ പിന്നെ കുറച്ചു നടന്നാലെന്താ എന്നായി. അങ്ങനെ നടരാജാ സർവീസിൽ യാത്ര തുടങ്ങുകയായി.
ലോകത്തിലെ ഏറ്റവും വലിയ പ്രാചീന ദുർഗ്ഗമാണ് പ്രാഗ് കാസിൽ. ഒമ്പതാം നൂററാണ്ടിൽ പണിതീർത്ത ഈ പടുകൂറ്റൻ കോട്ട, ചെക്കൊസ്ലോവാക്യയുടെ ബൊഹീമിയൻ രാജവംശം മുതൽ റോമൻ ചക്രവർത്തിമാരും , സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ പ്രസിഡന്റുമാരും തങ്ങളുടെ ഔദ്യോഗിക ആസ്ഥാനമായി ഉപയോഗിച്ചു വരികയായിരുന്നു. 1200 വർഷങ്ങൾക്ക് മുമ്പ് ബൊഹീമിയൻ രാജാക്കന്മാർ ഉപയോഗിച്ചിരുന്ന ചെങ്കോലും കിരീടവും സന്ദർശകർക്കായി ഒരു പ്രത്യേക അറയിൽ ഇവിടെ ഒരുക്കിയിരിക്കുന്നു.
കാസിലിന്റെ ഓരോ ഭാഗങ്ങളും ചുമർചിത്രങ്ങളാലും, പെയിന്റിംഗുകളാലും, വർണ്ണജാലകങ്ങളാലും അലംകൃതമാക്കപ്പെട്ടിരിക്കുന്നു. കന്യാമറിയത്തിന്റെയും ജോർജ്ജ് പുണ്യാളന്റെയും പള്ളികളായിരുന്നു ആദ്യകാലങ്ങളിൽ കോട്ടയിലേക്ക് ആളുകളെത്തിപ്പെടാനുണ്ടായ പ്രചോദനമെങ്കിൽ, നൂറ്റാണ്ടുകളിലൂടെ കാസിലിന്റെ പ്രഭാവം മറ്റ് വഴികളിലൂടെ മാറിയൊഴുകാൻ തുടങ്ങുകയായിരുന്നു. ആധുനിക ചരിത്രത്തിൽ, രണ്ടാം ലോക മഹായുദ്ധത്തിന് തൊട്ടു മുമ്പ് , ചെക്കോസ്ലോവാക്യ ജർമ്മൻ അധിനിവേശത്തിന് പൂർണ്ണമായും കീഴടങ്ങുന്നതിന് മുമ്പായി ഹിറ്റ്ലർ ഒരു രാത്രി ഇവിടെ തങ്ങിയിട്ടുണ്ടത്രെ.

