12 July 2020 · 12 min read · സിനിമ

സിനിമ /അനുഭവം

ഒരു പുതിയ സിനിമയുടെ പിറവി

എഴുപതുകളുടെ തുടക്കം മലയാള സിനിമയ്ക്ക് കേവലം ഒരു പുതിയ ദശകത്തിന്റെ തുടക്കമായിരുന്നില്ല. മലയാള സിനിമയുടെ പതിവ് വഴികളിൽ നിന്ന് മറ്റൊരു വഴിയിലേക്ക് തിരിയാനുള്ള ചില അസ്വസ്ഥമായ ചലനങ്ങൾ അന്ന് പതിയെ രൂപം കൊണ്ടു തുടങ്ങിയിരുന്നു. ഇതുവരെ കഥ പറഞ്ഞിരുന്ന രീതിയിലും കഥാപാത്രങ്ങളെ സമീപിച്ചിരുന്ന രീതിയിലും സിനിമയെ നോക്കിക്കണ്ടിരുന്ന രീതിയിലും ഒരു മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങി. പ്രേക്ഷകനെ വെറുതെ രസിപ്പിക്കുക എന്നതിനപ്പുറം, അവനെ ചിന്തിപ്പിക്കുകയും അസ്വസ്ഥനാക്കുകയും ചിലപ്പോൾ അവൻ്റെ മുന്നിൽ ജീവിതത്തിന്റെ തന്നെ കണ്ണാടി പിടിച്ചു നിർത്തുകയും ചെയ്യുന്ന ഒരു പുതിയ സിനിമാഭാഷ പിറവിയെടുക്കുകയായിരുന്നു.

1972-ൽ അടൂർ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’ എത്തുന്നതോടെയാണ് ആ മാറ്റത്തിന് മലയാള സിനിമയിൽ ഒരു നിർണായക മുഖം ലഭിക്കുന്നത്. അതൊരു സിനിമയുടെ വരവ് മാത്രമായിരുന്നില്ല; മലയാള സിനിമയ്ക്ക് മുന്നിൽ തുറന്നുവെച്ച മറ്റൊരു സാധ്യതയുടെ പ്രഖ്യാപനം കൂടിയായിരുന്നു. പിന്നാലെ എം.ടി. വാസുദേവൻ നായർ, ജി. അരവിന്ദൻ, ജി.എസ്. പണിക്കർ, കെ.പി. കുമാരൻ, ജോൺ എബ്രഹാം, കെ.ആർ. മോഹനൻ തുടങ്ങി വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള സംവിധായകർ തങ്ങളുടേതായ സിനിമകളുമായി രംഗത്തെത്തി. ഓരോ സിനിമയും നിലവിലുള്ള ചലച്ചിത്രസങ്കൽപ്പങ്ങളോട് ചോദ്യം ചോദിച്ചുകൊണ്ടിരുന്നു.

അക്കാലംവരെ വാണിജ്യസിനിമയുടെ പതിവ് ചേരുവകളോട് പരിചയപ്പെട്ടിരുന്ന മലയാളി പ്രേക്ഷകന്റെ മുന്നിലേക്കാണ് ഈ സിനിമകൾ കടന്നു വന്നത്. നായകനും നായികയും പാട്ടും പ്രണയവും സംഘട്ടനവും ഹാസ്യവും ചേർന്ന പരിചിതമായ ചലച്ചിത്രലോകത്തിനപ്പുറത്തായിരുന്നു അവയുടെ സഞ്ചാരം. അതു കൊണ്ടു തന്നെ വലിയൊരു വിഭാഗം പ്രേക്ഷകർക്ക് അവ അമ്പരപ്പുണ്ടാക്കി; ചിലർക്ക് അനിഷ്ടവും. സിനിമ ഇത്രയും മന്ദഗതിയിലാകേണ്ടതുണ്ടോ? എന്തിനാണ് ഇത്രയും നിശ്ശബ്ദത? എന്തിനാണ് കഥയെക്കാൾ ജീവിതത്തിന് പ്രാധാന്യം? എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയർന്നു.

എന്നാൽ എല്ലാവരും അങ്ങനെ ആയിരുന്നില്ല.

ലോകസിനിമയുടെ ക്ലാസിക്കുകൾ കണ്ടും ചർച്ച ചെയ്തും വളർന്നു കൊണ്ടിരുന്ന ഒരു ചെറിയ വിഭാഗം പ്രേക്ഷകർ ഈ പുതിയ സിനിമകളിൽ തങ്ങൾ കാത്തിരുന്ന മറ്റൊരു ലോകത്തെ കണ്ടെത്തി. സിനിമ വെറും വിനോദമല്ലെന്നും, അതിന് സാഹിത്യത്തോടും ചിത്രകലയോടും സംഗീതത്തോടും തത്ത്വചിന്തയോടും തുല്യമായി സംവദിക്കാൻ കഴിയുമെന്നും തിരിച്ചറിഞ്ഞ ഒരു തലമുറയായിരുന്നു അത്. അവരുടെ കൈയടികളാണ് മലയാള സിനിമയുടെ പുതിയ വഴികൾക്ക് ആദ്യത്തെ ആത്മവിശ്വാസം നൽകിയത്.

1972-ൽ തെളിഞ്ഞ ആ ചെറിയ തീപ്പൊരി അധികം വൈകാതെ ഒരു ചലനമായി മാറി. മലയാള സിനിമയുടെ അതിരുകൾ കടന്ന് ഈ ചിത്രങ്ങൾ ദേശീയവും അന്തർദേശീയവുമായ ചലച്ചിത്രവേദികളിൽ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യൻ സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ ബോംബെയിലേക്കോ ബംഗാളിലേക്കോ മാത്രം നോക്കേണ്ടതില്ലെന്നും, കേരളത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സിനിമാഭാഷ ഉയർന്നുവരുന്നുണ്ടെന്നും ലോകം തിരിച്ചറിയാൻ തുടങ്ങി.

