11 July 2020 · 13 min read · യാത്ര
യാത്ര/മ്യൂണിക്

യാത്ര/മ്യൂണിക്.
സൂറിക് മെയിൻ ബസ് സ്റ്റേഷനിലാണ് ഞങ്ങളിപ്പോൾ. രാവിലെ പത്ത് മണി കഴിഞ്ഞതേയുള്ളു. മഴ മേഘങ്ങളുടെ സാന്നിദ്ധ്യം മൊത്തത്തിൽ ഒരു മ്ലാനതയുളവാക്കുന്നുണ്ട്. അന്തരീക്ഷത്തിനാകെയൊരു കനം വെച്ച പോലെ. ഇന്നലെ വൈകീട്ട് അഞ്ചുമണിക്കുള്ള ബസിന് യാത്ര തിരിക്കേണ്ടതായിരുന്നു. യൂട്ട്‌ലിബെർഗിലെ കാഴ്ചകളിൽ മയങ്ങി തിരികെ വില്ലയിലെത്തിയപ്പോഴേക്കും ക്ഷീണിതരായിരുന്നു. അതിനാൽ യാത്ര ഇന്നത്തേക്ക് മാറ്റുകയായിരുന്നു. Air BNB വഴി ബുക്ക് ചെയ്ത വില്ലയായിരുന്നതിനാൽ ചെറിയ നീക്ക് പോക്കുകൾക്ക് അവർ തയാറായി. ഹോട്ടലിലായിരുന്നെങ്കിൽ ഒരു ദിവസത്തെ വാടക കൂടി നല്കേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. സൂറിക്കിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് ബസ് പുറപ്പെടുന്ന ഈ സ്ഥലം ശരിക്കുമെന്നെ അതിശയിപ്പിച്ചു. തൃശൂർ ബസ്‌സ്റ്റാന്റിൽ നിന്നും പാലക്കാട്ടേക്കും എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും ഏറി വന്നാൽ ബാംഗ്ലൂരിലേക്കും ബസ്സുകൾ പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇവിടെ നിന്നും ബസ്സുകൾ പുറപ്പെടുന്നത് ഓരോരോ രാജ്യ തലസ്ഥാനങ്ങളിലേക്കാണ്. ആംസ്റ്റർഡാമിലേക്കും പാരീസിലേക്കും മിലാനിലേക്കും പ്രാഗിലേക്കും പോകാനുള്ള ബസ്സുകൾ തയാറായിക്കൊണ്ടിരിക്കുന്നു. ഒരു വ്യത്യാസമുള്ളത് നാട്ടിലെ പോലെ അനൗൺസ്മെന്റ് ഇല്ലാ എന്നുള്ളതാണ്. ഓരോ രാജ്യങ്ങളിലേക്കമുള്ള ബസ്സുകൾക്കായി പ്രത്യേക പാർക്കിംഗ് ബേ ഒരുക്കിയിരിക്കുന്നു.
ബാഗേജുകളെല്ലാം സൂക്ഷിക്കാനുള്ള സ്ഥലം കണ്ടെത്തി. ഇനി ഒന്നും നോക്കാനില്ല. എല്ലാം ടൂർ ഓപ്പറേറ്റർ തന്നെ ചെയ്തോളും.കുടുംബത്തെ വെയ്റ്റിംഗ് റൂമിലിരുത്തി പരിസരമാകെ ഞാനൊന്ന് ചുറ്റി നടന്നു. നല്ല വൃത്തിയുള്ള തെരുവുകൾ. ഒരു കടലാസ് തുണ്ട് പോലും പാറി വീഴുന്നില്ല എവിടെയും. കെട്ടിടങ്ങൾക്കിടയിൽ നിന്നും ചില നേരങ്ങളിൽ തണത്ത കാറ്റ് വീശിക്കൊണ്ടിരുന്നു. മഞ്ഞ് ഇടവിടാതെ പെയ്ത് കൊണ്ടിരുന്നു.
അധികം ചുറ്റിയടിക്കാനായില്ല. മ്യൂണിക്കിലേക്കുള്ള ഞങ്ങളുടെ ബസ് അതിന്റെ ബേയിൽ പാർക്ക് ചെയ്ത് കഴിഞ്ഞിരിക്കുന്നു. ഡ്രൈവർ പുറത്തിറങ്ങി ഓരോരുത്തരേയായി വിളിച്ചു കൊണ്ടിരിക്കുന്നു. അയാൾ തന്നെ ബാഗ്ഗേജുകളെല്ലാമെടുത്ത് ചെക്ക് ചെയ്ത് ബാഗേജ് ഹോൾഡിലേക്ക് അടുക്കി വെക്കാൻ തുടങ്ങി.
ഫ്ലിക്സ് ബസ് കമ്പനിയുടെ ആഡംബര കോച്ചാണ്. ഞങ്ങൾ ഉള്ളിലേക്ക് കയറി. നമ്പറനുസരിച്ചുള്ള സീറ്റുകൾ കണ്ടെത്തി ഉപവിഷ്ടരായി. പനോരമിക് വ്യൂ കിട്ടുന്നതിലേക്കായി മുകൾ നിലയിലെ മുൻ സീറ്റുകൾക്കായി 5 യൂറോ വീതം എക്സ്ട്രാ കൊടുത്തിരുന്നു. യാത്ര ചാർജ്ജ് ഒരാൾക്ക് 30 യൂറോയേയുള്ളു.
കഷ്ടിച്ച് നാലുമണിക്കൂർ നീളുന്ന യാത്രക്ക് മുമ്പേ ഡ്രൈവർ ഒരിക്കൽ കൂടി ബസിനുള്ളിൽ ഒന്നു ചുറ്റിയടിച്ചു എല്ലാവരേയും അഭിവാദ്യം ചെയ്തു. ശേഷം യാത്ര തുടങ്ങുകയായി. യാത്രക്ക് മുമ്പേ അനൗൺസ്മെന്റുണ്ടായി. അയാളുടെ പേര് ബെൻ. ജർമൻ അതിർത്തി വരെ ഞങ്ങളുടെ സാരഥി അയാളായിരിക്കും. ഏകദേശം 4 മണിക്കൂറാണ് മ്യൂണിക്കിലേക്കുള്ള ദൂരം.
നഗരത്തിരക്കിൽ നിന്നും പുറത്ത് കടക്കാൻ പത്തിരുപത് മിനിറ്റെടുത്ത് കാണും. പിന്നീട് ബസ് സമതലങ്ങകളിലൂടെ ഒഴുകി നീങ്ങാൻ തുടങ്ങി. 100 - 120 കി.മീ. വേഗതയിലാണ് യാത്ര. മുൻപിൽ നിന്നും വശങ്ങളിൽ നിന്നുമുള്ള കാഴ്ചകളിൽ ധാന്യവിളകളുടേയും പച്ചപ്പുൽമേടുകളുടെയും കൊച്ചു തടാകങ്ങളുടെയും ദൃശ്യങ്ങൾ വരവായി. കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന ഉരുളക്കിഴങ്ങ് പാടങ്ങൾ.
