10 September 2026 · 6 min read

കവിതയെഴുത്ത്.

ഈ ബ്രൗസറിൽ ശബ്ദം ലഭ്യമല്ല — Chrome/Safari ഉപയോഗിക്കൂ · Malayalam voice

ഓണപ്പതിപ്പ് 2026

പുതിയ മാതൃഭൂമി ഓണപ്പതിപ്പിൽ പ്രശസ്തനായ കവിയുടെ കവിത വായിച്ചു.

കവിതയാണെന്ന് ആദ്യം മൻസിലായില്ല.

പിന്നെ അതിൻ്റെ ഒരു ഭാഗത്ത് ‘കവിത’ എന്ന് കണ്ടപ്പോൾ വീണ്ടും വായിച്ചു.

മൂന്നാം പ്രാവശ്യവും വായിച്ചപ്പോൾ ഇടം വലം നോക്കാതെ അത് കവിത തന്നെയാണെന്നങ്ങട് വിശ്വസിക്കാൻ തീരുമാനിച്ചു.

വായനക്കാരനും ചില ഉത്തരവാദിത്വങ്ങളൊക്കെയില്ലേ! അത് മറന്ന് എണ്ണ തേക്കാൻ പാടില്ലല്ലോ.

വീരാൻകുട്ടിയുടെ ഞാനെവിടെ എന്ന കവിതയാണ് സംഭവം. അതിന് നിഷ്കളങ്കതയെക്കുറിച്ച് മൂന്ന് ലഘുവിവരണങ്ങൾ എന്നൊരു പേരുകൂടി കൊടുത്താൽ കാര്യങ്ങൾ കുറേക്കൂടി വ്യക്തമാകുമായിരുന്നു.

ഒന്നിൽ,

അച്ഛനമ്മമാരുടെ കല്യാണ ആൽബം.

അച്ഛനുണ്ട്.

അമ്മയുണ്ട്.

ബന്ധുക്കളുണ്ട്.

മറ്റു പലരുമുണ്ട്.

കുഞ്ഞ് ചോദിക്കുന്നു:

“ഇതിൽ ഞാനെവിടെ?”

ഇത് പണ്ട് മിമിക്രിക്കാരുടെ കൈവശം ഉണ്ടായിരുന്ന തമാശയാണ്.

അത് കൊണ്ടിത് കവിതയാകരുതെന്നില്ല.

മിമിക്രിയിലെ തമാശയും കവിതയാകാം.

കവിതയാക്കാം.

പക്ഷേ മിമിക്രിക്കാരൻ പറഞ്ഞാൽ ആളുകൾ ചിരിക്കും.

കവി പറഞ്ഞാൽ ആളുകൾ ചിന്തിക്കും.

ദദാണ് വ്യത്യാസം.

ഇവിടെ വായനക്കാരൻ രണ്ടും ചെയ്തില്ല.

മൂന്നാമത്തെ കാര്യം ചെയ്തു.

പേജങ്ങട് മറിച്ചു.

അവിടെ മഴയാണ്.

നല്ല കനത്ത മഴ.

ഒറ്റപ്പെട്ട മഴ.

ഈയടുത്ത ദിവസമെങ്ങാണ്ട്

എഴുതിയതാണെന്നകാര്യം ഉറപ്പ്.

മൂന്നാമത്തേതിൽ കൊച്ചുമകൾക്ക്

ഒരു അദൃശ്യശ്രോതാവുണ്ട്.

അദൃശ്യനായ ആളെ കുറ്റം പറയുന്നില്ല.

അയാൾക്കീ കവിത കേൾക്കേണ്ടിവന്നത് അയാളുടെ ദുര്യോഗം.

കവിത എന്ന തലക്കെട്ടുള്ളതുകൊണ്ട് ,

നമുക്ക് വേണമെങ്കിൽ ഇതെല്ലാം കവിതയായി വായിക്കാം.

അല്ലെങ്കിൽ,

പണ്ഡിതന്മാരെ വിളിക്കാം.

അവരെ വിളിച്ചാലും പെടും.

അവര് പറയും.

“വാച്യാർത്ഥത്തിലല്ലടോ കാര്യം.”

അത് കേട്ടാൽ എനിക്കപ്പോഴും ഒരു സംശയം തോന്നും.

വാച്യാർത്ഥത്തിലല്ല കാര്യമെങ്കിൽ

പിന്നെ എവിടെയാണ് കാര്യം?

വരിയുടെ അടിയിലോ?

വാക്കിന്റെ പിന്നിലോ?

കവിയുടെ മനസ്സിലോ?

