7 September 2026 · 19 min read
ശബത് നാളിലെ പുട്ട് .
ഈ ബ്രൗസറിൽ ശബ്ദം ലഭ്യമല്ല — Chrome/Safari ഉപയോഗിക്കൂ · Malayalam voice
ചില മനുഷ്യരെ നമ്മൾ കണ്ടുമുട്ടുന്നത് യാദൃച്ഛികമായിട്ടായിരിക്കും.
എന്നാൽ, ആ കൂടിക്കാഴ്ചയ്ക്ക് ശേഷം ഏറെക്കാലം കഴിഞ്ഞിട്ടും അവർ നമ്മുടെ ഓർമ്മയിൽ നിന്ന് മാഞ്ഞുപോകുന്നില്ലെങ്കിൽ, അതിനെ വെറും യാദൃച്ഛികത എന്നു വിളിക്കാൻ മനസ്സ് സമ്മതിക്കാറില്ല. ചുരുങ്ങിയ സമയത്തേക്ക് മാത്രമുള്ള പരിചയമാണെങ്കിലും അവർ നമ്മിലേക്ക് പകർന്ന് വെക്കുന്ന അനുഭവതലങ്ങളുടെ തീവ്രത കൊണ്ട് നമുക്ക് അങ്ങനെ ചിന്തിക്കാനേ കഴിയൂ. അത്തരത്തിലൊരു യാദ്യശ്ചികത നിറഞ്ഞ കൂടിക്കാഴ്ചയായിരുന്നു ദുബായിലെ അൽ ബസ്താകിയയിൽ വെച്ച് എനിക്ക് ഉണ്ടായത്.
ആധുനികതയുടെ തിരതള്ളലിൽ ലോകത്തിലെ ഏറ്റവും പുതുമയുള്ള നഗരങ്ങളിലൊന്നായി മാറിയ ദുബായ്, സഞ്ചാരികൾക്കും , പുതിയ എമാറാത്തി തലമുറക്കുമായി അതിന്റെ പഴയകാല മുഖം അതേപടി സൂക്ഷിച്ചു വെച്ചിരിക്കുന്ന ചില ഇടങ്ങൾ നഗരമദ്ധ്യത്തിൽ തന്നെയുണ്ട്. ഇടുങ്ങിയ വഴികൾ, മൺനിറമുള്ള ചുമരുകൾ, കാറ്റിനെ മുറിക്കകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്ന പഴയ ബർജീലുകൾ, മരം കൊണ്ടുള്ള കതകുകൾ, ശബ്ദരഹിതമായ മുറ്റങ്ങൾ. നമ്മെ ഭ്രമിപ്പിക്കാൻ പോന്ന വിധം കാലം പെട്ടെന്ന് കുറച്ചു പതിറ്റാണ്ടുകൾ പിന്നോട്ടു നീങ്ങിയതുപോലെ തോന്നിപ്പിക്കുന്ന ഇടങ്ങൾ.
ബർ ദുബായിയോട് ചേർന്ന അൽ ബസ്താകിയ അത്തരമൊരു സ്ഥലമാണ്.
കുറേ നടന്നുതളർന്ന്, അവിടെ ഒരു പഴയ കെട്ടിടത്തിന്റെ തണലിൽ ഒരിടത്തിരിക്കുമ്പോഴാണ് അവരെ ഞാൻ കാണുന്നത്.
ഒരു വൃദ്ധ. ഒരു സുന്ദരിയായ വൃദ്ധയെന് വേണം പറയാൻ.
കൂടെ കൊച്ചുമക്കൾ.
ഞാനിരുന്ന ബെഞ്ചിൻ്റെ മറ്റേയറ്റത്ത് അമ്മുമ്മയെയിരുത്തി കൊച്ചുമക്കൾ അർമാദിച്ചു വരാമെന്ന വാക്കുകൊടുത്ത് അവിടം വിടാനുള്ള ഒരുക്കത്തിലാണ്. ഞങ്ങൾ പരസ്പരം നോക്കി പുഞ്ചിരി കൈമാറി. ആഢ്യത്വം നിറഞ്ഞ ഒരു ലബനീസ് മുഖം എന്നാണ് ഞാൻ വിലയിരുത്തിയത്. കുറച്ച് നേരമെ ഞങ്ങളിൽ അപരിചിതത്വം നിലനിന്നുള്ളു.
ടൂറിസ്റ്റാണോ എന്നായിരുന്നു അവരുടെ ആദ്യ ചോദ്യം. സംസാരിക്കാൻ തുടങ്ങിയതോടെ ആ അപരിചിതത്വം അലിഞ്ഞുപോയി.
"നിങ്ങൾ മലയാളിയാണല്ലേ?"
അവരുടെ ചോദ്യം കേട്ടപ്പോൾ ആദ്യമെന്നിൽ വിസ്മയമാണ് ഉണ്ടായത്. എങ്കിലും ഞാൻ ചിരിച്ചു. അങ്ങനെ വളരെ വേഗത്തിൽ അപരിചിതത്വം ഞങ്ങളെ വിട്ടൊഴിഞ്ഞു.
ദുബായിലുള്ള മകനെ കാണാനെത്തിയ അവർ കൊച്ചുമക്കളെയും കൂട്ടി നഗരം കാണാനിറങ്ങിയതായിരുന്നു.
പക്ഷേ, നഗരത്തിലവർ കണ്ട കാഴ്ചകളേക്കാൾ കൂടുതൽ സംസാരിച്ചത് സ്വന്തം ജീവിതത്തെക്കുറിച്ചായിരുന്നു.
അപ്പോഴാണ് ഞാൻ അറിയുന്നത്,
അവർ ചേന്ദമംഗലത്തുകാരിയായ ബേബിയാണെന്ന്. കുടുംബത്തോടൊപ്പം ഇസ്രയേലിലേക്ക് കുടിയേറിയ കാലത്ത് നാല് വയസ്സുകാരിയായിരുന്നവൾ.
അവരുടെ വാക്കുകളിൽ പെട്ടെന്ന് ഒരു പഴയ ചേന്ദമംഗലം തെളിഞ്ഞുവന്നു.
ഒരാഴ്ചമുമ്പ് പോലും ഞാനാ വഴി പോയിരുന്നു എന്ന് പറഞ്ഞപ്പോൾ അവർ ഒരു ദീർഘനിശ്വാസം വിട്ടു. പതിയെ അവരുടെ മനസ്സിലേക്ക് ചിത്രങ്ങൾ തെളിഞ്ഞു വരുന്നത് പോലെ തോന്നി.
പുഴ.
കുളം.
അയൽവക്കങ്ങൾ.
വീടുകൾ.
പള്ളിയും സിനഗോഗും.
ശബത്.
അടുക്കളയിൽ നിന്നുയരുന്ന പുട്ടിന്റെ മണം.
അമ്മയുടെ കൈകൾ പകർന്നു
തന്നിരുന്ന രുചി.
പിന്നെ,
പിന്നെ, ഒരു ദിവസം എല്ലാം വിട്ട് കടലു കടന്നു പോയ ജീവിതം.
1959-ൽ, തന്റെ നാലാം വയസ്സിൽ, കുടുംബത്തോടൊപ്പം ഇസ്രയേലിലേക്ക് കുടിയേറിയതായിരുന്നു ബേബി. അതേ വർഷം, അതേ കപ്പലിൽ യാത്ര ചെയ്ത മറ്റൊരു ചേന്ദമംഗലത്തുകാരി കൂടി ഉണ്ടായിരുന്നു. അതായിരുന്നു റാഹേൽ.
രണ്ടാളും കുട്ടിക്കാലത്തെ കൂട്ടുകാരികൾ.
ഒരേ ഗ്രാമം.
ഒരേ ഓർമ്മകൾ.
ഒരേ കപ്പൽ.
പിന്നീട് ജീവിതം അവരെ നെഗേവ് മരുഭൂമിയിലെത്തിച്ചു.
കുടിയേറ്റക്കാർ സ്വന്തം കൈകൊണ്ട് പണിതുയർത്തിയ ഒരു ഗ്രാമത്തിൽ, മരുഭൂമിയുടെ വരണ്ട മണ്ണിനിടയിൽ, അവർ പുതിയൊരു ജീവിതം പണിതു.
റാഹേലും ബേബിയും ഇന്നും അവിടെ ജീവിക്കുന്നു.
അപൂർവ്വം ചിലപ്പോഴൊക്കെ കണ്ടുമുട്ടുന്നു.
ഒരു വെള്ളിയാഴ്ച.
ഒരു ശബത്ത്.
ഒരു പഴയ പാട്ട്.
ഒരു മലയാള വാക്ക്.
ഒരിക്കൽ ചേന്ദമംഗലത്തെ അടുക്കളയിൽ നിന്നുയർന്നിരുന്ന പുട്ടിന്റെ മണം.
അത്രയൊക്കെയാണ് അവരെ വീണ്ടും അവരുടെ ബാല്യത്തിലേക്ക് കൊണ്ടുപോകാൻ വരാറുള്ളത്.