അങ്ങനെ, എഴുപതുകൾ മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു ദശകം മാത്രമല്ലാതായി. ഒരു സിനിമ പഴയ രീതിയിൽ നിന്ന് മോചിതയായി, ജീവിതത്തെ മറ്റൊരു കണ്ണുകൊണ്ട് നോക്കിത്തുടങ്ങിയ കാലമായി അത് മാറി. ആ മാറ്റത്തിന്റെ തിരമാലകൾ പിന്നീട് മലയാള സിനിമയുടെ പല തലമുറകളെയും സ്വാധീനിച്ചു. ഇന്ന് പിന്നോട്ടുനോക്കുമ്പോൾ, അതൊരു ചെറിയ കുതിപ്പായിരുന്നില്ലെന്ന് മനസ്സിലാക്കാം. മലയാള സിനിമയുടെ സ്വഭാവത്തെയും സൗന്ദര്യശാസ്ത്രത്തെയും തന്നെ മാറ്റിമറിച്ച ഒരു വലിയ വഴിത്തിരിവായിരുന്നു അത്.


കമേഴ്സ്യൽ സിനിമയിൽ ഒരു കാലത്ത് വെന്നിക്കൊടി പാറിച്ചിരുന്നവരിൽ കൊടുങ്ങല്ലൂരിന്റെ സാന്നിദ്ധ്യം  വിളിച്ചറിയിച്ചിരുന്നവരാണ് മൊയ്തു പടിയത്ത്, ബഹദൂർ ,സുധീർ എന്നിവർ.സെല്ലുലോയ്ഡിന്റെ മാസ്മരിക വശ്യതയിൽ  തിളങ്ങി നിന്നിരുന്ന ഇവരുടെ പരമ്പരയിൽ നിന്നാണ് അഷറഫ് പടിയത്ത് എന്ന പടിയൻ പിറവിയെടുക്കുന്നത്. സമാന്തരസിനിമകളുടെ പതിവ് പാറ്റേണുകളിൽ കുരുങ്ങാതെ (അപ്പോഴേക്കും അവക്കും ഒരു ഫോർമുല രൂപപ്പെട്ടു കഴിഞ്ഞിരുന്നു) തന്റേതായ  ഒരു ദൃശ്യശൈലി രൂപപ്പെടുത്തിയെടുക്കണമെന്ന് അദ്ദേഹം അദമ്യമായി ആഗ്രഹിച്ചു. അദ്ദേഹത്തോടൊപ്പം മൂന്ന് തിരക്കഥാരചനയിലും അദ്ദേഹത്തിന്റെ തന്നെ രണ്ട് ചിത്രങ്ങളുടെ ഷൂട്ടിംഗിലും പങ്കെടുത്ത അനുഭവങ്ങളാണ് ഞാനിവിടെ പങ്കുവെക്കുന്നത്.
1977 മാർച്ച് മാസത്തിലാണ്  എന്റെ അയൽവാസിയായ അഡ്വക്കറ്റ് അഷറഫ് പടിയത്ത് എന്ന പടിയൻ അദ്ദേഹത്തിന്റെ ആദ്യ സിനിമയുടെ ഭാഗമാകുന്നതിന് എനിക്കൊരവസരം നല്കുന്നത്. അത് 17 mm ൽ ചിത്രീകരിച്ച് 35 mm ലേക്ക് ബ്ലോ അപ് ചെയ്യാനുദ്ദേശിച്ച ഒരു ചിത്രമായിരുന്നു.
സിനിമയുടെ സ്ക്രിപ്റ്റ് കേട്ടെഴുതുക എന്നതായിരുന്നു എന്റെ പ്രധാന ജോലി. ഇടയിൽ എന്തെങ്കിലും ചെറിയ നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കാനുള്ള സ്വാതന്ത്ര്യം പടിയൻ എനിക്ക് കനിഞ്ഞു നല്കിയിരുന്നു. ആദ്യമാദ്യം അതങ്ങനെയായാൽ എങ്ങനെയുണ്ടാവും എന്നൊരു ട്വിസ്റ്റ് ഞാനവതരിപ്പിച്ചാൽ പടിയൻ, നീണ്ട താടിയുഴിഞ്ഞ് രൂക്ഷമായി ഒന്ന് നോക്കിയിട്ട് പുള്ളിയുടെ കരകര ശബ്ദത്തിൽ ചോദിക്കുമായിരുന്നു. തന്നോടാരെങ്കിലും ഇപ്പൊ അഭിപ്രായം ചോദിച്ചിരുന്നോ ? ഞാൻ പറയുന്നത് കേട്ടെഴുതിയാൽ മാത്രം മതീട്ടോ എന്ന്.ഏന്റെ ചെറ്യേ ബുദ്ധീ തോന്നണ ഒരു ചെറ്യേ ഐഡിയ അങ്ങനെ ഫലപ്രാപ്തി കണ്ടില്ലല്ലോ എന്ന വിഷമത്തിൽ പുള്ളി പറയുന്നത് പകർത്തിയെഴുതിക്കൊണ്ടിരിക്കെ പെട്ടെന്നായിരിക്കും പടിയന്റെ ചോദ്യം. ങ്ഹാ! താൻ നേരത്തെ പറഞ്ഞതെന്താണ്. അതൊന്നുട പറഞ്ഞേന്ന് .ഇപ്പോ എനിക്കും സന്തോഷമാവും. ഞാനതൊന്നുടെ ആവർത്തിക്കും. പടിയൻ കനത്തിലൊന്നു മൂളും.ചിലപ്പോഴെങ്കിലും പടിയൻ ആ അഭിപ്രായത്തെ വില കല്പിച്ച് അതിന് കൂടി സ്ക്രിപ്റ്റിൽ ഇടം കൊടുക്കുമായിരുന്നു.
"ഫണം " എന്നായിരുന്നു ആ ആദ്യ ചിത്രത്തിന്റെ പേര്. അക്കാലത്ത് പടിയൻ ചാലക്കുടി ബാറിലാണ് പ്രാക്ടീസ് ചെയ്യുന്നത്. സിനിമാ ജ്വരം തലക്ക് പിടിച്ചിരുന്ന പുള്ളി കോടതിയിലൊന്നും സ്ഥിരമായി പോയിരുന്നില്ല. 70 കളിലെ യുവത്വത്തിന്റെ മുഖമുദ്രയായിരുന്ന അസ്തിത്വവാദം പടിയനെയും ഏറെ ഗ്രസിച്ചിരുന്നു. എറണാകുളത്ത് ലോ കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ ഒരു റിബലായി , പരമ്പരാഗത ജീവിതചര്യകളിൽ നിന്നും സ്വയം നിഷ്കാസിതനായി, ചിലപ്പോഴെങ്കിലും ഒരു അവധൂതന്റെ ചിന്താധാരകളുമായി കഴിഞ്ഞിരുന്ന ഒരു വ്യക്തിത്വം.
