31 July 2020 · 13 min read · യാത്ര
യാത്ര/ സൂറിക്

സൂറിക് കാഴ്ചകൾ
ഏഷ്യൻ രാജ്യങ്ങളിൽ പലയിടങ്ങളിലും സഞ്ചരിച്ചിട്ടുണ്ടെങ്കിലും യൂറോപ്പിന്റെ മടിത്തട്ടിലൂടെയുള്ള യാത്ര ഒരു സ്വപ്നമായി അവശേഷിക്കയായിരുന്നു. 2017 ൽ മക്കളുടെ വിവാഹത്തിന് മുമ്പായി സകുടുംബം ഒരു ട്രിപ്പിനായി എല്ലാം ഒത്തുവന്നതാണ്. ഇൻഷുറൻസിനും വിസക്കുമൊക്കെയായി കുറെ പൈസ ചിലവാക്കിക്കഴിഞ്ഞപ്പോഴാണ് ജനുവരിയിലെ കാലാവസ്ഥയുടെ കാഠിന്യത്തെ പറ്റി ഞങ്ങൾ തിരിച്ചറിഞ്ഞത്. ഷെങ്ഗൻ വിസ കിട്ടാനുള്ള തത്രപ്പാടിൽ അന്നേരംഞങ്ങൾ മറ്റൊന്നിനെ കുറിച്ചും ആലോചിച്ചിരുന്നില്ലെന്നുള്ളതാണ് വാസ്തവം.
ഏതായാലും അന്നത്തെ പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള ശാരീരികോർജ്ജം ഞങ്ങൾക്കില്ലെന്ന തിരിച്ചറിവിൽ ആ പദ്ധതി പിന്നീടൊരിക്കലേക്ക് നീട്ടി വെക്കുകയായിരുന്നു. പിന്നീട് പല പല കാരണങ്ങളാൽ യാത്ര നീണ്ട് പോയി.പക്ഷെ, ആ വർഷം തന്നെ ഏകദേശം യൂറോപ്പിന് സമാനമായ ജോർജ്ജിയ സന്ദർശിച്ച് ഞങ്ങളുടെ യാത്രാ മോഹങ്ങൾക്ക് ഒരു താത്കാലിക ശമനമേകി. എങ്കിലും ഉപ്പോളം വരുമോ ഉപ്പിലിട്ടത് ! യൂറോപ്പ് ഒരു സ്വപ്നമായി തന്നെ മനസ്സിൽ വട്ടമിട്ടു പറന്ന് കൊണ്ടേയിരുന്നു.
അനുഭവമാണല്ലോ ഗുരു. ഏതായാലും കാലാവസ്ഥ വില്ലൻ വേഷം കെട്ടി ജോസ് പ്രകാശിനെ പോലെ മുന്നിൽ വന്ന് നില്ക്കാൻ ഇക്കുറി ഞങ്ങൾ അനുവദിച്ചില്ല. മാർച്ച് അവസാനത്തോടെ യാത്ര തുടങ്ങാമെന്ന തീരുമാനത്തിൽ അതിനുള്ള തയാറെടുപ്പുകളിൽ ഞങ്ങളേർപ്പെട്ടു. അപ്പോഴേക്കും മക്കൾ രണ്ട് പേരുടെയും കല്യാണം കഴിഞ്ഞിരുന്നു. എല്ലാവരും ദുബായിൽ തന്നെയുള്ളതിനാൽ ഒന്നിച്ചൊരു യാത്ര തന്നെയാവട്ടെ എന്നും കരുതി. ഹണിമൂൺ ട്രിപ്പായി അവർ പലയിടത്തും ചുറ്റിയെങ്കിലും ഞങ്ങൾ കാർന്നോന്മാരെ കൂടി ഉൾപ്പെടുത്തി ഒരു യാത്ര അവർക്കും ഒരു സ്വപ്നമായിരുന്നത്രെ. എന്നാൽ പിന്നെ നമ്മളെന്തിന് മടിച്ച് നില്ക്കണമെന്നായി എന്റെ ഹൃദയപക്ഷം.
സൂറിക് എയർപോർട്ട് -
നേരിയ മഴച്ചാറ്റൽ അസ്വാസ്ഥ്യമുണ്ടാക്കിയ ഒരു മദ്ധ്യാഹ്നത്തിലായിരുന്നു സൂറിക്കിൽ ഞങ്ങളിറങ്ങുന്നത്. എമിഗ്രേഷനിൽ ഞങ്ങൾക്ക് കിട്ടിയ വരവേല്‌പ് തികച്ചും അപ്രതീക്ഷിതമായിരുന്നു. നമ്മുടെ സ്വന്തം നാട്ടിലെ എമിഗ്രേഷൻ കൗണ്ടറുകളിൽ നാമനുഭവിക്കാറുള്ള പുച്ഛവും അവഗണനയും കലർന്ന സമീപനത്തെ വേദനയോടെ ഓർത്ത് പോയി. പുഞ്ചിരിക്കുന്ന മുഖത്തോടെ അഭിവാദ്യം ചെയ്ത് കൊണ്ട് അവർ അവരുടെ രാജ്യത്തേക്ക് നമ്മളെ സ്വാഗതം ചെയ്യുകയാണ്. അതിഥി ദേവോ ഭവ: എന്ന ആപ്തവാക്യത്തിന്റെ പേറ്റന്റ് സ്വന്തമായുള്ള നമ്മുടെ നാട്ടിൽ എത്തുന്ന വിദേശികളോട് കാർക്കശ്യത്തോടെ പെരുമാറുന്ന നമ്മുടെ ഓഫീസർമാർ ഇവരെ കണ്ട് പഠിക്കണം.
നടപടിക്രമങ്ങൾ വേഗം പൂർത്തിയാക്കി ഞങ്ങൾ ബാഗേജ് കളക്ഷനായി കാത്തുനില്ക്കവേ ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെ യൂണിഫോമിലുള്ള ചിലരെ അവിടെ കണ്ടു. മടിച്ചു നില്ക്കാതെ അവരിലൊരാളെ ഞാൻ സ്വയം പരിചയപ്പെടുത്തി. എന്റെ കമ്പനി ഐ.ഡി കാർഡ് കാണിച്ചു. അയാൾക്ക് ഏറെ സന്തോഷമായി. എമിറ്റേറ്റ്സ് എയർലൈൻ സുൾപ്പെടെ സൂറിക് എയർപോർട്ടിന്റെ കംപ്ലീറ്റ് ഫ്ലൈറ്റ് ഹാൻഡ്‌ലിങ് ഞങ്ങളുടെ കമ്പനിക്ക് (DNATA ) തന്നെയായിരുന്നു. ബസ്തിയാൻ എന്നായിരുന്നു ചെറുപ്പക്കാരനായ ആ ഉദ്യോഗസ്ഥന്റെ പേര്. ഒരു നിമിഷമെന്ന് പറഞ്ഞിട്ട് അയാൾ ദൂരെ നില്ക്കുന്ന മറ്റൊരു സ്റ്റാഫിനെ വിളിച്ചു. "Mike pls come . Here's one of our staffs from Dubai."