ബേബി എന്നോട് സംസാരിക്കുമ്പോൾ എനിക്ക് തോന്നിയത്, അവർ ഒരു പഴയ കഥ പറയുകയായിരുന്നില്ല എന്നാണ്.
അവർ സ്വന്തം ഉള്ളിൽ സൂക്ഷിച്ചുവെച്ചിരുന്ന ഒരു നാടിനെ കുറച്ചുനേരത്തേക്ക് പുറത്തെടുത്ത് എന്റെ മുന്നിൽ വെക്കുകയായിരുന്നു.
മലയാളം സംസാരിക്കാൻ അവർക്ക് വല്ലാത്തൊരു വെമ്പലുണ്ടായിരുന്നു.
ഇസ്രയേലിൽ അവരുടെ ജീവിതത്തിന്റെ ഭാഷ ഹീബ്രുവാണ്. മക്കളും കൊച്ചുമക്കളും ഹീബ്രുവിലാണ് വളർന്നത്. പക്ഷേ, ഏറെ വർഷങ്ങൾക്കു ശേഷം സ്വന്തം നാട്ടുകാരനെ കണ്ടുമുട്ടിയപ്പോൾ അവരുടെ വാക്കുകളിൽ മലയാളം പെട്ടെന്ന് തിരികെയെത്തി.
വർഷങ്ങളോളം അടച്ചുവെച്ചിരുന്ന ഒരു മുറിയുടെ വാതിൽ തുറന്നതുപോലെ.
സംസാരത്തിനിടയിൽ പലപ്പോഴും
അവർ നിർത്തി. ചില ഓർമ്മകൾ പറയുമ്പോൾ ചിരിച്ചു.ചിലത് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞു.ചിലതിന്റെ ഇടയിൽ വെറുതെ ദൂരേക്ക് നോക്കി.
അവരുടെ വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് മനസ്സിലായി, മനുഷ്യൻ ഒരു ദേശത്തുനിന്ന് മറ്റൊരു ദേശത്തേക്ക് കുടിയേറുമ്പോൾ ശരീരം മാത്രമാണ് യാത്ര ചെയ്യുന്നത്. ഓർമ്മകൾക്ക് പാസ്പോർട്ട് വേണ്ട.അവ അതിർത്തികൾ കടക്കും.
ഭാഷകൾ മാറിയാലും അവ മാറില്ല.
മണ്ണ് മാറിയാലും മണം മാറില്ല.
ഒരു പഴയ ഭക്ഷണത്തിന്റെ രുചിയിൽ, അമ്മയുടെ ഒരു വിളിയിൽ,
കുട്ടിക്കാലത്തെ ഒരു ശബത് നാളിൽ,
ഒരു നാട് മുഴുവൻ വീണ്ടും തിരിച്ചെത്തും.
ബേബി പറഞ്ഞ ചില അനുഭവങ്ങളും, അവർ പറഞ്ഞ റാഹേലിന്റെ ഓർമ്മകളും, എന്റെ മനസ്സിൽ പിന്നീട് മറ്റൊരു കഥയായി വളർന്നു. റാഹേലിനെയും ബേബിയെയും ഞാൻ ഈ കഥയിൽ കാണുന്നത് അതേ മനുഷ്യരായി മാത്രമല്ല; ഒരു ദേശം വിട്ടുപോയിട്ടും ആ ദേശത്തെ ഉള്ളിൽ കൊണ്ടുനടന്ന ഒരു തലമുറയുടെ പ്രതിനിധികളായാണ്.
അവരുടെ ജീവിതത്തിലെ ചില യാഥാർത്ഥ്യാനുഭവങ്ങളെ അടിസ്ഥാനമാക്കി, എന്റെ ഭാവനയുടെ നിറങ്ങൾ ചേർത്താണ് ഈ കഥ രൂപപ്പെട്ടത്.
കഥ നടക്കുന്ന സ്ഥലം നെഗേവ് മരുഭൂമിയാണ്.
ദിവസങ്ങളോളം, ആഴ്ചകളോളം
മഴ കാണാത്ത മണ്ണ്.
ചൂട് നിറഞ്ഞ കാറ്റ്.
കുടിയേറ്റക്കാർ സ്വന്തം കൈകൊണ്ട് പണിതുയർത്തിയ വീടുകൾ.
ആ വീടുകളിലൊന്നിൽ ഒരു വെള്ളിയാഴ്ച ഒടുങ്ങി തീരുമ്പോൾ ശബത്ത് തുടങ്ങാനിരിക്കുകയാണ്.
റാഹേൽ അടുക്കളയിൽ പുട്ടുണ്ടാക്കുന്നു.
കടലക്കറി തയ്യാറാക്കുന്നു.
അപ്പോഴാണ് ബേബി അവിടേക്ക് വരുന്നത്.
പിന്നെ അവർ രണ്ടുപേരും ഒരു മേശയ്ക്ക് ചുറ്റും ഇരിക്കുന്നു.
അവരുടെ മുന്നിൽ ഒരു പ്ലേറ്റ് പുട്ടും കടലയും.
പുറത്ത് ഒരു രാജ്യം.
അകത്ത് മറ്റൊരു രാജ്യം.
ഇടയിൽ ഒരു പഴയ സൗഹൃദം.
ഒപ്പം,
ഒരിക്കലും പൂർണ്ണമായി മാഞ്ഞുപോകാത്ത ഒരു നാടിന്റെ മണം.
അവിടെ നിന്നാണ് 'ശബത് നാളിലെ പുട്ട്' തുടങ്ങുന്നത്.
ഇത് റാഹേലിന്റെയും ബേബിയുടെയും മാത്രം കഥയല്ല.
നമ്മളിൽ പലരുടെയും കഥയാണ്.
ഒരു നാടിനെ വിട്ടുപോയവരുടെയും,
ഒരു ഭാഷയെ പിന്നിലാക്കിയവരുടെയും,
പക്ഷേ ഒരു മണം പോലും മറക്കാൻ കഴിയാത്തവരുടെയും കഥ.
ചിലപ്പോൾ ഒരു നാടിനെ ഓർക്കാൻ ഒരു ഭൂപടം വേണ്ട.
ഒരു കഷ്ണം പുട്ട് മതിയാകും
ഒരേ ഒരു കഷ്ണം പുട്ട്.
@@@@@@@@@@@@@@@@@@
ശബത് നാളിലെ പുട്ട് .
@@@@@@@@@@@@@@@@@@
നെഗേവ് മരുഭൂമിയിൽ വെള്ളിയാഴ്ചകൾക്ക് ഒരു പ്രത്യേക നിറമാണ്.
പകൽ മുഴുവൻ ചുട്ടുപൊള്ളിച്ച മണ്ണിന്റെ നിറം സന്ധ്യയാകുമ്പോൾ പതിയെ മാറും. വെളുത്ത ചൂട് ആദ്യം മഞ്ഞയാകും. പിന്നെ ഓറഞ്ച്. ഒടുവിൽ, സൂര്യൻ മരുഭൂമിയുടെ അറ്റത്തേക്ക് താഴ്ന്നിറങ്ങുമ്പോൾ, ആകാശത്തിന്റെ ഒരു വശം ചുവന്നുതുടങ്ങും.
ആ ചുവപ്പ് കാണുമ്പോഴാണ് നെവാതിമിലെ പഴയ ആളുകൾ വീടുകളിലേക്ക് കയറുന്നത്. ശബത്ത് തുടങ്ങാൻ ഇനി അധികസമയമില്ല.മൊഷാവ് നെവാതിമിന്റെ അറ്റത്തുള്ള ഒരു ചെറിയ വീട്ടിൽ, എഴുപത്തിമൂന്ന് വയസ്സുള്ള റാഹേൽ എൽദാദ് അടുക്കളയിൽ നിൽക്കുകയായിരുന്നു.
അവരുടെ കയ്യിൽ പുട്ടുകുറ്റി.
സ്റ്റീലിൻ്റെ പുട്ടുകുറ്റി.
1972-ൽ കൊച്ചിയിൽ നിന്ന് വന്ന അവരുടെ അമ്മാവൻ കൊണ്ടുവന്നതാണത്.
പുട്ടുകുറ്റിയുടെ അടിഭാഗത്ത് വർഷങ്ങളോളം തീയുടെ ചൂടേറ്റതിന്റെ കറുത്ത പാടുകളുണ്ട്. കൈപ്പിടിയുടെ അടുത്തായി ചെറിയൊരു ഞെളക്കവും. എങ്കിലും റാഹേൽ അതിനെ ഇന്നും പുതുപെണ്ണിനെ പോലെ സൂക്ഷിക്കുന്നു.
അവർക്ക് തോന്നാറുണ്ട്,
മനുഷ്യർക്ക് പ്രായമാകാം.
വീടുകൾക്ക് പ്രായമാകാം.
മരുഭൂമിക്കും പ്രായമാകാം.
പക്ഷേ ചില സാധനങ്ങൾക്ക് പ്രായമാകില്ല.
അവ ഓർമ്മകളായി മാറും.
ഈ പുട്ടുകുറ്റിയും അങ്ങനെയൊന്നാണ്.
റാഹേൽ പുട്ടുകുറ്റി കമഴ്ത്തി.