സ്വാതന്ത്ര്യാനന്തരം 1948ലുണ്ടായ അട്ടിമറിയിലൂടെ കമ്യൂണിസ്റ്റുകൾ അധികാരം പിടിച്ചെടുക്കുകയും നീണ്ട 45 വർഷങ്ങൾ മാറ്റങ്ങളേതുമില്ലാതെ തുടരുകയും ചെയ്തു. 1993 ൽ രാജ്യം രണ്ടായി വിഭജിക്കപ്പെടുന്നത് വരെയും പ്രാഗ് കാസിൽ രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രമായി വർത്തിക്കുകയാണുണ്ടായത്. കാസിലിനുള്ളിൽ അതിന്റെ ഓരോ ഭാഗങ്ങളും കണ്ട് തീരണമെങ്കിൽ തന്നെ മൂന്ന് - നാല് മണിക്കൂറെങ്കിലും വേണ്ടി വരും. അതിനുള്ളിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ തന്നെ നാം ഏതോ ഒരു അഭൗമ പ്രപഞ്ചത്തിൽ എത്തിപ്പെട്ട പ്രതീതിയാണുണ്ടാവുക. ഗോഥിക് വാസ്തുശില്‌പകലയുടെ മാസ്മരിക പ്രപഞ്ചം അവിടം വിട്ടിറങ്ങിയാലും നമ്മുടെ മനസ്സിനെ ചൂഴ്ന്ന് നില്ക്കും.
ഇന്ന് കാസിലും അതിന് ചുറ്റുമുള്ള സ്ഥലങ്ങളും ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ഒരിടമാണ്. അത്തരമൊരു ബഹുമതി തേടിയെത്തുന്നതിന് മുമ്പും സന്ദർശക ബാഹുല്യം കൊണ്ട് നിബിഡമായിരുന്നു പ്രാഗിലെ ഓരോ ഇഞ്ച് സ്ഥലവും .
പഴയ നഗരത്തെയും പുതിയ നഗരത്തെയും വേർതിരിക്കുന്ന പൗഡർ ടവർ ഗേറ്റാണ് പിന്നീട് ഞങ്ങൾ സന്ദർശിച്ചത്. ചെറിയ കരിങ്കൽ പാളികളാൽ നിർമ്മിക്കപ്പെട്ട നിരത്തുകളല്ലാം തന്നെ വൃത്തിയും വെടിപ്പുമുള്ള തന്നെ. പതിനായിരക്കണക്കിന് സന്ദർശകർ നിത്യവും കാഴ്ചക്കാരായെത്തുന്ന ഒരിടം ഇവ്വിധം പരിപാലിക്കപ്പെടുന്നത് അത്ഭുതാവഹം തന്നെയാണ്. തെരുവിലെങ്ങും സന്ദർശകർക്കായുള്ള കുതിരവണ്ടികളല്ലാതെ ഒരൊറ്റ മോട്ടോർ വാഹനങ്ങളും ദൃശ്യമല്ല.
തെരുവിലെ തിരക്കിലൂടെ ഭാര്യയുടെ കൈയും പിടിച്ച് ഓരോരോ കാഴ്ചകൾ കണ്ട് നടക്കവെയാണ് ഒരിടത്ത് വൻ ആൾക്കൂട്ടം ദൃശ്യമായത്. എല്ലാവരും ഒരു പ്രത്യേക ദിശയിൽ മുകളിലേക്ക് നോക്കി നില്ക്കുന്നു.അന്വേഷിച്ചു. അതാണത്രെ ആസ്ട്രോണോമിക്കൽ ക്ലോക്ക്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ലോക്ക് കൃത്യം 12 മണിക്ക് അതിൽ ഘടിപ്പിച്ചിട്ടുള്ള രണ്ട് വാതിലുകൾ തുറന്ന് ഒരാളുടെ രൂപം താഴെ നില്ക്കുന്ന ജനങ്ങളെ അഭിവാദ്യം ചെയ്യും. തുടർന്ന് യേശുവിന്റെ 12 ശിഷ്യന്മാർ ഒരു ജാലകത്തിൽ നിന്നും ഓരോരുത്തരായി നടന്ന് നീങ്ങുന്ന കാഴ്ച അരങ്ങേറും. ആളുകൾ ആർപ്പുവിളികളോടെ സന്തോഷം പ്രകടമാക്കി ഉച്ച ഭക്ഷണത്തിന്റെ ഓർമ്മകളിലേക്ക്  തിരിയുന്ന സമയമാണിത്.
വോൾട്ടാവാ നദിയോടുത്തു തന്നെയാണ് ചാൾസ് യൂണിവേഴ്സിറ്റിയും സ്ഥിതി ചെയ്യുന്നത്. നമ്മുടെ നളന്ദ, തക്ഷശില സർവ്വകലാശാലകളുടെ പഴക്കമില്ലെങ്കിലും യൂറോപ്പിലെ പൗരാണിക സർവ്വകലാശാലകളിലെ മുത്തശ്ശനാണ് ഇത്. പതിനാലാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഈ യൂണിവേഴ്സിറ്റി യൂറോപിന്റെ അറിവിന്റെ ഉറവിടമായി ഇന്നും പരിലസിക്കുന്നു.
കാഴ്ചകളുടെ വസന്തം കണ്ണകളിലും അത് വഴി മനസ്സിലേക്കും നിറച്ചു കൊണ്ട് ഞങ്ങൾ ഓരോ ചുവടുകളും മുന്നോട്ട് വെക്കുകയാണ്. ഓരോ സ്ക്വയറുകളും ഞങ്ങൾക്ക് സമ്മാനിക്കുന്നത് ഒന്നിൽ നിന്നും വേറിട്ട കാഴ്ചകൾ തന്നെയാണ്. നിരത്തിനോരത്ത് ബിയർ പാർലറിലിരുന്ന് നുരഞ്ഞ് പൊന്തുന്ന ബിയർ ഗ്ലാസിലേക്കും കാമുകിയുടെ കണ്ണിലെ നീലസമുദ്രത്തിലേക്കും നോക്കി എല്ലാം മറന്നിരിക്കുന്ന യോഗിമാരെ പോലെയുള്ള യുവാക്കൾ. എല്ലാവരുടെ മുഖങ്ങളിലും സന്തോഷത്തിന്റെ പുതുപൂക്കൾ വിരിഞ്ഞിട്ടെന്ന പോലെ . എല്ലാവരും ആഹ്ലാദത്തിന്റെ നുരകളിൽ പൊങ്ങിയുയർന്ന് ഒഴുകി നീങ്ങുന്നത് പോലെ.