വെളുത്ത് മെലിഞ്ഞ് സുന്ദരനായ ഒരു മുപ്പതുകാരൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്നെ വിഷ് ചെയ്ത ശേഷം കുറച്ചു സംസാരിച്ചു. കുറച്ചകലെ മാറി നില്ക്കുന്ന എന്റെ കുടുംബാംഗങ്ങളെ കൂടി പരിചയപ്പെടാനായി അവർ എന്നോടൊപ്പം വന്നു. ജെറ്റ് ലാഗ് മൂലം എന്റെ ഭാര്യ തെല്ല് ക്ഷീണിതയായിരുന്നു. അത് മനസ്സിലാക്കിയ അവർ ഞങ്ങളെ ഒരു റൂമിൽ കൊണ്ട് പോയിരുത്തി. ബാഗേജ് വരാൻ കുറച്ചു സമയമെടുക്കുമെന്നും ബോർഡിങ്ങ് പാസ്സിന്റെ കൂപ്പൺ തരാമെങ്കിൽ അവർ തന്നെ അത് എടുത്ത് ഞങ്ങൾ ഇരിക്കുന്നിടത്ത് എത്തിക്കാമെന്നും പറഞ്ഞു. ഞാൻ വേണ്ടെന്ന് പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. ഞാനാകെ അന്തം വിട്ടു. ഇതെന്താ എനിക്ക് പ്രാന്തായതാണോ അതോ സൂറിക് എയർപോർട്ട് മൊത്തം പ്രാന്തന്മാരാണോ എന്ന് ഒരു നിമിഷം സലിം കുമാറിന്റെ വിഖ്യാത ഡയലോഗിലെന്ന പോലെ ഞാൻ ശങ്കിച്ചു. എങ്കിലും അത് പുറത്ത് കാണിക്കാതെ വിട്ടുകാരുടെ മുന്നിൽ അല്പം ഗമ കാണിക്കാൻ കിട്ടിയ ആ അവസരം ശരിക്കും ഉപയോഗിച്ചു. കണ്ടോ അന്യരാജ്യത്ത് ഞാൻ മൂലം നിങ്ങൾക്ക് കൂടി കിട്ടുന്ന പരിഗണന എന്ന് ഞാനവരോട് ഒരു നോട്ടത്തിലൂടെ പറഞ്ഞു. ബാപ്പ ഒരു സംഭവം തന്നെയാണ് ട്ടാ എന്ന് തമാശ രൂപേണ മകൻ അവന്റെ ഭാര്യയോട് പറയുന്നുണ്ടായിരുന്നു.
ഏകദേശം 15 മിനിട്ടോളം ഞങ്ങളവിടെ ഇരുന്നു. അപ്പോഴേക്കും ഞങ്ങളുടെ ബാഗേജു മായി മൈക്കും ഒരു പോർട്ടറും എത്തി. പോർട്ടർക്ക് നിർദ്ദേശങ്ങൾ നല്കി ഞങ്ങൾക്ക് യാത്രാഭിവാദ്യങ്ങൾ നേർന്ന് കൊണ്ട് മൈക്ക് തന്റെ ജോലിയിലേക്ക് മടങ്ങി.
നഗരത്തിലേക്ക് -
സ്വീറ്റ്സർലണ്ടിലെ ഏറ്റവും വലിയ നഗരമായ സൂറിക് സിറ്റിയിലേക്കാണ് ഇനി ഞങ്ങളുടെ യാത്ര. സൂറിക് ലേക്കിന്റെ വടക്കുപടിഞ്ഞാറായി കിടക്കുന്നു ഈ സ്വപ്ന നഗരി. ആൽപ്സ് പർവ്വത നിരകളിൽ നിന്നുമുത്ഭവിച്ച് ലേക് സൂറിക്കിലെത്തി അവിടെ നിന്നും ലിമ്മത്ത് എന്ന പേരിൽ രൂപാന്തരപ്പെട്ട് വീണ്ടുമൊഴുകി നീങ്ങുന്ന നദിയുടെ ഇരുകരകളിലുമാണ് നഗരം അതിന്റെ പൗരാണികവും ആധുനികവുമായ മുഖമുദ്രകളുമായി സഞ്ചാരിയെ വരവേല്ക്കാനായി കാത്തിരിക്കുന്നത്. ലേക് സൂറിക്കിനോട് തൊട്ടടുത്താണ് ഞങ്ങൾ ബുക്ക് ചെയ്തിട്ടുള്ള താമസ സ്ഥലം. ടാക്സിയിൽ അവിടേക്ക് തിരിച്ചു. ജാക്ക് നിക്കോൾസനെപ്പോലെയുള്ള ഒരു ആജാനബാഹുവായിരുന്നു ഡ്രൈവർ. യാത്രയിലുടനീളം അയാൾ സംസാരിച്ചു കൊണ്ടേയിരുന്നു. ദൈവത്തിന്റെ സ്വന്തം നാടിനെപ്പറ്റി അയാൾക്കത്ര പിടിയില്ലായിരുന്നെങ്കിലും ഇന്ത്യക്കാരെ ഇഷ്ടമാണെന്നായാൾ പറഞ്ഞു. ആസ്ത്രേലിയക്കാരനായ അയാൾ ഏഴ് വർഷങ്ങളായി സൂറിക്കിൽ ടാക്സിയോടിച്ച് ജീവിച്ചു പോരുന്നു. ജാക്ക് നിക്കോൾസനെ പോലെയിരിക്കുന്നല്ലോ താങ്കൾ എന്ന് പറഞ്ഞപ്പോൾ ഒരു പാടാളുകൾ മുമ്പും അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നായി അയാൾ.
15 കിലോമീറ്ററോളം യാത്ര ചെയ്തതിന് 85 യൂറോ (ഏകദേശം 6000 രൂപയിലധികം) മീറ്ററിൽ ! മറ്റ് യൂറോപ്യൻ നഗരങ്ങളെക്കാൾ ജീവിതച്ചിലവ് ഏറെ കൂടുതലാണിവിടെ എന്നറിയാമായിരുന്നിട്ടും ഇതിത്തിരി കൂടുതലല്ലേ എന്ന് മനസ്സിൽ തോന്നി; ശരിക്കും ഒരടി കിട്ടി എന്നും .