അല്ലെങ്കിൽ വായനക്കാരന്റെ തലമണ്ടക്കകത്തോ?

കവിത വായനക്കാരൻ്റെ മനസ്സുമായി ആദ്യമൊന്ന് സംവദിക്കണം. പത്ത് നാല്പത് കൊല്ലം മുമ്പ് ചുള്ളിക്കാട് തൃശൂരിൽ ചെയ്ത ഒരു പ്രസംഗത്തിൽ,

കവിത ആസ്വദിക്കയല്ല

അനുഭവിക്കയാണ് വേണ്ടത് ..... എന്നാണ്

പറഞ്ഞത്.

അതായത്, കവിത വായിച്ചിട്ട് എനിക്ക് അർത്ഥം കിട്ടിയില്ലെങ്കിലും എന്തെങ്കിലും കിട്ടണം.

ഒരു തരിപ്പ്.

ഒരു ചിരി.

ഒരു വേദന.

ഒരു മണം.

ഒരു കാഴ്ച.

ഒരു കല്ല് എങ്കിലും കിട്ടിയാൽ മതി;

വീട്ടിലെത്തി അതിനെക്കുറിച്ച് ചിന്തിക്കാം.

അത് മുമ്പൊരാൾക്ക് കിട്ടിപ്പോയതാണല്ലോ

വഴീന്ന് കിട്ടിയ കല്ല് പോക്കറ്റിലിട്ട്

വീട്ടിലേക്ക് പോയ കവിത

അങ്ങനുണ്ടായതല്ലേ

ഇനിയതെങ്ങനെ രണ്ടാംവാരം കളിക്കും ?

ഓ, അതിലെന്തിരിക്കുന്നു.

എല്ലാം തിരിച്ചും മറിച്ചും

തന്നെയല്ലേ കളി !

തുഞ്ചൻപറമ്പിലെ തത്ത

പറന്ന് പോയിട്ടെത്ര കാലമായിക്കാണും?

ചേരമാൻ പറമ്പിലെ അടക്കാമരത്തെ

കുറിച്ച് പാടാം ന്താ ?

ചേരമാൻ പറമ്പിലെവിടെ അടക്കാരം?

ഓ,അതാണോ കാര്യം, താൻ കാണാത്തത്

കവി കാണുമെടോ!

എന്തായാലും

ഒരു പറമ്പ് വേണം.

ഇനി ഇതൊന്നും തന്നെ കിട്ടിയില്ലെങ്കിൽ?

“നിങ്ങക്ക് മനസ്സിലാവാഞ്ഞിട്ടാണ് ന്ന് ” എന്നു പറഞ്ഞ് കവിതയെ രക്ഷിക്കാൻ വരരുത്.

വായനക്കാരന്റെ ബുദ്ധിക്കുറവ് കൊണ്ടാവില്ല

കവിതയിൽ ഒന്നുമില്ലാത്തതുകൊണ്ടാകാം കവിത പടച്ചുവിടുന്ന ദുരൂഹത.

പണ്ടൊക്കെ കണക്ക് പഠിക്കുമ്പോൾ തിരിച്ചിട്ട് ഗുണിക്കാറുണ്ടായിരുന്നു.

ഇന്നത്തെ ചില കവിതകൾ കണ്ടാൽ തോന്നും, ആ പരിപാടി

മലയാള ഭാഷയിലും തുടങ്ങിയെന്ന്.

ഒരു വാചകം എഴുതുക.

പിന്നെ അതിനെ നാലാക്കി മുറിക്കുക.

നാലാമത്തേത് ഒന്നാമത്തെ വരിയിൽ ഇടുക.

രണ്ടാമത്തേത് ഒറ്റയ്ക്ക് നിർത്തുക.

മൂന്നാമത്തേതിനെ കുറച്ച് ദൂരെ അയക്കുക.

അവസാനം ഒരു പൂർണ്ണവിരാമം കൊടുക്കുക.

ഇപ്പോൾ അത് കവിതയായി.

ആരെങ്കിലും ചോദിച്ചൂന്നിരിക്കട്ടെ

“എന്താണ് അർത്ഥം?” എന്ന്.

കവി ചിരിക്കും.

“ താനെവിടുത്ത്കാരനാടോ.

അതൊന്നും വാച്യാർത്ഥത്തിൽ അന്വേഷിക്കരുത്.”

അപ്പൊ പ്രശ്നം തീർന്നില്ലേ.

കവിക്ക് കവിതയായി. വായനക്കാരന് പരീക്ഷയായി, പരീക്ഷണമായി....

ഇനീംണ്ട്.