സഹയാത്രികർ മിക്കവരും ഉറക്കത്തിലേക്ക് വഴുതിവീണു കൊണ്ടിരുന്നു ; കൂട്ടത്തിൽ സഹധർമ്മിണിയും.Aisle നപ്പുറത്തെ സീറ്റിലുള്ളയാൾ വായിച്ചിരുന്ന പുസ്തകം മടക്കി വെച്ച് പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു. ഇടക്കെന്നോട് ചിരിച്ച് കൊണ്ട് ഒരു ഹായ് പറഞ്ഞു.
മ്യൂണിക്കിൽ സ്ഥിരതാമസക്കാരനായ ജോനാസ് ആണ് താനെന്നും ചില അടിയന്തിര കാര്യങ്ങൾക്കായി സൂറിക്കിൽ വന്ന് തിരിച്ചു പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 70 വയസ്സ് തോന്നിക്കുന്ന കക്ഷി ഔദ്യോഗിക കാര്യങ്ങൾക്കായി നിരവധി തവണ ഡൽഹിയിൽ വരാറുണ്ടായിരുന്നത്രെ. ജർമ്മനിയെക്കുറിച്ചുള്ള എന്റെ "ജ്ഞാനം " വെളിവാക്കാനായി പഴയ നാസികാലത്തെ പറ്റിയും ഓഷവിറ്റ്സ്, ബുഗൻവാൾഡ് തുടങ്ങിയ ഹിറ്റ്ലറുടെ പീഢന കേന്ദ്രങ്ങളെയും പറ്റിയൊക്കെ തട്ടിവിട്ടു. അത് അദ്ദേഹത്തിന് നന്നേ രസിച്ചിരിക്കണമെന്ന് തോന്നി.

രണ്ടാം ലോകമഹായുദ്ധശേഷമാണ് അദ്ദേഹത്തിന്റെ ജനനം. അച്ഛൻ പറഞ്ഞു കേട്ട കഥകളും പിന്നീട് ചരിത്ര പഠനം വഴി ആർജ്ജിച്ചെടുത്ത അറിവും അദ്ദേഹം എന്നിലേക്ക് പകർന്ന് നല്കി. അദ്ധ്യാപക വൃത്തിയല്ല തൊഴിലെങ്കിലും ഒരു അക്കാഡമീഷ്യന്റെ ചാതുരി അദ്ദേഹത്തിന്റെ ആംഗ്യങ്ങളിലും ഭാഷയിലും തെളിഞ്ഞു വന്നു.
ബുഗൻവാൾഡ് കോൺസെൻട്രേഷൻ ക്യാമ്പ് 1930 കളുടെ മദ്ധ്യത്തിലായി ജർമ്മനിയിൽ സ്ഥാപിതമായതാണത്രെ. കമ്യൂണിസ്റ്റുകാരും ജൂതന്മാരുമുൾപ്പെടെ അരലക്ഷത്തിലേറെ പേരെയാണ് ഹിറ്റ്ലറുടെ നാസിപ്പട കൊന്നൊടുക്കിയത്. എന്നാൽ അതിലേറെ ഭീകരമായത് മറ്റൊന്നാണ്. ജർമ്മനിയിലും പോളണ്ടിലുമായി പരന്ന് കിടന്നിരുന്ന നാല്പതോളം പീഢന കേന്ദ്രങ്ങളിലായി (ഓഷ് വിറ്റ്സ് ) പതിനൊന്ന് ലക്ഷത്തോളം നിരപരാധികളെയും ഹിറ്റ്ലർ ഭരണകൂടം വംശഹത്യ നടത്തി. ഹോളകോസ്റ്റ് എന്ന വാക്ക് ഏറെ വികാരനിർഭരതയോടെ അദ്ദേഹം കൂടെക്കൂടെ ഉച്ചരിച്ചു കൊണ്ടിരുന്നു. ബുഗൻവാൾഡ് സന്ദർശിക്കാനുള്ള എന്റെ ആഗ്രഹം വെറുതെയെങ്കിലും ഞാനദ്ദേഹവുമായി പങ്കു വെച്ചു.

ബസ് നീങ്ങിക്കൊണ്ടേയിരുന്നു. സമതലങ്ങൾക്ക് സമാന്തരമായി പച്ച പിടിച്ച ഗിരിശൃംഗങ്ങൾ ദൃശ്യമാവാൻ തുടങ്ങി. ദൂരെയായി ഒരു പുഴയുടെ മിന്നലൊളി പോലെ. ചിലരെങ്കിലും ഉറക്കമെണീറ്റ് ലഘുഭക്ഷണങ്ങളും പാനീയങ്ങളും കഴിച്ചു കൊണ്ടിരിക്കുന്നു.
ബുഗൻവാൾഡ് വീണ്ടും വിഷയമായവതരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. നിങ്ങൾക്ക് ഈ യാത്രയിൽ അവിടെ എത്തിപ്പെടുക ദുഷ്കരം. പറഞ്ഞിടത്തോളം നിങ്ങളുടെ യാത്ര വേറെ റൂട്ടിലാണ്. മ്യൂണിക്കിൽ നിന്നും ഫ്റാങ്ക്ഫർട്ടിലെത്തിയിട്ട് വേണം ബുഗൻവാൾഡിലെത്താൻ. അഞ്ച് മണിക്കൂർ യാത്രയെങ്കിലും അങ്ങോട്ടുണ്ട്. അത് മറ്റൊരിക്കലേക്ക് മാറ്റിവെക്കലല്ലേ ഉചിതം? ഞാനും ജീവിത സായാഹ്നത്തിലേക്ക് നീങ്ങുകയാണെന്നും ഇനിയൊരിക്കലെന്നത് ഒരു സ്വപ്നമായി മനസ്സിലങ്ങനെ കിടക്കട്ടെ എന്നും ഞാനദ്ദേഹത്തോട് പറഞ്ഞു.