വെളുത്ത പുട്ട് പ്ലേറ്റിലേക്ക് വീണു.
ആവി ഉയർന്നു.
ഒരു നിമിഷം അവർ കണ്ണടച്ചു.
ആവിക്കിടയിൽ അവർക്ക് നെഗേവ് കാണാനായില്ല.
ചേന്ദമംഗലമാണ് കണ്ടത്.
മഴ നനഞ്ഞ മുറ്റം.
ചെളിയിൽ പുതഞ്ഞ കാൽപ്പാടുകൾ.
പറമ്പിന്റെ മൂലയിലെ കിണർ.
കുളത്തിലേക്കുള്ള ഇടവഴി.
മാഞ്ചോട്ടിൽ വീണുകിടക്കുന്ന പച്ചമാങ്ങകൾ.
അടുക്കളയിൽ നിന്ന് വരുന്ന തേങ്ങയുടെയും വറുത്ത അരിപ്പൊടിയുടെയും മണം.
"റാഹേലേ... പുട്ട് റെഡിയായടീ!"
അമ്മയുടെ ശബ്ദം.
[image: https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhHcI8vxYqcpars8oDXmksZ8z_-FzHzY1woBhGEXcaXRJI9-KYV1ojRL3dV11WMrT309j85sq5V6-ifH8132_q4oohsLpnNjaFzB5dqnO8esEDfycE3qKG-RHTAFcJpwYzrv-KTuSBJY42_4zUOMFbShEosC6bFN7VUw1IDqZWOOzSPjg-1Jn6WtMc544kp/s320/Screenshot_20260907_221710_com_android_chrome_ChromeTabbedActivity_edit_9547937998909.jpg]
അവർ കണ്ണുതുറന്നു.
മുന്നിൽ വീണ്ടും മരുഭൂമി.
അടുക്കള.
പുട്ട്.
നെഗേവ്.
റാഹേൽ അറിയാതെ തന്നെ
ഒരു ചെറുചിരി ചുണ്ടിൽ പരന്നു.
"നീയെങ്കിലും എന്നെ വിട്ടു പോയില്ലല്ലോ..."
അവർ പുട്ടുകുറ്റിയോട് പതിയെ പറഞ്ഞു.
പുറത്ത് ഒരു സൈറൺ മുഴങ്ങി.
ശബത്ത് തുടങ്ങാൻ ഇനി അരമണിക്കൂർ.
റാഹേൽ അടുപ്പിന്റെ തീ കുറച്ചു.
അവർ കടലക്കറി മേശപ്പുറത്ത് കൊണ്ടുവന്നു വെച്ചു.
കേരളത്തിലെ കടലക്കറി പോലെ ആയിരുന്നില്ല അത്.
കുടംപുളി തീർന്നിരുന്നു.
പകരം തക്കാളിയിട്ടാണ് ഉണ്ടാക്കിയത്.
"എറണാകുളത്തുനിന്ന് ആരെങ്കിലും വരുമ്പോൾ കുടംപുളി കൊണ്ടുവരാൻ പറയണം," അവർ സ്വയം പറഞ്ഞു.
അവർക്ക് അറിയാം,
കുടംപുളിയുടെ ഒരു കഷണം പോലും ചിലപ്പോൾ ഒരു രാജ്യത്തെ മുഴുവൻ തിരികെ കൊണ്ടുവരും.
അപ്പോഴാണ് ഗേറ്റ് തുറക്കുന്ന ശബ്ദം.
"എടീ റാഹേലേ... ഞാനാ!"
റാഹേലിന്റെ മുഖത്ത് പെട്ടെന്ന് വെളിച്ചം വന്നു.
"ബേബീ!"
വാതിൽ തുറന്നപ്പോൾ എഴുപത്തിയൊന്നുകാരിയായ ബേബി യോസേഫ് അകത്തേക്ക് കയറി.
കയ്യിൽ ഒരു ചെറിയ പാത്രം.
"എന്താണ്ടി അതിൽ?"
"നിനക്ക് വേണ്ടതന്നെ."
"എന്താ?"
"അച്ചാർ."
റാഹേൽ പാത്രം വാങ്ങി തുറന്നു നോക്കി.
മാങ്ങാ അച്ചാർ.
"എടീ..."
അവരുടെ ശബ്ദം പെട്ടെന്ന് മാറി.
"നീ ഉണ്ടാക്ക്യേതാണോ?"
"അല്ല പിന്നെ. കൊച്ചീന്ന് മംഗളൂരു വരെ പോയി കൊണ്ടുവന്നതാ!"
"ഒന്നു പോടീ!"
രണ്ടുപേരും ചിരിച്ചു.
പഴയ ചിരി.
പല്ലുകൾ കുറവായിരുന്നെങ്കിലും ചിരിക്ക് കുറവൊന്നുമുണ്ടായിരുന്നില്ല.
ബേബി ചെരിപ്പഴിച്ച് അകത്തേക്ക് കയറി.
"പുട്ടിന്റെ മണം എസെക്കിയേലിൻ്റെ വീടിൻ്റെ വളവിനപ്പുറം വരെ ണ്ടാർന്ന്. ഞാനിങ്ങട് നടക്കുമ്പ തന്ന മനസ്സിലായി."
"നിൻ്റെ മൂക്ക് പട്ടീടേതാണോ?"
"പുട്ടിന്റെ മണം തിരിച്ചറിയാൻ പട്ടീടെ മൂക്കൊന്നും വേണ്ടടീ. ഹൃദയം മതി."
റാഹേൽ വീണ്ടും ചിരിച്ചു.
രണ്ടുപേരും മേശയ്ക്ക് ചുറ്റും ഇരുന്നു.
രാവിലെ മുതൽ ഇത് വരെ അവർ ഇസ്രായേലികളായിരുന്നു.
ബേബി സൂപ്പർമാർക്കറ്റിൽ ഹീബ്രുവിൽ വിലപേശി.
റാഹേൽ ഡോക്ടറോട് ഹീബ്രുവിൽ സംസാരിച്ചു.
പേരക്കുട്ടികളോട് ഹീബ്രുവിൽ തമാശ പറഞ്ഞു.
ടെലിവിഷനിൽ വരുന്ന വാർത്തകൾ ഹീബ്രുവിൽ കേട്ടു.
അവരുടെ ജീവിതത്തിന്റെ ഭാഷ ഹീബ്രുവായിരുന്നു.
പക്ഷേ ഈ മേശയ്ക്ക് ചുറ്റും ഇരുന്ന നിമിഷം, എന്തോ സംഭവിച്ചു.
ഒരു മാന്ത്രിക സ്വിച്ചിട്ട പോലെ ഹീബ്രു അണഞ്ഞു.
ചേന്ദമംഗലം തെളിഞ്ഞു.
"എടീ, നീ ഈ ചൂടത്ത് നടന്നാണോ വന്നത്?"
"പിന്നെ ബസ്സിൽ വരണോ? അതില് മുഴുവൻ റഷ്യക്കാരാ. എന്റെ ഭാഷ ആർക്കും മനസ്സിലാവില്ല."
"ഹീബ്രുവിൽ പറഞ്ഞൂടായിരുന്നോ?"
"എനിക്ക് ഹീബ്രു അറിയാം. പക്ഷേ ആ റഷ്യക്കാരന് മലയാളം അറിയില്ലല്ലോ!"
"അതിലെന്താപ്പോ നിന്റെ കുറ്റം?"
"കുറ്റമൊന്ന്വല്ല. പക്ഷേ നിന്നെ കാണാൻ വരുമ്പോൾ മലയാളത്തിൽ തന്നെ, മലയാളിയായി തന്നെ വരണം."
റാഹേൽ അവളെ നോക്കി.
"നമ്മൾ മലയാളം സംസാരിക്കുന്നത് ആരെങ്കിലും കേട്ടാൽ എന്തു വിചാരിക്കും?"
"എന്ത് വിചാരിക്കാൻ? രണ്ട് തള്ളമാരുടെ കിളി പോയെന്ന് വിചാരിക്കും."
വീണ്ടും ചിരി.
റാഹേൽ പുട്ട് പൊടിച്ചു.
അതിന്റെ മുകളിൽ കടലക്കറി ഒഴിച്ചു.
അൽപ്പം അച്ചാറും ചേർത്തു.
"വാ."
ബേബി ആദ്യത്തെ ഉരുള വായിൽ വെച്ചു.
അവർ പതുക്കെ ചവച്ചു.
പെട്ടെന്ന് അവരുടെ മുഖം മാറി.
കണ്ണുകൾ നിറഞ്ഞു.
റാഹേൽ ഭയന്നു.
"എന്താടീ? എരിവ് കൂടിയോ?"
ബേബി തലകുലുക്കി.
"അല്ല..."
കുറച്ചു നേരം ഒന്നും പറയാനായില്ല.
"രുചി..."
അവർ വീണ്ടും പുട്ടിന്റെ ഒരു ചെറിയ കഷണം എടുത്തു.
"അതേ രുചി തന്നെ."
"എന്തിന്റെ?"
"അമ്മ ഉണ്ടാക്കിയ പുട്ടിന്റെ."