70 കളുടെ ആദ്യപാദത്തിലാവണം അദ്ദേഹം ലോ കോളേജിൽ പഠിച്ചിരുന്നത്. അക്കാലങ്ങളിൽ KSF ന്റെ (ഇന്നത്തെ SFI) കോളേജിലെ അമരക്കാരനും തീവ്ര ഇടതുപക്ഷ ഐഡിയോളജിസ്റ്റും ആയിരുന്നു. പിന്നീടെപ്പോഴോ, ഇന്ത്യൻ വിപ്ളവം ഒരു മരീചിക മാത്രമാണെന്നും, ഒരിക്കലും ഇന്ത്യൻ ചക്രവാളത്തിൽ വസന്തത്തിന്റെ ഇടി മുഴങ്ങാൻ പോകുന്നില്ലെന്നും തിരിച്ചറിവുണ്ടാകുമ്പോൾ അക്കാലങ്ങളിലെ അശാന്തമായ ഇന്ത്യൻ യുവത്വത്തിൽ ഒരു വലിയ വിഭാഗം അസ്തിത്വ വാദ ചിന്തയുടെ പിടിയിലമർന്ന് പോവുകയായിരുന്നു. പടിയനും അവരിലൊരാളായി സ്വന്തം അസ്തിത്വത്തിന്റെ വേരുകൾ തേടിയിറങ്ങി. കോടതിയും വ്യവഹാരങ്ങളും തർക്കം തീർക്കലുകളുമൊന്നുമല്ല തന്റെ മേഖലയെന്ന് അദ്ദേഹം സ്വയം കണ്ടെത്തി. എങ്കിലും പഠിച്ചിറങ്ങിയ സമയത്ത് ആരെയോ ബോധ്യപ്പെടുത്താനെന്നോണം അദ്ദേഹം വക്കീലിന്റെ ഗൗൺ അണിഞ്ഞു; അത് തനിക്കൊട്ടും ചേരാത്തതാണെന്ന ഉത്തമബോധ്യത്തോടെ തന്നെ.
അന്ന് നമ്മുടെ ഗ്രാമാന്തരങ്ങളിൽ വ്യത്യസ്തമായി ചിന്തിക്കുന്ന യുവാക്കളുടെ ഇടയിൽ നിന്നും ഏറെ ദൂരെയായിരുന്നു പടിയന്റെ സ്ഥാനം. നഗരവും ഗ്രാമവും നല്കുന്ന പാരസ്പര്യത്തിന്റെ അളവുകൾ ആ വ്യക്തിത്വത്തെ അഗാധമായി സ്വാധീനിച്ചു കാണണം. ജീവിതത്തിന്റെ അർത്ഥരാഹിത്യം കലയിലൂടെ എങ്ങനെ പ്രതിപാദിക്കാം എന്നും അനുവാചകനുമായി അത് എളുപ്പത്തിൽ സംവദിക്കാൻ ഏത് മീഡിയയായിരിക്കും തനിക്ക് യോജിച്ചതെന്നും കണ്ടെത്താൻ ആ മനസ്സ് ത്വര കൊണ്ടു. കഥകളിലൂടെയും ലേഖനങ്ങളിലൂടെയും അവ മനസ്സിന്റെ അശാന്തിക്ക് അറുതി വരുത്തിക്കൊണ്ട് പുറത്തേക്കൊഴുകിക്കൊണ്ടിരുന്നു. പ്രസിദ്ധീകരണത്തിന് കൊടുക്കാത്തതായി , അത്തരം ഖ്യാതികൾ ഇഷ്ടപ്പെടാത്തത് മൂലമാകാം അദ്ദേഹത്തിന്റെ മുറിയിൽ കെട്ടിക്കിടന്നിരുന്ന എത്രയോ സാഹിത്യ രചനകൾക്ക് ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട് !എഴുതി തീരുന്നതോടെ മനസ്സിന്റെ ഭാരം കുറഞ്ഞു കിട്ടുമെടോ എനിക്കതു മതി എന്നെന്നോട് പലവട്ടം മനസ്സ് തുറന്നിട്ടുമുണ്ടദ്ദേഹം.
ഒറ്റനോട്ടത്തിൽ ധിക്കാരിയെന്ന് തോന്നിയേക്കാവുന്ന ആ മനുഷ്യന്റെ മനസ്സിലത്രയും തികഞ്ഞ മനുഷ്യ സ്നേഹമായിരുന്നെന്ന് അടുത്തറിയാവുന്ന വർക്കേ മനസ്സിലാവൂ.
പറഞ്ഞു വന്നത് അദ്ദേഹത്തിന്റെ ആദ്യ സംരംഭമായ "ഫണം " എന്ന സിനിമയെ പറ്റിയാണ്. സാർവ്വ കാലികമായ ഒരു പ്രമേയമാണ് ചിത്രത്തിലൂടെ പറയാൻ പടിയൻ തെരഞ്ഞെടുത്ത്. സൂക്ഷ്മമായി കൈകാര്യം ചെയ്തില്ലെങ്കിൽ ക്ലീഷേ യുടെ നെല്ലിപ്പലക വരെ കണ്ടേക്കാവുന്ന വിഷയം ഏത് വിധത്തിൽ വേണം പ്രേക്ഷകനോട് സംവദിക്കേണ്ടതെന്ന കാര്യത്തിൽ വ്യക്തത കൈവരിച്ചിരുന്നു അദ്ദേഹം.കൗമാരപ്രായത്തിലുള്ള ഒരു പയ്യന് ഒരു സ്ത്രീയോട് തോന്നുന്ന ലൈംഗിക കാമനകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. 