മുക്കാൽ നൂറ്റാണ്ട് മുമ്പ് ജർമനിയിൽ അരങ്ങേറിയ വംശീയ വിദ്വേഷവും തുടർന്നുണ്ടായ കൂട്ടക്കൊലകൾക്കും ഏതാണ്ട് സമാനമായ അവസ്ഥയല്ലേ ഇന്ന് ഇന്ത്യയിലെന്ന് അദ്ദേഹം ചോദിച്ചു. ചരിത്രങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളാത്തവരെയും രാഷ്ട്രീയമായും സാമൂഹ്യമായും മനോവൈകല്യം ബാധിച്ചവരെയും കൊണ്ട് ലോകം നിറഞ്ഞിരിക്കുകയാണല്ലോ എന്നദ്ദേഹം സങ്കടപ്പെട്ടു. ജന്മം കൊണ്ട് താനൊരു ജൂതനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബസ്സ് നീങ്ങിക്കൊണ്ടേയിരുന്നു. ജോനാസ് പുസ്തക വായനയിലേക്ക് വീണ്ടും തല പൂഴ്ത്തി. വായനയിൽ നിന്നും തെന്നി മാറി ഒരു ധ്യാനാവസ്ഥയുടെ ഏകാഗ്രതയിലേക്ക് അദ്ദേഹം തുഴഞ്ഞ് പോകുന്നതായി എനിക്ക് തോന്നി. ഞാൻ പുറം കാഴ്ചകളിലേക്ക് കണ്ണുകൾ പായിച്ചു. ഭാര്യ എന്റെ തോളിൽ ചാരി ചെറിയൊരു മയക്കത്തിലേക്ക് വഴുതി വീണിരുന്നു.ഇടയിലെപ്പോഴോ മറവിയുടെ പുറംതോടുകൾ പൊട്ടിച്ചു കൊണ്ട് ജോനാസ് വീണ്ടും എന്നെ സംസാരസാഗരത്തിലേക്ക്തിരികെ കൊണ്ട് വന്നു.
മ്യൂണിക്ക് നഗരത്തിനടുത്തായുള്ള ഒരു നാസി തടങ്കൽപ്പാളയത്തെ പറ്റി അദ്ദേഹമെന്നോട് ആവേശപൂർവ്വം സംസാരിക്കാൻ തുടങ്ങി. ഓർമ്മയിലെങ്ങോ മൂടിക്കിടന്നിരുന്ന ചിത്രങ്ങളെ അദ്ദേഹം വാങ്മയ രൂപങ്ങളിലേക്ക് ആവാഹിക്കാൻ ശ്രമിച്ചു. അങ്ങനെയാണ് ഡാഷോ(Dachau) തടങ്കൽപ്പാളയത്തെക്കുറിച്ച് അറിയാനിട വന്നത്. ഓഷ്വിറ്റ്സിനെപ്പോലെ, ബുഗൻവാൾഡിനെ പോലെ അത്ര ഭീതിദമായിരുന്നില്ല അവിടെയെങ്കിലും മനുഷ്യനെ മനുഷ്യൻ പീഢിപ്പിക്കാനായി മാത്രം പണിതുയർത്തിയ ക്യാമ്പുകൾ തന്നെയായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. മ്യൂണിക് സിറ്റിയിൽ നിന്നും പത്തോ ഇരുപതോ കിലോമീറ്ററുകൾക്കുള്ളിൽ അവിടെ എത്തിച്ചേരാനാകുമെന്നും ജോനാസ് തുടർന്നു.

ഇപ്പോൾ പുഴയുടെ സമീപദൃശ്യമായി. പുഴയോട് ചേർന്ന ഒരു കെട്ടിടം പോലുള്ള ഒന്നിലേക്ക് ബെൻ ഞങ്ങളുടെ ബസ് ഓടിച്ചു കയറ്റി. അതിനുള്ളിൽ വേറെയും ബസുകളും മറ്റ് വാഹനങ്ങളുമുണ്ടായിരുന്നു. ബെൻ പറഞ്ഞു: എല്ലാവർക്കും ഇറങ്ങാം. ഇതൊരു റിവർ ക്രൂയിസാണ് , ഫെറിയാണ്. കോഫി കഴിക്കാം , സിഗററ്റാവാം, ടോയ്ലറ്റിലും പോകാം . ഡെക്കിൽ പോയി നിന്നാൽ റൈൻ നദിയുടെ കൈവഴിയായ ഈ പുഴയുടെ തീരങ്ങളിലെ മനോഹാരിത ആവോളം ആസ്വദിക്കാം. തിരികെ ബസിൽ കയറാൻ ആരും മറക്കാതിരുന്നാൽ മതി.
ഫോർട്ട് കൊച്ചിയിൽ നിന്നും വൈപ്പിനിലേക്ക് കടക്കുന്ന ലാഘവത്തോടെ ഞങ്ങൾ സ്വിറ്റ് സർലണ്ടിൽ നിന്നും ജർമ്മനിയിലേക്ക് കടക്കുകയാണ്. സാമാന്യം വലുപ്പമുള്ള ഒരു ക്രൂയിസ് ഷിപ്പ് തന്നെയാണിത്. റെസ്റ്റോറന്റും അതിന് പുറത്തായി നിരവധി ഇരിപ്പിടങ്ങളും നീണ്ട ഇടനാഴികളും ചേർന്ന ഒന്ന്. ഡക്കിലും കോറിഡോറുകളിലുമെല്ലാം തിരക്കു തന്നെ. ഞങ്ങൾ ഡക്കിൽ നിന്ന് പുറം കാഴ്ചകളിലേക്ക് കണ്ണോടിച്ചു. നീല മലനിരകളുടെ ദൃശ്യങ്ങളോടൊപ്പം പുഴക്കാറ്റും നവോന്മേഷം പ്രദാനം ചെയ്തു. 20 മിനിറ്റിനുള്ളിൽ ഞങ്ങൾ മറുകര പൂകി.
എല്ലാവരും ബസിനുള്ളിലുണ്ടെന്ന് ഉറപ്പ് വരുത്തി ബെൻ യാത്ര തുടരാനാരംഭിച്ചു. അടുത്ത അഞ്ചു മിനിറ്റിൽ യാത്രാ രേഖകൾ പരിശോധിക്കാൻ ജർമ്മൻ പൊലീസ് എത്തുമെന്നും എല്ലാവരും രേഖകൾ റെഡിയാക്കി വെക്കണമെന്നും അറിയിപ്പുണ്ടായി. ബസ് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.
കുറെ ഓടിയ ശേഷം ബസ് ഒരിടത്ത് നിറുത്തിയിട്ടു. ഹോളിവുഡ് സിനിമയിലൊക്കെ കാണാറുള്ള പോലെ ചുള്ളന്മാരായ നാല് പൊലീസുകാർ വണ്ടിക്കുള്ളിൽ പ്രവേശിച്ചു. ഓരോരുത്തരുടെയും യാത്രാ രേഖകൾ പരിശോധിച്ചു തുടങ്ങി. യൂറോപ്യൻ യൂണിയനിൽ എത്ര ദിവസം ഉണ്ടാകും എന്ന് ചോദിച്ചു. ഇനി നിങ്ങൾ പോകുന്ന ദിവസം വരെ വേറൊരു ചെക്കിംഗ് നിങ്ങൾ അഭിമുഖീകരിക്കേണ്ടി വരില്ലെന്നും അവർ പുഞ്ചിരിയോടെ പറഞ്ഞു.