അടുക്കളയിൽ പെട്ടെന്ന് നിശ്ശബ്ദത.
പുറത്ത് മരുഭൂമി.
അകത്ത് രണ്ട് വൃദ്ധകൾ.
പക്ഷേ ആ നിമിഷം അവർ വൃദ്ധകളായിരുന്നില്ല.
നാലും ആറും വയസ്സുള്ള കുട്ടികളായിരുന്നെങ്കിലും
അവരപ്പോൾ
പതിനാറും പതിനെട്ടും വയസ്സുള്ള രണ്ട് പെൺകുട്ടികളായി മാറുകയായിരുന്നു.
ചേന്ദമംഗലത്തെ ഒരു വെള്ളിയാഴ്ച രാവിലെ.
അടുക്കളയിൽ അമ്മമാർ.
പുറത്ത് മഴ.
അകത്ത് പുട്ടിന്റെ മണം.
"എടീ റാഹേലേ..."
"എന്താ?"
"നിനക്ക് ഓർമ്മണ്ടോ നമ്മുടെ വീട്ടിലെ അടുക്കള?"
" പിന്നോർമ്മയില്ലേ?"
റാഹേൽ ചിരിച്ചു.
"നിന്റെ അമ്മ പുട്ട് ഉണ്ടാക്കുമ്പോൾ നമ്മൾ രണ്ടുപേരും അടുക്കളവാതിൽക്കൽ ഇരിക്കുമായിരുന്നു."
"അകത്ത് കയറാൻ പാടില്ലായിരുന്നു."
"എന്തേ?"
"ആദ്യം റബ്ബിക്ക് കൊടുക്കണം. പിന്നെ മുതിർന്നവർക്ക്. കുട്ടികൾക്ക് അവസാനം."
"അപ്പോൾ നീ എന്ത് ചെയ്യും?"
"ഞാൻ മോട്ടിക്കും."
"നീ?"
"ഞാൻ മോഷ്ടിക്കില്ല. നിന്റെ കയ്യിൽ നിന്ന് വാങ്ങും."
"അതെ. നീ അന്നും കള്ളിയായിരുന്നു."
"ഇപ്പോഴും."
അവർ വീണ്ടും ചിരിച്ചു.
പക്ഷേ ചിരിയുടെ അടിയിൽ മറ്റെന്തോ ഉണ്ടായിരുന്നു.
ഒരു നഷ്ടം.
ഒരു കാലം.
ഒരു ഗ്രാമം.
ചേന്ദമംഗലം.
അന്ന് അവർക്ക് ലോകം അത്ര വലിയതായിരുന്നില്ല.
വീട്.
പള്ളി.
കുളം.
അയൽവക്കം.
പറമ്പ്.
പുഴ.
മഴ.
അത്രയേ ഉണ്ടായിരുന്നുള്ളൂ.
ലോകത്തിന്റെ മറ്റേ അറ്റത്ത് ഒരു രാജ്യം ഉണ്ടെന്ന് അവർ അറിഞ്ഞിരുന്നു.
ജെറുസലേം എന്നൊരു നഗരം ഉണ്ടെന്നും.
അവരുടെ പൂർവികർ ഒരിക്കൽ അവിടെ ഉണ്ടായിരുന്നുവെന്നും.
പക്ഷേ അതൊക്കെ കഥകളായിരുന്നു.
മുത്തശ്ശിമാർ പറഞ്ഞ കഥകൾ.
പ്രാർത്ഥനകളിൽ കേട്ട പേരുകൾ.
പഴയ പാട്ടുകളിൽ വന്ന ദേശങ്ങൾ.
അവരുടെ യഥാർത്ഥ ലോകം ചേന്ദമംഗലമായിരുന്നു.
അവിടെ അവർക്ക് സ്വന്തം കുളം ഉണ്ടായിരുന്നു.
സ്വന്തം വീടുകൾ.
സ്വന്തം വഴികൾ.
അടുത്ത വീട്ടിലെ ചേച്ചിയുടെ അടുക്കളയിൽ നിന്ന് വരുന്ന സാമ്പാറിന്റെ മണം.
മറ്റൊരയൽക്കാരന്റെ വീട്ടിൽ നിന്ന് വരുന്ന ബിരിയാണിയുടെ മണം.
ഇനിയുമൊരു വീട്ടിലെ അപ്പത്തിന്റെ മണം.
എല്ലാം ചേർന്നൊരു ഗ്രാമം.
ആരും ആരെയും വിദേശിയാക്കിയിരുന്നില്ല.
ആരും ചോദിച്ചിരുന്നില്ല
"നീ ഏത് നാട്ടുകാരനാണ്?"
1959 ഫെബ്രുവരി.
കപ്പൽ.
കൊച്ചി തുറമുഖം.
അവരുടെ കൈകളിൽ ചെറിയ പെട്ടികൾ.
ചില വസ്ത്രങ്ങൾ.
ചില പാത്രങ്ങൾ.
ചില ഫോട്ടോകൾ.
ചില പുസ്തകങ്ങൾ.
അമ്മമാരുടെ കണ്ണുനീർ.
അച്ഛന്മാരുടെ പ്രതീക്ഷ.
കപ്പൽ പതുക്കെ കരയിൽ നിന്ന് അകന്നു.
ചേന്ദമംഗലം ചെറുതായി.
പിന്നെയും ചെറുതായി.
അവസാനം ഒരു പച്ചപ്പായി.
റാഹേൽ അന്ന് ഡെക്കിൽ നിന്നുകൊണ്ട് കരയുകയായിരുന്നു.
ബേബി അവളുടെ കൈ പിടിച്ചു.
"കരയണ്ട."
"നമ്മൾ തിരിച്ചു വരുമോ?"
ബേബിക്ക് മറുപടി ഇല്ലായിരുന്നു.
കപ്പലിൽ പലരും പാടുകയായിരുന്നു.
"അടുത്ത വർഷം ജെറുസലേമിൽ..."
അവർ രണ്ടുപേരും പാട്ടിൽ ചേർന്നു.
അന്ന് ആ വാക്കുകൾക്ക് എന്താണർത്ഥമെന്ന് അവർക്ക് അറിയില്ലായിരുന്നു.
അത് ഒരു പ്രാർത്ഥനയായിരുന്നു.
ഒരു സ്വപ്നമായിരുന്നു.
ഒരു യാത്രയുടെ അവസാനമോ
തുടക്കമോ ആയിരുന്നു.
ഹൈഫ തുറമുഖത്ത് കപ്പൽ ഇറങ്ങിയപ്പോൾ കാറ്റിന് വേറൊരു ഗന്ധമായിരുന്നു.
അവിടെ നിന്ന് അവർ നെഗേവിലേക്ക്.
അവിടെ കാത്തിരുന്നത് കടൽ അല്ല.
മഴയല്ല.
പച്ചപ്പുമല്ല.
മണൽ.
കല്ല്.
കാറ്റ്.
ചൂട്.
ടെന്റുകൾ.
റാഹേൽ ആദ്യമായി മരുഭൂമി കണ്ട ദിവസം അവൾ അച്ഛനോട് ചോദിച്ചു.
"ഇതാണോ നമ്മുടെ വാഗ്ദത്ത ഭൂമി?"
അച്ഛൻ ചിരിച്ചു.
"അതെ."
"ഇവിടെ ഒന്നുമില്ലല്ലോ."
"ഇപ്പോൾ ഇല്ല."
"പിന്നെ?"
അച്ഛൻ അവളുടെ തലയിൽ കൈവച്ചു.
"നമ്മളുണ്ടല്ലോ."
അന്ന് ആ വാക്കിന്റെ അർത്ഥം അവൾക്കറിയില്ലായിരുന്നു.
പിന്നീട് മനസ്സിലായി.
ഒരു ദേശം ആദ്യമുണ്ടാകുന്നത് മണ്ണുകൊണ്ടല്ല.
മനുഷ്യരെ കൊണ്ടാണ്.
അവർ അവിടെ വീടുകൾ പണിതു.
വഴികൾ പണിതു.
കിണറുകൾ കുഴിച്ചു.
പാടങ്ങൾ ഉണ്ടാക്കി.
മരങ്ങൾ നട്ടു.
ചിലത് വളർന്നു.
ചിലത് മരിച്ചു.
കേരളത്തിൽ നിന്ന് കൊണ്ടുവന്ന മാങ്ങയണ്ടികളും നട്ടു.
റാഹേലിന്റെ മുറ്റത്തുള്ള ആ രണ്ട് മാവുകൾ അതിന്റെ സന്തതികളാണ്.
പക്ഷേ അവയ്ക്ക് കേരളത്തിലെ മാങ്ങയുടെ മധുരമില്ല.
അവർ എപ്പോഴും പറയും ,
"മരുഭൂമിയുടെ സ്വഭാവമാണ്. എല്ലാം അൽപ്പം പുളിപ്പിക്കും."
"റാഹേലേ..."
ബേബിയുടെ ശബ്ദം അവരെ ഓർമ്മയിൽ നിന്ന് തിരിച്ചുകൊണ്ടുവന്നു.