17 mm ക്യാമറയിൽ ഷൂട്ട് ചെയ്യുന്നത് കൊണ്ട് സാമ്പത്തിക ലാഭം മാത്രമല്ല പടിയൻ ഉദ്ദേശിച്ചിരുന്നത്. അക്കാലത്ത് സിനിമക്കാർ സാർവ്വത്രികമായി ഉപയോഗിച്ചു കൊണ്ടിരുന്ന Arriflex35 എന്ന ക്യാമറയേക്കാൾ കുറെ കൂടി അനായാസം കൈകാര്യം കൈകാര്യം ചെയ്യാൻ മേൽ പറഞ്ഞ 17 mm ക്യാമറക്ക് കഴിയുമായിരുന്നു. ഇരിഞ്ഞാലക്കുടക്കാരനായ ഒരു ലോറൻസ് ആയിരുന്നു കടുത്ത സിനിമാ പ്രേമിയായിരുന്ന ആ ക്യാമറാമാൻ. ജോസഫ് വട്ടോളി എന്നൊരാളായിരുന്നു അസിസ്റ്റന്റ് ഡയറക്റ്റർ . അതിനും താഴെയായി അന്ന് തൃശൂർ കലാഭാരതി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചു കൊണ്ടിരിക്കയായിരുന്ന (പ്രശസ്ത സംവിധായകനും, ഇപ്പോൾ കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാനും ) കമൽ . അതിനും താഴെയായിരുന്നു സംവിധാന സഹായി എന്ന പേരിൽ ഞാൻ.
പല തവണ തിരക്കഥ മാറ്റിയും തിരുത്തിയും എഴുതിയെഴുതി മിക്കവാറും എല്ലാ സീനുകളും ഷോട്ടുകളും വരെ എനിക്ക് ഹൃദിസ്ഥമായിരുന്നു. ഒരു ടീം വർക്ക് എന്ന നിലയിൽ അത് ഷൂട്ടിംഗ് സമയത്ത് ഏറെ ഗുണം ചെയ്തത് പടിയന്റെ അടുത്ത ചിത്രമായ "ത്രാസ "ത്തിന്റെ ഷൂട്ടിംഗ് വേളയിലാണ്. 
അഭിനേതാക്കളായി പ്രധാന വേഷങ്ങളിൽ തൃശൂർ എൽസി എന്ന നടിയും പിന്നെ ഞങ്ങളുടെ നാട്ടുകാരൻ തന്നെയായിരുന്ന ഒരു കൗമാരക്കാരനുമായിരുന്നു .ഒരാഴ്ചയോളം മാത്രമേ ഷൂട്ടിംഗ് ഉണ്ടായിരുന്നുള്ളു.  എപ്പോഴൊ എവിടെ വെച്ചോ ഒരു ദിവസം പെട്ടെന്നങ്ങ് ഷൂട്ടിംഗ് നിലക്കുകയായിരുന്നു. പിൽക്കാലത്ത് പടിയൻ സ്വന്തം ജീവിതത്തിന് വിരാമമിട്ടതുപോലെ തീരെ പ്രതീക്ഷിക്കാതെ.
തന്റെ മാധ്യമത്തെ പറ്റിയുള്ള വ്യക്തമായ തിരിച്ചറിവും  അതിനെ പോഷിപ്പിക്കാനായുള്ള ഊർജ്ജവും , അവബോധവുമുള്ള അസാമാന്യ വ്യക്തിത്വമായിരുന്നു പടിയന്റേത്. പക്ഷെ തനിക്ക് വളർന്ന് പന്തലിക്കാനുള്ള ഇടമൊരുക്കേണ്ട കാര്യത്തിൽ എവിടെയോ അദ്ദേഹത്തിന് വീഴ്ച പറ്റിയിരിക്കണം. അല്ലെങ്കിൽ ഭാഗ്യദോഷം അദ്ദേഹത്തിനെ അതിന് അനുവദിച്ചില്ലായിരിക്കണം .
അല്ലെങ്കിൽ, ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ അടൂർ ഗോപാലകൃഷ്ണന്റെയോ ശ്യാം ബെനഗലിന്റെയോ അരവിന്ദന്റെ യോ ഒക്കെ ഒപ്പം ഉയർന്ന് നില്ക്കേണ്ട ഒരു നാമം തന്നെയായിരുന്നില്ലേ പടിയന്റെയും. അവരൊരുക്കിയ ന്യൂവേവ് സിനിമകളുടെ പാതയിൽ തന്നെ, തന്റേതായ ഒരു neo realistic പാത വെട്ടിത്തുറക്കാനല്ലേ ഒരു ചിത്രമേ ചെയ്തുള്ളുവെങ്കിലും പടിയൻ ശ്രമിച്ചത്; സാഹസപ്പെട്ടത്.
കാലം അത് തെളിയിക്കാൻ ഒരവസരം അദ്ദേഹത്തിന് നല്കിയില്ല.                     ___________________രണ്ട്_________________
ആദ്യസിനിമ പൂർത്തികരിക്കാനാവാത്തതിൽ പടിയൻ ഏറെ ദുഃഖിതനായിരുന്നു. സിനിമ ഒരു ലഹരിയായി അദ്ദേഹത്തെ എന്നേ ആവേശിച്ചിരുന്നതാണ്. എന്നാൽ സിനിമയെന്ന മായിക ലോകത്തെ തനിക്ക് പരിചയമില്ലാത്ത വഴികളിലൂടെ ചേർത്ത് പിടിക്കാൻ , വിട്ടുവീഴ്ചകൾക്ക് തയാറാവാൻ അദ്ദേഹത്തിലെ ജീനിയസ്സിന് കഴിയുമായിരുന്നില്ല. ഫണത്തിന്റെ ഷൂട്ടിംഗ് ഇടക്ക് മുടങ്ങിപ്പോയ കാലം അദ്ദേഹത്തിന്റെ ജീവിതം പ്രതിസന്ധികളുടേത് കൂടിയായിരുന്നു. എങ്കിലും തളരാതെ മുന്നേറാൻ അദ്ദേഹം ആർജ്ജിച്ച ആത്മധൈര്യം ഒന്ന് മാത്രമാണ് രണ്ടാമതൊരു സിനിമ എന്ന തീരുമാനത്തിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിക്കുന്നത്. ആ ഇടവേള അദ്ദേഹം ശരിക്കും സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് കൂടി പഠിക്കാനായി ഉപയോഗപ്പെടുത്തി. അരവിന്ദൻ, പവിത്രൻ എന്നീ അടുത്ത സുഹൃത്തുക്കളുടെ സിനിമാ ചിത്രീകരണ വേളകളിൽ അവരോടൊപ്പം ഇടപഴകി.