ബെൻ അവിടെ ഇറങ്ങുകയും പുതിയൊരാൾ വണ്ടിയുടെ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

മൂന്ന് മണിയോടെ ഞങ്ങൾ മ്യൂണിക്കിലെത്തി. മെയിൻ ബസ് സ്റ്റാന്റിനോട് ചേർന്ന് തന്നെയുള്ള ഒരു കെട്ടിടത്തിലായിരുന്നു Air BNB വഴി ബുക്ക് ചെയ്ത അപാർട്മെന്റ്. ബാഗേജുമായി നടക്കാനുള്ള ദൂരമേയുള്ളു. അഞ്ച് മിനിറ്റിനകം ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി. നല്ല വൃത്തിയുള്ള മുറികളും പരിസരവും. കർട്ടൻ മാറ്റി നോക്കിയാൽ നഗരത്തിന്റെ മോഹിപ്പിക്കുന്ന ദൃശ്യം.
അല്പ വിശ്രമത്തിന് ശേഷം ഞങ്ങൾ നഗരക്കാഴ്ചകളിലേക്കിറങ്ങി.
ഡാന്യൂബിന്റെ പോഷക നദിയായ ഐസാറിന്റെ തീരത്താണ് മനോഹാരിത മുറ്റി നില്ക്കുന്ന ഈ നഗരം. ബെർലിനും ഹാംബർഗും കഴിഞ്ഞാൽ ജർമനിയിലെ ഏറ്റവും വലിയ നഗരമാണിത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലേ യൂറോപ്പിന്റെ കലാ സാംസ്കാരികരംഗത്തും , ശാസ്‌ത്രത്തിലും വാസ്തുവിദ്യയിലും പുകൾപെറ്റയിടമായി മാറിയിരുന്നു മ്യൂണിക്ക് . ഇന്നും ആ പാരമ്പര്യം നിലനിറുത്തുന്നതിൽ മ്യൂണിക്ക് മുന്നിൽ തന്നെയാണ്. ജീവിത നിലവാരത്തിൽ ജർമ്മനിയിൽ ഒന്നാമതും ലോകത്തിൽ മൂന്നാം സ്ഥാനവും മ്യൂണിക്കിന് സ്വന്തമാണ്.രണ്ടാം ലോക മഹായുദ്ധത്തിൽ മുച്ചൂടും നാമാവശേഷമായ നഗരം അതിന്റെ പൂർവ്വസ്ഥിതിയിലേക്ക് തന്നെ പണിതുയർത്തപ്പെടുകയായിരുന്നു.

കാഴ്ചകളിൽ പുത്തൻ രസാനുഭൂതികൾ നിറക്കുന്ന സെന്റ് മേരീസ് സ്ക്വയറാണ് നഗരത്തിലെത്തുന്ന സഞ്ചാരിക്ക് ഏറെ ആകർഷണീയമായി തീരുന്ന പലയിടങ്ങളിലൊന്ന് . അവിടേക്കിറങ്ങി ആ ജനസമുദത്തിലെ തുള്ളികളായി തീരുമ്പോൾ മനസ്സിലുളവാകുന്ന ആഹ്ലാദം ചില്ലറയല്ല. സായാഹ്നത്തിന്റെ പൊലിമയിൽ നഗരം ഒരു ദിവസത്തിന്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കയാണ്. രാവു നീളുന്നത് വരെ ആഘോഷങ്ങളും ആഹ്ലാദാരവങ്ങളും നീണ്ടു നില്ക്കും. അതിലലിയാതെ ഒഴിഞ്ഞു നിന്നാൽ പോലും അതിന്റെ തീക്ഷ്ണ ഭാവങ്ങൾ നമ്മളെ പൊതിയും.
സെന്റ് മേരീസ് സ്ക്വയർ അതിവിശാലമായ ഒരു ചത്വരം തന്നെയാണ്. ബവേറിയൻ സ്റ്റേറ്റിന്റെ തലസ്ഥാനമായ മ്യൂണിക്കിന്റെ നഗര സന്ദർശനത്തിനെത്തുന്ന സഞ്ചാരിക്ക് എന്നെന്നും മനസ്സിൽ നിറച്ചു വെക്കാനുള്ള കാഴ്ചകളുടെ ഒരു സഞ്ചയം ഇവിടെ ഒരുക്കപ്പെട്ടിരിക്കുന്നു. പുതിയ സിറ്റി ഹാളും പഴയ സിറ്റി ഹാളും അതിരിടുന്ന ഈ ചത്വരത്തിൽ പ്രാചീനതയുടെയും ആധുനികതയുടെയും സമന്വയം നമുക്ക് കണ്ടെത്താനാകും. മദ്ധ്യകാല ശില്പ ചാതുരി ഒളി മങ്ങാത്ത സ്മരണകളായി സിറ്റി ഹാളിന്റെ ചുമരുകളെ അലംകൃതമാക്കിയിരിക്കുന്നു. നിയോ - ഗോഥിക് ശില്പകലയുടെ അസാമാന്യ കരവിരുതുകൾ അതിൽ തത്പരരായ സഞ്ചാരികൾക്ക് ഒരമൂല്യ ദർശനമായി തീരും. പ്രാഗ് കാസിലിനെ നൊടി നേരമെങ്കിലും ഓർമ്മയിലേക്കാവാഹിക്കുന്ന സിറ്റി ഹാളിന്റെ നിർമ്മിതി പൊതുവേയുള്ള യൂറോപ്യൻ ശൈലിയാണെങ്കിലും ഒരു കോട്ടയുടെ നടുവിലായി നാമെത്തിപ്പെട്ട പ്രതീതി നമ്മിൽ ഉത്സാഹത്തിമിർപ്പേറ്റും. സിറ്റി ഹാളിന് വെളിയിലായി സ്വർണ്ണത്തിൽ നിർമ്മിതമായ കന്യാമറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും പ്രതിമ നമ്മിലൊരു വിശ്വാസിയുണ്ടെങ്കിൽ ഒരു നിമിഷംകണ്ണടച്ചൊരു പ്രാർത്ഥനക്ക് നിമിത്തമാവും.ലോകോത്തര ബ്രാൻഡുകളുടെ ഷോറൂമുകളാൽ നിബിഡമാണ് തെരുവിന്റെ ഓരോ ഭാഗവും. പൂർവ്വ കാല ചരിത്രത്തിലും ഇവിടം കച്ചവട കേന്ദ്രവും കലാകായിക മത്സരങ്ങളുടെ വേദിയുമായിരുന്നത്രെ.തെരുവൊട്ടുക്കും ചെറു ചെറു കച്ചവടക്കാരുടെ പ്രലോഭനങ്ങളാലും കായികാഭ്യാസികളുടെ പ്രകടനങ്ങളാലും മുഖരിതമാണ്. ഡിസംബർ ആദ്യത്തിലേ തുടങ്ങുന്ന ക്രിസ്മസ് ചന്തയാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത.രാവിലെ മുതലുള്ള യാത്ര നന്നേ ക്ഷീണിപ്പിച്ചിരുന്നെങ്കിലും നഗരക്കാഴ്ചകൾ നല്കിയ ആഹ്ളാദങ്ങളിൽ അത് അലിഞ്ഞില്ലാതായി. എങ്കിലും കുറച്ച് നേരം എവിടെയെങ്കിലും ഇരുന്ന് കൊണ്ട് നഗരസൗന്ദര്യമാസ്വദിക്കാമെന്നുറച്ചു. ബവേറിയൻ കോഫി ഹൗസിന്റെ പാർശ്വങ്ങളിൽ നിരത്തിയിട്ട ഇരിപ്പിടങ്ങൾ സഞ്ചാരികൾക്കൊരാശ്വാസമാണ്.സന്ധ്യയുടെ ആഗമനമറിയിച്ചു കൊണ്ട് ചത്വരത്തിലെമ്പാടും വൈദ്യുതി ദീപങ്ങൾ പ്രഭ ചൊരിയാൻ തുടങ്ങി. തണുപ്പ് മൈനസ് 4 ഡിഗ്രിയാണെങ്കിൽ പോലുംജനബാഹുല്യം കൊണ്ട് അതത്ര ഫീൽ ചെയ്യുന്നില്ലായിരുന്നു. എങ്കിലും ഓരോ കോഫിയുടെ ചൂടിൽ നാളത്തെ അടുത്ത ലക്ഷ്യസ്ഥാനത്തെ ഒന്ന് കൂടി ഉറപ്പിച്ചെടുക്കാനായി ആ സമയം വിനിയോഗിക്കാമെന്ന് കരുതി.