മൂന്ന് മണിയായതേയുള്ളു. ഞങ്ങൾ ശരിയായ സ്ഥലത്ത് തന്നെ എത്തിച്ചേർന്നു. വീട്ടുടമസ്ഥയായ സ്ത്രീ നിറഞ്ഞ പുഞ്ചിരിയോടെ ഞങ്ങളെ കാത്തു നില്ക്കുന്നുണ്ടായിരുന്നു. രണ്ട് റൂമുകളും ഹാളും കിച്ചനും ചേർന്ന ഒരു സ്വതന്ത്ര വില്ലയായിരുന്നു അവർ ഞങ്ങൾക്കായി ഒരുക്കിയിരുന്നത്.
പുറത്ത് മഞ്ഞ് ശക്തിയായി പെയ്യാൻ തുടങ്ങിയിരുന്നു. മരച്ചില്ലകൾക്കിടയിലൂടെ സൂര്യപ്രകാശം ഒളിഞ്ഞു നോക്കുന്നുണ്ടെങ്കിലും തണുപ്പിന് മേൽ ആധിപത്യം നേടാൻ മാത്രം ശക്തി പോരായിരുന്നു വെയിലിന്. ഞങ്ങൾ വിറച്ചു കൊണ്ടിരുന്നത് കണ്ടപ്പോൾ തണുപ്പ് ഇനിയും കൂടുകയേയുള്ളു എന്നൊരു സൂചന തന്ന് വീട്ടുടമസ്ഥ സ്ഥലം വിട്ടു. എല്ലാം ഒതുക്കി വെച്ച് ഒരു കുളിയും പാസ്സാക്കി പുറത്തേക്കിറങ്ങാൻ ഞങ്ങൾ തീരുമാനിച്ചു.

അരമണിക്കൂറിൽ ഞങ്ങൾ തയാറായി പുറത്ത് വന്നു. സൂറിക്കിൽ പോകേണ്ടതും കാണേണ്ടതുമായ ഇടങ്ങളെല്ലാം തന്നെ മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നതിനാൽ എങ്ങോട്ട് തിരിയണം എന്ന കാര്യത്തിൽ സന്ദേഹമേതുമുണ്ടായില്ല. രണ്ട് മൂന്ന് മണിക്കൂർ ചിലവഴിക്കാൻ പറ്റിയ ഇടം ലേക് സൂറിക് തന്നെ. പത്ത് മിനിറ്റ് നടത്തം മതിയാകുമെന്ന് ഗുഗിൾ പറഞ്ഞു തന്നു. അങ്ങനെ സൂറിക്കിന്റെ കാഴ്ചകളിലേക്ക് ഞങ്ങൾ ഇറങ്ങുകയായി.
ഇരു വശങ്ങളിലും ഭംഗിയുള്ള കെട്ടിടങ്ങളും നടപ്പാതയിൽ ഇടവിട്ടിടവിട്ട് പൂത്തുലഞ്ഞ മരങ്ങളും നിറഞ്ഞ ഒരു വീഥിയിലൂടെയാണ് ഞങ്ങൾ നടന്ന് കൊണ്ടിരുന്നത്. ആളുകൾ ഇരുവശങ്ങളിലേക്കും അലസമായി നടന്ന് നീങ്ങുന്നുണ്ടായിരുന്നു. കെട്ടിടങ്ങൾക്കിടയിൽ തണുപ്പ് തന്റെ കേമത്തം കാണിക്കാൻ മുതിർന്നില്ല. എങ്കിലും തണുപ്പകറ്റാനായിട്ടുള്ള വസ്ത്രങ്ങൾ ഞങ്ങൾ ധരിച്ചിരുന്നു. സ്വീറ്റ്സർലന്റിലെ വസന്ത കാലം ഗ്രീഷ്മത്തിലേക്ക് ചുവടുമാറുന്നതിനുള്ള ഒരുക്കങ്ങാണ് ഇനിയുള്ള നാളുകൾ. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയാണ് ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ സമയം. ഞങ്ങൾ നടന്ന് കൊണ്ടേയിരുന്നു.

നിരത്തോരങ്ങളിലെവിടെയും പൂക്കൾ, പുക്കൾ തന്നെ. ജീവിതത്തിലിതുവരെ കണ്ടിട്ടില്ലാത്ത തരം പൂക്കൾ. പ്രൈമറി ക്ലാസ്സിലെ കുട്ടിയുടെ കൗതുകത്തോടെ ഓരോ തരം പൂക്കളുടെയും മനോഹാരിത ആവോളം ആസ്വദിച്ചു കൊണ്ട് മന്ദം നീങ്ങുകയാണ് എന്റെ പ്രേയസി. അവയോടൊത്തിടപഴകുന്നതിൽ നീ പിശുക്ക് കാണിക്കണ്ട . ഞാൻ പറഞ്ഞു. ഭൂമിയുടെ മന്ദഹാസമാണ് പൂക്കൾ എന്നാണ് ബഷീർ പറഞ്ഞിരിക്കുന്നത്. ആ മന്ദഹാസം നീ ആവോളം നുകരുക. ആസ്വദിക്കുക. അത് മതി. തൊട്ടറിയാനോ പൊട്ടിക്കാനോ ശ്രമിക്കരുത്.
10 മിനിറ്റ് നടക്കാനേ ഉള്ളുവെങ്കിലും ലേക് സൂറിക്കിന്റെ കവാടത്തിൽ ഞങ്ങളെത്തുമ്പോഴെക്കും അരമണിക്കൂർ കഴിഞ്ഞിരുന്നു. കെട്ടിടങ്ങൾക്കിടയിലുള്ള വീഥി തുറസ്സായ ഒരിടത്ത് അവസാനിക്കുകയായിരുന്നു. ഇതാ കൺമുന്നിൽ വിശാലമായി പരന്നൊഴുകുന്ന നീല ജലത്തടാകം. സൂറിക് നഗരത്തിന്റെ ഖ്യാതിക്ക് മാറ്റു കൂട്ടുന്നതിൽ ഏറെ മുമ്പിൽ നില്ക്കുന്ന ഈ തടാകം ഒരു സംസ്കാരത്തിന്റെ പരിച്ഛേദം കൂടിയാണ്.പക്ഷെ, മുമ്പോട്ട് ഒരിഞ്ചുപോലും നീങ്ങാൻ പറ്റാത്ത വിധം തടാകത്തിൽ നിന്നും വീശിയടിച്ച തണുത്ത കാറ്റിൽ ഞങ്ങൾ വിറങ്ങലിച്ചു നിന്നു. ഞങ്ങൾ ധരിച്ചിരുന്ന വസ്ത്രങ്ങളോ രോമക്കുപ്പായങ്ങളോ ആ ശീതക്കാറ്റിനെ ചെറുക്കാൻ പര്യാപ്തമായിരുന്നില്ല. ശരീരത്തിൽ രക്തം കട്ടപിടിച്ചേക്കുമോ എന്ന് പോലും ഒരു വേള ഞങ്ങൾ ഭയപ്പെട്ടു. മകൻ തിരികെ പോയി വീണ്ടും മേൽക്കുപ്പായങ്ങളുമായി വരുന്നത് വരെ തടാക തീരത്തെ ഒരു മരമുത്തശ്ശിക്ക് പിന്നിൽ തണുപ്പിൽ നിന്നും രക്ഷനേടാനായി മറഞ്ഞു നില്ക്കയായിരുന്നു ഞങ്ങൾ . മഞ്ഞ് അപ്പോഴും പെയ്ത് കൊണ്ടേയിരുന്നു.