അതെയതെ നമ്മുടെ സാഹിത്യലോകത്ത് മറ്റൊരു കൗതുകകരമായ ജീവിവർഗ്ഗവും പരിണമിച്ചു വരുന്നുണ്ട്.

“കവി” എന്ന ജീവി തന്നെയാണത്.

അന്തപ്പൻ കുറെയേറെ കവിതകളെഴുതി.

എങ്ങാണ്ടുന്നൊക്കെയായി കുറെ സമ്മാനങ്ങളും വാരിക്കൂട്ടൺണ്ട്.

പുസ്തകം പ്രസിദ്ധീകരിക്കാൻ പ്രസാധകരെ കിട്ടാതായപ്പോഴും അന്തപ്പന് ഒരു കുന്തോമില്ല.

സ്വന്തമായൊരു പ്രസാധന സ്ഥാപനം തന്നെയങ്ങട് തുടങ്ങി.

പുസ്തകങ്ങൾ ചറപറാ ഇറങ്ങാനും തുടങ്ങി. പലയിടത്തുന്നു പിന്നേം അവാർഡുകൾ വന്ന് തുടങ്ങി.

പക്ഷേ അതുകൊണ്ടൊന്നും പഞ്ച് പോരാ.

പുസ്തകത്തിന്റെ പുറത്ത് പേര് മാത്രം പോരല്ലോ.

പേരിന് മുമ്പിൽ എന്തെങ്കിലും വേണം.

അങ്ങനെ ഒരു ദിവസം അന്തപ്പൻ തന്റെ പേരിന് മുന്നിൽ ഒരു ചെറിയ “കവി” എടുത്തുവെച്ചു. ഇപ്പോളത് തലങ്ങും വിലങ്ങുമായി പ്രത്യക്ഷപ്പെടാനും തുടങ്ങി.

പണ്ടൊക്കെ പേരിനൊപ്പം ‘ഡോക്ടർ’, ‘പ്രൊഫസർ’, ‘അഡ്വക്കേറ്റ്’ എന്നൊക്കെയായിരുന്നു.

ഇപ്പോൾ കാലം മാറി.

കവി.

അങ്ങനെ അന്തപ്പൻ, അന്തപ്പൻ എന്ന സാധാരണ മനുഷ്യനിൽ നിന്ന് കവി അന്തപ്പൻ ആയി.

പുതിയ നാമധേയമാണ്.

പട്ടം.

പദവി.

പഞ്ച്.

എല്ലാം ഒരൊറ്റ വാക്കിൽ.

ഇത് കണ്ട അപ്പുറത്തൊരാൾക്ക് വലിയ പ്രചോദനമായി.

“അന്തപ്പന് കവിയെന്ന് വെക്കാമെങ്കിൽ ഞാനെന്തിനിങ്ങനെ മിണ്ടാതിരിക്കണം?”

അയാളും പേരിന് മുന്നിൽ കവി എന്ന പതക്കം തൂക്കി.

ഇപ്പോൾ രണ്ട് വിദ്വാന്മാർ.

ഒരാൾ കവി അന്തപ്പൻ.

മറ്റെയാളും കവി, അത് മറ്റൊരന്തപ്പൻ.

നാളെ മൂന്നാമൻ വരും തീർച്ച.

കാരണം, ഇത് സാംക്രമികമാണ്.

കവി ചേട്ടൻ.

പിന്നെ നാലാമൻ:

കവി സാർ.

അഞ്ചാമൻ:

മഹാകവി സാർ.

ആറാമൻ ഒരുപക്ഷേ കവി പുംഗവൻ എന്നൊക്കെ വെച്ചേക്കും.

കാരണം നമ്മുടെ കാലത്ത് ചിലപ്പോൾ കവിത എഴുതുന്നതിനു മുമ്പ് കവിയാകാനുള്ള ബോർഡ് തയ്യാറാക്കുകയാണ്.

പേരിന് മുന്നിൽ കവി.

പുസ്തകത്തിൽ കവി.

ഫേസ്‌ബുക്കിൽ കവി.

പരിപാടിയുടെ പോസ്റ്ററിൽ കവി.

സ്വയം പരിചയപ്പെടുത്തുമ്പോഴും കവി.

ഒടുവിൽ വീട്ടിലെ ഡോർബെല്ലിൽ പോലും:

“കവി. അമർത്തുക.”

ഇനി ഒരു സംശയം മാത്രം:

കവി എന്നത് എഴുതിക്കിട്ടുന്ന പട്ടമാണോ, എഴുതിയതിലൂടെ മറ്റുള്ളവർ വിളിച്ചുതരുന്ന പേരാണോ?