നദിക്കരയിലൊരിടത്ത് തന്നെയാണ് വിഖ്യാതമായ കാഫ്ക മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ചർച്ചുകളും സിനഗോഗുകളും പ്രൗഢ ഗംഭീരങ്ങളായ കൂറ്റൻ കെട്ടിടങ്ങളും നിറഞ്ഞ ഒരു ചത്വരത്തിലാണ് ഈ മ്യൂസിയം. ( ചർച്ചുകളും സിനഗോഗുകളും വരെ മ്യൂസിയങ്ങളാണെന്നതും അവിടങ്ങളിൽ പേരിന്‌ പോലും മതപരമായ അനുഷ്ടാനങ്ങൾ നടക്കാറില്ലെന്നതും നമുക്ക് വിചിത്രമായി തോന്നിയേക്കാം. പക്ഷെ അവർ അതിനോടിണങ്ങി കഴിഞ്ഞ ഒരു ജനതയാണ്.)
1883 ജൂലൈ 3 ന് ജനിച്ച് 1924 ജൂൺ 3 ന് ലോകം വെടിഞ്ഞ ഫ്രാൻസ് കാഫ്ക ചെക്കുകാരനായ ലോകോത്തര സാഹിത്യകാരനാണ്. ജർമൻ ഭാഷയിലുള്ള അദ്ദേഹത്തിന്റെ മൂല കൃതികളുടെ ആദ്യ പതിപ്പുകളോടൊപ്പം അദ്ദേഹത്തിന്റെ എഴുത്ത് മേശ, കസേര,കണ്ണട തുടങ്ങി എല്ലാം തന്നെ മ്യൂസിയത്തിലെ കാഴ്ചകളാണ്. വെറുമൊരു കാഴ്ചക്കാരനെ സംബന്ധിച്ച് ഇതൊന്നും മൂല്യവത്തായി തോന്നണമെന്നില്ല. എന്നാൽ കാഫ്കയുടെ സാഹിത്യ പ്രപഞ്ചത്തിലൂടെ സഞ്ചരിച്ചിട്ടുള്ള ഒരാൾക്ക് തീർത്തും ആദരവോടെയല്ലാതെ ഇതൊന്നും നോക്കിക്കാണാനാകില്ല. മ്യൂസിയത്തിനകത്തെ ബീഥോവന്റെ അഞ്ചാം സിംഫണിയുടെ സംഗീത സാന്ദ്രതയും വെളിച്ച ക്രമീകരണങ്ങളും തന്നെ കാഫ്കയോടൊത്താണ് നാം നില്ക്കുന്നതെന്ന ഒരു പ്രതീതി ജനിപ്പിക്കാനുതകുന്നതാണ്.  സ്വന്തം അസ്തിത്വത്തിന്റെ നേർക്ക് ലോകമുയർത്തിയ വെല്ലുവിളികളെ നേർക്ക് നേർ നിന്ന് തന്റെ കൃതികളിലുടെ മറുപടി പറഞ്ഞ ആ അതുല്യ പ്രതിഭയുടെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമമർപ്പിച്ചു കൊണ്ട് ഞാൻ പുറത്തിറങ്ങി.
പുറത്തിറങ്ങിക്കഴിഞ്ഞിട്ടും കുറച്ച് നേരത്തേക്ക് ഒരു തരം സൈക്കഡലിക്ക് മൂഡിന്റെ അവസ്ഥയിലായിരുന്നു ഞാൻ. നിർവ്വചിക്കാനാവാത്ത തരം ഒരു ഉന്മാദാവസ്ഥ എന്റെ ബോധമണ്ഡലത്തെ പൊതിഞ്ഞതായി ഞാനറിഞ്ഞു. ചുറ്റിലും നടന്ന് നീങ്ങുന്ന സഞ്ചാരികളെയോ എന്നെ കാത്ത് മ്യൂസിയത്തിന് വെളിയിലിരുന്ന എന്റെ കുടുംബത്തെയോ ഞാൻ കാണുന്നില്ലാത്തത് പോലെ .
പിന്നെ ഞാൻ സാധാരണ നിലയിലെത്തിയെങ്കിലും പൊടുന്നനെ വീണ്ടും പരിഭ്രമത്തിന്റെ പരകോടിയിലായിപ്പോയി. ശരിക്കും എന്റെ കുടുംബത്തെ കാണാനില്ല. അവർക്ക് കാഫ്കയെ അറിയാത്തതിനാൽ വെറുതെ പണം മുടക്കി അകത്ത് വരാൻ താത്പര്യമില്ലായിരുന്നു. (40 കൊറൂണ , ഏകദേശം 1200 രൂപയാണ് എൻട്രി ഫീസ്. ചെക്ക് കറൻസിയാണ് കൊറൂണ . ഇന്നത്തെ കൊറോണയും ഈ കൊറൂണയും തമ്മിൽ ബന്ധമില്ല.) പുറത്ത് കാത്തിരിക്കാമെന്ന വാക്ക് തെറ്റിച്ചു കൊണ്ട് അവർ ചുറ്റുപാടുകളിൽ കറങ്ങാൻ പോയതായിരുന്നു. 
നാല് ദിവസങ്ങൾ നല്കിയ അപൂർവ്വ കാഴ്ചകളുടെ അനുഭവങ്ങളും ആഹ്ലാദങ്ങളും നെഞ്ചേറ്റിക്കൊണ്ട് ഞങ്ങൾ പ്രാഗിനോട് വിട പറയാനൊരുങ്ങുകയായി. ജീവിതത്തിൽ ഒരിക്കൽ കൂടി ഈ വഴികളിലൂടെ ഒന്ന് കൂടി ചുറ്റിത്തിരിയാനുള്ള അടക്കാനാവാത്ത കൊതിയോടെ.
ചാൾസ് ബ്രിഡ്ജിൽ നിന്നും അകലെ കുന്നിൻ നിറുകയിൽ തലയുയർത്തി നില്ക്കുന്ന പ്രാഗ് കാസിലിലേക്ക് ഒന്ന് കൂടി തിരിഞ്ഞു നോക്കി ഞങ്ങൾ അപ്പാർട്മെന്റ് ലക്ഷ്യമാക്കി നീങ്ങി. നാളെ വിയന്നയിലേക്ക് തിരിക്കണം. വിയന്ന ഞങ്ങളെ വരവേല്ക്കാനായി കാത്തിരിക്കയാണ്.
പ്രിയ പ്രാഗേ വിട .******  ******* ********* ********** **********