വീണ്ടും മേൽക്കുപ്പായങ്ങൾ ധരിച്ച ഞങ്ങൾ ശീതക്കാറ്റിനെ അതിജീവിച്ചു കൊണ്ട് മുന്നേറി. തടാക തീരത്തോടടുത്ത നടപ്പാതയിൽ പൊതുവേ ആളുകൾ കുറവായിരുന്നു. ദൂരെ ലിൻഡ് ഹോഫ് കുന്നിന് മുകളിലായി സൂര്യൻ അസ്തമയത്തിനുള്ള ഒരുക്കങ്ങളിൽ ഏർപ്പെടുന്നതായി കാണപ്പെട്ടു. തിരിച്ചു നടക്കാതെ ഞങ്ങൾ തടാകത്തിന് കുറുകെയുള്ള പാലത്തിന് സമീപത്തെത്തി. ലിൻഡ് ഹോഫിലേക്കും യൂട്ട്ലി ബെർഗിലേക്കും പോകേണ്ടത് ഇവിടെ നിന്നുമാണ്. റോഡിന് നടുവിലൂടെ ട്രാമുകൾ നിരന്തരം നീങ്ങിക്കൊണ്ടിരുന്നു. നീലയും ചുമപ്പും നിറങ്ങളിലുള്ള ട്രാമുകളുടെ സഞ്ചാര ഗതി നോക്കി നില്ക്കാൻ തന്നെ ഒരു രസമാണ്.
വിശപ്പ് വയറ്റിൽ പെരുമ്പറ കൊട്ടി തുടങ്ങി. ഫ്ലൈറ്റിൽ നിന്നും കിട്ടിയ ഭക്ഷണം തീരെ സുഖമുള്ളതായിരുന്നില്ല. വില്ലയിൽ നിന്നിറങ്ങും മുമ്പേ കഴിച്ച ലഘു ഭക്ഷണവും ഇതിനകം ദഹിച്ചു കഴിഞ്ഞിരുന്നു. ഇനി കനത്തിലെന്തെങ്കിലും കഴിച്ചേ മതിയാകൂ. പക്ഷെ അതെവിടെ കിട്ടും.
സന്ധ്യയായി. പ്രദോഷമായി.
ഇതിനകം ഞങ്ങൾ നഗരത്തിന്റെ പ്രധാന മേഖലയിലേക്ക് കടന്നിരുന്നു. മദ്ധ്യകാല - നവോത്ഥാനകാല ചരിത്രങ്ങളുടെ അവശിഷ്ടങ്ങളെന്ന് ഒറ്റനോട്ടത്തിൽ തന്നെ ആർക്കും തോന്നിപ്പിക്കുന്ന കെട്ടിടങ്ങൾ. രാജ്യത്തിന്റെ തന്നെ സാംസ്കാരിക തലസ്ഥാനമാണ് ഇവിടം. അവിടവിടെയായി നിലകൊള്ളുന്ന നിരവധി മ്യൂസിയങ്ങൾ . എല്ലാം പഴയമയുടെ പ്രൗഢി ദൃശ്യമാകുന്ന വിധത്തിൽ നില നിറുത്തിയിരിക്കുന്നു. എട്ടും പത്തും നൂറ്റാണ്ടുകളുടെ പഴക്കം പേറുന്ന ചർച്ചുകളും നിരവധിയാണിവിടെ. ( ഈ ചർച്ചുകളിലൊരിടത്തും മതാനുഷ്ഠാന ചടങ്ങുകൾ നടക്കാറില്ലെന്നും അവ പോലും മ്യൂസിയങ്ങളാണെന്നും നേരിയൊരു അത്ഭുതത്തോടെ പിന്നീട് ഞങ്ങൾ അറിഞ്ഞു.)
നഗരത്തിനകത്ത് ഇപ്പോൾ രാത്രിക്ക് കനം വെച്ചിരിക്കുന്നു. സഞ്ചാരികളും തദ്ദേശീയരുമായ ജനങ്ങൾ തിങ്ങി നിറയാൻ തുടങ്ങി. നടപ്പാതകൾ ഏതോ ലക്ഷ്യം വെച്ച് നീങ്ങുന്ന പുരുഷാരങ്ങളെ കൊണ്ട് നിബിഡമായി. രാത്രികാല നഗരജീവിതത്തിന്റെ മോഹാവേശങ്ങളിലേക്ക് ചിറകടിച്ചു നീങ്ങുന്ന ആസക്തി പൂണ്ട മുഖങ്ങൾ. എങ്ങും ആരവങ്ങളും ആർപ്പു വിളികളും. ആഹ്ലാദത്തിമിർപ്പേറ്റുന്ന സംഗീതങ്ങളാൽ തെരുവ് മുഖരിതമാകുന്നു. മുന്നോട്ടുള്ള നടത്തത്തിൽ നിശാക്ലബ്ബുകളുടെയും പബ്ബുകളുടെയും നീണ്ട ശ്രേണികൾ തന്നെ ദൃശ്യമായി. നഗരം രാത്രികാല വിനോദങ്ങളിലേക്കുള്ള വാതിലുകൾ തുറക്കയായി.