ഒമ്പത് മണിയോടെ ഞങ്ങൾ കൂടണയാൻ തീരുമാനിച്ചു. സെന്റ് മേരീസ് സ്ക്വയറിനടുത്ത് തന്നെയൊരു തെരുവിലുള്ള ഡൽഹി ഡർബാർ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് ഞങ്ങൾ താമസ സ്ഥലത്തെത്തി. ദോഷം പറയരുതല്ലോ, സൂറിക്കിലെ അനുഭവം ഇവിടെ ആവർത്തിച്ചില്ല. ഭക്ഷണത്തിന് മിതമായ നിരക്കേ ആയുള്ളു.
രാവിലെ ജാലകക്കാഴ്ചകളിലൂടെ കാണാവുന്ന പരിമിതമായ നഗര ഭാഗങ്ങൾ . അതത്രയും മഞ്ഞിന്റെ ആവരണത്തിനുള്ളിൽ പൊതിയപ്പെട്ടിരിക്കുന്നു. പുറത്തേക്കറങ്ങി ഒരു സിഗററ്റ് പുകക്കാമെന്ന് വെച്ചാൽ ഒരു പക്ഷേ പെട്ടുപോയെങ്കിലോ എന്ന് ഭയന്നു. മുൻപൊര നുഭവം ഉണ്ടായിട്ടുണ്ട്. മെയിൻ ഡോർ അടഞ്ഞ് പോയത് മൂലം ഒന്നര മണിക്കൂറോളം തെരുവിൽ നില്ക്കേണ്ടി വന്നത് കാസാബ്ലാങ്കയിൽ വെച്ചായിരുന്നു. കയ്യിലുണ്ടായിരുന്ന സിഗററ്റ് തീർന്ന ശേഷം ത ണുപ്പ് സഹിക്കാതെ മറ്റ് പുകവലിയന്മാരിൽ നിന്നും സിഗററ്റ് ഇരന്ന് വാങ്ങേണ്ടി വന്നു അന്ന്. ആ അവസ്ഥ ഓർത്തപ്പോൾ താഴേക്ക് ഇറങ്ങണ്ട എന്ന് തീരുമാനിച്ചു.
പത്തരയോട് കൂടി ഞങ്ങൾ പുറത്തിറങ്ങി. ഹോട്ടലൊന്നു തുറന്ന് കിട്ടാനുള്ള സമയത്തിനായി കുറച്ചവിടെയിവിടെയൊക്കെ ചുറ്റിയ ശേഷം തലേരാത്രി ഭക്ഷണം കഴിച്ചിടത്ത് തന്നെ കയറി. പതിനൊന്ന് മണി മുതലേ റെസ്റ്റോറന്റുകൾ ഇവിടെയും പ്രവർത്തനം തുടങ്ങൂ. ദോശ, ഇഡ്‌ലി തുടങ്ങി സൗത്തിന്ത്യൻ ഫുഡുകൾ പോലും എല്ലാം സുലഭം.
ഇനി അടുത്ത സ്ഥലത്തേക്ക് നീങ്ങണം.
വിശ്വാസികളും അല്ലാത്തവരും സന്ദർശിക്കുന്ന ഒരിടമാണ് സെന്റ് മേരീസ് സ്ക്വയറിൽ നിന്നും ഏറെയകലെയല്ലാതെ ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ചർച്ച്. തെളിവുള്ള ദിവസങ്ങളാണെങ്കിൽ ദൂരെയുള്ള ആൽപ്സ് പർവ്വത നിരകൾ വരെ ദൃശ്യമാവുമത്രെ. ഞങ്ങളുടെ സന്ദർശനം ഉച്ചക്ക് 12 മണിക്കായിട്ടു പോലും മഞ്ഞിന്റെ ആധിക്യം മൂലം വിദൂര ദൃശ്യങ്ങൾ ഇടവിട്ട് മാത്രമേ കാണാൻ തരപ്പെട്ടുള്ളു. തലേന്ന് യൂട്ട് ലി ബെർഗിൽ നിന്നപ്പോഴുണ്ടായ അതേ അവസ്ഥ. പെട്ടെന്നായിരിക്കും കട്ടി മഞ്ഞിന്റെ സാന്നിദ്ധ്യം തൊട്ടടുത്ത് നില്ക്കുന്നയാളെ പോലും മറച്ചു കളയുന്നത്. പിന്നെ അത്ര ശക്തിയില്ലാത്ത ഒരു കാറ്റ് വന്ന് മഞ്ഞിനെ വാരിയെടുത്ത് കൊണ്ട് പോകും. കാറ്റും മഞ്ഞും തമ്മിലുള്ള കളികൾക്കിടയിൽ നമുക്ക് ദൃശ്യമാവുന്ന കാഴ്ചകൾ അത് പ്രദാനം ചെയ്യുന്ന സൗന്ദര്യബോധം നമ്മുടെ മനസ്സിൽ നിറഞ്ഞു നില്ക്കും. ചുറ്റി ചുറ്റിയുള്ള (spiral) 300ലേറെ പടികൾ കയറി വേണം അതിന്റെ മുകളിലെത്താൻ.