Share this story

Comments (22)

  • Suharabi

    17 July 2020

    ഏറെ നന്നായിരിക്കുന്നു. പ്രാഗിൽ ഒരു യാത്ര പോയ പോലെയുള്ള അനുഭവം.

  • Suharabi

    17 July 2020

    ഏറെ നന്നായിരിക്കുന്നു. പ്രാഗിൽ ഒരു യാത്ര പോയ പോലെയുള്ള അനുഭവം.

  • Sharuque

    17 July 2020

    Tharathu.. adutha trip pokan ready alle? ;)

  • Sharuque

    17 July 2020

    Tharathu.. adutha trip pokan ready alle? ;)

  • esmalees

    17 July 2020

    Ente ikkkka Ningalude oro ezhuthum ennne albuthapeduthunnñu...kaaaranam oru varsham onnnichu jeèvichappolum. Orikkkal polum najeebka engine oru kazhivum kooodi ullla ethra nallla ezhuthukaran enn aryiĺlayirunnnu..... Ellla ezhthukalum adhi manoharam. Ikkka sherikkkum ningal ennne albudapeduthi. Ikkkka Elllla vidha aashamsakalum nerunnnu. Ente swantham najibakkaakkkk

  • esmalees

    17 July 2020

    Ente ikkkka Ningalude oro ezhuthum ennne albuthapeduthunnñu...kaaaranam oru varsham onnnichu jeèvichappolum. Orikkkal polum najeebka engine oru kazhivum kooodi ullla ethra nallla ezhuthukaran enn aryiĺlayirunnnu..... Ellla ezhthukalum adhi manoharam. Ikkka sherikkkum ningal ennne albudapeduthi. Ikkkka Elllla vidha aashamsakalum nerunnnu. Ente swantham najibakkaakkkk

  • Mohmed Najib

    18 July 2020

    Corona onnu kazhiyatte.Onnichu pokam.