"എന്താ?"
"നമ്മൾ ശരിയായ തീരുമാനം ആണോ എടുത്തത്?"
റാഹേൽ മിണ്ടിയില്ല.
ചില ചോദ്യങ്ങൾക്ക് ഉത്തരമില്ല.
ചില ഉത്തരങ്ങൾ പറയാൻ കഴിയില്ല.
അവർ പതുക്കെ എഴുന്നേറ്റു.
ചുമരിലെ രണ്ട് ഫോട്ടോകൾക്കരികിൽ ചെന്നു.
ഒന്ന്
ജെറുസലേമിലെ പാശ്ചാത്യ മതിൽ.
മറ്റൊന്ന്
ചേന്ദമംഗലം സിനഗോഗ്.
1953-ൽ എടുത്ത ബ്ലാക്ക് & വൈറ്റ് ഫോട്ടോയാണ്.
ഫോട്ടോയിൽ ആളുകൾ.
അവരിൽ ആരൊക്കെയോ ഇപ്പോൾ ഇല്ല.
ചിലർ ഈ ലോകത്തേ ഇല്ല.
ചിലർ മറ്റൊരു രാജ്യത്ത്.
ചിലർ മറ്റൊരു ജീവിതത്തിൽ.
റാഹേൽ ഫോട്ടോയിൽ വിരൽ വെച്ചു.
"എനിക്ക് കേരളം മിസ്സ് ചെയ്യുന്നുണ്ട്."
ബേബി ഒന്നും പറഞ്ഞില്ല.
"ദിവസവും."
"എനിക്കും."
"മഴ."
"എനിക്കും."
"പച്ചപ്പ്."
"എനിക്കും."
"നമ്മുടെ കുളം."
"അതും."
"നിന്റെ വീട്ടിന്റെ പുറകിലെ ചെമ്പകം."
ബേബി ചിരിച്ചു.
"അതിന്റെ മണം ഇപ്പോഴും ഓർമ്മയുണ്ട്."
"പാറുക്കുട്ടിച്ചേച്ചി."
"അവർ നമ്മളെ 'യൂദൻ' എന്ന് വിളിച്ച് കളിയാക്കിയിരുന്നില്ല."
"ഇല്ല."
"അവർ ചോദിക്കുമായിരുന്നു, 'റാഹേലേ, ഇന്ന് പുട്ടുണ്ടാക്കിയോ?'"
"അതെ."
അവർ രണ്ടുപേരും വീണ്ടും ചിരിച്ചു.
പക്ഷേ ആ ചിരിയിൽ കണ്ണുനീരും ഉണ്ടായിരുന്നു.
റാഹേൽ പറഞ്ഞു,
"പക്ഷേ ഞാൻ ഇവിടെ നിന്ന് പോകില്ല."
ബേബി അവരെ നോക്കി.
"എന്തേ?"
"എന്റെ മകൻ ഇവിടെ വളർന്നു. ഇവിടെ ആർമിയിൽ കേണൽ ആയി. എന്റെ പേരക്കുട്ടി ഹീബ്രുവിൽ കവിത എഴുതുന്നു. അവൻ എന്നോട് ചോദിക്കും ,'സവ്ത, മലയാളം എന്താണ്?'"
"നീ എന്ത് പറയും?"
"ഞാൻ പറയും ,'അത് എന്റെ ബാല്യത്തിന്റെ ഭാഷയാണ്.'"
"അവന് മനസ്സിലാവുമോ?"
"ഇല്ല."
റാഹേൽ ചിരിച്ചു.
"പക്ഷേ ഒരിക്കൽ മനസ്സിലാകും."
അവർ കുറച്ചുനേരം നിശ്ശബ്ദയായി.
"കേരളത്തിൽ ആയിരുന്നെങ്കിൽ അവന് വേറൊരു ജീവിതമായിരുന്നേനെ. ഇവിടെ അവൻ അവന്റെ ജീവിതം ജീവിക്കുന്നു. അതിനും ഒരു വിലയുണ്ട്."
ബേബി തലകുനിച്ചു.
"അതാ നമ്മുടെ പ്രശ്നം."
"എന്ത്?"
"നമ്മുടെ ശരീരം ഇവിടെയാണ്."
"മനസ്സ്?"
"അത് ഇപ്പോഴും അവിടെ."
റാഹേൽ പതുക്കെ പറഞ്ഞു,
"നമ്മൾ രണ്ടിടത്തും അല്ലാത്തവരായി."
ബേബി പുഞ്ചിരിച്ചു.
"അല്ലെടീ."
"പിന്നെ?"
"നമ്മൾ രണ്ടിടത്തുമുള്ളവരായി."
റാഹേൽ കൂട്ടുകാരിയെ നോക്കി.
അത് കേട്ട് അവരുടെ കണ്ണുകളിൽ എന്തോ തിളങ്ങി.
പുറത്ത് കുട്ടികളുടെ ശബ്ദം കേട്ടു.
"സവ്ത റാഹേൽ!"
രണ്ട് കുട്ടികൾ ഓടിയെത്തി.
പത്ത് വയസ്സുള്ള ഇരട്ടപ്പേരക്കുട്ടികൾ.
അവർക്ക് മലയാളം അറിയില്ല.
അവർക്ക് ചേന്ദമംഗലം ഒരു കഥയാണ്.
ഒരു പഴയ ഫോട്ടോ.
മുത്തശ്ശിയുടെ വായിൽ നിന്ന് ഇടയ്ക്കിടെ കേൾക്കുന്ന ഒരു പേര്.
"സവ്ത റാഹേൽ, ശബത്ത് ശലോം!"
റാഹേൽ ഉടൻ ഹീബ്രുവിലേക്ക് മാറി.
"ബോവു, ബോവു മോതകിം. ശെവു."
അവൾ പുട്ട് കാണിച്ചു.
"പുട്ട് വേണോ?"
കുട്ടികൾ പരസ്പരം നോക്കി.
"മാ സെ പുട്ട്?"
റാഹേൽ ചിരിച്ചു.
"ഇത് ബ്രെഡാണ്."
ബേബി ഇടപെട്ടു.
"ഇന്ത്യൻ ബ്രെഡ്."
കുട്ടികൾ ചെറിയ കഷണം എടുത്തു.
കഴിച്ചു.
ഒരാൾ മുഖം ചുളിച്ചു.
"ഇത് എന്തോ വിചിത്രം."
മറ്റൊരാൾ പറഞ്ഞു,
"എനിക്ക് ഇഷ്ടപ്പെട്ടു."
റാഹേലിന്റെ മുഖത്ത് പെട്ടെന്ന് ഒരു പ്രകാശം.
"ഇഷ്ടപ്പെട്ടോ?"
കുട്ടി തലകുലുക്കി.
"അതെ."
"എന്തിനാ?"
കുട്ടി ആലോചിച്ചു.
"അറിയില്ല. മധുരമില്ല. പക്ഷേ നല്ലതാണ്."
ബേബി റാഹേലിനെ നോക്കി.
"കേട്ടോ?"
റാഹേൽ ചിരിച്ചു.
"അവന് പുട്ട് ഇഷ്ടപ്പെട്ടു."
"നാളെ മറക്കും."
"മറക്കട്ടെ."
റാഹേൽ പറഞ്ഞു.
"എല്ലാം എല്ലാവരും എപ്പോഴും ഓർമ്മിക്കണമെന്നില്ല."
അവൾ കുട്ടിയുടെ തലയിൽ കൈവച്ചു.
"ഒരു ദിവസം അവന് ഈ പുട്ടിന്റെ മണം ഓർമ്മ വന്നാൽ മതി."
സന്ധ്യ അടുത്തു.
ശബത്തിന്റെ സമയം.
റാഹേൽ മേശ വൃത്തിയാക്കി.
പുട്ടിന്റെ അവസാനത്തെ കഷണം ഒരു ചെറിയ പാത്രത്തിൽ വെച്ചു.
കടലക്കറിയുടെ പാത്രം അടച്ചു.
അച്ചാർ മൂടി.
പിന്നെ അവർ ശബ്ബത്ത് മെഴുകുതിരികൾ എടുത്തു.
ബേബി അവരുടെ അടുത്ത് നിന്നു.
രണ്ടുപേരും മെഴുകുതിരികൾ കത്തിച്ചു.
മുറിയിൽ ഒരു മൃദുവായ വെളിച്ചം നിറഞ്ഞു.
റാഹേൽ ഹീബ്രുവിൽ പ്രാർത്ഥിച്ചു.
അവരുടെ ശബ്ദം പതുക്കെയായിരുന്നു.
വർഷങ്ങളിലൂടെ കടന്നുപോയ ഒരു ശബ്ദം.
ചേന്ദമംഗലത്ത് നിന്ന് കൊച്ചിയിലേക്ക്.
കൊച്ചിയിൽ നിന്ന് ഹൈഫയിലേക്ക്.
ഹൈഫയിൽ നിന്ന് നെഗേവിലേക്ക്.
മലയാളത്തിൽ നിന്ന് ഹീബ്രുവിലേക്ക്.
പിന്നെയും മലയാളത്തിലേക്ക്.