വരുമാന നികുതിക്ക് പുറമേ മതനികുതി കൂടി ഏർപ്പെടുത്തിയിരിക്കുന്ന ചുരുക്കം യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാണ് ജർമ്മനി .കത്തോലിക്കാ സഭക്ക് മേൽക്കൈയുള്ള മ്യൂണിക്കിൽ പ്രൊട്ടസ്റ്റന്റുകാരും , ജൂത ഇസ്‌ലാം മത വിഭാഗക്കാരും ഇട കലർന്ന് ജീവിക്കുന്നു. എങ്കിലും ആരാധനാലയങ്ങൾ മിക്കതും മ്യൂസിയങ്ങളായി പരിണമിച്ചതിലൂടെ ദൈവ വിശ്വാസത്തിലധിഷ്ഠിതമായ ഒരു ജീവിതചര്യയിൽ നിന്നും ഇവർ ഏറെ അകലെയാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അത് കൊണ്ടാകാം ഈ ചർച്ചിലും ഞായറാഴ്ചകളിലെ വിശുദ്ധ കുർബാനകൾ പോലും അർപ്പിക്കപ്പെടാറില്ലെന്ന അറിവ് നമുക്ക് പകർന്ന് കിട്ടുന്നത്.
ഒളിമ്പിയാ പാർക്കിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നഒളിമ്പിക്സ് സ്റ്റേഡിയത്തിലേക്കാണ് അടുത്തതായി ഞങ്ങൾ നീങ്ങിയത്. ഫിഫാ കപ്പ് ഫൈനലും യൂറോപ്യൻ കപ്പ് ഫൈനലുമൊക്കെ അരങ്ങേറിയതിവിടെയാണല്ലോ എന്നോർത്തപ്പോൾ തന്നെ മനസ്സിന്റെ കോർട്ടിൽ പന്തുരുളാൻ തുടങ്ങി. ഒരു നിമിഷം കണ്ണ് മുഴുക്കെ തുറന്ന് കൊണ്ട് തന്നെ അവിടെ കളി തുടരുന്നതായി സങ്കല്പിച്ചു. മിറോസ്ലാവ് ക്ലോസും, റൊണാൾഡോയും ഗേർഡ് മുള്ളറുമെല്ലാം ഗോൾ പോസ്റ്റിലേക്ക് പന്തടിച്ച് തെറിപ്പിക്കുന്നതിന്റെ രംഗങ്ങൾ തിര ശ്ശീലയിലൂടെന്ന പോലെ കാണാനായി.സന്ദർശകർക്കായി എല്ലാദിവസവും തുറന്നിടുന്ന ഇവിടെ പ്രവേശന ഫീസ് ഞങ്ങൾക്ക് 21 യൂറോയേ ആയുള്ളു. അതേസമയം സിംഗിൾ എൻട്രിയാണെങ്കിൽ 09 യൂറോ ആണ് ഫീസ്.
പൊതുവേ ഫുട്ബോൾ പ്രേമികളായ ജർമ്മൻകാർക്ക്, മ്യൂണിക്കിൽ ഒരു സ്റ്റേഡിയം വേണമെന്ന ആശയം ഒന്നാം ലോക മഹായുദ്ധാനന്തരം പലതവണ ഉയർന്നു വന്നിരുന്നു. പല ഘട്ടങ്ങളിലായി സ്റ്റേഡിയം ഉയർന്നു വരാൻ തുടങ്ങിയെങ്കിലും അര നൂറ്റാണ്ടിന് ശേഷം 1972 ൽ ആണ് അത് ഒരു ഒളിമ്പിക് വേദിയായി രൂപാന്തരം പ്രാപിക്കുന്നത്. 80000 പേർക്ക് ഇരിപ്പിടമുള്ള ഈ സ്റ്റേഡിയം ഇതിനകം ഒരു പാട് മത്സരങ്ങൾക്ക് വേദിയായിട്ടുണ്ട്.
ഇവിടെ നടന്ന ഇസ്രയേലി കൂട്ടക്കൊലയുടെ സംഭവക്രമണിക രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ബ്ലോക്ക് നമ്പർ 31 ആ കറുത്ത ദിനത്തിന്റെ ഓർമ്മത്തെറ്റ് പോലെ വിഭിന്നമായി നിറുത്തിയിരിക്കുന്നു. ഇസ്രയേലി ടീം താമസിച്ചിരുന്ന ബ്ലോക്കായിരുന്നു അത്. പാലസ്തീൻ ഭീകരരായ മൂന്ന് പേർ ഇസ്രയേലി കായിക താരങ്ങളെയും ഒരു ജർമൻ പോലീസ് ഓഫീസറെയുമടക്കം ഒമ്പത് പേരെ കൂട്ടക്കൊല ചെയ്യുകയാണുണ്ടായത്. തുടർന്ന് ഇസ്രയേലി ചാരസംഘടനയായ മൊസാദിന് അവർ കീഴടങ്ങിയത് ചരിത്രം.
മ്യൂണിക് ഒരു ഗ്രീൻ സിറ്റിയാണെന്ന് ഓരോ ചുവടിലും നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കും. മറ്റേതൊരു യൂറോപ്യൻ നഗരത്തെക്കാളും വൃക്ഷനിബിഡമാണ് ഇവിടം. ഒളിമ്പിക് സ്റ്റേഡിയത്തിന് പുറത്തും നിരനിരയായി നില്ക്കുന്ന വൃക്ഷങ്ങൾ. നഗരമദ്ധ്യത്തിൽ തന്നെയുള്ള ഇംഗ്ലീഷ് പാർക്കും അത് തന്നെയാണ് നമ്മളോട് പറയുന്നത്. ഏകദേശം 4 കി.മീറ്ററോളം നീണ്ടു കിടക്കുന്ന ഈ പാർക്ക് ലോകത്തിലെ തന്നെ നഗരമദ്ധ്യത്തിലുള്ള ഏറ്റവും വലിയ ഒന്നാണ്.നടന്ന് തുടങ്ങിയാൽ ഒരിടത്ത് നിന്നും കണ്ണകളെ പിൻവലിച്ചെടുക്കാനൊക്കാത്ത വിധം മനോഹരമാണ് ഈ പാർക്ക്. പാർക്കിന്റെ തുറസ്സുകളിൽ തന്നെ ഇടവിട്ട് കാണുന്ന ബിയർ പാർലറുകൾ സഞ്ചാരികളെ പ്രലോഭിപ്പിച്ചു കൊണ്ടേയിരിക്കും.
കൃത്രിമമായി നിർമ്മിച്ചിട്ടുള്ള വാട്ടർ സർഫിങ് സംവിധാനവും ഈ പാർക്കിന്റെ പ്രത്യേകതയാണ്. തങ്ങളുടെ ഊഴത്തിനായി കാത്തു നില്ക്കുന്ന ആളുകൾ പോലും നമുക്ക് കൗതുകത്തിനിട നല്കും.