  • Mohmed Najib

    18 July 2020

    Corona onnu kazhiyatte.Onnichu pokam.

  • Anonymous

    18 July 2020

    Very good. Vayichu kazhinjappol ee sthalathu poyathu pole thonni

  • Anonymous

    18 July 2020

    Very good. Vayichu kazhinjappol ee sthalathu poyathu pole thonni

  • Anonymous

    18 July 2020

    Super Aayitundu palathavana vayichu

  • Anonymous

    18 July 2020

    Super Aayitundu palathavana vayichu

  • Fouzia

    18 July 2020

    Outstanding!! Beyond words.

  • Fouzia

    18 July 2020

    Outstanding!! Beyond words.

  • Vipin

    18 July 2020

    Superb writing...❤️

  • Vipin

    18 July 2020

    Superb writing...❤️

  • jasim

    19 July 2020

    വളരേ ഇഷ്ടപ്പെട്ടു. പ്രാഗിന്റ്റെ സുന്ദരമായ കാഴ്ചകളിലൂടെ കൈപിടിച്ച് കൊണ്ടുപോയി ചരിത്രത്തിൻറ്റെ വഴികളിലൂടെ കാഴ്ചകൾക്കപ്പുറമുമുള്ള പൗരാണികതയുടെ ലോകത്തിലൂടെ സഞ്ചരിച്ച് തിരിച്ചെതിയത് ഒരു സൈക്കഡലിക്ക് മൂഡിൻറ്റെ അവസ്ഥയിൽ തന്നെയായിരുന്നു. “തലമുറകളുടെ അകൽച്ചയില്ലാത്ത രണ്ട് ജോഡി യുവ മിഥുനങ്ങൾ” എന്ന് വായിച്ചപ്പോൾ വായനക്ക് കുറച്ചുകൂടി സ്വാതന്‌ത്രം ലഭിച്ചത്പോലെ. ഗൂഗിൾ തൻപുരാനും നടരാജാ സർവീസുമെല്ലാം വായനയിലുടനീളം ഒരു പുൻചിരി സമ്മാനിച്ചു. I liked the way you chose to share this experience with us. In every word your explorative thoughts are visible.

  • jasim

    19 July 2020

    വളരേ ഇഷ്ടപ്പെട്ടു. പ്രാഗിന്റ്റെ സുന്ദരമായ കാഴ്ചകളിലൂടെ കൈപിടിച്ച് കൊണ്ടുപോയി ചരിത്രത്തിൻറ്റെ വഴികളിലൂടെ കാഴ്ചകൾക്കപ്പുറമുമുള്ള പൗരാണികതയുടെ ലോകത്തിലൂടെ സഞ്ചരിച്ച് തിരിച്ചെതിയത് ഒരു സൈക്കഡലിക്ക് മൂഡിൻറ്റെ അവസ്ഥയിൽ തന്നെയായിരുന്നു. “തലമുറകളുടെ അകൽച്ചയില്ലാത്ത രണ്ട് ജോഡി യുവ മിഥുനങ്ങൾ” എന്ന് വായിച്ചപ്പോൾ വായനക്ക് കുറച്ചുകൂടി സ്വാതന്‌ത്രം ലഭിച്ചത്പോലെ. ഗൂഗിൾ തൻപുരാനും നടരാജാ സർവീസുമെല്ലാം വായനയിലുടനീളം ഒരു പുൻചിരി സമ്മാനിച്ചു. I liked the way you chose to share this experience with us. In every word your explorative thoughts are visible.

  • Anonymous

    2 August 2020

    വിപ്ലവാഭിവാദ്യങ്ങൾ !

  • Anonymous

    2 August 2020

    വിപ്ലവാഭിവാദ്യങ്ങൾ !

  • Anonymous

    2 August 2020

    വിപ്ലവാഭിവാദ്യങ്ങൾ !

  • Anonymous

    2 August 2020

    വിപ്ലവാഭിവാദ്യങ്ങൾ !