ഞങ്ങൾക്ക് ഭക്ഷണം കഴിക്കാനുള്ള ഒരു റെസ്റ്റോറന്റു പോലും അവിടെ കണ്ടെത്താൻ പ്രയാസമാകും എന്ന് മനസ്സിലായി. ഗൂഗിളും ആ ശ്രമത്തിൽ പരാജയം സമ്മതിച്ചു. ഈ രാത്രി ഇനിയിവിടെ കറങ്ങുന്നതിൽ കഴമ്പില്ലതന്നെ. ഞങ്ങൾ തിരികെ താമസ സ്ഥലത്തേക്ക് മടങ്ങുകയായി. ഇനിയവിടെ ചെന്നിട്ട് വേണം എന്തെങ്കിലും കുത്തി കൂട്ടിയുണ്ടാക്കാനും കഴിക്കാനും .
ഉഷസ്സായി, പ്രഭാതമായി.
രാവിലെ ഉണർന്ന് ഞാൻ പുറത്തേക്കിറങ്ങി. മണി അഞ്ച് കഴിഞ്ഞതേയുള്ളു. സൂര്യൻ ഉദിച്ചിട്ടുണ്ടോ, ഇല്ലേ അതോ ഇന്നുദിക്ക്യോ . ഒന്നും മനസ്സിലാവുന്നില്ല. ഉഷസ്സിന്റെ ഒരു പ്രതീതിയും ഇല്ല. മരക്കൊമ്പുകൾ ഏറെയുണ്ട്. അവയിൽ കിളികളൊന്നും തന്നെയില്ല. പകരം മഞ്ഞിനാൽ പൊതിയപ്പെട്ടിരിക്കുന്നു അവയത്രയും.
തൊട്ടപ്പുറത്തൊരു പാർക്കുണ്ട്. അതിനകത്ത് ആളുകൾ പ്രഭാത നടത്തം തുടങ്ങിയിരിക്കുന്നു. പുറത്ത് പാർക്ക് ചെയ്തിട്ടിരിക്കുന്ന കാറുകൾ മുഴുവൻ മഞ്ഞുപുതഞ്ഞിരിക്കുന്നു. പുലർക്കാലം നല്കുന്ന പ്രസരിപ്പോടെ തീരെ മടി നിഴലിക്കാത്ത മുഖഭാവങ്ങളിൽ കുരുന്നുകൾ സ്കൂൾ ബാഗും തൂക്കി നടന്ന് നീങ്ങുന്നു. അടുത്തെവിടെയെങ്കിലും ഒരു സ്കൂൾ കണ്ടേക്കാം.
ഒരു സിഗററ്റും പുകച്ച് കൊണ്ട് ഞാനീ പ്രഭാത കാഴ്ചകൾ കണ്ട് നിന്നു. തൊട്ട് മുമ്പിലെ കെട്ടിടത്തിൽ ഒരു ജിം ആണ്. ആളുകൾ അവിടേയും വ്യായാമങ്ങളിൽ വ്യാപൃതരായി കണ്ടു. ഇടക്കിടെ ബോഡിയാകെ മഞ്ഞിൽ പുതഞ്ഞ കാറുകൾ തൊട്ടരികിലൂടെ നീണ്ടിക്കൊണ്ടിരുന്നു. ഞാൻ തിരികെ വീടിനകത്തേക്ക് കടന്നു. എല്ലാവരും ഗാഢനിദ്രയിലാണിപ്പോഴും. വീണ്ടും ഒരു കാപ്പി കൂടി ഉണ്ടാക്കി അതും നുണഞ്ഞിരുന്നു. കൈകൾ കൂട്ടിത്തിരുമ്മി ചൂടേറ്റിയ ശേഷം അല്പ സമയം കൂടി ഉറങ്ങാമെന്ന് കരുതി.
ഒമ്പത് മണിയോടെ ഞങ്ങൾ ലിൻഡ് ഹോഫിലേക്കുള്ള യാത്രക്ക് ഒരുക്കം കൂട്ടി. പത്ത് മണിക്കെങ്കിലും ഇറങ്ങണം. അങ്ങോട്ടുള്ള യാത്ര കുറച്ചു ദൂരം ട്രാമിലും പിന്നെ നടന്നുമാകാമെന്ന് തീരുമാനമായി. ഏകദേശം മൂന്ന് കിലോമീറ്ററോളം യാത്രക്ക് ഒരു യൂറോ ആണ് ഒരാൾക്ക് ചാർജ്ജ്. സ്വിസ് പൗരന്മാരിൽ സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും യാത്ര സൗജന്യമാണത്രെ. നഗരത്തിന്റെ പ്രധാന സ്ക്വയറിൽ ഇറങ്ങിയ ശേഷം ലിൻഡ് ഹോഫിലേക്ക് ഞങ്ങൾ നടക്കാൻ തുടങ്ങി. പാലത്തിൽ നിന്ന് നോക്കിയാൽ ദൂരെ ആൽപ്സ് പർവ്വതനിരകൾ കോടമഞ്ഞിൽ പുതഞ്ഞ് കിടക്കുന്നത് കാണാം.. അതിന് സമാന്തരമായി ഒഴുകുന്നു ലിമ്മത്ത് നദി.
നഗരം ഇനിയും ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും മുക്തയായിട്ടില്ല. തലേ രാത്രിയിലെ ആഘോഷത്തിമിർപ്പുകൾ സൃഷ്ടിച്ചതിന്റെ ബാക്കിപത്രം പോലെ ഒരു ഉദാസീനത നഗരത്തെ പൊതിഞ്ഞിരുന്നു. ഇവിടെ എന്നും ഇങ്ങനെയായിരിക്കാം. ആഘോഷ ദൈർഘ്യം നിറഞ്ഞ രാവുകളിൽ നിന്നും പകൽ ഉണർന്നെണീക്കാൻ ഏറെ വൈകുന്നു. തെരുവുകൾ സജീവമാകുന്നത് രാവിലെ പതിനൊന്ന് മണിയോടെയാണ്. ഒരു റെസ്റ്റോറസ്റ്റ് പോലും അതിന് മുമ്പായി തുറന്ന് കണ്ടതില്ലായിരുന്നു.
ഞങ്ങൾ പാലത്തിൽ നിന്ന് കൊണ്ട് കുറെ ഫോട്ടോകൾ എടുത്തു. ഞാൻ കൈവരികളിൽ കയ്യൂന്നിക്കൊണ്ട് താഴേക്ക് നോക്കി. ചരിത്രത്തിന്റെ ഗതിവിഗതികൾക്ക് ദൃക്സാക്ഷിയായ ലിമ്മത്ത് നദി. എന്നും പുതുമയാർന്ന ജലനിരപ്പ് നിലനിറുത്തിക്കൊണ്ട് ശാന്തമായി ഒഴുകിക്കൊണ്ടിരിക്കയാണ് .