പ്രാർത്ഥന കഴിഞ്ഞു.
കുട്ടികൾ പുറത്തേക്ക് ഓടി.
ബേബി കണ്ണടച്ചുനിന്നു.
റാഹേൽ മെഴുകുതിരിയുടെ വെളിച്ചത്തിലേക്ക് നോക്കി.
പിന്നെ ആരും കേൾക്കാത്തത്ര പതുക്കെ മലയാളത്തിൽ പറഞ്ഞു.
"അടുത്ത വർഷം ജെറുസലേമിൽ..."
അവർ നിർത്തി.
ചിരിച്ചു.
"അത് വേണ്ട."
ബേബി കണ്ണുതുറന്നു.
"എന്താ?"
റാഹേൽ അവരെ നോക്കി.
"എന്റെ പ്രാർത്ഥന മാറ്റി."
"എന്ത് പ്രാർത്ഥന?"
റാഹേൽ പതുക്കെ പറഞ്ഞു.
"അടുത്ത വർഷവും ഇവിടെ തന്നെ ഉണ്ടാകണേ."
"ഇവിടെ?"
"അതെ."
"എന്തിന്?"
"ഈ മേശയ്ക്ക് ചുറ്റും."
അവർ ബേബിയുടെ കൈ പിടിച്ചു.
"നീയും ഞാനും."
പിന്നെ മേശപ്പുറത്തെ പുട്ടിലേക്കു നോക്കി.
"ഇതും."
ബേബിയുടെ കണ്ണുകൾ നിറഞ്ഞു.
റാഹേൽ തുടർന്നു,
"നമ്മൾ രണ്ടുപേരും ഇല്ലാതായാലും..."
അവർ വാചകം പൂർത്തിയാക്കിയില്ല.
"പിന്നെ?"
ബേബി ചോദിച്ചു.
"പിന്നെ ഈ മണം ഇവിടെ ഉണ്ടായാൽ മതി."
ബേബി ചിരിച്ചു.
"മണം മാത്രം?"
"മണം മാത്രം മതി."
"ആർക്കു?"
റാഹേൽ ജനലിലൂടെ പുറത്തേക്ക് നോക്കി.
മരുഭൂമിയിൽ ഇരുട്ട് വീണുകൊണ്ടിരുന്നു.
"നമ്മുടെ കുട്ടികൾക്ക്......"
"അവർക്ക് ചേന്ദമംഗലം അറിയില്ലല്ലോ."
"അറിയണ്ട."
"അപ്പോൾ?"
"ഒരു ദിവസം പുട്ടിന്റെ മണം വരുമ്പോൾ അവർക്ക് എന്തോ ഒരോർമ്മ വരണം. എന്താണെന്ന് അറിയാത്ത ഒരു ഓർമ്മ."
ബേബി റാഹേലിനെ നോക്കി.
"അതെന്താ?"
റാഹേൽ പറഞ്ഞു.
"അതാണല്ലോ പാരമ്പര്യത്തിൻ്റെ വേരുകൾ."
ആ രാത്രി എല്ലാവരും പോയശേഷം റാഹേൽ അടുക്കളയിൽ ഒറ്റയ്ക്കിരുന്നു.
മേശപ്പുറത്ത് പുട്ടുകുറ്റി.
അവർ അത് കഴുകി തുടച്ചു.
കബോഡിൽ വെക്കാൻ പോകുമ്പോൾ
ഒന്ന് നിന്നു.
പുട്ടുകുറ്റിയുടെ അടിയിലെ ചെറിയ കറുത്ത പാട് വിരലുകൊണ്ട് തൊട്ടു.
കൊച്ചി.
അമ്മാവൻ.
കപ്പൽ.
ചേന്ദമംഗലം.
അവൾക്ക് പെട്ടെന്ന് തോന്നി.
ഈ ചെറിയ സ്റ്റീൽ കുറ്റിക്കുള്ളിൽ ഒരു രാജ്യം കിടക്കുന്നുണ്ട്.
ഒരു ഗ്രാമം.
ഒരു അടുക്കള.
ഒരു അമ്മ.
ഒരു വെള്ളിയാഴ്ച.
ഒരു ബാല്യം.
ഒരു കടലക്കറി.
ഒരു മഴ.
ഒരു മണം.
അവൾ അത് നെഞ്ചോട് ചേർത്തു.
പിന്നെ പതുക്കെ കബോഡിൽ വെച്ചു.
വാതിൽ അടച്ചു.
പുറത്ത് നെഗേവ് മരുഭൂമിയിൽ കാറ്റ് വീശുന്നുണ്ടായിരുന്നു.
ആകാശത്ത് നക്ഷത്രങ്ങൾ.
ദൂരെ എവിടെയോ ഒരു വാഹനത്തിന്റെ ശബ്ദം.
മൊഷാവ് പതുക്കെ ഉറക്കത്തിലേക്ക് നീങ്ങി.
റാഹേലിന്റെ വീട്ടിലെ ജനൽ മാത്രം ഇനിയും വെളിച്ചം ചൊരിഞ്ഞുകൊണ്ടിരുന്നു.
മേശപ്പുറത്ത് ഒരു പ്ലേറ്റിൽ പുട്ടിന്റെ രണ്ട് ചെറിയ കഷണങ്ങൾ.
കടലക്കറിയുടെ മണം.
മാങ്ങാ അച്ചാറിന്റെ പുളി.
മെഴുകുതിരിയുടെ മങ്ങിയ വെളിച്ചം.
അവിടെ, ലോകത്തിന്റെ രണ്ടു അറ്റങ്ങൾക്കിടയിൽ, എഴുപത്തൊന്നുകാരിയായ ഒരു ജൂതസ്ത്രീയും എഴുപത്തിമൂന്നുകാരിയായ അവരുടെ ബാല്യകാല സുഹൃത്തും ഇരിക്കുകയായിരുന്നു.
അവർ ഇസ്രായേലിലായിരുന്നു.
അവരുടെ കുട്ടികൾ ഇസ്രായേലികളായിരുന്നു.
പേരക്കുട്ടികൾക്ക് ഹീബ്രു മാത്രമേ അറിയൂ.
അവരുടെ ഭാവി ഈ മരുഭൂമിയിലായിരുന്നു.
പക്ഷേ അവരുടെ ഉള്ളിൽ
ഒരു ചെറിയ ഗ്രാമം ഇപ്പോഴും ജീവിച്ചിരുന്നു.
ചേന്ദമംഗലം.
അവിടെ ഒരു വെള്ളിയാഴ്ച രാവിലെ ഇപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു.
ഒരു പഴയ വീട്ടിലെ അടുക്കളയിൽ ഒരു അമ്മ പുട്ട് ഉണ്ടാക്കുന്നുണ്ടായിരുന്നു.
രണ്ട് പെൺകുട്ടികൾ അടുക്കളവാതിൽക്കൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ഒരാൾ മറ്റെയാളെ തള്ളുന്നു.
"നിനക്ക് ആദ്യം കിട്ടില്ല."
"എനിക്ക് കിട്ടും."
"അമ്മേ..."
"എന്താ?"
"റാഹേൽ പുട്ട് മോഷ്ടിച്ചു!"
"ഞാനല്ല!"
"നീയാ!"
പുറത്ത് മഴ കനക്കുന്നു.
അകത്ത് പുട്ടിന്റെ ആവി ഉയരുന്നു.
ആവിക്കിടയിൽ അവരുടെ ബാല്യം.
അത് പിന്നെ പതുക്കെ മാഞ്ഞുപോകുന്നു.
പക്ഷേ പൂർണ്ണമായി അല്ല.
കാരണം ചില ഓർമ്മകൾക്ക് മരിക്കാനറിയില്ല.
അവ ഭക്ഷണത്തിൽ ഒളിക്കും.
മണത്തിൽ ഒളിക്കും.
ഭാഷയിൽ ഒളിക്കും.
പഴയ പാത്രങ്ങളിൽ ഒളിക്കും.
ഒരു വൃദ്ധയുടെ തൃശ്ശൂർ ചുവയുള്ള ഒരു വാക്കിൽ ഒളിക്കും.
"എടീ..."
എന്ന വിളിയിൽ ഒളിക്കും.
അങ്ങനെയാണ് ഒരു നാട് മറ്റൊരു നാടിനുള്ളിൽ ജീവിക്കുന്നത്.
അങ്ങനെയാണ് ഒരു തലമുറ മറ്റൊരു തലമുറയുടെ രക്തത്തിൽ പതിയുന്നത്.
അങ്ങനെയാണ് മനുഷ്യൻ ഒരു ദേശം വിട്ടുപോയിട്ടും ആ ദേശം അവനെ വിട്ടുപോകാതെ ഇരിക്കുന്നത്.
ആ രാത്രിയിൽ റാഹേലിന്റെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയത് പുട്ടിന്റെ മണം മാത്രമായിരുന്നില്ല.
ചേന്ദമംഗലത്തിന്റെ ഒരു ചെറുതുണ്ട് കൂടി നെഗേവിന്റെ കാറ്റിൽ കലർന്നിരുന്നു.