"ബാറ്റിൽഷിപ് പൊടെംകിനും , "നൈഫ് ഇൻ ദ് വാട്ടറും " പോലുള്ള ലോക ക്ലാസ്സിക്കുകൾ പലയാവർത്തി കണ്ട് സിനിമയുടെ ഗ്രാമറിനെ പറ്റി തനിക്കുള്ള ഗ്രാഹ്യം ഒന്ന് കൂടി ഊട്ടിയുറപ്പിച്ചു. അക്കാലത്ത് മേൽ പറഞ്ഞ സിനിമകളുടെയെല്ലാം വീഡിയോ കാസറ്റുകൾ സംഘടിപ്പിക്കാനായി ദീർഘയാത്രകൾ തന്നെ ചെയ്തു. ഒന്ന് രണ്ട് തവണ അദ്ദേഹം എന്നെയും ഒപ്പം കൂട്ടിയിരുന്നു. 
പാലാ ഫിലിം സൊസൈറ്റി  കേരളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച ഫിലിം സൊസൈറ്റിയും നവസിനിമ ചർച്ചാ വേദിയുമായിരുന്നു. അദ്ദേഹമതിൽ അംഗമായിരുന്നോ എന്നോർമ്മയില്ല, രണ്ട് തവണ സിനിമ കാണാൻ എന്നെയും കൊണ്ട് പോയിട്ടുണ്ട്. ജർമ്മൻ നിശ്ശബ്ദ ചിത്രമായിരുന്ന "പാഷൻ ഓഫ് ജോവൻ ഓഫ് ആർക് " ആയിരുന്നു ഒരു ചിത്രം. രണ്ടാമത്തെത് ഏതെന്ന് എത്ര ആലോചിച്ചിട്ടും ഓർമ്മയിൽ തെളിയുന്നില്ല. പ്രദർശനാനന്തരം നടക്കുന്ന ചർച്ചകളിൽ പടിയൻ നടത്താറുള്ള പ്രഭാഷണങ്ങൾ അതീവ ശ്രദ്ധയോടെ കേട്ടിരിക്കാറുള്ള അവിടത്തെ സിനിമാസ്വാദകരെ ഞാനോർമ്മിക്കുന്നു. സംവിധായകൻ ജി.അരവിന്ദൻ, പവിത്രൻ , കള്ളിക്കാട് രാമചന്ദ്രൻ ( പ്രശസ്ത ചലച്ചിത്ര നിരൂപകൻ/നിർമ്മാതാവ് ) എന്നിവരും പങ്കെടുക്കാറുണ്ടായിരുന്നു. പടിയൻ സിനിമയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം വന്ന ഒരാളെന്ന നിലക്ക് എനിക്കും അല്പം അഭിമാനം തോന്നുമായിരുന്നു. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന ചൊല്ല് അന്വർത്ഥമാക്കും വിധമായിരുന്നു പടിയന്  നാട്ടിലുള്ള സ്ഥാനം. പക്ഷെ, പ്രശസ്തരായ , ഇരുത്തം വന്ന മറ്റ് സംവിധായക പ്രതിഭകളൊക്കെയും , ഒരു സിനിമ പോലും അന്ന് ചെയ്തിട്ടില്ലാത്ത അദ്ദേഹത്തിന് നല്കിയിരുന്ന അംഗീകാരം കണ്ട് ഞാനതിശയിച്ചു പോയിട്ടുണ്ട്. 
ഇടക്ക് , അഴിച്ചു വെച്ചിരുന്ന വക്കിൽ കോട്ട് അദ്ദേഹം വീണ്ടുമെടുത്തണിഞ്ഞു. ഇത്തവണ കൊടുങ്ങല്ലൂർ ബാറിലായിരുന്നു പ്രാക്ടീസ് നടത്തിയിരുന്നത്. പേരിനൊരു വക്കീൽ വേഷം എന്നതിലുപരി ഒരു പ്രൊഫഷണൽ പ്രതിബദ്ധത പടിയൻ ആ ജോലിയോട് പുലർത്തിയിരുന്നില്ല. സിനിമ തന്നെയായിരുന്നു ആ മനസ്സിലത്രയും .
1979 മാർച്ച് -ഏപ്രിലിലാണ് ത്രാസത്തിന്റെ തിരക്കഥാ രചന ആരംഭിക്കുന്നത്. കഴിഞ്ഞ സിനിമയിലേതെന്നപോലെ തുടക്കം മുതല്ക്കേ ഞാനും അതിൽ ഭാഗഭാക്കായി . പകലും രാത്രിയുമെന്ന് ഭേദമില്ലാതെ തിരക്കഥാ രചന അനുസ്യൂതം തുടർന്ന് കൊണ്ടേയിരുന്നു.
ഇപ്പോഴേക്കും കമൽ കലാഭാരതിയിലെ പഠനം പൂർത്തിയാക്കിയ ശേഷം മദ്രാസിലേക്ക് ചേക്കേറിയിരുന്നു. കമൽ അവിടെ എ.ബി. രാജിന്റെയും ശശികുമാറിന്റെയും അസിസ്റ്റന്റായി കുടുതൽ പ്രായോഗിക പാഠങ്ങൾ നേടിക്കൊണ്ടിരിക്കയായിരുന്നു. ഇടക്കുള്ള ഇടവേളകളിൽ കമലും തിരക്കഥയെഴുതിക്കൊണ്ടിരിക്കുന്ന പടിയന്റെ വീട്ടിൽ സന്നിഹിതനാകുമായിരുന്നു. തുടർന്നൊരു ഘട്ടത്തിൽ കമൽ മുഴുവൻ സമയവും ഇതോടൊപ്പം സഹകരിക്കാൻ തുടങ്ങിയതോടെ തിരക്കഥാ രചന പൂർവാധികം വേഗത്തിലായി.