കുഞ്ഞോളങ്ങൾക്ക് മീതെ പ്രണയാതുരരായ അരയന്നങ്ങൾ പരസ്പരം കൊക്കുരുമ്മി. വെട്ടുകിളിക്കൂട്ടങ്ങളെപ്പോലെ കടൽകാക്കകൾ ജലോപരിതലത്തിലേക്ക് പറന്നിറങ്ങി, അതേ വേഗതയിൽ തിരിച്ച് പറന്നു . മാനത്തിനൊരു കോണിൽ തന്റെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ട് സൂര്യൻ പ്രത്യക്ഷനായി. അത് കിഴക്കാണെന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
ഒരൊറ്റ നിമിഷം. പൊടുന്നനെ അന്തരീക്ഷം മ്ലാനമായി. സൂര്യനെ മറച്ച് കൊണ്ട് വന്ന മഴക്കാറിനെ കണ്ട് ഇപ്പോൾ തടാകം പുളകിതയായി. അവളൊന്ന് ഇളകി മറിഞ്ഞു. പുതുമഴയെ ആഗിരണം ചെയ്യാനായി അവൾ നെഞ്ചകം വിടർത്തി .എന്നിട്ടും നിശ്ചലതയിൽ ഒതുങ്ങാതെ അവൾ ഒഴുകി കൊണ്ടേയിരുന്നു. ഏകദേശം 35 കിലോമീറ്ററുകൾക്കകലെ "ആരേ " നദിയുമായി സന്ധിക്കാനുള്ള അടങ്ങാത്ത ആവേശത്തോടെ .
ഞങ്ങൾ പാലം കടന്ന് മറുതീരമണഞ്ഞു. തണുപ്പ് ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. പാലത്തിൽ നിന്നപ്പോൾ ഞങ്ങളേറ്റ കാറ്റിന് മൈനസ് 4 ഡിഗ്രി തണുപ്പായിരുന്നത്രേ. ആദ്യമൊരു ചുടുകാപ്പി തന്നെ വേണമെന്നായി. ഫർണസിനരികിലിരുന്ന് കാപ്പി മൊത്തി കുടിക്കുമ്പോൾ ശരീരത്തിന് താത്കാലികമായൊരാശ്വാസം തോന്നി. പക്ഷെ കാപ്പി തീരുന്നതോടെ വീണ്ടും പുറത്തേക്കിറങ്ങണമല്ലോ എന്നോർത്തപ്പോൾ ആശങ്കയും. ചുറ്റുമിരിക്കുന്നവർ കാപ്പി വീണ്ടും ഓർഡർ ചെയ്യുകയും കുടിച്ചു കൊണ്ട് സംസാരത്തിലേർപ്പെടുകയും ചെയ്തു കൊണ്ടിരുന്നു.
ഞങ്ങൾ സാവധാനം മടിച്ച് മടിച്ച് പുറത്തേക്കിറങ്ങി. നേരം മദ്ധ്യാഹ്നത്തിനോടുക്കുന്നു. ഇപ്പോൾ സൂര്യൻ ഉച്ചസ്ഥായിയിലുണ്ട്. ഞങ്ങൾ പതിയെ ലിൻഡ് ഹോഫ് ലക്ഷ്യമാക്കി നടന്നു. ഏറെ ചവിട്ടുപടികൾ കേറി വേണം മുകളിലെത്താൻ. കിതച്ചും വിറച്ചും ഒരു വിധം മുകളിലെത്തി. ചരിത്ര കുതുകികളായ സഞ്ചാരികൾക്ക് തീർത്തും അമൂല്യമായ ഒരു കാഴ്ചാ ശേഖരം തന്നെ ഇവിടെയുണ്ട്. റോമൻ അധിനിവേശത്തെ തുടർന്ന് അവർ നിർമ്മിച്ച കോട്ടകളുടെ അവശിഷ്ടങ്ങളും കല്ലറകളും എല്ലാം ഏറെ പ്രാധാന്യത്തോടെ സംരക്ഷിച്ചു പോരുന്നു. ഇവിടെ നിന്നും നോക്കിയാൽ സൂറിക് നഗരത്തിന്റെ ഒരു ഭാഗം മുഴുക്കെ നമ്മൾക്ക് കാണാനാകും. യാത്രാക്ഷീണമകറ്റി ആർക്കും വിശ്രമിക്കാൻ പറ്റിയ ഒരിടം കൂടിയാണിത്. അതിന്റെ ഓരങ്ങളിൽ പ്രാചീനമായ പ്രൊട്ടസ്റ്റന്റ് പള്ളികൾ ആകാശത്തോളമുയർന്നു നില്ക്കുന്നു. ഞായറാഴ്ച പ്രാർത്ഥനകൾ പോലും ഇല്ലാതെ സന്ദർശകർക്കായി മാത്രം തുറക്കപ്പെടുന്ന വാതിലുകൾ.
ലിൻഡ്ഹോഫിൽ പ്രതീക്ഷിച്ച പോലൊന്നും ഞങ്ങൾക്ക് കണ്ടെത്താനായില്ല എന്നത് അല്പം നിരാശക്കിട നല്കി. മാത്രമല്ല പൊടുന്നനെ വന്ന മഴയും ഞങ്ങളെ ചെറുതായൊന്ന് ബുദ്ധിമുട്ടിച്ചു. ഏകദേശം അഞ്ചു മിനിറ്റോളം മഞ്ഞും മഴയും ഇടകലർന്ന് പെയ്തു കൊണ്ടിരുന്നു. പിന്നീട് മഴ ശമിച്ചു. മഴ ഒടുങ്ങി. തനിച്ചായതിന്റെ ഖേദം മനസ്സിൽ പേറി മഞ്ഞ് മാത്രം പെയ്തു കൊണ്ടിരുന്നു.
നഗരാതിർത്തിയിൽ തന്നെയുള്ള ക്ലോട്ടൺ എന്ന ഗ്രാമപ്രദേശത്തേക്കാണ് തുടർന്ന് ഞങ്ങൾ നീങ്ങാനുറച്ചത്. അതിന് മുമ്പായി പറ്റിയ ഒരു ഭക്ഷണശാല ഞങ്ങൾക്കായി ഗൂഗിൾ കണ്ടെത്തി തന്നിരുന്നു.