ആ മണം ആരും കാണുകയില്ല.
ആരും അതിന്റെ പേര് പറയുകയുമില്ല.
പക്ഷേ എവിടെയോ, ഏതോ വരാനിരിക്കുന്ന വെള്ളിയാഴ്ചയിൽ, ഹീബ്രു മാത്രം സംസാരിക്കുന്ന ഒരു കുട്ടി പെട്ടെന്ന് മുത്തശ്ശിയോട് ചോദിച്ചേക്കാം,
"സവ്താ... ആ പുട്ട് എങ്ങനെയാണ് ഉണ്ടാക്കുന്നത്?"
അപ്പോൾ റാഹേൽ ഉണ്ടാകില്ലായിരിക്കാം.
ബേബിയും ഉണ്ടാകില്ലായിരിക്കാം.
പുട്ടുകുറ്റിയും ഒരുപക്ഷേ അലമാരയിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ടാകും.
പക്ഷേ റാഹേലിന്റെ ശബ്ദം എവിടെയോ അവന്റെ ഓർമ്മയിൽ നിന്ന് ഉയരും.
"അരി പൊടി ആദ്യം ഒന്ന് നനയ്ക്കണം മോനേ..."
"എത്ര വെള്ളം വേണം സവ്‌താ?"
"അത് അളന്ന് പറയാൻ പറ്റില്ല."
"പിന്നെ?"
"കൈക്ക് അറിയണം."
"എങ്ങനെ?"
"അത് പഠിക്കാൻ..."
അവർ ചിരിക്കും.
"...നമ്മുടെ നാട്ടിൽ ജനിക്കണം."
അവൻ ആ വാക്കിന്റെ അർത്ഥം മനസ്സിലാക്കാതിരിക്കാം.
എങ്കിലും ഒരിക്കൽ അവൻ നെവേഗിന്റെ വരണ്ട മണ്ണിൽ നിൽക്കുമ്പോൾ, ദൂരെയൊക്കെ മഴ പെയ്യുന്ന മണം പോലെ എന്തോ തോന്നിയേക്കാം.
അവൻ അറിയാതെ കണ്ണടച്ചേക്കാം.
അപ്പോൾ
ഒരു പഴയ ഗ്രാമം അവന്റെ ഉള്ളിൽ തുറക്കും.
ഒരു കുളം.
ഒരു മാവ്.
ഒരു സിനഗോഗ്.
ഒരു വെള്ളിയാഴ്ച.
രണ്ട് പെൺകുട്ടികൾ.
ഒരു അമ്മയുടെ അടുക്കള.
പുട്ടിന്റെ ആവി.
കടലക്കറിയുടെ മണം.
അതിനിടയിൽ, കാലത്തെ തോൽപ്പിച്ച്, ആരോ പതുക്കെ വിളിക്കുന്നുണ്ടാകും
"എടീ റാഹേലേ..."
പുറത്ത് നെഗേവ് മരുഭൂമിയിൽ ഇരുട്ട് കനക്കും.
അകത്ത് ഒരു ചെറിയ വീട്ടിൽ ശബത്തിന്റെ മെഴുകുതിരി അണയും.
പക്ഷേ മേശപ്പുറത്തെ പുട്ടിന്റെ മണം,
അത് കുറച്ചുകൂടി നേരം അവിടെ തന്നെ നിൽക്കും.
ചേന്ദമംഗലത്തെയും നെഗേവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന, ആരും പണിതിട്ടില്ലാത്ത ഒരു പാലം പോലെ.
ആ രാത്രി എല്ലാവരും പോയശേഷം റാഹേൽ കുറച്ചുനേരം മേശയ്ക്കരികിൽ തന്നെ ഇരുന്നു.
പ്ലേറ്റിൽ പുട്ടിന്റെ രണ്ട് ചെറിയ കഷണങ്ങൾ ബാക്കിയുണ്ടായിരുന്നു.
കടലക്കറിയുടെ പാത്രത്തിന്റെ അടിയിൽ അല്പം ഗ്രേവി.
ബേബി കൊണ്ടുവന്ന മാങ്ങാ അച്ചാറിന്റെ പാത്രം പകുതി കാലി.
റാഹേൽ കൈ നീട്ടി പുട്ടിന്റെ ഒരു കഷണം എടുത്തു.
വായിൽ വെച്ചില്ല.
വിരലുകൾക്കിടയിൽ വെച്ചുകൊണ്ട് കുറച്ചുനേരം അതിലേക്കു നോക്കി.
"എത്രയോ വർഷമായി..." അവർ പതുക്കെ പറഞ്ഞു.
ബേബി കേട്ടില്ല.
അവർ ഇതിനകം പോയിരുന്നു.
വാതിൽ അടഞ്ഞുകിടന്നു.
റാഹേൽ എഴുന്നേറ്റ് ജനലിനരികിൽ ചെന്നു.
പുറത്ത് മരുഭൂമി.
കാറ്റിൽ മണൽ പതുക്കെ നീങ്ങുന്നു.
അവർക്ക് പെട്ടെന്ന് ചേന്ദമംഗലത്തെ മഴ ഓർമ്മ വന്നു.
മഴയെന്നാൽ എന്താണെന്ന് പോലും മറന്നുപോകാവുന്നത്ര വർഷങ്ങൾ കഴിഞ്ഞിരുന്നു.
എങ്കിലും ആ ഓർമ്മയ്ക്ക് ഇപ്പോഴും മണമുണ്ടായിരുന്നു.
നനഞ്ഞ മണ്ണിന്റെ മണം.
മാവിലകളുടെ മണം.
കുളക്കരയിലെ പുല്ലിന്റെ മണം.
അടുക്കളയിൽ നിന്നുള്ള പുട്ടിന്റെ മണം.
അമ്മയുടെ ശബ്ദം.
"ആദ്യം റബ്ബിക്ക് കൊടുക്കണം..."
അവർ ചിരിച്ചു.
കണ്ണുനീർ വന്നപ്പോൾ പോലും ചിരിച്ചു.
പിന്നെ അലമാര തുറന്ന് പഴയ പുട്ടുകുറ്റി പുറത്തെടുത്തു.
അതിന്റെ അടിയിലെ കറുത്ത പാട് വിരലുകൊണ്ട് തൊട്ടു.
കൊച്ചി.
അമ്മാവൻ.
അന്നത് ഒരു സാധാരണ പാത്രമായിരുന്നു.
ഇപ്പോൾ അത് ഒരു നാടായിരിക്കുന്നു.
അവൾ അത് പതുക്കെ അലമാരയിൽ തിരിച്ചുവെച്ചു.
വാതിൽ അടച്ചു.
പിറ്റേന്ന് രാവിലെ കുട്ടികൾ വീണ്ടും വീട്ടിലെത്തി.
"സവ്താ, ഇന്നലെത്തെ ആ വൈറ്റ് ബ്രെഡ് ഉണ്ടോ?"
റാഹേൽ തിരിഞ്ഞുനോക്കി.
"പുട്ടോ?"
കുട്ടി ചിരിച്ചു.
"യെസ്. പുട്ട്."
ആ ഒരു വാക്ക് കേട്ടപ്പോൾ റാഹേലിന്റെ മുഖത്ത് എന്തോ തെളിഞ്ഞു.
"ഉണ്ട്."
അവൾ പുട്ടുകുറ്റി എടുത്തു.
അരി പൊടി നനച്ചു.
തേങ്ങ ചിരണ്ടി.
അടുപ്പിൽ വെള്ളം വെച്ചു.
കുട്ടികൾ ചുറ്റും നിന്നു നോക്കി.
അവർക്കത് ഒരു ഭക്ഷണം ഉണ്ടാക്കുന്ന കാഴ്ച മാത്രമായിരുന്നു.
റാഹേലിന് അതൊരു ജീവിതം വീണ്ടും ഉണ്ടാക്കുന്നതുപോലെയായിരുന്നു.
"സവ്താ, ഇതെവിടുത്തെ ഫുഡ് ആണ്?"
കുട്ടി ചോദിച്ചു.
റാഹേൽ ഒരു നിമിഷം മിണ്ടാതെ നിന്നു.
പിന്നെ പറഞ്ഞു—
"വളരെ ദൂരെയുള്ള ഒരു സ്ഥലത്തുനിന്ന്."
"ഇസ്രായേലിൽ അല്ലേ?"
"അല്ല."
"അമേരിക്ക?"
"അല്ല."
"എവിടെ?"
റാഹേൽ ജനലിലൂടെ പുറത്തേക്ക് നോക്കി.
മരുഭൂമിക്ക് അപ്പുറത്ത് ഒന്നും കാണാനില്ല.
എങ്കിലും അവർക്ക് അപ്പുറത്ത് ഒരു ഗ്രാമം കാണാമായിരുന്നു.
"ചേന്ദമംഗലം."
കുട്ടി ആ പേര് ആവർത്തിക്കാൻ ശ്രമിച്ചു.
"ചേ...ന്ദ...മംഗലം."
പിന്നെ ചിരിച്ചു.
"വീണ്ടും പറയൂ."
റാഹേൽ ചിരിച്ചു.