നഗരത്തിൽ എവിടെ ചികഞ്ഞാലും മദ്ധ്യകാല സംസ്കാരങ്ങളുടെ ശേഷിപ്പുകളോ ചരിത്രാവശിഷ്ടങ്ങളോ കണ്ടെത്താനാവും. നഗരത്തിനടുത്ത് തന്നെയായുള്ള നിംഫെൻബർഗ് പാലസാണ് അത്തരത്തിലുള്ള മറ്റൊരാകർഷണ കേന്ദ്രം. ബവേറിയൻ രാജാക്കന്മാരുടെ വേനൽക്കാല വിഹാര രംഗങ്ങളിലൊന്നായ ഈ കൊട്ടാരത്തിന്റെ അകത്തളങ്ങൾ കാഴ്ചക്കാരനെ തീർത്തും അത്ഭുതപരതന്ത്രനാക്കും. ചുമർ ചിത്രങ്ങളും സീലിംഗിലെ ശില്പങ്ങളുമെല്ലാം വ്യത്യസ്ത പ്രകാശവിന്യാസങ്ങളാൽ നമ്മുടെ കണ്ണകൾക്ക് അവിസ്മരണീയമായ കാഴ്ചാ വിരുന്നാണൊരുക്കുന്നത്. പാലസിന് ചുറ്റുള്ള പാർക്ക് കൊട്ടാരത്തിന്റെ പ്രൗഢഭാവത്തിന് ഒന്നുകൂടി ആക്കം കൂട്ടുന്നുണ്ട്. പാർക്കിനോട് ചേർന്ന് തടാകത്തിൽ നീന്തിത്തുടിക്കുന്ന ഇണയരയന്നങ്ങൾ. ഈ അപ്സരസ്സുകളുടെ കൊട്ടാരത്തിലേക്ക് നഗരത്തിൽ നിന്ന് ട്രാമിലോ ബസ്സിലോ ആയി വരാനാകും.
എണ്ണമറ്റ മ്യൂസിയങ്ങളാണ് നഗരത്തിന്റെ മറ്റൊരു പ്രത്യേകത. ഇംഗ്ലീഷ് പാർക്കിനോട് ചേർന്ന് തന്നെ മൂന്ന് മ്യൂസിയങ്ങളുണ്ട്. കല, ശാസ്ത്ര സാങ്കേതിക വിഭാഗങ്ങൾക്കായി പ്രത്യേകം മ്യൂസിയങ്ങൾ. ബിയർ മ്യൂസിയവും ബി.എം. ഡബ്ള്യൂ മ്യൂസിയവും നമുക്ക് വിസ്മയമായേക്കും.
ഏതാണ്ട് 60 ലേറെ മ്യൂസിയങ്ങൾ മ്യൂണിക് നഗരത്തിലും ചുറ്റുവട്ടത്തിലുമായുണ്ട്. ലോകത്തിൽ തന്നെ ഇത്രയേറെ മ്യൂസിയങ്ങൾ അടുത്തടുത്തായുള്ള നഗരങ്ങൾ അപൂർവ്വമാണ്. ഏതൊക്കെ മ്യൂസിയങ്ങളാണ് നമ്മുടെ അഭിരുചിക്കൊത്തതെന്ന് കണ്ടെത്തലാണ് ആദ്യം വേണ്ടത്. ഓരോയിടത്തും എൻട്രി ഫീസ് കൊടുക്കുന്നത് നഷ്ടമായിരിക്കും. 40 യൂറോക്ക് മ്യൂണിക്ക് പാസ്സ്/ മ്യൂണിക്ക് കാർഡ് കിട്ടും. ഇതുപയോഗിച്ച് ഒരു ദിവസം നമുക്ക് ഇഷ്ടമുള്ളത്രയും മ്യൂസിയങ്ങൾ സന്ദർശിക്കാനാവും.
മ്യൂണിക്കിന്റെ പഴയ തെരുവുകളെന്നോ പുതിയ നഗരഭാഗങ്ങളെന്നോ വ്യത്യാസമില്ലാതെ ചരിത്രാവശിഷ്ടങ്ങളുടെയും സാംസ്കാരിക പൊലിമയുടെയും കാഴ്ചാ വസന്തങ്ങളുടെയും ഘോഷയാത്രകൾ നമുക്കായി കാത്തിരിക്കുന്നു. ഹിറ്റ്ലർ ജീവിതത്തിലുടനീളം ചെയ്തത് ഹീനവും നികൃഷ്ടവുമായ ചെയ്തികളായിരുന്നെങ്കിലും മ്യൂണിക്കിനെ പറ്റി അയാൾ പറഞ്ഞിട്ടുള്ളത് "മ്യൂണിക് എന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്ന ഒരിടം " എന്നായിരുന്നു. അതിലെങ്കിലും ഹിറ്റ്ലറോട് അനുഭാവം പുലർത്തണമെന്ന് എനിക്കും തോന്നി.
ബസ്സിൽ വെച്ച് ജോനാസ് പറഞ്ഞു തന്നിരുന്ന നാസി തടങ്കൽപ്പാളയം കാണുന്നതിൽ ഭാര്യക്കോ കുട്ടികൾക്കോ താത്പര്യമില്ലായിരുന്നു. ഇനിയൊരിക്കലും കാണാനിട കിട്ടാതെ പോയേക്കാവുന്ന ആ കാഴ്ചകളിൽ എന്റെ മനസ്സത്രയും കുരുങ്ങിക്കിടക്കുകയായിരുന്നു. ഞാനെന്തായാലും അങ്ങോട്ട് തിരിക്കാൻ തീരുമാനിച്ചു. ട്രെയിനിലും ബസ്സിലുമായി എത്താനുള്ള ദൂരമേയുള്ളുവെങ്കിലും വഴിതെറ്റാതിരിക്കാനായി ഊബർ ടാക്സിയിൽ തന്നെ യാത്രയായി.
മ്യൂണിക്കിൽ നിന്ന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായി മധ്യകാല പട്ടണമായ ഡാഷോവിന്റെ (Dachau) വടക്കുകിഴക്കായി ഉപേക്ഷിക്കപ്പെട്ട യുദ്ധോപകരണ ഫാക്ടറിയുടെ അടുത്തായിട്ടാണ് ഡാഷോ കോൺസൻട്രേഷൻ ക്യാമ്പ് സ്ഥിതിചെയ്യുന്നത്.1933 മാർച്ച് 22 ന് ആരംഭിച്ച നാസി തടങ്കൽപ്പാളയമായിരുന്നു ഇത്. ആദ്യം രാഷ്ട്രീയ തടവുകാരെ പാർപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നു ഇതിന്റെ തുടക്കം. പിന്നീട് ജൂതന്മാർ, ജർമ്മൻ, ഓസ്ട്രിയൻ കുറ്റവാളികൾ, ഒടുവിൽ ജർമ്മനി അധിനിവേശം നടത്തിയതോ ആക്രമിച്ചതോ ആയ രാജ്യങ്ങളിൽ നിന്നുള്ള വിദേശ പൗരന്മാർ, സ്വവർഗ്ഗ ഭോഗികൾ, യഹോവാ സാക്ഷികൾ എന്നിവരെ തടവിലാക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. ഇതിന് അനുബന്ധമായി നൂറോളം ഉപ ക്യാമ്പുകൾ കൂടി ഉൾപ്പെടുന്നു. പ്രധാന ക്യാമ്പ് യുഎസ് സേന 1945 ഏപ്രിൽ 29 ന് മോചിപ്പിച്ചു.