ആരും ‘കവി’ എന്നു വിളിക്കാതെ തന്നെ കവിത തന്നെയാണ് ഒരാളെ കവി എന്നു വിളിക്കുന്നതെങ്കിലോ?

അവിടെയാണ് പ്രശ്നം.

കവിതയെക്കാൾ മുമ്പേ കവി ജനിച്ചാൽ, പിന്നെ കവിതയ്ക്ക് ജനിക്കേണ്ട ആവശ്യമേയില്ല.

ഇന്ന് അറിയപ്പെടുന്ന ഒരു കവി ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്:

“ഞാൻ ആദ്യം ഒരു വാചകം എഴുതും. പിന്നെ അവനെ ഞാൻ കുനുകുനാ കുഞ്ഞു വാക്കുകളാക്കും.”

ഇത് കേട്ടപ്പോൾ എനിക്ക് ഒരു സംശയം തോന്നി.

കുഞ്ഞുവാക്കുകൾ ഉണ്ടാക്കുന്നത് നല്ലതാണ്.

പക്ഷേ കുഞ്ഞുവാക്കുകൾക്കെല്ലാം കുഞ്ഞുങ്ങളുണ്ടാകണമെന്നില്ല.

ചില കുഞ്ഞുവാക്കുകൾ അനാഥരായിട്ടും നടക്കില്ലേ.

പേരിന്റെ കാര്യവും പറയണം.

നമ്മുടെ സാഹിത്യത്തിൽ ചില പേരുകൾക്ക് പ്രത്യേക അനുഗ്രഹമുണ്ട്.

അവർ എഴുതിയാൽ അത് സാഹിത്യം.

മറ്റൊരാൾ എഴുതിയാൽ അതേ സാധനം ചവറ്.

പുതുമുഖം എഴുതിയാൽ:

“ഇതെന്താ?”

പ്രശസ്തൻ എഴുതിയാൽ:

“അസ്തിത്വത്തിന്റെ വിഹ്വലത!”

പുതുമുഖത്തിന്റെ കവിതയിൽ വ്യാകരണം തെറ്റിയാൽ, എഡിറ്റർ ചുവന്ന മഷിയെടുക്കും.

പ്രശസ്തന്റെ കവിതയിൽ അർത്ഥം തെറ്റിയാൽ വിമർശകൻ കണ്ണട തുടച്ച് വീണ്ടും വായിക്കും.

ഒടുവിൽ പറയും:

“ഗംഭീരം.”

പേരിന് അക്ഷരങ്ങളിൽ ജീവൻ വെക്കുന്നത് എങ്ങനെയെന്ന് അറിയണമെങ്കിൽ സാഹിത്യലോകത്തേക്ക് നോക്കിയാൽ മതി.

അടുത്ത തവണ കവിത പ്രസിദ്ധീകരിക്കുമ്പോൾ കവിയുടെ പേര് മാറ്റിവെക്കുക.

“അജ്ഞാതൻ” എന്ന് മാത്രം എഴുതുക.

കവിത വായിച്ചിട്ട് എഡിറ്റർക്ക് ഇഷ്ടപ്പെട്ടാൽ പ്രസിദ്ധീകരിക്കുക.

പിന്നെ കവിയുടെ പേര് വെളിപ്പെടുത്താം.

അപ്പോൾ ചില കവിതകൾക്ക് അപ്രതീക്ഷിതമായി അനാഥത്വം സംഭവിച്ചേക്കും.

ഓണപ്പതിപ്പുകളുടെ കാര്യം പിന്നെ പറയാനുണ്ടോ?

വലിയ വലിയ പേരുകൾ.

വലിയ വലിയ മുഖങ്ങൾ.

വലിയ വലിയ വാക്കുകൾ.

പേജ് തുറന്നാൽ സാഹിത്യം.

മറ്റൊരു പേജ് തുറന്നാൽ സാഹിത്യം.

മൂന്നാമത്തെ പേജ് തുറന്നാൽ

അയ്യയ്യോ, ഇതും സാഹിത്യമാണോ?

സ്ത്രീകളുടെ നല്ല എഴുത്തുകൾ എവിടെയോ സുരക്ഷിതമായി പൂഴ്ത്തിവെച്ചിട്ടുണ്ടാകും.

പിന്നെ പുരുഷന്മാർ സാഹിത്യത്തിന്റെ വേദിയിൽ കസേരയിട്ട് ഇരിക്കും.

ചിലർ കവിത വായിക്കും.

ചിലർ കവിതയെക്കുറിച്ച് സംസാരിക്കും.

ചിലർ കവിതയെക്കുറിച്ച് സംസാരിക്കുന്നവരെക്കുറിച്ച് സംസാരിക്കും.