ആദർശ് ഭവൻ ഫുള്ളി ഇൻഡ്യൻ വിഭവങ്ങളാൽ പൂരിതമായിരുന്നു. തന്തൂർ റൊട്ടി, നാൻ , ചിക്കൻ , റൈസ് , ദാൽ എന്ന് വേണ്ട ഏത് ഇന്ത്യൻ വിഭവങ്ങളും അവിടെ ലഭ്യമായിരുന്നു. ദുബായിയേക്കാളും പത്തിരട്ടിയോളമായല്ലോ ബില്ല് എന്നോർത്ത് ഖിന്നനാവാതിരിക്കാൻ മനസ്സിനെ പഠിപ്പിച്ചു നോക്കി. മനസ്സ് വിസമ്മതം കാട്ടി. അങ്ങനെ ദുഃഖം അഞ്ചാമതൊരുവനായി ഞങ്ങളോടൊപ്പം കുറച്ചു ദൂരം യാത്ര ചെയ്തു. പിന്നെയതിനെ ഞങ്ങൾ വഴിയിലുപേക്ഷിച്ചു. ( സ്വീസ്സ് ബ്ലേഡ് ആയിരുന്നില്ല, മറിച്ച് ഗില്ലറ്റ് തന്നെയായിരുന്നു ബില്ല് )
ഭക്ഷണം പാകം ചെയ്യാനുള്ള എല്ലാ ചേരുവകളും അനുബന്ധ ഉപകരണങ്ങളും ഞങ്ങൾ കരുതിയിരുന്നു. പക്ഷെ എപ്പോഴും അതിനെ ആശ്രയിക്കാനാവില്ല എന്ന യാഥാർത്ഥ്യം ഞങ്ങൾ ഉൾക്കൊണ്ടു .
ഭക്ഷണശേഷം ഞങ്ങൾ ക്ലോട്ടണിലേക്ക് തിരിക്കാനായി റെയിൽവേ സ്റ്റേഷനിലെത്തി. ദുബായിലെ മെട്രോ സ്റ്റേഷനുകളുടെ പ്രൗഢിയും മൊഞ്ചും ഒന്നുമില്ലെങ്കിലും സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ മികവ് പുലർത്തുന്ന സ്റ്റേഷൻ. പത്ത് കി.മി. ദൂരെയുള്ള ക്ലോട്ടണിലേക്ക് ഞങ്ങൾ പത്ത് മിനിട്ടിനുള്ളിൽ എത്തിച്ചേർന്നു.
വിശാലമായ ഹരിത ഭൂവിലേക്കാണ് ഞങ്ങൾ ഇറങ്ങിച്ചെല്ലുന്നത്. നിറുത്താതെയുള്ള


മണികിലുക്കങ്ങളാണ് റെയിൽവേ സ്റ്റേഷന് വെളിയിൽ ഞങ്ങളെ എതിരേറ്റത്. വീഥികളോട് ചേർന്ന വേലികൾക്കപ്പുറത്ത് നല്ല വൃത്തിയുള്ള പശുക്കൾ . അവയുടെ ഓരോന്നിന്റെയും ക ഴുത്തിൽ തുങ്ങുന്ന മണികൾ. അവയുയർത്തുന്ന സംഗീതം. നഗരത്തിൽ ഞങ്ങൾക്ക് ലഭ്യമാകാതെ പോയ കാഴ്ചകളുടെ വസന്തം ഇതാ തൊട്ടരികത്ത് , നഗരപ്രാന്തത്തിൽ തന്നെ ലഭ്യമായിരിക്കുന്നു. നിറഞ്ഞ പച്ചപ്പിനാൽ പൊതിഞ്ഞ താഴ്‌വരകളും കുന്നുകളും മലകളും അരുവികളുമൊക്കെ നമ്മുടെ സ്വന്തം കേരളത്തിൽ നാമൊരു പാട് കണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം എന്തോ വ്യത്യസ്തത കാഴ്ചയിൽ പതിയുന്നതായി തോന്നി. തീർച്ചയായും ഉണ്ട്. യഥാർത്ഥത്തിൽ ഇത്തരം ഗ്രാമങ്ങളിലാണ് സ്വിസ്സ് സൗന്ദര്യം നമുക്ക് മുമ്പിൽ അനാവൃതമാവുന്നത്. പ്രാഗിനെ പോലെ നഗരം സഞ്ചാരികൾക്കായി ഒന്നും ഒരുക്കി വെച്ചിട്ടില്ല സൂറിക്കിൽ എങ്കിലും, നഗരപ്രാന്തങ്ങളിൽ കാഴ്ചയുടെ വ്യാപ്തിയേറിയ ഒരുലോകം അത് നമുക്കായി കരുതി വെച്ചിരിക്കുന്നു എന്നതിൽ സംശയമേതുമില്ല.

ആൽപ്സിന്റെ ഒരു വിദൂര താഴ്വാരമാണ് ഈ സമതല ഭൂമി. തൊട്ടരികിലായി ഉച്ചവെയിലിൽ മഞ്ഞുരുകിയൊലിച്ച നീല മലനിരകൾ. ലിമ്മത്ത് നദിയുടെ കൈവഴിയായൊഴുകുന്ന കൊച്ചു കൊച്ചരുവികൾ. അപൂർവ്വയിനം കിളികളും പൂക്കളും . ആകെ കൂടി ഒരു സ്വർഗീയ പ്രപഞ്ചത്തിന്റെ മാസ്മരികത . റെയിൽവേ സ്റ്റേഷനും പരിസരവും തൊട്ടപ്പുറത്ത് തന്നെയുണ്ടെങ്കിലും ഈ ലോകവുമായി അതിനൊരു ബന്ധവുമില്ലാത്ത പോലെ. നിറച്ചാർത്തുകളണിഞ്ഞ വള്ളികളും പൂക്കളും കിളിക്കൊഞ്ചലുകളും ഞങ്ങളെ എതിരേല്ക്കയായിരുന്നു. ഞങ്ങളുദേശിച്ചതിനെക്കാളുമധികം യാത്രികർ അവിടെയുണ്ടായിരുന്നു. പ്രശാന്തമായ ആ അന്തരീക്ഷം അഭൗമമായ ഒരനുഭൂതി മനസ്സിൽ നിറക്കുന്നതായി അനുഭവപ്പെട്ടു.
വനനിബിഡമായ ക്ലോട്ടൺ താഴ്‌വരയിൽയാത്രികർക്കായുള്ള കോട്ടേജുകളും അവിടവിടെ കാണപ്പെട്ടിരുന്നു.