എന്തിന് വേണ്ടിയെന്നറിയാതെ ക്രൂരമായ ചികിത്സകളും ഭീകരമായ മർദ്ദനമുറകളും അനുഭവിച്ച് തടവുകാർ ദീർഘകാലം ജീവിച്ചിരുന്ന സെല്ലുകൾ നമുക്കവിടെ നടന്ന് കാണാവുന്നതാണ്. വംശീയ വെറിയുടെ ഇരകളായ എത്രയോ നിരപരാധികളുടെ നിശ്വാസങ്ങൾ, തേങ്ങലുകൾ ഈ ചുമരുകളിൽ തട്ടി വെളിയിലേക്ക് പടർന്നൊഴുകാതെ വിമ്മിഷ്ടപ്പെട്ടിരിക്കണം. അവരുടെ ചോരയും കണ്ണീരും ഈ കുടുസ്സു മുറികളിൽ വീണൊഴുകിപ്പരന്ന് ഒരു സങ്കടക്കടൽ തന്നെ തീർത്തിരിക്കണം. തീർച്ചയായും ഒരു തുള്ളി കണ്ണീർ നമ്മളിൽ നിന്നിറ്റു വീഴാൻ ഏറെയൊന്നും ചിന്തിക്കേണ്ടി വരില്ല.
ഇരിക്കാനോ കിടക്കാനോ ആവാതെ പകലന്തി മുഴുക്കെ ഒരേ നില്പിൽ തുടരേണ്ടി വരുന്ന സ്റ്റാൻഡിംഗ് സെല്ലുകൾ. തടവുകാരെ മർദ്ദിച്ചവശരാക്കിയശേഷം തുടർ പീഢനങ്ങൾക്കായുള്ള ചമ്മട്ടികൾ . ആളുകളെ തൂക്കിക്കൊല്ലാനായി മാത്രം വളർത്തി വലുതാക്കിയ വൃക്ഷങ്ങൾ . ക്യാമ്പിൽ 32,000 മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അവിടത്തെ ചരിത്രരേഖകളിൽ കുറിക്കപ്പെട്ടിരിക്കുന്നു. രേഖപ്പെടുത്താതെ പോയ ആയിരങ്ങൾ എത്രയോ മടങ്ങായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു.
എങ്കിലും, ഓഷ്വിറ്റ്സോ ബുഗൻ വാൾഡോ പോലുള്ള ഒരു തടങ്കൽ പാളയമായി ഇതിനെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നില്ല.
യുദ്ധാനന്തര വർഷങ്ങളിൽ, വിചാരണ കാത്തിരിക്കുന്ന സൈനികരെ പിടിക്കാനും ഡാഷോ ക്യാമ്പിനെ ഉപയോഗപ്പെടുത്തി. 1948 ന് ശേഷം, കിഴക്കൻ യൂറോപ്പിൽ നിന്ന് പുറത്താക്കപ്പെടുകയും പുനരധിവാസത്തിനായി കാത്തിരിക്കുകയും ചെയ്ത ജർമ്മൻ വംശജരെയും പിടികൂടി ഇവിടെ തടങ്കലിലാക്കി. അധിനിവേശ സമയത്ത് കുറെ കാലം അമേരിക്കൻ സൈനിക താവളമായി ഉപയോഗിക്കുകയും ചെയ്ത ശേഷം 1960 ൽ ഇത് അടക്കുകയാണുണ്ടായത്.
രാവിലെ ഒമ്പത് മണി മുതലുള്ള പ്രവേശനം സൗജന്യമാണ്. ഡാഷോ മെമ്മോറിയൽ സൈറ്റിൽ നിന്നും നമുക്ക് ഈ ക്യാമ്പിന്റെ ചരിത്രപാഠങ്ങൾ വരിതെറ്റാതെ വായിച്ചെടുക്കാൻ കഴിയും. അവിടത്തെ മ്യൂസിയവും എക്സിബിഷനും സ്കൂൾ പാഠങ്ങളിൽ പഠിച്ചതിനപ്പുറത്തുള്ള കഥകളും നമുക്ക് അനുഭവവേദ്യമാക്കിത്തരും. ചരിത്രത്തോട് ആഭിമുഖ്യമുള്ള ഏതൊരാൾക്കും ഒരമൂല്യമായ അനുഭവം തന്നെയായിരിക്കും ഡാഷോ തുറന്നിടുന്നതെന്ന് നിസ്തർക്കമാണ്.
പന്ത്രണ്ട് മണിയോടെ അപ്പാർട്ട്മെന്റിൽ തിരികെയെത്തുമ്പോൾ ഒരു ചെറിയ കറക്കം കഴിഞ്ഞ് മറ്റുള്ളവർ കൂടണഞ്ഞിരുന്നു . ഇന്ന് വൈകീട്ടാണ് വിയന്നയിലേക്ക് യാത്ര. ഡാഷോയിലെ കാഴ്ചകൾ മനസ്സിലല്‌പം ദുഃഖം ഘനീഭവിപ്പിക്കുന്നുവെങ്കിലും മ്യൂണിക് ഈ ദിവസങ്ങളിൽ നല്കിയ ആസ്വാദ്യകരമായ അനുഭവങ്ങളിൽ മനസ്സിനെ കെട്ടിയിടാൻ ശ്രമിച്ചു കൊണ്ട് ഞങ്ങൾ വീണ്ടും തെരുവിലേക്കിറങ്ങി.
പതഞ്ഞുയരുന്ന ഒരു ബിയർ ഗ്ലാസിന്റെ കൊതിപ്പിക്കുന്ന പ്രലോഭനമായി ഈ നഗരത്തിന്റെ ഓർമ്മകളത്രയും മനസ്സിൽ നിറഞ്ഞു നില്ക്കും. ഓരോ ഓർമ്മകളും നുരകളായി മനസ്സിന്റെ അടിത്തട്ടിൽ നിന്നും ഉയർന്ന് പൊങ്ങി വരുന്നത് പോലെ തോന്നിക്കും.
അതേ, നിറച്ചുവെച്ച ബിയർ ഗ്ലാസിൽ നിന്നും തുളുമ്പി പുറത്തേക്കൊഴുകുന്ന ലഹരിയായി ഈ നഗരത്തിന്റെ മോഹിപ്പിക്കുന്ന ഓർമ്മകൾ നമ്മളെ പിൻതുടർന്ന് കൊണ്ടേയിരിക്കും.