വായനക്കാരൻ മാത്രം ചായേം കുടിച്ച് ഇരിക്കും.

ഇതിനിടയിൽ യഥാർത്ഥ കവിത വന്നാൽ എന്തു ചെയ്യും?

ആദ്യം അതിനെ തിരിച്ചറിയണം.

അത് കുറച്ച് ബുദ്ധിമുട്ടുള്ള പണിയാണ്.

കാരണം യഥാർത്ഥ കവിത പലപ്പോഴും വലിയ ശബ്ദത്തിൽ പറയാറില്ല:

“ഞാൻ കവിതയാണ്.”

അത് വായിച്ചിട്ട് നമ്മൾ കുറച്ചു നേരം മിണ്ടാതിരിക്കും.

അതാണ് അതിന്റെ തെളിവ്.

അർത്ഥം മുഴുവൻ പിടികിട്ടിയില്ലെങ്കിലും മനസ്സിൽ എന്തോ ഒന്ന് കിടന്ന് പിടക്കും.

പിന്നെയും വായിക്കാൻ തോന്നും.

അവിടെ കവിതയുണ്ട്.

ബാക്കി ചിലപ്പോൾ കവിതയുടെ വേഷം ധരിച്ച വാക്കുകളാണ്.

കവിത മരിച്ചുവെന്ന് പറയുന്നവരുണ്ട്.

എനിക്ക് അങ്ങനെ തോന്നുന്നില്ല.

കവിത മരിച്ചിട്ടില്ല.

കവിതയ്ക്ക് ഇപ്പോഴും ജീവനുണ്ട്.

പക്ഷേ ചിലപ്പോൾ അത് വാരികയുടെ പേജുകൾക്കിടയിൽ ഒളിച്ചിരുന്ന് നമ്മളെ നോക്കും.

കാരണം, പുറത്തുവന്നാൽ ആരെങ്കിലും അതിനെ “സമകാലിക കവിത” എന്നു വിളിച്ച് വീണ്ടും കുനുകുനാ കുഞ്ഞുവാക്കുകളാക്കി കളയുമോ

എന്ന പേടിയാണതിന്.

മറ്റ് ചിലത് വാരികകളുടെ

താളുകൾക്കിടയിൽ നിന്നിറങ്ങി വന്ന്

നമ്മളെ കൊഞ്ഞനം കുത്തും.

എം. കൃഷ്ണൻ നായരുടേതാണ് താഴെയുള്ള ഈ വാക്കുകൾ. അദ്ദേഹമിന്നില്ലാത്തതിനാൽ പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രന്മാർ ഏറിയേറി വരുന്നു.

​"മഹാകവികളുടെ ശബ്ദം കേട്ട് അത് അതെപടി അനുകരിച്ച് വരികളുണ്ടാക്കുന്ന മാറ്റൊലി കവികളാൽ നമ്മുടെ സാഹിത്യം നിറഞ്ഞിരിക്കുന്നു. തനതായ ഒരു സർഗ്ഗശക്തിയും ഇക്കൂട്ടർക്കില്ല."

​"വായനക്കാരന് മനസ്സിലാകാത്ത എന്തോ വലിയ സംഭവം എഴുതിവെച്ചിട്ടുണ്ടെന്ന വ്യാജേന നടക്കുന്ന ഈ കവിതാഭാസങ്ങൾ സാഹിത്യത്തിന് ഒരു തരത്തിലും ഗുണം ചെയ്യില്ല."

അതിനാൽ അവസാനമായി ഒരു ചോദ്യം മാത്രം:

വീരാൻകുട്ടിയായാലും ടോണിക്കുട്ടനായാലും പേര് നോക്കാതെ കവിത വായിച്ചാൽ, ഇതിൽ കവിതയെവിടെ? എന്ന ചോദ്യമുയരുമെങ്കിൽ

ആരുടേതാണ് തെറ്റ്?

കവിയെന്ന് കരുതപ്പെടുന്നവൻ്റെ,

എഡിറ്ററുടെ,

അല്ലെങ്കിൽ വായനക്കാരൻ്റെ ......??

അഴകാന നീലിമയിൽ

വിളയാടി നീന്തി വരും

എന്നോമൽ പൊൻ മഹനേ

ടോണിക്കുട്ടാ .......

ഇന്നല്ലേൽ നാളെ വരും

നാളല്ലെങ്കിൽ

മറ്റന്നാൾ വരും

എന്നെങ്കിലും വന്നാലും

ടോണിക്കുട്ടാ

ഈ കവിതയെത്ര ഭേദം!!

Share this story

Comments (0)

  • Be the first to write one.