അങ്ങനെപലതവണ തിരുത്തിയും മാറ്റിയെഴുതിയും തിരക്കഥ പൂർത്തിരിച്ചു. ഒരു ശ്മശാനത്തിലെ കുഴിവെട്ടുകാരനായ ശങ്കുണ്ണിയുടെ മനോവ്യാപാരങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. അന്നേ വരെ ഇന്ത്യൻ സിനിമയിൽ ആരും പ്രതിപാദിച്ചിട്ടില്ലാത്ത മൗലികതയാർന്ന ഒന്നായിരുന്നു അതിന്റെ പ്രമേയം. ശങ്കുണ്ണിയുടെ മനസ്സ് സഞ്ചരിക്കുന്ന മായിക വിഭ്രാന്തിയുടെ തലങ്ങൾക്കൊപ്പം ചുറ്റിലുമുള്ള യഥാർത്ഥ ജീവിതങ്ങളുടെ വികാര പ്പകർച്ച കൂടി ചിത്രത്തിന്റെ പശ്ചാത്തലമായി വർത്തിക്കുന്നുണ്ടായിരുന്നു. അമൂർത്ത (abstract) കലയുടെ പല മാനങ്ങൾ ഒരേ സമയം ഫ്രെയിമുകളിൽ ആവിഷ്കരിക്കാൻ , സംവിധായകന്റെ മനസ്സ് തൊട്ടറിഞ്ഞ് അത് കാഴ്ചക്കാരനിലേക്ക് ഒരു ദൃശ്യ വിരുന്നായി കൊണ്ടെത്തിക്കാൻ ഛായാഗ്രഹണ കലയിൽ അക്കാലത്ത് തിളങ്ങി നിന്നിരുന്ന ഹേമചന്ദ്രന് അനായാസം കഴിഞ്ഞുവെന്നത് ഈ ഘട്ടത്തിൽ എടുത്ത് പറയേണ്ട ഒന്നാണ്.
റസാഖ്, അബ്ദുല്ല എന്നീ രണ്ട് പേരായിരുന്നു ചിത്രത്തിന്റെ നിർമ്മാതാക്കൾ.. ചലന ചിത്ര പ്രൊഡക്ഷൻസ് എന്ന ബാനറിൽ 1979 സെപ്റ്റമ്പറിൽ ഒറ്റ ഷെഡ്യൂളിൽ പൂർത്തിയായ ചിത്രം റിലീസിങ്ങിനായി വീണ്ടും ഒരുപാട് കാലം കാത്തിരിക്കേണ്ടി വന്നു.
ശങ്കുണ്ണി എന്ന ശ്മശാന സൂക്ഷിപ്പുകാരൻ/ കുഴി വെട്ടുകാരൻ , നിത്യവും മരണവുമായി സമ്പർക്കത്തിലേർപ്പെടുന്നുണ്ട്. പക്ഷെ, ഒരു കഥാപാത്രമായി സിനിമയിലങ്ങോളമിങ്ങോളം വരുന്ന മരണം ഒരു പ്രതീകമായി മാത്രമാണ് അവതരിപ്പിക്കപ്പെടുന്നത്.ചേതനയറ്റ ശരീരങ്ങളോട് മാത്രം ഇടപഴകാനാകുന്ന, അയഥാർത്ഥതയുടെ കുരുക്കുകളിൽ നിന്നും രക്ഷ നേടണമെന്ന് മോഹിക്കുന്നുവെങ്കിലും അതിന് കഴിയാതെ പോകുന്ന മനുഷ്യന്റെ നിസ്സഹായാവസ്ഥയെ ദാർശനിക തലത്തിൽ നോക്കിക്കാണുകയാണ് ഈ പാത്രസൃഷ്ടിയിലൂടെ സംവിധായകൻ ലക്ഷ്യമിട്ടിരിക്കുക.
ഇതിലെ മറ്റ്  കഥാപാത്രങ്ങൾ ബാലൻ.കെ.നായർ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ ശങ്കുണ്ണിയുടെ യഥാർത്ഥ ജീവിതത്തിനോടൊട്ടി നില്ക്കുന്നവരാണ്. അരവിന്ദൻ അവതരിപ്പിച്ച ഭ്രാന്തൻ, നിലമ്പൂർ അയിഷ, രാജി എന്നിവരുടെ കഥാപാത്രങ്ങൾ ഒക്കെയും സ്വന്തമായി വികാസം പ്രാപിച്ച് വളരാൻ കെല്പുള്ളവരായിരുന്നില്ല.മറിച്ച്, ശങ്കുണ്ണിയുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായി വന്ന് പോകുന്ന അപ്രധാന ഘടകങ്ങൾ മാത്രമാണ്. പിൽക്കാലത്ത് കമലിന്റെ അസിസ്റ്റന്റായി തുടർന്ന സൂര്യൻ എന്ന നടൻ അവതരിപ്പിച്ച മരണം എന്ന കഥാപാത്രമാണ് ശങ്കുണ്ണിയുടെ മനോനിലയോടടുത്തു നില്ക്കുന്ന ഏക കഥാപാത്രം.
17 ദിവസങ്ങൾ നീണ്ടു നിന്ന ഷൂട്ടിംഗ് ഏറെ ആസ്വാദ്യകരമായാണ് അനുഭവപ്പെട്ടത്. എറണാകുളത്തെ കാരിക്കാ മുറിയിലെ റെയിൽവേ കോളനിയും അതിനടുത്ത് തന്നെയുള്ള രവിപുരത്തെ പടിയാത്ത് ശ്മശാനവുമായിരുന്നു പ്രധാന ലൊക്കേഷനുകൾ.