"വേണ്ട."
അവർ അവന്റെ തലയിൽ കൈവച്ചു.
"നിനക്ക് ഓർമ്മിക്കേണ്ട."
"പക്ഷേ നീ ഓർമ്മിക്കുമല്ലോ?"
റാഹേൽ കുറച്ചുനേരം അവനെ നോക്കി.
"ഞാൻ ഉള്ളിടത്തോളം."
അവൻ അതിന്റെ അർത്ഥം മനസ്സിലാക്കിയില്ല.
അവൻ വീണ്ടും പുട്ടുകുറ്റിയിലേക്ക് നോക്കി.
"സവ്താ, റെഡിയായോ?"
"ഇനി കുറച്ചു നേരം."
കുട്ടി പുറത്തേക്ക് ഓടി.
റാഹേൽ അടുക്കളയിൽ ഒറ്റയ്ക്കായി.
അവർ പുട്ടുകുറ്റിയിൽ നിന്ന് ആദ്യത്തെ പുട്ട് പുറത്തെടുത്തു.
ആവി ഉയർന്നു.
ഒരു നിമിഷം അവർക്ക് തോന്നി,
ആ ആവിക്കിടയിൽ മരുഭൂമി ഇല്ല.
ചേന്ദമംഗലമാണ്.
അവൾക്ക് സ്വന്തം അമ്മയെ കാണാം.
അടുക്കളവാതിൽക്കൽ ബേബിയെ കാണാം.
തന്നെയും കാണാം.
ചെറിയ റാഹേലിനെ.
കയ്യിൽ ഒരു പാത്രവുമായി കാത്തുനിൽക്കുന്ന കുട്ടിയെ.
അമ്മ പുട്ട് കമഴ്ത്തുന്നു.
ആവി ഉയരുന്നു.
"റാഹേലേ, തൊടരുത്. ചൂടാണ്."
അവൾ കൈ പിൻവലിക്കുന്നു.
ബേബി ചിരിക്കുന്നു.
പുറത്ത് മഴ പെയ്യുന്നു.
റാഹേൽ കണ്ണുതുറന്നു.
ആവി മാത്രം.
ചേന്ദമംഗലം ഇല്ല.
അമ്മയില്ല.
ബേബി ഇപ്പോൾ അടുത്ത വീട്ടിലും ഇല്ല.
മേശയ്ക്കരികിൽ ഒരു ഹീബ്രു സംസാരിക്കുന്ന കുട്ടി മാത്രം.
റാഹേൽ പുട്ട് അവന്റെ പ്ലേറ്റിൽ വെച്ചു.
അവൻ അതിൽ കടലക്കറി ഒഴിച്ചു.
ഒരു കഷണം വായിൽ വെച്ചു.
"സവ്താ..."
"എന്താ?"
"ഇത് നല്ലതാണ്."
റാഹേൽ ചിരിച്ചു.
"നല്ലതാണോ?"
"അതെ."
അവൻ വീണ്ടും കഴിച്ചു.
റാഹേൽ ഒന്നും പറഞ്ഞില്ല.
അവർ തിരിഞ്ഞുനിന്നു.
കണ്ണിൽ വന്ന വെള്ളം കുട്ടി കാണാതിരിക്കാൻ.
വർഷങ്ങൾക്കുശേഷം ആ വീട്ടിൽ ആരും മലയാളം സംസാരിച്ചില്ല.
പുട്ടുകുറ്റി അലമാരയുടെ ഏറ്റവും മുകളിലെ തട്ടിൽ കിടന്നു.
പിന്നെ ഒരിക്കൽ വീട് പുതുക്കിപ്പണിതു.
പഴയ സാധനങ്ങൾ പലതും കളഞ്ഞു.
പുട്ടുകുറ്റിയും അതിലുണ്ടായിരുന്നോ എന്ന് ആരും അറിഞ്ഞില്ല.
പക്ഷേ ആ വീട്ടിൽ വളർന്ന ഒരു കുട്ടിക്ക്, അവന്റെ ബാല്യത്തിൽ, ശനിയാഴ് ചകളിൽ ഒരു പ്രത്യേക മണം ഉണ്ടായിരുന്നു.
അവന് ആ മണത്തിന്റെ പേര് അറിയില്ലായിരുന്നു.
അത് ഏത് നാട്ടിന്റെ മണമാണെന്നും അറിയില്ലായിരുന്നു.
പക്ഷേ ആ മണം വന്നാൽ അവന് എപ്പോഴും മുത്തശ്ശിയുടെ കൈ ഓർമ്മ വരും.
അവരുടെ ചുളിവുകൾ നിറഞ്ഞ കൈ.
അവരുടെ ചിരി.
അവർ പറയുന്ന ഒരു വിചിത്രമായ വാക്ക്,
"എടാ..."
അവന് അതിന്റെ അർത്ഥം പോലും അറിയില്ലായിരുന്നു.
എങ്കിലും ആ വാക്ക് കേൾക്കുമ്പോൾ അവന് ഒരു വിചിത്രമായ സുരക്ഷിതത്വം തോന്നുമായിരുന്നു.
വളരെ ദൂരെയൊരു നാട്ടിൽ നിന്ന് ആരോ തന്നെ വിളിക്കുന്നതുപോലെ.
നെഗേവിൽ വെള്ളിയാഴ്ചകൾ ഇന്നും വരുന്നു.
സൂര്യൻ താഴുന്നു.
മരുഭൂമിക്ക് ചുവപ്പ് നിറം വരുന്നു.
വീടുകളിൽ ശബ്ബത്തിന്റെ മെഴുകുതിരികൾ തെളിയുന്നു.
എവിടെയോ ഒരു അടുക്കളയിൽ പുട്ടിന്റെ ആവിയും ഉയരുന്നുണ്ടാകാം.
ആർക്കറിയാം?
ഒരുപക്ഷേ അത് റാഹേലിന്റെ വീട്ടിൽ നിന്നുള്ളതായിരിക്കാം.
ഒരുപക്ഷേ ബേബിയുടെ വീട്ടിൽ നിന്നുള്ളതായിരിക്കാം.
അല്ലെങ്കിൽ ഇനി ഒരിക്കലും അവിടെ പുട്ട് ഉണ്ടാകുന്നില്ലായിരിക്കാം.
പക്ഷേ ഒരു കാര്യം മാത്രം ഉറപ്പാണ്,
ചില നാടുകൾ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമാകുന്നതിന് മുമ്പേ മനുഷ്യരുടെ ഓർമ്മയിൽ നിന്ന് അപ്രത്യക്ഷമാകും.
ചില ഭാഷകൾ സംസാരിക്കുന്നവരില്ലാതാകുമ്പോൾ മരിക്കും.
ചില രുചികൾ വീണ്ടും ഉണ്ടാക്കാൻ ആരുമില്ലാതാകുമ്പോൾ മാഞ്ഞുപോകും.
എങ്കിലും, ചിലപ്പോൾ...
ഒരു പഴയ പാത്രത്തിന്റെ അടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അരിമാവിന്റെ ചെറിയൊരു കണം പോലെ,
ഒരു മണം,
ഒരു വാക്ക്,
ഒരു രുചി,
ഒരു വിളി
കാലത്തിന്റെ അടിയിൽ കിടന്നുകൊണ്ട് ജീവിച്ചിരിക്കും.
അങ്ങനെയാണ് ചേന്ദമംഗലം റാഹേലിനുള്ളിൽ ജീവിച്ചത്.
അങ്ങനെയാണ് റാഹേൽ പോയ ശേഷവും ചേന്ദമംഗലം എവിടെയോ ജീവിച്ചുകൊണ്ടിരിക്കുക.
നെഗേവിലെ ആ വീട്ടിൽ ഒരിക്കൽ ഉണ്ടായിരുന്ന ഒരു വെള്ളിയാഴ്ചയുടെ മണം പോലെ.
പുട്ടിന്റെ ആവിപോലെ.
കാണാനാവാത്തത്.
പിടിക്കാനാവാത്തത്.
പക്ഷേ മറക്കാനാവാത്തത്.
അടുത്ത വർഷം ജെറുസലേമിൽ എന്ന പഴയ പ്രാർത്ഥനയ്ക്ക് പകരം, റാഹേലിന്റെ അവസാനത്തെ പ്രാർത്ഥന വളരെ ചെറുതായിരുന്നു,
"അടുത്ത വെള്ളിയാഴ്ചയും... പുട്ടിന്റെ മണം ഉണ്ടാകണേ."
പുറത്ത് മരുഭൂമിയിൽ രാത്രി വീണു.
അകത്ത് മെഴുകുതിരി അണഞ്ഞു.
മേശപ്പുറത്ത് പുട്ടിന്റെ ഒരു ചെറിയ കഷണം മാത്രം ബാക്കി.
അതിൽ നിന്നുയർന്ന അവസാനത്തെ ആവി,
ആർക്കും കാണാനാകാതെ,
ഒരു നാടിനെ വിട്ട് മറ്റൊരു നാട്ടിലേക്ക്
പതുക്കെ യാത്രയായി.
@ നജീബ് കടമ്പോട്ട്.