ഉരുളക്കിഴങ്ങ് പാടങ്ങളുടെയും മറ്റ് ധാന്യവിളകളുടെയും കൃഷിയിടങ്ങൾ വിതാനിച്ചു കിടക്കുന്നു. മലനിരകളിൽ നിന്ന് ഒഴുകി വരുന്ന നീർച്ചാലുകൾ വയലാർ ഗാനങ്ങളിലെ വെള്ളിയരഞ്ഞാണങ്ങളായി തെളിഞ്ഞു മിന്നി. ഊർജ്ജ്വസലരായ കർഷകർ തങ്ങളുടെ പണിയായുധങ്ങൾ ട്രക്കിലേക്ക് കയറ്റുന്ന തിരക്കിലായിരുന്നു. അതിനിടയിലും ഒന്ന് മന്ദഹസിക്കാനും അഭിവാദ്യം ചെയ്യാനും അവർ മറന്നില്ല.നഗരത്തിൽ നിന്നും ഇത്രയടുത്ത് മാറി സ്വർഗ്ഗതുല്യമായ ഈ ഗ്രാമവും ഇവിടത്തെ ജൈവ കൃഷിയിടങളും മനസ്സിന് തെല്ലൊന്നുമല്ല ഉത്സാഹമേകുന്നത്. ഗ്രാമത്തിന് മേൽ മഴ മേഘങ്ങൾ നിഴൽ വിരിക്കാൻ തുടങ്ങി.
സന്ധ്യയായി , രാത്രിയായി.
ഞങ്ങൾ മനസ്സില്ലാമനസ്സോടെ തിരികെ പോരാൻ തീരുമാനിച്ചു. ഇനി യൂട്ട്ലിബെർഗ് എന്ന ഹിൽ സ്റ്റേഷനിലേക്കാണ് യാത്ര. അത് നാളെ . നാളെ ഇതിനേക്കാൾ തണുപ്പായിരിക്കുമെന്ന് മൊബൈൽ മുന്നറിയിപ്പ് നല്കുന്നു. കൊടുമുടിയിൽ വീണ്ടും അതേറി വരികയേയുള്ളു.
നെരുദയെ അല്പം ഭാഷ്യ ഭേദം വരുത്തി ഞാൻ മനസ്സിൽ കുറിച്ചു. "ഈ രാത്രിയാകും എനിക്കേറ്റം ഹൃദ്യമായ വരികളെഴുതുവാൻ ,പ്രേമിച്ചു പോയി ഞാനീ ഗ്രാമത്തെ ചിലപ്പോളവൾ പ്രേമിച്ചുവെന്നെയും " . വീട്ടിലേക്ക് തിരിക്കാനായി ഞങ്ങൾ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി. ആ രാത്രി ഞങ്ങൾ ബസ്മതി ചോറും പരിപ്പുകറിയും beefsteak മായി ഉണ്ടുറങ്ങാനായി കിടന്നു.
വീണ്ടും പ്രഭാതം .
ഇന്ന് വൈകീട്ട് 5 മണിക്കാണ് മ്യൂണിക്കിലേക്കുള്ള ബസ്. അതിന് മുമ്പായി യൂട്ട്ലിബെർഗിൽ പോയി വരണം . പക്ഷെ അതൊരു ചടങ്ങു പോലെയായിത്തീരുമോ എന്ന് ഞങ്ങൾ ഭയപ്പെട്ടു. ക്ലോട്ടണിൽ ഇന്നലെ കണ്ട കാഴ്ചകൾ പോലെയാണെങ്കിൽ ബസ് ഒരു പക്ഷേ മിസ്സായേക്കാൻ സാധ്യതയുണ്ട്. അത്രക്ക് ഹൃദയഹാരിയാണ് അവിടത്തെ കാഴ്ചകളെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം.
സൂറിക് മെയിൻ സ്ക്വയറിൽ നിന്നും ട്രാമിൽ അഞ്ചു കി.മീ യാത്ര ചെയ്താൽ ഈ ഹിൽ സ്റ്റേഷനിൽ എത്താം. യാത്രയിലുടനീളം കാണുന്ന പ്രകൃതി ഭംഗി തന്നെ മതിയാകും നമ്മുടെ മനസ്സ് നിറക്കാൻ. കൊടുമുടിയിലെത്തിക്കഴിഞ്ഞാൽ താഴെ തടാകത്തിന്റെയും ചേർന്ന് കിടക്കുന്ന സൂറിക് നഗരത്തിന്റെയും സമീപദൃശ്യങ്ങൾ ഇടവിട്ട് ദൃശ്യമായി ക്കൊണ്ടിരിക്കും. നമ്മൾ അത്യാഹ്ലാദത്തോടെ കാഴ്ചകൾ ആസ്വദിക്കുമ്പോളായിരിക്കും പെട്ടെന്ന് കോടമഞ്ഞ് അവയെ കണ്ണകളിൽ നിന്നും മറയ്ക്കുക. അടുത്ത നിമിഷം വീണ്ടുമവ പ്രത്യക്ഷമാവുകയായി.
ആൽപ്സ് പർവ്വത നിരകളുടെ ഭാഗമായ ആൽബിസ് പർവ്വതത്തിന്റെ ഉച്ചിയിൽ ആണ് ഞങ്ങളിപ്പോൾ. ശരിക്കും ഒരു പകൽ മുഴുക്കെ ഇവിടെ ചിലവഴിച്ചാലും ഈ ഹിമ ശൃംഗത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ നമുക്ക് കണ്ടു തീർക്കാനാവൂ. ലോകത്തിലെ തന്നെ അപൂർവ്വയിനം സസ്യജാലങ്ങൾ വളരുന്ന ബൊട്ടാണിക്കൽ ഗാർഡൻ ഈ മലമേട്ടിലെ എടുത്ത് പറയേണ്ട ഒന്നാണ്.
ഇവിടെ സഞ്ചാരികൾക്കായി എല്ലാ സൗകര്യങ്ങളുമൊരുക്കിയിരിക്കുന്നു. ഹോട്ടലുകളും റിസോർട്ടുകളും കുട്ടികൾക്കായുള്ള വിനോദ കേന്ദ്രങ്ങളും ഉണ്ട് . യഥാർത്ഥ പ്രകൃതിയും ഗ്രാഫിറ്റികളും ചേർന്ന കോമ്പിനേഷനുകളുടെ നീണ്ട നിര ഒരപൂർവ കാഴ്ച തന്നെയാണ്. ഇന്നലെ ലിൻഡ് ഹോഫിൽ നഷ്ടപ്പെടുത്തിയ സമയമത്രയും ഇവിടെ ചിലവഴിക്കാനായിരുന്നെങ്കിൽ എത്ര മാത്രം ആഹ്ലാദകരമായേനെ എന്നോർത്തു പോയി. ഇവിടെ ഈ പ്രകൃതി മനോഹാരിതയിൽ ഏറെ സമയം ചിലവഴിക്കാൻ സമയപരിമിതി ഞങ്ങളെ അനുവദിക്കുന്നില്ലായിരുന്നു.