1979 ൽ തന്നെ സെൻസറിങ്ങ് കഴിഞ്ഞെങ്കിലും ചിത്രം റിലീസാവുന്നത് 1981 ഓഗസ്റ്റ് 21 നായിരുന്നു. 79 ലെ മികച്ച ചിത്രത്തിനും നടനുമുള്ള ദേശീയ പുരസ്കാരത്തിന്റെ അവസാന റൗണ്ട് വരെ എത്തിയെങ്കിലും ഉത്തരേന്ത്യൻ ലോബിയുടെ ഇടപെടലിൽ ത്രാസം പിന്തള്ളപ്പെടുകയാണ് ചെയ്തത്. നസിറുദ്ദീൻ ഷായ്ക്കാണ് ആ വർഷം ദേശീയ പുരസ്കാരം നല്കിയത്‌.അടുത്ത വർഷം ആ കുറവ് അവാർഡ് കമ്മറ്റി പരിഹരിച്ചു കൊടുത്തു. ഓപ്പോൾ എന്ന സിനിമയിലെ അഭിനയത്തിന് ബാലൻ.കെ.നായർക്ക് 1980 ലെ നാഷണൽ അവാർഡ് കിട്ടി. ഓപ്പോളിനെ അപേക്ഷിച്ച് എത്രയോ ഉദാത്തമായിരുന്ന അഭിനയമായിരുന്നു ത്രാസത്തിൽ അദ്ദേഹം കാഴ്ച വെച്ചിരുന്നതെന്ന് നല്ല സിനിമയെ സ്നേഹിക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ കണ്ടെത്താനാകുമായിരുന്നു.
79 ലെ മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന അവാർഡൊഴികെ മറ്റൊന്നും ത്രാസത്തിനെ തേടി വന്നില്ല എന്നതും പൊതുവെ വിമർശനവിധേയമായ ഒരു വിഷയമായിരുന്നു അക്കാലത്ത്.
വിതരണ രംഗത്തെ പല പ്രശ്നങ്ങൾക്കിരയായി രണ്ട് വർഷത്തോളം പെട്ടിയിലുറങ്ങിയ ചിത്രം  ഒടുവിൽ ജനശക്തി എന്ന വിതരണ കമ്പനി ഏറ്റെടുത്ത്  പ്രദർശനത്തിനെത്തിക്കയാണുണ്ടായത്.പക്ഷെ, ആർട് ഫിലിമുകൾക്ക് ഏൽക്കേണ്ടി വരുന്ന ദുര്യോഗം - പ്രദർശന വിജയമില്ലായ്മ - ത്രാസത്തിനും നേരിടേണ്ടി വന്നുവെന്നത് ഒരു ദു:ഖസത്യമായി തീരുകയാണുണ്ടായത്.
വീണ്ടും 1987ൽ അദ്ദേഹം മറ്റൊരു ചിത്രത്തിന്റെ പണിപ്പുരയിൽ ഏർപ്പെട്ടിരുന്നു. കയ്യൂർ, കരിവെള്ളൂർ സമരങ്ങളോളം തന്നെ പ്രസിദ്ധമായ "മൊറാഴ "സമരത്തെക്കുറിച്ചുള്ള ഒരു രാഷ്ട്രീയ ചിത്രമായിരുന്നു പ്രോജക്റ്റ്. അന്നും കൊടുങ്ങല്ലൂരിൽ തന്നെയായിരുന്നു എഴുത്തു പുര തയാറാക്കിയിരുന്നത്. ഏതാണ്ട് രണ്ടാഴ്ചക്കാലത്തോളം എഴുത്ത് തുടർന്നിരുന്നു. പതിവ് പോലെ അദ്ദേഹത്തോടൊപ്പം ഞാൻ തന്നെയായിരുന്നു ഉണ്ടായിരുന്നത്. കമൽ അപ്പോഴേക്കും അറിയപ്പെടുന്ന, ഏറെ തിരക്കുള്ള സംവിധായകനായി വളർന്ന് കഴിഞ്ഞിരുന്നു. പക്ഷെ, ഇടയിൽ നിർമ്മാണം ഏറ്റെടുത്തിരുന്നയാൾ ഒഴിഞ്ഞു മാറിയതോടെ ആ സംരംഭവും നിലക്കുകയാണുണ്ടായത്. ഇന്ന് ഇത്രയും വർഷങ്ങൾക്കുശേഷം പിന്നോട്ടുനോക്കുമ്പോൾ പടിയനെക്കുറിച്ച് എനിക്ക് പലപ്പോഴും തോന്നുന്ന ഒരു കാര്യമുണ്ട്.
അദ്ദേഹത്തിന് സിനിമ ചെയ്യാനുള്ള കഴിവ് ഉണ്ടായിരുന്നോ എന്നതല്ല അത്.
അദ്ദേഹത്തിന് സിനിമ ചെയ്യാനുള്ള കാലവും സാഹചര്യവും ലഭിച്ചിരുന്നോ എന്നതാണത്.  തന്നെക്കാൾ മുന്നിലുണ്ടായിരുന്ന ചിലർക്ക് സംഭവിച്ച ദുരന്തം പടിയനും സംഭവിച്ചിരിക്കാം.  അദ്ദേഹം സിനിമയുടെ ഭാഷ തിരിച്ചറിഞ്ഞിരുന്നു. ലോകസിനിമയുടെ വ്യാകരണം പഠിച്ചിരുന്നു. പറയാനുള്ള വിഷയം എന്താണെന്ന് വ്യക്തമായി അറിയാമായിരുന്നു. അതിനെ എങ്ങനെ ദൃശ്യവൽക്കരിക്കണമെന്നതിനെക്കുറിച്ചും  ധാരണയുണ്ടായിരുന്നു.
പക്ഷേ, ആ സ്വപ്നത്തെ തുടർച്ചയായി പോഷിപ്പിക്കാനുള്ള സാമൂഹികവും സാമ്പത്തികവും വ്യവസായപരവുമായ ഇടം അദ്ദേഹത്തിന് ലഭിച്ചില്ല.
അദ്ദേഹം വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായില്ല. കാലം അദ്ദേഹത്തിനുവേണ്ടി കാത്തു നിന്നതുമില്ല.  പല ചിത്രങ്ങൾ പൂർത്തിയാക്കാനാകാതെ പോയ മനുഷ്യനായിരുന്നു പടിയൻ.
പക്ഷേ, ഒരു ചിത്രംകൊണ്ട് തന്നെ തന്റെ വരവറിയിച്ച മനുഷ്യനും പടിയനായിരുന്നു.
‘ഫണം’ പൂർത്തിയായില്ല.
‘ത്രാസം’ വൈകിയെത്തി, വന്നപ്പോൾ അതിന് അർഹിച്ച സ്വീകരണം ലഭിച്ചില്ല.
‘മൊറാഴ’ തിരക്കഥയിൽനിന്ന് തിരശ്ശീലയിലേക്ക് എത്തുംമുമ്പേ നിലച്ചു.
ഇവയ്ക്കിടയിൽ, ഒരു ചലച്ചിത്രകാരൻ തന്റെ കാലത്തോടും സമൂഹത്തോടും സ്വന്തം അസ്തിത്വത്തോടും നടത്തിയ നിരന്തരമായ പോരാട്ടമാണ് നമ്മൾ കാണേണ്ടത്.
 പടിയന്റെ പരാജയങ്ങളെ മാത്രം എണ്ണിയാൽ അദ്ദേഹത്തെ മനസ്സിലാക്കാനാവില്ല.
പൂർത്തിയാകാതെ പോയ സിനിമകളുടെ പിന്നിൽ കിടന്നിരുന്ന പൂർത്തിയാകാത്ത ഒരു വലിയ സ്വപ്നത്തെ കാണുമ്പോഴാണ് പടിയനെ ശരിക്കും തിരിച്ചറിയാൻ കഴിയുക.
 1979-ലെ മികച്ച ചിത്രത്തിനും നടനുമുള്ള ദേശീയ പുരസ്കാരം ‘ത്രാസ’ത്തിന് ലഭിച്ചിരുന്നെങ്കിൽ?
ആ ചോദ്യം ഇന്നും എന്നെ വിട്ടുപോകുന്നില്ല.
ഒരുപക്ഷേ അത് പടിയന് ഒരു പുരസ്കാരം മാത്രമാകുമായിരുന്നില്ല. അത് അദ്ദേഹത്തിന് തന്റെ സിനിമ തുടരാനുള്ള ഒരു വാതിൽ തുറന്നു കൊടുത്തേനേ.
അത് വഴി ഒരുപക്ഷേ മറ്റൊരു ‘പടിയൻ സിനിമ’ ഉണ്ടായേനേ.
അതിനു പിന്നാലെ മറ്റൊന്ന്.
പിന്നെയും മറ്റൊന്ന്.
 അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ,
മലയാള സിനിമയുടെ ചരിത്രത്തിൽ ഇന്ന് നാം വായിക്കുന്ന ചില പേരുകളുടെ കൂട്ടത്തിൽ, ഒരുപക്ഷേ വളരെ സ്വാഭാവികമായി, അഷറഫ് പടിയത്ത് എന്ന പേരും ഉണ്ടായിരുന്നേനെ.
കാലം അത് തെളിയിക്കാൻ അദ്ദേഹത്തിന് ഒരവസരം നൽകിയില്ല.
എങ്കിലും ഒരു കാര്യം കാലത്തിന് മായ്ച്ചുകളയാനുമായില്ല.
 പടിയൻ സ്വപ്നം കണ്ടിരുന്നു.
മലയാള സിനിമയെ മറ്റൊരു വഴിയിലൂടെ നടത്താനുള്ള ഒരു സ്വപ്നം.
ആ സ്വപ്നത്തിന്റെ ചില ഫ്രെയിമുകൾ മാത്രമാണ് നമുക്ക് ലഭിച്ചത്.
ബാക്കിയുള്ളവ പൂർത്തിയാകാതെ പോയ ഒരു സിനിമയുടെ നെഗറ്റീവുകളെപ്പോലെ ഇന്നും എവിടെയോ ഇരുട്ടിനുള്ളിൽ സൂക്ഷിക്കപ്പെട്ടു കിടക്കുന്നുണ്ടാവാം.
അവയിൽ, ഒരുപക്ഷേ, ഒരു മനുഷ്യന്റെ മുഖമുണ്ട്.നീണ്ട താടിക്കിടയിലൂടെ കടന്നുവരുന്ന ഒരു രൂക്ഷമായ നോട്ടമുണ്ട്.
കരകര ശബ്ദത്തിലുള്ള ചോദ്യവുമുണ്ട്.
“തന്നോടാരെങ്കിലും ഇപ്പൊ അഭിപ്രായം ചോദിച്ചിരുന്നോ?”
പിന്നെ,  
“ങ്ഹാ... താൻ നേരത്തെ പറഞ്ഞതെന്താണ്? അതൊന്ന് കൂടെ പറഞ്ഞേ.” എന്ന സ്നേഹത്തിൽ പൊതിഞ്ഞ മറ്റൊരു ചോദ്യവുമുണ്ട്.
ആ ശബ്ദം ഇന്നും ഓർമ്മയിലുണ്ട്. പലപ്പോഴും പങ്കു വെച്ചിരുന്ന ആ മനസ്സിൽ നിറഞ്ഞിരുന്ന സിനിമാ സ്വപ്നവും. @ നജീബ് കടമ്പോട്ട്. 
..

Share this story

Comments (2)

  • Suharabi

    4 August 2020

    Informative.Very good narration.

  • Unknown

    14 August 2020

    പടിയന്റെ വേറൊരു മുഖം അനാവരണം ചെയ്തത് ശ്രദ്ധേയമായി, പ്രസിദ്ധീകരണത്തിന് കൊടുക്കാത്ത അദ്ദേഹത്തിന്റെ ഒട്ടേറെ രചനകളെ പറ്റി, സ്വന്തം ആത്മനിർവൃതിക്കായി മാത്രം എഴുതി കൊണ്ടിരുന്ന ഒരു പടിയനെ പറ്റി അബ്ദുല്ല പടിയത്ത്